ജുഡീഷ്യല്‍ നിയമനങ്ങളില്‍ ജാതിയുടെ പങ്ക്

സുപ്രീം കോടതിയില്‍ നിലവിലുള്ള ഭൂരിപക്ഷം ന്യായാധിപരും മുന്നാക്ക സമുദായത്തില്‍ നിന്നാകുന്നത് എന്തുകൊണ്ടാണ് ? ചീഫ് ജസ്റ്റിസ് കെ.ജി ബാലകൃഷ്ണന്‍ വിരമിച്ചതിനു ശേഷം, സുപ്രീം കോടതിയില്‍ എസ്.സി/എസ്.ടി വിഭാഗങ്ങളില്‍ നിന്ന് ഒരു ജഡ്ജി പോലും ഇതുവരെ നിയമിക്കപ്പെടാത്തത് എന്തു കൊണ്ടാണ്? ഇത്തരം ചോദ്യങ്ങളുടെ പശ്ചാത്തലത്തിലാണ് കേവല മെറിറ്റ് വാദത്തിനുമപ്പുറം, ജുഡീഷ്യറിയിലെ ന്യായാധിപ നിയമനങ്ങളില്‍ ജാതി എങ്ങനെയാണു പ്രവര്‍ത്തിക്കുന്നതെന്ന കാര്യം, നിയമ ചരിത്രത്തിന്‍റെ പിന്‍ബലത്തോടെ വിമര്‍ശനാത്മകമായി പഠിക്കാൻ ശ്രമിക്കുന്നത്. അഡ്വ. അഹമ്മദ് ഫായിസ് എഴുതുന്നു.

നിയമം അനുശാസിച്ച പ്രകാരം വിധിക്കുക എന്ന കടമയാണു നീതിപീഠത്തിനുള്ളത്. ഭരണഘടന പൊതുവായി ചില നിയന്ത്രണങ്ങളെക്കുറിച്ചു മാത്രം പറയുമ്പോള്‍, ഓരോ കേസിലെയും വ്യതിരിക്തമായ സന്ദര്‍ഭങ്ങളെ മുന്‍നിര്‍ത്തി നിയമത്തെ വ്യാഖ്യാനിക്കാനുള്ള അവകാശം നീതിപീഠത്തിനാണുള്ളത്. നിയമത്തെ വ്യാഖ്യാനിക്കാനുള്ള ഈ അവകാശം, ഓരോ ജഡ്ജിയും തന്‍റേതായ ലോകവീക്ഷണത്തിനും ജീവിതപരിസരത്തിനും ചുറ്റുപാടിനും അനുസൃതമായാണു പ്രയോഗിക്കുന്നത്. എന്നാല്‍ ഒരേ ലോകവീക്ഷണമുള്ള, സമാനമായ ജീവിത പശ്ചാത്തലങ്ങളില്‍ നിന്നു വരുന്നവര്‍ മാത്രം ന്യായാധിപന്മാരായാല്‍, അതെത്രത്തോളം അവരുടെ വിധികളില്‍ സ്വാധീനം ചെലുത്തും? ഉദാഹരണത്തിന് പട്ടിക ജാതി –പട്ടിക വര്‍ഗക്കാര്‍ക്കെതിരെയുള്ള അക്രമം തടയല്‍ നിയമത്തിനു കീഴില്‍ ചുമത്തപ്പെട്ട കേസുകള്‍ കോടതികളിലെത്തുമ്പോള്‍, എന്തുകൊണ്ടാണു് വളരെ കുറഞ്ഞ അളവില്‍ മാത്രം കുറ്റാരോപിതര്‍ ശിക്ഷിക്കപ്പെടുന്നത് ? (അനന്യാ ദാസ് ,ഏപ്രില്‍ 2018 )

അഡ്വ രാജീവ് ധവാൻ

അഡ്വ രാജീവ് ധവാൻ

കഴിഞ്ഞ വര്‍ഷമാണ്‌ പട്ടികജാതി–പട്ടികവര്‍ഗക്കാര്‍ക്കെതിരെയുള്ള അക്രമം തടയല്‍ നിയമത്തെ ദുര്‍ബലപ്പെടുത്തുന്ന വിധി സുപ്രീം കോടതിയില്‍ നിന്നുണ്ടായത്. പരാതി കിട്ടിയാലുടന്‍, ജാമ്യമില്ലാക്കുറ്റമായി കണ്ട് കുറ്റാരോപിതനെ അറസ്റ്റ് ചെയ്യാന്‍ വകുപ്പുള്ള നിയമത്തെ ലഘൂകരിക്കാനായി സുപ്രീം കോടതി കണ്ടെത്തിയ ന്യായം, പ്രസ്തുത നിയമത്തിനു കീഴില്‍ ചാര്‍ജ് ചെയ്യപ്പെടുന്ന ഭൂരിഭാഗം കേസുകളും വ്യാജമാണെന്നതത്രേ. എന്നാല്‍, ദിനേന വിവേചനങ്ങള്‍ക്കും ഹിംസകള്‍ക്കും വിധേയമാകുന്ന ദലിതരുടെയും ആദിവാസികളുടെയും ജീവിത പരിസരത്തെക്കുറിച്ച് അറിയാത്ത സവര്‍ണ വിഭാഗങ്ങളില്‍പ്പെട്ടവരാണ് പ്രസ്തുത കേസില്‍ വിധിന്യായം പുറപ്പെടുവിച്ച ന്യായാധിപന്മാരെന്നും അതുകൊണ്ടാണ് ഇത്തരമൊരു വിധി വന്നതെന്നുമുള്ള വിമര്‍ശം ഇവിടെ പ്രസക്തമല്ലെന്നു പറയനാവുമോ?

സുപ്രീം കോടതിയില്‍ നിലവിലുള്ള ഭൂരിപക്ഷം ന്യായാധിപരും മുന്നാക്ക സമുദായത്തില്‍ നിന്നാകുന്നത് എന്തുകൊണ്ടാണ് ? 2010-ല്‍ ചീഫ് ജസ്റ്റിസ് കെ.ജി ബാലകൃഷ്ണന്‍ വിരമിച്ചതിനു ശേഷം, സുപ്രീം കോടതിയില്‍ എസ്.സി/എസ്.ടി വിഭാഗങ്ങളില്‍ നിന്ന് ഒരു ജഡ്ജി പോലും ഇതുവരെ നിയമിക്കപ്പെടാത്തത് എന്തു കൊണ്ടാണ്? ഇത്തരം ചോദ്യങ്ങളുടെ പശ്ചാത്തലത്തിലാണ് കേവല മെറിറ്റ് വാദത്തിനുമപ്പുറം, ജുഡീഷ്യറിയിലെ -വിശിഷ്യാ ഹൈക്കോടതി, സുപ്രീം കോടതി ഇവയിലെ- ന്യായാധിപ നിയമനങ്ങളില്‍ ജാതി എങ്ങനെയാണു പ്രവര്‍ത്തിക്കുന്നതെന്ന കാര്യം, നിയമ ചരിത്രത്തിന്‍റെ പിന്‍ബലത്തോടെ വിമര്‍ശനാത്മകമായി പഠിക്കാൻ ശ്രമിക്കുന്നത് .

ഇന്ത്യന്‍ ജുഡീഷ്യറിയിലെ ബ്രാഹ്മണ സ്വാധീനം: കണക്കുകള്‍ എന്തു പറയുന്നു ?

ഇന്ത്യയില്‍ ന്യായാധിപന്മാരുടെ സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ പശ്ചാത്തലങ്ങള്‍ സംബന്ധിച്ച് വളരെ കുറഞ്ഞ പഠനങ്ങള്‍ മാത്രമാണു നടന്നിട്ടുള്ളത്. സുപ്രീം കോടതിയിലെ സീനിയര്‍ അഭിഭാഷകനായ രാജീവ്‌ ധവാനെപ്പോലുള്ളവരുടെ പഠനങ്ങള്‍ മാത്രമാണ് ഈ മേഖലയില്‍ ഇന്ത്യന്‍ ഗവേഷകരുടേതായി നിലവിലുള്ളത്. ഭരണഘടനയില്‍ നിര്‍ദ്ദേശിക്കപ്പെട്ട യോഗ്യതകള്‍ക്കപ്പുറം, ന്യായാധിപ നിയമനങ്ങളില്‍ സ്വാധീനം ചെലുത്തുന്ന, ഭരണഘടനയില്‍ എഴുതപ്പെടാത്ത, വിവിധ മാനദണ്ഡങ്ങളുണ്ട്. ജാതി അതില്‍ സുപ്രധാന ഘടകമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യന്‍ ജുഡീഷ്യറിയുടെ ചരിത്രത്തെ സംബന്ധിച്ചും സുപ്രീം കോടതി വിധികളുടെ സ്വഭാവം, ജുഡീഷ്യല്‍ നിയമനങ്ങൾ എന്നിവയെപ്പറ്റിയും ആധികാരികമായി പഠിച്ച, അമേരിക്കന്‍ ഗവേഷകനായ ജോര്‍ജ് എച്ച് ഗഡ്ബോയിസ് ജൂനിയറിന്റെ Judges of Supreme Court of India:1950-1989 (2011) എന്ന പുസ്തകം ഇന്ത്യന്‍ ജുഡീഷ്യറിയെക്കുറിച്ചു പഠിക്കുന്നവര്‍ നിര്‍ബന്ധമായും വായിക്കേണ്ട പഠന ഗ്രന്ഥമാണ്. 1980കളില്‍ അദ്ദേഹം ഇന്ത്യന്‍ സുപ്രീം കോടതിയിലെ 66 ഓളം ജഡ്ജിമാരുമായി (അവരില്‍ 19 പേര്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയി സേവനമനുഷ്ഠിച്ചവരായിരുന്നു) പല തവണയായി, നൂറ്റി പതിനാറോളം അഭിമുഖ സംഭാഷണങ്ങള്‍ നടത്തുകയുണ്ടായി. ഗഡ്ബോയിസിന്റെ പഠന പ്രകാരം, 1950 മുതല്‍ 1989 വരെയുള്ള കാലഘട്ടത്തില്‍ ഇന്ത്യന്‍ ജനസംഖ്യയുടെ പത്തൊന്‍പതില്‍ ഒരു ശതമാനം മാത്രമുള്ള ബ്രാഹ്മണരാണ് 42.9 % ന്യായാധിപ സ്ഥാനവും നേടിയിട്ടുള്ളത് . ബ്രാഹ്മണേതര മുന്നാക്ക ജാതികള്‍ 49.4 %, ഓ.ബി.സി 5.2 %, എസ്.സി 2.6 %, എസ്.ടി 0.0 % ഇങ്ങനെയാണു കണക്കുകള്‍.

ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ വന്നപ്പോള്‍, സാമൂഹികമായും സാമ്പത്തികമായും ഉയര്‍ന്നു നില്‍ക്കുന്ന വിഭാഗം എന്ന നിലയില്‍, ഇംഗ്ലീഷ് പഠിക്കാനും ആധുനിക വിദ്യാഭ്യാസത്തിന്റെ ആനുകൂല്യങ്ങളുടെ പങ്കു പറ്റാനും കഴിയുന്നവരായി ബ്രാഹ്മണര്‍ അടക്കമുള്ള സവര്‍ണ വിഭാഗങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നും അതാണ്‌ നീതിന്യായ മേഖലയടക്കമുള്ള ഭരണത്തിന്റെ ഉന്നത ശ്രേണികളില്‍ ബ്രാഹ്മണരുടെയും ഇതര മുന്നാക്ക ജാതികളുടെയും അധിക സാന്നിധ്യത്തിനു കാരണമെന്നുമാണു പൊതുവേ ചൂണ്ടിക്കാണിക്കപ്പെടാറുള്ളത്. മാത്രവുമല്ല, ഇത്രയും കാലം ബ്രാഹ്മണരടക്കമുള്ള മുന്നാക്ക ജാതികള്‍ ജുഡീഷ്യല്‍ നിയമനങ്ങളില്‍ പരിഗണിക്കപ്പെട്ടത് അവരുടെ ജാതി മൂലമാണെന്നു കൃത്യമായി ബോധ്യപ്പെടുത്തുന്ന തെളിവുകളില്ലെന്നും ലോകത്തിലെ ഒരുവിധം എല്ലാ രാജ്യങ്ങളിലെയും ഉന്നത നീതിപീഠങ്ങള്‍, അവിടത്തെ സാമൂഹിക വൈവിധ്യങ്ങളെ പ്രതിനിധീകരിക്കും വണ്ണമുള്ളതല്ലെന്നും ഗഡ്ബോയിസ് പറയുന്നുണ്ട്. എന്നാല്‍ ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ തന്‍റെ Law Versus Justice എന്ന പുസ്തകത്തില്‍ എഴുതിയത് ഗഡ്ബോയിസിന്റെ വാദങ്ങളെ ഖണ്ഡിക്കുന്ന കാര്യങ്ങളാണ്. താനിപ്പോള്‍ ഇരിക്കുന്ന പദവിക്ക് തന്‍റെ ജാതിയോടു കടപ്പെട്ടിരിക്കുന്നുവെന്നും അതിനുള്ള നന്ദിയെന്നോണം തിരിച്ച് തന്‍റെ ജാതിക്കാരെ സഹായിക്കുമെന്നും ഒരു ചീഫ് ജസ്റ്റിസ് ഒരിക്കൽ തന്നോടു പറഞ്ഞെന്ന് ജസ്റ്റിസ് കൃഷ്ണയ്യർ എഴുതുന്നു.

ഗഡ്ബോയിസിന്റെ പഠനത്തിനു ശേഷം മൂന്നു ദശാബ്ദങ്ങള്‍ കഴിഞ്ഞു. ഇക്കാലയളവിനിടെ, എസ്.സി വിഭാഗത്തില്‍ നിന്നു സുപ്രീം കോടതിയില്‍ എത്തിയത് പിന്നീടു ചീഫ് ജസ്റ്റിസ് ആയ ജസ്റ്റിസ് കെ.ജി ബാലകൃഷ്ണന്‍ (2000) മാത്രമാണ്. കഴിഞ്ഞ എട്ടു വര്‍ഷത്തിലധികമായി സുപ്രീം കോടതിയില്‍ എസ്.സി വിഭാഗത്തില്‍ നിന്ന് ഒരു ജഡ്ജി പോലുമില്ലെന്നതാണു വസ്തുത.

ഗഡ്ബോയിസിന്റെ പഠനം കേന്ദ്രീകരിച്ച 1950 മുതല്‍ 1989 വരെയുള്ള കാലഘട്ടത്തില്‍, മദ്രാസ്‌ ഹൈക്കോടതിയിലെ ജസ്റ്റിസ് എ. വരദരാജന്‍ (1980-1985), കല്‍ക്കട്ട ഹൈക്കോടതിയിലെ ജസ്റ്റിസ് ബി.സി റായ് (1985-1991), ജസ്റ്റിസ് കെ. രാമസാമി (1989-1997) ഇങ്ങനെ മൂന്നു പേർ മാത്രമായിരുന്നു എസ്.സി വിഭാഗത്തില്‍ നിന്നു സുപ്രീം കോടതി ജഡ്ജിയായി വന്നത്. ഗഡ്ബോയിസിന്റെ പഠനത്തിനു ശേഷം മൂന്നു ദശാബ്ദങ്ങള്‍ കഴിഞ്ഞു. ഇക്കാലയളവിനിടെ, എസ്.സി വിഭാഗത്തില്‍ നിന്നു സുപ്രീം കോടതിയില്‍ എത്തിയത് പിന്നീടു ചീഫ് ജസ്റ്റിസ് ആയ ജസ്റ്റിസ് കെ.ജി ബാലകൃഷ്ണന്‍ (2000) മാത്രമാണ്. കഴിഞ്ഞ എട്ടു വര്‍ഷത്തിലധികമായി സുപ്രീം കോടതിയില്‍ എസ്.സി വിഭാഗത്തില്‍ നിന്ന് ഒരു ജഡ്ജി പോലുമില്ലെന്നതാണു വസ്തുത.

ജസ്റ്റിസ് എ. വരദരാജന്‍

ജസ്റ്റിസ് എ. വരദരാജന്‍

ജസ്റ്റിസ് കെ. രാമസാമി

ജസ്റ്റിസ് കെ. രാമസാമി

ജസ്റ്റിസ് ബി.സി റായ്

ജസ്റ്റിസ് ബി.സി റായ്

 

 

 

 

 

 

 

ജുഡീഷ്യല്‍ നിയമനങ്ങളിലെ ജാതി: മുന്‍ ജഡ്ജിമാരുടെ വെളിപ്പെടുത്തലുകള്‍

സാധാരണ ഗതിയില്‍, ഔദ്യോഗിക ജീവിതത്തെക്കുറിച്ച് ആത്മകഥയിൽപ്പോലും, നേരിട്ടു വെളിപ്പെടുത്താത്ത തരത്തില്‍, വളരെയധികം രഹസ്യാത്മക സ്വഭാവത്തോടെയാണു ന്യായാധിപന്മാര്‍ എഴുതാറുള്ളത്. എന്നാൽ, ഏവരെയും അമ്പരിപ്പിക്കുന്ന തരത്തിലുള്ള തുറന്നുപറച്ചിലാണ് മുൻ ജഡ്ജിമാർ ഗഡ്ബോയിസിനു മുന്നില്‍ നടത്തിയിട്ടുള്ളത്. അവരുടെ ആ വെളിപ്പെടുത്തൽ മുഴുവന്‍ ഗഡ്ബോയിസ് വിശദമായിത്തന്നെ കുറിച്ചുവെച്ചിട്ടുണ്ടായിരുന്നു. എന്നാല്‍ 1989-ല്‍ പൂര്‍ത്തീകരിച്ച ആ അഭിമുഖങ്ങള്‍ Judges of Supreme Court of India:1950-1989 എന്ന പേരില്‍, പുസ്തക രൂപത്തില്‍ പുറത്തുവന്നത് 2011-ല്‍ മാത്രമാണ്. എന്നിട്ടുപോലും അഭിമുഖങ്ങളിലെ പല വിവരങ്ങളും അദ്ദേഹം പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. ഗഡ്ബോയിസ് എഴുതിവെച്ച കുറിപ്പുകള്‍ കൈമാറിക്കിട്ടിയ, ശിഷ്യനും ഗവേഷകനും ബോംബെ ഹൈക്കോടതിയിലെ അഭിഭാഷകനുമായ അഭിനവ് ചന്ദ്രചൂഡ്, അവയെ അടിസ്ഥാനമാക്കി എഴുതിയ Supreme Whispers –Conversations With Judges Of The Supreme Court Of India(1980-1989) എന്ന പുസ്തകം കഴിഞ്ഞ വര്‍ഷമാണു പ്രസിദ്ധീകൃതമായത്. ജഡ്ജിമാര്‍ തമ്മിലുള്ള പടലപ്പിണക്കങ്ങള്‍, ആഭ്യന്തര ശത്രുതകള്‍, ജഡ്ജിമാര്‍ക്കു മേലുള്ള ജോലിഭാരം തുടങ്ങി, സുപ്രീം കോടതി പുറപ്പെടുവിക്കുന്ന വിധികളില്‍ ഭിന്നാഭിപ്രായങ്ങളില്ലാതെ പോകുന്നതിന്റെ കാരണങ്ങൾ, സുപ്രീം കോടതിയിലേക്കുള്ള നിയമന ഓഫര്‍ നിരസിച്ച ഹൈക്കോടതി ജഡ്ജിമാര്‍/അഭിഭാഷകർ, അതിനുള്ള കാരണങ്ങള്‍, ജുഡീഷ്യല്‍ നിയമനങ്ങളില്‍ ചീഫ് ജസ്റ്റിസിന്‍റെ പങ്ക് എന്നിവ വരെയുള്ള വിവരങ്ങൾ പുസ്തകം പരസ്യമാക്കുന്നുണ്ട്. ഉന്നത നീതിപീഠത്തിലേക്കുള്ള ജഡ്ജിമാരുടെ നിയമനങ്ങളില്‍ ‘ജാതി’ എങ്ങനെയാണു പ്രവര്‍ത്തിക്കുന്നത് എന്നതുമായി ബന്ധപ്പെട്ട് ജഡ്ജിമാർ ഗഡ്ബോയിസിനോടു നടത്തിയ സംഭാഷണങ്ങളെക്കുറിച്ച് പുസ്തകത്തിലെ അവസാന അധ്യായമായ Criteria for Selecting Judges-ല്‍ വിവരിക്കുന്നുണ്ട്.

‘പിന്നാക്ക സമുദായങ്ങള്‍ക്കാണ് എല്ലാ ആനുകൂല്യങ്ങളും ലഭിച്ചിട്ടുള്ളതെന്നും മദ്രാസ് ഹൈക്കോടതിയില്‍ വിരലിലെണ്ണാവുന്ന ബ്രാഹ്മണര്‍ മാത്രമേ അക്കാലത്ത് ഉണ്ടായിരുന്നുള്ളൂ’വെന്നും 1983 ജൂണില്‍, ജസ്റ്റിസ് രാജഗോപാല അയ്യങ്കാര്‍ ഗഡ്ബോയിസിനോടു പറഞ്ഞത്രേ. കല്‍ക്കട്ട, ബോംബെ, മദ്രാസ് ഹൈക്കോടതികളില്‍ കാലങ്ങളായി ബ്രാഹ്മണരുടെ മേധാവിത്വമുള്ളതായും, പക്ഷേ ഒരാളുടെ ‘ജാതി’, വിധിന്യായം പുറപ്പെടുവിക്കുന്നതില്‍ സ്വാധീനഘടകമല്ലെന്നുമാണു ജസ്റ്റിസ് എ.പി സെന്നിന്റെ അഭിപ്രായം. എന്നാല്‍ തന്‍റെ പുസ്തകത്തില്‍ പറഞ്ഞതു ശരിവെക്കും വിധം, സുപ്രീം കോടതി മുഖ്യമായും ബ്രാഹ്മണ–ഉന്നത വര്‍ഗ മേധാവിത്വമുള്ള ഒന്നാണെന്നും ന്യായാധിപരുടെ ജീവിത പശ്ചാത്തലം അവരുടെ വിധികളെ സ്വാധീനിക്കുമെന്നും 1980ല്‍ ജസ്റ്റിസ് കൃഷ്ണയ്യര്‍ ഗഡ്ബോയിസിനോടു പറയുകയുണ്ടായി. ചീഫ് ജസ്റ്റിസ് ഗജേന്ദ്രഗദ്ക്കറുടെ കാലം (1964-1966) മുതല്‍ക്കേ ബോംബെയില്‍ നിന്നുള്ള ബ്രാഹ്മണ ജഡ്ജിമാരെയാണു സുപ്രീം കോടതി പരിഗണിക്കാറുള്ളതെന്നാണ് ജസ്റ്റിസ് ഡി.പി മദന്റെ (1983-1986) അഭിപ്രായം. ജുഡീഷ്യല്‍ നിയമനങ്ങളില്‍ അത്തരം പരിഗണനകള്‍, ജഡ്ജിമാര്‍ -വിശിഷ്യാ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് (1978-1985)- കൊണ്ടു വന്നതിനോടു കടുത്ത വിയോജിപ്പാണ് ജസ്റ്റിസ് മദന്‍ പ്രകടിപ്പിച്ചത്. ഗവൺമെന്റ് മാത്രമല്ല, ജാതിപരമായ പരിഗണനകളുടെ പുറത്ത് പല ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരും ജുഡീഷ്യല്‍ നിയമനങ്ങള്‍ക്കു പേരുകള്‍ ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തുന്നുണ്ട്. ബ്രാഹ്മണ മേധാവിത്വമുള്ള സുപ്രീം കോടതിയെ വിമര്‍ശിച്ചുകൊണ്ടും ജസ്റ്റിസ് മദന്‍റെ അഭിപ്രായങ്ങളെ ശരിവച്ചുകൊണ്ടും, മലയാളിയായ ജസ്റ്റിസ് വി. ഖാലിദ് (1984-1987) ഗഡ്ബോയിസിനോടു പറഞ്ഞത് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് (1978-1984), ചീഫ് ജസ്റ്റിസ് പാഠക്ക് (1986-1989) എന്നിവര്‍ ബ്രാഹ്മണ ജഡ്ജിമാരെ നിയമനത്തിനു കൂടുതല്‍ പരിഗണിച്ചിരുന്നു എന്നാണ്.

ജഡ്ജിമാര്‍ മാത്രമല്ല, നിയമ മന്ത്രിമാരടക്കമുള്ള രാഷ്ട്രീയക്കാരും ജാതിയെ ജുഡീഷ്യല്‍ നിയമനങ്ങള്‍ക്കു മുഖ്യപരിഗണയും ഒരേയൊരു മാനദണ്ഡവുമാക്കിയിട്ടുണ്ട്. 1960-കളില്‍ അന്നത്തെ ആഭ്യന്തര മന്ത്രി ജി.ബി പന്ത്, ബ്രാഹ്മണരായ ആളുകളെ സുപ്രീം കോടതിയിൽ എത്തിക്കാന്‍ പിന്തുണച്ചിരുന്നുവെന്നാണ് അക്കാലത്ത് ചീഫ് ജസ്റ്റിസായിരുന്ന ബി.പി സിന്‍ഹ (1959-1964)യുടെ ആരോപണം. 1977-ല്‍ ജനതാ ഗവണ്‍മെന്‍റ് അധികാരത്തില്‍ വന്നപ്പോള്‍ നിയമ മന്ത്രിയായ ഇപ്പോഴത്തെ സീനിയര്‍ അഡ്വക്കേറ്റ് ശാന്തി ഭൂഷന്‍, ബനിയാ ജാതിക്കാരായ നിരവധി ആളുകളെ വിവിധ ഹൈക്കോടതികളില്‍ നിയമിച്ചുവെന്നും നിയമനങ്ങളില്‍ ജാതി മുഖ്യ പരിഗണനയായി കൊണ്ടു വരുന്നത് ശാന്തി ഭൂഷന്‍ നിയമമന്ത്രിയായ കാലഘട്ടത്തിലാണെന്നും ജസ്റ്റിസ് ചന്ദ്രചൂഡ്, ജസ്റ്റിസ് ആര്‍.എസ് പാഠക്ക്, ജസ്റ്റിസ് ആര്‍.ബി മിശ്ര (1981-1986) തുടങ്ങി പല ജഡ്ജിമാരും പറഞ്ഞതായി പുസ്തകത്തില്‍ പറയുന്നു. അന്നത്തെ പ്രധാനമന്ത്രി മൊറാര്‍ജി ദേശായിക്ക് ഭൂഷന്റെ നടപടികള്‍ ഇഷ്ടപ്പെട്ടിരുന്നില്ലെന്നു മാത്രമല്ല പ്രധാനമന്ത്രി ഇക്കാര്യം ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിനോടു നിരവധി തവണ പറയുകയും ചെയ്തിരുന്നുവത്രേ.

സുപ്രീം കോടതി ജഡ്ജിയാകുന്നതിനുള്ള, എഴുതപ്പെടാത്ത മാമൂല്‍ നിയമങ്ങളെ നിരാകരിച്ചു കൊണ്ട് ജസ്റ്റിസ് കെ.ജി ബാലകൃഷ്ണന്‍ സുപ്രീം കോടതിയിലും തുടര്‍ന്നു ചീഫ് ജസ്റ്റിസ് പദവിയിലും എത്തിയതെങ്ങനെ എന്നറിഞ്ഞിരിക്കേണ്ടത് ഈ സന്ദർഭത്തിൽ അത്യാവശ്യമാണ്. എസ്.സി–എസ്.ടി വിഭാഗങ്ങളില്‍ നിന്നുള്ളവരുടെ കൂടി പേരു നിര്‍ദേശിക്കാതെ, സുപ്രീം കോടതി നിയമനത്തിനു പരിഗണനയിലുണ്ടായിരുന്ന മറ്റുള്ളവരുടെ പേരുകളില്‍ ഒപ്പു വെക്കില്ലെന്നു് പ്രസിഡന്‍റായിരുന്ന കെ.ആര്‍ നാരായണന്‍ വാശിപിടിച്ചിതുകൊണ്ടു മാത്രമാണ് കെ.ജി ബാലകൃഷ്ണന്റെ പേര് അന്നു നിര്‍ദേശിക്കപ്പെട്ടത്.

എന്നാല്‍ എസ്.സി വിഭാഗത്തില്‍ നിന്നു ജഡ്ജിമാരെ നിയമിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച മന്ത്രിമാരും ഉണ്ടായിട്ടുണ്ട്. 1980-ല്‍ നിയമമന്ത്രിയായിരുന്ന പി. ശിവ് ശങ്കര്‍ (അദ്ദേഹം ഓ.ബി.സി വിഭാഗക്കാരനാണ്) എസ്.സി–എസ് .ടി വിഭാഗങ്ങളില്‍ നിന്നു കൂടുതല്‍ പേരെ ജഡ്ജിമാരായി നിയമിക്കണമെന്ന് എല്ലാ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാര്‍ക്കും കത്തെഴുതുകയുണ്ടായി. 1988-ല്‍ നിയമ മന്ത്രിയായിരുന്ന ബി. ശങ്കാരനന്ദ് (അദ്ദേഹം പട്ടിക ജാതി വിഭാഗക്കാരന്‍ കൂടിയാണ്) എസ്.സി വിഭാഗത്തില്‍ നിന്നു നാമനിര്‍ദേശം ലഭിക്കുന്നതിനു വേണ്ടി മറ്റു പല നാമനിര്‍ദേശങ്ങളും പിടിച്ചുവെച്ചുവെന്നും മദ്രാസ്‌ ഹൈക്കോടതിയില്‍ നിന്നുള്ള ഓ.ബി.സി വിഭാഗത്തില്‍ നിന്നും വരുന്ന എസ്.ആര്‍ പാണ്ട്യന്‍ ജഡ്ജിയാകുന്നതില്‍ അദ്ദേഹത്തിനു നിര്‍ണായക പങ്കുണ്ടെന്നും ജസ്റ്റിസ് പാഠക്ക് വെളിപ്പെടുത്തുന്നു. അതുപോലെ തന്നെ, പട്ടിക ജാതിക്കാരായ ആളുകൾ നിയമിക്കപ്പെടുന്നതിനു വേണ്ടി ഭൂമിഹാര്‍ ബ്രാഹ്മണനായ ജസ്റ്റിസ് എന്‍.പി സിങ്ങിന്റെ നാമനിര്‍ദേശം ശങ്കരാനന്ദ് തടഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. എസ്.സി വിഭാഗത്തില്‍ നിന്നു സുപ്രീം കോടതി ജഡ്ജിമാരായ നാലില്‍ മൂന്നു പേരും, ബി ശങ്കരാനന്ദ്, പി .ശിവ് ശങ്കര്‍ എന്നിവര്‍ നിയമമന്ത്രിമാരായ കാലത്താണു നിയമിതരായത്.

സുപ്രീം കോടതി ജഡ്ജിയാകുന്നതിനുള്ള, എഴുതപ്പെടാത്ത മാമൂല്‍ നിയമങ്ങളെ നിരാകരിച്ചു കൊണ്ട് ജസ്റ്റിസ് കെ.ജി ബാലകൃഷ്ണന്‍ സുപ്രീം കോടതിയിലും തുടര്‍ന്നു ചീഫ് ജസ്റ്റിസ് പദവിയിലും എത്തിയതെങ്ങനെ എന്നറിഞ്ഞിരിക്കേണ്ടത് ഈ സന്ദർഭത്തിൽ അത്യാവശ്യമാണ്. എസ്.സി–എസ്.ടി വിഭാഗങ്ങളില്‍ നിന്നുള്ളവരുടെ കൂടി പേരു നിര്‍ദേശിക്കാതെ, സുപ്രീം കോടതി നിയമനത്തിനു പരിഗണനയിലുണ്ടായിരുന്ന മറ്റുള്ളവരുടെ പേരുകളില്‍ ഒപ്പു വെക്കില്ലെന്നു് പ്രസിഡന്‍റായിരുന്ന കെ.ആര്‍ നാരായണന്‍ വാശിപിടിച്ചിതുകൊണ്ടു മാത്രമാണ് കെ.ജി ബാലകൃഷ്ണന്റെ പേര് അന്നു നിര്‍ദേശിക്കപ്പെട്ടത്. ദലിത്‌-ആദിവാസി പിന്നാക്ക വിഭാഗങ്ങള്‍ സുപ്രീം കോടതി ജഡ്ജിയാകുന്നതില്‍, നിയമനങ്ങളില്‍ നിര്‍ണായക പങ്കുവഹിക്കുന്ന പദവികളിലും അത്തരം വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ ഉണ്ടാവേണ്ടത് അത്യാവശ്യമാണെന്നു മേല്‍ സംഭവങ്ങള്‍ തെളിയിക്കുന്നു.

അഡ്വ. സി. അഹമ്മദ് ഫായിസ്

അഡ്വ. സി. അഹമ്മദ് ഫായിസ്

ജുഡീഷ്യറിയുടെ ഉന്നത മേഖലകളില്‍ ആദിവാസി-പിന്നാക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യം സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ കഴിഞ്ഞ എത്രയോ കാലമായി ഉയര്‍ന്നുകൊണ്ടിരിക്കുന്ന ഒന്നാണ്. പലപ്പോഴും ഈ വിഭാഗങ്ങളെ സംബന്ധിച്ചു ചര്‍ച്ച ചെയ്യുന്ന കേസുകളുടെ ബെഞ്ചില്‍ പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ള ജഡ്ജിമാര്‍ ഇല്ലാത്തത് വിഷയത്തെ സമഗ്രമായി സമീപിക്കുന്നതില്‍ കോടതിയെ അപര്യാപ്തമാക്കുന്നു. ഗഡ്ബോയിസുമായി സംസാരിച്ച ജസ്റ്റിസ് ഡി.എ ദേശായി, കര്‍ണാടക സംവരണ കേസില്‍ (കെ.സി വസന്തകുമാര്‍ എതിര്‍ സ്റ്റേറ്റ് ഓഫ് കര്‍ണാടക) വാദം കേട്ട അഞ്ചു ജഡ്ജിമാരില്‍ ഒരാള്‍ പോലും പിന്നാക്ക ജാതിയില്‍പ്പെട്ടവരല്ലെന്നു ചൂണ്ടിക്കാണിച്ചുകൊണ്ട് അഞ്ചു ബ്രാഹ്മണര്‍ എസ്.സി–എസ് .ടി പിന്നാക്ക വിഭാഗങ്ങളുടെ കാര്യത്തില്‍ വിധി കല്‍പ്പിക്കുന്നതിലെ തമാശയെക്കുറിച്ചു പറയുകയുണ്ടായി.

ജുഡീഷ്യല്‍ നിയമനങ്ങളിലെ വൈവിധ്യവല്‍ക്കരണവും സംവരണത്തിന്റെ ആവശ്യകതയും ഇന്ത്യയില്‍ ജഡ്ജിമാരുടെ നിയമനം സംബന്ധിച്ചുള്ള സംവിധാനമെന്തായിരിക്കണമെന്നൊക്കെയുള്ള ചര്‍ച്ചകള്‍ മാത്രമാണു പൊതുവേ നടക്കാറുള്ളതെന്നു മാത്രമല്ല അത്തരം ചര്‍ച്ചകള്‍ ജുഡീഷ്യറിക്കാണോ എക്സിക്യൂട്ടീവിനാണോ നിയമനത്തില്‍ കൂടുതല്‍ അധികാരം എന്ന മൂപ്പിളമ തര്‍ക്കത്തില്‍ പരിമിതവുമാണ്. ഏറ്റവുമൊടുവില്‍ 2014-ല്‍ ദേശീയ ജുഡീഷ്യല്‍ അപ്പോയിന്മെന്റ് ആക്റ്റ് ഭരണഘടനാ വിരുദ്ധമാണെന്ന വിധിയോടെ കൊളീജിയം വ്യവസ്ഥയെ കൂടുതല്‍ സുതാര്യമാക്കുകയെന്നതിനപ്പുറം അതിനു പകരം വെക്കാവുന്ന ഒരു സംവിധാനം ഇല്ലെന്ന നില വന്നിരിക്കയാണ്.

കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെ തുടര്‍ന്നു വരുന്ന കൊളീജിയം സംവിധാനത്തിനു സുതാര്യതയില്ലെന്നും വിവിധ മത ജാതി സമൂഹങ്ങള്‍ ജീവിക്കുന്ന ഇന്ത്യയുടെ വൈവിധ്യം നീതിന്യായ വ്യവസ്ഥയില്‍ പ്രതിഫലിപ്പിക്കുന്നതില്‍ ഈ വ്യവസ്ഥ പരാജയമാണെന്നുള്ള വിമര്‍ശനം ഈയൊരവസരത്തില്‍ ഏറെ പ്രസക്തമാണ്. ജുഡീഷ്യറിയുടെ ഉന്നത മേഖലകളില്‍ ആദിവാസി പിന്നോക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യം സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ കഴിഞ്ഞ എത്രയോ കാലമായി ഉയര്‍ന്നു കൊണ്ടിരിക്കുന്ന ഒന്നാണ്. ഭരണഘടനയുടെ പ്രവര്‍ത്തനത്തെ കുറിച്ചു പഠിക്കാന്‍ വാജ്പേയി സര്‍ക്കാര്‍ നിയോഗിച്ച മുന്‍ ചീഫ് ജസ്റ്റിസ് എം.എന്‍. വെങ്കടച്ചലയ്യയുടെ നേതൃത്വത്തിലുള്ള ദേശീയ കമ്മീഷനും [National Commission to Review the Working of the Constitution (NCRWC) ] പട്ടിക ജാതി പട്ടിക വര്‍ഗ ക്ഷേമം സംബന്ധിച്ചു പഠിച്ചു 2000-ത്തില്‍ ലോക്സഭയില്‍ സമര്‍പ്പിക്കപ്പെട്ട കരിയ മുണ്ട എം.പി ചെയര്‍മാനായ കമ്മിറ്റി റിപ്പോര്‍ട്ടും 2008-ലെ നാച്ചിയപ്പന്‍ കമ്മിറ്റി റിപ്പോര്‍ട്ടുമെല്ലാം ഹൈക്കോടതികളിലും സുപ്രീം കോടതികളിലും ദലിത്‌ ആദിവാസി-പിന്നോക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യം സംബന്ധിച്ച് കണക്കുകള്‍ എടുത്തപ്പോള്‍ ഗഡ്ബോയിസ് നടത്തിയ കണക്കെടുപ്പില്‍ നിന്ന് ആശാവഹമായ യാതൊരു മുന്നേറ്റവും കാണാന്‍ കഴിഞ്ഞിരുന്നില്ല. കരിയ മുണ്ട റിപ്പോര്‍ട്ട്‌ നോക്കിയാല്‍ 1998 വരെയുള്ള കണക്കു പ്രകാരം 481 ഹൈക്കോടതി ജഡ്ജിമാരില്‍ 15 ദലിതരും 5 ആദിവാസികളുമാണ് ജഡ്ജിമാരായി നിലവിലുണ്ടായിരുന്നത്. ജുഡീഷ്യറിയില്‍ ദലിത്‌ ആദിവാസി പ്രാതിനിധ്യം വര്‍ധിപ്പിക്കാന്‍ സംവരണം നല്‍കണമെന്ന് റിപ്പോര്‍ട്ട്‌ ആവശ്യപ്പെട്ടിരുന്നു. ഇതിനായി ഭരണഘടനയുടെ അനുച്ഛേദം 124, 217 എന്നിവയില്‍ ഭരണഘടനാ ഭേദഗതി ആവശ്യപ്പെടുകയും അതിനു ഭരണഘടനാപരമായ സാധൂകരണം ഉണ്ടാകുമെന്ന് വിശദമാക്കുകയും ചെയ്തിട്ടുണ്ട്. ഒപ്പം ന്യായാധിപ നിയമനത്തിനു ദേശീയ തലത്തില്‍ സിവില്‍ സര്‍വീസ് മാതൃകയില്‍ പരീക്ഷ നടത്തണം എന്നും ന്യായാധിപരുടെ നിയമനം, ട്രാന്‍സ്ഫര്‍ തുടങ്ങിയവ കൈകാര്യം ചെയ്യാന്‍ ഒരു ദേശീയ ന്യായാധിപ കമ്മീഷനെ കുറിച്ചും റിപ്പോര്‍ട്ട്‌ പറയുകയുണ്ടായി.

2011-ല്‍ ദേശീയ പട്ടിക ജാതി–പട്ടിക വര്‍ഗ കമ്മീഷന്‍ Report on Reservation in Judiciary എന്ന തലക്കെട്ടില്‍ പുറത്തു വിട്ട കണക്കുകള്‍ പ്രകാരം ആകെയുള്ള 24 ഹൈകോടതികളിലെ 850 ജഡ്ജിമാരില്‍ 24 പേരാണ് ദലിത്‌-ആദിവാസി വിഭാഗങ്ങളില്‍ നിന്നുള്ളവരെന്നും അതില്‍ പോലും 14 ഹൈക്കോടതികളില്‍ ഒരൊറ്റ ദലിത്‌/ആദിവാസി ജഡ്ജ് ഇല്ലെന്നും വ്യക്തമാക്കുകയുണ്ടായി. കരിയ മുണ്ട റിപ്പോര്‍ട്ട്‌ നടപ്പിലാക്കേണ്ടതിന്റെ ആവശ്യകത ഊന്നി പറയുകയും, ജുഡീഷ്യറിയിലെ സവര്‍ണ മേധാവിത്വത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്ത റിപ്പോര്‍ട്ട്‌ മുണ്ട റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ ആവര്‍ത്തിച്ചു.

നീതിപീഠത്തിന്റെ ഉന്നത മേഖലകളിലെ നിയമനങ്ങളില്‍ ഭരണഘടനയിലോ മറ്റോ എഴുതിവെക്കാത്ത ‘ജാതി’ കൂടാതെ മറ്റനവധി ഘടകങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പിതാവിന്റെ ജോലി, സാമ്പത്തികാവസ്ഥ, മതം, ജഡ്ജിയായി ജോലി ചെയ്യുന്ന സംസ്ഥാനത്തിന്റെ രാഷ്ട്രീയ പ്രാധാന്യം, വിദ്യാഭ്യാസം, രാഷ്ട്രീയ ചായ്‌വ്, ഹൈക്കോടതി ജഡ്ജിമാരിലെ സീനിയോരിറ്റി, വയസ്സ് ഇവയെല്ലാം അടിസ്ഥാനമാക്കുമ്പോള്‍ ദലിത്‌-ആദിവാസി പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ള ആളുകള്‍ക്ക് ഇവയില്‍ പലതിലും ഇളവുകള്‍ ലഭിക്കേണ്ടതായി വരും. ഗഡ്ബോയിസിന്റെയും അഭിനവ് ചന്ദ്രചൂഡിന്റെയും പഠനങ്ങള്‍ ജുഡീഷ്യല്‍ നിയമനങ്ങളില്‍ ജാതി എങ്ങനെയാണു് സവര്‍ണര്‍ക്ക്‌ അനുകൂലമായ സാമൂഹിക മൂലധനമാവുന്നതെന്നു കാണിച്ചു തരുന്നുണ്ട്.

കഴിഞ്ഞ വര്‍ഷമാദ്യം പതിനൊന്ന് ഹൈക്കോടതികള്‍/കീഴ്ക്കോടതികളിലെ ദലിത്‌-ആദിവാസി–ഒ.ബി.സി പ്രാതിനിധ്യം പുറത്തു വിട്ട റിപ്പോര്‍ട്ടാണ് ഈ വിഷയത്തില്‍ ഏറ്റവുമൊടുവില്‍ പുറത്തു വന്ന കണക്കുകള്‍. 2011-ലെ സെന്‍സസ് പ്രകാരം ജനസംഖ്യയില്‍ 16 % വരുന്ന ദലിതര്‍ക്ക് 14 % പ്രാതിനിധ്യവും 8.6 % വരുന്ന ആദിവാസികള്‍ക്ക് 12% പ്രാതിനിധ്യവും കീഴ്ക്കോടതികളിലുണ്ട്. എന്നാല്‍ ജനസംഖ്യയില്‍ 40% ത്തിലധികമുള്ള ഒ.ബി.സി വിഭാഗങ്ങളുടെ പ്രാതിനിധ്യം കേവലം 12 % മാത്രം. കണക്കുകള്‍ പുറത്തു വിട്ട സംസ്ഥാനങ്ങളില്‍ ദലിത്‌-ആദിവാസി വിഭാഗങ്ങള്‍ക്കു സംവരണമുള്ളതിനാലാണ് മെച്ചപ്പെട്ട പ്രാതിനിധ്യമെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഒ.ബി.സി വിഭാഗങ്ങള്‍ക്കു സംവരണം വ്യവസ്ഥ ചെയ്യാത്തതിനാലാണ് കുറഞ്ഞ പ്രാതിനിധ്യമുള്ളതെന്നും അനുമാനിക്കാം. അതേസമയം ജുഡീഷ്യറിയിലെ ദലിത്‌-ആദിവാസി–പിന്നോക്ക വിഭാഗങ്ങളുടെ സംവരണം സംബന്ധിച്ച് പാര്‍ലമെന്റില്‍ ഉയര്‍ന്ന ചോദ്യങ്ങളെ, ഭരണഘടന അതിന് അനുവദിക്കുന്നില്ല എന്ന ഒഴുക്കന്‍ മറുപടിയിലൂടെ കേന്ദ്രം കൈ മലര്‍ത്തുകയാണ് പൊതുവേ ചെയ്യാറുള്ളത്. ഏറ്റവുമൊടുവില്‍ കരിയ മുണ്ട റിപ്പോര്‍ട്ടിലെ ശുപാര്‍ശയെ അംഗീകരിക്കും വണ്ണം ജുഡീഷ്യല്‍ നിയമനങ്ങള്‍ക്കു സിവില്‍ സര്‍വീസ് മാതൃകയില്‍ അഖിലേന്ത്യാ പരീക്ഷ നടത്തുമെന്നും യു.പി.എസ്.സി പരീക്ഷ നടത്തുന്നതിനാല്‍ തന്നെ അതില്‍ ദലിത്‌-ആദിവാസി സംവരണം സ്വാഭാവികമായും ഉണ്ടാകുമെന്നും കേന്ദ്ര നിയമ മന്ത്രി രവി ശങ്കര്‍ പ്രസാദ് 2018 ഡിസംബറില്‍ പ്രസ്താവിക്കുകയുണ്ടായി. എന്നാല്‍ കേവല പ്രസ്താവനകള്‍ക്കപ്പുറം വിഷയത്തില്‍ ആത്മാര്‍ഥത ഇല്ലെന്നു തന്നെയാണ് നമുക്കു കേന്ദ്ര സര്‍ക്കാരിന്റെ മുന്‍ നടപടികളില്‍ നിന്നു വായിക്കാന്‍ കഴിയുക. ജസ്റ്റിസ് കെ.എം. ജോസഫിനെ സുപ്രീം കോടതി ജഡ്ജിയാക്കി ഉയര്‍ത്തുന്നതില്‍ താല്‍പര്യമില്ലാതിരുന്ന സര്‍ക്കാര്‍, അവസാന ഘട്ടത്തില്‍ നിയമനം തടയുന്നതിനു വേണ്ടി മാത്രമായി സുപ്രീം കോടതിയില്‍ ദലിത്‌-ആദിവാസി പ്രാതിനിധ്യം ഉണ്ടാവണം എന്ന വാദം ഉയര്‍ത്തി ചീഫ് ജസ്റ്റിസിനു കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ കത്തെഴുതുകയുണ്ടായി.

നീതിപീഠത്തിന്റെ ഉന്നത മേഖലകളിലെ നിയമനങ്ങളില്‍ ഭരണഘടനയിലോ മറ്റോ എഴുതിവെക്കാത്ത ‘ജാതി’ കൂടാതെ മറ്റനവധി ഘടകങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പിതാവിന്റെ ജോലി, സാമ്പത്തികാവസ്ഥ, മതം, ജഡ്ജിയായി ജോലി ചെയ്യുന്ന സംസ്ഥാനത്തിന്റെ രാഷ്ട്രീയ പ്രാധാന്യം, വിദ്യാഭ്യാസം, രാഷ്ട്രീയ ചായ്‌വ്, ഹൈക്കോടതി ജഡ്ജിമാരിലെ സീനിയോരിറ്റി, വയസ്സ് ഇവയെല്ലാം അടിസ്ഥാനമാക്കുമ്പോള്‍ ദലിത്‌-ആദിവാസി പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ള ആളുകള്‍ക്ക് ഇവയില്‍ പലതിലും ഇളവുകള്‍ ലഭിക്കേണ്ടതായി വരും. ഗഡ്ബോയിസിന്റെയും അഭിനവ് ചന്ദ്രചൂഡിന്റെയും പഠനങ്ങള്‍ ജുഡീഷ്യല്‍ നിയമനങ്ങളില്‍ ജാതി എങ്ങനെയാണു് സവര്‍ണര്‍ക്ക്‌ അനുകൂലമായ സാമൂഹിക മൂലധനമാവുന്നതെന്നു കാണിച്ചു തരുന്നുണ്ട്. ഒപ്പം അത് ജുഡീഷ്യറിയില്‍ ദലിത്‌ ആദിവാസി പിന്നാക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കുന്നതിനു സംവരണം വേണമെന്ന ആവശ്യത്തിനു് ആധികാരികമായ പിന്‍ബലവും നല്‍കുന്നു. സുപ്രീം കോടതിയിലും ഹൈക്കോടതികളിലും ദലിത്‌ ആദിവാസി പിന്നോക്ക പ്രാതിനിധ്യം വര്‍ദ്ധിക്കുകയും ഇന്ത്യയിലെ മുഴുവന്‍ ജനസമൂഹത്തെയും പ്രതിനിധീകരിക്കും വണ്ണം കോടതികള്‍ വൈവിധ്യവല്‍ക്കരിക്കപ്പെടുകയും ചെയ്യുമ്പോള്‍ മാത്രമേ കോടതി വിധികള്‍ക്ക് ആധികാരിക സ്വഭാവം ഉണ്ടാവൂ.

  • Ananya Das, Conviction rate in crimes against Dalits abysmally low: MHA report,
    April 18 2018
    //economictimes.indiatimes.com/articleshow/63833473.cms?utm_source=contentofinterest&utm_medium=text&utm_campaign=cppst
  • 2017 ഫെബ്രുവരിയില്‍ മരിച്ച ഗട്ബോയിസ് യൂനിവേര്‍സിറ്റി ഓഫ് കെന്റുക്കിയില്‍ പൊളിറ്റിക്കല്‍ സയന്‍സ് ഡിപാര്‍ട്ട്മെന്റില്‍ പ്രൊഫസര്‍ എമിററ്റസ് ആയിരുന്നു
  • Justice V R Krishna Iyer,Law Versus Justice,NewDelhi: Deep & Deep Publication,1983,p.210
  • V.Venkitesan,Judiciary and Social Justice,Frontline, Volume 17 - Issue 21, Oct. 14 - 27, 2000, https://frontline.thehindu.com/static/html/fl1721/17210960.htm
Top