ഏക ദൈവത്തില്‍ അടിയുറച്ച് വിശ്വസിക്കുന്ന ഇസ്ലാം മതവിശ്വാസികളെ സംബന്ധിച്ചിടത്തോളം മണ്ണിനേയോ ഭൂവിഭാഗത്തെയോ പ്രകൃതിയെയോ മാതാവായോ ദൈവമായോ ഒരു നിലക്കും സങ്കല്പിക്കുവാന്‍ കഴിയില്ല. എല്ലാം പ്രപഞ്ച നായകന്റെ നശ്വരമായ സൃഷ്ടികളാണെന്ന ഉയര്‍ന്ന ചിന്തയാണ് ഏക ദൈവ വിശ്വാസത്തെ അചഞ്ചലമായി നിര്‍ത്തുന്നത്. ആ നിലയില്‍ ഭാരതമാതാ കീജയ് എന്നതിനു പകരം ഹിന്ദുസ്ഥാന്‍ സിന്ദാബാദ് എന്നോ ജയ്ഹിന്ദ് എന്നോ പറയാന്‍ തയ്യാറാണ് എന്നും താന്‍ എന്ത് പറയണം എന്ന് മറ്റുള്ളവര്‍ തന്റെ വായില്‍ തിരുകുന്നത് അംഗീകരിക്കാന്‍ ആവില്ലെന്നും നിയമസഭയില്‍ നിന്ന് പുറത്താക്കിയ ശേഷം വാരിസ് പത്താന്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയുണ്ടായി. അത്തരത്തില്‍ ഏതെങ്കിലും മുദ്രാവാക്യങ്ങള്‍ മുഴക്കാതിരിക്കാനും നിലവിളക്ക് കൊളുത്താതിരിക്കാനുമെല്ലാമുള്ള അവകാശത്തെ മാനിക്കാന്‍ കഴിയാത്ത വിധം സവര്‍ണ്ണ അധീശത്വം നമ്മുടെ മതേതര ദേശീയ സങ്കല്‍പ്പത്തില്‍ വന്നു കഴിഞ്ഞുവെന്ന് നാള്‍ക്ക് നാള്‍ വ്യക്തമാവുന്നു.
1905-ല്‍ എഴുത്തുകാരനും രാഷ്ട്രീയനേതാവുമായിരുന്ന കെ. എം. മുന്‍ഷി ഹിന്ദുദേശീയ വാദത്തിന്റെ പിതാക്കളില്‍ ഒരാളായ ശ്രീ അരബിന്ദോ ഘോഷിനോട് ചോദിച്ചു. എങ്ങനെയാണ് ഒരാള്‍ക്ക് രാജ്യസ്‌നേഹിയാവാന്‍ കഴിയുക”? അപ്പോള്‍ അരബിന്ദോ ചുവരില്‍ തൂക്കിയിട്ടിരുന്ന ബ്രട്ടീഷ് ഇന്ത്യയുടെ മാപ്പില്‍ ചൂണ്ടിക്കൊണ്ടു പറഞ്ഞു. ”താങ്കള്‍ ഈ മാപ്പ് കണ്ടോ? ഇത് കേവലം ഒരു മാപ്പ് മാത്രമല്ല, ഭാരതമാതാവിന്റെ ചിത്രം കൂടിയാണ്. നഗരങ്ങളും, പുഴകളും, കാടുകളും എല്ലാം ചേര്‍ന്നതാണ് അതിന്റെ ഭൗതികശരീരം. വലുതാകട്ടെ ചെറുതാകട്ടെ അവളുടെ എല്ലാ മക്കളും അവളുടെ ഞരമ്പുകളാണ്. ഭാരതത്തെ ജീവിക്കുന്ന മാതാവായി മനസ്സിലാക്കുക. അവളെ പൂര്‍ണ്ണമായ ഭക്ത്യാധാരങ്ങളോടെ ആരാധിക്കുക.” ഒരു നൂറ്റാണ്ടിനിപ്പുറം ‘ഭാരതമാതാ കീജയ്’ എന്ന മുദ്രാവാക്യവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഉയര്‍ന്നിട്ടുള്ള വിവാദങ്ങളെ സമീപിക്കുമ്പോള്‍ നാം ഈ സംഭവം ഓര്‍ക്കേണ്ടതുണ്ട്.
ചരിത്രകാരനായ എറിക് ഹോബ്‌സോം ദേശീയതകളെ ദേവതാസങ്കല്‍പ്പവുമായി സംയോജിപ്പിക്കുന്നതിനെപ്പറ്റി ”നേഷന്‍സ് ആന്‍ഡ് നാഷണലിസം സിന്‍സ് 1780 പ്രോഗ്രാം മിത്ത്‌റിയാലിറ്റി” എന്ന പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്. മെക്‌സിക്കോവിനെ ഗ്വാദലൂപേ(Guadalupe) കന്യകയായും കാറ്റലോണിയയെ(Montserrat) ദേവതയുമായൊക്ക കാണുന്നതിലൂടെ രാജ്യത്തിന്റെ ദേശീയതയും അഖണ്ഡതയും അവിടുത്തെ ദേശീയവാദികള്‍ സ്വപ്നം കാണുന്നു. ഇന്ത്യന്‍ സാഹചര്യത്തില്‍ 19-നൂറ്റാണ്ടിലെ ബംഗാളി സാഹിത്യത്തിലൂടെയും ചിത്രരചനകളിലൂടെയാണ് ദുര്‍ഗാദേവി ദേശീയഭാവനയായി രൂപപ്പെടുന്നത്. 1873-ല്‍ കിരണ്‍ ചന്ദ്ര ബാനര്‍ജിയുടെ നാടകത്തിലാണ് ആദ്യമായും അത് കടന്നുവരുന്നത്. പിന്നീട് 1882-ല്‍ ബങ്കിംചന്ദ്രഛതോപാധ്യായയുടെ ‘ആനന്ദമഠം’ എന്ന പ്രസിദ്ധ നോവലിലൂടെ വ്യാപക പ്രചാരം നേടി. ജഗദ്ദാത്രി, കാളി, ദുര്‍ഗ എന്നീ ദേവിമാരുടെ മൂന്നു മുഖങ്ങളാണ് നോവലിലൂടെ ചിത്രീകരിക്കപ്പെടുന്നത്.
1905-ല്‍ കാഴ്‌സണ്‍ പ്രഭുവിന്റെ കാലത്ത് ബംഗാള്‍ വിഭജിക്കപ്പെട്ട് കലുഷിതമായ കാലാവസ്ഥയിലാണ് കാവിവസ്ത്രമണിഞ്ഞ, കൈയില്‍ ജപമാലയും വേദവുമായി, പ്രശോഭിതമായ വദനത്തോടെയുള്ള ഭാരതമാതാവിനെ മഹാകവി രവീന്ദ്രനാഥ ടാഗോറിന്റെ അനന്തിരവന്‍ അഭനീന്ദ്രനാഥ് ടാഗോര്‍ വരച്ചുവെക്കുന്നത്.
വാസ്തവത്തില്‍ ദുര്‍ഗാദേവി ബംഗാളികളുടെ മാതാവാണ്. അരവിന്ദഘോഷാണ് ഭാരത മാതാ എന്ന സങ്കല്പത്തെ ദേശീയ വിമോചന പ്രസ്ഥാനത്തിന്റെ അമരത്ത് പ്രതിഷ്ഠിക്കുന്നത്. വന്ദേമാതരവും ഭാരത് മാതാ കീജയ് എന്ന മുദ്രാവാക്യവുമെല്ലാം പൊതുമണ്ഡലത്തില്‍ സജീവമാക്കിയതില്‍ അരബിന്ദോ ഘോഷ് നേതൃത്വം നല്കിയ അനുശീലന്‍ സമിതിക്കു വലിയ പങ്കുണ്ട്. അരബിന്ദോ ഘോഷിന്റെ ഭാരതമാതാ സങ്കല്പം അടിസ്ഥാനപരമായി മുസ്ലീം അപരവത്കരണത്തില്‍ അധിഷ്ഠിതമാണെന്ന് അദ്ദേഹത്തിന്റെ കൃതികളിലൂടെ കണ്ണോടിച്ചാല്‍ മനസ്സിലാവും. 1937-ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ‘ആനന്ദമഠ’ത്തില്‍ നിന്നെടുത്ത വന്ദേമാതരം ഇന്ത്യയുടെ ഔദ്യോഗികഗാനം ആക്കുന്നതായി പ്രമേയം കൊണ്ടുവരുന്നുവെന്നറിഞ്ഞു രവീന്ദ്ര നാഥടാഗോര്‍ അന്നത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ സുഭാഷ് ചന്ദ്രബോസിന് ഇങ്ങനെ എഴുതി ”വന്ദേമാതരത്തിന്റെ അന്തസത്ത ദുര്‍ഗാദേവിക്കുള്ള സ്തുതിയാണ്. ഇത് തികച്ചും വ്യക്തമാണ്. ഇക്കാര്യത്തില്‍ യാതൊരു സംശയവും ഇല്ല. പത്ത് കൈകളുള്ള ദുര്‍ഗാദേവിയുടെ രൂപത്തെ സ്വദേശമായി കണ്ട് ഏതെങ്കിലും മുസല്‍മാന്‍ ദേശഭക്തിയോടെ ആരാധിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിക്കരുത്. ആനന്ദമഠം എന്ന നോവല്‍ ഒരു സാഹിത്യ സൃഷ്ടിയാണ്. വന്ദേമാതരം എന്ന ഗാനം അതില്‍ ഉണ്ടാവുന്നത് ശരിതന്നെ. എന്നാല്‍ പാര്‍ലമെന്റ് എല്ലാ മതവിഭാഗങ്ങളും ഒരുമിക്കുന്ന ഇടമാണ്. അവിടത്തേക്ക് ഇത്തരമൊരു ഗാനം യോജ്യമല്ല.”
പിന്നീട്, വന്ദേമാതരം എന്ന ഗാനത്തിലെ മുസ്ലീം വിരുദ്ധഭാഗങ്ങള്‍ ഒഴിവാക്കിക്കൊണ്ട് കോണ്‍ഗ്രസ് പ്രമേയം പാസ്സാക്കിയപ്പോള്‍ അതിനെ ഹിന്ദുക്കളുടെ സംസ്‌കാരത്തെ കയ്യൊഴിയാന്‍ ആവശ്യപ്പെട്ടതായിട്ടാണ് അരബിന്ദോക്ക് തോന്നിയതെന്നു അദ്ദേഹത്തിന്റെ (India Rebirth) എന്ന പുസ്തകത്തില്‍ കാണാം.
എന്നാല്‍, ഇപ്പോള്‍ ഏറ്റവും ഒടുവില്‍ ബാബാരാംദേവ് ഭാരതമാതാ കീജയ് എന്ന് മുദ്രാവാക്യം ഏവരും വിളിക്കണം എന്ന തരത്തില്‍ നിയമനിര്‍മ്മാണം നടത്തണമെന്നും, ഭരണഘടന ഇല്ലായിരുന്നുവെങ്കില്‍ അത്തരത്തില്‍ മുദ്രവാക്യം വിളിക്കാന്‍ വിസമ്മതിക്കുന്നവരുടെ തല വെട്ടുമായിരുന്നു എന്നു പറഞ്ഞിരിക്കുന്നു. ജെ.എന്‍.യുവില്‍ കഴിഞ്ഞ ഫെബ്രുവരി ഒമ്പതിനു നടന്ന കാശ്മീരിന്റെ സ്വയംഭരണാവകാശം, അഫ്‌സല്‍ഗുരു, മഖ് ഭൂല്‍ഭട്ട് തുടങ്ങിയവരുടെ മേല്‍ നടപ്പാക്കിയ അനീതിപരമായ വധശിക്ഷ, ഇന്ത്യന്‍ ഭരണകൂടം കാശ്മീരിനോട് പുലര്‍ത്തുന്ന നയങ്ങള്‍ തുടങ്ങിയവയെ സംബന്ധിച്ചുമുള്ള ചര്‍ച്ചകള്‍, ദേശീയതയെ സംബന്ധിച്ചുള്ള ചര്‍ച്ചകളായി മാറിയ സമയത്ത് തന്നെയാണ് ഇത്തരമൊരു ആവശ്യം ഉയര്‍ന്നുവന്നത് എന്നത് യാദൃശ്ചികമല്ല.
ഈ മാസം പകുതിയിലാണ് മഹാരാഷ്ട്ര നിയമസഭ അസംബ്ലിയില്‍ നിന്ന് എം. എല്‍. എ ആയ വാരിസ് പത്താനെ ”ഭരത്മാതാ കീജയ്” എന്ന മുദ്രാവാക്യം വിളിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് സ്പീക്കര്‍ പുറത്താക്കുന്നത്. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിനു നന്ദി പ്രകാശിപ്പിച്ചുകൊണ്ടുള്ള ലെജിസ്ലേറ്റിലെ മറ്റൊരംഗം ഇതിയാസ് ജലീന്‍, ശിവജി അംബേദ്ക്കര്‍, ബാല്‍താക്കറെ തുടങ്ങിയ നേതാക്കള്‍ക്ക് കോടിക്കണക്കിനു രൂപ ചെലവിട്ട സ്മാരകം പണിയുന്നതിനെതിരെ ശക്തമായ വിമര്‍ശനം ഉന്നയിച്ചതായിരുന്നു പശ്ചാത്തലം. കടുത്ത വരള്‍ച്ചയില്‍ കടക്കെണിയില്‍ അകപ്പെട്ട് നൂറുകണക്കിന് കര്‍ഷകര്‍ ആത്മഹത്യചെയ്തുകൊണ്ടിരിക്കുന്നതിനിടയിലാണ് ഇമ്മട്ടില്‍ ഖജനാവിലെ പണം തുലക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയപ്പോഴാണ് ബി.ജെ.പി അംഗം രാംകദംവാരിസ് പത്താനുനേരെ തിരിഞ്ഞ് ദേശക്കൂറ് തെളിയിക്കാന്‍ ആവശ്യപ്പെടുന്നത്.
_______________________________ ”വന്ദേമാതരത്തിന്റെ അന്തസത്ത ദുര്‍ഗാദേവിക്കുള്ള സ്തുതിയാണ്. ഇത് തികച്ചും വ്യക്തമാണ്. ഇക്കാര്യത്തില്‍ യാതൊരു സംശയവും ഇല്ല. പത്ത് കൈകളുള്ള ദുര്‍ഗാദേവിയുടെ രൂപത്തെ സ്വദേശമായി കണ്ട് ഏതെങ്കിലും മുസല്‍മാന്‍ ദേശഭക്തിയോടെ ആരാധിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിക്കരുത്. ആനന്ദമഠം എന്ന നോവല്‍ ഒരു സാഹിത്യ സൃഷ്ടിയാണ്. വന്ദേമാതരം എന്ന ഗാനം അതില്‍ ഉണ്ടാവുന്നത് ശരിതന്നെ. എന്നാല്‍ പാര്‍ലമെന്റ് എല്ലാ മതവിഭാഗങ്ങളും ഒരുമിക്കുന്ന ഇടമാണ്.അവിടത്തേക്ക് ഇത്തരമൊരു ഗാനം യോജ്യമല്ല.” പിന്നീട്, വന്ദേമാതരം എന്ന ഗാനത്തിലെ മുസ്ലീം വിരുദ്ധഭാഗങ്ങള്‍ ഒഴിവാക്കിക്കൊണ്ട് കോണ്‍ഗ്രസ് പ്രമേയം പാസ്സാക്കിയപ്പോള്‍ അതിനെ ഹിന്ദുക്കളുടെ സംസ്‌കാരത്തെ കയ്യൊഴിയാന്‍ ആവശ്യപ്പെട്ടതായിട്ടാണ് അരബിന്ദോക്ക് തോന്നിയതെന്നു അദ്ദേഹത്തിന്റെ (India Rebirth) എന്ന പുസ്തകത്തില്‍ കാണാം. _______________________________
ലെജിസ്ല് അംഗങ്ങള്‍ ‘ഭാരതമാതാ കീജയ്’ വിളിക്കണമെന്ന് ഹിന്ദുത്വവാദികള്‍ ഭീഷണി മുഴക്കി നിര്‍ബന്ധിച്ച ഘട്ടത്തിലാണ് വാരിസ് പത്താന്‍ ദേശ സ്‌നേഹം പ്രകടിപ്പിക്കാന്‍ അതിന്റെ ആവശ്യമില്ലെന്ന് തുറന്നടിച്ചത്. പുറത്താക്കണം എന്ന ആവശ്യത്തിനെതിരെ ഭരണപക്ഷമായ ബി.ജെ.പിയെ കൂടാതെ കോണ്‍ഗ്രസ്സും എന്‍.സി. പിയുമടക്കം പിന്തുണച്ചു എന്നത് മതേതരമായ നമ്മുടെ ദേശീയത സങ്കല്‍പ്പത്തല്‍ സവര്‍ണ്ണ അടയാളങ്ങളും സങ്കല്‍പ്പങ്ങളും എത്രത്തോളം ആഴത്തില്‍ വേരോടിയിട്ടുണ്ട് എന്ന് വ്യക്തമാക്കുന്നു. എന്നാല്‍ അത്തരമൊരു തിരിച്ചറിവ് നമ്മുടെ മതേതര പാര്‍ട്ടികള്‍ക്ക് ഇല്ലാതെ പോകുന്നു. ജെ. എന്‍. യു വിവാദത്തെത്തുടര്‍ന്ന് ഉയര്‍ന്നുവന്ന ദേശീയതയെ പറ്റിയുള്ള സംവാദത്തിന്റെ ഒന്നാം ഘട്ടത്തില്‍ വിജയിച്ചത് തങ്ങളാണ് എന്ന് അരുണ്‍ ജെയ്റ്റിലി ബി.ജെ.പി. ഡല്‍ഹി സംസ്ഥാന നിര്‍വാഹക സമിതിയോഗത്തില്‍ പറയാനുണ്ടായ സാഹചര്യവും അതു തന്നെ.
മുന്‍പ് മാര്‍ച്ച് മാസം ആദ്യം ആര്‍. എസ്. എസ്. തലവന്‍ മോഹന്‍ ഭഗത് യുവാക്കളെ ഭരതമാതാ കീജയ് വിളിപ്പിച്ച് രാജ്യസ്‌നേഹം പഠിപ്പിക്കേണ്ടതിനെ പറ്റി പറഞ്ഞിരുന്നു. രണ്ടാഴ്ചക്കു ശേഷം തന്റെ കഴുത്തില്‍ കത്തി വച്ച ഭീഷണിപ്പെടുത്തിയാലും പ്രസ്തുത മുദ്രാവാക്യം വിളിക്കില്ലെന്ന അസദുദ്ദീന്‍ഉവൈസി പ്രതികരിച്ചതാണ് ദേശീയതലത്തില്‍ ഈ വിവാദം ചൂടുപിടിക്കാന്‍ കാരണമായത്. തുടര്‍ന്നാണ് മഹാരാഷ്ട്ര അസംബ്ലിയില്‍ മേല്‍ സൂചിത സംഭവം ഉണ്ടാവുന്നതും. എന്നാല്‍ ഉവൈസിയുടെ പ്രസ്താവനയ്ക്കു ശേഷം നടന്ന ബി.ജെ.പി ദേശീയ എക്‌സിക്യൂട്ടീവ് മീറ്റിംഗില്‍ പാസ്സാക്കിയ പ്രമേയം 1905-ല്‍ അരബിന്ദഘോഷ്; കെ. എം. മുന്‍ഷിക്ക് നല്‍കിയ മറുപടിക്ക് ഭരണഘടനാ സാധൂകരണം ഉണ്ട് എന്നതരത്തില്‍ ആയിരുന്നു. ”ഇന്ത്യ എന്നാല്‍ ഭാരതം” എന്നു ഭരണ ഘടനയുടെ ആര്‍ട്ടിക്കള്‍ ഒന്നില്‍ പറഞ്ഞിട്ടുള്ളതിനാല്‍ ഭാരതമാതാ കീജയ് എന്നു വിളിക്കാന്‍ വിസ്സമ്മതിക്കുന്നത് ഭരണഘടനയോടുള്ള ആനാദരം ആണെന്നാണ് പ്രമേയം പറയുന്നത്. എന്നാല്‍ ഭരണഘടനാപരമായ പ്രസ്തുത പ്രമേയം തെറ്റാണ് എന്ന് മുന്‍ സുപ്രീം കോടതി വിധികള്‍ സ്ഥാപിക്കുന്നുണ്ട്.
1986- ലെ ബിജോ ഇമ്മാനുവേല്‍ വേര്‍സ്സസ്സ് സ്റ്റേറ്റ് ഓഫ് കേരള കേസില്‍ ദേശീയ ഗാനം ചൊല്ലുന്ന തങ്ങളുടെ മതവിശ്വാസത്തിന് എതിരാണെന്നും അങ്ങനെ ചൊല്ലാതിരുന്നതിനെ തുടര്‍ന്ന് സ്‌കൂളില്‍ നിന്ന് തങ്ങളെ പുറത്താക്കിയ നടപടി റദ്ദ് ചെയ്യണം എന്നാവശ്യപ്പെട്ട് യഹോവ സാക്ഷി വിശ്വാസികളായ മൂന്ന് കുട്ടികളുടെ ഹര്‍ജി സുപ്രീം കോടതി പരിഗണിക്കുകയുണ്ടായി. കേസില്‍ വിധി പറഞ്ഞ ജഡ്ജി ജസ്റ്റീസ് ഓ. ചിന്നപ്പ റെഡ്ഡി ദേശിയഗാനം ആലപിക്കുമ്പോള്‍ കൂടെ ചൊല്ലണം എന്നില്ലെന്നും സംസാരിക്കാന്‍ അവകാശമുള്ളത് പോലെ മിണ്ടാതിരിക്കാനും അവകാശം ഉണ്ടെന്നും പ്രസ്താവിച്ചു. മതവിശ്വാസ പ്രകാരം ഒരാള്‍ക്ക് ദേശിയഗാനം ചൊല്ലുന്നതില്‍ വിയോജിപ്പ് ഉണ്ടെങ്കില്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 പ്രകാരം അതനുവദിച്ചു തരുന്നുണ്ടെന്നും വിധിയില്‍ പറയുന്നു. Prevention of Insults to national honour act 1971 പ്രകാരം ദേശീയ ഗാനം ചൊല്ലാതിരിക്കുന്നത് നിയമലംഘനം ആയി കണക്കാക്കാം എന്നിരിക്കെ പ്രസ്തുത വിധിപ്രകാരം ദേശീയഗാനം ആലപിക്കാതിരിക്കാനുള്ള അവകാശം ഭരണഘടന അനുവദിച്ച് തരുന്നു. ഭരണഘടനയിലോ മറ്റേതെങ്കിലും ആക്ടുകളിലോ പരാമര്‍ശിക്കപ്പെടാത്ത ഭാരതമാതാ കീജയ് എന്ന മുദ്രാവാക്യം വിളിക്കാതിരിക്കുന്നതിന് ജനങ്ങള്‍ തിരഞ്ഞെടുത്ത തങ്ങളുടെ പ്രതിനിധിയെ നിയമസഭയില്‍ നിന്ന് പുറത്താക്കിയ മഹാരാഷ്ട്ര അസംബ്ലി സ്പീക്കളുടെയും അത്തരം ആവശ്യം ഉന്നയിച്ച മറ്റെല്ലാ പാര്‍ട്ടികളിലെയും എം. എല്‍. എ. മാരുടെയും നടപടി ഭരണഘടനയുടെ നഗ്നമായ ലംഘനമാണ്.
ഏക ദൈവത്തില്‍ അടിയുറച്ച് വിശ്വസിക്കുന്ന ഇസ്ലാം മതവിശ്വാസികളെ സംബന്ധിച്ചിടത്തോളം മണ്ണിനേയോ ഭൂവിഭാഗത്തെയോ പ്രകൃതിയെയോ മാതാവായോ ദൈവമായോ ഒരു നിലക്കും സങ്കല്പിക്കുവാന്‍ കഴിയില്ല. എല്ലാം പ്രപഞ്ച നായകന്റെ നശ്വരമായ സൃഷ്ടികളാണെന്ന ഉയര്‍ന്ന ചിന്തയാണ് ഏക ദൈവ വിശ്വാസത്തെ അചഞ്ചലമായി നിര്‍ത്തുന്നത്. ആ നിലയില്‍ ഭാരതമാതാ കീജയ് എന്നതിനു പകരം ഹിന്ദുസ്ഥാന്‍ സിന്ദാബാദ് എന്നോ ജയ്ഹിന്ദ് എന്നോ പറയാന്‍ തയ്യാറാണ് എന്നും താന്‍ എന്ത് പറയണം എന്ന് മറ്റുള്ളവര്‍ തന്റെ വായില്‍ തിരുകുന്നത് അംഗീകരിക്കാന്‍ ആവില്ലെന്നും നിയമസഭയില്‍ നിന്ന് പുറത്താക്കിയ ശേഷം വാരിസ് പത്താന്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയുണ്ടായി. അത്തരത്തില്‍ ഏതെങ്കിലും മുദ്രാവാക്യങ്ങള്‍ മുഴക്കാതിരിക്കാനും നിലവിളക്ക് കൊളുത്താതിരിക്കാനുമെല്ലാമുള്ള അവകാശത്തെ മാനിക്കാന്‍ കഴിയാത്ത വിധം സവര്‍ണ്ണ അധീശത്വം നമ്മുടെ മതേതര ദേശീയ സങ്കല്‍പ്പത്തില്‍ വന്നു കഴിഞ്ഞുവെന്ന് നാള്‍ക്ക് നാള്‍ വ്യക്തമാവുന്നു.
നമ്മുടെ മതേതര ദേശീയ സങ്കല്‍പ്പത്തില്‍ മാത്രമല്ല, ഭരണഘടനയില്‍ തന്നെ വ്യക്തമായ ഹിന്ദു ചായ്‌വ് ഉണ്ടെന്ന് ഓക്‌സ് ഫോര്‍ഡ് ബ്രൂക്‌സ് യൂണിവേഴ്‌സിറ്റിയില്‍ അധ്യാപകനായ ഡോക്ടര്‍ പ്രീതം സിംഗ് തന്റെ Hindu Bias in India’s Secular Constitution: Probing flaws in the instruments of governance എന്ന തലക്കെട്ടില്‍ എഴുതിയ പേപ്പറില്‍ പറയുന്നുണ്ട്.
ബി. ജെ.പി ഇപ്പോള്‍ പാസ്സാക്കിയ പ്രമേയവും ബാബ രാംദേവിന്റെ ആവശ്യവുമെല്ലാം എത്തരത്തിലുള്ള ഒരു രാജ്യം ആണ് തങ്ങള്‍ വിഭാവനം ചെയ്യുന്നത് എന്നതിന്റെ വ്യക്തമായ ഉദാഹരണമാണ്.
സംഘപരിവാരം മുന്നോട്ടുവെയ്ക്കുന്ന ഏകാത്മകമായ സാംസ്‌കാരിക ഹിന്ദുത്വദേശീയത തന്നെയാണ് കോണ്‍ഗ്രസ് അടക്കമുള്ള മറ്റു മതേതര പാര്‍ട്ടികളും ഉള്ളില്‍ പേറിനടക്കുന്നത് എന്ന മഹാരാഷ്ട്ര നിയമസഭയില്‍ നടന്ന സംഭവങ്ങള്‍ തെളിയിക്കുന്നു. ജെ. എന്‍. യു വിവാദത്തെത്തുടര്‍ന്നുണ്ടായ ദേശീയതയെ സംബന്ധിച്ചുള്ള ചര്‍ച്ചകളില്‍ ഞങ്ങളാണ് നിങ്ങളെക്കാള്‍ ദേശഭക്തര്‍ എന്ന വിധത്തില്‍ മാപ്പ് സാക്ഷിത്വമനോഭാവത്തോടെ പ്രതികരിച്ച ജെ. എന്‍. യു വിനകത്തും പുറത്തുമുള്ള പാര്‍ട്ടികളിലും സമാനമായ തരത്തില്‍ സാംസ്‌കാരിക ഹിന്ദുദേശീയതയുടെ സ്വാധീനം കാണാം. അത്തരമൊരു സ്വാധീനം ഉള്ളത് കൊണ്ട് തന്നെയാണ് ജെ. എന്‍.യുവില്‍ പാര്‍ട്ടിഭേദമന്യേ ഹോളി ഔദ്യോഗിക പരിവേഷത്തോടെ ആഘോഷിക്കപ്പെടുന്നതും, ഇങ്ങ് കേരളത്തില്‍ സി.പി. ഐ എം. ശ്രീകൃഷ്ണ ജയന്തിക്ക് റാലി നടത്താന്‍ നേതൃത്വം കൊടുക്കാനും കാരണം. നിലനില്‍ക്കുന്ന അധീശത്വപരമായ ഹൈന്ദവദേശീയ വ്യവഹാരങ്ങളെ ചോദ്യം ചെയ്യാനാകും വിധത്തിലുള്ള പ്രത്യയശാസ്ത്ര അടിത്തറ ഇപ്പോള്‍ ഇന്ത്യയിലെ ഏത് ബി.ജെ.പി ഇതര പാര്‍ട്ടിക്കാണ് ഉള്ളത് എന്ന് ഒരു ബില്യന്‍ ഡോളര്‍ ചോദ്യമാണ്. നാനാത്വത്തില്‍ ഏകത്വം മുന്നോട്ടു വെച്ച നെഹ്രുവിയന്‍/ഗാന്ധിയന്‍ ദേശീയതയ്ക്ക് അധീശ വ്യവഹാരങ്ങളെ ചോദ്യം ചെയ്യാനുള്ള ശേഷിയില്ലെന്ന് മാത്രമല്ല വിവിധ ദേശീയതകള്‍ നിലവിലുള്ള ഇന്ത്യപോലുള്ള രാജ്യത്ത് അധീശത്വപരമായ ഏകാത്മക ദേശീയതയ്ക്ക് വെള്ളവും വളവും നല്‍കാനേ നെഹ്രൂവിയന്‍ ദേശീയധാരയ്ക്ക് കഴിയുന്നുവെന്ന് മഹാരാഷ്ട്ര അസംബ്ലിയിലെ സംഭവം വ്യക്തമാക്കുന്നു. പശുവിനെ രാഷ്ട്രീയ മാതാവായി ബി.ജെ.പി പ്രഖ്യാപിച്ചാല്‍ അതിനെ പിന്തുണക്കും എന്ന് ഗുജറാത്ത് നിയമസഭാ അസംബ്ലിയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ ശങ്കര്‍ സിംഗ് വഗേല പറഞ്ഞത് ഇതിനോട് കൂട്ടി ചേര്‍ത്ത് വായിക്കേണ്ട സംഗതിയാണ്. നെഹ്രുവിയന്‍ ദേശീയതയുടെ വക്താക്കളായി നിലകൊള്ളുന്ന ഇടത് പാര്‍ട്ടികളും സംഘപരിവാര്‍ സാംസ്‌കാരിക ദേശീയതയുടെതായ അധീശവ്യവഹാരങ്ങളെ ചോദ്യം ചെയ്യാന്‍ തയ്യാറായി കണ്ടിട്ടില്ല.
അതേസമയം, അത്തരം അതീശവ്യവഹാരങ്ങളെ ചോദ്യം ചെയ്യുന്നു എന്നതാണ് രോഹിത് വേമൂല മൂന്നോട്ടു വച്ച രാഷ്ട്രീയത്തിന്റെ പ്രസക്തി. അതുകൊണ്ട് തന്നെയാണ് ഹൈദരബാദ് യൂണിവേഴ്‌സിറ്റിയെ ഭരണകൂടം നോട്ടമിടുകയും വിദ്യാര്‍ത്ഥികളെ വേട്ടയാടാനും കാരണം. സ്വാമി ദയാനന്ദസരസ്വതിയിലൂടെയും വിവേകാനന്ദന്റെയും ആശയങ്ങളില്‍ നിന്ന് രൂപം കൊണ്ട അരബിന്ദ് ഘോഷും സവര്‍ക്കറുമടക്കമുള്ളവര്‍ മുന്നോട്ടു വെച്ച ഭാരത് മാതാ സങ്കല്‍പ്പത്തിലധിഷ്ഠിതമായ ഏകാത്മക ദേശീയതയ്ക്ക് പകരം ”വൈവിദ്ധ്യങ്ങളുടെ സഹവര്‍ത്തിത്വത്തെ”പറ്റിപറയുന്ന; ദേശത്തെക്കാളുപരി ദേശികളെ പ്രധാനമായി കാണുന്ന ഒരു ദേശീയ സങ്കല്‍പ്പം മുന്നോട്ടുവയ്ക്കുന്നതിലൂടെ മാത്രമേ ഇപ്പോള്‍ നിലവിലുള്ള അധീശദേശീയതാ വ്യവഹാരങ്ങളെ മറികടക്കാന്‍ കഴിയൂ. __________________________________________
1. Third world Quanterly, Vol.26, NO .6 (2005).
2. http://kafila.org/2006/03/01/left hinduta -and indian nationalism -pritam- singh/
3. hindutva-the idea if hindhu nationalism -jyothiranaya sharam **********************
(ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷന്‍, ന്യൂഡല്‍ഹി)