ദളിത് മുസ്ലീം -ബഹുജന്‍ രാഷ്ട്രീയത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പും ഇടതുപക്ഷമില്ലാത്ത കാലവും

അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് തങ്ങളെ സ്വയം വിമോചിപ്പിക്കാന്‍ വിദ്യാഭ്യാസത്തിലൂടെ മാത്രമേ സാധിക്കൂയെന്ന് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ഡോക്ടര്‍ അംബേദ്ക്കര്‍ പറഞ്ഞു വച്ചിട്ടുണ്ട്. നൂറ്റാണ്ടുകളോളം അടിച്ചമര്‍ത്തപ്പെട്ടവരും അധികാരത്തിന്റെ പങ്ക് നിഷേധിക്കപ്പെട്ടവരുമായ അത്തരം വിഭാഗങ്ങളെ സ്വയം പര്യാപ്തതയിലെത്തിക്കുവാനാണ് സംവരണം അടക്കമുള്ള പല വകുപ്പുകളും ഇന്ത്യന്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയത്. എന്നിട്ടും എന്തുകൊണ്ടാണ് ദളിത് മുസ്ലീം ബഹുജന്‍ ആദിവാസി ജന വിഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ഉന്നത വിദ്യാഭ്യാസ രംഗത്തെ വിവേചനത്തിന്റെ പ്രാഥമിക ഇരകള്‍ ആയി മാറുന്നത്? ആരാണ് ഈ വിവേചന നയത്തിന്റെ ഉത്തരവാദികള്‍? എന്ത് കൊണ്ടാണ് ഇപ്പോള്‍ ദളിത്-ഇടത് ഐക്യത്തെ കുറിച്ച് സംസാരിക്കുന്നവരുടെ വായില്‍ ”ഇടത് മുസ്ലീം” ഐക്യത്തെ സംബന്ധിച്ച് യാതൊന്നും കേള്‍ക്കാത്തത്? ഇടത് സങ്കല്‍പ്പങ്ങളിലെ ”മുസ്ലീം” എന്താണ്? ദളിത് മുസ്ലീം ബഹുജന രാഷ്ട്രീയത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പില്‍ ഇടത് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ പ്രസക്തി എന്താണ്? ഇത്തരം ചോദ്യങ്ങളെ വിശകലനം ചെയ്യാനാണ് ഈ ലേഖനം ശ്രമിക്കുന്നത്.

ഒരുനാള്‍ നിങ്ങളെന്നെ ചരിത്രത്തില്‍ കണ്ടെത്തും
അരണ്ട വെളിച്ചത്തില്‍ മങ്ങിയ പത്രങ്ങളില്‍.
ഞാനൊന്നാലോചിച്ചിരുന്നെങ്കിലെന്ന് നിങ്ങളും പറയും.
എന്നാല്‍ അന്ന് രാത്രി,
നിങ്ങളെന്നെ ഓര്‍ക്കും, എന്നെ അറിയും,
നിങ്ങളന്നും പുഞ്ചിരിക്കും,
അന്ന് ഞാന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും.

(സെപ്തംബര്‍ 2, 2015 രോഹിത് വേമൂല എഴുതിയ ഫേസ്ബുക്ക് പോസ്റ്റ്)

നരേന്ദ്ര മോഡി അധികാരത്തിലേറിയ ശേഷം ഇന്ത്യന്‍ കാമ്പസ്സുകള്‍ മുന്‍പെങ്ങുമില്ലാത്ത വിധം തിളച്ചുമറിഞ്ഞുകൊണ്ടിരിക്കുകയാണ്. സഹസ്രാബ്ദങ്ങളായി അറിന്റെയും അധികാരത്തിന്റെയും സമസ്ത മേഖലകളില്‍ നിന്നും അനീതിപരമായി മാറ്റി നിര്‍ത്തപ്പെട്ടവരുടെ അടക്കി വെക്കപ്പെട്ട വികാരമാണ് നാമിതിലൂടെ ദര്‍ശിക്കുന്നത്. അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളില്‍ നിന്നുള്ളയാളുകള്‍ ഏറ്റവും കൂടുതല്‍ വിവേചനം നേരിടേണ്ടി വരുന്നയിടം യൂണിവേഴ്‌സിറ്റ് കാമ്പസ്സുകള്‍ അടക്കമുള്ള ഉന്നത വിദ്യാഭ്യാസ മേഖലയിലാണ്. ഇന്ത്യയില്‍ നിലനില്‍ക്കുന്ന അധീശ വ്യവസ്ഥയെ പിന്തുണക്കുന്നവര്‍; സാമൂഹ്യമായി പിന്നോക്കം നില്ക്കുന്ന, ദളിത് മുസ്ലീം ബഹുജന്‍ വിദ്യാര്‍ത്ഥികള്‍ ഉന്നത വിദ്യാഭ്യാസത്തിലൂടെ പുരോഗതി കൈവരിക്കുന്നത് തടയിടാനും മനപ്പൂര്‍വ്വം നിരുത്സാഹപ്പെടുത്താനും തഴയാനും എല്ലാ കാലത്തും ശ്രമിച്ചു പോന്നിട്ടുണ്ട്.
അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് തങ്ങളെ സ്വയം വിമോചിപ്പിക്കാന്‍ വിദ്യാഭ്യാസത്തിലൂടെ മാത്രമേ സാധിക്കൂയെന്ന് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ഡോക്ടര്‍ അംബേദ്ക്കര്‍ പറഞ്ഞു വച്ചിട്ടുണ്ട്. നൂറ്റാണ്ടുകളോളം അടിച്ചമര്‍ത്തപ്പെട്ടവരും അധികാരത്തിന്റെ പങ്ക് നിഷേധിക്കപ്പെട്ടവരുമായ അത്തരം വിഭാഗങ്ങളെ സ്വയം പര്യാപ്തതയിലെത്തിക്കുവാനാണ് സംവരണം അടക്കമുള്ള പല വകുപ്പുകളും ഇന്ത്യന്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയത്. എന്നിട്ടും എന്തുകൊണ്ടാണ് ദളിത് മുസ്ലീം ബഹുജന്‍ ആദിവാസി ജന വിഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ഉന്നത വിദ്യാഭ്യാസ രംഗത്തെ വിവേചനത്തിന്റെ പ്രാഥമിക ഇരകള്‍ ആയി മാറുന്നത്? ആരാണ് ഈ വിവേചന നയത്തിന്റെ ഉത്തരവാദികള്‍? എന്ത് കൊണ്ടാണ് ഇപ്പോള്‍ ദളിത്-ഇടത് ഐക്യത്തെ കുറിച്ച് സംസാരിക്കുന്നവരുടെ വായില്‍ ”ഇടത് മുസ്ലീം” ഐക്യത്തെ സംബന്ധിച്ച് യാതൊന്നും കേള്‍ക്കാത്തത്? ഇടത് സങ്കല്‍പ്പങ്ങളിലെ ”മുസ്ലീം” എന്താണ്? ദളിത് മുസ്ലീം ബഹുജന രാഷ്ട്രീയത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പില്‍ ഇടത് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ പ്രസക്തി എന്താണ്? ഇത്തരം ചോദ്യങ്ങളെ വിശകലനം ചെയ്യാനാണ് ഈ ലേഖനം ശ്രമിക്കുന്നത്.

  • അക്കാദമിക് ഹിന്ദുത്വം-ചരിത്രവും വര്‍ത്തമാനവും

അധികാരത്തിനും സമ്പത്തിനും വേണ്ടി ജ്ഞാനത്തെ ദുരുപയോഗപ്പെടുത്തുന്ന സ്ഥിതിവിശേഷം മനുഷ്യര്‍ നാഗരിക ജീവിതം നയിക്കാന്‍ തുടങ്ങിയ കാലം തൊട്ടേ ആരംഭിച്ചിട്ടുള്ളതാണ്. ജ്ഞാനത്തിന്റെ വരേണ്യ സ്വഭാവത്തിന് അന്നും ഇന്നും യാതൊരു മാറ്റവും വന്നിട്ടില്ല. ജീവിതവും ഭാഷയും സംസ്‌കാരവുമെല്ലാം കൈയിലായിരുന്നതിനാല്‍ തന്നെ അധികാരമില്ലാത്തവരുടെ ജീവിതവും ഭാഷയും സംസ്‌കാരവുമെല്ലാം രേഖപ്പെടുത്താതെ പോവുകയും വിസ്മൃതമാവുകയും ചെയ്യുന്നു. കിഴക്കിനെ കുറിച്ചുള്ള പടിഞ്ഞാറിന്റെ പഠനങ്ങളും കറുത്തവരെ പറ്റിയുള്ള വെളുത്തവരുടെ പഠനങ്ങളും അവര്‍ണരെ പറ്റിയുള്ള സവര്‍ണ്ണരുടെ പഠനങ്ങളുമെല്ലാം തന്നെ തങ്ങളുടെ അധികാരം നിലനിര്‍ത്താന്‍ വേണ്ടിയുള്ളതായിരുന്നു.
സഹസ്രാബ്ദങ്ങളോളം ഇന്ത്യയില്‍ നിലനിന്ന, ഇപ്പോഴും നിലനില്‍ക്കുന്ന അധീശത്വ വ്യവഹാരമാണ് ബ്രാഹ്മണിസം. ലോകത്തിലെവിടെയും ഇല്ലാത്തവിധം ഭീകരമായ അടിമത്വം ഇന്ത്യയില്‍ നടപ്പാക്കിയത് ഈ അധീശത്വ വ്യവഹാരമാണ്. ഇന്ത്യയിലെ മുസ്ലീം ഭരണത്തിന് പോലും ഈ ബ്രാഹ്മണാധിപത്യത്തിന് വലിയ തോതില്‍ ഉലച്ചില്‍ തട്ടിക്കാനായില്ല. സുല്‍ത്താന്മാരുടേയും ചക്രവര്‍ത്തിമാരുടേയും സേവപിടിച്ച ഒരു പരിധി വരെ അവര്‍ മുസ്ലീം ഭരണത്തിലും തങ്ങളുടെ ആധിപത്യം നിലനിര്‍ത്തി. മുസ്ലീം ഭരണാധികാരികള്‍ ഇന്ത്യക്കാരുടെ മതത്തില്‍ ഇടപെടാന്‍ ആഹ്രഹിക്കാതിരുന്നത് കാരണം ചാതുര്‍വര്‍ണ്യ വ്യവസ്ഥയില്‍ അവര്‍ വല്ലാതെ ഇടപെട്ടതുമില്ല. അതേ സമയം ബ്രാഹ്മണിസത്തിന്റെ സ്വാധീനം സെമിറ്റിക് മതങ്ങളായ ഇസ്ലാമിന്റേയും ക്രിസ്തുമതത്തിന്റേയും അനുയായികളില്‍ ജാതിയുടെ രൂപത്തില്‍ കാണപ്പെടുകയും ചെയ്തു.
‘ഇന്ത്യന്‍ സാഹചര്യത്തിന് ഭൂരിപക്ഷം വരുന്ന ദലിത് ബഹുജനങ്ങളുടെ മേല്‍ അധികാരം തുടരുന്നതിന് വേണ്ടി എല്ലാവിധത്തിലുള്ള ബൗദ്ധിക വഞ്ചനകളുടെയും ജ്ഞാനാധികാരം സമൂഹത്തിലെ ന്യൂനാല്‍ ന്യൂനപക്ഷമായ ഒരു വിഭാഗം കൈയ്യടക്കി വെച്ചിരിക്കുകയാണ്. അവര്‍ തങ്ങളെ സ്വയം വിശുദ്ധരുംമേലാളരും ആയി കരുതി വരുകയും ബ്രാഹ്മണര്‍ എന്നു വിളിക്കുകയും ചെയ്തു. അതേസമയം പണിയെടുക്കുന്ന വിഭാഗങ്ങളെ താഴേക്കിടക്കാരും മ്ലേച്ഛന്മാരുമായാണ് മുദ്ര കുത്തിയിരുന്നത്. ഈ ചരിത്രം ഇതുവരെ അറിഞ്ഞതിലും കൂടുതലായി മനസ്സിലാക്കപ്പെടേണ്ടതും ഇനിയും എഴുതപ്പെടാത്തതുമായ വിഷയമാണ്. ഒരു കാര്യം വ്യക്തം. ഇന്ത്യയിലെ ബ്രാഹ്മണരായ വരേണ്യ ആണുങ്ങളായാലും പടിഞ്ഞാറിലെ വെളുത്ത ആണുങ്ങളായാലും ലോകമെമ്പാടുമുള്ള അവരുടെ പ്രതിരൂപങ്ങളായാലും, അവരെല്ലാം അവരുടെ ആധിപത്യം നിലനിര്‍ത്തി പോരുന്നത് സംസ്‌കാരികവും ഭാഷാപരവുമായ കൃത്രിമത്വങ്ങളിലൂടെയാണ്. അവര്‍ പല മാര്‍ഗേണ അവരെ തന്നെ മഹാത്മ്യമുള്ളവരായി അവതരിപ്പിക്കുകയും സ്ത്രീകളെയും താഴ്ന്നവരെയും അവര്‍ കരുതിയ ജാതികളെയും വംശീയ വിഭാഗങ്ങളെയും കുറിച്ച് തങ്ങളുടേതായ ആഖ്യാനങ്ങള്‍ ചമയ്ക്കുകയും ചെയ്തു’2.
കൊളോണിയല്‍ കാലഘട്ടത്തില്‍ ബ്രിട്ടീഷുകാര്‍ തങ്ങള്‍ക്ക് ശിപായിമാരെ ലഭിക്കുന്നതിന് വേണ്ടി ഇന്ത്യയില്‍ ഒരു വിദ്യാഭ്യാസ വ്യവസ്ഥ സ്ഥാപിച്ചുവെങ്കിലും ജ്ഞാനാധികാരം ഉന്നതജാതികളുടെ കൈയില്‍ തന്നെ തുടര്‍ന്നു. സ്വാതന്ത്ര്യത്തിന് ശേഷവും അറിവധികാരം ഈ വിഭാഗങ്ങളില്‍ തന്നെ നിലനിന്നു. ഈ ഒരു കാഴ്ചപ്പാടിലൂടെയാണ് സമകാലിക ഇന്ത്യന്‍ അക്കാദമിക് രംഗത്തെ വരേണ്യതയെ നാം നോക്കിക്കാണേണ്ടത്. ഇടതെന്നോ വലതെന്നോ കക്ഷിഭേദമില്ലാത്ത അക്കാദമിക രംഗത്തെ ഈ അധീശ വ്യവഹാരത്തെ നമുക്ക് ”അക്കാദമിക് ഹിന്ദുത്വ”മെന്ന് വിളിക്കാം.

  • അക്കാദമിക് ഹിന്ദുത്വത്തിന്റെ വകഭേദങ്ങളും ഇടത് ബുദ്ധിജീവികളുടെ ബൗദ്ധിക ഹിംസയും

എഡ്വേര്‍ഡ് സൈദ് തന്റെ Representations of the Intellectual എന്ന പുസ്തകത്തില്‍ ബുദ്ധിജീവികളെ പ്രൊഫഷണല്‍ ബുദ്ധിജീവികള്‍ എന്നും അമേച്വര്‍ ബുദ്ധിജീവികളെന്നും വര്‍ഗ്ഗീകരിക്കുന്നുണ്ട്. പ്രൊഫഷനല്‍ ബുദ്ധിജീവികള്‍ അധീശത്വവ്യവസ്ഥയുടെ ഭാഗമായി നിലകൊള്ളുമ്പോള്‍ അമേച്വര്‍ ബുദ്ധിജീവികള്‍ വ്യവസ്ഥയുമായി യാതൊരു ഒത്തുതീര്‍പ്പിനും തയ്യാറില്ലാതെ നിരന്തരമായി പോരാടുന്നവരും, സ്വയം അസ്വസ്ഥരും മറ്റുള്ളവരെ അസ്വസ്ഥപ്പെടുത്തുന്ന ആശയങ്ങളുള്ളവരുമായിരിക്കും. വ്യവസ്ഥിതിയുടെ ഭാഗമാവാതെ ഒരുതരത്തിലുള്ള പ്രവാസത്തില്‍ (ഋഃശഹല)കഴിയുന്ന ഈ വിഭാഗത്തില്‍ പെടുന്ന ബുദ്ധിജീവികള്‍ അധീശവ്യവസ്ഥയോട് സത്യം തുറന്നു പറയുകയും നീതി ആവശ്യപ്പെടുകയും ചെയ്യുമെങ്കിലും, ജീവിച്ചിരിക്കുന്ന കാലത്ത് അവര്‍ തമസ്‌കരിക്കപ്പെടുമെന്നും അദ്ദേഹം പറയുന്നു. പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുകയും അവയെ നിര്‍വചിച്ച് വിശകലനം നടത്തി, കൃത്യമായി പരിഹാരം നിര്‍ദ്ദേശിക്കുകയും ചെയ്യുന്നവരാണ് അമേച്വര്‍ ബുദ്ധിജീവികള്‍. ഭരണകൂടവുമായി/അധീശ വ്യവഹാരങ്ങളുമായി ചേര്‍ന്ന് നില്ക്കുകയോ ഭരണകൂട സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുകയോ ചെയ്ത് തങ്ങളുടേതായ അഭിപ്രായങ്ങള്‍ രൂപീകരിക്കാന്‍ കഴിയാത്ത ബുദ്ധിജീവികളാണ് പ്രൊഫഷണല്‍ ബുദ്ധിജീവികള്‍. ഇന്ന് ഇന്ത്യയില്‍ നിലവിലുള്ള ഭൂരിഭാഗം ബുദ്ധിജീവികളെയും ഈ കോളത്തില്‍ പെടുത്താവുന്നതാണ്.
ഇന്ത്യന്‍ സാഹചര്യത്തില്‍ രണ്ട് തരത്തിലുള്ള ബുദ്ധിജീവികളാണ് അധീശ വ്യവസ്ഥയുടെ ഭാഗമായി നിലകൊള്ളുന്നത്. സവര്‍ക്കറുടെ ഹിന്ദുത്വധാരയും നെഹ്‌റുവിന്റെ സെക്യുലര്‍ ദേശീയധാരയും. മാര്‍ക്‌സിയന്‍ ലെഫ്റ്റ് ലിബറല്‍ ബുദ്ധിജീവികള്‍ നെഹ്‌റുവിയന്‍ ധാരയിലാണ് നിലകൊണ്ടിട്ടുള്ളതെങ്കിലും നെഹ്‌റുവിന്റെ ദേശിയത സങ്കല്‍പ്പത്തില്‍ സവര്‍ണ ഉള്ളടക്കമുള്ളതിനാല്‍ അതിന്റെ എല്ലാ പരിമിതികളും ഈ ബുദ്ധിജീവികള്‍ക്കുണ്ട്. എഡ്വേര്‍ഡ് സൈദ് പറഞ്ഞ പ്രൊഫഷനല്‍ ബുദ്ധിജീവികളില്‍ ഈ രണ്ട് ധാരയിലുള്ളവരെയും ഉള്‍പ്പെടുത്താനാവും.
സവര്‍ക്കറുടെ ഹിന്ദുത്വധാരയും, മാര്‍ക്‌സിസവും, സവര്‍ണ്ണ ഉള്ളടക്കമുള്ള സെക്യുലറിസവും നെഹ്‌റുവിയന്‍ ദേശീയധാരയുമടങ്ങുന്ന ചിന്താമണ്ഡലത്തിലെ പ്രൊഫഷനല്‍ ബുദ്ധിജീവികളെ വിമര്‍ശിച്ചുകൊണ്ടുള്ളതാണ് അംബേദ്കര്‍ മുന്നോട്ടു വച്ചിട്ടുള്ള ധാര. എഡ്വേര്‍ഡ് സൈദ് പറഞ്ഞ രണ്ടാമത്തെ വിഭാഗമായ അമേച്വര്‍ ബുദ്ധിജീവികളില്‍ പെടുന്നവരാണ് അംബേദ്കര്‍ മുന്നോട്ടുവയ്ക്കുകയും ദലിത് പാന്തേഴ്‌സിലൂടെയും കാന്‍ഷി റാമിലൂടെയുംവികസിച്ച; പോസ്റ്റ് മണ്ഡല്‍-പോസ്റ്റ് ബാബറി കാലഘട്ടത്തില്‍ കാമ്പസ്സുകളില്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്ന ദലിത് ബഹുജന്‍ വിദ്യാര്‍ത്ഥി സമൂഹം. അക്കാദമീകമായ സര്‍ട്ടിഫിക്കറ്റുകളോ പ്രിവിലെജുകളോ ഇല്ലാതെ തന്നെ അനുഭവങ്ങളില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊണ്ടുകൊണ്ട് അധീശവ്യവസ്ഥയ്‌ക്കെതിരെ കലഹിക്കുന്ന ഇവരെ വ്യവസ്ഥിതി നിരന്തരമായി വേട്ടയാടിക്കൊണ്ടിരിക്കും.
ഇന്ന് ഇന്ത്യയില്‍ നിലനില്‍ക്കുന്ന ഭരണ വ്യവസ്ഥയ്ക്കും സാമൂഹിക അസമത്വത്തിനും സാധൂകരണം നല്‍കിക്കൊണ്ടിരിക്കുന്നത് ഭരണകൂടത്തിന്റെ പോളിസി രൂപീകരണത്തിലും മറ്റും നിര്‍ണായക സ്വാധീനം ചെലുത്തുന്ന മേല്‍പ്പറഞ്ഞ പ്രൊഫഷനല്‍ ബുദ്ധിജീവികളാണ്. സാമൂഹികമോ സാമ്പത്തികമോ രാഷ്ട്രീയമോ ആയ യാതൊരു മാറ്റവും ഇവര്‍ മുന്നോട്ടു വെക്കുന്നില്ല. ഇത്തരത്തിലുള്ളവരെ ഉപയോഗിച്ച് തങ്ങളുടെ അധികാരത്തിന് സാധൂകരണം കിട്ടാനും നിലവിലുള്ള വൈജ്ഞാനിക മണ്ഡലത്തില്‍ തങ്ങളുടെ ആശയങ്ങള്‍ കുത്തിനിറക്കാനുമാണ് ഇന്ന് ബ്രാഹ്മണിസം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ജ്ഞാനാധികാരം സമ്പൂര്‍ണ്ണമായി കൈപ്പിടിയിലൊതുക്കുകയും അതുവഴി തങ്ങളുടെ അധീശത്വം കാലങ്ങളോളം നിലനിര്‍ത്തുകയും ചെയ്യുകയെന്ന ലക്ഷ്യമായിട്ടാണ് മോദി അധികാരത്തിലെത്തിയ ശേഷം ചരിത്രകോണ്‍ഗ്രസ്സിലും സയന്‍സ് കോണ്‍ഗ്രസ്സിലും സത്യങ്ങളെക്കാള്‍ ഐതിഹ്യങ്ങള്‍ക്കും കൊളോണിയല്‍ ചരിത്ര പാഠങ്ങളുടെ തന്നെ ഹിന്ദുത്വ വകഭേദങ്ങള്‍ക്കും ഇടം കൊടുക്കുന്നത്.
നെഹ്‌റുവിയന്‍ ധാരയില്‍ പെട്ട മാര്‍ക്‌സിസ്റ്റ് ലിബറല്‍ സെക്യുലര്‍ ബുദ്ധിജീവികള്‍ സവര്‍ക്കര്‍ധാരയോട് നിരന്തരമായി കലഹിക്കുമ്പോള്‍ പോലും ചരിത്രത്തിന്റെ സന്നിഗ്ധ ഘട്ടത്തില്‍ ഇത്തരം ബുദ്ധിജീവികളുടെ നിലപാടുകള്‍ ആത്യന്തികമായി ഇന്ത്യയില്‍ നിലനില്‍ക്കുന്ന അധീശ വ്യവസ്ഥയായ ബ്രാഹ്മണിസത്തെ സഹായിക്കുകയാണ് ചെയ്തിട്ടുള്ളത്. ഇന്ത്യന്‍ സാമൂഹിക വ്യവസ്ഥയിലെ ഏറ്റവും വലിയ ബൗദ്ധിക ഹിംസയായ ജാതിയെക്കുറിച്ചും ജാതിവിവേചനത്തെക്കുറിച്ചുമെല്ലാം അംബേദ്കര്‍ ഉയര്‍ത്തിയ കലാപത്തെ അവഗണിക്കുകയും അംബേദ്കറെ ബ്രിട്ടീഷ് പിണിയാള്‍ എന്നു വിളിക്കുകയുമാണ് ഇവര്‍ ചെയ്തത്. ഇപ്പോള്‍ ജാതിയെക്കുറിച്ചും അംബേദ്ക്കറെക്കുറിച്ചും ജാതീനിര്‍മൂലനത്തെപ്പറ്റിയും സംസാരിക്കുന്ന ഇവര്‍ തങ്ങളുടെ ജീവിതത്തില്‍ തികഞ്ഞ വരേണ്യത കാത്തു സൂക്ഷിക്കുന്നവരും സ്റ്റാറ്റസ്‌കോയില്‍ വിശ്വസിക്കുന്നവരുമാണ്. തങ്ങളുടേതല്ലാത്ത അഭിപ്രായങ്ങള്‍ വെച്ചുപുലര്‍ത്തുന്നു എന്നതിനാല്‍ തന്നെ ഇവര്‍ അമേച്വര്‍ ബുദ്ധി ജീവികളോട് അയിത്തം പുലര്‍ത്തുകയും അവരെ ബുദ്ധിപരമായും ധാര്‍മികമായും രണ്ടാംകിടക്കാരായി കാണുകയും ചെയ്യുന്നു. തങ്ങളുടെ സാമൂഹികപദവിയും പ്രിവിലേജുകളും നിലനിര്‍ത്തി ദലിത് ബഹുജന്‍ സമൂഹത്തിന്റെ രക്ഷക വേഷം കെട്ടുന്നതാണ് പുതിയ കാലത്തെ മാര്‍ക്‌സിസ്റ്റ് ഇടത് ലിബറലുകളുടെ രീതി.
അത്തരമൊരു പ്രൊഫഷനല്‍ ബുദ്ധിജീവിയുടെ ഏറ്റവും മികച്ച ഉദാഹരണമാണ് അക്കാദമിക രംഗത്തെ കമ്മ്യൂണിസ്റ്റ് പോരാളിയായും കോണ്‍ഗ്രസ്സ് അനുകൂല ചരിത്രകാരന്‍ എന്നും അറിയപ്പെടുന്ന ആളുമായ പ്രൊഫ. ബിപിന്‍ചന്ദ്ര. ജെ. എന്‍.യുവില്‍ പ്രൊഫസര്‍ ആയിരിക്കെ മണ്ഡല്‍ കമ്മീഷന്‍ ശുപാര്‍ശയ്‌ക്കെതിരെ സംവരണ വിരുദ്ധ പ്രക്ഷോഭണങ്ങളെ ശക്തമായി പിന്തുണച്ച വ്യക്തിയാണ് അദ്ദേഹം. ഒ.ബി.സി വിഭാഗങ്ങള്‍ക്ക് ഉന്നത വിദ്യാഭ്യാസ രംഗത്ത് സംവരണം ഏര്‍പ്പെടുത്തുന്നതിനെതിരെ ശക്തമായി നിലകൊണ്ട അദ്ദേഹം ”മെറിറ്റോറിയ”സ് ഇന്ത്യയുടെ വക്താവായിരുന്നു. ഇന്നും ജെ. എന്‍.യുവില്‍ ഒ.ബി.സി വിഭാഗത്തില്‍ പെടുന്ന ഒരൊറ്റ പ്രൊഫസ്സര്‍/അസിസ്റ്റന്റ് പ്രൊഫസ്സര്‍മ്മാരും ഇല്ല എന്നത് കൂടി നാം ഇതിനോടൊപ്പം ചേര്‍ത്ത് വായിക്കണം. ജെ. എന്‍.യുവിലെ പല സെന്ററുകളിലും ദലിത്-മുസ്ലീം ബഹുജന്‍ വിദ്യാര്‍ത്ഥികള്‍ക്ക് എഴുത്ത് പരീക്ഷയില്‍ നല്ല മാര്‍ക്ക് നേടിയിട്ടും ഇന്റര്‍വ്യൂവില്‍ പൂജ്യം മാര്‍ക്ക് ഇട്ട് കൊടുത്ത് അഡ്മിഷന്‍ നിഷേധിക്കുന്ന സാഹചര്യവും നിലവിലുണ്ട്. പുകഴ്‌പെറ്റ ഇടത് സ്വര്‍ഗ്ഗത്തിലെ അവസ്ഥയാണിത്. പ്രശസ്ത ചരിത്രകാരന്‍ എം. എസ്. എസ്. പാണ്ഡ്യന്‍ അദ്ധ്യാപകനാവാന്‍ അപേക്ഷനല്‍കിയപ്പോള്‍, അദ്ദേഹത്തിന് അദ്ധ്യാപകനാവാനുള്ള മെറിറ്റ് ഇല്ലെന്ന് പറഞ്ഞ് എതിര്‍പ്പ് ഉയര്‍ത്തിയിരുന്നു ജെ.എന്‍.യുവിലെ ഇടത് അനുകൂല അദ്ധ്യാപക ബുദ്ധിജീവികള്‍.
എണ്‍പതുകളില്‍ ശരിഅത്ത്-ഏക സിവില്‍കോഡ് വിവാദത്തില്‍ സവര്‍ക്കര്‍ധാരയോടൊപ്പം ചേര്‍ന്ന് മുസ്ലീം സമൂഹത്തെ ഭര്‍ത്സിക്കുന്നതില്‍ മത്സരിച്ച ഇതേ ഇടത് ബുദ്ധി ജീവികളിലൊരാളായ ഇ. എം. എസ് ആണ് അക്കാലത്ത് ”ന്യൂനപക്ഷ വര്‍ഗീയത” എന്ന പദം പ്രയോഗത്തില്‍ കൊണ്ടുവന്ന്, ഇന്ത്യന്‍ ദേശീയതയിലെ അപരത്വത്തെ എങ്ങനെ നിര്‍വചിക്കണം എന്ന ബി.ജെ.പി യുടെ സംശയത്തിന് ഉത്തരം കൊടുത്തത്. മണ്ഡല്‍ പ്രക്ഷോഭ കാലത്ത് സംവരണ വ്യവസ്ഥയ്‌ക്കെതിരെ മെരിറ്റോക്രസിയെ ഉയര്‍ത്തിപ്പിടിച്ച ഇവര്‍ തങ്ങളുടെ ദലിത് മുസ്ലീം ബഹുജന്‍ വിരുദ്ധത കൂടുതല്‍ തുറന്നുകാണിക്കുകയുണ്ടായി. ഇപ്പോള്‍ സംവരണം ആവശ്യപ്പെട്ട് കൊണ്ട് സമരം നടത്തിയ ജാട്ട്-പട്ടേല്‍ സമുദായങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഇടത് പക്ഷത്തോട് കടപ്പെട്ടിരിക്കുന്നു. കാരണം; 1957-ലെ കേരളത്തിലെ ഇ. എം. എസ് മന്ത്രിസഭയുടെ കാലത്ത് ജോസഫ് കമ്മീഷനിലൂടെയാണ് സംവരണം നല്‍കാന്‍ സാമ്പത്തികാവസ്ഥ ഒരു മാനദണ്ഡമായി ആദ്യം ഉയര്‍ന്നു കേള്‍ക്കുന്നത്. ഇപ്പോഴത്തെ ഇലക്ഷനില്‍ എല്‍.ഡി.എഫ് മുന്നണിയുടെ പ്രകടനപത്രികയിലും മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്കുള്ള സംവരണത്തെ പറ്റി പറയുന്നത് കാണാം. ഇതേ മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ എന്ന പരിവേദനമാണ് ഇന്ന് പട്ടേല്‍-ജാട്ട് പ്രക്ഷോഭങ്ങളില്‍ ഉയര്‍ന്ന് കേള്‍ക്കുന്നത് എന്നത് കൂടി നാം കാണണം.
ബാബറി മസ്ജിദ് ധ്വംസനാനന്തരം ഇരകളാകപ്പെട്ട മുസ്ലീം സമൂഹത്തിന്റെ വ്രണിത ശരീരത്തെ കൂടുതല്‍ മുറിപ്പെടുത്തും വിധമായിരുന്നു ഈ ബുദ്ധിജീവികളുടെ തിയറികള്‍. മുസ്ലീം/ന്യൂനപക്ഷ വര്‍ഗീയത സമം ഹിന്ദു/ഭൂരിപക്ഷ വര്‍ഗീയതയെന്ന തീയറി മുന്നോട്ടു വെച്ച ഇവര്‍ സഹസ്രാബ്ദങ്ങളോളം ഇന്ത്യന്‍ സാമൂഹിക മണ്ഡലത്തെ ചൂഴ്ന്ന് നില്ക്കുന്ന ബ്രാഹ്മണ വംശീയതയെ, അതേ വംശീയതയുടെ ഇരയായി മാറിയ മുസ്ലീം സമൂഹവുമയി സമീകരിച്ചതിലൂടെ ആരാണ് യഥാര്‍ത്ഥ ശത്രുവെന്ന് ചൂണ്ടിക്കാണിക്കുന്നതില്‍ പരാജയപ്പെടുകയാണുണ്ടായത്. പുതിയ കാലഘട്ടത്തില്‍ അംബേദ്കറെ തന്നെ ഏറ്റെടുത്ത് അംബേദ്കറുടെ രാഷ്ട്രീയത്തിന്റെ ആകത്തുകയായ ജാതി നിര്‍മൂലനം എന്ന കൃതിക്ക് പുസ്തകത്തേക്കാള്‍ വലിയ ആമുഖം എഴുതുകയും, ആമുഖത്തില്‍ ഗാന്ധി അംബേദ്കര്‍ താരതമ്യം നടത്തി, അംബേദ്കറുടെ രാഷ്ട്രീയത്തെ ഉട്ടോപ്യന്‍ എന്ന് വിശേഷിപ്പിക്കുകയും ചെയ്തതും ഈ വിഭാഗം ബുദ്ധിജീവികള്‍ തന്നെ.
ജെ. എന്‍.യുവുമായി ബന്ധപ്പെട്ടുയര്‍ന്നുവന്ന, ദേശീയതയെ സംബന്ധിച്ച ചര്‍ച്ചകളില്‍ ഞങ്ങളാണ് നിങ്ങളെക്കാള്‍ വലിയ ദേശീയ വാദികള്‍ എന്ന വാദമുയര്‍ത്തിയതിലൂടെ ദലിത് മുസ്ലീം ബഹുജനങ്ങളെ അപരവത്കരിക്കുന്ന ഒരു ദേശീയതയെ പിന്നെയും ഊട്ടി ഉറപ്പിക്കുകയാണ് ഇവര്‍ ചെയ്തത്. ഇത്തരത്തില്‍ മാപ്പുസാക്ഷിത്വമനോഭാവത്തോടെ പ്രതികരിച്ച, ജെ.എന്‍.യുവിനകത്തും പുറത്തുമുള്ള പാര്‍ട്ടികളിലും സാംസ്‌കാരിക ഹിന്ദുദേശീയതയുടെ സ്വാധീനം കാണാം. അത്തരമൊരു സ്വാധീനം ഉള്ളത് കൊണ്ട് തന്നെയാണ് ജെ.എന്‍.യുവില്‍ പാര്‍ട്ടി ഭേദമന്യേ ഹോളി ഔദ്യോഗിക പരിവേഷത്തോടെ ആഘോഷിക്കപ്പെടുന്നതും ഇങ്ങ്, കേരളത്തില്‍ സി.പി. ഐ.എം ശ്രീകൃഷ്ണ ജയന്തിക്ക് റാലി നടത്താന്‍ നേതൃത്വം കൊടുക്കാനും കാരണം. നിലനില്‍ക്കുന്ന അധീശത്വപരമായ ഹൈന്ദവദേശീയ വ്യവഹാരങ്ങളെ ചോദ്യം ചെയ്യാനാകും വിധത്തിലുള്ള പ്രത്യയശാസ്ത്ര അടിത്തറ ഇപ്പോള്‍ ഇന്ത്യയിലെ ഏത് തരം ബുദ്ധിജീവികള്‍ക്കാണുള്ളത് എന്നത് ഒരു ചോദ്യമാണ്. നാനാത്വത്തില്‍ ഏകത്വം മുന്നോട്ടു വെച്ച നെഹ്രുവിയന്‍/ഗാന്ധിയന്‍ പ്രൊഫഷണല്‍ ബുദ്ധിജീവികള്‍ക്ക് അധീശ വ്യവഹാരങ്ങളെ ചോദ്യം ചെയ്യാനുള്ള ശേഷിയില്ലെന്ന് മാത്രമല്ല, വിവിധ ദേശീയതകള്‍ നിലവിലുള്ള ഇന്ത്യപോലുള്ള രാജ്യത്ത് അധീശത്വരമായ ഏകാത്മക ദേശീയതയ്ക്ക് വെള്ളവും വളവും നല്‍കാനേ നെഹ്രുവിയന്‍ ബുദ്ധിജീവികള്‍ക്കും ആ ദേശീയ ധാരയെ പിന്‍പറ്റുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും കഴിയു എന്ന് നാള്‍ക്ക് നാള്‍ തെളിഞ്ഞു കൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ മാര്‍ച്ചില്‍ ‘ഭാരത് മാതാ കീ ജയ്” എന്ന് മുദ്രാവാക്യം വിളിക്കാന്‍ വിസമ്മതിച്ചതിന് എ.ഐ. എം. എം. എമ്മിന്റെ എം. എല്‍. എ വാരീസ് പത്താനെ മഹാരാഷ്ട്ര അസംബ്ലിയില്‍ നിന്ന്പുറത്താക്കിയ സംഭവം ഒരു ഉദാഹരണം. കോണ്‍ഗ്രസ്സ് അടക്കമുള്ളവര്‍ പ്രസ്തുത നടപടിയെ പിന്തുണയ്ക്കുകയാണ് ചെയ്തത്. പശുവിനെ രാഷ്ട്രീയ മാതാവായി ബി.ജെ.പി പ്രഖ്യാപിച്ചാല്‍ അതിനെ പിന്തുണയ്ക്കും എന്ന് ഗുജറാത്ത് നിയമസഭാ അസംബ്ലിയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവും പ്രതിപക്ഷ നേതാവുമായ ശങ്കര്‍ സിംഗ് വഗേല പറഞ്ഞത് ഇതിനോടു കൂട്ടി ചേര്‍ത്ത് വായിക്കേണ്ട സംഗതിയാണ്. നെഹ്രുവിയന്‍ ദേശീയതയുടെ വക്താക്കളായി നിലകൊള്ളുന്ന ഇടത് പാര്‍ട്ടികളും സംഘപരിവാര്‍ സാംസ്‌കാരിക ദേശീയതയുടെതായ അധീശ വ്യവഹാരങ്ങളെ ചോദ്യം ചെയ്യാന്‍ തയ്യാറായി കണ്ടിട്ടില്ല. രാഷ്ട്രീയപരമായി ഹിന്ദുത്വത്തെ എതിര്‍ക്കുമ്പോള്‍ തന്നെ സാംസ്‌കാരികപരമായ ഹൈന്ദവ ദേശീയതയെ പുല്‍കുന്നതാണ് ഇടതിന്റെ പരാജയം. അതുകൊണ്ടാണ് നിലവിളക്ക് കൊളുത്താന്‍ വിസമ്മതിക്കുന്ന അബ്ദു റബ്ബിനെ നേരിടാന്‍ നിലവിളക്ക് ഏന്തി പ്രതിഷേധിക്കാന്‍ ഡി.വൈ. എഫ്. ഐ തയ്യാറാകുന്നത്. ഭാരത് മാതാവിന് ജയ് വിളിക്കുന്നത് പോലുള്ള എന്തെങ്കിലുംമുദ്രാവാക്യങ്ങള്‍ മുഴക്കാതിരിക്കാനും നിലവിളക്ക് കൊളുത്താതിരിക്കാനുമെല്ലാമുള്ള അവകാശത്തെ മാനിക്കാന്‍ കഴിയാത്ത വിധം സവര്‍ണ്ണ അധീശത്വം നമ്മുടെ മതേതര ദേശീയ സങ്കല്‍പത്തില്‍ വന്നു കഴിഞ്ഞുവെന്ന് നാള്‍ക്ക് നാള്‍ വ്യക്തമാവുന്നു.
അതേസമയം, ഇത്തരം സാംസ്‌കാരിക ഹൈന്ദവ അധീശ വ്യവഹാരങ്ങളെയും ചോദ്യം ചെയ്യുന്നു എന്നതാണ് രോഹിത് വേമൂലയും മുന്നോട്ടു വച്ച രാഷ്ട്രീയത്തിന്റെ പ്രസക്തി. അതുകൊണ്ട് തന്നെയാണ് ഹൈദരബാദ് യൂണിവേഴ്‌സിറ്റിയെ നിലവിലെ ഭരണകൂടം നോട്ടമിടുകയും വിദ്യാര്‍ത്ഥികളെ വേട്ടയാടാനും കാരണം. സ്വാമി ദയാനന്ദ സരസ്വതിയിയുടെയും വിവേകാനന്ദന്റെയും ആശയങ്ങളില്‍നിന്നും രൂപംകൊണ്ട, അരവിന്ദ് ഘോഷും സവര്‍ക്കറുമടക്കമുള്ളവരുടെ ധാര മുന്നോട്ടു വെച്ച ഭാരത് മാതാ സങ്കല്പത്തിലധിഷ്ഠിതമായ ഏകാത്മ ദേശീയതയ്ക്ക് പകരം ”വൈവിദ്ധ്യങ്ങളുടെ സഹവര്‍ത്തിത്വത്തെ” പറ്റി പറയുന്ന; ദേശത്തെക്കാളുപരി ”ദേശി”കളെ പ്രാധാനമായി കാണുന്ന, ഒരു ദേശീയ സങ്കല്പം മുന്നോട്ടു വയ്ക്കുന്നതിലൂടെ മാത്രമേ ഇപ്പോള്‍ നിലവിലുള്ള അധീശ ദേശീയതാ വ്യവഹാരങ്ങളെ മറികടക്കാന്‍ കഴിയൂ.

  • രോഹിത് വേമൂലയുടെ രാഷ്ട്രീയവും ലാല്‍സലാം-നീല്‍സലാം മുദ്രാവാക്യങ്ങളുടെ അപ്രസക്തിയും

രേഹിത് വേമൂലയുടെ സ്ഥാപനവല്‍കൃത കൊലപാതകത്തിന് ശേഷം ഇന്ത്യയിലുടനീളം ഉയര്‍ന്ന് കേട്ടത് ”ലാല്‍ സലാം-നീല്‍സലാം” ”ജയ് ഭീം ലാല്‍ സലാം” എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങളാണ്. ചരിത്രത്തിലുടനീളം ദളിത് മുസ്ലീം ബഹുജനങ്ങളുടെ അറിവ് നേടാനുള്ള ത്വരയെ മേല്‍പറഞ്ഞ രീതിയില്‍ അക്കാദമിക് വംശഹത്യ നടത്തിയ ചരിത്രമുള്ള അതേ ഇടത്/നെഹ്രുവിയന്‍ അക്കാദമിക ലോകം ഇപ്പോള്‍ ദളിത്- ഇടത് ഐക്യത്തെ സംബന്ധിച്ച് വാചാലമാകുന്നു. ഇടത് അക്കാദമിക മേധാവിത്വം നിലനില്‍ക്കുന്ന കേരളം പോലുള്ള സര്‍വ്വകലാശാലകളിലും കാമ്പസ്സുകളിലും ദളിത്-മുസ്ലീം സംഘടനകളെ വളരെ ഹിംസാത്മകമായിട്ട് തന്നെയാണ് ഇന്നോളം പ്രമുഖ ഇടത് വിദ്യാര്‍ത്ഥി സംഘടനകളിലൊന്നായ എസ്.എഫ്.ഐ നേരിട്ടിട്ടുള്ളത്. എറണാകുളം മഹാരാജാസ് കോളേജില്‍ എണ്‍പതുകളില്‍ ഉയിര്‍ കൊണ്ട ദളിത് സ്റ്റുഡന്‍സ് മൂവ്‌മെന്റ് എസ്.എഫ്.ഐ.യുടെ ഹിംസയുടെ ഏറ്റവും വലിയ ഒരു ഉദാഹരണമാണ്. മഹാരാജാസില്‍ ഉയിര്‍കൊണ്ട പല ദളിത് വിദ്യാര്‍ത്ഥി മുന്നേറ്റങ്ങളെയും എസ്. എഫ്. ഐ കൈകാര്യം ചെയ്തത് എങ്ങനെയായിരുന്നു എന്ന് അവിടെ പല കാലങ്ങളില്‍ പഠിച്ച കെ.കെ. കൊച്ച്, കെ.കെ. ബാബുരാജ്, എം.ബി. മനോജ്, എ.കെ. വാസു തുടങ്ങിയവരുടെ നിരവധി എഴുത്തുകളില്‍ കാണാം. ഇതേ മഹാരാജാസ് കാമ്പസ്സില്‍ തന്നെയാണ് ഈ വര്‍ഷം ജനുവരിയില്‍ രോഹിത് വേമൂലയ്ക്ക് വേണ്ടി സംസാരിക്കാന്‍ നിങ്ങള്‍ക്ക് എന്താണ് അവകാശം എന്ന് ചോദിച്ചു കൊണ്ട് ‘ഇങ്കിലാബ് സ്റ്റുഡന്‍സ് മൂവ്‌മെന്റ്’ പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കപ്പെട്ടതും. കഴിഞ്ഞ പത്തുവര്‍ഷത്തെ കാലത്തിനിടയില്‍ കേരളത്തിലുടനീളമുള്ള നിരവധി ക്യാമ്പസ്സുകളില്‍ ഇസ്ലാമിക് വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എസ്.ഐ.ഓ. പ്രവര്‍ത്തകന്‍/അനുഭാവി ആയി പോയി എന്ന കാരണത്താല്‍, എസ്.എഫ്.ഐക്കെതിരെ ഇലക്ഷനില്‍ മത്സരിച്ചുവെന്ന കാരണത്താല്‍ മര്‍ദ്ദിക്കപ്പെട്ടവരും കാമ്പസില്‍ ബഹിഷ്‌കരിക്കപ്പെട്ടവരും ഒറ്റപ്പെടുത്തപ്പെട്ടവരുമായ നിരവധി പേരെ ഈ ലേഖകന് പരിചയമുണ്ട്.
ഇക്കാലമത്രയും ഇടതുപക്ഷം കായികമായും ബൗദ്ധികപരവുമായ ഹിംസകളിലൂടെ നേരിട്ട അതേ പ്രസ്ഥാനങ്ങളുടെ പുതിയ പതിപ്പുകളോട് ഇന്ന് കാണിക്കുന്ന സൗഹൃദവും അവരുടെ രാഷ്ട്രീയ ചോദ്യങ്ങള്‍ ഏറ്റെടുക്കാന്‍ കാണിക്കുന്ന ഔത്സുക്യവും ഒരിക്കലും പ്രത്യയശാസ്ത്രപരമോ രാഷ്ട്രീയപരമോ ആയ നയം മാറ്റമായി കാണാന്‍ കഴിയില്ല. മറിച്ച് നിലനില്‍ക്കുന്ന ഹിംസാത്മക ബ്രാഹ്മണ ദേശീയ വ്യവഹാരത്തെ നേരിടാനുള്ള ദളിത് മുസ്ലീം ബഹുജന്‍ രാഷ്ട്രീയത്തിന്റെ കരുത്തിനെ രാഷ്ട്രീയമായി മുതലെടുക്കാനുള്ള ശ്രമമായിട്ട് വേണം കാണാന്‍. എന്ത് കൊണ്ടാണ് കനയ്യകുമാര്‍ ഇപ്പോള്‍ ഉയര്‍ന്നു വന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന്റെ ഐക്കണ്‍ ആവുകയും, സ്ഥാപനവല്‍കൃത ഹിംസയുടെ രക്തസാക്ഷിയായ രോഹിത് വേമൂലയോടൊപ്പം ഹൈദരബാദ് സര്‍വ്വകലാശാലയില്‍ നിന്നും പുറത്താക്കപ്പെട്ട ദൊന്ത പ്രശാന്തിനെ ഹീറോ ആയി കാണാന്‍ ഇടതു പക്ഷത്തിന് (വിശിഷ്യാ കേരളത്തില്‍) കഴിയാതെ പോവുകയും ചെയ്യുന്നു? കനയ്യ ഇന്ത്യന്‍ ചെഗുവേരയെങ്കില്‍ ദൊന്ത പ്രശാന്തിനെ എന്ത് പേരിട്ടാണ് വിളിക്കേണ്ടത്? എന്ത് കൊണ്ടാണ് ജെ.എന്‍.യു.വില്‍ ഒരു ദളിത് ബഹുജന്‍ സംഘടനയായ ബാപ്‌സ (ബിര്‍സ അംബേദ്ക്കര്‍ ഫൂലൈ സ്റ്റുഡന്റ്‌സ അസോസിയേഷന്‍) നിലവില്‍ ഉണ്ടായിരിക്കെ തന്നെ ഉമര്‍ ഖാലിദ്, അനിര്‍ഭാന്‍ ഭട്ടാചാര്യ തുടങ്ങിയവര്‍ ചേര്‍ന്നു ഈയടുത്ത കാലത്ത് ഭഗത് സിംഗ് അംബേദ്ക്കര്‍ സ്റ്റുഡന്‍സ് ഓര്‍ഗനൈസേഷന്‍ എന്ന പേരില്‍ പുതിയ സംഘടന ആരംഭിച്ചത്. വിപ്ലവം തങ്ങളിലൂടെ മാത്രമേ ഉണ്ടാകാവൂ എന്നും കീഴാള സമുദായങ്ങളിലെ വിദ്യാര്‍ത്ഥികള്‍ എല്ലാ കാലത്തും തങ്ങളുട ആജ്ഞാനുവര്‍ത്തികള്‍ ആയി നിലകൊള്ളണം എന്നതും കൊണ്ടല്ലേ ഇത്തരത്തില്‍ പുതിയൊരു സംഘടന തുടങ്ങിയത്?
അതേ, ഇടതിന് ഇപ്പോള്‍ അംബേദ്കറിനെ വേണം. അംബേദ്കറൈറ്റുകളെ വേണ്ടതില്ല. മുസ്ലീമിനെ വേണം. എന്നാല്‍ മുസ്ലീങ്ങള്‍ അവകാശങ്ങള്‍ക്കുവേണ്ടി സ്വയം ശബ്ദിക്കുന്നത് ന്യൂനപക്ഷ വര്‍ഗീയതയായി അടയാളപ്പെടുത്തും. ഇത്തരത്തില്‍ കാലങ്ങളായി തങ്ങള്‍ക്കുള്ള സംഘടനാ വൈഭവം ഉപയോഗിച്ച് പുതിയ സംഘടനകള്‍ രൂപീകരിച്ച് ദളിത് സംഘടനകളെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്നതിന് പകരം; തങ്ങളുടെ രാഷ്ട്രീയവും അക്കാദമികവുമായ കഴിവുകളിലൂടെ അംബേദ്കറൈറ്റ് സംഘടനകളെ ശക്തിപ്പെടുത്താനും ദളിത്- ബഹുജന്‍ നേതൃത്വത്തിന് കീഴില്‍ അണി നിരക്കാനും ഇത്തരത്തില്‍ ഇടത് ഭാവുകത്വം പേറുന്നവര്‍ തയ്യാറാകുമോ?

  • ഇടത് സങ്കല്പത്തിലെ ‘മുസ്ലീം” അപരനാവുന്നത് എങ്ങനെ?

ജെ. എന്‍.യു വിലെ ഫ്രീഡം സ്‌ക്വയറില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ അഭിമുഖീകരിക്കാന്‍ മുസ്ലീം ലീഗ് ദേശീയ നേതാവും എം.പിയുമായ ഇ.ടി മുഹമ്മദ് ബഷീര്‍ ജെ. എന്‍.യു യൂണിയന്‍ വൈസ് പ്രസിഡന്റിനോട് അനുവാദം ചോദിക്കുന്നു. അപ്പോള്‍ ശഹല റാഷിദ് എന്ന ഐസയുടെ ഭാരവാഹി പറഞ്ഞത് നാം ശരിക്കും കേള്‍ക്കണം. ”മുസ്ലീം സംഘടനകളെ പങ്കെടുപ്പിക്കുന്നതില്‍ പല ഇടതുപക്ഷ സംഘടനകള്‍ക്കും എതിര്‍പ്പുണ്ട്. എന്നാല്‍ തനിക്ക് വ്യക്തിപരമായി എതിര്‍പ്പില്ല”. മുസ്ലീം നാമധാരിയായ ശഹലയുടെ നിസ്സഹായത നാം ഇവിടെ മനസ്സിലാക്കണം.
ഇവിടെ മുന്‍പും സമരങ്ങളുമായി ബന്ധപ്പെട്ട് ചില ഇടത് സംഘടനകള്‍ മുസ്ലീം സംഘടനകളെ പൊതുവായും മുസ്ലീം വിദ്യാര്‍ത്ഥി സംഘടനകളെ സവിശേഷമായും പങ്കെടുപ്പിക്കരുത് എന്ന ആവശ്യമുന്നയിച്ചിരുന്നു. എതിര്‍പ്പുകള്‍ എല്ലാം മറികടന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ ജെ. എന്‍.യുവില്‍ പ്രസംഗിച്ചുവെങ്കിലും അദ്ദേഹംകേരളത്തിലെ ഏറ്റവും വലിയ വര്‍ഗീയ പ്രസ്ഥാനത്തിന്റെ നേതാവാണ് എന്ന് പറയുന്ന എസ്. എം. എസ് സന്ദേശങ്ങള്‍ കാമ്പസ്സില്‍ പ്രചരിച്ചിരുന്നു. അതൊക്കെ ചെയതത് മതേതരത്വം പറയുന്ന പലരുമായിരുന്നു എന്നതാണ് വസ്തുത.
മുസ്ലീം ലീഗിലെ’മുസ്ലീം” മാത്രമല്ല മുസ്ലീം അസ്തിത്വം തന്നെ ഇടതിന് പ്രശ്‌നകരമാണ്. കഴിഞ്ഞ ഫെബ്രുവരിയില്‍ ജെ.എന്‍.യുവില്‍ നടന്ന അഫ്‌സല്‍ ഗുരുവിന്റെ തൂക്കിക്കൊലയിലുള്ള അനുസ്മരണവും, കാശ്മീരിന്റെ സ്വയം ഭരണവുമായും ബന്ധപ്പെട്ട നടന്ന പരിപാടിയും വിവാദമായതിനെ തുടര്‍ന്ന് ദേശീയതയെ പറ്റി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഉയര്‍ന്നു. സംഘപരിവാരത്തിന്റെയും മാധ്യമങ്ങളുടെയും പ്രച്ഛന്നമായ പ്രചാരണങ്ങളെ ചെറുക്കാനുള്ള പ്രതിരോധമെന്നോണം, ജെ.എന്‍.യുവില്‍ ഇടത് അദ്ധ്യാപകര്‍ക്ക് ഭൂരിപക്ഷമുള്ള അദ്ധ്യാപകരുടെ സംഘടന ലെക്ചര്‍ സീരിയസ് നടത്തുകയുണ്ടായി. ഇന്ത്യന്‍ ദേശീയതയെ പറ്റിയുള്ള ഫെമിനിസ്റ്റ്, ദളിത്, തമിഴ് തുടങ്ങി മറ്റു നിരവധി വീക്ഷണ കോണില്‍ നിന്ന് കൊണ്ടുള്ള ക്ലാസ്സുകള്‍ സംഘടിപ്പിച്ചപ്പോഴും അബ്ദു കലാം ആസാദ്, അല്ലാമാ ഇഖ്ബാല്‍, മൗലാന മുഹമ്മദലി തുടങ്ങി പല മുസ്ലീം ചിന്തകരും ഇന്ത്യന്‍ ദേശത്തെയും ദേശീയതയെയും എങ്ങനെയാണ് കണ്ടത് എന്നതിനെ പറ്റി ഒരു ക്ലാസ് പോലും സംഘടിപ്പിക്കാതെ പോയതും ഇടത് ഭാവനയില്‍ മുസ്ലീം എങ്ങനെയാണ് അപരമാവുന്നത് എന്നതിന്റെ ക്ലാസിക് ഉദാഹരണമാണ്.
ഇടത് ഭാവനയിലെ മുസ്ലീമിന്റെ അപര പ്രതിനിധാനത്തെ കുറിച്ചുള്ള വിമര്‍ശനത്തെ തങ്ങളുടെ നേതൃത്വത്തില്‍ ഏതോ കാലത്ത് വന്ന മുസ്ലീം നേതാക്കളേയോ നിലവിലുള്ള ചിലരെയോ ചൂണ്ടി കാണിച്ച് കൊണ്ടുമാത്രം നേരിടാനാവുന്ന ഒന്നല്ല. ബ്രാഹ്മണ ദേശീയ ഭാവനകളാല്‍ സ്വാധീനിക്കപ്പെട്ടതിനാല്‍ സ്വയം ശബ്ദിക്കുന്ന മുസ്ലീങ്ങളും മുസ്ലീം പേരുള്ള/മുസ്ലീങ്ങളുടെ നേതൃത്വത്തില്‍ സ്ഥാപിക്കപ്പെട്ട എല്ലാ നവജനാധിപത്യ പ്രസ്ഥാനങ്ങളും ഇടത് ലിബറല്‍ ഭാവനകളില്‍ എല്ലാ കാലത്തും ”വര്‍ഗ്ഗീയം” തന്നെ. ഇന്ത്യന്‍ സാഹചര്യത്തില്‍ വര്‍ഗീയത എന്ന പദം തന്നെ പ്രശ്‌നകരമാണ് എന്ന് ഗാനേന്ദ്ര പാണ്ഡെ പോലുള്ളവരുടെ പഠനങ്ങള്‍ നിലവിലിരിക്കെയാണ്, മുസ്ലീം കൂട്ടായ്മകളുടെ/സംഘടനകളുടെ ന്യൂനപക്ഷ സ്വത്വത്തെ വര്‍ഗീയപരമായി കണ്ട് അവയ്ക്ക് അയിത്തം പ്രഖ്യാപിച്ചുകൊണ്ടുള്ള ”മനുഷ്യ സംഗമങ്ങള്‍” ഇടത് സംഘടനകളുടെ കാര്‍മികത്വത്തില്‍ കേരളത്തിലുടനീളം നടന്നത് എന്നതും ഇവിടെ പ്രസ്താവ്യമാണ്.
മുസ്ലീംങ്ങളെ സംബന്ധിച്ച് സവര്‍ക്കറിസ്റ്റ് അക്കാദമിക് ലോകം മുന്നോട്ടു വെച്ച ആശയങ്ങള്‍ തന്നെയാണ് ഇടതിന്റെ സങ്കല്‍പങ്ങളില്‍ ഉള്ളത്. അത്‌കൊണ്ടാണ് തലമറച്ചും ഫുള്‍സ്ലീവ് ധരിച്ചും പരീക്ഷ എഴുതാന്‍ വേണ്ടി കോടതിയില്‍ പോകുന്ന മുസ്ലീം പെണ്‍കുട്ടികളോട് നിങ്ങളൊക്കെ ഡോക്ടര്‍ ആയാല്‍ മതം നോക്കി മാത്രംരോഗികളെ നോക്കുമെന്നും ഇങ്ങനെയുള്ളവരൊക്കെ ഡോക്ടര്‍ ആവാതിരിക്കുകയാണ് നല്ലത് എന്ന ഉപദേശം സോഷ്യല്‍ മീഡിയകളില്‍ സഖാക്കളില്‍ നിന്നും ഉയരുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ന്യൂനപക്ഷ സമുദായത്തിന്റെ സംസ്‌കാരത്തെയും പൈതൃകത്തെയും മതത്തെയും മനസ്സിലാക്കാന്‍ ഇന്നും ഇന്ത്യയിലെ ഇടത് പക്ഷത്തിന് സാധിച്ചിട്ടില്ല എന്ന് തന്നെയാണ് ആ സമുദായത്തെ തങ്ങളിലേക്ക് അടുപ്പിക്കാന്‍ പ്രത്യേക മാസികയും പ്രത്യേക ആളുകളെയും സി.പി.ഐ. എമ്മിനെ പോലുള്ള പാര്‍ട്ടിക്കു നിയോഗിക്കേണ്ടി വന്നതിലൂടെ മനസ്സിലാവുന്നത്.
രോഹിത് വേമൂലയും ജിഷയുമടക്കമുള്ളവര്‍ പല കാരണങ്ങളാല്‍ ജീവത്യാഗം ചെയ്യുന്നതിലൂടെ മാത്രമാണ് ദളിത് അവസ്ഥകളെ സംബന്ധിച്ച് ശബ്ദിക്കേണ്ടതുണ്ട് എന്ന ബോധ്യം ഇടതുപക്ഷത്തിനുണ്ടാവുന്നത്. ഇന്ത്യയിലെ നിലവില്‍ ബ്രാഹ്മണികമായ അധീശ ദേശീയ വ്യവഹാരങ്ങളില്‍ മാത്രമല്ല, ഇടത് ഭാവനകളില്‍ ഇന്നും അപര സത്വം പേറി നടക്കുന്ന മുസ്ലീമിനെ സംബന്ധിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്താന്‍ ലാല്‍ സലാം-മീ സലാം വിളികളുയരാന്‍, എത്ര മുസ്ലീം വിദ്യാര്‍ത്ഥികള്‍ ഇനി ആത്മഹത്യ ചെയ്യേണ്ടതായി വരും?

  • ദളിത് മുസ്ലീം-ബഹുജന്‍- രാഷ്ട്രീയത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പും ഇടതുപക്ഷമില്ലാത്ത കാലവും

പോസ്റ്റ് മണ്ഡല്‍- പോസ്റ്റ് ബാബറി കാലത്ത് ഉയിര്‍ കൊള്ളുകയും ഇപ്പോള്‍ ഇന്ത്യയില്‍ നിരവധി യൂണിവേഴ്‌സിറ്റികളില്‍ ശക്തി പ്രാപിക്കുകയും ചെയ്തിട്ടുള്ള ദളിത്-മുസ്ലീം-ബഹുജന്‍ വിദ്യാര്‍ത്ഥി പ്രതിപക്ഷവും ഗുജറാത്തിലെ ഉന പ്രക്ഷോഭമടക്കമുള്ളവയും ഉദ്ദേശിക്കുന്നത് സംഘപരിവാരത്തെയോ/ ബി.ജെ.പിയെയോ രാഷ്ട്രീയമായി തോല്‍പിക്കുക എന്ന കേവല അജണ്ട മുന്‍ നിര്‍ത്തിയല്ല. മറിച്ച്, സാമൂഹ്യ നീതിയിലും സമത്വത്തിലും അധിഷ്ടിതമായ ഒരു സമൂഹം പടുത്തുയര്‍ത്തുക എന്ന വിശാലമായ അജണ്ട മുന്‍നിര്‍ത്തിയാണ് എന്ന തിരിച്ചറിവ് ഇടത്പക്ഷത്തിനും മനുഷ്യ സംഗമവാദികള്‍ക്കും ഉണ്ടാകേണ്ടിയിരിക്കുന്നു. നിലവിലെ ഇന്ത്യന്‍ ദേശ രാഷ്ട്രീയത്തില്‍ കേവലമായ ലാല്‍ സലാം-നീല്‍ സലാം മുദ്രാവാക്യങ്ങള്‍ക്കപ്പുറം അപര സ്വത്വം പേറുന്ന മുസ്ലീങ്ങള്‍. കാശ്മീരികള്‍ വടക്ക് കിഴക്ക് സംസ്ഥാനങ്ങളില്‍ അധിവസിക്കുന്നവരടക്കമുള്ള ബഹുജനങ്ങളുടെ യോജിച്ച മുന്നേറ്റത്തിലൂടെ മാത്രമേ ബ്രാഹ്മണികമായ ജ്ഞാന- രാഷ്ട്രീയാധികാരത്തെ തകര്‍ത്തെറിയാനും കീഴാള ശബ്ദങ്ങള്‍ ഉറക്കെ കേള്‍പ്പിക്കാനും സാധ്യമാവൂ. അത്തരമൊരു യോജിച്ച മുന്നേറ്റത്തില്‍ ദളിത്-മുസ്ലീം ബഹുജന്‍ ശബ്ദങ്ങളെ എക്കാലവും ഹിംസാത്മകമായി തന്നെ നിശബ്ദരാക്കാന്‍ ശ്രമിച്ചിട്ടുള്ള ഇടതുപക്ഷത്തിന് യാതൊരു പ്രസക്തിയുമില്ല. ഇന്ത്യന്‍ സാമൂഹിക ഗാത്രത്തിന് ചൂഴ്ന്ന് നില്‍ക്കുന്ന ജാതിയെ നിര്‍മൂലനം ചെയ്യുകയെന്ന അംബേദ്കറിന്റെ മഹത്തായ സ്വപ്നം സാക്ഷാത്കരിക്കുന്നതിനു വേണ്ടിയാണ് ദളിത്- മുസ്ലീം ബഹുജനങ്ങളുടെ ജയ് ഭീം-ജയ് മീം എന്ന മുദ്രാവാക്യം നിലനില്‍ക്കുന്നത്. അതേ സമയം ഇന്ത്യന്‍ മുസ്ലീം ദേശരാഷ്ട്രത്തിനകത്ത് മുസ്ലീംങ്ങളുടെ അപരജീവിതത്തെ സംബന്ധിച്ച് ഗ്യാനേന്ദ്ര പാണ്ഡെ ഉന്നയിച്ച ”ഒരു മുസ്ലീമിന് ഇന്ത്യക്കാരാനാകാന്‍ കഴിയുമോ” എന്ന തരത്തിലുള്ള തീക്ഷണമായ ചോദ്യങ്ങള്‍ ഉയര്‍ത്താന്‍ ഈ രാഷ്ട്രീയത്തിന് സാധിക്കേണ്ടതുണ്ട്.
മുസ്ലീം രാഷ്ട്രീയ ഭാവനകളില്‍ നിലവിലുള്ള ഇടതുപക്ഷത്തിന്റെ രക്ഷാകര്‍തൃത്വപരമായ രാഷ്ട്രീയത്തോടുള്ള ദാസ്യ മനോഭാവത്തെ വിമര്‍ശിച്ചും, ദലിത് മുസ്ലീം ബഹുജന്‍ രാഷ്ട്രീയത്തെ മാര്‍ക്‌സിയന്‍ ടൂളുകള്‍ ഉപയോഗിച്ചു കൊണ്ടുള്ള മുസ്ലീം വിശകലനങ്ങളെ നിരന്തരമായി ചോദ്യം ചെയ്തു കൊണ്ടു മാത്രമേ ഈ നവരാഷ്ട്രീയത്തിന് വികസിക്കാനാകൂ. അതേ സമയം ഇന്ത്യയിലെ പ്രമുഖ യൂണിവേഴ്‌സിറ്റികളില്‍ പ്രവര്‍ത്തിക്കുന്ന ചില അംബേദ്കറൈറ്റ് വിദ്യാര്‍ത്ഥി സംഘടനകള്‍ക്കും അംബേദ്ക്കറൈറ്റുകള്‍ക്ക് തന്നെയുള്ള, ഇന്ത്യന്‍ ദേശരാഷ്ട്രത്തിനകത്ത് മുസ്ലീം ചോദ്യങ്ങളോടുള്ള ഇപ്പോഴുള്ള വിപ്രതിപത്തി മാറ്റിയെടുക്കാനുള്ള നിരന്തരമായ, സര്‍ഗാത്മകമായ ആഭ്യന്തരസംവാദങ്ങള്‍ ഉണ്ടാവേണ്ടത് ഈ കാലഘട്ടത്തിന്റെ രാഷ്ട്രീയാവശ്യമാണ്. സവര്‍ക്കറിസ്റ്റ് അക്കാദമിക് ലോകത്ത് മാത്രമല്ല, നെഹ്രുവിയന്‍ മാര്‍ക്‌സിസ്റ്റ് പ്രൊഫഷനല്‍ ബുദ്ധിജീവികളുടെയും ജ്ഞാനാധികാരത്തെ വിമര്‍ശിക്കുന്നതിലൂടെ, ഇടതുപക്ഷമില്ലാത്ത കാലം വിഭാവന ചെയ്യുന്നതിലൂടെ മാത്രമേ ദളിത് മുസ്ലീം ബഹുജന്‍ ഭാവനകള്‍ക്ക് അക്കാദമികവും സാമൂഹിക-രാഷ്ട്രീയ-സാംസ്‌കാരിക-സാമ്പത്തിക സ്തിത്വം സാധ്യമാവൂ.
_______________________________

1. C AhamedFayiz, Academic Hindutva and futility of Dalit-Left unity calls,Round Table India,Published on 05 April 2016 ,http://roundtableindia.co.in/ index.php?option=com_ content& view=  article&id= 8561:academic-hindutva-and-the-futility-of-dalit-left-unity- calls&catid=119&Itemid=132
2. BrajRanjan Mani, Knowledge and Power,A discourse for Tranformation, Manohar Publications,2014
3. വസീം ആര്‍. എസ്., സമര കാലത്തെ ജെ. എന്‍.യു മുസ്ലീം, പച്ച കുതിര, ഏപ്രില്‍ 2016
4. HishamUlwahab, Does the ‘Nation’ wants to know-Diverse Muslim imaginations(YFDA-JNU PAMPHLET),The Companion Monthly, July 2016,http://thecompanion.in/does-the-nation-want-to-know- diverse-muslim-imaginations/
5. ഈ പ്രയോഗത്തിന് കെ.കെ. കൊച്ചിന്റെ ”ഇടതുപക്ഷമില്ലാത്ത കാലം” എന്ന ശീര്‍ഷകത്തില്‍ പുറത്തിറങ്ങിയ പുസ്തകത്തോട് കടപ്പാട്.

Top