മാറുന്ന വില്ലന്മാരും മാറാത്ത മലയാള സിനിമയും

‘കുമ്പളങ്ങി നൈറ്റ്സി’ൽ ഷമ്മി എന്ന ആണത്തം മുറ്റിയ കഥാപാത്രം ഒരു വില്ലനാണ്. വരത്തനായതു കൊണ്ടാണ് അയാൾ വയലൻസ് ചെയ്യുന്നതെന്നും കുമ്പളങ്ങിയിലെ ആണുങ്ങൾ സൂപ്പറാണെന്നും സിനിമ പറയുന്നുണ്ട്. ഇവിടെ വരത്തനായ ഷമ്മി തൊഴിൽപരമായി ബാർബറാണ്. ഇതിന്റെ ജാതി/സമുദായ/തൊഴിൽ മാനദണ്ഡങ്ങൾ ഏറെ വിപുലമാണ്. വരത്തൻ എന്ന സിനിമയിലെ ഇന്‍റർനാഷനൽ പ്രിവിലേജുള്ള പ്രോട്ടോ-ഫെമിനിസ്റ്റ് നായകൻ പക്ഷേ ഷമ്മിയിലെത്തുമ്പോൾ നഷ്ടപ്പെടുന്നത് എന്താണ്? ആണത്തം നിലനിറുത്താൻ ആവശ്യമായ ജാതി/സമുദായ ഘടകങ്ങളെക്കുറിച്ചാണ് ഷമ്മി എന്ന കഥാപാത്രം ശരിക്കും പറയാൻ ശ്രമിക്കുന്നത്. ഈ പ്രശ്നം നവതരംഗ സിനിമ എന്ന വാചകമടിയിൽ മുങ്ങിപ്പോവരുത്.

വ്യത്യസ്തമായൊരു പ്രമേയമാണ് ‘സുഡാനി ഫ്രം നൈജീരിയ’ മലയാള സിനിമയിൽ അടയാളപ്പെടുത്തിയത്. കുടിയേറി വരുന്ന നൈജീരിയക്കാരനിലൂടെ ‘വരത്തൻ’ എന്ന വംശീയ പ്രശ്നത്തെ അടയാളപ്പെടുത്താൻ ശ്രമിക്കുകയും എന്നാൽ ഹിംസയിലൂടെയല്ലാതെ സ്നേഹത്തിലൂടെയും നിഷ്കളങ്കതയിലൂടെയും വിശ്വാസത്തിലൂടെയും മലയാളിയുടെ വംശീയ ബോധത്തെ മറികടക്കാൻ പറ്റുമോ എന്നു ചോദിക്കുകയും ചെയ്യാനുള്ള എളിയ ശ്രമമാണ് പ്രസ്തുത സിനിമ ചെയ്തതെന്നു വാദിക്കുന്നവരുണ്ട്. കുടിയേറി വന്നവനെ സ്വീകരിക്കുന്നതിൽ ഉദാരമായൊരു രാഷ്ട്രീയ സമീപനം പ്രസ്തുത സിനിമ സ്വീകരിക്കുന്നുണ്ടോ എന്നു ചോദിച്ചാൽ ഉണ്ട് എന്നത് ശരിയാണ്, പക്ഷേ ഉദാരതയെ മറികടക്കുന്ന പലതരം ഇടപെടലുകളും ആ സിനിമ ഒരു മാധ്യമമെന്ന നിലയിൽ കൊണ്ടുവന്നിട്ടുണ്ട്. രാഷ്ട്രീയപരമായ സന്ദിഗ്ധത എന്ന പ്രശ്നമാണ് സുഡാനി പൊതുചർച്ചകളിലേക്കു കൊണ്ടുവരുന്നത്. അതിനാൽ തന്നെ രാഷ്ട്രീയമായ എല്ലാ വൈരുധ്യങ്ങളും പരിഹരിക്കാൻ സുഡാനി ശ്രമിച്ചില്ലെന്നു തോന്നുന്നു. നൈതികമായ ഒരു സമസ്യയായിരുന്നു സുഡാനി പ്രേക്ഷകരിലും നിർമിക്കാൻ ശ്രമിച്ചിരുന്നത്രെ.

കഴിഞ്ഞ കാലങ്ങളിൽ നാം കണ്ട നായകനായ ആ മിഡിൽക്ലാസ് നായർ കഥാപാത്രം സുഡാനിയിൽ ഇല്ല. സീരിയസ്സായി
നിൽക്കുന്നതിനു പകരം എല്ലാവർക്കും നോക്കി ചിരിക്കാൻ കഴിയുന്ന ഒന്നാക്കി മാറ്റി, സുഡാനി എന്ന സിനിമ നായകൻ/വില്ലൻ എന്ന ചിരപുരാതന സിനിമാ പ്രശ്നത്തെ പരിഹരിക്കാൻ കഴിയുന്നത്ര ശ്രമിക്കുന്നു. അങ്ങനെ കാലങ്ങളായി മലയാള സിനിമയിൽ നിറഞ്ഞോടിയ മുസ്‌ലിം പ്രതിനിധാനം ഒരു നായരിലേക്കു മറിച്ചു കൊടുക്കുന്നതും നാം കാണുന്നു.

ഇവിടെ ഇത്രയും സുഡാനി ഫ്രം നൈജീരിയയെ സൂചിപ്പിച്ചത് പലപ്പോഴും വില്ലൻ എന്ന ഒന്നിനെ ക്യത്യമായി അടയാളപ്പെടുത്താതെ മുന്നോട്ടു പോയ സിനിമ കൂടിയാണ് അതെന്നതു കൊണ്ടാണ്. ഉറച്ച ഒരു വില്ലനില്ലാതെ, അപരനെതിരായുള്ള നേരിട്ടുള്ള ആക്രമണങ്ങളില്ലാതെ ഒരു മലയാള സിനിമ സാധ്യമാണ് എന്ന് സുഡാനി ഫ്രം നൈജീരിയയുടെ സാഹചര്യത്തിൽ – പരിമിതികളിൽ നിന്നുകൊണ്ടുതന്നെ – പലരും ചൂണ്ടിക്കാണിച്ചിരുന്നു.

സുഡാനി ഒരു പ്രാദേശിക സിനിമ കൂടിയാണ്. ന്യൂ ജനറേഷൻ എന്ന പേരിലുള്ള ഈ സിനിമകൾ പലപ്പോഴും പ്രാദേശികാനുഭവത്തെ മുൻനിറുത്തി പ്രദേശങ്ങളുടെ കഥയിൽ സിനിമകൾ കഥപറച്ചിൽ തുടർന്നു കൊണ്ടേയിരിക്കുകയാണ്. ഭാഷയും വേഷവും ഭക്ഷണവും എല്ലാം കൂടിക്കുഴഞ്ഞ പ്രാദേശിക അനുഭവമാണ് ഈ സിനിമകൾ ഒരുക്കുന്നത്. വില്ലൻമാരുടെ നിർമാണം പുതിയൊരു രീതിയിലാണ് ഈ സിനിമകളിൽ ചിട്ടപ്പെടുത്തിയിട്ടുള്ളത്.

വരത്തന്റെ രാഷ്ട്രീയം

‘വരത്തൻ’ അമൽ നീരദ് സംവിധാനം ചെയ്ത സിനിമയാണ്. ‘വരത്തൻ’ എന്ന ആശയം/ഐഡിയ തന്നെ മലയാളി പൊതുബോധത്തിൽ നിൽക്കുന്നത് മുസ്‌ലിംങ്ങൾ അടക്കമുള്ള കോംപ്ലക്സ് സ്വത്വങ്ങൾക്കെതിരെയുമാണ്. അറബി, തമിഴ് സൂചനകൾ മലയാള സിനിമയിൽ വരത്തന്റെ അടയാളമായി പല തവണ വന്നിരുന്നു. പക്ഷേ ‘വരത്തൻ’ എന്ന ഈ സിനിമ അപരിചിതന്റെ മേലുള്ള സദാചാര പൊലീസിംഗെന്ന ഒരു സാമൂഹിക പ്രശ്നത്തിലേക്കാണു ചർച്ച നയിക്കുന്നത്. പ്രത്യയശാസ്ത്ര മാനങ്ങൾ മുൻനിറുത്തിയാണ് സിനിമ മുന്നോട്ടു പോകുന്നത്. ലൈംഗികാതിക്രമങ്ങൾ, സ്ത്രീകൾക്കെതിരായിട്ടുള്ള ഹിംസ എന്ന രീതിയിലാണ് വരത്തൻ ഈ വിഷയത്തെ കൈകാര്യം ചെയ്തത്.

പുതിയ സിനിമകളിൽ കാണുന്ന ഈ ലളിതവൽകൃത ലിംഗ രാഷ്ട്രീയം ഒരു കാൽപനിക ഇടതു ബോധത്തിന്റെ പ്രശ്നമാണ്. ഇടതു ബോധം എന്താണു ചെയ്യുന്നത്? വർഗം എന്ന ഒറ്റ ഘടനയിലേക്കും കൂടിയാൽ ലിംഗാധികാരത്തിലേക്കും എല്ലാത്തരം പ്രശ്നങ്ങളെയും ഒതുക്കി മലയാളി ഹിംസയെ മറച്ചു പിടിക്കുകയാണു ചെയ്യുന്നത്. ടെററിസം, കമ്യൂണിസം ഇവയുടെ കാര്യത്തിൽ അമൽ നീരദിന്റെ മറ്റു സിനിമകൾ ഇതാണു പലപ്പോഴും ചെയ്തിരുന്നത്.

പുതിയ സിനിമകളിൽ കാണുന്ന ഈ ലളിതവൽകൃത ലിംഗ രാഷ്ട്രീയം ഒരു കാൽപനിക ഇടതു ബോധത്തിന്റെ പ്രശ്നമാണ്. ഇടതു ബോധം എന്താണു ചെയ്യുന്നത്? വർഗം എന്ന ഒറ്റ ഘടനയിലേക്കും കൂടിയാൽ ലിംഗാധികാരത്തിലേക്കും എല്ലാത്തരം പ്രശ്നങ്ങളെയും ഒതുക്കി മലയാളി ഹിംസയെ മറച്ചു പിടിക്കുകയാണു ചെയ്യുന്നത്. ടെററിസം, കമ്യൂണിസം ഇവയുടെ കാര്യത്തിൽ അമൽ നീരദിന്റെ മറ്റു സിനിമകൾ ഇതാണു പലപ്പോഴും ചെയ്തിരുന്നത്. ഫെമിനിസത്തിന്റെ പേരിൽ വരത്തൻ എന്ന സിനിമയും ഇതിൽ നിന്നു വ്യത്യസ്തമായി വലുതായൊന്നും ചെയ്യുന്നില്ല. വരത്തൻ എന്ന സിനിമ ഒരു രാഷ്ട്രീയ പ്രമേയമായി തന്നെയാണ് അവതരിപ്പിക്കപ്പെട്ടത്. സ്ക്രീനിനു പുറത്തെ ഒരു മുദ്രാവാക്യമായി ആ സിനിമ അനുഭവപ്പെടുന്നു.

ഒരു പ്രദേശത്തെ എല്ലാവർക്കും പൊതുവായുള്ള സദാചാര പ്രശ്നങ്ങളിലേക്കു രാഷ്ട്രീയ പ്രശ്നങ്ങളെ മുഴുവൻ ഒതുക്കുന്നു. ടൊറ്റലിറ്റേറിയൻ സമീപനമായി സാമൂഹ്യ വിമർശനം മാറുന്നു. അതായത് വരത്തന്‍മാർ അനുഭവിക്കുന്ന അതിക്രമങ്ങളുടെ ചരിത്രവും വ്യത്യസ്ത രാഷ്ട്രീയ പ്രശ്നങ്ങളും അഭിസംബോധന ചെയ്യാതെ പോയത് അതുകൊണ്ടാണ്. ജാതിയെയും സമുദായത്തെയും അഭിസംബോധന ചെയ്യാതിരിക്കുന്നതിന്റെ പ്രശ്നം ഏറ്റവും കൂടുതൽ അനുഭവിക്കുന്നവർ വരത്തൻ എന്ന സിനിമയിലെ കഥാപാത്രങ്ങൾ ആയിരിക്കും. ഈ സിനിമകളിലൊക്കെ വില്ലന്റെ നിർമാണം കുഴപ്പം പിടിച്ചതാവുന്നുണ്ട്. വരത്തൻ വില്ലൻ ആവുമ്പോഴും വരത്തൻ നായകനായി മാറുമ്പോഴും അയാളുടെ ഐഡന്‍റിറ്റി മാറുന്നു. വരത്തൻ നായകനാവുമ്പോൾ അയാൾ മേൽജാതി കുടുംബഘടനയിൽ നിന്നുള്ള ആളായിട്ടാണു വരുന്നത്. ഫഹദ് ഫാസിൽ വരത്തനിൽ അഭിനയിക്കുന്നതു ശ്രദ്ധിക്കുക. അതേ ഫഹദ് ഫാസിൽ കുമ്പളങ്ങിയിൽ വരുമ്പോൾ വരത്തനായ ഷമ്മിയായി മാറുന്നു. അതുപക്ഷേ മറ്റൊരു പ്രശ്നയിടമാണ്.

ഷമ്മിയാവാൻ പറ്റുന്നവർ

‘കുമ്പളങ്ങി നൈറ്റ്സി’ൽ ഷമ്മി എന്ന ആണത്തം മുറ്റിയ കഥാപാത്രം ഒരു വില്ലനാണ്. നോക്കൂ, വരത്തനായതു കൊണ്ടാണ് അയാൾ വയലൻസ് ചെയ്യുന്നതെന്നും കുമ്പളങ്ങിയിലെ ആണുങ്ങൾ സൂപ്പറാണെന്നും സിനിമ പറയുന്നുണ്ട്. ഇവിടെ വരത്തനായ ഷമ്മി തൊഴിൽപരമായി ബാർബറാണ്. ഇതിന്റെ ജാതി/സമുദായ/തൊഴിൽ മാനദണ്ഡങ്ങൾ ഏറെ വിപുലമാണ്. വരത്തൻ എന്ന സിനിമയിലെ ഇന്റർനാഷണൽ പ്രിവിലേജുള്ള പ്രോട്ടോ-ഫെമിനിസ്റ്റ് നായകൻ പക്ഷേ ഷമ്മിയിലെത്തുമ്പോൾ നഷ്ടപ്പെടുന്നത് എന്താണ്? ആണത്തം നിലനിറുത്താൻ ആവശ്യമായ ജാതി/സമുദായ ഘടകങ്ങളെക്കുറിച്ചാണ് ഷമ്മി എന്ന കഥാപാത്രം ശരിക്കും പറയാൻ ശ്രമിക്കുന്നത്. ഈ പ്രശ്നം നവതരംഗ സിനിമ എന്ന വാചകമടിയിൽ മുങ്ങിപ്പോവരുത്.

മുഹ്‌സിൻ പരാരിയുമായി നീലിമ മേനോൻ നടത്തിയ അഭിമുഖത്തിന്റെ ടൈറ്റിൽ “നമ്മൾ എല്ലാവരും ഷമ്മിയാണ്” എന്നാണ്. ഷമ്മി ആവാൻ എല്ലാവർക്കും കേരളത്തിൽ പറ്റുമോ എന്നാണ് പക്ഷേ മറുചോദ്യം. മാത്രമല്ല അത്ര എളുപ്പത്തിൽ കുറ്റമേറ്റെടുക്കാൻ നമ്മെ പ്രാപ്തമാക്കുന്ന ഒന്നാണോ പുരുഷാധിപത്യം? പുരുഷാധിപത്യം എന്ന അതിക്രമത്തെ മറികടക്കാൻ ശ്രമിക്കുകയും അതിലൂടെ ജാതിയെ നിലനിർത്തുകയും ചെയ്യുന്ന പരമ്പരാഗത മലയാള സിനിമ സങ്കല്‍പ്പം മാറിയിട്ടില്ല എന്നതും കാണേണ്ടതുണ്ട്. അതിനാൽ തന്നെ നാമെല്ലാവരും ഷമ്മിയാണെന്നു പറയുന്നതിന്റെ നിരപേക്ഷവും സാർവലൗകികവുമായ യുക്തി അന്വേഷിക്കപ്പെടേണ്ടതുണ്ട്. മറ്റൊരു “നോട്ട് ഇൻ മൈ നെയിം” കാമ്പയിനായി രാഷ്ട്രീയ വിമർശനം സ്വയം റദ്ദു ചെയ്യരുത്.

മുഹ്‌സിൻ പരാരിയുമായി നീലിമ മേനോൻ നടത്തിയ അഭിമുഖത്തിന്റെ ടൈറ്റിൽ “നമ്മൾ എല്ലാവരും ഷമ്മിയാണ്” എന്നാണ്. ഷമ്മി ആവാൻ എല്ലാവർക്കും കേരളത്തിൽ പറ്റുമോ എന്നാണ് പക്ഷേ മറുചോദ്യം. മാത്രമല്ല അത്ര എളുപ്പത്തിൽ കുറ്റമേറ്റെടുക്കാൻ നമ്മെ പ്രാപ്തമാക്കുന്ന ഒന്നാണോ പുരുഷാധിപത്യം? പുരുഷാധിപത്യം എന്ന അതിക്രമത്തെ മറികടക്കാൻ ശ്രമിക്കുകയും അതിലൂടെ ജാതിയെ നിലനിർത്തുകയും ചെയ്യുന്ന പരമ്പരാഗത മലയാള സിനിമ സങ്കല്‍പ്പം മാറിയിട്ടില്ല എന്നതും കാണേണ്ടതുണ്ട്. അതിനാൽ തന്നെ നാമെല്ലാവരും ഷമ്മിയാണെന്നു പറയുന്നതിന്റെ നിരപേക്ഷവും സാർവലൗകികവുമായ യുക്തി അന്വേഷിക്കപ്പെടേണ്ടതുണ്ട്. മറ്റൊരു “നോട്ട് ഇൻ മൈ നെയിം” കാമ്പയിനായി രാഷ്ട്രീയ വിമർശനം സ്വയം റദ്ദു ചെയ്യരുത്.

ഹാഷിർ കെ. മുഹമ്മദ്

അതായത് പുറമ്പോക്കിൽ ജീവിക്കുന്നവരുടെയും ആണുങ്ങളില്ലാതെ കുടുംബം നോക്കുന്നവരുടെയും പൊതു ശത്രുവായാണ് ഷമ്മി എന്ന വരത്തന്റെ കടന്നുവരവ്. പക്ഷേ ജാതിയെ ഇല്ലാതാക്കുക എന്ന ധർമം പലപ്പോഴും വരത്തന്‍മാരാണു കേരളത്തിൽ നടത്തിയിട്ടുള്ളത്. പുറത്തു നിന്നു വന്നവരാണു ജാതിക്കു ഭീഷണി. അതൊരിക്കലും സിനിമയുടെ രാഷ്ട്രീയം സ്ക്രീനിനു പുറത്ത് ഉയർത്തിപ്പിടിക്കുന്നവർക്കു കാണാനേ കഴിയുന്നില്ല. അതായത് ജാതി എന്ന പ്രശ്നത്തെ സ്ത്രീവിരുദ്ധത പോലെ ഒരു പ്രശ്നമായി കാണാൻ കഴിയാത്ത ഇടതു ആൺവിപ്ലവ ബോധമാണിവിടെ പ്രവർത്തിക്കുന്നത്. പുരുഷാധിപത്യം മാറിയെ പറ്റൂ എന്നു വളരെയെളുപ്പം നാം പറയാൻ ശ്രമിക്കുമ്പോൾ സവർണ ആണുങ്ങളിൽ പലരും അർബൻ സ്പെയ്സുകളിൽ കൊണ്ടു നടക്കുന്ന ലിബറൽ ഫെമിനിസത്തിന്റെ യുക്തിയാണ് പുനരുൽപ്പാദിപ്പിക്കുന്നത്.

അതായത് പുരുഷാധിപത്യം അവസാനിച്ച മലയാള സിനിമയിലെ ആ വില്ലൻ ആരായിരിക്കും എന്ന പ്രശ്നം നാം ഇനിയും ആലോചിക്കേണ്ടതുണ്ട്. ആ ആലോചന ഷമ്മിയുടെ കീഴാള ആണത്തത്തിന്റെ പ്രത്യേകതകളെ കൂടുതൽ വ്യക്തമാക്കാൻ സഹായിക്കുമെന്നു തോന്നുന്നു. ഒരു ഓഫ് സ്ക്രീൻ സംഭാഷണമായി മലയാള സിനിമ മാറുന്ന ഈ കാലത്ത് ഈ ചോദ്യങ്ങൾ പ്രസക്തമാണ്. സിനിമ ഒരു മാധ്യമം എന്ന നിലയിൽ സ്ക്രീനിൽ നിലനിറുത്തിയ രാഷ്ടീയ സംഭാഷണങ്ങൾ പക്ഷേ ശ്യാം പുഷ്കരനെപ്പോലുള്ളവർ പുറത്തേക്കു കൊണ്ടു വരുമ്പോൾ സംഭവിക്കുന്ന സ്വാഭാവികമായ ചില മറു ചോദ്യങ്ങളാണിത്.

(ഫിലിം ക്രിറ്റിക്കും ഡോക്യൂമെന്ററി സംവിധായകനുമാണ് അഡ്വ. ഹാഷിർ കെ. മുഹമ്മദ്. മലപ്പുറം മറ്റത്തൂർ സ്വദേശി.)

Top