ഷിബിലിയുടെയും ഷാദുലിയുടെയും അന്യായത്തടവിന് പതിനൊന്ന് വര്‍ഷം: പിതാവ് അബ്ദുല്‍ കരീം സംസാരിക്കുന്നു

സംഘപരിവാർ ഗവൺമെന്റ് നിരോധിക്കുന്നതിനു മുമ്പ് സിമിയെന്ന സംഘടനയിൽ‍ പ്രവർത്തിച്ചതിന്റെ പേരിൽ‍ പാനായിക്കുളം ഉൾപ്പെടെയുള്ള കേസുകളിൽപെടുത്തി ഈരാറ്റുപേട്ടയിലെ ഷിബിലി, ഷാദുലി എന്നീ രണ്ടു യുവാക്കളെ പൊലീസ് ജയിലിൽ‍ അടച്ചിട്ട് ഈ മാസം 26ന് 11 വർഷം തികയുന്നു. ഇവരോടൊപ്പം മരുമകൻ‍ റാസിഖിനേയും പാനായിക്കുളം കേസിൽ‍ ജയിലിൽ‍ അടച്ചിട്ട് മൂന്നു വർഷമാകുന്നു. കേസിൽ‍ ഭരണകൂടവും പൊലീസും എൻ.ഐ.എയും നടത്തിയ ഗൂഢമായ ഇടപെടലുകളേയും പീഡനങ്ങളേയും ഹിന്ദുത്വ തൽപര്യങ്ങളേയും കുറിച്ച് ഷിബിലിയുടെയും ഷാദുലിയുടെയും പിതാവ് അബ്ദുൽ‍ കരീം ഉത്തരക്കാലത്തിനുവേണ്ടി ഷിയാസ് ബിൻ ഫരീദുമായി സംസാരിക്കുന്നു.

ഷിബിലിയേയും ഷാദുലിയേയും പൊലീസ് കള്ളക്കേസ് ചുമത്തി അറസ്റ്റ് ചെയ്തിട്ട് 11 വർഷം ആയല്ലോ. അന്നത്തെ സംഭവങ്ങൾ‍ ഒന്ന് ഓർത്തെടുക്കാമോ?

അബ്ദുൽ കരീം

അന്ന് മധ്യപ്രദേശിലെ ഇൻഡോറിനടുത്തുള്ള ധാർ‍ എന്ന സ്ഥലത്തു നിന്നാണ് അവരെ അറസ്റ്റ് ചെയ്യുന്നത്. 2006ൽ‍ മുംബൈയിൽ‍ നടന്ന ഒരു ട്രെയിൻ ബോംബ് സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് പ്രതി ചേർക്കപ്പെട്ടതിനെ തുടർന്നു മാറിനിൽക്കുകയായിരുന്നു ഷിബിലി. അവിടെ അവനൊരു ജോലിയുമുണ്ടായിരുന്നു. ഒരിക്കൽ‍ ഷിബിലിയുടെ അടുത്തേക്ക് അനുജൻ‍ ഷാദുലി പോയി. ആലുവയിൽ‍ നിന്നുള്ള അൻസാറിനേയും കൂട്ടിയാണ് പോയത്. മധ്യപ്രദേശ് പൊലീസ് അന്വേഷിച്ചു നടന്ന സഫ്ദർ‍ നാഗോരി എന്നൊരാൾ‍ അവിടെ ഇവർക്കൊപ്പമുണ്ടായിരുന്നു. അയാളെ തിരഞ്ഞെത്തിയ പൊലീസ് ഇവരേയും കൂടി അറസ്റ്റ് ചെയ്യുകയായിരുന്നു. ‘സിമി എന്ന നിരോധിത സംഘടനയിൽ‍ പ്രവർത്തിച്ചു’ എന്നതായിരുന്നു കേസ്. അവിടെ നിന്ന് ഇൻഡോർ‍ സെൻട്രൽ‍ ജയിലിലേക്കു കൊണ്ടുപോയി.

ജോലി ആവശ്യാർഥമാണ് ഷിബിലി അന്നു മുംബൈയിൽ‍ പോയത്. സ്‌ഫോടനക്കേസിൽ‍ പങ്കുണ്ടെന്നാരോപിച്ച് കൂട്ടുകാരായ സിമി പ്രവർത്തകരെയാണ് അന്ന് അറസ്റ്റ് ചെയ്തത്. അവരുടെ ഫോണിൽ‍ നിന്ന് ഷിബിലിയുടെ ഫോൺ‍ നമ്പർ‍ കിട്ടി. ഫോൺ‍ ലൊക്കേഷൻ‍ നോക്കുമ്പോൾ‍ അവൻ‍ അന്ന് ബോംബെയിൽ‍ ഉണ്ടെന്നു മനസ്സിലാവുമല്ലോ. അപ്പോൾ‍ എങ്ങനെയാണ് മറ്റുള്ളവർക്കൊപ്പം ഷിബിലിയേയും പ്രതി ചേർക്കുന്നത്? ഷാദുലിയെ പാനായിക്കുളം കേസിൽ‍ അറസ്റ്റ് ചെയ്ത് ജാമ്യം ലഭിച്ച ശേഷമായിരുന്നു ഇൻഡോറിൽ‍ നിന്നുള്ള അടുത്ത അറസ്റ്റ്.

തുടർന്ന് ഇതുവരെ പൊലീസും ഭരണകൂടവും അവരോടു ചെയ്ത നീതി നിഷേധത്തെ കുറിച്ച്?

ഭീകരമായിട്ടായിരുന്നു ചോദ്യം ചെയ്യലൊക്കെ. ഒരുപാട് ഉപദ്രവിച്ചിട്ടുണ്ട്. കുറേ ദിവസം ഉറങ്ങാന്‍ അനുവദിക്കാതെ പട്ടിണിക്കിട്ടു. തെളിവുണ്ടാക്കാനായി പൊലീസ് നടത്തിയ ഇടപെടലുകളൊക്കെ ദൈനിക് ഭാസ്‌കർ‍ എന്ന പത്രത്തിൽ‍ വന്നതാണ്. പൊലീസുകാർ‍ തന്നെ ഒരു കാട്ടിൽ‍ ആയുധങ്ങൾ‍ കുഴിച്ചിട്ട് ഇവരെക്കൊണ്ടുപോയി എടുപ്പിച്ചു. അങ്ങനെ ആയുധക്കേസും കൂടി അവരുടെ തലയിൽ‍ ചാർത്തി. ഇത്തരത്തിൽ‍ കൃത്രിമ തെളിവുണ്ടാക്കിയാണ് പൊലീസ് കേസ് കെട്ടിച്ചമച്ചത്. രാജ്യത്തിനെതിരെ ജിഹാദ് ചെയ്യാൻ‍ പ്രേരിപ്പിക്കുന്നു, അതിനായി ആയുധ പരിശീലനം നടത്തുന്നു എന്നു വരുത്തിത്തീർക്കാനായിരുന്നു ഈ കൃത്രിമ തെളിവുണ്ടാക്കൽ. അവിടുത്തെ ക്രൈംബ്രാഞ്ചാണ് കേസെടുത്തതും അറസ്റ്റ് ചെയ്തതും തുടർന്ന് ഇതൊക്കെ ചെയ്തതും.

ഇൻഡോറിൽ‍ നിന്ന് അറസ്റ്റ് ചെയ്ത ഇവരെ മുംബൈയിലെ കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തലവനായ (എ.ടി.എസ്) ഹേമന്ത് കർക്കരയും സംഘവും അവിടേക്കു കൊണ്ടുപോയി. ഒരു മാസത്തോളം അവരുടെ കസ്റ്റഡിയിൽ‍ വെച്ച് ചോദ്യം ചെയ്തു. എല്ലാ വിധത്തിലുമുള്ള ശാസ്ത്രീയമായ ചോദ്യം ചെയ്യലായിരുന്നു അത്. തുടർന്ന് ആ കേസിൽ‍ പങ്കില്ലെന്നു വ്യക്തമായതോടെ കുറ്റവിമുക്തരാക്കി തിരിച്ച് സിമി കേസുമായി ബന്ധപ്പെട്ട് ഇൻഡോർ‍ ജയിലിൽ‍ കൊണ്ടുവന്നു. അതായത് മുംബൈയിലെ സ്‌ഫോടന കേസിൽ‍ ഇവർ‍ നിരപരാധികളാണെന്നു തെളിഞ്ഞു. മധ്യപ്രദേശിൽ‍ അന്നു ബി.ജെ.പിയായിരുന്നു ഭരിച്ചിരുന്നത്. സംസ്ഥാന സർക്കാരിന്റെ താൽപര്യമാണ് ഇതിനു പിന്നിലെന്നാണു കരുതുന്നത്.

അവരുടെ അറസ്റ്റിനു പിന്നിലെ ഭരണകൂട താൽപര്യം എന്താണെന്നാണു തോന്നുന്നത്?

ഭരണകൂടത്തിന്റെ താൽപര്യം വ്യക്തമാണല്ലോ. വിദ്യാസമ്പന്നരായ മുസ്‌ലിം യുവാക്കളെ കള്ളക്കേസിൽ‍ കുടുക്കുക എന്നത് അവരുടെ ഒരു നയമായിട്ടാണല്ലോ കാണേണ്ടത്. ബോംബെയിലെ കേസും ഇൻഡോറിലെ കേസുമൊക്കെ അതിന്റെ ഭാഗമായാണ് ഉണ്ടായത്. സിമി നിരോധിക്കുന്നതുവരെ അതിലെ പ്രവർത്തകർക്കെതിരെ യാതൊരു കേസുമില്ല. അപ്പോൾ‍ നിരോധനം ശാശ്വതമാക്കണമെങ്കിൽ‍ കുറെ കേസുകൾ‍ സിമിയുടെ പേരിൽ‍ ഉണ്ടാക്കിയേ പറ്റൂ. അതു ഭരണകൂടത്തിന്റെ താൽപര്യമാണ്. മുന്‍പ് ബി.ജെ.പി സർക്കാരാണ് സിമിയെ നിരോധിക്കുന്നത്. ഈ അറസ്റ്റുകളൊക്കെ നടക്കുമ്പോൾ, നിരോധനം പിൻവലിക്കണം എന്നാവശ്യപ്പെട്ട് സിമി സമർപ്പിച്ച ഹരജിയിന്മേൽ‍ കോടതിയിൽ‍ കേസ് നടക്കുകയാണ്. രണ്ടു വർഷത്തേക്കാണ് ആദ്യം നിരോധിച്ചത്. അതു കഴിയുമ്പോൾ‍ അടുത്ത രണ്ടു വർഷത്തേക്കു നിരോധനം പുതുക്കേണ്ടത് ഭരണകൂടത്തിന്റെ ആവശ്യമായിരുന്നു. എന്നാൽ‍ പുതുക്കരുത്, നിരോധനം പിൻവലിക്കണം എന്നാവശ്യപ്പെട്ട് സിമി കേസിനു പോകും. ഓരോ രണ്ടു വർഷം കൂടുന്തോറും ട്രിബ്യൂണലിൽ‍ നിരോധനത്തിനെതിരെ ഹരജി വരുമ്പോൾ‍ ഇന്ത്യയുടെ പല ഭാഗത്തും പല കേസുകളിലും പെടുത്തി അറസ്‌റ്റോ അല്ലെങ്കിൽ‍ പുതിയ സ്‌ഫോടനങ്ങളോ ഒക്കെ നടക്കും. എന്നിട്ട് ഇതൊക്കെ സിമി ചെയ്തതാണ്, സിമിയുടെ പ്രവർത്തകരാണ് അതിലെല്ലാം അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്, അതുകൊണ്ട് നിരോധനം പിൻവലിക്കേണ്ടതില്ല എന്ന് ആവശ്യപ്പെടുകയാണ് പതിവ്. അതിനുള്ള തെളിവുകൾ‍ ഉണ്ടാക്കുക എന്നുള്ള ഒരു ഗൂഡാലോചനയും ഇതിനു പിന്നിലുണ്ട്.

വിദ്യാസമ്പന്നരും ഉയർന്ന ജോലിക്കാരുമായ മുസ്‌ലിം ചെറുപ്പക്കാരെ ഭരണകൂടം ഇത്തരത്തിൽ‍ വേട്ടയാടുന്നതിനെ കുറിച്ച്?

അന്നു തന്നെ ഷിബിലിക്ക് 60000 – 70000 രൂപ ശമ്പളമുണ്ടായിരുന്നു. ഇവരുടെ കൂട്ടുകാരായ രണ്ടു പേരെ കർണാടകയിൽ‍ നിന്നും പിടിച്ചു. അവർ ഡോക്ടർമാരായിരുന്നു. ഈ പിടിക്കപ്പെട്ടവർ‍ എല്ലാവരും തന്നെ ഡോക്ടർമാരും എഞ്ചിനീയർമാരുമൊക്കെയായിരുന്നു. ഇത്തരത്തിൽ‍ വിദ്യാസമ്പന്നരായവരെ പിടികൂടിക്കഴിയുമ്പോൾ‍ മറ്റു മുസ്‌ലിം ചെറുപ്പക്കാർക്കു വിദ്യാഭ്യാസത്തോട് ഒരു വിമുഖത ഉണ്ടാവുമെന്നും പഠിച്ചിട്ട് കാര്യമില്ലെന്നു തോന്നുമെന്നുമൊക്കെ ഇവർ‍ കരുതുന്നുണ്ടാവും. വിദ്യാസമ്പന്നരായ മുസ്‌ലിം യുവാക്കളൊക്കെ ഇങ്ങനെയുള്ളവരാണെന്നും അതിനാൽ‍ അവർക്കു വിദ്യാഭ്യാസമോ ജോലിയോ കൊടുക്കരുതെന്നൊക്കെ കമ്പനികളെ തോന്നിപ്പിക്കുക എന്നതും ഇവരുടെ മറ്റൊരു ലക്ഷ്യമാണ്. അതിന്റെ അനുഭവം ഞങ്ങളുടെ കുടുംബത്തിൽ‍ തന്നെയുണ്ടായി. എന്റെ മകൾക്ക് ഒരു അമേരിക്കൻ‍ കമ്പനിയിൽ‍ ജോലിയുണ്ടായിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് അതു നഷ്ടമായി. മുസ്‌ലിം ചെറുപ്പക്കാർക്കു ജോലി കൊടുക്കാൻ‍ കമ്പനികൾ‍ മടിക്കുന്നു എന്നൊരു വസ്തുത ഇപ്പോൾ നിലനിൽക്കുന്നുണ്ട്. ഇങ്ങനൊരു സാഹചര്യം സൃഷ്ടിച്ചെടുക്കുക എന്നൊരു താൽപര്യം കൂടി ഇതിനു പിന്നിലുണ്ടെന്നാണു ഞാൻ‍ മനസ്സിലാക്കുന്നത്.

ഹിന്ദുത്വശക്തികൾക്കു ഭരണകൂടങ്ങളെ സ്വാധീനിക്കാൻ‍ കഴിഞ്ഞിരിക്കുന്നു. അവരുടെ സ്വാധീനമാണ് ഇതിനെല്ലാം പിന്നിലുള്ളത് എന്നാണു മനസ്സിലാവുന്നത്. അന്വേഷണ ഏജന്‍സികളെയും നിയമസംവിധാനങ്ങളേയും ഒക്കെ സ്വാധീനിക്കാൻ‍ ഹിന്ദുത്വ ശക്തികൾക്കു കഴിഞ്ഞിട്ടുണ്ട്. അത് മോദി സർക്കാർ‍ വന്നപ്പോൾ‍ തുടങ്ങിയതൊന്നുമല്ല. നാളുകളായി നടക്കുന്ന അവരുടെ ശ്രമം ഇപ്പോൾ‍ ഏതാണ്ട് അതിന്റെ പൂർണതയിലേക്ക് അടുക്കുന്ന അവസ്ഥയിലേക്കു വന്നുനിൽക്കുന്നു.

മക്കൾ‍ ജയിലിലായതിന്റെ നീറ്റലുകൾ‍ നിലനിൽക്കെ തന്നെയാണ് പാനായിക്കുളം കേസിൽ‍ മരുമകൻ‍ റാസിഖിനേയും മകൻ‍ ഷാദുലിയേയും ശിക്ഷിക്കുന്നത്. ഈ മൂന്നു പേരുടേയും തടവ് കുടുംബത്തെ ഏതു രീതിയിലാണ് ബാധിച്ചത്?

കുടുംബത്തെ എല്ലാ തരത്തിലും ബാധിച്ചിട്ടുണ്ട്. സ്വാഭാവികമായിട്ടും ഒരു കുടുംബത്തിന്റെ ആശ്രയം എന്നൊക്കെ പറയുന്നത് ഇവരൊക്കെത്തന്നെയല്ലേ. രണ്ടു മക്കളും എഞ്ചിനീയർമാരാണ്. മരുമകനും എം.എ, ബി.എഡും ജേര്‍ണലിസത്തിൽ‍ മാസ്റ്റർ‍ ഡിഗ്രിയും ഉള്ളയാളാണ്. ഭൗതികമായിട്ടൊരു പ്രതീക്ഷ ഉണ്ടല്ലോ. അത് ഇതിലൂടെ നഷ്ടമാകുന്നു എന്നതാണു പ്രശ്‌നം. ഇളയകുഞ്ഞ് ജനിച്ച് രണ്ടാഴ്ച മാത്രം ആയപ്പോഴാണ് ഷിബിലിയുടെ അറസ്റ്റ് നടക്കുന്നത്. മൂത്ത കുട്ടി ഈയടുത്ത് ഖുർആൻ‍ മനഃപാഠം പൂർത്തിയാക്കിയിരുന്നു. ഷാദുലിയുടെ വിവാഹം കഴിഞ്ഞിട്ടില്ല.

പാനായിക്കുളം കേസിനു പിന്നിലെ എൻ.ഐ.എയുടെ ഇടപെടലുകളും താൽപര്യങ്ങളും എങ്ങനെയായിരുന്നു?

അവരുടെ ഇടപെടൽ‍ വളരെ വ്യക്തമാണ്. അവരെ എങ്ങനെയെങ്കിലും ശിക്ഷിക്കണം എന്നുള്ള ഒരു വൈരാഗ്യബുദ്ധിയോടെയും മുൻവിധിയോടെയുമാണ് അവർ‍ ഈ കേസിനെ സമീപിച്ചത്. ഇവരെ ശിക്ഷിച്ചേ അടങ്ങൂ എന്നുള്ള ഒരു വാശിയിലായിരുന്നു അവർ. എന്നാൽ‍ അതിനായി നോക്കിയപ്പോൾ‍ അവർക്കു വേണ്ട തെളിവുകളൊന്നും കിട്ടിയില്ല. അതോടെ, മാപ്പുസാക്ഷിയെ ഉണ്ടാക്കി. ഇത് എൻ.ഐ.എയുടെ സ്ഥിരം സ്വഭാവമാണ്. ഇപ്പോൾ‍ പുതിയൊരു കേസിലും എൻ.ഐ.എ മാപ്പുസാക്ഷിയെ ഉണ്ടാക്കിയതായി പത്രത്തിൽ‍ കണ്ടിരുന്നു. അവർക്കു തെളിവൊന്നും കിട്ടില്ല. അപ്പോൾ‍ പ്രതികളാക്കിയവരുടെ കൂട്ടത്തിൽ‍ ഒരാളെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും മാപ്പുസാക്ഷിയാക്കും. ഞങ്ങൾ‍ പറയുന്നതു പോലെ ചെയ്താൽ‍ നിങ്ങളെ കേസിൽ‍ നിന്ന് രക്ഷപെടുത്താം, അല്ലെങ്കിൽ‍ സൂര്യപ്രകാശം കാണില്ല എന്നാണ് ഭീഷണി. ഇതിലേതു വേണമെന്നു ചോദിക്കും. ഇവരുടെ കൂട്ടത്തിലുള്ള പലരോടും ഈ ചോദ്യം ചോദിച്ചിരുന്നു. എന്നാൽ‍ അതിനു സമ്മതിച്ച് മാപ്പുസാക്ഷിയാകാൻ‍ തയ്യാറായത് റഷീദ് മൗലവി എന്നയാളാണ്.

അയാളും ഈ പരിപാടിയിൽ‍ പങ്കെടുത്തയാളാണ്. സിമിയുടേതു രഹസ്യയോഗം ആയിരുന്നെങ്കിൽ‍ മുജാഹിദുകാരനായ റഷീദ് മൗലവി പങ്കെടുക്കില്ലല്ലോ. അയാൾ‍ അവിടുത്തെ പള്ളി ഇമാമുമായിരുന്നു. നാട്ടുകാരെ വിളിച്ചുകൂട്ടി പാനായിക്കുളത്തെ തിരക്കേറിയ കവലയിലെ ഹാപ്പി ഓഡിറ്റോറിയത്തിൽ‍ വച്ചായിരുന്നു പരിപാടി. സ്വാതന്ത്ര്യസമരത്തിൽ‍ മുസ്‌ലിംങ്ങളുടെ പങ്ക് എന്നതായിരുന്നു വിഷയം. നാട്ടുകാർക്കൊപ്പം അയാളും പങ്കെടുത്തു. എന്നാൽ‍ പിന്നീട് എൻ.ഐ.എയുടെ തന്ത്രങ്ങളിൽ‍ അയാൾ‍ വീഴുകയായിരുന്നു. തീർത്തും അടിസ്ഥാന രഹിതമായ കുറേ സാക്ഷിമൊഴികളാണ് അയാൾ‍ അവിടെ കൊടുത്തത്. പരിപാടിയുമായി യാതൊരു ബന്ധവുമില്ലാത്ത കുറേ മൊഴികൾ. അങ്ങനെയാണ് ഇവരെ കുടുക്കുന്നത്. മാപ്പുസാക്ഷിയായതോടെ അയാളെ വെറുതെവിട്ടു. കോടതിയിലും അയാൾ‍ എൻ.ഐ.എ പറഞ്ഞു കൊടുത്തതു പോലെ തന്നെ പറഞ്ഞു. എൻ.ഐ.എയെ പേടിച്ചിട്ടാണ് അയാൾ‍ അതു ചെയ്തതെന്നാണു കരുതുന്നത്.

എന്നാൽ‍ ഹിന്ദുത്വ ശക്തികൾ‍ പ്രതികളാകുന്ന കേസിൽ‍ സാക്ഷികളെ പോലും വിസ്തരിക്കാതെയാണ് പ്രതികളെ വെറുതെവിടുന്നത്. സംഝോത എക്‌സ്പ്രസ്, മലേഗാവ് സ്‌ഫോടന കേസിലൊക്കെ പ്രതികളെയെല്ലാം വെറുതെ വിടാനുള്ള നീക്കം എൻ.ഐ.എ തന്നെയാണു നടത്തിയത്. അതിലെല്ലാം ആർ.എസ്.എസ് സംഘപരിവാറുകാരായ സന്ന്യാസിമാരായിരുന്നു പ്രതികൾ. ആർ‍.എസ്.എസുകാര്‍ പ്രതികളാവുന്ന കേസുകളിൽ‍ അവരെ രക്ഷിക്കാൻ‍ ശ്രമിക്കുന്ന എൻ.ഐ.എ മുസ്‌ലിംകൾ‍ പ്രതികളാകുന്നയിടത്ത് കള്ളസാക്ഷിയും കള്ളത്തെളിവും ഉണ്ടാക്കി ശിക്ഷിക്കാനുള്ള കളികളാണു നടത്തുന്നത്. അവരുടെ പ്രവർത്തനം കാണുമ്പോൾ‍ ആർ‍.എസ്.എസിന്റെ ബി ടീം ആണെന്ന് തോന്നാറുണ്ട്.

മൂന്നാൾക്കും ഇതുവരെ ലഭിച്ച പരോളിനെ കുറിച്ച്. എപ്പോഴൊക്കെയാണ്? എത്ര സമയം വീതം?

ഷിബിലിക്ക് ഇത്രയും കാലത്തിനിടെ രണ്ടു തവണ മാത്രമാണു പരോൾ‍ ലഭിച്ചത്. രണ്ടു വർഷം മുന്‍പു മകളുടെ ഒരു ഓപ്പറേഷനോടനുബന്ധിച്ചായിരുന്നു ഇത്. ഒരു മാസത്തിനുള്ളിൽ‍ മൂന്നു മണിക്കൂർ‍ വീതം രണ്ടു തവണ. മൂന്നു വർഷം മുന്‍പ് എന്റെ ജ്യേഷ്ഠൻ‍ മരിച്ചപ്പോഴാണ് ഷാദുലിക്ക് പരോൾ‍ ലഭിച്ചത്. ഇത്രയും വർഷത്തിനിടെ ആകെ ഒരു തവണ. അതും വീട്ടിലേക്കു വരാൻ‍ സാധിച്ചില്ല. മരിച്ച വീട്ടിലേക്കാണു പൊലീസ് കൊണ്ടുപോയത്. റാസിഖിനു നാലഞ്ചു തവണ പരോൾ‍ ലഭിച്ചിട്ടുണ്ട്.

ഈ വിഷയത്തിൽ‍ നാട്ടുകാരുടെ പിന്തുണ എത്രത്തോളമുണ്ട്? 22ന് ഒരു പരിപാടി നടക്കുന്നുണ്ടല്ലോ?

നാട്ടുകാരുടെ നല്ല പിന്തുണയുണ്ട്. അവർ‍ പ്രാർഥിക്കുന്നുണ്ട്. നല്ലതിനു വേണ്ടി ആഗ്രഹിക്കുന്നുണ്ട്. പരിപാടി നല്ലൊരു കാര്യമാണ്. 11 വർഷം ആയ സ്ഥിതിക്ക് ജനശ്രദ്ധയിലേക്കു കാര്യങ്ങൾ‍ കൊണ്ടുവരാൻ‍ സാധിക്കുമല്ലോ. നാലഞ്ചു വർഷം മുന്‍പ് രണ്ടു പരിപാടികൾ‍ നടന്നിട്ടുണ്ട്.

മക്കളടങ്ങുന്ന ഒരു പറ്റം നിരപരാധികളുടെ നീതിക്കും മോചനത്തിനും വേണ്ടി ഏതു തരത്തിലുള്ള നീക്കമാണ് നടത്തേണ്ടതെന്നാണു തോന്നുന്നത്?

അതിപ്പോൾ‍ കോടതിയിൽ‍ നടക്കുന്ന കേസാണല്ലോ. അപ്പോൾ‍ നിയമപരമായിട്ടു നീങ്ങുക എന്നതല്ലാതെ മറ്റൊന്നും ചെയ്തിട്ടു കാര്യമുണ്ടെന്നു ഞാൻ‍ വിചാരിക്കുന്നില്ല. ആ മാർഗം പരമാവധി നോക്കിക്കൊണ്ടിരിക്കുന്നു. അതിൽ‍ വീഴ്ചയൊന്നും വരുത്തിയിട്ടില്ല. എപ്പോഴെങ്കിലും നീതി ലഭിക്കുമെന്ന പ്രതീക്ഷയോടെയാണു മുന്നോട്ടുപോകുന്നത്.

ആർ‍.എസ്.എസുകാര്‍ പ്രതികളാവുന്ന കേസുകളിൽ‍ അവരെ രക്ഷിക്കാൻ‍ ശ്രമിക്കുന്ന എൻ.ഐ.എ മുസ്‌ലിംകൾ‍ പ്രതികളാകുന്നയിടത്ത് കള്ളസാക്ഷിയും കള്ളത്തെളിവും ഉണ്ടാക്കി ശിക്ഷിക്കാനുള്ള കളികളാണു നടത്തുന്നത്. അവരുടെ പ്രവർത്തനം കാണുമ്പോൾ‍ ആർ‍.എസ്.എസിന്റെ ‘ബി ടീം’ ആണെന്ന് തോന്നാറുണ്ട്.

പിന്നെ രാഷ്ട്രീയമായി സമ്മർദം ചെലുത്താനുള്ള സ്വാധീനമൊന്നും നമുക്കില്ല. ഇനിയങ്ങനെ ഉണ്ടെങ്കിലും വലിയ പ്രതീക്ഷയൊന്നും വെക്കേണ്ടതില്ല. മഅ്ദനിയുടെ കാര്യമൊക്കെ അറിയാവുന്നതല്ലേ. ഇപ്പോൾ‍ മധ്യപ്രദേശിൽ‍ കോൺഗ്രസ് ഭരണമായി. എന്നാലും പൊലീസിന്റെ നിലപാടിൽ‍ വലിയ മാറ്റമൊന്നും വരാൻ‍ പോകുന്നില്ല. കർണാടകയിലും കോൺഗ്രസും എസ്.പിയുമൊക്കെ വന്നു. എന്നിട്ടും മഅദ്‌നിയുടെ കാര്യത്തിൽ‍ യാതൊരു മാറ്റവുമില്ലല്ലോ.

രാജ്യത്താകമാനം ആയിരക്കണക്കിനു മുസ്‌ലിം ചെറുപ്പക്കാരെയാണ് കള്ളക്കേസുകളിൽ പെടുത്തി ജയിലിൽ‍ അടച്ചിരിക്കുന്നത്. ജനാധിപത്യമെന്നു വിളിക്കപ്പെടുന്ന രാജ്യത്തെ ഈയൊരു ഗുരുതരമായ സാഹചര്യത്തെ പറ്റി എന്താണു പറയാനുള്ളത്?

രാജ്യം അങ്ങനെയായിപ്പോയി. ഹിന്ദുത്വ ശക്തികൾ‍ അവരുടെ ലക്ഷ്യത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്നു എന്നാണു മനസ്സിലാവുന്നത്. മതനിരപേക്ഷത എന്നത് നിയമപുസ്തകത്തിൽ‍ മാത്രമുള്ള കാര്യമായി മാറിപ്പോകുന്നു. ആരു ഭരിച്ചാലും വലിയ മാറ്റമൊന്നുമില്ല. ഹിന്ദുത്വശക്തികൾക്കു ഭരണകൂടങ്ങളെ സ്വാധീനിക്കാൻ‍ കഴിഞ്ഞിരിക്കുന്നു. അവരുടെ സ്വാധീനമാണ് ഇതിനെല്ലാം പിന്നിലുള്ളത് എന്നാണു മനസ്സിലാവുന്നത്. അന്വേഷണ ഏജന്‍സികളെയും നിയമസംവിധാനങ്ങളേയും ഒക്കെ സ്വാധീനിക്കാൻ‍ ഹിന്ദുത്വ ശക്തികൾക്കു കഴിഞ്ഞിട്ടുണ്ട്. അത് മോദി സർക്കാർ‍ വന്നപ്പോൾ‍ തുടങ്ങിയതൊന്നുമല്ല. നാളുകളായി നടക്കുന്ന അവരുടെ ശ്രമം ഇപ്പോൾ‍ ഏതാണ്ട് അതിന്റെ പൂർണതയിലേക്ക് അടുക്കുന്ന അവസ്ഥയിലേക്കു വന്നുനിൽക്കുന്നു. കോൺഗ്രസ് സർക്കാർ‍ ഭരിക്കുമ്പോഴും ആ ശക്തികളുടെ സ്വാധീനം വലിയ തോതിലുണ്ട്. അതാണ് ഇതിന്റെയെല്ലാം അടിസ്ഥാന കാരണമെന്നാണ് മനസ്സിലാക്കുന്നത്.

ഈ കേസിൽ‍ കേരള സർക്കാരിന്റെ അനുകൂല ഇടപെടൽ‍ എന്തെങ്കിലും ഉണ്ടായിട്ടുണ്ടോ?

ഷിയാസ് ബിൻ ഫരീദ്

ഒന്നുമില്ല. പാനായിക്കുളം കേസ് ഇവിടെയായതിനാൽ‍ ഇൻഡോറിൽ‍ നിന്നു കേരളത്തിലെ വിയ്യൂർ‍ ജയിലിലേക്ക് അവരെ മാറ്റണമെന്നാവശ്യപ്പെട്ടുള്ള ഒരു അപേക്ഷ ഒരു വർഷം മുന്‍പ് ഗവർണർക്കു സമർപ്പിച്ചിരുന്നു. എന്നാൽ‍ ‘അപേക്ഷ കിട്ടിയിട്ടുണ്ട്, പരിഗണിക്കുന്നുണ്ട്’ എന്നൊരു മറുപടി കിട്ടിയതല്ലാതെ മറ്റൊരു നടപടിയും ഉണ്ടായിട്ടില്ല.

വിചാരണത്തടവുകാരോടുള്ള മാറിമാറി വരുന്ന ഭരണകൂടങ്ങളുടെ നിലപാടുകളെ എങ്ങനെ നോക്കിക്കാണുന്നു?

ഏതു പാർട്ടി ഭരിച്ചാലും അവരെല്ലാം ഒരു തരം വിദ്വേഷത്തോടെയാണു വിചാരണത്തടവുകാരോടു പെരുമാറുന്നത്. ഇവിടെ കേരളത്തിലാണെങ്കിലും എൽ.ഡി.എഫ് എന്നോ യു.ഡി.എഫ് എന്നോ ഉള്ള വ്യത്യാസം അക്കാര്യത്തിൽ‍ കാണുന്നില്ല. ആരു ഭരിച്ചാലും ഒരേ പോലെ, വൈരാഗ്യത്തോടെയാണു സമീപിക്കുന്നത്. അതുകൊണ്ടുതന്നെ വിചാരണത്തടവുകാർക്ക് അനുകൂലമായി ഒന്നും ചെയ്യാൻ‍ ഭരണകൂടങ്ങൾ‍ തയ്യാറല്ല. അത് സംസ്ഥാനമായാലും കേന്ദ്രമായാലും.

(ലേഖകൻ കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട സ്വദേശിയാണ്. മാധ്യമ പ്രവർത്തകൻ
തേജസ് ദിനപത്രത്തിൽ റിപ്പോർട്ടർ, നാരദ ന്യൂസ് മലയാളത്തിൽ സീനിയർ റിപ്പോർട്ടർ എന്നീ നിലകളിൽ സേവനം അനുഷ്ടിച്ചു.നിലവിൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്റർ)

Top