ഒച്ചയില്ലാത്ത ഒരു നിലവിളി

ഒച്ചയില്ലാത്ത ഒരു നിലവിളിയില്‍

കയറിക്കൂടിയ ഒരുവനായിരിക്കെ

അനേകം പേരുകള്‍ ഞാനുച്ചരിച്ചത്

ഓര്‍മ്മിപ്പിക്കുന്നു..

മാനത്തെ അമ്പിളിത്തെല്ലു പോലെ

നിശ്ചിതമായ അകലത്തില്‍, നേരത്തില്‍

നീ വന്നു പോകുന്നു.

സാഹസികമായ ഒരു വ്യതിയാനം

ഒരു ചാട്ടം

നീ ആദ്യമേ ചാടിയിട്ടുണ്ടാവാം

ഇല്ലായിരിക്കാം.

നിനക്കു ചുറ്റും വൃത്താകാരത്തില്‍

ഒരു കുഴല്‍ പോലെ താഴേക്കിറങ്ങുന്ന

ആ വെളിച്ചം

അടുത്തു നില്‍ക്കുന്നതെന്ന പ്രതീതി ജനിപ്പിക്കുന്ന

ആ നക്ഷത്രം.

 

ഞാനും ഒരു കുഴലിലാണ്

ഭൂമിക്കടിയില്‍ പാട്ടു കേട്ടിരുന്ന ഒരുവനെപ്പോലെ

അതിന്‍റെ വളവുപുളവുകള്‍

എന്‍റെ പരിപ്പെടുക്കുമ്പോള്‍ മാത്രമാണ്

എനിക്കും പരിപ്പുണ്ടായിരുന്നുവെന്ന്

ഞാന്‍ തിരിച്ചറിയുന്നതുതന്നെ.

ഒരുവേള നിന്‍റെ അടുപ്പില്‍

വേവാത്തതായതിനാല്‍

അതു വീണ്ടും വീണ്ടും അകറ്റപ്പെടുന്നു.

വേവാനാഗ്രഹിക്കാതെ

ഇരുണ്ട തരംഗദൈര്‍ഘ്യങ്ങളില്‍ ഭ്രമിച്ച്

പുലരുംവരെ മോന്തുവാനുള്ള പാത്രമന്വേഷിച്ച്

അലയുന്ന ഒരുവനിലെ

നിഗൂഢമായ പരിപ്പ്

അവനിലെ സസ്യസംബന്ധിയായ ശകലം

അതിന്‍റെ നിലവിളി

ജനിതക രഹസ്യങ്ങളില്‍

കയറിക്കൂടിയ ശബ്ദമില്ലാത്ത സംഗീതം

ചിലപ്പോള്‍ ബ്ലൂസ് പോലെ

അതു പുറത്തേക്കൊരു നദിയായൊഴുകുന്നു

തിരസ്കൃതരുടേയും അപമാനിതരുടേയും

എന്നിട്ടും കീഴടങ്ങാതെയലഞ്ഞുതിരിയുന്ന

അനേകരുടേയും നിശ്ശബ്ദതകളുടെ ഉരുള്‍പൊട്ടി

ഒരു ബെസ്സീ സ്മിത്തിയന്‍ ശബ്ദത്തില്‍

പരാതിയും മറുപടിയുമായി

മാറിമറിയേണ്ടുന്ന ഒരു കുഴല്‍ വിളിയിലേക്കുള്ള

മൈലുകള്‍ കടക്കുന്ന മയിലുകള്‍ കരയുന്ന

ഒരു മൈല്‍സ് ഡേവവിസിലേക്കുള്ള വഴി

ലൂയീ ആംസ്ട്രോങ്ങിന്‍റെ തുറന്ന ശബ്ദത്തില്‍

അതു ലോകത്തെ അത്ഭുതകരമെന്നു വാഴ്ത്തുന്നു

അതിന്‍റെ വൈപരീത്യങ്ങളും കൊടും ക്രൂരതകളും മറക്കാതെ തന്നെ!

ഒരു കുരുവി അതെപ്പോഴേ ഏറ്റെടുത്തു

കനി തരും മരങ്ങളോ നീരൊഴുക്കുകളോ കുറഞ്ഞ

വൃത്തി തികഞ്ഞ വൃത്തികേടിന്‍റെ നഗരമേ

അതു പാടുന്നു

നിന്നെപ്പറ്റിയും നീയല്ലാത്ത ആകാശങ്ങളെപ്പറ്റിയും

നിലയില്ലാക്കയങ്ങളില്‍ നിന്ന് തുറന്നും അഴിഞ്ഞും വരുന്ന

നിലവിളികളില്‍ നിന്ന്

മോചിപ്പിക്കപ്പെട്ട ശബ്ദം അതിന്‍റെ പുതിയ തുറസ്സുകള്‍

കണ്ടെത്തുമ്പോള്‍

രാജപാതകള്‍ കാട്ടി

നീയെന്തേ ഒഴിഞ്ഞു മാറുവാന്‍ വെമ്പുന്നു

ഒച്ചയില്ലാത്ത ഒരു നിലവിളി നീയും കേള്‍ക്കുന്നില്ലേ

വീതികൂട്ടിയ തുരങ്കങ്ങള്‍ക്കും പരിഹരിക്കാനാകാതിരുന്ന ഒന്ന്

ആദ്യത്തെ പാട്ടുകാര്‍ പാടിയ പാട്ടുകള്‍

ഭൂമിയുടെ കടിഞ്ഞൂല്‍ പ്രസവം പോലെ

അതോര്‍മ്മയില്‍ തിരികെയെത്തിക്കുന്നില്ലേ?

Top