സിദ്ദീഖ് കാപ്പനെ ഹിന്ദുത്വ ഭരണകൂടം തടവിലിടുമ്പോൾ

ഈയടുത്ത് ഹഥ്റാസിലേക്കുള്ള യാത്രയ്ക്കിടെ മാധ്യമപ്രവർത്തകനായ സിദ്ദീഖ് കാപ്പനെ അറസ്റ്റ് ചെയ്തത് യുഎപിഎ നിയമത്തിന്റെ ഭീകരത പ്രകടമാക്കുന്നുണ്ട്. പ്രത്യേകിച്ച് തെളിവുകളൊന്നുമില്ലാതെ, ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടാതെ തന്നെ ആറു മാസത്തോളം ആരെയും തടങ്കലിൽ വെക്കാം എന്നത് പ്രകടമായ മനുഷ്യാവകാശ ലംഘനമാണ്. നീരജ് മിശ്ര എഴുതുന്നു.

യുപിയിലെ ഹഥ്റാസിലുണ്ടായ ദുരന്തം, അനേകം നിയമലംഘനങ്ങൾ വെളിവാക്കി. പ്രത്യേകിച്ചും നിയമം സംരക്ഷിക്കാൻ ബാധ്യസ്ഥരായവരുടെ ഭാഗത്ത് നിന്നുണ്ടായിട്ടുള്ളത്. ഇത്തരം സംഭവങ്ങളുണ്ടാകുന്നതിൽ ഉത്തർപ്രദേശ് പ്രത്യേക ഖ്യാതി നേടിയിട്ടുണ്ടെങ്കിലും ഹഥ്റാസിലുണ്ടായ ഭയാനകമായ സംഭവവും അതിന്റെ അനന്തരഫലങ്ങളും യോഗി ഗവണ്മെന്റിനെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ഒപ്പം, ഹഥ്റാസിലേക്ക് പോയ മാധ്യമപ്രവർത്തകനെ അറസ്റ്റ് ചെയ്തത് മറ്റൊരു ഗുരുതര പ്രശ്നത്തെ കൂടി വെളിവാക്കുന്നു. 

മാധ്യമപ്രവർത്തകനായ സിദ്ദീഖ് കാപ്പനെ ഹഥ്റാസിൽ എത്തുന്നതിന് മുൻപു തന്നെയാണ് യുഎപിഎ ചുമത്തി യുപി പോലീസ് അറസ്റ്റ് ചെയ്തത്. ഹഥ്റാസിൽ ജാതി സംഘർഷങ്ങൾ ഇളക്കിവിടാനായി കേരളത്തിലെ പോപ്പുലർ ഫ്രണ്ട് ഓഫ് ഇൻഡ്യയുമായി ചേർന്ന് പദ്ധതിയിട്ടു എന്നാണ് മറ്റു മൂന്ന് പേരോടൊപ്പം കാപ്പനെ അറസ്റ്റ് ചെയ്തതിന് പോലീസ് നിരത്തുന്ന ന്യായം.

കാപ്പൻ ഒരു മലയാളിയാണ്. പോലീസ് റിപ്പോർട്ട് വാദിക്കുന്നത്, പദ്ധതി നടപ്പിലാക്കാനായി 100 കോടി ഗൾഫ് രാജ്യങ്ങളിൽ നിന്ന് അയച്ചുവെന്നാണ്. അമേരിക്കയിലെ ബ്ലാക്ക് ലൈവ്സ് മാറ്റർ മൂവ്മെന്റിൽ നിന്നുള്ളതെന്ന പേരിൽ അക്ഷരത്തെറ്റുകൾ നിറഞ്ഞ ഒരു മെയിലും പോലീസ് തെളിവായി സമർപ്പിച്ചു.

സിദ്ദീഖ് കാപ്പൻ

ഈ ഗൂഡാലോചനാ സിദ്ധാന്തത്തിൽ ഒട്ടേറെ പാളിച്ചകളും നുണകളുമുണ്ട്. എന്നിട്ടും കാപ്പനെ പിഎഫ്ഐയുമായി ബന്ധപ്പെടുത്തി, അതിലെ അംഗമാണെന്നുള്ള ആരോപണങ്ങൾ പടച്ചുവിടുകയാണ്. പിഎഫ്ഐ ഒരു നിരോധിത സംഘടനയല്ല. ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു എന്നാരോപിച്ച് പിഎഫ്ഐയെ നിരോധിക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ കേന്ദ്ര ഭരണകൂടം നടത്തുന്നുണ്ടെങ്കിലും ആരോപണങ്ങൾ തെളിയിക്കാൻ മതിയായ വസ്തുതകൾ പോലും അവരുടെ കയ്യിലില്ല.

അദ്ദേഹത്തിന് പ്രസ്തുത സംഘടനയോടുള്ള ബന്ധം എന്തു തന്നെയായാലും തനിക്ക് മേൽ ചാർത്തപ്പെട്ടിട്ടുള്ള കുറ്റങ്ങൾ തെറ്റാണെന്ന് തെളിയിക്കാൻ ഒരവസരം പോലും ലഭിക്കാതെ ഇനിയുള്ള ആറ് മാസക്കാലം കാപ്പന് ജയിലിൽ കഴിയേണ്ടിവരും എന്നതാണ് വസ്തുത.

കൂടാതെ പോലീസിന്  നിയമപരമായി, പലവിധേന ചുരുങ്ങിയത് 90 ദിവസത്തേക്കെങ്കിലും ചാർജ് ഷീറ്റ് ഫൈൽ ചെയ്യാതിരിക്കാനാകും. ഒരു മാസം കഴിഞ്ഞാണ് ഇനി സുപ്രീംകോടതി കേസ് പരിഗണിക്കുക. അതുവരെയെങ്കിലും ജയിലിൽ കഴിയേണ്ടി വരുമെന്നത് ഉറപ്പാണ്.

ജാമ്യമോ മുൻകൂർ ജാമ്യമോ നൽകുമ്പോൾ തുല്യാർഥത്തിലുള്ള ഒരു നയം കോടതികൾ ഒരിക്കലും പാലിച്ചിട്ടില്ല എന്നത് സങ്കടകരമാണ്. ഒരുകാലത്ത് എല്ലാ പാർട്ടികളും എതിർത്തിരുന്ന, പ്രത്യേകിച്ചും പ്രതിപക്ഷമായിരുന്ന ബി.ജെ.പി വലിയ കോലാഹലം സൃഷ്ടിച്ച ടാഡ, പോട്ട തുടങ്ങിയ നിയമങ്ങളെക്കാളും മോശമാണ് യു.എപിഎയുടെ വ്യവസ്ഥകൾ. ടാഡ, പോട്ട എന്നീ രണ്ടു ഭീകര വിരുദ്ധ പിന്നീട് ഒഴിവാക്കപ്പെടുകയുണ്ടായി. എന്നാൽ 1967ൽ നിലവിൽ വന്ന യുഎപിഎ ഇന്ന് നിരന്തരം വിവേചനരഹിതമായി ഉപയോഗിക്കപ്പെടുകയാണ്.

2004 ൽ പോട്ടയെ ഒഴിവാക്കിയതിനെ തുടർന്ന് ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സംഘടനകളെ നിരോധിക്കാനെന്ന പേരിൽ നടപ്പാക്കിയ യുഎപിഎ പിന്നീട് നിരവധി തവണ ശക്തമാക്കപ്പെട്ടിരുന്നു. അതിനാൽ തന്നെ പോട്ടയുടെ എല്ലാ വ്യവസ്ഥകളും യുഎപിഎയിലും ഇപ്പോഴുണ്ട്.

ഇന്നത്തെ സാഹചര്യത്തിൽ, യുഎപിഎ ഉപയോഗിച്ച് നിയമപരിപാലകർക്ക് ഏതൊരു വ്യക്തിയെയും പ്രത്യേക കാരണമോ തെളിവോ കൂടാതെ തന്നെ അറസ്റ്റു ചെയ്യാനും നിയമപരമായിത്തന്നെ അവരെ ആറ് മാസത്തെ തടവിൽ വെക്കാനും പോലീസിനും അന്വേഷണ ഏജൻസികൾക്കും സാധിക്കും.

വെറും സംശയത്തിന്റെ പേരിൽ മാത്രം അറസ്റ്റു ചെയ്യാനും തടവിൽ വെക്കാനും സാധിക്കും. ഈയടുത്ത് അനേകം ആക്ടിവിസ്റ്റുകളെയും അഭിഭാഷകരെയും അധ്യാപകരെയും യുഎപിഎയുടെ പേരിൽ അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോൾ മാധ്യമപ്രവർത്തകരെ കൂടി ഇത്തരത്തിൽ വേട്ടയാടാൻ തുടങ്ങിയിരിക്കുന്നു. പലരെയും മുദ്രകുത്തുന്നത് “അർബൻ നക്സലുകൾ” ആയിട്ടാണ്.

കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായ ജി.കിഷൻ റെഡ്ഡി ഈയടുത്ത് രാജ്യസഭയിൽ അറിയിച്ചതനുസരിച്ച് 2016 മുതൽ 2018 വരെയുള്ള കാലയളവിൽ രാജ്യത്ത് 3,005 കേസുകളിലായി 3,974 പേരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തിട്ടുണ്ട്.

സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും റിപ്പോർട്ട് ചെയ്യുന്ന കുറ്റകൃത്യങ്ങളെ കുറിച്ച വിവരങ്ങൾ ഏകോപിപ്പിച്ച് കണക്കുകൾ വാർഷിക പ്രസിദ്ധീകരണമായ “ക്രൈം ഇൻ ഇൻഡ്യ”യിൽ പ്രസിദ്ധീകരിക്കുന്നത് നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ (എൻസിആർബി) എന്ന കേന്ദ്ര ഏജൻസി ആണെന്ന് ഒരു ചോദ്യത്തിനുള്ള മറുപടിയായി റെഡ്ഡി പറഞ്ഞു.

2018ലെ റിപ്പോർട്ടാണ് അവസാനമായി പ്രസിദ്ധീകരിച്ചത്. പ്രസ്തുത റിപ്പോർട്ട് പ്രകാരം 2016, 2017, 2018 വർഷങ്ങളിൽ ക്രമാനുസൃതമായി 922ഉം 901ഉം 1,182ഉം കേസുകൾ ഫൈൽ ചെയ്തതിൽ 999ഉം 1,554ഉം 1421ഉം ആളുകളാണ് യുഎപിഎയുടെ കീഴിൽ അറസ്റ്റ് ചെയ്യപ്പെട്ടത് എന്നും റെഡ്ഡി പറഞ്ഞു.

എൻസിആർബി കണക്കുകൾ പ്രകാരം 2019ൽ 93 രാജ്യദ്രോഹ കേസുകൾ ഫയൽ ചെയ്തിട്ടുണ്ട്. 2016ലേതിൽ നിന്നും 165 ശതമാനം വർധനവാണിത്. 2016ൽ നിന്നും 33 ശതമാനം വർധനവ് സൃഷ്ടിച്ചുകൊണ്ട് 1,226 യുഎപിഎ കേസുകളാണ് 2019ൽ ഫയൽ ചെയ്തത്.

ഐപിസി സെക്ഷൻ 124എ രാജ്യദ്രോഹത്തെ നിർവ്വചിക്കുന്നത് ഗവണ്മെന്റിനോട് വെറുപ്പും വിദ്വേശവും ഉളവാക്കുന്നതോ ഉളവാക്കാൻ പോന്ന അടയാളങ്ങൾ, പ്രകടമായ പ്രാതിനിധ്യം, വാക്കുകൾ, എഴുത്തുകൾ എന്നിവയോടാണ്. മേൽ സൂചിത നിർവചനം കൊളോണിയൽ കാലഘട്ടത്തിലേതാണ്. ബ്രിട്ടീഷ് ഭരണകൂടത്തെ വിമർശിക്കുന്നവർക്കെതിരെ ആയിരുന്നു ഇത് ഉപയോഗിച്ചിരുന്നത്.

സ്വതന്ത്ര ഇൻഡ്യയിൽ ഇത് അഭിപ്രായ പ്രകടന സ്വാതന്ത്ര്യത്തെ തടഞ്ഞുവെക്കാൻ വേണ്ടി സഹായകരമായ ഒരു ഉപകരണം മാത്രമായിത്തീർന്നിരിക്കുന്നു. പ്രത്യേക സാഹചര്യങ്ങളിൽ മാത്രം ഉപയോഗിക്കേണ്ട  ഭീകര വിരുദ്ധ നിയമസംവിധാനമാണ്  യുഎപിഎ. പക്ഷേ അതിപ്പോൾ ഭരണകൂട വിമർശകർക്കെതിരെ കയ്യും കണക്കുമില്ലാതെ ഉപയോഗിക്കാനുള്ള ഒരു ഉപകരണമായിത്തീർന്നിരിക്കുകയാണ്. കാപ്പന്റെ അറസ്റ്റിന് മുമ്പ്, ഈ വർഷം ഫെബ്രുവരിയിൽ വടക്കുകിഴക്കൻ ഡൽഹിയിൽ നടന്ന വർഗീയ ലഹളയുമായി ബന്ധപ്പെട്ട് ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ നിന്നുള്ള വിദ്യാർഥി നേതാവായ ഉമർ ഖാലിദിനു മേൽ യുഎപിഎ ചുമത്തിയിരുന്നു.

യുഎപിഎ ചുമത്തുക വഴി ഒരാളെ 180 ദിവസത്തേക്ക് തടവിലാക്കാം എന്ന വ്യവസ്ഥ വിമതരെ നിശബ്ദമാക്കാനുള്ള ഉചിതമായ ഒരുപകരണമായി തീർന്നിരിക്കുന്നു. ഇത്തരത്തിൽ നീണ്ട വിചാരണത്തടവ് ക്രിമിനൽ നീതിന്യായ വ്യവസ്ഥ ഉറപ്പുനൽകുന്ന സംരക്ഷണങ്ങളെ അനായാസേന മറികടക്കാനും കൂടാതെ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും സംശയമുള്ളവരെ തെളിവുകൾ സമർപ്പിക്കാതെ തന്നെ അറസ്റ്റ് ചെയ്യാനും സാധിക്കുന്നു.

യുഎപിഎ മാധ്യമപ്രവർത്തകർ നേരിടുന്ന പ്രതിസന്ധികളിൽ ഒന്നു മാത്രമാണ്. 504, 155 ഐ‌പി‌സി വകുപ്പുകൾ പ്രകാരം സാമുദായിക ഐക്യത്തെ ശല്യപ്പെടുത്തിയെന്ന് പറഞ്ഞും പുതിയ വിവര സാങ്കേതികവിദ്യാ നിയമത്തിന്റെ അതിരുവിട്ട ഉപയോഗത്തിലൂടെയും മാധ്യമപ്രവർത്തകരെ മിക്ക സംസ്ഥാന സർക്കാരുകളും ലക്ഷ്യമിടുകയാണ്.

അവസാനം പറഞ്ഞ നിയമം സാമൂഹിക മാധ്യമങ്ങളിൽ അത്യാവശം സജീവമായ ആർക്കെതിരെ വേണമെങ്കിലും ഉപയോഗിക്കാം. മിക്ക മാധ്യമപ്രവർത്തകർക്കും അവരുടെ സ്ഥാപനങ്ങളിൽ ലഭിക്കാത്ത അഭിപ്രായ സ്വാതന്ത്ര്യം സാമൂഹിക മാധ്യമങ്ങളിൽ ലഭിക്കുന്നുണ്ട്.  അതിനാൽ അവരുടെ പോസ്റ്റിൽ ഏതെങ്കിലും തരത്തിലുള്ള വ്യാജ വാർത്തകളോ പ്രാദേശിക സമാധാനത്തിന് കോട്ടം തട്ടുന്ന വീഡിയോകളോ പോസ്റ്റുകളോ ഉണ്ടെന്ന് കണക്കാക്കി ഒരു സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന് ഏത് മാധ്യമപ്രവർത്തകനെതിരെയും നടപടിയെടുക്കാവുന്നതാണ്.

ഭാര്യ റൈഹാനത്ത് സിദ്ദീഖ് കാപ്പന്റെ മോചനം ആവശ്യപ്പെട്ട് പത്രസമ്മേളനം നടത്തുന്നു.

ലഖ്‌നൗ കോടതിയിലെ ഹഥ്റാസ് കേസ് സംബന്ധിച്ച നടപടികൾക്കിടെ  ‘100 കോടി രൂപ’ സിദ്ധാന്തവും ആരോപിക്കപ്പെട്ട ഇമെയിലുകളും പോലീസ് ഉന്നയിക്കാതിരുന്നത് അത് മതിയായ തെളിവുകളല്ലാത്തതിനാലാണ്. ഇതെല്ലാം കാപ്പനെപ്പോലുള്ള മാധ്യമപ്രവർത്തകർക്കെതിരെ നിലനിൽക്കുന്ന സമ്മർദം വെളിപ്പെടുത്തുന്നുണ്ട്. ഇത്തരത്തിലുളള അധിക സമ്മർദങ്ങളെ നേരിടാനായി മാധ്യമപ്രവർത്തകർ പല നിയമവശങ്ങളെക്കുറിച്ചും യുഎപിഎ മുതൽ മാനനഷ്ടക്കേസ് വരെയുള്ള കാര്യങ്ങളെ കുറിച്ച് പഠിക്കാൻ തുടങ്ങിയിരിക്കുന്നു. ഇപ്പോഴുള്ള പ്രശ്നങ്ങളും പ്രതിസന്ധികളും ഈയടുത്ത് അവസാനിക്കുമെന്ന് തോന്നുന്നില്ല.

കടപ്പാട്: ഇന്ത്യ ലീഗൽ ലൈവ്

വിവർത്തനം: നസ്റിൻ ഹംസ

  • https://www.indialegallive.com/cover-story-articles/hathras-kerala-journalist-siddique-kappan-arrest-uapa-yogi-adityanath/ 
Top