മാനാട്: പോസ്റ്റ്‌-ഐഡന്റിറ്റി, മുസ്‌ലിം, മെറ്റാ ലോകം

മുസ്‌ലിം എന്ന ഐഡന്‍റിറ്റിയെക്കുറിച്ച് ലിബറല്‍-ഹിന്ദുത്വ ഇടങ്ങളിൽ നിര്‍മിക്കപ്പെട്ടിട്ടുള്ള ഇമേജറികള്‍, ഏതു കാലത്തും ആ സമൂഹത്തിനെതിരെ ഉപയോഗിക്കപ്പെടാം എന്ന് ടൈം ലൂപ്പ് സാങ്കേതികതയെ മുൻനിർത്തി മാനാട് പറഞ്ഞുവെക്കുന്നുണ്ട്. ഇപ്പോഴുള്ളതിനെക്കാൾ സങ്കീർണമായ പ്രതിസന്ധിയായിരിക്കും പോസ്റ്റ്‌-ടെക്നോളജിക്കൽ, സൈബർ കാലഘട്ടത്തിൽ അവർ നേരിടുകയെന്നും സിനിമ ധരിപ്പിക്കുന്നു. രൂപേഷ് കുമാർ എഴുതുന്നു.

കോവിഡാനന്തര കാലത്തെ പുതിയ ലോക ഘടനയിലെ മാറിയ സാമൂഹിക ക്രമത്തിനു മുന്നിലേക്കാണ് ‘മാനാട്’ എന്ന സിനിമ തിയേറ്റര്‍ റിലീസ് ചെയ്യുന്നത്. രാഷ്ട്രീയ സംഘടനാ പ്രവര്‍ത്തനങ്ങള്‍, മത സംഘടനകള്‍, സ്കൂളിങ്, ഭരണകൂട സ്ഥാപനങ്ങള്‍ എന്നു തുടങ്ങിയ മറ്റു പല സാമൂഹിക സ്ഥാപനങ്ങളിൽ നിന്നും വിഘടിച്ചു കൊണ്ട് വീട്ടിലിരിക്കേണ്ടി വന്ന മനുഷ്യര്‍, ഈ സമയത്ത് മറ്റു പല സാമൂഹിക രൂപീകരണങ്ങളും നടത്തിയിട്ടുണ്ട്. ഇതുവരെയുള്ള ചരിത്ര വഴികളിലൂടെ പല സാമൂഹിക പ്രസ്ഥാനങ്ങളും ഫിലോസഫികളും വിചാരധാരകളും നിര്‍മിച്ചുവെച്ച സാമൂഹിക ക്രമത്തിനപ്പുറം, പുതിയ രീതിയിലുള്ള കണക്ഷനുകളാണ് മനുഷ്യർ നിര്‍മിച്ചത്. അത് ഇന്റര്‍നെറ്റിലൂടെയും സൂം മീറ്റിങ്ങുകളിലൂടെയും സോഷ്യല്‍ മീഡിയകളിലൂടെയും ഇന്‍സ്റ്റാ റീലുകളിലൂടെയും ഗൂഗിള്‍ പേയിലൂടെയുമൊക്കെ ആയിരിക്കാം. ഇവ ലഭ്യമല്ലാത്ത കമ്മ്യൂണിറ്റികള്‍ മറ്റു പല രീതികളിലും വിഘടിച്ചു കൊണ്ടുതന്നെ മുന്നോട്ടു പോയിട്ടുണ്ട്. സമൂഹ നിര്‍മിതികളിലെ ക്ലാസ്സിക്കല്‍ രീതികളെ പൊളിച്ചുകൊണ്ട്, വ്യവസ്ഥാപിതമായ രാഷ്ട്രീയ-ഭരണകൂട സംവിധാനങ്ങള്‍ക്ക് അപ്പുറമുള്ള സമൂഹങ്ങളെ കുറിച്ച് മനുഷ്യര്‍ ചിന്തിക്കാനും ആലോചനകൾ രൂപപ്പെടുത്താനുമൊക്കെ തുടങ്ങി. ക്രിപ്റ്റോ കറന്‍സികളിലുള്ള ഇന്‍വെസ്റ്റ്മെന്‍റുകളും, ഇല്യുമിനാറ്റികള്‍ പോലുള്ള സ്വകാര്യ സമൂഹങ്ങളിലേക്കുള്ള യൂട്യൂബ് സെര്‍ച്ചുകളും, മെന്‍റലിസവും ടൈം ട്രാവലിങ്ങും, അങ്ങനെ പല തരത്തിലുള്ള മെറ്റാ ലോകങ്ങളിലേക്കും അന്വേഷണങ്ങള്‍ ഉണ്ടായിത്തുടങ്ങി.

ഭരണകൂടങ്ങള്‍ നിര്‍മിച്ചുവെച്ച സാമൂഹിക നിര്‍മിതികളില്‍ നിന്നു പുറത്തു പോകാതെ മനുഷ്യരെ പിടിച്ച് നിര്‍ത്താനുമുള്ള ശ്രമങ്ങളും ഈ കാലത്തുണ്ടായി. മാസ്ക് വെക്കാത്തവരോടുള്ള അമിതമായ പോലീസിങ്ങും, പിണറായി വിജയന്റെ വൈകുന്നേരങ്ങളിലെ കോവിഡ് റൗണ്ട് അപ്പും, ഓൺലൈന്‍ ക്ലാസുകളിലൂടെ വിദ്യാലങ്ങളുടെ തിരിച്ചു പിടിക്കലുകളും, കോവിഡ് വാക്സിന്‍ ഭീഷണികളുമൊക്കെ അതിന്റെ പടിയായി നിലനില്‍ക്കുന്ന സമൂഹങ്ങളെ തിരിച്ചു പിടിക്കാനുള്ള ശ്രമങ്ങളായി ഭരണകൂടങ്ങൾ പ്രയോഗിച്ചു. പക്ഷേ, ഇത്തരം ക്ലാസിക്കല്‍ രീതികളെ പൊളിച്ചു കൊണ്ട്, മറ്റൊരു യാഥാർഥ്യത്തിലേക്ക് മനുഷ്യര്‍ കോവിഡ് കാലത്ത് അവന്റെ ബന്ധങ്ങളെയും, സ്വപ്നങ്ങളെയും, റിയാലിറ്റികളെയും, രാഷ്ട്രീയ വിശ്വാസങ്ങളെയും രൂപപ്പെടുത്തി. മേല്‍പ്പറഞ്ഞ നിയതമായ രൂപങ്ങളെ പൊളിച്ചു കളഞ്ഞുകൊണ്ട് പറക്കുന്നുണ്ട് അവ. ടൈം ട്രാവലിങ്ങിലേക്കും മറ്റു പല ‘ഭ്രാന്തമായ’ രീതികളിലേക്കും മനുഷ്യര്‍ പരന്നിട്ടുണ്ട്. അത്തരമൊരു വിഘടിച്ച സമൂഹത്തിനു മുന്നിലേക്കായിരിക്കാം മാനാട് എന്ന സിനിമ തിയേറ്ററില്‍ റിലീസ് ആകുന്നത്.


വളരെ വ്യവസ്ഥാപിതമായ ക്ലാസിക്കല്‍ സിനിമാ ഘടനകളിൽ നിന്നു വളരെ വ്യത്യസ്തമായി ‘ടൈം ലൂപ്പ്’ എന്ന ഘടനയിലേക്ക് മാനാട് എന്ന സിനിമ സഞ്ചരിക്കുന്നത് ഇത്തരമൊരു വിഘടിച്ച സമൂഹത്തിനു മുന്നിലാണ്. നായകന്‍, നായിക, കുടുംബം, ഗ്രാമം, ഭരണകൂടം എന്നീ വ്യവസ്ഥാപിത സങ്കൽപ്പങ്ങളെ പൊളിച്ചു കൊണ്ടുള്ള ഒരു ഇൻഡ്യന്‍ സിനിമയായി, വളരെ കൃത്യമായ രീതിയില്‍ റിലീസ് ചെയ്തു എന്നു തന്നെ പറയാം. അത്തരം സിനിമകള്‍ ഇതിനു മുൻപ് ഉണ്ടായിട്ടില്ല എന്നതല്ല അതിനര്‍ത്ഥം. പക്ഷേ, പുതിയ കാലത്തെ രാഷ്ട്രീയ നിര്‍മിതികളിലൂടെ, പ്രത്യേകിച്ച് ലോകത്താകമാനം നിര്‍മിക്കപ്പെടുന്ന മുസ്‌ലിം രാഷ്ട്രീയത്തിന്റെ ഫിലോസഫിക്കലായ തലത്തില്‍ നിന്നുകൊണ്ട്, ടൈം ലൂപ്പ് എന്ന സാങ്കേതികതയിലൂടെ വ്യവസ്ഥാപിത സിനിമാ സ്ട്രക്ചറുകളെ പൊളിച്ചുകൊണ്ട് മാനാട് നിര്‍മിക്കപ്പെട്ടു എന്നതാണ് ഈ സിനിമയുടെ വിജയം. അത് ശക്തമായ ഒരു ടൈറ്റില്‍ കാര്‍ഡിലൂടെ “എ വെങ്കട് പ്രഭു” പൊളിറ്റിക്സ് എന്ന് അടിവരയിട്ടു പറഞ്ഞു വെക്കുന്നുമുണ്ട്. കേരളത്തിലെ അടക്കമുള്ള ലിബറല്‍ മതേതര ബുദ്ധിജീവികള്‍ പതിനാറാം നൂറ്റാണ്ടിലെ മതം എന്ന രീതിയില്‍ മുസ്‌ലിമിനെ ഹിന്ദുത്വത്തിനോടു ചേര്‍ത്തുകൊണ്ട് വായിക്കുമ്പോൾ, ഒരു പോസ്റ്റ്-ടെക്നോളജിക്കല്‍-സൈബര്‍ യുഗത്തിലെ ഏറ്റവും പുതിയ മോഡേണിറ്റിയിലേക്ക് മുസ്‌ലിമിനെ ചേര്‍ത്തുവെച്ച് രാഷ്ട്രീയം പറയുന്നു എന്നതാണ് മാനാടിനെ വ്യത്യസ്തമാക്കുന്നത്. സിനിമ എന്ന ടെക്നോളജി അടച്ചു കിടക്കുന്ന, ഇരുട്ടു നിറഞ്ഞ തിയേറ്റര്‍ സ്പേസില്‍ വെളിച്ചം നല്‍കുന്ന പുതിയ സ്പിരിച്വാലിറ്റി ആണെന്ന വായനകളുണ്ട്. ഈ ടെക്നോളജിയുമായി ചേര്‍ന്ന് മാനാട് നിര്‍മിച്ചു വിടുന്ന സ്പിരിച്വാലിറ്റി ഒരു മുസ്‌ലിം സ്പേസില്‍ ആണെന്നതാണ് രസകരമായ സംഗതി.

വളരെ ക്ലാസിക്കലായ ഹിന്ദുത്വ ഭൂമിശാസ്ത്രത്തിൽ ഇടമില്ലാത്ത ഒരു മുസ്‌ലിം നായകന്‍, ആകാശത്ത് ഒരു വിമാനത്തില്‍ നിന്നുകൊണ്ടാണ് ടൈം ലൂപ്പ് ടൂളിലൂടെ മുസ്‌ലിം സമുദായത്തിന് സംഭവിക്കാവുന്ന ഭീകരമായ ദുരന്തം നേരില്‍ കാണുന്നത്. അത് തിരിച്ചും മറിച്ചും പല രീതിയില്‍ മാറി മറിഞ്ഞും പല വൈബ്രേഷനുകളിലൂടെയും അയാള്‍ കാണുന്നു. അതിനെ പ്രവാചക രീതിയില്‍ കാണുന്ന ഒരു പ്രോസസ്സിങ്ങിലൂടെയും കടന്നു പോകുന്നു. മുസ്‌ലിം സമുദായത്തിന് നേരെ നടക്കുന്ന ഗൂഡാലോചനകൾ ലവ് ജിഹാദിലൂടെയും ഹലാല്‍ ഭക്ഷണങ്ങള്‍ക്കെതിരെയുള്ള വംശീയ ആക്രമണങ്ങളിലൂടെയും മറ്റു പലതരം ജിഹാദ് വിവാദങ്ങളിലൂടെയും തീവ്രവാദിവത്കരണത്തിലൂടെയും വളരെ സങ്കീർണമായി തന്നെ സമീപകാല ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, ഭാവിയില്‍ യഥാർഥമായ ഈ ലോകത്തിനപ്പുറം വിഘടിച്ചു നില്‍ക്കുന്ന മറ്റൊരു മെറ്റാ-ലോകത്ത് അതിനെക്കാൾ സങ്കീർണമായ ഭീഷണികളായിരിക്കാം രൂപപ്പെടുക. ടൈം ലൂപ്പിലൂടെ അബ്ദുൽ ഖാലിക് എന്ന മുസ്‌ലിം നായക കഥാപാത്രം സഞ്ചരിക്കുമ്പോള്‍, അതിനെയും തകര്‍ത്തുകൊണ്ട് മുന്നേറുന്ന ധനുഷ്കോടി എന്ന പോലീസ് കഥാപാത്രം മെറ്റാ-വേൾഡിലെ സങ്കീർണമായ സംഘർഷങ്ങളുടെ അടുത്ത തലങ്ങള്‍ ആയിരിക്കാം.

വെങ്കട് പ്രഭു

മുസ്‌ലിം എന്ന ഐഡന്‍റിറ്റിയെക്കുറിച്ച് ലിബറല്‍-ഹിന്ദുത്വ ഇടങ്ങളിൽ നിര്‍മിക്കപ്പെട്ടിട്ടുള്ള ഇമേജറികള്‍ (രൂപകങ്ങൾ/മാതൃകകൾ) ഏതു കാലത്തും ആ സമൂഹത്തിനു നേരെ ഉപയോഗിക്കപ്പെടാം എന്നു പറഞ്ഞുവെക്കാൻ ഒരു ഇൻഡ്യന്‍ സിനിമയും ധൈര്യപ്പെടാത്ത വിധം ഹിന്ദുത്വ രാഷ്ട്രീയം നിറഞ്ഞാടുന്ന ഒരു കാലഘട്ടത്തില്‍, ഈ സിനിമ സധൈര്യം അതിനു തയ്യാറാകുന്നുണ്ട്. ഇക്കാലഘട്ടത്തിൽ ഇൻഡ്യയിലുണ്ടായ ഏറ്റവും ബോള്‍ഡായ സിനിമ എന്ന് ഈ സിനിമയെ കുറിച്ചു പറയേണ്ടി വരുന്നതും അതുകൊണ്ടാണ്. അത്തരമൊരു രാഷ്ട്രീയം പറഞ്ഞപ്പോഴും തിയേറ്ററിലെ ‘മാസ്സ്’ ആയ പ്രേക്ഷകർ ഈ സിനിമക്ക് കയ്യടിച്ചു എന്നതാണു വെങ്കട് പ്രഭുവിന്റെ ഏറ്റവും വലിയ വിജയം. ഈ കാലഘട്ടത്തില്‍ തന്നെ ഇറങ്ങിയ ‘ജയ് ഭീം’ എന്ന സിനിമ നിയമം, ഭരണകൂടം, പോലീസ് തുടങ്ങിയവയുമായി ഇടപെടുന്ന ഒരു വ്യവസ്ഥയിലേക്ക് പ്രേക്ഷക ശ്രദ്ധയെ കൊണ്ടുവന്ന് ക്ലാസിക്കല്‍ സമൂഹത്തോട് യുദ്ധം ചെയ്യുമ്പോള്‍, അബ്ദുൽ ഖാലിക് ഒരു സയന്‍സ് ഫിക്ഷന്‍ ത്രില്ലറിലൂടെ മെറ്റാ-ഫിക്ഷണല്‍/റിയലിസ്റ്റിക് ലോകത്ത് മറ്റൊരു രീതിയില്‍ തകര്‍ക്കുകയാണ്. ഒട്ടും ഡോക്യുമെന്‍ററി സ്വഭാവമില്ലാതെ ജനങ്ങളുടെ തലച്ചോറുകളിലേക്ക് വാതില്‍ തുറന്ന്‍ വിടുകയാണ്.

ഇൻഡ്യന്‍ സിനിമ കണ്ടിട്ടുള്ള ഏറ്റവും ശക്തമായ ഒരു രാഷ്ട്രീയ ചോദ്യം, ഒരു നായകനും ഇന്നേ വരെ ചോദിക്കാത്ത ചോദ്യം: “എന്തിനാണ് സാര്‍ നിങ്ങള്‍ ഇങ്ങനെ കലാപമുണ്ടാക്കി ഒരു സമുദായത്തിന്റെ മേൽ വെച്ചു കെട്ടുന്നത്?” എന്ന ചോദ്യം ഇൻഡ്യൻ യാഥാർഥ്യത്തെ പിടിച്ചു കുലുക്കാൻ കെൽപ്പുള്ള ചോദ്യമാണ്. അത് ഇവിടുത്തെ കപട മതേതരത്വം അടക്കമുള്ള ഹിന്ദുത്വ ചിന്തകളെ മുഴുവന്‍ തുണിയുരിച്ച് വിടുന്നുണ്ട്. ഈ ചോദ്യത്തോടുള്ള പേടി കാരണമാണ് തമിഴ്നാട്ടില്‍ ബിജെപി സെല്ലുകള്‍ (ബിജെപി എന്നു പറയാതെ ന്യൂനപക്ഷ മോര്‍ച്ച എന്ന സംഘടനയെക്കൊണ്ട്) ഈ സിനിമക്കെതിരെ അക്രമണങ്ങളുമായി ഇറങ്ങിപ്പുറപ്പെട്ടത്. പക്ഷേ, അതു വെറും നനഞ്ഞ പടക്കമായത് ഇവിടെ ഫാന്‍സ് എന്നും ആള്‍കൂട്ടം എന്നുമൊക്കെ പറഞ്ഞു തള്ളിക്കളയുന്ന സിനിമ കാഴ്ച്ചക്കാര്‍ ആരോപണങ്ങളെ ശക്തമായി തള്ളിക്കളഞ്ഞതു കൊണ്ടാണ്. ബിരിയാണി എന്ന മുസ്‌ലിംവിരുദ്ധ സിനിമയും ജയ് ഭീം എന്ന സിപിഎം വാഴ്ത്തു പാട്ട് സിനിമയും ആഘോഷിച്ച കേരളത്തിലെ ലിബറല്‍ സ്പേസുകൾ മാനാട് എന്ന സിനിമയെ കാണാതെ പോയതും ഇത്തരം ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ തുടര്‍ച്ച തന്നെയാണെന്ന് മനസ്സിലാക്കാന്‍ അത്ര ആഴത്തിൽ ചിന്തിക്കണമെന്നൊന്നുമില്ല.


ശിലമ്പരശന്‍ (ചിമ്പു) എന്ന കീഴാളനായ തമിഴ് സിനിമാ നടന്‍ ഇത്തരം സെന്‍സിറ്റീവായ ഒരു സിനിമ ചെയ്യാന്‍ തയ്യാറായി എന്നത് തമിഴ് സിനിമ വ്യവസായത്തിലെ സിനിമാറ്റിക് ടെക്സ്റ്റിന് പുറത്തെ രാഷ്ട്രീയമാണ്. മലയാളി സ്ഥിരമായി കളിയാക്കുന്ന ടി. രാജേന്ദ്രന്‍ എന്ന നടന്റെ മകനായ ദലിതനാണ് ശിലമ്പരസന്‍. ഒരുപക്ഷേ തമിഴ്നാട്ടിലെ ജാതി സാമൂഹിക വ്യവസ്ഥയുടെ അവസ്ഥകള്‍ പലപ്പോഴും അനുഭവിക്കുകയും തുറന്നു പറയുകയും ചെയ്ത നടന്‍. അങ്ങനെയൊരാൾ ഒരു മുസ്‌ലിം കഥാപാത്രത്തെ ഏറ്റെടുക്കുമ്പോള്‍ തീര്‍ച്ചയായും ആ രാഷ്ട്രീയ അവസ്ഥ ആഴത്തില്‍ ഉള്ളിലേക്ക് കമ്മ്യൂണിക്കേറ്റ് ചെയ്യപ്പെട്ടിട്ടുണ്ടാകാം. ഈ സിനിമ വളരെ രസകരമായി, ഒരു മെറ്റാ-റിയലിസ്റ്റിക് ലോകത്ത് അതിശക്തമായ മുസ്‌ലിം രാഷ്ട്രീയം പറയുമ്പോഴും, അത് മറ്റേതൊരു കമ്മ്യൂണിറ്റിക്കും എതിരല്ല. ഒരു ഫ്ലൈറ്റില്‍ പേടിച്ചിരിക്കുന്ന സീതാ ലക്ഷ്മി എന്ന പെണ്‍കുട്ടി അബ്ദുൽ ഖാലികിന്റെ കൈപിടിച്ച് പ്രാര്‍ഥിക്കുമ്പോഴുള്ള അയാളുടെ കൂള്‍നെസ്സ് ആണ് രസം. അതുപോലെ ഒരു മുസ്‌ലിമിനെ ഹിന്ദുവിന് കല്യാണം കഴിച്ചു കൊടുക്കാനുള്ള ഓട്ടത്തിലുമൊക്കെ ആ ഖാലിക് ഉണ്ട്. ഒരു ഐഡന്‍റിറ്റിയെയും തിരസ്കരിക്കാത്ത, എതിരു പറയാത്ത നല്ല രസികന്‍ കഥാപാത്രം. അതുപോലെ രാഷ്ട്രീയ ധാർമികതയുടെ ബാധ്യതകളില്ലാതെ, ശരീരവും വയലന്‍സും ജീവിതവും മരണവും ടെക്നോളജിയും ഹിസ്റ്ററിയും ടൈം ലൂപ്പിന്റെ സാങ്കേതികതയുമെല്ലാം ഇയാളിലൂടെ കടന്നു പോകുന്നുണ്ട്. വളരെ ക്ലാസിക്കലായ ‘റൈസിങ് ആക്ഷന്‍ ക്ലൈമാക്സ് ദിനോമിനേഷന്‍’ അല്ലെങ്കില്‍ കണ്ടുമടുത്ത അനേകം സിനിമാറ്റിക് ഘടനകളിൽ നിന്നു വ്യത്യസ്തമായി സീനുകള്‍ ആവര്‍ത്തിച്ചുകൊണ്ട്, മടുപ്പിക്കാതെ ഈ സിനിമ മുന്നോട്ടു പോകുന്നുമുണ്ട്. ഒരിക്കലും മരിക്കാതെ മുന്നോട്ടു പോകുന്ന നായക സങ്കല്‍പ്പങ്ങളെയൊക്കെ പൊളിച്ച് മരണത്തെയും നല്ല കൂളായി ഈ സിനിമ അവതരിപ്പിക്കുന്നുമുണ്ട്. എസ്.ജെ സൂര്യയുടെ പോലീസ് കഥാപാത്രം അതിന്റെ ആഴത്തിലുള്ള അധിനിവേശ ഹിന്ദുത്വ രാഷ്ട്രീയത്തെ തുറന്നു കാണിച്ചുകൊണ്ട് തകര്‍ത്താടുന്നുണ്ട്. ഈ ഭരണകൂടത്തെ താങ്ങിനിർത്തുന്ന ബ്യൂറോക്രസിയുടെ അശ്ലീലങ്ങളെ അതു പ്രകടമാക്കുന്നുണ്ട്. എസ്.ജെ സൂര്യ എന്ന നടന്‍ അതി ഗംഭീരമായ പകർന്നാട്ടമാണ് നടത്തിയിട്ടുള്ളത്. അബ്ദുൽ ഖാലിക് അയാളെ മൈന്റ് ഗെയിമിലൂടെയും ചേസിങ്ങിലൂടെയും വയലൻസിലൂടെയും ആക്ഷനിലൂടെയുമൊക്കെ പൊളിച്ച് മുന്നേറുന്നുമുണ്ട്. എസ്.ജെ സൂര്യയുടെ പോലീസ് യൂണിഫോമിലേക്ക് കൊള്ളുന്ന വെടികള്‍ ഇൻഡ്യയിലെ മതേതര കാപട്യങ്ങളുടെയും ഹിന്ദുത്വത്തിന്റെയും ഭരണകൂടങ്ങളുടെയും നെഞ്ചത്തേക്കു കൂടി കൊള്ളുന്നതാണ്. അതുകൊണ്ടുതന്നെ, മാനാട് അടുത്ത കാലത്ത് ഇൻഡ്യന്‍ സിനിമകളിൽ ഉണ്ടായിട്ടുള്ള എണ്ണപ്പെട്ട പൊളിറ്റിക്കല്‍ സിനിമകളില്‍ ഒന്നാണ്. അനേകം വായനകള്‍ ആവശ്യപ്പെടുന്ന ഒരു കിടിലന്‍ സിനിമ.

Top