സിനിമയ്ക്കു മുൻപും ശേഷവും സിനിമയുണ്ട്: ഹർഷദ് സംസാരിക്കുന്നു.

കേരളത്തിൽ നിന്ന് ഛത്തീസ്ഗഢിലെ ഇലക്ഷൻ ഡ്യൂട്ടിക്കു പോകുന്ന ഒരു കൂട്ടം പൊലീസുകാരുടെ കഥ പറയുന്ന ഉണ്ട എന്ന സിനിമ, മലയാള സിനിമാ രംഗത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റത്തിന്റെ രാഷ്ട്രീയ പ്രതിനിധാനം കൂടിയാണ്. ജാതീയത, ഭരണകൂടം, അധിനിവേശം തുടങ്ങിയ സങ്കീർണമായ വിഷയങ്ങളെ, വളരെ സൂക്ഷ്മമായി ചർച്ച ചെയ്യുന്നു എന്നതിനാലാണ് ഈ ചിത്രം ഈ കാലത്തു പ്രസക്തമാകുന്നത്. ഹർഷദാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. 2008 മുതൽ, പീസ് പ്രോസസ്, ലാണ്ട്യ, യെല്ലോ ഗ്ലാസ് തുടങ്ങിയ ഹ്രസ്വ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഹർഷദിന്റെ ആദ്യ സിനിമ, ‘ദായോം പന്ത്രണ്ടും’ എന്ന റോഡ് മൂവിയാണ്. ഹർഷദുമായി രൂപേഷ് കുമാർ നടത്തിയ അഭിമുഖം.

ദായോം പന്ത്രണ്ടും എന്ന സിനിമയ്ക്കു ശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ഹർഷദ് ഉണ്ടയിലേക്ക് എത്തുന്നത്. അതൊരു വളര്‍ച്ച കൂടിയാണ്. രാഷ്ട്രീയ നിലപാടിന്റെയും നോട്ടത്തിന്റെയും പ്രമേയത്തിന്റെയും കാര്യത്തിൽ വളരെ മുന്നോട്ടു പോയതായി മനസ്സിലാക്കുന്നു. ഈ കാലത്ത് സിനിമയിലും രാഷ്ട്രീയത്തിലും സ്വയം അപ്ഡേറ്റ് ആകാനുള്ള ശ്രമത്തിലായിരുന്നോ?

ദായോം പന്ത്രണ്ടും എന്ന സിനിമയില്‍, മുത്തോരന്‍ എന്ന ആളായിരുന്നു ആദിവാസി കമ്യൂണിറ്റിയില്‍പ്പെട്ട കാരക്ടര്‍. നാഗരികര്‍ എന്നു വിളിക്കുന്ന മനുഷ്യര്‍ യാത്ര പോകുന്നു. അവരിലേക്കു വന്നു ചേരുന്ന കൗതുക വസ്തു മാത്രമായിട്ടാണു മുത്തോരനെ അവര്‍ കാണുന്നത്. ഇവര്‍ ഏതോ അര്‍ഥത്തില്‍ ഒരു ഫിലിം ഉണ്ടാക്കാന്‍ പോകുന്ന, ഗ്രൂപ്പ് ഓഫ് യങ്സ്റ്റേഴ്‌സ്  ആണ്. അങ്ങനെയുള്ളവരുടെ കൂടെ യാത്ര ചെയ്യുമ്പോള്‍ ഇവരെ പൊതു സമൂഹം എങ്ങനെ കാണുന്നു എന്നു പറയാനാണു ഞാന്‍ ദയോം പന്ത്രണ്ടിലൂടെ ശ്രമിച്ചത്. പൊതു സമൂഹത്തിന് ആദിവാസി പലപ്പോഴും ഒരു കൗതുകമാണ്. സഹതാപത്തിനു വേണ്ടിയുള്ള വസ്തുവാണ്. അങ്ങനെയുള്ള കാര്യങ്ങള്‍ വളരെ ചുരുങ്ങിയ ഷോട്ടുകളിലൂടെയും ഡയലോഗിലൂടെയും കാണിക്കാനും പിന്നെ, അവരെക്കുറിച്ചുള്ള നാഗരികരുടെ ധാരണകളെക്കുറിച്ചു പറയാനുമൊക്കെയാണ് അതില്‍ ശ്രമിക്കുന്നത്. എന്റെ ക്യാമറ എപ്പോഴും ഇപ്പുറത്തായിരുന്നു. ഞാന്‍ ആദിവാസി അല്ലാത്തതുകൊണ്ട് ആദിവാസിയുടെ ആങ്കിളില്‍ കാര്യങ്ങള്‍ പറയാന്‍ എനിക്കു കഴിഞ്ഞിരുന്നില്ല. അതിപ്പോ ഉണ്ടയിലും നിങ്ങള്‍ക്കു കാണാം. ഇത് ഒരു പ്രാവശ്യം ഞാന്‍ രൂപേഷിനോടു തന്നെ പറഞ്ഞിട്ടുമുണ്ട്. എനിക്ക് ഒരിക്കലും ദലിത് / ആദിവാസി ആങ്കിളില്‍ സിനിമ പറയാന്‍ പറ്റില്ല. ഞാനെത്ര പറഞ്ഞാലും അതു പെര്‍ഫെക്റ്റ് ആകില്ല. കാരണം ഞാന്‍ അതല്ല.

ഞാന്‍ പറയുന്നതിന് ഒരു പരിധിയുണ്ട്. അതെന്റെ കഴിവുകേടോ അറിവില്ലായ്മയോ മാത്രമല്ല. അവരുടെ കമ്യൂണിറ്റിയില്‍പ്പെട്ട ആള്‍ അവരുടെ സങ്കടങ്ങളും സന്തോഷങ്ങളും പറയുന്നതു പോലെയാകില്ല വേറൊരാള്‍ പറയുന്നത്. അങ്ങനെ ഉറച്ചു വിശ്വസിക്കുന്ന ആളാണു ഞാന്‍. എനിക്ക് എന്റെ കമ്യൂണിറ്റിയെക്കുറിച്ചു പറയുമ്പോള്‍ നല്ല കോൺഫിഡൻസില്‍ പറയാന്‍ പറ്റും; ഞാന്‍ അതായതു കൊണ്ടാണത്. ആ രാഷ്ട്രീയ നിലപാട് അന്നുമുണ്ട്, ഇന്നുമുണ്ട്.

അതുകൊണ്ടു തന്നെയാണ് ഉണ്ടയിലും ദായോം പന്ത്രണ്ടിലുമൊക്കെ എന്റെ ക്യാമറ ഇപ്പുറത്തു വരുന്നത്. പൊതു സമൂഹത്തിന്റെ ഭാഗമായിട്ടാണു ഞാന്‍ ക്യാമറ വെച്ചത്. ദായോം പന്ത്രണ്ടില്‍ നാഗരികര്‍ ആയ ഈ നാലു പേരുടെ കൂടെ നിന്നിട്ടാണു സിനിമ പറയുന്നത്. അവര്‍ കാണുന്ന ആദിവാസികൾ, അവരെങ്ങനെയാണോ ആദിവാസികളെ കാണുന്നത്, കണ്ടിരുന്നതും കാണാന്‍ ആഗ്രഹിക്കുന്നതും. അതില്‍ എല്ലാം ഉണ്ട്. ഇൻസല്‍ട്ടിങ് ഉണ്ട്, എമ്പതി ഉണ്ട്, സിമ്പതി ഉണ്ട്, കൂടെ നിര്‍ത്തലുകളുണ്ട്, കോമഡി ഉണ്ട്; എല്ലാം ഉണ്ടതില്‍. വാർത്തയ്ക്കുള്ള മെറ്റീരിയല്‍ ആകുന്നതൊക്കെ ഉണ്ട്. ദായോം പന്ത്രണ്ടില്‍ അവസാന ഷോട്ടില്‍ “അതു ക്യാമറയില്‍ പതിഞ്ഞില്ല” എന്നു പറയുന്നിടത്താണു സിനിമ അവസാനിക്കുന്നത്. അതില്‍ നിന്ന് ഒട്ടും വ്യത്യസ്തമല്ല ഉണ്ടയിലെ പൊളിറ്റിക്സ്.

ഉണ്ട എന്നത് നടന്ന സംഭവത്തിനെ  ബെയ്സ് ചെയ്ത്, പത്ര വാര്‍ത്തയുടെ മുകളില്‍ ഒരു കഥ ഉണ്ടാക്കുകയാണ്. അവിടെ നമുക്കു കുറച്ചു ലിമിറ്റേഷന്‍സ് ഉണ്ട്. ചത്തീസ്ഗഢില്‍ രണ്ടായിരത്തി പതിനാലില്‍ തിരഞ്ഞെടുപ്പ ഡ്യൂട്ടിക്കു പോയ പൊലീസുകാരുടെ കദന കഥ പറയുന്ന പത്ര വാര്‍ത്തയില്‍ നിന്നാണ് ആ സിനിമയുടെ തുടക്കം. അപ്പൊ അവരുടെ ആങ്കിളില്‍ നിന്നുള്ള സിനിമയാണു പറയാന്‍ പോകുന്നതെന്ന് ആദ്യം തന്നെ ഫിക്സെഡ് ആണ്. അതാണ്‌ ഖാലിദ് റഹ്‌മാൻ എന്ന സംവിധായകന്‍ എന്നോട്ടു പറയുന്നതും. അങ്ങനെ പറയുമ്പോള്‍ നമ്മള്‍ പോകുന്നതു ഛത്തീസ്ഗഢിലേക്കാണ്. ഭൂരിഭാഗവും ആദിവാസികള്‍ക്കു വേണ്ടി ഉണ്ടാക്കിയ സ്റ്റേറ്റാണ് ചത്തീസ്ഗഢ്. അവരുടെ വെൽഫെയറിനൊക്കെ വേണ്ടിയിട്ടെന്നു പറയപ്പെടുന്ന സ്റ്റേറ്റ്. അവിടെ തിരഞ്ഞെടുപ്പു ഡ്യൂട്ടിക്കു പോകുമ്പോള്‍ തീര്‍ച്ചയായും അവരെ കണ്ടുമുട്ടേണ്ടി വരും. അവരെ നമ്മള്‍ അഡ്രസ്സ് ചെയ്തേ പറ്റൂ. അവരെ നമ്മള്‍ കാണണം. അപ്പോള്‍ ആ പൊലീസുകാരുടെ യാത്രയിലൂടെയാണ് ആ സിനിമ പോകുന്നത്. അപ്പോള്‍ അവിടത്തെ തിരഞ്ഞെടുപ്പു സമയത്ത് ബൂത്തില്‍ വരുന്ന ആദിവാസികളാണു ഭൂരിപക്ഷവും ഉള്ളത്. അവരുമായി എന്തായാലും ഒരു എൻകൗണ്ടര്‍ ആ പൊലീസുകാര്‍ക്ക് ഉണ്ടാകും. പക്ഷേ പത്രക്കട്ടിങ്ങുകളില്‍ അതൊന്നുമില്ല. പത്രക്കട്ടിങ്ങില്‍ പൊലീസുകാര്‍ക്ക് ഗവൺമെന്റ് ഫെസിലിറ്റി കൊടുക്കാത്തതിനെക്കുറിച്ചുള്ള വാര്‍ത്ത മാത്രമാണുള്ളത്. പക്ഷേ അതു മാത്രം പറഞ്ഞാല്‍ വെറും ഡ്രൈ ആകും. കാരണം അവര്‍ വെറും ബൂത്തില്‍ ഇരിക്കുക മാത്രമല്ലല്ലോ. ബൂത്തില്‍ ഒരു മെഷീന്‍ ഉണ്ട്. ആ മെഷീന്‍ മനുഷ്യരുമായി എൻഗെയ്ജ് ചെയ്യുന്നതാണ്. ആ മനുഷ്യര്‍ ആദിവാസികള്‍ ആണ്. അവിടെയാണു ഞാന്‍ വീണ്ടും ദയോം പന്ത്രണ്ടും പോലുള്ള സിനിമ ചെയ്യുന്നു എന്ന ബോധം വരുന്നത്. അതു കുറേക്കൂടി റിലെയ്റ്റ് ചെയ്യാന്‍ വേണ്ടിയാണു പൊലീസുകാരില്‍ അത്തരത്തിലുള്ള കാരക്ടര്‍ ഉണ്ടാക്കുന്നത്. പ്രാഥമികമായ കാര്യം, അവിടെ ഉള്ളവര്‍ വോട്ടര്‍മാരാണ് എന്നതാണ്. ബാക്കിയുള്ള, മാവോയിസം, പട്ടാളക്കാര്‍ തുടങ്ങിയ പരിപാടികള്‍ പിന്നെയാണ്. അവിടെ ഉണ്ടാകാന്‍ പോകുന്ന ജനങ്ങളുടെ റെപ്രസെന്റേഷന്‍ ആയാണ് പൊലീസിലെ ആദിവാസി കാരക്ടര്‍ ഉണ്ടാക്കുന്നത്. അങ്ങനെയാണ് ഈ സിനിമ ഉണ്ടായത്.

അതേസമയം സിനിമയുടെ വിമര്‍ശന രീതികളിലും മാറ്റം വന്നിട്ടുണ്ട്. ജാതിക്കൊപ്പം മറ്റ് അധികാര ഘടനകളെക്കുറിച്ചുമുള്ള ചർച്ചകൾ സിനിമാ വിമർശന മേഖലയിൽ ഉയർന്നു വന്നിട്ടുണ്ട്. പക്ഷേ, ഇന്ത്യന്‍ അവസ്ഥയിലെ ജാതി അതിക്രമങ്ങളെക്കുറിച്ചു പറയുമ്പോള്‍ നിങ്ങൾ പ്രത്യക്ഷത്തില്‍ ജാതി പറയുന്നു എന്ന വായന ഈ സിനിമയെക്കുറിച്ച് ഉണ്ടാവുന്നുണ്ടല്ലോ.

ഓർമ വെച്ച കാലം മുതല്‍ തന്നെ, മലയാള സിനിമ ജാതി അഡ്രസ്സ് ചെയ്യുന്നുണ്ട്. കൃത്യമായി ജാതി പറഞ്ഞിട്ടു തന്നെയാണ് ഇവിടെ സിനിമ ഉണ്ടായിട്ടുള്ളത്. അല്ലാതെ ഉണ്ടയില്‍ ജാതി പറയുന്നു എന്നതൊരു പുതിയ കാര്യമൊന്നുമല്ല. നായകന്‍ എന്തു ജാതിയാണെന്നും അതിന്റെ വലുപ്പമോ ചെറുപ്പമോ പറഞ്ഞിട്ടുമൊക്കെത്തതന്നെയാണ് കാലങ്ങളായി ഇവിടെ സിനിമ ഉണ്ടായിട്ടുള്ളത്. ഇപ്പൊ മാത്രം ജാതി പറയുന്നു എന്നു പറയുന്നവരോടു ഞാന്‍ ചോദിക്കുക, ‘ഇതെന്താ നിങ്ങള്‍ ഇങ്ങനെ വായിക്കുന്നതെ’ന്നാണ്. അതായത്, സവര്‍ണന്‍ എന്ന്  അവര്‍ വിളിക്കുന്ന ജാതി ഉണ്ടല്ലോ, ആ ജാതിയില്‍പ്പെട്ട ഒരാളുടെ ജീവിതരീതികളും ഡേ റ്റു ഡേ ആക്റ്റിവിറ്റീസും ബന്ധങ്ങളും കൃത്യമായി പറയുമ്പോള്‍ അതൊരു ജാതി പറയുന്ന സിനിമയല്ല. അതേസമയം ഒരു ദലിത് കഥാപാത്രം / ഒരു പുലയ കഥാപാത്രം / ഒരു ആദിവാസി കഥാപാത്രം “എനിക്കു ഞാനായാൽ മതി” എന്നു പറയുമ്പോള്‍ അതു ജാതിയുടെ അസെര്‍ഷന്‍ ആവുകയാണ്. ഇത് എന്തുകൊണ്ടാണെന്ന് എനിക്കു മനസ്സിലായിട്ടില്ല. നിങ്ങളെപ്പോലുള്ളവരാണ് അതു മനസ്സിലാക്കിത്തരേണ്ടത്. എന്തു കൊണ്ടാണ് ഇങ്ങനെ വരുന്നത്? ഞാനിപ്പോ പഴയ പടങ്ങള്‍ വരെ കാണുന്നുണ്ട്. എല്ലാ പടത്തിലും ജാതി ഉണ്ട്. വളരെ വ്യക്തമായിട്ടുണ്ട്. വളരെ കൃത്യമായിട്ട്‌ ഇതൊക്കെ പറയുന്നുണ്ട്. അതൊന്നും വയലന്‍സ് ആയിട്ടോ  പ്രശ്നമായിട്ടോ ആര്‍ക്കും തോന്നിയിട്ടില്ല. ഞാന്‍ ഇന്ന ജാതി ആണെന്ന് പ്രൊക്ലൈം ചെയ്യുന്ന തരത്തിലുള്ള കഥാപാത്ര നിർമിതിയേ എക്കാലത്തും ഇവിടെ നടന്നിട്ടുള്ളൂ. അല്ലാതെ നടന്നിട്ടില്ല. നമ്മള്‍ കണ്ടിട്ടില്ല. ഇപ്പറയുന്ന ഇടതുപക്ഷ ഇടങ്ങളില്‍ ഉണ്ടായിട്ടുള്ള, നായകന്‍ ഇടതുപക്ഷമാണെന്നു പറയുന്ന പടങ്ങളിലെല്ലാം നായകന്‍റെ ജാതി പറയുന്നുണ്ടാകും.

സിനിമയില്‍ ഉണ്ണി എന്ന പൊലീസുകാരന്റെ, “ഞാന്‍ ഇന്നലെ മരിച്ചു പോയെടാ” എന്ന  ഡയലോഗുണ്ട്. അതു വിലയിരുത്തപ്പെടുന്നത് അയാളുടെ ഉള്ളിലെ ജാതി മരിച്ചു എന്നായിട്ടാണ്. അങ്ങനെയങ്ങ് ഒറ്റയടിക്കൊക്കെ ജാതി മരിച്ചു പോകുമോ?

“ഞാന്‍ ഇന്നലെ മരിച്ചെടാ” എന്ന ഡയലോഗാണ് സിനിമയ്ക്കു ശേഷം  ഞാന്‍ ഒരുപാടു കേട്ടത്. ജാതിയില്‍ ഇന്നുവരെ നമ്മളൊക്കെ ചര്‍ച്ച ചെയ്ത ഇക്വേഷനില്‍ ഒതുങ്ങാതെ അവന്‍ മാപ്പു ചോദിച്ചു എന്നൊക്കെയാണു പലരും എഴുതിയത്. ആ മരണം എന്നത് ആ മൊമന്റില്‍ ആണ്. തൊട്ടു തലേ ദിവസം, മരണം മുഖാമുഖം കണ്ട രണ്ടു പേരാണ്. പിറ്റേന്ന് തിരഞ്ഞെടുപ്പിന്റെ അന്ന്  ഡെയ്ഞ്ചര്‍ ദിവസമാണ്. പിറ്റേന്ന് എന്താണു നടക്കാന്‍ പോവുകെന്നറിയില്ല. നാളെ തിരഞ്ഞെടുപ്പു നടക്കാന്‍ പോകുന്ന മൊമന്റില്‍ അവനങ്ങനെ പറയും. പക്ഷേ ഇലക്ഷന്‍ കഴിഞ്ഞു തിരിച്ചു പോകുമ്പോള്‍ അയാള്‍ വീണ്ടും ആദിവാസി എന്നു വിളിച്ചു കളിയാക്കും. അതാണു ഞാന്‍ പടത്തില്‍ പറയുന്നത്. ഇതൊരു ബ്ലാക് ആന്‍ഡ്‌ വൈറ്റ് പരിപാടി അല്ലല്ലോ. ആരെക്കണ്ടാലും മാവോയിസ്റ്റ് എന്നു പറയുന്ന മറ്റൊരു പൊലീസ് കഥാപാത്രമുണ്ട് ഈ സിനിമയില്‍.

അജി പീറ്ററായി വേഷമിട്ട റോണി ഡേവിഡ്

ഉണ്ടയിലെ അജി പീറ്റര്‍ എന്ന പോലീസുകാരന്‍ മണി സാറിനെപ്പോലും നിയന്ത്രിക്കുന്ന, ഓരോരുത്തരെയും മാവോയിസ്റ്റ് എന്നു പേരിട്ടു വിളിക്കുന്ന ‘തന്ത’ ആയി മാറുന്നുണ്ട്. ഒരുതരത്തില്‍ കേരളത്തിലെ, ‘എല്ലാം ഞങ്ങളാണ്’ എന്ന ഇടതുപക്ഷ ബോധം. സെക്കുലര്‍ കേരളം അതൊന്നും ചർച്ച ചെയ്തു കണ്ടില്ല. ബിജു കുമാറിനെ ആദിവാസി എന്നു വിളിക്കുന്ന ഉണ്ണി എന്ന പൊലീസുകാരനുമപ്പുറം അജി പീറ്റര്‍ വേറൊരു തരത്തില്‍ ജാതി തന്നെയല്ലേ പ്രയോഗിക്കുന്നത്?

അജി പീറ്റര്‍ എന്ന പൊലീസുകാരന്റെ ബോഡി ലാങ്ഗ്വേജിലും പെരുമാറ്റത്തിലും ആദ്യം മുതല്‍ സ്വയം പ്രഖ്യാപിക്കുന്നത് “ഞാനൊരു വിപ്ലവകാരി” എന്ന നിലയിലാണ്. അയാള്‍ എല്ലാത്തിനെയും എതിര്‍ക്കുന്ന ആളാണ്. എതിര്‍ക്കല്‍ എന്റെ ജന്മാവകാശമാണ്. ഞാന്‍ എതിര്‍ക്കുന്ന ഒരാളാണ്, ഞാന്‍ സ്വയം വിപ്ലവകാരി ആണ്, ഞാന്‍  റിബല്‍ ആണ് എന്ന ഇടതുപക്ഷ ബോധമാണ് അയാളില്‍ നിലനില്‍ക്കുന്നത്. ആ ലോജിക്കാണ് അയാളില്‍ വര്‍ക്ക്‌ ചെയ്യുന്നത്. പക്ഷേ സിനിമയില്‍ എവിടെയും അയാളുടെ പാര്‍ട്ടിയോ ഒന്നും പറയുന്നില്ല. പക്ഷേ സിനിമയില്‍ അയാളുടെ ബീഹേവിയറല്‍ പാറ്റേൺ മുഴുവന്‍ ആ ഒരു മോഡില്‍ ആണ്. ഞാന്‍ നിങ്ങളേക്കാള്‍ മുകളിലാണെന്ന ഭാവമുണ്ട്. ആ ‘മേൽകോയ്മാ ഭാവവും’ നേരത്തെ ആദിവാസി എന്നു കളിയാക്കിയ ഉണ്ണി എന്ന പൊലീസുകാരനും തമ്മില്‍ വ്യത്യാസമുണ്ട്. ഉണ്ണി കൃത്യമായി ജാതീയത മാത്രം വെച്ചു കൊണ്ടാണ് ബിജു കുമാറിനു മേലെ നിൽക്കുന്നത്. മറ്റേയാള്‍ അതിനെയും അപ്രസക്തമാക്കുന്ന രീതിയില്‍ “ഞാന്‍ എല്ലാവരുടെയും ആളായിട്ട്”, ‘നിങ്ങളുടെ എല്ലാവരുടെയും രക്ഷാകര്‍ത്താവ് എന്നാ രൂപത്തിലാണു പെരുമാറുന്നത്. മണി സാറിനോടു പോലും അയാള്‍ പറയുന്നത് “ഇനിയെങ്കിലും ഞങ്ങള്‍ പറയുന്നതു നിങ്ങള്‍ കേള്‍ക്കണം” എന്നാണ്. അയാളേക്കാളും എക്സ്പീരിയൻസ് ഉള്ള, ടീം ലീഡറായ മണി സാറിനോട് ‘ഇനിയെങ്കിലും’ എന്നാണ് അയാള്‍ പറയുന്നത്. അതായത് നിരന്തരം അയാള്‍ ഇങ്ങനെ പറയാറുണ്ടെന്നാണ് അര്‍ഥം. ആ മനുഷ്യന്‍ ചത്തീസ്ഗഢില്‍ നിന്നു തിരിച്ചു വന്നാല്‍ നിലമ്പൂരില്‍ മാവോയിസ്റ്റ് എന്നു പറഞ്ഞ് ഏതെങ്കിലും ഒരുത്തനെ കൊല്ലുമായിരിക്കും. എന്നാല്‍ ബിജു കുമാര്‍ എന്ന ആദിവാസി ആയ പൊലീസുകാരന്‍, “നിങ്ങള്‍ക്കറിയാം ഞാന്‍ എവിടെ നിന്നാണു വരുന്നതെന്ന്. അതു വെച്ചു നിങ്ങള്‍ എന്നെ സ്ഥിരമായി കളിയാക്കാറുണ്ട്. നിങ്ങള്‍ക്കു പലപ്പോഴും അതൊരു കളിയാക്കല്‍ ആയിരിക്കും. പക്ഷേ എനിക്കത് അങ്ങനെയല്ല” എന്നാണു പറയുന്നത്. പിന്നീട് അയാള്‍ പറയുന്ന, “നമ്മുടെ കാര്യങ്ങള്‍ മറ്റുള്ളവര്‍ തീരുമാനിക്കുന്ന ഒരു അവസ്ഥ” എന്നു പറയുന്നത് ഇവിടെ അജി പീറ്റര്‍ക്കും എല്ലാവര്‍ക്കും ബാധകമാണ്. അത് വ്യത്യസ്ത ഐഡന്റിറ്റികളില്‍ ഉള്ള എല്ലാവരുടെയും കാര്യങ്ങള്‍ ഞങ്ങള്‍ നോക്കിക്കോളാം എന്നു പറയുന്ന, എല്ലാവര്‍ക്കും കൂടി ഉള്ള വർത്താനമാണ്. രൂപേഷേ, നീ തന്നെ ഒരു സിനിമ എടുത്തില്ലേ? ‘ഡോണ്ട് ബീ ഔർ ഫാദേർസ്’ എന്ന സിനിമ? അതു തന്നെയാണ് ബിജുകുമാര്‍ പറയുന്നത്. ‘നീ എന്റെ തന്ത ആവണ്ട’ എന്നാണ് ആ പറഞ്ഞത്.

ബിജു കുമാര്‍ എന്ന ആദിവാസിയുടെ അതിജീവനം ഈ സിനിമയിലെ പ്രധാനപ്പെട്ട പ്ലോട്ടാണ്. പൊലീസുകാരനെന്ന നിലയിലുള്ള ജീവിതത്തില്‍ അയാള്‍ ഒരുപാടു യുദ്ധങ്ങള്‍ ചെയ്തിട്ടുണ്ടാകാം. എന്നിട്ടും അയാള്‍ക്കു തന്നെ, തന്നെ വിശദീകരിക്കേണ്ടി വരുന്നുണ്ട്. അതൊരു ഗതികേടു കൂടിയാണ്; കേരളത്തിന്റെ ഗതികേട്. എങ്ങനെ നോക്കിക്കാണുന്നു?

ദായോം പന്ത്രണ്ടും പലയിടത്തും പ്രദര്‍ശിപ്പിച്ചപ്പോള്‍ ഉണ്ടായ പ്രതികരണങ്ങള്‍ക്കു ശേഷമാണ് ഞാന്‍ പല തരത്തിലുള്ള ദലിത് സുഹൃത്തുക്കളോടൊക്കെ പല തരത്തില്‍ ഇന്ററാക്റ്റ് ചെയ്യുകയും അത്തരം വിഷയങ്ങൾ കൂടുതല്‍ പഠിക്കുകയും ചെയ്യുന്നത്. അതു് സ്വാഭാവികമായിട്ടും എന്റെ വിഷ്വല്‍ സെൻസിനെ ഒക്കെ മാറ്റിയിട്ടുണ്ടാകും. പക്ഷേ ഈ സിനിമയിലെ ഓരോ ഷോട്ടും ഡിസൈന്‍ ചെയ്തതു ഞാനൊന്നുമല്ല. അതൊന്നും എന്റെ മിടുക്കും അല്ല. അതൊക്കെ റഹ്‌മാനും ക്യാമറാമാനും ചെയ്തതാണ്. സ്ക്രിപ്റ്റിങ്ങിന്റെ സ്റ്റേജില്‍ത്തന്നെ, നമ്മളിത് ആരുടെ ആങ്കിളില്‍ ആണു പറയുന്നതെന്ന് ആദ്യമേ ഫിക്സെഡ് ആണ്. ഇത് ബിജു കുമാറിന്റെ പോയിന്റ് ഓഫ് വ്യൂവില്‍ പറയുന്ന സിനിമയാണെന്നത് ആദ്യമേ ഫിക്സ് ചെയ്ത സംഗതി ആണ്. ബിജു കുമാര്‍ കണ്ട പൊലീസ് സേനയും ബിജു കുമാര്‍ കണ്ട ഹീറോയും ആണ് ഈ സിനിമ. ബിജു കുമാറിന്റെ ഹീറോ എന്നു പറയുന്നത് മണി സാര്‍ ആണ്. മണി സാര്‍ ഇവനെപ്പോലെ തന്നെ, അല്ലെങ്കില്‍ ഇതു പോലുള്ള എല്ലാ അനുഭവങ്ങളിലൂടെയും കടന്നുപോയ മനുഷ്യനാണ്. അതിനെ അതിജീവിച്ചു് അവരുടെ ലീഡറായി നില്‍ക്കുന്ന ആളാണ്. അതു പോലെ ആകാന്‍ അവനു പറ്റുന്നില്ല പലപ്പോഴും. അവന്‍ തളര്‍ന്നു പോവുകയാണ്. അതുകൊണ്ടാണ് അയാള്‍, ‘ഞാന്‍ ജോലി ഉപേക്ഷിക്കുകയാണ്’ എന്നു പറയുന്നത്. ചിലപ്പോള്‍ ആദ്യമായിട്ടായിരിക്കില്ല അയാള്‍ അതു പറയുന്നുണ്ടാവുക. മുൻപും അയാളത് ആലോചിച്ചിട്ടുണ്ടാകാം.

പലപ്പോഴും നമ്മള്‍ വിചാരിക്കുന്നതിന് അപ്പുറമാണു  ബിജു കുമാര്‍. പലപ്പോഴും അയാൾ പൊട്ടിത്തെറിക്കുന്നുണ്ട്. അവന്‍ അതില്‍ തല്ലുന്നുണ്ടല്ലോ. എല്ലാത്തിനും ഉപരിയായി ജാതിയും മതവും നോക്കാതെ റെസ്പെക്റ്റ് ചെയ്യുന്ന ഒരാള്‍ നമ്മുടെ വീട്ടിനടുത്തും പരിസരത്തുമൊക്കെ ഉണ്ടാകാമല്ലോ. അങ്ങനെ അവന്റെ വീടുമായി നല്ല ബന്ധം ഉള്ള ഒരാളാണു മണി സാര്‍. അത്തരത്തിലുള്ള സീനുകളും ഞങ്ങള്‍ എഴുതിയിരുന്നു. ബിജുവിന്റെ അമ്മയും മണി സാറും തമ്മിലുള്ള ബന്ധമൊക്കെ ചിത്രീകരിക്കുന്ന സീനുകള്‍ ഉണ്ടായിരുന്നു. പിന്നെ സിനിമയുടെ ദൈര്‍ഘ്യം കൂടുന്നതു കൊണ്ട് അത്തരം സീനുകള്‍ ഒഴിവാക്കുകയായിരുന്നു. അവന്റെ കുടുംബത്തിലെ ഒരാളെപ്പോലെയാണു മണി സാര്‍. പക്ഷേ മണി സാര്‍ ഒരിക്കല്‍പ്പോലും അവനോട് “നീ അങ്ങനെ ചെയ്യണം”, “നീ നന്നാവണം” എന്നൊന്നും പറയുന്നില്ല. ‘ജോലി ഉപേക്ഷിക്കുന്ന കാര്യമൊക്കെ നമുക്കു നാളെക്കഴിഞ്ഞിട്ട് ആലോചിക്കാം’ എന്നാണു പറയുന്നത്. ‘നാളെ ഇവിടെ ഒരു നിര്‍ണായക സംഭവം നടക്കാന്‍ പോവുകയാണ്. നമ്മളാരും തിരിച്ചു പോവുകയോ ഇല്ലയോ എന്ന് ഉറപ്പില്ല.’ പക്ഷേ മണി സാറിനേക്കാള്‍ ഒരുപാടു കൂടുതല്‍ ബിജു അനുഭവിച്ചിട്ടുണ്ടാകും. “എന്റെ അമ്മ പറഞ്ഞു, പൊലീസില്‍ ചേര്‍ന്നാല്‍ ഒരു നിലയും വിലയുമുണ്ടാകുമെന്ന്”. ‘നിലയും വിലയും’ എന്നാണു ഞാന്‍ എഴുതിയത്. മറ്റു പല വാക്കുകളും എനിക്ക് എഴുതാമായിരുന്നു. അങ്ങനെ തന്നെ പറയിപ്പിച്ചു. അതു തന്നെ പറയുന്നത് എന്തുകൊണ്ടാണ്? സമൂഹത്തില്‍ മാന്യത കിട്ടുമെന്നോ അല്ലെങ്കില്‍ നല്ല ജീവിതം കിട്ടുമെന്നോ ശമ്പളം കിട്ടുമെന്നോ എന്തും പറയാമല്ലോ അവിടെ. പക്ഷേ പൊലീസ് ആയാലെങ്കിലും നിലയും വിലയും കിട്ടുമെന്ന് ആ അമ്മ വിശ്വസിക്കുകയാണ്. പൊലീസുകാരാല്‍ ഒരുപാട് ഉപദ്രവിക്കപ്പെട്ടിട്ടുണ്ടാകാം ആ സ്ത്രീ.

ബിജു കുമാറായി വേഷമിട്ട ലുഖ്മാൻ

ബിജുവിന്റെ റോള്‍ ചെയ്ത ലുഖ്മാനോടു സംസാരിച്ചപ്പോള്‍ ഈ കഥാപാത്രത്തിലെത്താന്‍ ശരീരം ഉറപ്പിച്ചു, സെറ്റില്‍ ആ കഥാപാത്രത്തിന്റെ കൂടെത്തന്നെ ആയിരുന്നു എന്നൊക്കെയാണു പറഞ്ഞത്. എങ്ങനെയാണു ലുഖ്മാന്‍ ഈ കഥാപാത്രത്തിലേക്ക് എത്തുന്നത്?

ലുഖ്മാന്‍ രണ്ടു കൊല്ലവും ഈ സിനിമയുടെ സ്ക്രിപ്റ്റിങ്ങിന്റെ എല്ലാ ഘട്ടത്തിലും കൂടെ ഉണ്ട്. ലുഖ്മാന്‍ എന്റെ സുഹൃത്താണ്. അതു കൊണ്ടാണ് ആ കഥാപാത്രം അയാള്‍ അഭിനയിച്ചത്. അവന്  ഏറ്റവും നല്ല റോള്‍ ഞാന്‍ കൊടുക്കും. അതു ഞാന്‍ കൊടുത്തിരിക്കും.

പിന്നെ റഹ്‌മാൻ ലുക്കുവിന് നൂറു സിംഹാസനങ്ങള്‍ എന്ന പുസ്തകം വായിക്കാന്‍ കൊടുത്തു. ആ പുസ്തകം ഒരു എക്സ്ട്രീം ആണല്ലോ. പിന്നെ സ്ക്രിപ്റ്റിങ്ങിന്റെ ഓരോ ഘട്ടത്തിലും കാര്യങ്ങള്‍ പറഞ്ഞു കൊടുക്കും. ആദ്യത്തെ സ്ക്രിപ്റ്റില്‍ അവന്റെ നാടും വീടുമൊക്കെ ഉണ്ടായിരുന്നു. പക്ഷേ അതൊക്കെ എനിക്ക് എഴുതാന്‍ പേടിയുണ്ടെന്നു ഞാന്‍ റഹ്‌മാനോടു പറഞ്ഞു. ഏകദേശം സ്ക്രിപ്റ്റിന്റെ പന്ത്രണ്ടാമത്തെ വേര്‍ഷന്‍ ആണു സിനിമയാക്കുന്നത്. ആദിവാസികളോടുള്ള നമ്മുടെ നോട്ടവും കാഴ്ചയും ഒക്കെ പ്രശ്നമാണേ..

ആദിവാസിയുടെ മുകളിലുള്ള കുതിര കയറ്റത്തിനും അജി പീറ്ററുടെ തന്ത ചമയലിനുമൊപ്പം സ്റ്റേറ്റ് തന്നെ, അതിന്റെ ടൂള്‍ ആയ പൊലീസ് ഫോഴ്സിലെ മനുഷ്യരോടു നടത്തുന്ന ഭീകരമായ അതിക്രമവും ഈ സിനിമയിലെ പ്ലോട്ടാണ്. അവിടെയും അടിച്ചമർത്തലിന്റെയും അധികാരത്തിന്റെയും ഭീകരമായ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. ഇതേ സ്റ്റേറ്റ് തന്നെയാണ് മാവോവാദിയാക്കി ഒരു ആദിവാസി യുവാവിനെ സിനിമയില്‍ കൊല്ലുന്നതും.

അതിലേക്കൊന്നും ഇതുവരെ  ചോദ്യം വന്നിട്ടില്ല. സ്റ്റേറ്റ് മെഷിനറിയുടെ ഭാഗമാണെങ്കിലും സ്റ്റേറ്റിന്റെ ഓപ്പറേഷന്‍ വേറെ തന്നെ ആണല്ലോ. അതിനുള്ളില്‍ക്കിടന്നു നരകിക്കുന്ന പലതരം ഐഡന്റിറ്റികൾ ഉണ്ട്. അതില്‍ ഇവരും പെടും. അതാണ് പൊലീസുകാരുടെ വേദനകള്‍ പറയുന്നു എന്നു ചിലര്‍ക്കെങ്കിലും തോന്നാനുള്ള കാരണം. ഈ പൊലീസുകാര്‍, ഒരു ഡ്യൂട്ടി അവരുടെ ഇഷ്ടമില്ലാതെ ഏറ്റെടുത്തതാണ്. അവര്‍ അവിടെ പ്രതിസന്ധിയിലാണ്. അവരെ സംരക്ഷിക്കാനാരുമില്ല. എന്നിട്ടും അവര്‍ ഈ പ്രതിസന്ധിയൊക്കെ തരണം ചെയ്തിട്ട് എന്താണു ചെയ്യുന്നത്? ആ ആദിവാസി പയ്യനെ, മാവോവാദി എന്നു പറഞ്ഞു പട്ടാളക്കാര്‍ കൊല്ലുന്നതും  ജനാധിപത്യത്തെ സംരക്ഷിക്കാനാണെന്നു പറഞ്ഞു് ഇവര്‍ പോയിട്ട് അവിടെ ചെയ്യുന്നതും ഒന്നു തന്നെയല്ലേ? ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യം എന്നൊക്കെ വിളിക്കുന്ന ഇന്ത്യയിലെ സംവിധാനത്തില്‍ പൊലീസുകാര്‍ എങ്ങനെയാണു ചട്ടുകമായി മാറുന്നത്?

ആദിവാസി, ജാതി, ഭരണകൂടം എന്നീ രാഷ്ട്രീയ വിഷയങ്ങള്‍ പ്രശ്നവൽക്കരിക്കുമ്പോള്‍ തന്നെ വളരെ സട്ടിൽ ആയി സറ്റയര്‍ ഒക്കെ ഉപയോഗിച്ച , സങ്കീർണമായ സിനിമ കൂടിയാണ് ഉണ്ട. ജനാധിപത്യത്തെ ഒക്കെ ശരിക്കും കളിയാക്കുന്നുമുണ്ടല്ലോ?

ഈ സിനിമ ഒരു ആക്ഷേപ ഹാസ്യ സിനിമ കൂടിയാണ്. ഞാനിങ്ങനെയുള്ള ഒരുപാടു സിനിമകള്‍ പുറത്തു നിന്നു കണ്ടിട്ടുണ്ട്. പ്രത്യേകിച്ചും കോൺഫ്ലിക്റ്റ് ഏരിയകളില്‍ നിന്നുള്ള പടങ്ങള്‍. ബോസ്നിയയില്‍ നിന്നാണെങ്കിലും ഫലസ്ത്വീനില്‍ നിന്നാണെങ്കിലും പോസ്റ്റ്‌ ഹിറ്റ്‌ലർ കാലത്തു വരുന്ന പടങ്ങളാണെങ്കിലും പോസ്റ്റ് കമ്യൂണിസ്റ്റ് പടങ്ങളാണെങ്കിലും സറ്റയറിക്കലി നോക്കിക്കാണുന്ന ഒരുപാടു പടങ്ങളുണ്ട്. ഈ കോൺഫ്ലിക്റ്റ് ഏരിയയില്‍ പോയിട്ടുള്ള യുനൈറ്റഡ് നേഷന്‍സിന്റെ കണ്ണുകളിലൂടെ കാണുന്ന പടങ്ങളാണു പൊതുവെ പുറത്തിറങ്ങുന്നവ. ആ രീതിയാണു ഞാന്‍ ഉപയോഗിച്ചിട്ടുള്ളത്. അങ്ങനെയുള്ള പടങ്ങളിലൊക്കെ ചെറിയ ചിരി ഉണ്ടാകും. കാരണം ഈ പോകുന്ന ആള്‍ക്കാരടക്കം സ്വയം വിഡ്ഢികള്‍ ആവുകയാണു ചെയ്യുന്നത്. “ഞങ്ങള്‍ക്കു ലാത്തി ഉണ്ട്” എന്ന ആ സീന്‍ എഴുതുമ്പോള്‍ എനിക്കു ചിരി വന്നിരുന്നു. പക്ഷേ സിനിമയില്‍ കണ്ടു കഴിയുമ്പോള്‍ ആരും ചിരിക്കുകയല്ല ചെയ്തത്, കയ്യടിക്കുകയായിരുന്നു. അത് എന്റെ പരാജയം ആണ്. ഒന്നുകില്‍ അത്തരം സിനിമകള്‍ കണ്ടു പരിചയം ഇല്ലാത്തതു കൊണ്ടോ അല്ലെങ്കില്‍ അങ്ങനെ അതിനെ വിശ്വസിക്കാന്‍ ഇഷ്ടപ്പെടാത്തതു കൊണ്ടോ ആവും അങ്ങനെ സംഭവിക്കുന്നത്. വോട്ട് ചെയ്യാന്‍ ഒരു അറിവും ഇല്ലാത്തവരെ അറിവ് ഉണ്ടാക്കി അവരെക്കൊണ്ടു വോട്ടു ചെയ്യിപ്പിക്കുന്ന പടം ആണല്ലോ ന്യൂട്ടന്‍. ഇതിലാണെങ്കില്‍ അങ്ങനെ പറയിപ്പിക്കാന്‍ നില്‍ക്കുന്നില്ല. ഇവരിപ്പോ വോട്ട് ചെയ്തിട്ട് എന്താണു സംഭവിച്ചത്? ഇതിലെ പൊലീസുകാര്‍ ആദിവാസികള്‍ വോട്ട് ചെയ്യാന്‍ വരുമ്പോള്‍ പേടിച്ചാണ് ഇരിക്കുന്നത്.

സിനിമ എന്നു പറയുന്നത്, സിനിമയ്ക്കു ശേഷവും മുൻപും സിനിമ ഉണ്ട്. ബോസ്നിയയില്‍ നിന്നുള്ള, “ദി പെര്‍ഫെക്റ്റ് ഡേ” എന്ന പടമുണ്ട്. യുദ്ധത്തിനു ശേഷം അവിടെ ഒരു യുഎന്‍ സംഘം പോകുന്നുണ്ട്. അവര്‍ക്കു കിട്ടുന്ന വിവരം കുന്നിന്‍ പുറത്തെ കിണറ്റിൽ ഒരു പശു ചത്തു കിടക്കുന്നു എന്നാണ്. ആ പശുവിനെ മാറ്റണം എന്നത് ഒരു യുഎന്‍ ദൗത്യം ആണ്. അതിലൂടെയാണ് അവിടത്തെ കോൺഫ്ലിക്റ്റിന്റെ രാഷ്ട്രീയം പറയുന്നത്. പക്ഷേ നേര്‍ത്ത നര്‍മത്തിലൂടെയാണ് അതു പറയുന്നത്. ഞങ്ങളുടെ റെഫറന്‍സ് സിനിമകളില്‍ അതൊക്കെ ഉണ്ടായിരുന്നു. ബോർഡർ പോസ്റ്റ് എന്ന മറ്റൊരു ബോസ്നിയന്‍ പടം ഉണ്ട്. യുദ്ധം നടക്കുമ്പോള്‍ സെര്‍ബിയന്‍ പട്ടാള മേധാവിക്കു സിഫിലിസ് വരുന്നു. ഡോക്ടര്‍ വന്നിട്ടു പറയും, ‘ഇരുപത്തി ഏഴു ദിവസം പെൻസിലിൻ കുത്തി വെക്കണം’. അപ്പോള്‍ ഇരുപത്തി ഏഴു ദിവസത്തേക്ക് അയാള്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയാണ്. അതാണു പടം. ഇങ്ങനെയുള്ള പടങ്ങളാണു ഞങ്ങളുടെ റെഫറന്‍സ് പടം. അങ്ങനെയുള്ള ചെറിയ ചെറിയ സറ്റയറുകള്‍ ഉണ്ടാക്കാനാണു ശ്രമിച്ചത്. ചെലപ്പോ അത് ഓടി. ചെലപ്പോ അത് ഓടിയില്ല. ഞങ്ങളുടെ കുറ്റമാണ്; പ്രേക്ഷകരുടെ കുറ്റമല്ല. 

സ്റ്റേറ്റിനെയും അധികാരത്തെയും പൊലീസിനെയും കളിയാക്കുന്ന സിനിമ കണ്ട് ഏറ്റവും കൂടുതല്‍ അഭിനന്ദിച്ചതു പൊലീസുകാരും ഡിജിപിയും ഒക്കെയാണ്. ഒരു കീലേരി അച്ചു സ്റ്റൈലില്‍ സ്റ്റേറ്റ് സിനിമയെ ഏറ്റെടുത്തിരിക്കുകയാണ്. ചിരി വരുന്നില്ലേ?

അതിനിപ്പോ നമ്മളെന്താ പറയുക? (ചിരിക്കുന്നു). പൊലീസുകാര്‍ക്കിഷ്ടപ്പെട്ടു. സിനിമ കണ്ടു കരഞ്ഞ, പൊലീസുകാരൊക്കെ എന്നെ വിളിച്ചിരുന്നു. ഒരു പൊലീസുകാരന്‍ എന്നെ വിളിച്ചു പറഞ്ഞത് “ചേട്ടാ, ഞാനൊക്കെ ബീഹാറിലൊക്കെ പോകുമ്പോള്‍ കള്ള വോട്ടിനു കൂട്ടു നിക്കലായിരുന്നു പണി. എത്രയോ പ്രാവശ്യം ഞാന്‍ അതു ചെയ്തിട്ടുണ്ട്.” അങ്ങനെയൊക്കെ ജോലി ചെയ്യുന്ന പോലീസുകാരനോട്‌ “അല്ലയോ ജനാധിപത്യ വിശ്വാസികളേ” എന്നു പറഞ്ഞാല്‍ അയാളുടെ മനസ്സില്‍ എന്താ ഉണ്ടാവുക?

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ആഘോഷം ആണല്ലോ ഈ തെരഞ്ഞെടുപ്പ്. അതിനെ സർക്കാസ്റ്റിക് ആയിട്ടു കാണുകയാണു ഞങ്ങള്‍ ചെയ്തത്. അതിനുള്ളിൽ വരുന്ന പ്രശ്നങ്ങളാണു ബിജു കുമാറിന്റേതും ദലിതന്റേതും ഒക്കെ. അതുകൊണ്ട് ഏതെങ്കിലും ഒന്നിലേക്കു മാത്രമായി ചുരുക്കിക്കാണുന്നതിനോടു യോജിപ്പില്ല.

മമ്മൂക്കയുടെ മണി സാര്‍ എന്ന, പിന്നോക്കക്കാരനായ പൊലീസുകാരന്‍, ‘കഴിവില്ല’ എന്ന ‘മെറിറ്റ്’ വാദത്തിനാലാണു് അയാളുടെ കീഴിലുള്ള പൊലീസുകാരാല്‍ നിരന്തരം ആക്രമിക്കപ്പെടുന്നത്. കഴിവും ജാതിയും ചേര്‍ത്തു വെച്ചാണ് അയാള്‍ പലപ്പോഴും വിലയിരുത്തപ്പെടുന്നത്. ഹർഷദ് എങ്ങനെ കാണുന്നു?

സബോർഡിനേറ്റ്സ് മണി സാറിനെ കാണുന്നത് പല രൂപത്തിലാണ്. അത് അയാള്‍ക്ക് അറിയാം.  ഒരു എസ്ഐ സംസാരിക്കുന്നതു പോലെയല്ല അയാള്‍ സംസാരിക്കുന്നത്. പൊലീസ് ഫോഴ്‌സ് പോലെ കേഡര്‍ ഫോഴ്സ് വേറെയില്ല. പക്ഷേ ഇവിടെ പൊലീസ് ഫോഴ്സിലെ ഒരു ലീഡറോട് താഴെയുള്ളവര്‍ പറയുന്ന ഡയലോഗ്‌ നിങ്ങള്‍ ശ്രദ്ധിക്കണം. മണി സാറിനെക്കുറിച്ച് അവര്‍ പറയുന്നത് “ഇക്കാര്യത്തിനൊക്കെ വിടുമ്പോള്‍ എക്സ്പീരിയന്‍സ് ഉള്ളവരെ വിടണം” എന്നാണ്. എക്സ്പീരിയൻസ് അഥവാ കഴിവ് എന്നത് ജാതിയുമായി കോറിലെയ്റ്റ് ചെയ്തു നിരന്തരം കേള്‍ക്കുന്ന വാക്കാണ്‌. ഇത്തരം ചോദ്യം ഒരു ഇന്റര്‍വ്യൂവില്‍  എന്നോട് ആദ്യമായിട്ടാണ്‌ ഒരാള്‍ ചോദിക്കുന്നത്. രണ്ട്, ആദ്യത്തെ ഫയറിങ് നടക്കുമ്പോള്‍ മണി സാറിന് മൈനര്‍ അറ്റാക്കാണു വരുന്നത്. പക്ഷേ, ആ സമയത്ത് അതൊരു അറ്റാക്കാണെന്ന് ആര്‍ക്കും അറിയില്ല. പക്ഷേ അയാള്‍ ഒരു പേടിച്ചുതൂറി ഒന്നുമല്ല.

ഒരു നായകനെ മലയാള സിനിമയില്‍ ഇൻട്രൊഡ്യൂസ് ചെയ്യുന്നത് ഗ്യാസിന്റെ ഗുളിക എവിടെ എന്ന് അന്വേഷിച്ചു കൊണ്ടാണ്. അയാള്‍ ഒരു സിങ്കിൾ ഷോട്ടില്‍ അയാളുടെ ലൈഫ് സ്റ്റോറി പറയുന്നുണ്ട്. “ഞാന്‍ പണ്ട് പുലി ആയിരുന്നു. ഞാന്‍ ഒരാളെ കുത്തിയിട്ടുണ്ട്. അത് എന്നെക്കുറിച്ച് വേണ്ടാതീനം പറഞ്ഞതു കൊണ്ടാ. ആരുടെ പേരു വെച്ചാണോ വേണ്ടാതീനം പറഞ്ഞത് അവരെ ഞാന്‍ കെട്ടിയിട്ടുമുണ്ട്” എന്നാണ്. അയാള്‍ ഒരിക്കലും ഒരു ഭീരുവല്ല. അത്യാവശ്യം രോഗങ്ങള്‍ ഉള്ള മനുഷ്യനുമാണ്. അയാള്‍ക്ക് ഹാര്‍ട്ട്‌ അറ്റാക്ക്‌ വരുന്നത് ആര്‍ക്കും അറിയില്ല. പക്ഷേ അയാളോടു വന്നു ചോദിക്കുന്നതു ബിജു മാത്രം ആണ്. പിന്നീടുള്ള ദിവസങ്ങളില്‍ ഒരിക്കല്‍പ്പോപോലും മറ്റുള്ളവര്‍ “സാറേ, എന്താ പറ്റിയത്?” എന്ന് ചോദിക്കുന്നില്ല. ആ ചോദ്യം ബോധപൂര്‍വം ഞങ്ങള്‍ കട്ട് ചെയ്തതാണ്. ഇവരോട് ഇത്രയും സൗഹാർദപരമായി പെരുമാറിയ ഓഫീസര്‍ നിര്‍ണായക സന്ദർഭത്തിൽ ഇരുന്നു പോയതിന്റെ കാരണം എന്താണെന്ന് ഇവരാരും തിരക്കുന്നില്ല. പകരം അവരൊരു പ്രജുഡിസില്‍ എത്തുകയാണ്. “അയാള്‍ക്കു കഴിവില്ല” എന്നൊരു മുന്‍ധാരണ. അയാള്‍ കഴിവില്ലാത്തവനല്ല. എന്നിട്ട് ആ ഡോക്ടറായ സൈനികൻ പരിശോധിച്ചു പറയുമ്പോള്‍ അതു മറ്റുള്ളവര്‍ കേൾക്കാതിരിക്കാനാണ് അയാള്‍ പണിപ്പെടുന്നത്. രഞ്ജിത്ത് വേഷമിട്ട സുപ്പീരിയര്‍ ഉദ്യോഗസ്ഥനോടും ‘കയ്യീന്നു പോയി’ എന്നല്ലാതെ തന്റെ ഹാർട്ട് അറ്റാക്കിനെക്കുറിച്ചു പറയുന്നില്ല. അയാളുടെ കീഴെയുള്ളവര്‍, ‘എന്താ പറ്റിയത് എന്നു ഞങ്ങള്‍ക്കറിയാം’ എന്നാണു പറയുന്നത്. എന്നിട്ടാണു പറയുന്നത് ‘നിങ്ങളെപ്പോലുള്ള ആളെയല്ല ഞങ്ങള്‍ക്കു വേണ്ടതെ’ന്ന്. ഇതൊന്നുമല്ലാത്ത, ജീവന്‍ പോലും അപായപ്പെടുത്തുന്ന  ശത്രു വരാനുണ്ട്. അതാണ് മാവോയിസം എന്നാണ് ഇവര്‍ വിചാരിക്കുന്നത്. അതിനു വേണ്ടി മരിക്കാതിരിക്കാന്‍ നമ്മള്‍ തല്‍ക്കാലം ഒന്നിക്കുക. അതൊരു താല്‍ക്കാലിക കൂട്ടായ്മ മാത്രമാണ്. പക്ഷേ മണി സാര്‍ “നാളെ എന്താണു സംഭവിക്കുക എന്നറിയില്ല. നമ്മുടെ ജീവന്‍ മാത്രമല്ല മറ്റുള്ളവരുടെ ജീവന്‍ കൂടി ശ്രദ്ധിക്കുമ്പോഴാണ്..” എന്നൊക്കെ ഫിലോസഫിക്കലായാണു സംസാരിക്കുന്നത്.

അത് ഒരു ഇടതുപക്ഷക്കാരനായാല്‍ ഡയലോഗ്‌ ഇങ്ങനെ ആയിരിക്കും: “ജാതിയും മതവും ഒക്കെ നമ്മള്‍ തല്‍ക്കാലം മറക്കണം. നാളെ നമുക്കു യുദ്ധം ചെയ്യാനുള്ളതാണ്”. ഒരു പൊതു ബോധത്തിന്റെ ഭാഗമായി ഞാനും ആദ്യം അങ്ങനെ എഴുതിയതായിരുന്നു. പിന്നീട് അയ്യയ്യേ എന്നു തോന്നി മാറ്റുകയായിരുന്നു.

മമ്മൂക്കയുടെ ‘മണി സാര്‍’ എന്ന കഥാപാത്രം ഒട്ടും ലൗഡ് ആകാതെ സട്ടിൽ ആയാണു പ്രെസന്റ് ചെയ്തിരിക്കുന്നത്. സൂക്ഷ്മമായി ചെയ്തിട്ടുമുണ്ട്.

ബോഡി ലാങ്ഗ്വേജിലുള്ള മാറ്റങ്ങളൊക്കെ അദ്ദേഹം തന്നെ ചെയ്തതാണ്. ഞങ്ങളുടെ അടുത്തു നിന്നു ചില തെറ്റുകള്‍ പറ്റിയപ്പോള്‍ അദ്ദേഹം തിരുത്തിയിട്ടുമുണ്ട്. ഒരു സീനില്‍ പട്ടാളക്കാര്‍ പൊലീസിന്റെ കയ്യില്‍ ആയുധങ്ങളില്ല എന്നു മനസ്സിലാക്കി പുച്ഛിച്ചു പോകുമ്പോള്‍ മമ്മൂക്കയുടെ ഒരു എക്സ്പ്രെഷൻ ഉണ്ട്. അതു കുറച്ചു ലൗഡ് ആയിരുന്നു. എനിക്കതു ഭയങ്കരമായി ഇഷ്ടപ്പെട്ടു. പിന്നെയും രണ്ടു മൂന്നു ടേക്ക് എടുത്തപ്പോള്‍ ആദ്യത്ത എക്സ്പ്രെഷൻ അദ്ദേഹം ഇടുന്നില്ല. അതു സൂചിപ്പിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത്, ‘മണി സാര്‍ ഒരിക്കലും അങ്ങനെയുള്ള എക്സ്പ്രെഷൻ ഇടില്ല’ എന്നാണ്.

റിയലിസ്റ്റിക് സിനിമ എന്നൊക്കെയുള്ള രീതിയിൽ നിരൂപക ഇടങ്ങളില്‍ പല ചര്‍ച്ചകളും വന്നിട്ടുണ്ട്. ഇത്തരം ചർച്ചകളിൽ എന്തെങ്കിലും കാര്യമുണ്ടോ?

സത്യം പറഞ്ഞാല്‍ റിയലിസ്റ്റിക് സിനിമ എന്താണെന്ന് എനിക്കിപ്പോഴും മനസ്സിലായിട്ടില്ല. ചിലപ്പോ ക്യാമറാ മൂവ്മെന്റും ഡൗണ്‍ റ്റു എർത്ത് കഥാപാത്രങ്ങളും മങ്ങിയ വെളിച്ചവും ഒക്കെ ഉപയോഗിച്ചുള്ള സിനിമയാണ് ഇവർ ഉദ്ദേശിച്ചതെങ്കിൽ ഉണ്ട ഒരു റിയലിസ്റ്റിക് സിനിമ അല്ല. ഒരുപാടു ഷോട്ടുകളും ക്ലോസ് ഷോട്ടുകളും സ്ലോ മോഷനുകളും ഉള്ള സിനിമയാണ് ഉണ്ട. അതെങ്ങനെയാണു റിയലിസ്റ്റിക് പടം ആവുക? പിന്നെ റിയലിസ്റ്റിക് എന്നൊരു സിനിമ ഉണ്ടോ? ഞാന്‍ കണ്ട, പുറത്തുള്ള സിനിമകള്‍ ഇങ്ങനെ ഉള്ളതാണ്. ഈ പാറ്റേണിൽ ഉള്ളതാണ്. പിന്നെ അവസാനത്തെ ക്ലൈമാക്സ് സീൻ ഞങ്ങള്‍ കുറച്ചു കൊമേർഷ്യല്‍ ആക്കിയിട്ടുണ്ട്; സ്റ്റൈലിഷ് ആക്കിയിട്ടുണ്ട്. അതു കൊണ്ടാണു പടം ഇപ്പോഴും ഓടുന്നതെന്നാണു ഞാന്‍ വിശ്വസിക്കുന്നത്. അതിനോടു ഞാന്‍ യോജിക്കുന്നത് പൊളിറ്റിക്കൽ ആയിക്കൂടി ആണ്. അതിനു കാരണവും ഉണ്ട്. അവസാനത്തെ ആക്ഷന്‍ സീന്‍ എത്രത്തോളം സ്റ്റൈലിഷ് ആക്കിയാലും ഞാന്‍ പറയുന്ന രാഷ്ട്രീയത്തോടു കോംപ്ലിമെന്റ് മാത്രമേ ആവുകയുള്ളൂ. പക്ഷേ എത്രത്തോളം സ്റ്റൈലിഷ് ആക്കിയാലും അവസാനം മമ്മൂക്ക “എടാ.. പേടിപ്പിക്കല്ലെടാ ഉവ്വേ..” എന്നും പറഞ്ഞു് അവിടെ ഇരിക്കുകയാണ്. പിന്നീട് പട്ടാളക്കാര്‍ ഇവിഎം മെഷീനുമായി പോവുകയാണ്.

ഒരുപക്ഷേ സിനിമകൾ സ്ഥിരം കാണിക്കുന്ന മാവോയിസ്റ്റുകളെ ആണു പലരും പ്രതീക്ഷിച്ചത്. പക്ഷേ മാവോയിസ്റ്റുകളുടെ ഫിസിക്കല്‍ പ്രസന്‍സ് അത്ര ഇല്ലതാനും.

സിനിമയിലെ ഒരു ഡയലോഗിൽ പറയുന്നുണ്ട്: “ഇവിടെ ഖനനമുണ്ട്. മുതലാളിമാരുണ്ട്. അതുകൊണ്ടു മാവോയിസ്റ്റുകളുമുണ്ട്”. അതിനപ്പുറത്ത് എനിക്ക് ഈ സിനിമയില്‍ പറയാന്‍ പറ്റില്ല. കാരണം ഈ സിനിമ അവരുടെ ഭാഗം പറയുന്ന സിനിമയല്ല. അവരുടെ ഭാഗം പറയാന്‍ എനിക്ക് അറിയില്ല. നമുക്ക് അവരെക്കുറിച്ചുള്ള കേട്ടറിവുകള്‍ മാത്രമേ ഉളളൂ. ഞാന്‍ അവിടെ പോയിട്ടു് പലരോടും ചോദിച്ചു, ‘നിങ്ങള്‍ മാവോയിസ്റ്റുകളെ കണ്ടിട്ടുണ്ടോ?’ എന്ന്. അവരാരും കണ്ടിട്ടില്ല. അതു ഞങ്ങളുടെ സ്ക്രിപ്റ്റില്‍ എഴുതിയിട്ടുണ്ട്. ‘നിങ്ങളാരെങ്കിലും കണ്ടിട്ടുണ്ടോ’ എന്നു ചോദിക്കുമ്പോൾ “ലേകിന്‍ ബഹുത് ഹേ” (പക്ഷേ, കുറേയുണ്ട്) എന്നാണു സിനിമയില്‍ പറയുന്നത്.

ഒരു പുലയ സ്ത്രീ ആണു് സിനിമയിലെ പ്രത്യക്ഷത്തിലെ പ്രധാന സ്ത്രീ കഥാപാത്രവും. അവരാണെങ്കില്‍ നല്ല ശക്തയായ നിലപാടുള്ള സ്ത്രീയും. അങ്ങനെ ഒരു കഥാപാത്രം എങ്ങനെയുണ്ടായി?

സ്ത്രീയായി ആ സിനിമയില്‍ ആകെ കാണിക്കുന്നത് ഒരു പുലയ സ്ത്രീയെയാണ്. അവരുടെ വീടും അന്തരീക്ഷവും കാണിക്കുന്നുണ്ട്. അയ്യൻകാളിയുടെ പടം കാണിക്കുന്നുണ്ട്. ഈ സ്ത്രീ കഥാപാത്രത്തിനെ ഞങ്ങള്‍ തുടക്കം മുതല്‍ തീരുമാനിച്ചിരുന്നു. അവര്‍ ഭയങ്കര ബോള്‍ഡാണ്. അവര്‍ക്കു ഭയങ്കര പ്രണയമാണു മണി സാറിനോട്. അവര്‍ക്ക് അയാളെ അതിയായ വിശ്വാസമാണ്. കുട്ടികള്‍ ഇല്ലാത്തതു കൊണ്ട് അവര്‍ തമ്മില്‍ ഭയങ്കര പ്രണയമാണ്. അവര്‍ക്ക് ഗോകുലിന്റെയും ബിജുവിന്റെയും കഥാപാത്രങ്ങളോട് അടുപ്പവും ഉണ്ട്.

സിനിമയ്ക്കു പുറത്തുള്ള ഒരു ചോദ്യമാണ്. മുസ്‌ലിം ജിഹാദികള്‍ മലയാള സിനിമ അടക്കി വാഴുകയാണെന്ന ഒരു ചര്‍ച്ച വന്നിട്ടുണ്ടല്ലോ?

അത്തരമൊരു ചർച്ച ഞാൻ കണ്ടിട്ടില്ല. ഞാൻ കണ്ടത് ആകെ ഒന്നോ രണ്ടോ പേർ പറയുന്നതാണ്. അവരോട് എനിക്കു പറയാനുള്ളത് “എനിക്കു വേറെ പണിയുണ്ട്” എന്നാണ്. അങ്ങനെ തന്നെ നിങ്ങള്‍ എഴുതിക്കോളൂ.

സംവിധായകൻ ഖാലിദ് റഹ്‌മാനും ഹർഷദും

ഭൂരിഭാഗവും ഒരൊറ്റ ലൊക്കേഷനിലും പരിമിത ഭൂമിശാസ്ത്രത്തിലുമാണ് ഈ സിനിമ ചിത്രീകരിച്ചത്. അതൊരു വെല്ലുവിളി ആയിരുന്നോ?

ആദ്യത്തെ റിസ്ക്ക് എന്നത് ഒരേ സ്ഥലത്താണല്ലോ ഈ പടത്തിന്റെ തൊണ്ണൂറു ശതമാനവും നടക്കുന്നത് എന്നതായിരുന്നു. അവിടെ എൻഗെയ്ജിങ് ആയി സ്ക്രിപ്റ്റ് ചെയ്യുക എന്നതായിരുന്നു ഒന്നാമത്തെ വെല്ലുവിളി. അവരുടെ ഇടയിലേക്ക് വന്നു കേറുന്ന കുറച്ചു പേര്‍ മാത്രമേ ഉളളൂ. അവരോടുള്ള ഇന്ററാക്ഷൻ മാത്രമേ സാധ്യമാകുന്നുള്ളൂ. ബാക്കിയുള്ളതൊക്കെ ഈ സിനിമയില്‍ പൊലീസുകാരുടെ ഇന്റേര്‍ണല്‍ കോൺഫ്ലിക്റ്റുകൾ ആണ്.

ചത്തീസ്ഗഢിലെ ആദിവാസിയായ അധ്യാപകനെ അപരിഷ്കൃതനായി ചിത്രീകരിച്ചു എന്നതാണു മറ്റൊരു വിമര്‍ശനം.

ആദിവാസി അപരിഷ്കൃതന്‍ ആണെന്നത്‌ നമ്മുടെ ബോധം ആണ്. അയാള്‍ അവിടത്തെ മാഷാണ് എന്നു പറയുമ്പോള്‍ ഭയങ്കര സംഭവം അല്ലേ? ഇവരുടെ കരച്ചില്‍ മാത്രം കണ്ടിട്ട് കരഞ്ഞവരോടു പറയാനുള്ളത് ഇതാണ്. അയാളുടെ വീട് എവിടെ ആണെന്ന് ആദ്യം ചോദിക്കുമ്പോള്‍ അയാള്‍ പറയുന്നത് “പെഹലേ ഇഥര്‍ ഥാ. പിന്നീട് അങ്ങോട്ടു പോയി”. നിങ്ങളെപ്പോലുള്ള ആള്‍ക്കാര്‍ വന്നു ഞങ്ങളെ ഓടിച്ചു എന്നാണു പറയുന്നത്. ഒരു പൊലീസുകാരനും പട്ടാളവും നില്‍ക്കേ അവരുടെ മുഖത്തു നോക്കിയിട്ടാണു പറയുന്നത്. നിങ്ങളെപ്പോലുള്ള ആള്‍ക്കാര്‍ വന്നു ഞങ്ങളെ ഇവിടന്നു് ഓടിച്ചെന്ന്. ഏറ്റവും അവസാനം അദ്ദേഹം മണി സാറിനോടു പറയുന്നത് തന്റെ മകനെ അന്വേഷിച്ചു എസ്പി ഓഫീസിലേക്കു പോകുന്നുണ്ട് എന്നാണ്.

സംഗീത സംവിധായകന്‍ അജിത്‌ കുമാര്‍ എ.എസ് മുന്നോട്ടു വെച്ച വിമര്‍ശനം വളരെ എത്നിക് ആയ ആദിവാസികളുടെ സംഗീതം, സിനിമയില്‍ പലയിടത്തും പേടിപ്പെടുത്താനുള്ള എഫെക്ട് ആയി ഉപയോഗിച്ചു എന്നാണ്. എന്താണു പ്രതികരണം?

അജിത്തേട്ടനെ ഞാന്‍ വിളിച്ചിരുന്നു. ഛത്തീസ്ഗഢിൽ ആണല്ലോ കഥ നടക്കുന്നത്. ഛത്തീസ്ഗഢിലെ എത്നിക് മ്യൂസിക്കും ഇൻസ്ട്രുമെന്റ്സും ഉപയോഗിക്കുക എന്നത് നമ്മുടെ ഒരു തീരുമാനം തന്നെയായിരുന്നു. അതു പ്രകാരം ഒരു വര്‍ഷം മുൻപേ അവിടെപ്പോയി അവിടെയുള്ള ട്രൈബൽസിനെ കണ്ട് അവരുടെ തനത് ഇൻസ്ട്രുമെന്റ്സും തനതു വായ്പാട്ടുകളും ലല്ലബീസും അവരെക്കൊണ്ടുതന്നെ പാടിപ്പിച്ച് റെക്കോര്‍ഡ് ചെയ്തു. അജിത്തേട്ടന്‍ പറഞ്ഞത് അതല്ല. പ്രശ്നമെന്തെന്നാൽ, പൊലീസുകാരെ പേടിപ്പിക്കാന്‍ വേണ്ടിയുള്ള എഫെക്ടായി ആ മ്യൂസിക് ഉപയോഗിച്ചു എന്നതാണ്. അതു തെറ്റാണെന്നാണ് അദ്ദേഹം പറയുന്നത്. നമ്മള്‍ അത്രയധികം ധാരണയുള്ള ആൾക്കാരല്ലല്ലോ. നമ്മള്‍ അങ്ങനെ ഒന്നും ആലോചിച്ചിട്ടല്ല അതു ചെയ്യുന്നത്. അതിനോടു കമന്റ് പറയാന്‍ എനിക്കറിയില്ല. അടുത്ത സിനിമകളില്‍ ശ്രദ്ധിക്കാം എന്നു മാത്രമേ പറയാന്‍ പറ്റൂ.

ഹർഷദിനൊപ്പം രൂപേഷ് കുമാറും ലുഖ്മാനും

Top