കോടതിവിധിയിലൂടെ അഭിപ്രായസ്വാതന്ത്ര്യത്തിനു മേലുള്ള ഭരണകൂടത്തിന്റെ പിടി അയഞ്ഞുവെങ്കിലും, ഭരണകൂടത്തിനെതിരെ സോഷ്യല്‍ മീഡിയകളിലൂടെയും മറ്റുമുള്ള വിമര്‍ശനങ്ങളെ നിരീക്ഷിക്കാന്‍ ‘ഓപ്പറേഷന്‍ ചക്രവ്യൂഹ’ എന്ന ഇന്റലിജന്‍സ് വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടെന്നതാണ് പുതിയ വാര്‍ത്ത. ഇന്ത്യയിലെ ഇന്റലിജന്‍സ് ഏജന്‍സികള്‍ വിദേശ ചാരസംഘടനകളുമായി ചേര്‍ന്നുകൊണ്ട് ജനങ്ങളുടെ, പ്രത്യേകിച്ച് യുവജനതയുടെ ഇന്റര്‍നെറ്റ് ഇടപെടലുകള്‍ നിരീക്ഷിക്കുക എന്നതാ മുഖ്യദൗത്യം. അറബ്-മുസ്ലീം നാമങ്ങള്‍ സ്വീകരിച്ചുകൊണ്ട്, ചാറ്റ് ചെയ്തുകൊണ്ട് വ്യക്തിയുടെയും പ്രസ്ഥാനങ്ങളുടെയും അഭിരുചികള്‍, പ്രവര്‍ത്തനങ്ങള്‍ എന്നിവ മനസ്സിലാക്കുകയാണ് ലക്ഷ്യം. കൂടാതെ ഭരണകൂടത്തിനെതിരായ വിമര്‍ശനങ്ങള്‍ രാജ്യദ്രോഹമാണെന്നു വ്യാഖ്യാനിക്കാവുന്ന നിയമങ്ങളായ ഇന്ത്യന്‍ ക്രിമിനല്‍ നിയമത്തിലെ സെക്ഷന്‍ 124 എ പോലുള്ളവ ഇന്നും നിയമമായി തന്നെ നില നില്‍ക്കുന്നുണ്ട് എന്നത് ജനാധിപത്യത്തെയും അഭിപ്രായസ്വാതന്ത്ര്യത്തെയും ഭരണക്കൂടം എത്രത്തോളം ഭയപ്പെടുന്നു എന്നതിന് തെളിവാണ്.
ഇന്‍ഫോര്‍മേഷന്‍ടെക്‌നോളജി ആക്ടില്‍ ഏറെ വിമര്‍ശനം ഏറ്റു വാങ്ങിയ സെക്ഷന്‍ 66 എ. കേരള പോലീസ്ആക്ടിലെ സെക്ഷന്‍ 118 ഡി എന്നിവ ഭരണഘടനാവിരുദ്ധമാണെന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി ചരിത്രപരവും ജനാധിപത്യ വിശ്വാസികളെ സംബന്ധച്ച് സന്തോഷകരവുമാണ്. 2012 നവംബറില്‍ ബാല്‍താക്കറെയുടെ മരണത്തെ തുടര്‍ന്ന് മുംബൈയില്‍ ബന്ദ് പ്രഖ്യാപിച്ചതിനെതിരെ ഫേസ് ബുക്കില്‍ പോസ്റ്റിട്ട ശഹീല്‍ ദാദ, പോസ്റ്റ് ലൈക് ചെയ്ത മലയാളിയായ രേണു ശ്രീനിവാസ് എന്നിവരെ സെക്ഷന്‍ 66എ പ്രകാരം അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് പ്രസ്തുത വകുപ്പിന്റെ ഭരണഘടനാസാധുത ചോദ്യം ചെയ്തു നിയമവിദ്യാര്‍ത്ഥിനിയായ ശ്രേയ സിംഗാള്‍ സമര്‍പ്പിച്ച പൊതു താല്പര്യഹര്‍ജിയില്‍ വാദംകേട്ട സുപ്രീംകോടതി സെക്ഷന്‍ 66 എ യില്‍ ഉപയോഗിച്ച വാക്കുകള്‍ അവ്യക്തമാണെന്നും വകുപ്പു ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നും നിരീക്ഷിച്ച് കോടതി നിരീക്ഷണം ശരി വെക്കുന്ന തരത്തില്‍ തന്നെയാണ് കാലാകാലങ്ങളായി ഈ വകുപ്പിന്റെ പ്രയോഗവും ഉണ്ടായിട്ടുള്ളത്.
രണ്ടായിരം ആണ്ടില്‍ പാസ്സാക്കപ്പെട്ട ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി ആക്ടില്‍ 2006ലും 2008 ലും ഭേദഗതികള്‍ കൊണ്ടുവന്നിരുന്നു. 2008 ല്‍ വാര്‍ത്താവിനിമയ, ഐ.ടി വകുപ്പ്കൈകാര്യം ചെയ്തിരുന്ന മന്ത്രി എ. രാജ കൊണ്ടുവന്ന ഭേദഗതികളെയാണ് മനുഷ്യാവകാശ പ്രവര്‍ത്തകരും നിയമവിശാരദന്മാരും ജനാധിപത്യവിരുദ്ധ നിയമങ്ങളായും അഭിപ്രായസ്വാതന്ത്ര്യത്തിന്റെ കടക്കില്‍ കത്തിവെക്കുന്ന ഒന്നായും ചൂണ്ടി കാണിച്ചിരുന്നത്. അവയില്‍ ഏറ്റവും ജനാധിപത്യ വിരുദ്ധ വകുപ്പായ സെക്ഷന്‍ 66 എ യും, കേരളപോലീസ് ആക്ടിലെ സെക്ഷന്‍ 118 ഡി എന്നിവയും അര്‍ത്ഥത്തിലും പ്രയോഗത്തിലും സമാനത പുലര്‍ത്തുന്നവ ആയിരുന്നു. സെക്ഷന്‍ 66 എ എന്ന ഭേദഗതി പ്രകാരം ആശയവിനിമയ ഉപകരണങ്ങളായ കമ്പ്യൂട്ടര്‍, സെല്‍ഫോണ്‍ മുതലായവ വഴി കുറ്റകരമായതോ സ്പര്‍ധ ഉളവാക്കുന്നതോ ആയ വിവരങ്ങള്‍ തെറ്റാണെന്നറിഞ്ഞിട്ടും ശത്രുതയോ വിദ്വേഷമോ അനിഷ്ടമോ അപകടമോ ഉണ്ടാക്കാന്‍ ഉദ്ദേശിച്ചുള്ള വിവരങ്ങള്‍,
എ രാജ
തെറ്റിദ്ധാരണജനകമായ ഇലക്ട്രോണിക് സന്ദേശങ്ങള്‍ എന്നിവയുടെ സൃഷ്ടി, കൈമാറ്റം, സ്വീകരിക്കല്‍ എന്നിവക്കൊക്കെ മൂന്നുവര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമായി കണക്കാക്കിയിരുന്നു. ഇത്തരം പ്രശ്നങ്ങളില്‍ പൊലീസിന് സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്താവുന്നതും, എസ് 78 ഐ.ടി ആക്ട് പ്രകാരം സ്പെഷല്‍ ഓഫിസേഴ്സിന് അന്വേഷണ ചുമതല നല്‍കിയിട്ടുള്ളതുമാണ്. എന്നാൽ സെക്ഷൻ 66 എ. യിൽ ഉപയോഗിച്ച “കുറ്റകരമായതോ സ്പര്‍ധ ഉളവാക്കുന്നതോ ആയ വിവരങ്ങള്‍, ശത്രുതയോ വിദ്വേഷമോ അനിഷ്ടമോ അപകടമോ ഉണ്ടാക്കാന്‍ ഉദ്ദേശിച്ചുള്ള വിവരങ്ങള്‍” വാക്കുകൾ അവ്യക്തമാണ് എന്നും അനിഷ്ടകരമായ പദങ്ങൾ എന്നത് തികച്ചും ആപേക്ഷികമാണെന്നും വ്യക്തമാക്കിയ കോടതി ഒരാള്‍ക്കിഷ്ട്ടപെട്ടില്ല എന്നത് കൊണ്ട് മാത്രം അയാളെ അറസ്റ്റ് ചെയ്യുന്നതിൽ ന്യായമില്ല എന്നും വ്യക്തമാക്കി. കോടതി നിരീക്ഷണം ശരി വെക്കുന്ന തരത്തില്‍ തന്നെയാണ് കാലങ്ങളായി ഈ വകുപ്പിന്റെ പ്രയോഗവും ഉണ്ടായിട്ടുള്ളത് . അവയിൽ
ഏറ്റവും ജനാധിപത്യ വിരുദ്ധ വകുപ്പായ സെക്ഷൻ 66 എ. യും, കേരള പോലിസ് ആക്റ്റിലെ സെക്ഷൻ 118 ഡി. എന്നിവയും അർത്ഥത്തിലും, പ്രയോഗത്തിലും സമാനത പുലർത്തുന്നവ ആയിരുന്നു. ഫേസ്ബുക് പോസ്റ്റുകളുടെ പേരിലുള്ള അറസ്റ്റിന് കേരള പൊലീസ് നിരന്തരം ഉപയോഗിച്ചുകൊണ്ടിരിക്കുന്ന പൊലീസ് നിയമത്തിലെ 118 (ഡി) വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടി കാട്ടി മലയാളിയായ അനൂപ് കുമാരൻ നൽകിയ പൊതു താല്പര്യഹര്‍ജി കൂടി പരിഗണിച്ചാണ് ഇപ്പോഴുള്ള കോടതി വിധി .
2012 ല്‍ കാര്‍ട്ടൂണിസ്റ്റ് ത്രിവേദിയെ അറസ്റ്റ് ചെയ്തത് മുതല്‍ ഏറ്റവുമൊടുവില്‍ യു.പി.യില്‍ മന്ത്രി ആസാം ഖാനെതിരെ ഫേസ്ബുക്കില്‍ അഭിപ്രായ പ്രകടനം നടത്തിയ പതിനൊന്നാം ക്ലാസുകാരനെ വരെ അറസ്റ്റ് ചെയ്യാനും ഉപയോഗിച്ചതും ഇതേ വകുപ്പ് തന്നെ. ഭരണകൂടത്തെയും രാഷ്ട്രീയ നേതാക്കളെയും വിമർശിച്ചാൽ അവരെ നിശബ്ദമാക്കാൻ കോണ്‍ഗ്രസ്സും, ബി ജെ പിയും, ത്രിണമൂലും ഉള്‍പ്പെടെയുള്ള മുഴുവന്‍ പാർട്ടികള്‍ തരം പോലെ ദുരുപയോഗിച്ച ഐ. ടി നിയമത്തിന്‍െറ 66 എ. വകുപ്പ് സുപ്രീംകോടതി റദ്ദാക്കിയപ്പോള്‍, വിധി സ്വാഗതംചെയ്യാന്‍ മത്സരിക്കുക്കയാണ് ഇപ്പോൾ എല്ലാ പാർട്ടികളും. 2012 ല്‍ മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തിന്‍െറ മകന്‍ കാര്‍ത്തി ചിദംബരം അഴിമതിക്കാരനാണെന്ന് ട്വിറ്ററില്‍ കുറിച്ച ബിസിനസുകാരന്‍ രവി ശ്രീനിവാസനെതിരെ പുതുച്ചേരി പൊലീസ് കുറ്റംചുമത്തിയിരുന്നു. എന്നാല്‍ നിയമം ഭരണ ഘടനാ വിരുദ്ധമാണെന്ന കോടതി വിധി വന്ന ഉടനെ അതിനെ സ്വാഗതം ചെയ്തവരുടെ മുൻനിരയിൽ ചിദംബരം ഉണ്ട്. ചുരുങ്ങിയ കാലത്തിനുള്ളില്‍ നിയമദുരുപയോഗത്തിന് കേന്ദ്രസര്‍ക്കാറും ഏറെ വിമര്‍ശം കേട്ടങ്കിലും, ബി.ജെ.പിയും വിധിയെ സ്വാഗതം ചെയ്യുന്നതിൽ പിന്നാക്കം പോയില്ല.
സെക്ഷന്‍ 66 എ. യുടെ ജനിതക ചരിത്രം
__________________________
2003 ല്‍ യു.കെ. യില്‍ പാസ്സാക്കിയ യു.കെ കമ്മ്യൂണിക്കേഷന്‍സ് ആക്ടിലെ സെക്ഷന്‍ 127 (1) എന്ന വകുപ്പാണ് ഇന്ത്യയില്‍ ചില്ലറ ഭേദഗതികളോടെ സെക്ഷന്‍ 66 എ ആയി രൂപാന്തരം പ്രാപിച്ചിട്ടുള്ളത്.. രസകരമെന്നു പറയട്ടെ, ബ്രിട്ടന്‍ പ്രസ്തുത വകുപ്പ് 1935 ലെ പോസ്റ്റ്ഓഫീസ് ആക്ടില്‍ നിന്ന് അപ്പടി പകര്‍ത്തിവെച്ചതാണ്. ബ്രിട്ടനില്‍ തന്നെ ഏറെ വിമര്‍ശനം ക്ഷണിച്ചുവരുത്തിയ ഈ നിയമം 2006 Director of Public Prosecution v Collins എന്ന കേസിലെ ഹൗസ് ഓഫ് ലോര്‍ഡ്‌സ് വിധിയെ തുടര്‍ന്ന് ദുര്‍ബലപ്പെടുകയും, യൂറോപ്യന്‍ മനുഷ്യാവകാശ കണ്‍വെന്‍ഷന്‍ പതിനേഴാം വകുപ്പ് പ്രകാരം ഭേദഗതി ചെയ്യണമെന്ന് നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളതുമായിരുന്നു. ഈ വകുപ്പിനെ അടിസ്ഥാനമാക്കിയാണ് ഇന്ത്യയിലെ ഭരണകൂടം സെക്ഷന്‍ 66 എയെ ന്യായീകരിച്ചിരുന്നത്. ഏറ്റവും ശ്രദ്ധേയമായ കാര്യം, ബ്രിട്ടനില്‍ സെക്ഷന്‍ 127 (1) പ്രകാരം 6 മാസമാണ് പരമാവധി ശിക്ഷയെങ്കില്‍ ഇന്ത്യയിലത് 2008 ല്‍ രണ്ടു വര്‍ഷത്തില്‍ നിന്ന് മൂന്നു വര്‍ഷമാക്കി വര്‍ദ്ധിപ്പിക്കുകയാണ് ചെയ്തത്. ഭരണകൂടം വിമര്‍ശനങ്ങളെ അത്രമേല്‍ ഭയപ്പെടുന്നുവനെന്ന് ചുരുക്കം. 2013-ല്‍ മൂംബൈയില്‍ കുറ്റാരോപിതരെ അറസ്റ്റു ചെയ്യുന്നതിനു കൃത്യമായ മാനദണ്ഡങ്ങള്‍ നിശ്ചയിക്കുമെന്ന് അന്നത്തെ നിയമമന്ത്രി കപില്‍സിബാള്‍ പറയുകയും അറസ്റ്റ് ചെയ്യുന്നതിന് ഐ.ജിയുടെ അനുമതി വേണമെന്നു നിഷ്‌കര്‍ഷിക്കുകയുണ്ടായെങ്കിലും 2014 ല്‍ ഫേസ്ബുക്കില്‍ രാജ്യദ്രോഹകരമായ പരാമര്‍ശം നടത്തിയെന്നു ആരോപിച്ചു വിദ്യാര്‍ത്ഥിയായ സല്‍മാന്‍ മുഹമ്മദിനെ അര്‍ദ്ധരാത്രി വീട്ടില്‍ നിന്ന് പിടിച്ചുകൊണ്ടുപോയതു കേരളീയ സമൂഹം നേരില്‍ കണ്ടകാഴ്ചയാണ്. സല്‍മാനെതിരെ ചുമത്തിയത് രാജ്യദ്രോഹ നിയമമെന്നു കുപ്രസിദ്ധമായ സെക്ഷന്‍ 124 (4) ഐ.പി.സി കൂടാതെ ഐ.ടി ആക്ടിലെ സെക്ഷന്‍ 66 എ യും ഉണ്ടായിരുന്നു.
സെക്ഷന്‍ 66 എ ഭരണഘടനാ വിരുദ്ധമാണെന്ന വിധി അഭിപ്രായ സ്വതന്ത്ര്യം തിരികെ കൊണ്ടുവരുമോ?
________________________
കോടതിവിധിയിലൂടെ അഭിപ്രായസ്വാതന്ത്ര്യത്തിനു മേലുള്ള ഭരണകൂടത്തിന്റെ പിടി അയഞ്ഞുവെങ്കിലും, ഭരണകൂടത്തിനെതിരെ സോഷ്യല്‍ മീഡിയകളിലൂടെയും മറ്റുമുള്ള വിമര്‍ശനങ്ങളെ നിരീക്ഷിക്കാന്‍ ‘ഓപ്പറേഷന്‍ ചക്രവ്യൂഹ’ എന്ന ഇന്റലിജന്‍സ് വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടെന്നതാണ് പുതിയ വാര്‍ത്ത. ഇന്ത്യയിലെ ഇന്റലിജന്‍സ് ഏജന്‍സികള്‍ വിദേശ ചാരസംഘടനകളുമായി ചേര്‍ന്നുകൊണ്ട് ജനങ്ങളുടെ, പ്രത്യേകിച്ച് യുവജനതയുടെ ഇന്റര്‍നെറ്റ് ഇടപെടലുകള്‍ നിരീക്ഷിക്കുക എന്നതാ മുഖ്യദൗത്യം. അറബ്-മുസ്ലീം നാമങ്ങള്‍ സ്വീകരിച്ചുകൊണ്ട്, ചാറ്റ് ചെയ്തുകൊണ്ട് വ്യക്തിയുടെയും പ്രസ്ഥാനങ്ങളുടെയും അഭിരുചികള്‍, പ്രവര്‍ത്തനങ്ങള്‍ എന്നിവ മനസ്സിലാക്കുകയാണ് ലക്ഷ്യം. കൂടാതെ ഭരണകൂടത്തിനെതിരായ വിമര്‍ശനങ്ങള്‍ രാജ്യദ്രോഹമാണെന്നു വ്യാഖ്യാനിക്കാവുന്ന നിയമങ്ങളായ ഇന്ത്യന്‍ ക്രിമിനല്‍ നിയമത്തിലെ സെക്ഷന്‍ 124 എ പോലുള്ളവ ഇന്നും നിയമമായി തന്നെ നില നില്‍ക്കുന്നുണ്ട് എന്നത് ജനാധിപത്യത്തെയും അഭിപ്രായസ്വാതന്ത്ര്യത്തെയും ഭരണക്കൂടം എത്രത്തോളം ഭയപ്പെടുന്നു എന്നതിന് തെളിവാണ്. അത് കൂടാതെയാണ്, യു.എ.പി.എ, അഫ്‌സ്പ തുടങ്ങിയ കിരാത നിയമങ്ങള്‍, ഭരണകൂടത്തിന് ആവശ്യമുള്ളപ്പോള്‍ പൗരന്റെ ഇ-മെയില്‍ മറ്റു സോഷ്യല്‍ അക്കൗണ്ടുകള്‍ പരിശോധിക്കാനും വേണ്ടിവന്നാല്‍ ബ്ലോക്ക്‌ചെയ്യാനും കഴിയുന്ന ഐ.ടി ആക്ടിലെ തന്നെ മറ്റു വകുപ്പുകള്‍ ഇപ്പോഴും അതുപോലെ നിലനില്ക്കുന്നുണ്ട് എന്നിരിക്കെ കോടതിവിധി കൊണ്ടു മാത്രം നേടാനാവുന്ന ഒന്നല്ല അഭിപ്രായ സ്വാതന്ത്ര്യം എന്നാം നാം തിരിച്ചറിയേണ്ടതുണ്ട്. നിയമബാഹ്യമായ മാര്‍ഗങ്ങളിലൂടെയും അഭിപ്രായസ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങിടാനാവുമെന്ന് എഴുത്തുകാരനായ പെരുമാള്‍ മുരുകന്റെ അനുഭവം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. സുപ്രീംകോടതിവിധി ജനാധിപത്യ വിശ്വാസികള്‍ക്ക് സന്തോഷകരമാവുമ്പോള്‍ തന്നെ തങ്ങളെ വിമര്‍ശിക്കുന്നതോ തങ്ങള്‍ക്ക് അനിഷ്ടകരമായതോ ആയ ഏതു ആവിഷ്‌കാരങ്ങളോടും അസഹിഷ്ണുതയോടെ പ്രതികരിക്കുകയും; അത്തരം പ്രതികരണങ്ങളെ തീവ്രദേശാഭിമാനത്തിന്റെയും മതത്തിന്റെയും മേമ്പൊടി ചേര്‍ത്ത് ജനങ്ങളില്‍ കൃത്യമായ പ്രചാരണ ആസൂത്രണത്തോടെ പറഞ്ഞു പരത്തി പൊതുമനസാക്ഷി രൂപപ്പെടുത്തിയെടുത്തു, ഒടുവില്‍ ജനക്കൂട്ടം നിയമപാലകരാവുകയും പൊതുമനസാക്ഷിക്കെതിരെ വിധികര്‍ത്താവ് ആവുകയും ചെയ്യുന്ന മോബോക്രസിയുടെ കാലത്ത് അത്തരം പോതു മനസാക്ഷിക്കെതരി മാനവികമായ ”കൗണ്ടര്‍ പബ്ലിക്കി”നെ രൂപപ്പെടുത്തിയെടുക്കാനുള്ള ശ്രമങ്ങളില്‍ ആദര്‍ശ ഭേദമെന്യെ എല്ലാ ജനാധിപത്യ വിശ്വാസികളും ഒരുമിച്ചുനിന്നു പൊരുതേണ്ടതുണ്ട്.