നവ സാമ്പത്തിക സംവരണ നയത്തിന് വസ്തുതാപരമായ ന്യായങ്ങളോ?

ജനറൽ കാറ്റഗറിയിൽ നിന്നുള്ള ഇ.ഡബ്ല്യൂ.എസ് വിഭാഗം തങ്ങളുടെ സാമ്പത്തിക ശേഷിക്കുറവ് മൂലം ഇൻഡ്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശിക്കുന്നതിൽ നിന്ന് ബഹിഷ്കരിക്കപ്പെട്ടു എന്നതാണ് നിർദിഷ്‌ട സംവരണ നയത്തിന്റെ ന്യായമായി പറയുന്നത്. എന്നാൽ, കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന്റെ എൻഐആർഎഫ് പ്രകാരം റാങ്ക് ചെയ്തിട്ടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിവരങ്ങൾ അടിസ്ഥാനപ്പെടുത്തി ഈ വാദത്തിന്റെ അനുഭവ യാഥാർഥ്യങ്ങളെ പരിശോധിക്കുകയാണ് ഈ പഠനം.

വിശ്വസനീയമായ ഏതെങ്കിലും തെളിവുകളുടെ അടിസ്ഥാനത്തിലാണോ 2019ലെ 103ആം ഭരണഘടനാ ഭേദഗതി, അഥവാ ‘ജനറല്‍ കാറ്റഗറി’യില്‍പ്പെട്ട, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവർക്ക് (ഇ.ഡബ്ല്യൂ.എസ്) 10% സംവരണം കൊണ്ടുവന്നത്? ഇൻഡ്യയിലെ പൊതു-സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഈ വിഭാഗത്തിന് പ്രാതിനിധ്യക്കുറവുണ്ടെന്നതിന് വിശേഷിച്ച് എന്തെങ്കിലും തെളിവുണ്ടോ? വിദ്യാഭ്യാസ മേഖലയുടെ മാത്രം കാര്യങ്ങള്‍ പരിശോധിക്കുന്ന ഈ ലേഖനത്തിൽ, വിശകലനം ചെയ്യുന്ന വിഷയത്തിന്റെ അടിസ്ഥാനം തന്നെ ഈ ചോദ്യമാണ്. ഇതിനായി, പുതിയൊരു ‘ഡാറ്റാ സെറ്റാണ്’ ഇവിടെ വിശകലനം ചെയ്യുന്നത്. അതായത്, കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന്റെ (എൻഎച്ച്ആർഡി) നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ റാങ്കിങ് ഫ്രെയിംവർക്ക് (എൻഐആർഎഫ്) പ്രകാരം റാങ്ക് ചെയ്യപ്പെട്ടിട്ടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിവരങ്ങൾ. വിശകലനം നടത്തിയപ്പോൾ മനസ്സിലായത്, യാതൊരുവിധ സംവരണവുമില്ലാതിരുന്നിട്ടും ശക്തമായ യോഗ്യതാ മാനദണ്ഡങ്ങളുണ്ടായിട്ടും പ്രധാനപ്പെട്ട ഈ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 2016-17ൽ, ‘ജനറല്‍ കാറ്റഗറി’യിലെ ഇ.ഡബ്ല്യൂ.എസ് വിഭാഗക്കാര്‍, ഇപ്പോള്‍ നിർദേശിക്കപ്പെട്ടിട്ടുള്ള ക്വോട്ടയെക്കാള്‍ മൂന്നിരട്ടിയോളം സീറ്റുകൾ  നേടിക്കഴിഞ്ഞിട്ടുണ്ടെന്നാണ്.

ലക്ഷ്യം തന്നെ ചോദ്യം ചെയ്യപ്പെടുമ്പോൾ

പൊതു-സ്വകാര്യ മേഖലകളിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ജോലികളിലും ജനറല്‍ വിഭാഗത്തിലെ ഇ.ഡബ്ല്യൂ.എസ് വിഭാഗത്തിനു മാത്രമായി 10% സംവരണം നൽകാൻ ഉദ്ദേശിച്ചാണ് ഭരണഘടന ഭേദഗതി ചെയ്തുകൊണ്ട് പുതിയ സംവരണ നയം കൊണ്ടുവന്നത്. സംവരണത്തിന്റെ ഏക അടിസ്ഥാനമായി സാമ്പത്തിക സ്ഥിതിയെ പരിഗണിക്കുന്ന ഈ നയം, യോഗ്യത നിര്‍ണയിക്കാൻ രണ്ട് മാനദണ്ഡങ്ങളാണ് ഉപയോഗിക്കുന്നത്. കുടുംബത്തിന്റെ വാര്‍ഷിക വരുമാനവും സ്വത്തുടമസ്ഥതയും. 8 ലക്ഷം രൂപയാണ് വരുമാനത്തിന്റെ പരിധി. സ്വത്തിന്റെ കാര്യത്തില്‍, ഗ്രാമ പ്രദേശങ്ങളില്‍ അഞ്ച് ഏക്കറില്‍ താഴെ കൃഷിഭൂമി, നഗര പ്രദേശങ്ങളില്‍ 1000 സ്‌ക്വയര്‍ഫീറ്റിനു താഴെ വീട്, അല്ലെങ്കിൽ നോട്ടിഫൈഡ് മുനിസിപ്പല്‍ ഏരിയയില്‍ 100 യാര്‍ഡ് സ്ഥലം, മുന്‍സിപ്പല്‍ ഏരിയക്കു പുറത്ത് 200 സ്‌ക്വയര്‍ യാര്‍ഡിൽ കുറവു സ്ഥലം, ഇവയൊക്കെയാണ് പരിധി.

എന്തടിസ്ഥാനത്തിലാണ് യോഗ്യതാ മാനദണ്ഡമായി ഈ സ്വത്തുപരിധി നിശ്ചയിച്ചത്? വിശേഷിച്ച്, മുകളില്‍ സൂചിപ്പിച്ച തരത്തിലുള്ള, വിശാലവും ലളിതവുമായ മാനദണ്ഡങ്ങള്‍ ഇൻഡ്യയിലെ ക്ഷേമപദ്ധതികളെ മങ്ങലേൽപ്പിക്കുന്നതിനും, തെറ്റായ ഉള്‍ച്ചേര്‍ക്കലിന്റേതും പുറന്തള്ളലിന്റേതുമായ ദോഷങ്ങളിൽ (Cornea and Stewart 1993; Swaminathan and Mishra 2001) നിന്ന് രക്ഷനേടാൻ പുതിയ നയത്തെ സഹായിക്കുകയും ചെയ്യുന്നുണ്ടോ?

കണക്കുകള്‍ സൂചിപ്പിക്കുന്നത് ജനറൽ വിഭാഗത്തിലെ 80 മുതല്‍ (Bhalla 2019) 95  വരെ ശതമാനം കുടുംബങ്ങളും (Desai 2019) ഈ സംവരണത്തിന് അർഹരായിരിക്കും എന്നാണ്. അതായത്, മുകളില്‍ പറഞ്ഞിട്ടുള്ള ഇ.ഡബ്ല്യൂ.എസ് മാനദണ്ഡം, പുറന്തള്ളലിനെ (Exclusion) അഭിമുഖീകരിക്കുന്നതിനു പകരം, തെറ്റായ ഉള്‍ക്കൊള്ളൽ (inclusion) എന്ന പിശകിനു വിധേയമായിരിക്കുകയണ്. പ്രധാനപ്പെട്ട കാര്യം, 8 ലക്ഷം വരുമാന പരിധി എന്നത് പല സംസ്ഥാനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമുള്ള യോഗ്യതാ മാനദണ്ഡങ്ങളേക്കാള്‍ വളരെ ഉയർന്നതാണ് എന്നതാണ്.

കണക്കുകളിലെ വ്യതിയാനങ്ങൾ എന്തുതന്നെയായിരുന്നാലും, അവ ഒരു യാഥാർഥ്യം ഉറപ്പായും പുറത്തുകൊണ്ടുവരുന്നുണ്ട്. ധ്രുതഗതിയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ലോക സമ്പദ് വ്യവസ്ഥയിൽ തങ്ങളുടെ സാമൂഹിക മുന്നാക്കാവസ്ഥ നിലനിർത്തുന്നവരായിരുന്നിട്ടും, ജനറൽ കാറ്റഗറിയിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവർ 80% വരുമത്രേ. സംവരണം നിന്ദ്യമായി കരുതിയിരുന്ന ഈ കുടുംബങ്ങൾക്ക് അവരുടെ വിദ്യാഭ്യാസ, സാമ്പത്തിക പുരോഗതിക്കായി ഇപ്പോൾ സംവരണം വേണമെന്നാണ് പറയുന്നത്. ഈ സംവരണ നയം പ്രസക്തമോ അപ്രസക്തമോ ആവട്ടെ, ഒരു കാര്യം വ്യക്തമാണ്, സംവരണം മെറിറ്റില്ലാത്തവരെന്നു വിളിക്കപ്പെടുന്നവരാൽ മാത്രം സംരക്ഷിക്കപ്പെടേണ്ട ഒന്നല്ല മറിച്ച്, പഴയ വിമർശകർ തന്നെ അതിന്റെ വക്താക്കളാണ് എന്ന അവസ്ഥ വന്നിരിക്കുന്നു.

ജനറൽ കാറ്റഗറിയിൽ നിന്നുള്ള ഇ.ഡബ്ല്യൂ.എസ് വിഭാഗം “തങ്ങളുടെ സാമ്പത്തിക ശേഷിക്കുറവ് മൂലം ഇൻഡ്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശിക്കുന്നതിൽ നിന്ന് ബഹിഷ്കൃതരായിരുന്നു” എന്ന ന്യായമാണ് നിർദിഷ്ട സംവരണ നയത്തിനു പിന്നിലുള്ളത്. അതുകൊണ്ട്, ഈ അവകാശ വാദത്തിന്റെ അനുഭവവേദ്യ സാധുത (empirical validity) കണ്ടെത്തുക എന്നതാണ് ഈ ലേഖനത്തിന്റെ പ്രാഥമിക ഉദ്ദേശ്യം. വിശേഷിച്ച്, ജനറല്‍ കാറ്റഗറിയിലെ ഇ.ഡബ്ല്യൂ.എസ് വിഭാഗത്തിന് ഇൻഡ്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രാതിനിധ്യക്കുറവുണ്ടോ എന്നു പരിശോധിക്കുന്നു. വിദ്യാഭ്യാസ മേഖലയില്‍ മാത്രം കേന്ദ്രീകരിക്കുന്ന ഈ വിശകലനം, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പുതിയൊരു ഡാറ്റാ സെറ്റും മുന്നോട്ടു വെക്കുന്നുണ്ട്.

വിശകലനവും കണ്ടെത്തലുകളും

2018ൽ, എൻഐആർഎഫ് റാങ്കിങ്ങിനായി 445 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എംഎച്ച്ആർഡി സമക്ഷം സമര്‍പ്പിച്ച ഡാറ്റയാണ് ഇൻഡ്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികളുടെ പ്രാതിനിധ്യം കണക്കാക്കാൻ ഉപയോഗിച്ചിരിക്കുന്നത്. അഞ്ചു പാരാമീറ്ററുകളെ അടിസ്ഥാനപ്പെടുത്തിയാണ് 2016 മുതല്‍ എൻഐആർഎഫ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ റാങ്ക് ചെയ്തിരുന്നത്. എൻഐആർഎഫിനു കീഴിൽ, വിദ്യാഭ്യാസ സ്ഥാപനങ്ങളെ എട്ടായി തരംതിരിച്ചിട്ടുണ്ട്. ഓരോ സ്ഥാപനത്തിലെയും എല്ലാ വർഷങ്ങളിലെയും ബിരുദ-ബിരുദാനന്തര ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ ആകെ എണ്ണം, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളില്‍ (Economically backward communities, EBC) നിന്നുള്ള വിദ്യാര്‍ഥികളുടെ എണ്ണം തുടങ്ങിയ ഡാറ്റകൾ ലഭ്യമാണ്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇബിസി വിഭാഗക്കാർ എത്രത്തോളമുണ്ടെന്ന് കണ്ടെത്താൻ ഈ ഡാറ്റ ഉപയോഗിച്ചു പോരുന്നു.

പട്ടിക 1

2016-17 വര്‍ഷത്തില്‍ എൻഐആർഎഫ് റാങ്കിങ്ങില്‍ ഉള്‍പ്പെട്ട സ്ഥാപനങ്ങളില്‍ പ്രവേശനം കിട്ടിയ ഇബിസി വിഭാഗം വിദ്യാര്‍ഥികളുടെ കണക്കാണ് ചിത്രം ഒന്നിൽ. എൻഐആർഎഫ് റാങ്ക് കിട്ടിയ 445 സ്ഥാപനങ്ങളില്‍ പ്രവേശനം നേടിയ 16.9 ലക്ഷം വിദ്യാര്‍ഥികളില്‍ 28 ശതമാനത്തോളം (4.55 ലക്ഷം) വിദ്യാര്‍ഥികളും ഇബിസി വിഭാഗത്തില്‍പ്പെട്ടവരാണ്. എൻഐആർഎഫ് റാങ്ക്, സ്ഥാപനങ്ങളെ എട്ടു വ്യത്യസ്ത കാറ്റഗറിയായി വേര്‍തിരിച്ചു നടത്തിയ വിശകലനത്തിൽ, ഇ.ഡബ്ല്യൂ.എസ് വിഭാഗത്തിന്റെ പ്രാതിനിധ്യം ആര്‍ക്കിടെക്ചര്‍ സ്ഥാപനങ്ങളിലെ 13% മുതല്‍ കോളേജുകളിലെ 33% വരെ വ്യത്യാസപ്പെട്ടു കിടക്കുന്നത് കാണാം. ആര്‍ക്കിടെക്ച്ചറും മെഡിസിനുമൊഴിച്ച് മറ്റെല്ലാ കാറ്റഗറിയിലും പെട്ട സ്ഥാപനങ്ങളിലെയും ഇബിസി വിദ്യാർഥികളുടെ പങ്കാളിത്തം, നിർദിഷ്ട 10%  ക്വോട്ടയുടെ ഏതാണ്ട് ഇരട്ടിയാണെന്നു വെളിപ്പെട്ടിട്ടുണ്ട്. യാതൊരു സംവരണവും ഇല്ലാതെ തന്നെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍, നിർദിഷ്ട 10%  ക്വോട്ടയുടെ മൂന്നിരട്ടി സീറ്റുകള്‍ ഇബിസി വിദ്യാർഥികൾ ഇതിനകം തന്നെ നേടിയിട്ടുണ്ടെന്നത് സ്പഷ്ടമാണ്. നിർദിഷ്ട 8 ലക്ഷം വാർഷിക വരുമാനം എന്ന മാനദണ്ഡത്തെക്കാൾ താഴ്ന്ന,5.50 ലക്ഷം എന്നതാണ് ഭൂരിപക്ഷം സ്ഥാപനങ്ങളിലെയും വരുമാന പരിധി എന്ന യാഥാർഥ്യം നിലനിൽക്കെ തന്നെയാണ് ഇത് സംഭവിക്കുന്നത്.

ഈ എട്ടു കാറ്റഗറികളിലെയും ഓരോ സ്ഥാപനത്തിലും 10 ശതമാനത്തില്‍ താഴെയും 20 ശതമാനത്തിനു മുകളിലുമുള്ള ഇബിസി വിഭാഗത്തിന്റെ പങ്കാളിത്തം വീണ്ടും പരിശോധിക്കുകയുണ്ടായി. എൻഐആർഎഫ് റാങ്ക് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഏതാണ്ട് മൂന്നില്‍ രണ്ടിലും (66%) 10% ത്തിലധികം, ജനറൽ കാറ്റഗറിയിൽ നിന്നുള്ള ഇബിസി വിദ്യാര്‍ഥികളാണ് (പട്ടിക 1).50 ശതമാനം സ്ഥാപനങ്ങളിലും, നേരത്തെ തന്നെ ജനറല്‍ വിഭാഗത്തില്‍ നിന്നുള്ള 20% ശതമാനത്തിന് മുകളില്‍ ഇബിസി വിദ്യാര്‍ഥികള്‍ ഉണ്ട്. മെഡിക്കല്‍, ആര്‍കിടെക്ചര്‍, മാനേജ്‌മെന്റ്, നിയമ സ്ഥാപനങ്ങളില്‍ ഇബിസി വിദ്യാര്‍ഥികള്‍ താരതമ്യേന കുറവാണെന്നു പട്ടിക 1 വെളിപ്പെടുത്തുന്നു. എന്നാല്‍ ഡിഗ്രി കോളേജുകള്‍, ഫാര്‍മസി-എൻജിനീയറിങ് സ്ഥാപനങ്ങൾ, സര്‍വകലാശാലകൾ എന്നിവിടങ്ങളിൽ ഇതു നേരെ തിരിച്ചാണ്.

പട്ടിക 2

എൻഐആർഎഫ് റങ്കിങ്ങിൽ വരുന്ന ആര്‍ക്കിടെക്ചര്‍, നിയമ, മാനേജ്‌മെന്റ്, മെഡിക്കല്‍ സ്ഥാപനങ്ങളുടെ എണ്ണം, എൻജിനീയറിങ് സ്ഥാപനങ്ങളും സർവകലാശാലകളുമായി താരതമ്യം ചെയ്യുമ്പോൾ വളരെ കുറവാണെന്നതു ശ്രദ്ധിക്കണം. ഉദാഹരണത്തിന്  2018-ലെ എൻഐആർഎഫ് റാങ്കിങ്ങിൽ വെറും 10 നിയമ സ്ഥാപനങ്ങൾ മാത്രമുള്ളപ്പോൾ, എൻജിനീയറിങ് സ്ഥാപനങ്ങൾ 100 ആണുള്ളത് (പട്ടിക 2). അടുത്ത കാലത്ത് വലിയ മത്സര മേഖലയായിത്തീർന്നിട്ടുള്ള ഈ നാലു തരത്തിൽപ്പെട്ട സ്ഥാപനങ്ങളിലെ ഉയർന്ന ചെലവുകളാവാം ഇവിടങ്ങളിൽ ഇബിസിക്കാരുടെ പ്രാതിനിധ്യം കുറയാനുള്ള ഒരു കാരണം. എന്‍ട്രന്‍സ് ടെസ്റ്റിനായുള്ള കോച്ചിങ് ഫീസും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ചുമത്തുന്ന ഉയര്‍ന്ന ഫീസും അതില്‍ ഉള്‍പ്പെടുന്നു. ഉദാഹരണത്തിന് നാഷണല്‍ ലോ സ്‌കൂള്‍ ഓഫ് ഇന്ത്യയില്‍ ബി.എ. എൽ.എൽ.ബി (ഓണേഴ്സ്) ഡിഗ്രി ചെയ്യുന്ന ഒരു വിദ്യാര്‍ഥി, വര്‍ഷത്തില്‍ രണ്ടു ലക്ഷം രൂപ ഫീസ് ആയി നല്‍കേണ്ടതുണ്ട്. അതുപോലെ അഹ്മദാബാദിലെ ഇൻഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റില്‍ (ഐഐഎം) മാനേജ്മെന്റ് ബിരുദാനന്തര കോഴ്സിന് വര്‍ഷത്തില്‍ 10 ലക്ഷം രൂപയാണു ഫീസ്.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ സർക്കാർ, സ്വകാര്യം എന്നു തിരിക്കുകയാണെങ്കിൽ, ഇബിസി വിദ്യാര്‍ഥികളുടെ പ്രാതിനിധ്യത്തിന്റെ മൊത്തം മാതൃകകൾ, സമാനമാണെന്ന് കാണാം (പട്ടിക 2). എൻഐആർഎഫ് റാങ്കുള്ള ഏതാണ്ട് 70% സ്വകാര്യ സ്ഥാപനങ്ങളിലും ഇബിസി വിദ്യാര്‍ഥികൾ 10 ശതമാനത്തിലധികമാണ് എന്നതാണ് രസകരമായ കാര്യം. കൂടാതെ, എൻഐആർഎഫ് റാങ്കുള്ള 56% സ്വകാര്യ സ്ഥാപനങ്ങളിലും 20 ശതമാനത്തിന് മുകളില്‍ ഇബിസി വിദ്യാര്‍ഥികള്‍ ഉണ്ട്. എൻഐആർഎഫ് (NIRF) റാങ്കുള്ള സ്വകാര്യ സ്ഥാപനങ്ങൾ, റാങ്കില്ലാത്ത സ്വകാര്യ സ്ഥാപനങ്ങളെക്കാൾ താരതമ്യേനെ ഉയർന്ന ഫീസ് വാങ്ങുന്നുണ്ടാവും.  ഉയര്‍ന്ന ഫീസുണ്ടായിട്ടും ജനറല്‍ വിഭാഗത്തിലെ ഇബിസി വിദ്യാര്‍ഥികളുടെ പങ്കാളിത്തം അത്ര കുറവൊന്നുമല്ല.

എൻഐആർഎഫ് റാങ്കിങ് ലിസ്റ്റിലുള്ള 100 ഉന്നത എൻജിനീയറിങ് സ്ഥാപനങ്ങളിലെ ഇബിസി വിദ്യാര്‍ഥികളുടെ പ്രാതിനിധ്യവും വിശകലനം ചെയ്തിട്ടുണ്ട്.  ഈ നൂറു സ്ഥാപനങ്ങളെ വീണ്ടും മൂന്നു കാറ്റഗറിയായി തിരിച്ചിട്ടുണ്ട്. അതായത്, ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങള്‍ (അധികവും ഇൻഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജികളും (ഐഐടി), നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജികളും (എൻഐടി), ഇതര പൊതു സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ ഇങ്ങനെ (പട്ടിക 3). ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളായി അംഗീകരിച്ചിട്ടുള്ള എൻജിനീയറിങ് സ്ഥാപനങ്ങളിൽ ഏതാണ്ട് 70 ശതമാനത്തിലും, 10 ശതമാനത്തിലധികം ഇബിസി വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം ലഭിച്ചിട്ടുണ്ട്. 62% സ്വകാര്യ എൻജിനീയറിങ് സ്ഥാപനങ്ങളില്‍ 20 ശതമാനത്തിലധികം ഇബിസി വിദ്യാര്‍ഥികള്‍ ഉണ്ട്. ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളെന്ന ലേബലുള്ള ഐഐടി-എൻഐടി പോലുള്ള സ്ഥാപനങ്ങളിലോ പ്രമുഖമായ സ്വകാര്യ എൻജിനീയറിങ് സ്ഥാപനങ്ങളിലോ ജനറല്‍ വിഭാഗത്തില്‍പ്പെട്ട ഇബിസി വിദ്യാര്‍ഥികളുടെ പ്രാതിനിധ്യക്കുറവില്ലെന്ന് പട്ടിക 3ൽ നിന്നു വ്യക്തമാണ്.

അന്തിമ നിഗമനം

എൻഐആർഎഫ് റാങ്കില്‍ ഉള്‍പ്പെട്ട ഇൻഡ്യയിലെ 445 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഏകദേശം 28% വിദ്യാര്‍ഥികളും ജനറല്‍ വിഭാഗത്തിലെ ഇബിസി വിദ്യാര്‍ഥികളാണെന്ന് ഈ വിശകലനങ്ങൾ വെളിപ്പെടുത്തുന്നുണ്ട്. ഇത് നിർദിഷ്ട സംവരണ നയത്തിന്റെ മൂന്നു മടങ്ങോളം വരും. ആ നിലക്ക്, ഉന്നത വിദ്യാഭ്യാസ മേഖലയിൽ സീറ്റുകൾ കുറയാനാണ് സാധ്യത. അഥവാ ഈ നയം, കൊട്ടിഘോഷിക്കപ്പെടുന്നതു പോലെ ‘ഗെയിം ചേഞ്ചർ’ നയമൊന്നുമല്ല.

കടപ്പാട്: ഇകണോമിക്ക് ആൻഡ് പൊളിറ്റിക്കൽ വീക്ക്‌ലി

Top