ഹലാൽ ലവ് സ്റ്റോറി: കാഴ്ച, അനുഭവം, ലോകം 

ലാറ്റിനമേരിക്കന്‍ സിനിമ സിറ്റി ഓഫ് ഗോഡ് ഒക്കെ കണ്ടു കയ്യടിച്ചവരാണ് ഹലാല്‍ ലവ് സ്റ്റോറി മനസിലാകുന്നില്ല എന്നു പറയുന്നത്. മനസിലാക്കൽ മാത്രമല്ലല്ലോ സിനിമ. തമാശകളിലെയും വിഷ്വല്‍സിലെയും ജ്യോഗ്രഫിയിലെയും രാഷ്ട്രീയ ശരിയും ശരികേടുകളുമൊക്കെ കൂട്ടിച്ചേര്‍ക്കുകയോ മാറ്റിവെക്കുകയോ ചെയ്താലും ഈ സിനിമ മനുഷ്യരെ സന്തോഷിപ്പിക്കും. അത്രക്ക് ഫ്രഷായ ഇന്റര്‍നാഷണല്‍ അനുഭവമാണ് ഹലാൽ ലവ് സ്റ്റോറി. രൂപേഷ് കുമാർ എഴുതുന്നു.

വെള്ളയമ്പലത്തെ പോസ്റ്റ് മെട്രിക് ഹോസ്റ്റലില്‍ വെച്ചാണ് രണ്ടായിരത്തി ഒന്നില്‍ വേള്‍ഡ് ട്രേഡ് സെന്‍റര്‍ തകരുന്നത് കാണുന്നത്. ഒരു ഹോസ്റ്റല്‍ മുഴുവന്‍ കൂടിയിരുന്നാണ് അത് കണ്ടത്. അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരെയുള്ള അപര രാഷ്ട്രീയങ്ങളുടെ പോരാട്ടങ്ങളെ കുറിച്ച് അന്ന് ആ ഹോസ്റ്റലിന്റെ അധോലോകങ്ങളില്‍ ചര്‍ച്ചകളുണ്ടായി. അതേസമയം ആ സംഭവത്തിന് ശേഷം കേരളത്തിലെ ലിബറല്‍ പൊതുബോധങ്ങള്‍ ‘ഇസ്‌ലാം/മുസ്‌ലിം സമം തീവ്രവാദം’ എന്ന അർഥത്തിലുള്ള ബോധങ്ങളെ ഊട്ടിയുറപ്പിച്ചു. ഇതേ ഹോസ്റ്റലിലെ പല റൂമുകളിലും കേരളത്തിലെ പട്ടിക ജാതിക്കാരുടെ ‘മൂത്താപ്പ’മാരായ  ഇടതുപക്ഷത്തെ രാഷ്ട്രീയ ചര്‍ച്ചകളിലൂടെ വലിച്ചുകീറി ഒട്ടിക്കുന്നുണ്ടായിരുന്നു. എകണോമിക് ആൻഡ് പൊളിറ്റിക്കല്‍ വീക്ക്‌ലി, സൂചകം മാസിക, അംബേഡ്കര്‍ പുസ്തകങ്ങള്‍ എന്നിവ ചിതറിക്കിടന്ന ആ ഹോസ്റ്റലിലിന്റെ റൂമുകളില്‍ ജനകീയാസൂത്രണം മുതല്‍ പാരിസ്ഥിതിക നിലപാടുകളില്‍ വരെ ഇടതുപക്ഷം ഒരു ചുക്കുമല്ല എന്ന നിലയ്ക്കുള്ള ചർച്ചകളുണ്ടായി. അതേസമയം ഇന്‍റര്‍നെറ്റ് വളർന്നു വരുന്ന ഇക്കാലത്ത് വയലന്‍സ്, സിനിമ, പണം, മുസ്‌ലിം തുടങ്ങിയ രാഷ്ട്രീയ ചിഹ്നങ്ങളെ എങ്ങനെ സാമ്രാജ്വത്വത്തിനെതിരെ ഉപയോഗിക്കാമെന്നും അന്ന് ചര്‍ച്ചകളുണ്ടായിരുന്നു. മാധ്യമങ്ങള്‍, സിനിമ, ഫിലിം ഫെസ്റ്റിവലുകള്‍ എന്നിടത്തൊക്കെ സ്റ്റേജ് ഷോകൾക്കപ്പുറമുള്ള പല തരത്തിലുള്ള ‘അധോലോക’ ചര്‍ച്ചകളും ഉണ്ടായി. പിന്നീട് അമേരിക്ക സദ്ദാം ഹുസൈനെ വധിച്ചപ്പോൾ കേരളത്തിലെ ‘പൊതു’ അല്ലാത്ത പല രാഷ്ട്രീയ മനുഷ്യരും കടുത്ത ആഘാതത്തിലായി. മലപ്പുറത്തൊക്കെ അതിനെ തുടർന്ന് പല വീടുകളിലും കുട്ടികള്‍ക്ക് സദ്ദാം എന്ന പേരിടുകയുണ്ടായി. കേരളത്തിലെ ഇടതുപക്ഷം മുന്നോട്ടു വെച്ച ‘സാമ്രാജ്യത്വ വിരുദ്ധം/അമേരിക്കന്‍ മുതലാളിത്തം’ എന്ന രേഖീയമായ സാമ്രാജ്യത്വ വിരുദ്ധ ചപ്പടാച്ചികള്‍ക്ക് പുറമെ കേരളത്തിലെ മുസ്‌ലിം സമുദായങ്ങളില്‍ നിന്നും ദലിത് ആദിവാസി വിഭാഗങ്ങളില്‍ നിന്നും രാഷ്ട്രീയപരവും പാരിസ്ഥിതികപരവുമായ ചിന്തകളുടേയും സമരങ്ങളുടെയും രൂപത്തിൽ സാമ്രാജ്യത്വ വിരുദ്ധ പൊട്ടിപ്പുറപ്പെടലുകള്‍ ഉണ്ടായിട്ടുണ്ട്. അത് സിവിക് ചന്ദ്രന്റെയും കെ.വേണുവിന്റെയും ഗോവിന്ദപ്പിള്ളയുടെയും നക്സലിസത്തിന്റെയും മാവോയിസത്തിന്റെയും സിപിഎമ്മിന്റെയും കേവല സാമ്രാജ്വത്വ വിരുദ്ധത എന്നതിനപ്പുറം വലിയ മാനങ്ങള്‍ നിറഞ്ഞതായിരുന്നു. അതൊക്കെ ഹലാല്‍ ലവ് സ്റ്റോറിയിലൂടെ പറഞ്ഞു പോയാല്‍ കേരളം ചിലപ്പോള്‍ ഞെട്ടും. ആ സിനിമയെ തീവ്രവാദിക്കൂട്ടിലേക്ക് എടുത്തെറിയും. അതിനെയെല്ലാം ചില സോഫ്റ്റ് സീനുകളിലൂടെ സിനിമയിൽ പറഞ്ഞുവെച്ച് സകരിയ്യയും മുഹ്സിന്‍ പരാരിയും കൂടി നല്ല ഭേഷായി ഈ ലിബറല്‍ കേരളത്തെ പറ്റിച്ചു കൈകഴുകി എന്നു പറഞ്ഞാല്‍ മതി.

മുഹ്സിന്‍ പരാരിയും സകരിയ്യയും

അമേരിക്കക്കെതിരെയുള്ള കോലം കത്തിക്കലും തെരുവ് നാടകവും കേരളത്തില്‍ ഇടതുപക്ഷക്കാരുടെ ആര്‍ക്കിടൈപ്പല്‍ കുത്തകയാണല്ലോ. അതു വളരെ നൈസായി മുസ്‌ലിം സ്പേസില്‍ കൊണ്ടുപോയി വെച്ചു കൊടുത്തിട്ടുണ്ട് ഹലാല്‍ ലവ് സ്റ്റോറി. അതും വളരെ കൂളായ കോമഡികളിലൂടെ. സിനിമയിലെ റഹീം സാഹിബ് പറയുന്നതു പോലെ “ഈ ബസ്സ് ഇടയ്ക്കൊന്ന്  നിര്‍ത്തിയും പിന്നോട്ടെടുത്തും പതുക്കെ വളച്ചിട്ടുമൊക്കെയേ ചുരം ഇറക്കാൻ പറ്റുള്ളൂ” എന്നു മറ്റാരെക്കാളും നന്നായി സകരിയ്യക്ക് അറിയാം. അതുകൊണ്ടാണ് ഇടതുപക്ഷ ബോധത്തില്‍ വ്യാപകമായി എസ്റ്റാബ്ലിഷ്ഡായ തെരുവ് നാടകവും കോലം കത്തിക്കലുമൊക്കെ എടുത്തു മുസ്‌ലിംകളുടെ രാഷ്ട്രീയ ചിഹ്നങ്ങളാക്കി അവതരിപ്പിച്ചത്. കേരളത്തിന്റെ പൊതുബോധത്തില്‍ ഇടതുപക്ഷം ഉണ്ടാക്കിയ “തെരുവ് നാടക/ബുഷിന്റെ കോലം കത്തിക്കല്‍” വിപ്ലവങ്ങള്‍ പോലെത്തന്നെയോ അതിനുമപ്പുറമോ നിൽക്കുന്ന മതാത്മകവും അപരവുമായ രാഷ്ട്രീയ പ്രതികരണങ്ങള്‍ മലപ്പുറത്തും മുസ്‌ലിംകള്‍ക്കിടയിലും രൂപപ്പെട്ടിരുന്നു എന്നതാണു വാസ്തവം. ഇടതുപക്ഷം കേരളത്തില്‍ നെഞ്ചു നിവര്‍ത്തി മസിലു പിടിച്ച് രാഷ്ട്രീയ തന്തമാരായപ്പോള്‍ ഇവരുടെ ബസ്സ് ചുരമിറങ്ങി വളരെ നൈസായി മുന്നോട്ട് സഞ്ചരിച്ചിരുന്നു. രസകരമായിരുന്നു രാഷ്ട്രീയപരമായ ആ മുന്നോട്ടുപോക്ക്. അതേസമയം തന്നെ ദലിത് ബഹുജന്‍ മുസ്‌ലിം രാഷ്ട്രീയങ്ങളുടെ പല തുടര്‍ച്ചകളും കേന്ദ്ര സര്‍വകലാശാലകളിലടക്കം വലിയ പൊട്ടിത്തെറികള്‍ ഉണ്ടാക്കി. 

മലപ്പുറത്തെ ഹോം സിനിമകളെ സിഡികളിലൂടെ മതാത്മകവും ഭൂമിശാസ്ത്രപരവുമായ ഒരു ലോക്ക‌ലൈസ്ഡ് സ്പേസില്‍ ഇരുന്നുകൊണ്ട് കുടുംബങ്ങളും വ്യക്തികളും ആസ്വദിച്ചു. അത് ആസ്വാദനത്തിന്റെ മൈക്രോ ലെവല്‍ സന്തോഷങ്ങളാണ് ഉണ്ടാക്കിയത്. ഹലാല്‍ ലവ് സ്റ്റോറി എന്ന സിനിമ റിലീസ് ചെയ്യുന്നത് തിയേറ്ററുകളിലല്ല; ഓറ്റിറ്റി പ്ലാറ്റ്ഫോമിലാണ്. റിലീസിനു ശേഷം നൂറു കണക്കിനു പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വരുന്നത്. വിവിധങ്ങളായ വായനകള്‍. അവരവരുടെ സ്പേസില്‍ ഇരുന്നു കൊണ്ട് ലാപ്ടോപ്പിലോ മൊബൈല്‍ ഫോണിലോ സിനിമ കണ്ടു അവരവരുടെ തോന്നലുകളിലെ വൈവിധ്യങ്ങളില്‍ ഉണ്ടാകുന്ന പ്രതികരണങ്ങളാണ് അവയൊക്കെ. കാഴ്ചയുടെ കോവിഡ് കാലത്ത് നിര്‍മിക്കപ്പെടുന്ന ഒരു ഷിഫ്റ്റാണത്. തിയേറ്റര്‍ സിനിമകളില്‍ നിന്നു വ്യത്യസ്ഥമായ മറ്റൊരു പ്ലാറ്റ്ഫോമില്‍ പുതിയ കാലത്ത് സിനിമ പുതിയ പുതിയ വായനകള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. അതില്‍ സിനിമാ റിവ്യൂവിന്‍റെ പല മാതൃകകളെയും തകര്‍ത്തു തരിപ്പണം ആയിട്ടുണ്ട്. ആസ്വാദനത്തിന്റെ പുതിയ വഴികള്‍ തുറന്നു വെക്കുന്നുണ്ട്. തിയേറ്റര്‍/ഫിലിം ഫെസ്റ്റിവല്‍ കാഴ്ചകളിലെ പല അധികാര ഘടനകളും ഈ പുതിയ കാഴ്ചകള്‍ തകര്‍ക്കുന്നുണ്ട്. അതുകൊണ്ട് തന്നെ മറ്റേത് സിനിമയേക്കാളും നൂറു കണക്കിനു വിവിധങ്ങളായ വായനകള്‍ സൃഷ്ടിക്കാന്‍ ഹലാല്‍ ലവ് സ്റ്റോറിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഹലാല്‍ ലവ് സ്റ്റോറി അങ്ങനെ വളരെ വ്യത്യസ്തങ്ങളായ വായനകളിലൂടെ കടന്നുപോകുമ്പോള്‍ പരമ്പരാഗതമായ വായനകള്‍ക്ക് പിന്മാറേണ്ടതായും വരുന്നു. തിയേറ്ററുകളുടെ കാഴ്ചയില്‍ നിന്നു വ്യത്യസ്തമായ മാസ്സായ പല കാഴ്ചകളും ഹലാല്‍ ലവ് സ്റ്റോറി ഓറ്റിറ്റി പ്ലാറ്റ്ഫോമിലുള്ള റിലീസിലൂടെ സാധ്യമാക്കിയിട്ടുണ്ട്.

കേരളത്തിലെ തെരുവ് നാടകങ്ങളുടെ സ്വഭാവം പരിശോധിച്ചു നോക്കണം. കുറേ കാലം മുൻപ് വയനാട്ടിലെ സുഹൃത്ത് റോബിന്‍ ഒരു അനുഭവം പറഞ്ഞിരുന്നു. ആദിവാസികളായ കുട്ടികളോടൊപ്പം കേരളത്തിലെ പൊതു ഇടങ്ങളിൽ അവര്‍ തെരുവ് നാടകം കളിച്ചപ്പോള്‍ ചിലയിടത്ത് കാണികള്‍ കല്ലെറിയുകയായിരുന്നുവത്രേ. അതുപോലെ ഒരിക്കല്‍ ഈയുള്ളവൻ കുറേ കുട്ടികളുടെ കൂടെ കോഴിക്കോട്ടെ ഒരു തെരുവില്‍ ഒരു സിനിമ പ്രദര്‍ശനം നടത്തിയപ്പോള്‍ അവിടത്തെ ഡിവൈഎഫ്ഐക്കാര്‍ ചോദ്യം ചെയ്തത് ‘നിങ്ങള്‍ മാവോയിസ്റ്റല്ലേ’ എന്നായിരുന്നു. മുസ്‌ലിം പക്ഷത്തു നിന്നുള്ള ഒരു തെരുവ് നാടകം, അതിപ്പോൾ സാമ്രാജ്യത്വത്തിനെതിരെ ആയാലും മറ്റെന്തെങ്കിലുമായാലും കേരളത്തിന്റെ പൊതു ഇടങ്ങളില്‍ കളിച്ചാലുള്ള അവസ്ഥ ഇത് തന്നെയാവും.

കേരളത്തില്‍ ബാല ഗോകുലത്തിന്റെ ഘോഷയാത്രയും ബാലസംഘത്തിന്റെ കലാജാഥയും ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നാടകങ്ങളും എസ്എഫ്ഐയുടെ തെരുവ് നാടകങ്ങളും സ്വീകരിക്കപ്പെട്ടപ്പോള്‍ അപരങ്ങളിലായ ആദിവാസികളും മുസ്‌ലിംകളും ദളിതരും അവരുടെ ജ്യോഗ്രഫികളില്‍ നിന്നുകൊണ്ട് പല തരത്തിലുള്ള വിക്ഷേപണങ്ങളും നടത്തിയിരുന്നു. അത് വ്യക്തിപരമായ സ്പേസിലും കുടുംബങ്ങളിലും മതാത്മകതയിലും മറ്റനേകം വൈബ്രേഷനുകളിലൂടെയും ആയിരുന്നു. മലപ്പുറത്തെ പല മേഖലകളിലും ഇത്തരത്തിൽ ബുഷിനെതിരെയുള്ള തെരുവ് നാടകങ്ങള്‍ അരങ്ങേറിയിട്ടുണ്ടാകാം. പക്ഷേ അവയൊന്നും ഓര്‍മിക്കാനുള്ള കെല്‍പ്പ് കേരളത്തിന്റെ ഇടതു ബോധത്തിലുള്ള രാഷ്ട്രീയ ചരിത്രത്തിന് ഉണ്ടായിട്ടില്ല എന്നു മാത്രം. ബുഷിനോടു സലാം ചൊല്ലൂല്ല എന്നു രസായിട്ടു പറഞ്ഞ, സിപിഎമ്മുകാരെ പോലെ മസിലു പിടിക്കാത്ത എത്ര മനുഷ്യരുണ്ടാകും കേരളത്തില്‍.

മാമുക്കോയയുടെ കഥാപാത്രമായ അബു മുതലാളിയോട് ‘മുതലാളിത്തത്തെയാണ് എതിര്‍ക്കുന്നത് മുതലാളിയായ അബൂക്കാനെയല്ല’ എന്നു തൗഫീക്ക് മാഷ് വിശദീകരിക്കുന്നുണ്ട്. ഈ ലോകത്തെയാകെ അട്ടിമറിക്കാനുള്ള ക്വൊട്ടേഷനൊന്നും ഞങ്ങള്‍ ഏറ്റെടുത്തിട്ടില്ല എന്ന കൂള്‍ ലോജിക്കാണ് മൂപ്പരുടേത്. ‘ഞങ്ങളുടേത് ഈ ലോകമാണ് അത് ചെറുതോ വലുതോ എന്നൊന്നുമറിയില്ല; ഇവിടെ ഒരു സിനിമ നടക്കണം. അത് രസകരമായിരിക്കണം. അത് ഞങ്ങളുടേതായ ലോകത്ത് കാണിക്കാന്‍ പറ്റുന്നതാവണം’ എന്നതൊക്കെയാണ് തൗഫീക്ക് മാഷിന്റെ ചിന്ത. ഷറഫുദീന്‍ എന്ന നടനെ ഇതിനു മുൻപ് കണ്ടത് അഞ്ചാം പാതിര എന്ന സിനിമയിലെ കുറ്റവാളി കഥാപത്രത്തിലൂടെയാണ്. അവിടെ നിന്നും വളരെ സോഫ്ട് ആയ ഒരു സാഹിബിലേക്ക് ഗംഭീരമായ ട്രാൻസ്ഫോമേഷന്‍ ആ നടന്‍ നടത്തിയിരിക്കുന്നു. മലയാളത്തിലെ വ്യവസ്ഥാപിതമായ മുണ്ടുടുത്ത മലയാളം മാഷുമാരെ പൊളിച്ചടുക്കി തൗഫീക്ക് സാഹിബ്. മലയാളത്തനിമ, വള്ളത്തോള്‍, കേരളം, കഥകളി, അമ്മ, നന്മ എന്നീ സിഗ്നിഫയേഴ്സ് ഒന്നും തന്നെ കൊണ്ടുവരാതെ ഒരു സാഹിബിനെ മലയാളം മാഷാക്കിയത് മനോഹരമായ ഒരു കാഴ്ചയാണ്. പശ്ചിമേഷ്യന്‍ പ്രശ്നത്തില്‍ ഇടപെടുന്ന, അമേരിക്കയോട് പ്രതിഷേധിക്കുന്ന മാഷായും തൗഫീക്ക് മാറുന്നുണ്ട്. ഷറഫുദ്ദീന്റെ ഈ കഥാപാത്രം ലോഹിത ദാസ്, സിബി മലയില്‍, സത്യന്‍ അന്തിക്കാട് തുടങ്ങിയവരുടെ സിനിമകളില്‍ കാണിക്കുന്ന നായര്‍ മലയാളം അധ്യാപകരെന്ന ആവര്‍ത്തന വിരസതയില്‍ നിന്നും സിനിമാ കാഴ്ചകളെ രക്ഷപ്പെടുത്തി എടുക്കുന്നുണ്ട്.

ഇതിന് മുമ്പ് ലാല്‍ ജോസിന്റെ അറബിക്കഥ എന്ന സിനിമയിലാണ് “കൊക്കക്കോള നിങ്ങളെ പിടിച്ച് കടിച്ച?” എന്നു സലീം കുമാര്‍ ചോദിക്കുന്നത്. ഒരു നൂറ്റാണ്ടിലധികമായി ലോകത്തിലാകമാനം അടിമവേലയും വംശീയതയും പാരിസ്ഥിതികമായ ആഘാതങ്ങളും ഉണ്ടാക്കിയ ഒരു കമ്പനിയാണതെന്ന് തിരിച്ചറിയാൻ വലിയ ഗവേഷണത്തിന്റെ ആവശ്യമൊന്നുമില്ല. ഇന്‍റര്‍നെറ്റിലെ കൊക്കക്കോളയുടെ അധിനിവേശ ചരിത്രം വിശദീകരിക്കുന്ന വീഡിയോകള്‍ കണ്ടാല്‍ മതിയാകും. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ കൊക്കക്കോളക്കെതിരെ പൊട്ടിത്തെറിച്ചതില്‍ പ്രധാനികള്‍ മയിലമ്മ എന്ന ആദിവാസി സ്ത്രീയും അവരുടെ നാട്ടുകാരുമായിരുന്നു. അവരുടെ പോരാട്ടം കേരളം ഇന്ന് മറന്നുപോയേക്കാം. പക്ഷേ അത്തരത്തിലുള്ള സംഘര്‍ഷങ്ങളോട് ഐക്യപ്പെട്ടുകൊണ്ടു കൂടിയായിരിക്കാം അബു മുതലാളി “കോള ഇവിടെ ഞങ്ങളാരും കുടിക്കില്ല” എന്നു പറയുന്നത്.

ലേഖകനെ സംബന്ധിച്ചിടത്തോളം സിനിമയുടെ കാഴ്ചയെ ഏറ്റവും വ്യത്യസ്ഥമായ ഒരു സ്പേസില്‍ നിലനിര്‍ത്തി എന്നത് തന്നെയാണ് രസകരമായ കാര്യം. ഒരു ഇന്‍റര്‍നാഷണല്‍ സിനിമ കാണുന്നത് പോലെ, ഒരു അപര ലോകം കാണുന്ന രസം. ലാറ്റിനമേരിക്കന്‍ സിനിമ പോലെയോ അര്‍ജന്റീനിയന്‍ ജിയോഗ്രഫി പോലെയോ തുര്‍ക്കിഷ് ജീവിതങ്ങള്‍ പോലെയോ ഉള്ള ഒരു ഇന്‍റര്‍നാഷണല്‍ മലപ്പുറം ജ്യോഗ്രഫിയും മനുഷ്യന്മാരും ഭാഷയും മതാത്മകതയും സംഭാഷണങ്ങളും! തൊട്ടടുത്തുള്ള മനുഷ്യര്‍ വളരെ വ്യത്യസ്തങ്ങളായ പുതിയൊരു ലോകം കാണിച്ചു തരുന്നു.

ലാറ്റിനമേരിക്കന്‍ സിനിമ സിറ്റി ഓഫ് ഗോഡ്  ഒക്കെ കണ്ടു കയ്യടിച്ചവരാണ് ഹലാല്‍ ലവ് സ്റ്റോറി മനസിലാകുന്നില്ല എന്നു പറയുന്നത്. മനസിലാക്കൽ മാത്രമല്ലല്ലോ സിനിമ. “ഞാനൊരു നന്മ ചെയ്തു അൽഹംദുലില്ലാഹ്, അത് തിന്മ ആയോന്നൊരു സംശയം അസ്തഗ്ഫിറുല്ലാഹ്” എന്നു പറയുന്ന റഹീം സാഹിബിനെയും, “നമ്മക്കൊരു സിനിമ എഡിറ്റ് ചെയ്യണ്ടേ” എന്നു ചോദിക്കുന്ന ഷഹീൽ എന്ന ചെറുപ്പക്കാരൻ, പരിസര ശബ്ദങ്ങൾ ഇല്ലാതാക്കാൻ ഓടി നടക്കുന്ന അസിസ്റ്റന്‍റ് ഡയറക്ടർ, ഷൂട്ടിന്റെ ഇടയില്‍ മറ്റുള്ളവരെയും കൂട്ടി പരാതി പറയാന്‍ വരുന്ന തുണി അലക്കുന്ന താത്തയും, “ദേശീയ ഗാനത്തിന്റെ സൗണ്ട് നമ്മൾ കേക്കുന്നില്ലല്ലോ” എന്നു പറയുന്ന കാക്കമാരും ഒക്കെ എന്തൊരു രസകരമായ അനുഭവങ്ങളാണ്. ഈ തമാശകളിലെയും വിഷ്വല്‍സിലെയും ജ്യോഗ്രഫിയിലെയും രാഷ്ട്രീയ ശരിയും ശരികേടുകളുമൊക്കെ കൂട്ടിച്ചേര്‍ക്കുകയോ മാറ്റിവെക്കുകയോ ഒക്കെ ചെയ്താലും ഈ സിനിമ മനുഷ്യരെ സന്തോഷിപ്പിക്കും. അത്രക്ക് ഫ്രഷായ ഇന്റര്‍നാഷണല്‍ അനുഭവമാണ് ഈ സിനിമ. കേരളത്തില്‍ നിന്നുള്ള അന്താരാഷ്ട്ര സിനിമ എന്ന നിലയ്ക്ക് ഹലാല്‍ ലവ് സ്റ്റോറി ഇനി ഒരു റഫറന്‍സ് ആയിരിക്കും. സകരിയ്യയുടെ തന്നെ സുഡാനി ഫ്രം നൈജീരിയയിലെ ബോറാവുന്ന സ്നേഹനിധിമാരായ ഉമ്മമാരുടെ നന്മ മരം ഒലിപ്പിക്കലില്‍ നിന്നും വളരെ വ്യത്യസ്തവും രസകരവുമാണ് ഈ സിനിമ എന്നു പറയാതിരിക്കാന്‍ വയ്യ. സുഡാനി എന്ന വംശീയ-ഉദാര ടെക്സ്റ്റില്‍ നിന്നും വളരെ വിഭിന്നമായി ഈ സിനിമ മുന്നോട്ട് പോകുന്നുണ്ട്. ഇതിലാകെ പിന്നോട്ടു വലിക്കുന്ന ഘടകം എന്നത് ആ അഭിനേതാക്കളുടെ റിഹേഴ്സല്‍ ക്യാമ്പ് എന്ന ‘പുരോഗമന കലാ സാഹിത്യ’ നാടക ട്രയ്നിങ്ങായിരുന്നു.

വാരിയംകുന്നൻ എന്ന സിനിമ അനൗണ്‍സു ചെയ്യുന്നതിന് മുൻപാണ് കേരളത്തില്‍ മുസ്‌ലിം സിനിമാക്കാരുടെ നുഴഞ്ഞുകയറ്റം എന്ന ഒളിഞ്ഞും തെളിഞ്ഞുമുള്ള ചര്‍ച്ചകള്‍ ഉണ്ടാകുന്നത്. അത് മുസ്‌ലിം സബ്ജക്ടുകളോടുള്ള എതിര്‍പ്പല്ല. മുസ്‌ലിംകള്‍ സിനിമ ചെയ്യുന്നതിനോടുള്ള എതിര്‍പ്പാണ് . അതുകൊണ്ടാണ് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത നാലാംതരം വളിപ്പായ കിളിച്ചുണ്ടന്‍ മാമ്പഴം ഒരു നുഴഞ്ഞു കയറ്റമാകാത്തത്. വാരിയംകുന്നൻ അനൗണ്‍സ് ചെയ്തതോടെ മുസ്‌ലിംകള്‍ മലയാള സിനിമയുടെ മതേതരത്വം തകര്‍ക്കും എന്ന രീതിയില്‍ തന്നെ പ്രത്യക്ഷമായ ചര്‍ച്ചകള്‍ ഉണ്ടായി. അതിനു ശേഷം സക്കറിയ ഹലാല്‍ ലവ് സ്റ്റോറി ചെയ്യുന്നതോടെ വീണ്ടും നുഴഞ്ഞു കയറ്റ ചര്‍ച്ചകളായി. കശ്മീരിലെ നുഴഞ്ഞു കയറ്റക്കാര്‍, സ്ലീപിങ് സെല്ലുകൾ, കേരളത്തില്‍ ഐസിസ്, ദലിത് തീവ്രവാദികള്‍, മാവോയിസ്റ്റുകള്‍ എന്നൊക്കെ അനേകം ഭീഷണികള്‍ ഇൻഡ്യന്‍/കേരള പൊതുബോധം നിര്‍ണയിച്ചു വെച്ചിട്ടുണ്ട്. അവരിലേക്കും ഈ ഹലാല്‍ ലവ് സ്റ്റോറിയെ ചാപ്പ കുത്തി അപരവല്‍കരിക്കുക എന്നത് കേരളത്തിന് വളരെ എളുപ്പമുള്ള കാര്യമാണ്. ആര്യനും ആറാം തമ്പുരാനും നരസിംഹവും ലാല്‍ സലാമും മെക്സിക്കന്‍ അപാരതയും ഒക്കെ ഉണ്ടാക്കിയ മലയാളത്തില്‍ നുഴഞ്ഞു കയറിയിട്ടു എന്തു നശിപ്പിക്കാനാണ്? ഏതെങ്കിലും കോമൺസെന്‍സുള്ള ‘നുഴഞ്ഞു കയറ്റക്കാര്‍’ ഈ ലിബറല്‍ കേരളത്തോടു യുദ്ധം ചെയ്യുമോ ? അത്രയ്ക്കൊന്നും ഈ കേരളം വളര്‍ന്നിട്ടില്ലെന്നേ..

Top