കെവിൻ വധക്കേസ്: രാഷ്ട്രീയ പാഠങ്ങൾ

കെവിൻ വധത്തിനു ശേഷം ദലിതരുടെ നേതൃത്വത്തിൽ തുടർന്ന പ്രക്ഷോഭത്തിലൂടെ പൗരസമൂഹവും സർക്കാരുമായുള്ള വൈരുദ്ധ്യമാണ് രൂപം കൊണ്ടത്. തന്മൂലം കൊലപാതകത്തെ ഇതര സംസ്ഥാനങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന ദുരഭിമാന കൊലകളും, സുപ്രീം കോടതിയുടേത് അടക്കമുള്ള വിവിധ കോടതികളിലെ വിധികളുമായി സംയോജിപ്പിക്കാൻ കോടതി നിർബന്ധിതമായിത്തീർന്നു.
കെ.കെ.കൊച്ച് എഴുതുന്നു.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ തുടർന്നു കൊണ്ടിരിക്കുന്ന ആൾക്കൂട്ട കൊലപാതകങ്ങൾക്കും ദുരഭിമാന കൊലകൾക്കും കടുത്ത ശിക്ഷ നൽകുന്ന നിയമനിർമാണം വേണമെന്ന ആവശ്യം ദേശീയ തലത്തിൽ ഉയർന്നു കഴിഞ്ഞിട്ടുണ്ട്. സാമൂഹിക രാഷ്ട്രീയ പ്രവർത്തകർ മാത്രമല്ല നിയമജ്ഞരും ബുദ്ധിജീവികളും ദലിത് – ന്യൂനപക്ഷ സംഘടനകളും മുൻചൊന്ന ആവശ്യത്തിന് വേണ്ടി വാദിക്കുന്നുണ്ടെന്നത് ശ്രദ്ധേയമാണ്. വേട്ടക്കാർ ഭരണകൂട പിന്തുണയുള്ള സവർണരും, ഇരകൾ ദലിതരും മുസ്‌ലിംകളും ആയിരിക്കുമ്പോൾ പൗരസമൂഹത്തിന്റെ ശക്തമായ മുന്നേറ്റമാണനിവാര്യം. ഈയൊരു പശ്ചാത്തലത്തിൽ വേണം കെവിൻ ജോസഫ് വധക്കേസിലെ കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിയെ വായിക്കേണ്ടത്. 

കേരളത്തിൽ നിയമവേദിയിലെത്തുന്ന ആദ്യത്തെ ദുരഭിമാന കൊലയെന്ന വിശേഷണമാണ് കെവിൻ വധക്കേസിനുള്ളത്. ദൃക്‌സാക്ഷികളില്ലാത്ത കേസിൽ പോലീസിന്റെ സമർഥമായ അന്വേഷണവും പ്രോസിക്യൂഷന്റെ കുറ്റമറ്റ ഇടപെടലും കൊണ്ടാണ് പത്തു പ്രതികൾക്ക് ഇരട്ട ജീവപര്യന്തവും നാൽപതിനായിരം രൂപ വീതമുള്ള പിഴയും ശിക്ഷയായി വിധിച്ചത്. അപൂർവങ്ങളിൽ അപൂർവമെന്ന് നീതിപീഠം കണക്കാക്കിയെങ്കിലും ഏതാനും പ്രതികൾക്ക് വധശിക്ഷ നൽകാതിരുന്നത് പ്രായക്കുറവും ക്രിമിനൽ പശ്ചാത്തലം ഇല്ലാത്തതിനാലുമാണ്. ഞാൻ വധശിക്ഷക്കെതിരായിരിക്കുന്നതിനാൽ പ്രതികൾക്ക് അർഹമായ ശിക്ഷ ലഭിച്ചുവെന്നാണ് കരുതുന്നത്. 

കെവിൻ.പി.ജോസഫ്

2018 മെയ് 27നാണ് കെവിന്റെ ഭാര്യാ സഹോദരൻ ഷാനു ചാക്കോയുടെ നേതൃത്വത്തിൽ ഒരു സംഘം യുവാക്കൾ കെവിനെയും ബന്ധുവായ അനീഷിനെയും തട്ടിക്കൊണ്ടുപോകുന്നത്. ഇവരിൽ അനീഷിനെ വിട്ടയക്കുകയും കെവിനെ ക്രൂരമായി മർദിച്ചതിന് ശേഷം പുഴയിൽ മുക്കിക്കൊല്ലുകയുമായിരുന്നു. ഈ കേസിന് വ്യത്യസ്തമായൊരു മാനം നൽകുന്നത് 85 ദിവസം കൊണ്ട് അന്വേഷണം പൂർത്തിയാക്കാനും 448 ാം ദിവസം വിധി പറയാൻ കഴിഞ്ഞതിനാലുമാണ്. ഇതിനപ്പുറം ദുരഭിമാന കൊല സ്ഥാപിക്കാൻ കഴിഞ്ഞുവെന്ന പ്രത്യേകതയും കൂടിയുണ്ട്. 468 പേജുള്ള വിധിന്യായത്തിൽ 20 പേജുകളിലാണ് ദുരഭിമാനക്കൊല വിശദമാക്കിയത്. 

മതബോധത്തെ അതിവർത്തിക്കുന്ന ജാതിവെറിയും പുരുഷാധിപത്യ കാമനകളുമാണ് കെവിനെ മരണത്തിലേക്ക് വലിച്ചിഴച്ചത്. നീനുവിന്റെ പിതാവ് ചാക്കോയുടെ ഭാര്യ മുസ്‌ലിം സ്ത്രീയാണ്. ഈ മിശ്ര വിവാഹത്തിൽ പുരുഷന്റെ അധീശത്വം നിലനിൽക്കുന്നതിനാൽ അയാൾ സവർണ ക്രിസ്ത്യാനിയായാണ് അറിയപ്പെട്ടിരുന്നത്. നീനുവിന്റെ ദലിത് ക്രിസ്ത്യാനിയും കീഴാളനുമായ കെവിനുമായുള്ള പ്രണയവും വിവാഹവും അംഗീകരിക്കാൻ വിസമ്മതിച്ചതിനു കാരണം, സവർണ ക്രൈസ്തവർ ദലിത് ക്രിസ്ത്യാനികളോട് പുലർത്തുന്ന ജാതി വെറിയല്ലാതെ മറ്റൊന്നുമല്ല.

ഇതോടൊപ്പം കൂട്ടിവായിക്കേണ്ടത് ഭരണഘടനാപരമായ മൗലികാവകാശത്തിന്റെ ലംഘനമാണ്. പ്രായപൂർത്തിയായ സ്ത്രീക്കും സാമൂഹിക വിഭജനങ്ങൾക്കതീതമായി വിവാഹം കഴിക്കാനും ഒരുമിച്ച് ജീവിക്കാനുമുള്ള സ്വാതന്ത്ര്യ നിഷേധമാണ്, ദുരഭിമാന കൊലക്കെതിരായ നിയമനിർമാണമെന്ന ആവശ്യവുമായി കണ്ണിചേർക്കുന്നത്. 

കെവിൻ വധക്കേസിലെ ജാതീയ പ്രശ്‌നങ്ങളെ തിരിച്ചറിയാതിരിക്കുകയോ അവഗണിക്കുകയോ ചെയ്ത ഗാന്ധിനഗർ പോലീസ്, ഒരു സാധാരണ കൊലപാതകമായാണ് തുടക്കത്തിൽ കൈകാര്യം ചെയ്തത്. ഒരുവശത്ത് സവർണനും സമ്പന്നനുമായ നീനുവിന്റെ കുടുംബവും ബന്ധുക്കളും പ്രതികളും, മറുവശത്ത് ദലിതനും ദരിദ്രനുമായ കെവിൻ വാദിയുമായതോടെ കൈക്കൂലി വാങ്ങിയും കേസന്വേഷണത്തിൽ അലംഭാവം കാട്ടിയും കൊലപാതകം തേച്ചുമായ്ച്ച് കളയാനുള്ള ശ്രമമാണ് നടന്നത്. 

നീനു കെവിന്റെ അച്ഛനോടൊപ്പം

അതേസമയം, രാഷ്ട്രീയ പ്രസ്ഥാനങ്ങൾ കെവിൻ വധത്തെയൊരു ക്രമസമാധാന പ്രശ്‌നമാക്കി മാറ്റാനാണ് ഇടപെടലുകൾ നടത്തിയത്. കോൺഗ്രസ് നേതാക്കളായ തിരുവഞ്ചൂർ രാധാകൃഷ്ണനും, ഇപ്പോൾ എംപിയായ കൊടിക്കുന്നിൽ സുരേഷും, ആഭ്യന്തര വകുപ്പിൽ മാത്രമല്ല മുഖ്യമന്ത്രി പിണറായി വിജയനിലും കുറ്റമാരോപിച്ചു. ഇതിന് ആധാരമാക്കിയത് നീനുവിന്റെ പിതാവിന്റെയും സഹോദരന്റെയും സിപിഎം ബന്ധവും, പ്രാദേശിക പാർട്ടി പ്രവർത്തകരുടെ സഹായവും ലഭിച്ചുവെന്ന വാദത്തിലൂടെയാണ്. അതേസമയം, സിപിഎം ജില്ല സെക്രട്ടറി വി.എൻ.വാസവനടക്കമുള്ള നേതാക്കൾ പ്രതികൾ കോൺഗ്രസുകാരാണെന്ന കാര്യമാണ് ഊന്നിപ്പറഞ്ഞത്. ഇത്തരം ആരോപണ പ്രത്യാരോപണങ്ങളിലൂടെ കെവിന്റെ കൊലപാതകം ക്രമസമാധാന തകർച്ചയുടെ ഫലമാണെന്ന പ്രതീതിയും, കേവലം ക്രിമിനൽ കേസ് മാത്രമാണെന്ന ധാരണയും സൃഷ്ടിക്കപ്പെട്ടു. 

മുൻചൊന്ന പ്രശ്‌നവൽക്കരണങ്ങൾ നിലനിൽക്കുമ്പോഴാണ് കോട്ടയത്തെ ദലിത് പ്രവർത്തകരുടെ ഇടപെടലുണ്ടാകുന്നത്. സംഘടനാ പ്രാതിനിധ്യമുള്ളവരും ഇല്ലാത്തവരുമാണ് കെവിൻ വധം  ദുരഭിമാന കൊലയാണെന്നും, കാരണം സവർണ ക്രൈസ്തവരുടെ ജാതിവെറിയാണെന്നും തുറന്നു പറഞ്ഞത്. ഈ വാദത്തെ അടിവരയിട്ടുറപ്പിക്കുന്നതായിരുന്നു നീനുവിന്റെ പ്രതികരണം. ഇത്തരമൊരു വാദം ഉയർന്നു വന്നതോടെ കോൺഗ്രസും സിപിഎമ്മും തുടർന്നുള്ള പ്രക്ഷോഭങ്ങളിൽ നിന്നും പിന്മാറുകയായിരുന്നു.

അതിനു കാരണവുമുണ്ട്, കോൺഗ്രസിനെയും സിപിഎമ്മിനെയും സംബന്ധിച്ചിടത്തോളം ചാക്കോയും കുടുംബവും കൊലപാതകത്തിനുത്തരവാദികളാണെങ്കിലും അവരുടെ പ്രതിനിധാനം ക്രൈസ്തവ സമുദായത്തിന്റെ വോട്ട് ബാങ്കിൽ വിള്ളൽ വീഴ്ത്തുമെന്ന് കരുതിയിരുന്നു. ഇതോടൊപ്പം ദലിത് ക്രൈസ്തവർ സംഘടിതരോ സമ്പന്നരോ അല്ലാത്തതിനാൽ സാമ്പ്രദായിക രാഷ്ട്രീയ ബന്ധങ്ങളിൽ മാറ്റമുണ്ടാവുകയില്ലെന്നും കണക്കാക്കി. അതായത് കെവിൻ വധത്തിലെ ജാതി പ്രശ്‌നങ്ങളെ മുന്നോട്ട് വെച്ചാൽ മതേതരത്വമെന്ന പ്രത്യയശാസ്ത്രത്തിനപ്പുറം ജാതി വിവേചനങ്ങളും അടിച്ചമർത്തലുകളും നിലനിൽക്കുന്നുണ്ടെന്ന് അംഗീകരിക്കേണ്ടി വരും.

അതേസമയം, ദലിതരുടെ നേതൃത്വത്തിൽ തുടർന്ന പ്രക്ഷോഭം, സാമുദായികതയുടെ അതിരുകൾ ഭേദിച്ചും രാഷ്ട്രീയ പ്രസ്ഥാനങ്ങളെ വകഞ്ഞുമാറ്റി ബഹുജനങ്ങളിലേക്ക് പടരുകയായിരുന്നു. ഇതോടെ പൗരസമൂഹവും സർക്കാരുമായുള്ള വൈരുദ്ധ്യമാണ് രൂപം കൊണ്ടത്. തന്മൂലം കെവിൻ വധത്തെ ഇതര സംസ്ഥാനങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന ദുരഭിമാന കൊലകളും, സുപ്രീം കോടതിയുടേത് അടക്കമുള്ള വിവിധ കോടതികളിലെ വിധികളുമായി സംയോജിപ്പിക്കാൻ കോടതി നിർബന്ധിതമായിത്തീർന്നു. അതുകൊണ്ടാണ് ജാതി പ്രശ്‌നത്തെ വേറിട്ടു കാണാനും നടപടി സ്വീകരിക്കാനും കഴിഞ്ഞത്. കോടതിയോടൊപ്പം ഗവണ്മെന്റിനും നിലപാടെടുക്കേണ്ടി വന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് കെവിൻ വധക്കേസിൽ ഗുരുതരമായ കൃത്യവിലോപം കാണിച്ച പോലീസുദ്യോഗസ്ഥരെ മറ്റൊരു കേസിലും ഉണ്ടാകാത്ത വിധത്തിൽ പിരിച്ചു വിടാനും സസ്‌പെന്റ് ചെയ്യാനും ഇടയാക്കിയത്.

കെവിൻ കൊലക്കേസിലെ വിധിന്യായത്തിന്റെ പ്രസക്തി ശിക്ഷയിൽ ഒതുങ്ങുന്നതല്ല, മറിച്ച് രാജ്യവ്യാപകമായി ഉയർന്നു വന്നതും അന്തരാഷ്ട്ര ശ്രദ്ധയാകർഷിച്ചതുമായ ദുരഭിമാനക്കൊലകൾക്കെതിരായ നിയമനിർമാണത്തെ ബലപ്പെടുത്തുന്നതുമാണ്. ഈ യാഥാർഥ്യം ഉൾക്കൊള്ളേണ്ടത് ഇരകളോടൊപ്പം പൗരസമൂഹവും കൂടിയാണ്.

Top