അമേരിക്കൻ സാമ്രാജ്യത്വം അവസാനിച്ചിരിക്കുന്നു: മൈക്കിൾ ഹാർട്ട്

പഴയ തരത്തിലുള്ള ദേശരാഷ്ട്ര കേന്ദ്രീകൃതമായ സാമ്രാജ്യത്വ മാതൃക ഇന്നു നിലനില്‍ക്കുന്നില്ല. മൂലധനാധിപത്യത്തിനും ഈ പുതിയ ആഗോള ക്രമത്തിൽ മാറ്റം വന്നിരിക്കുന്നു. ഒരു പുറം – അധികാരം സാധ്യമല്ലാത്ത വിധം മൂലധനത്തിന്റെ അധികാരം അകവും പുറവും കീഴടക്കിക്കൊണ്ട് ആഗോളതലത്തില്‍ ഏകീകരിക്കപ്പെട്ടിരിക്കുന്നുവെന്നുമാണ് മനസ്സിലാവുന്നത്.

അമേരിക്കൻ രാഷ്ട്രീയ സൈദ്ധാന്തികനും എംപയർ, മൾട്ടിറ്റ്യൂഡ്: വാർ ആൻഡ് ഡെമോക്രസി ഇൻ ദി ഏജ് ഓഫ് എംപയർ തുടങ്ങിയ ഗ്രന്ഥങ്ങളുടെ രചയിതാവുമായ മൈക്കിൾ ഹാർട്ട് സംസാരിക്കുന്നു.

കഴിഞ്ഞ ഏതാനും ആഴ്ചകളില്‍, ഇറാനും അമേരിക്കയ്ക്കും ഇടയില്‍ ഉടലെടുത്തിട്ടുള്ള സംഘര്‍ഷാവസ്ഥ മിഡിൽ ഈസ്റ്റിനെ യുദ്ധഭീതിയിലാഴ്ത്തിയിട്ടുണ്ട്. ഇസ്‌ലാമിക് റിപ്പബ്ലിക്ക് ഓഫ് ഇറാന്‍ ഉയര്‍ത്തുന്ന ഭീഷണിയെ സംബന്ധിച്ച പാശ്ചാത്യ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ 2003ലെ ഇറാഖ് യുദ്ധത്തിലേക്കു നയിച്ച കാലത്തെ കുറിച്ചാണ് ഒരുപാട് അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകരെ ഓര്‍മിപ്പിച്ചത്, പക്ഷേ ഇത്തവണ ഒരു വ്യത്യാസമുണ്ട്. 1990കളുടെ അവസാനം, ചരിത്രത്തിലെ ഏറ്റവും വലിയ പ്രക്ഷോഭങ്ങളെന്ന്(1) രാഷ്ട്രമീമാംസകര്‍ കണക്കാക്കുന്ന സംഭവങ്ങളുടെ മുന്നോടിയായി പ്രവര്‍ത്തിച്ച വ്യാപകമായ ആള്‍ട്ടര്‍ ഗ്ലോബലൈസേഷന്‍ മൂവ്മെന്‍റുകള്‍ക്കു സാക്ഷിയായപ്പോള്‍, ഇന്നു പക്ഷേ ട്രംപ് ഭരണകൂടത്തിന്‍റെ യുദ്ധക്കൊതിക്ക് എതിരായ പ്രതിഷേധങ്ങള്‍ വളരെ കുറവാണ്.

എന്നാല്‍, മുന്‍കാല സംഘര്‍ഷാവസ്ഥകളുമായി താരതമ്യം ചെയ്യുമ്പോള്‍, ഇന്നത്തെ ലോക സാഹചര്യത്തില്‍ ഒരു സാമ്രാജ്യത്വ ശക്തിയെന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ അമേരിക്കക്കു കഴിയുമോ? ഈ വിഷയത്തിൽ പ്രതികരിച്ച അമേരിക്കൻ രാഷ്ട്രീയ സൈദ്ധാന്തികനായ മൈക്കിള്‍ ഹാര്‍ട്ടിനെ സംബന്ധിച്ചിടത്തോളം, അന്‍റോണിയോ നെഗ്രിയുമായി ചേര്‍ന്നുള്ള എഴുത്തുകളിലൂടെ അവതരിപ്പിച്ച മാതൃക അനുസരിച്ചാണ് ആഗോള ക്രമം പ്രവര്‍ത്തിക്കുന്നത് : നിരവധി അധികാര കേന്ദ്രങ്ങളുള്ള ഒരു ആഗോള ക്രമമാണ് എംപയര്‍ (empire) . ഈ ആഗോള ക്രമത്തില്‍ ദേശരാഷ്ട്രങ്ങള്‍ വളരെ പ്രാധാനമാണെങ്കിലും, പഴയ പോലെ സ്വന്തമായി തീരുമാനമെടുക്കാന്‍ അധികാരമുള്ള ഒരു കേന്ദ്ര സ്ഥാനം ഇന്ന് അവയ്ക്കില്ല. അതിന്‍റെ സ്ഥാനത്ത് ബഹുരാഷ്ട്ര കോര്‍പറേറ്റുകളും സ്വതന്ത്ര അന്താരാഷ്ട്ര സ്ഥാപനങ്ങളും ഇന്ന് ദേശ രാഷ്ട്രങ്ങളോടൊപ്പം പുതിയ അധികാര കേന്ദ്രങ്ങളായി മാറിയിരിക്കുന്നു. ഈ അര്‍ഥത്തില്‍ നോക്കിയാല്‍, പഴയ തരത്തിലുള്ള ദേശരാഷ്ട്ര കേന്ദ്രീകൃതമായ സാമ്രാജ്യത്വ മാതൃക ഇന്നു നിലനില്‍ക്കുന്നില്ല. മൂലധനാധിപത്യത്തിനും ഈ പുതിയ ആഗോള ക്രമത്തിൽ മാറ്റം വന്നിരിക്കുന്നു. ഒരു പുറം – അധികാരം സാധ്യമല്ലാത്ത വിധം മൂലധനത്തിന്റെ അധികാരം അകവും പുറവും കീഴടക്കിക്കൊണ്ട് ആഗോളതലത്തില്‍ ഏകീകരിക്കപ്പെട്ടിരിക്കുന്നുവെന്നുമാണ് മനസ്സിലാവുന്നത്. മൈക്കിൾ ഹാർട്ടുമായി ഇമാൻ ഗഞ്ചി നടത്തിയ അഭിമുഖം. 

ഉപരോധത്തിനും പ്രതിസന്ധിക്കും സൈനികമായ ആക്രമണ ഭീഷണിക്കും കീഴിലാണ് വെനസ്വേലയും ഇറാനും ഇപ്പോഴുള്ളത്. പരസ്യങ്ങളും പ്രൊപഗണ്ട കാമ്പയിനുകളും ചേര്‍ന്ന് സൈനിക അട്ടിമറിയെ പിന്തുണക്കുന്ന ഒരു ‘ജനക്കൂട്ടത്തെ’ നിര്‍മിക്കുന്ന, ഭരണകൂട മാറ്റം എന്ന അമേരിക്കന്‍ നയത്തിന്‍റെ പുതിയ കളിത്തൊട്ടിലുകളാണോ അവ?

ഇറാനെതിരെയുള്ള അമേരിക്കന്‍ സൈന്യത്തിന്‍റെ നിലവിലെ പ്രകോപനപരമായ സമീപനങ്ങള്‍ അത്യന്തം അപകടകരമാണ്. ഈ ഭീഷണികളുമായി ട്രംപ് ഭരണകൂടം എത്രത്തോളം മുന്നോട്ടുപോകുമെന്ന് പറയാന്‍ കഴിയില്ല. ട്രംപും ജോണ്‍ ബോള്‍ട്ടനെ പോലുള്ള ചില പഴയകാല നിയോ കണ്‍സര്‍വേറ്റീവുകളും തമ്മില്‍ ഒരു നയതന്ത്ര സഖ്യമുണ്ടെന്നാണ് തോന്നുന്നത്.

ഒരു സാധ്യതയുള്ളത് എന്താണെന്നാല്‍, ബോള്‍ട്ടനെയും മറ്റുള്ളവരെയും പരമാവധി ശക്തിയുപയോഗിച്ച് ഇറാനെ ഭീഷണിപ്പെടുത്താന്‍ ട്രംപ് അനുവദിക്കും, എന്നിട്ട് വെടി (അല്ലെങ്കില്‍ മിസൈല്‍) പൊട്ടുന്നതിനു മുന്‍പ് ട്രംപ് പിന്നോട്ടു വലിയുകയും ചെയ്യും. ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്ന കാര്യങ്ങള്‍ യഥാര്‍ഥത്തില്‍ താന്‍ ചെയ്യുമോ ഇല്ലേ എന്ന സംശയത്തില്‍ തന്‍റെ ശത്രുക്കളെ അകപ്പെടുത്തുക എന്നതാണ് അന്താരാഷ്ട്ര തലത്തിലും ആഭ്യന്തര തലത്തിലും ട്രംപ് സ്വീകരിക്കാറുള്ള പ്രാഥമിക നടപടികളില്‍ ഒന്ന്. ഇതുതന്നെയാണ് അദ്ദേഹത്തിന്‍റെ യഥാര്‍ഥ ഉദ്ദേശമെന്ന് ഉറപ്പില്ലെങ്കിലും, സ്ഥിതിഗതികള്‍ തന്‍റെ നിയന്ത്രണത്തിനു കീഴിലാക്കാന്‍ ട്രംപിനു കഴിയും. അത്തരമൊരു കലുഷിത സാഹചര്യത്തില്‍, ആരും തന്നെ ഉദ്ദേശിക്കുന്നില്ലെങ്കില്‍ പോലും യുദ്ധം പൊട്ടിപ്പുറപ്പെടാന്‍ സാധ്യതയുണ്ട്. എന്നെ ഭയപ്പെടുത്തുന്ന പ്രധാനപ്പെട്ട കാര്യമെന്താണെന്നാല്‍, ‘അവിചാരിത സംഭവങ്ങൾ’ (accidents) പോലും യുദ്ധത്തിലേക്കു നയിച്ചേക്കാവുന്ന ഒരു സാഹചര്യം സൃഷ്ടിക്കുകയാണ് ട്രംപ് ചെയ്യുന്നത്.

വെനസ്വേലയുടെ കാര്യം വളരെ വ്യത്യസ്തമാണ്. താങ്കള്‍ പറഞ്ഞതു പോലെ, ഇറാന്‍റെയും വെനസ്വേലയുടെയും കാര്യത്തില്‍ അമേരിക്ക പഴയ തിരക്കഥ തന്നെയാണ് കളിക്കുന്നത് എന്നതാണ് രണ്ടു രാജ്യങ്ങളുടെയും കാര്യത്തിലെ പൊതുവായ ഘടകം. ഏലിയറ്റ് അബ്രാംസിനെ പോലെയുള്ള പഴയകാല യുദ്ധക്കൊതിയന്മാരെ വെനസ്വേലയിലും ട്രംപ് പുനരവതരിപ്പിച്ചിട്ടുണ്ട്. പക്ഷേ മിഡിലീസ്റ്റിലെ പോലെ ഒരു അന്താരാഷ്ട്ര യുദ്ധമല്ല ഇവിടുത്തെ അപകടം. വെനസ്വേലയില്‍ സംഭവിക്കാനിരിക്കുന്ന പ്രാഥമിക അപകടം എന്താണെന്നാല്‍, ഞാന്‍ ഭയപ്പെടുന്നതു പോലെ, അനന്തമായി നീണ്ടു നില്‍ക്കുന്ന ഒരു ആഭ്യന്തര യുദ്ധമാണ്. അമേരിക്കയുടെ ഭാഗത്തു നിന്നുള്ള ഓരോ പ്രകോപനവും അതിന് ആക്കം കൂട്ടിക്കൊണ്ടിരിക്കുകയാണ്. ഒരു ദുരന്തം തന്നെയായിരിക്കും ഇതിന്‍റെയും പരിണിത ഫലം.

അഴിമതി, സ്വന്തം പൗരന്‍മാര്‍ക്കു നേരെയുള്ള അടിച്ചമര്‍ത്തല്‍ തുടങ്ങിയവയുടെ പുറത്താണ് ഇരു ഗവണ്‍മെന്‍റുകളും, പ്രത്യേകിച്ച് ഇറാന്‍, വിലയിരുത്തപ്പെടുന്നത്. ഇറാനെ പോലെ, അമേരിക്കന്‍ ഗവണ്‍മെന്‍റുകള്‍ക്കും അടിച്ചമര്‍ത്തലിന്‍റെയും അഴിമതിയുടെയും നീണ്ട ചരിത്രമുള്ളതു കൊണ്ടാണ് അമേരിക്കന്‍ ജനത യുദ്ധവിരുദ്ധ കാമ്പയിനുകളെ പിന്തുണക്കാന്‍ മടി കാണിക്കുന്നത് എന്നു പറയുന്നതില്‍ എന്തെങ്കിലും തെറ്റുണ്ടോ? അല്ലെങ്കില്‍, വരാനിരിക്കുന്ന വര്‍ഷങ്ങളില്‍ മറ്റൊരു യുദ്ധവിരുദ്ധ പ്രസ്ഥാനം തെരുവുകളില്‍ ജന്മംകൊള്ളും എന്നു വിശ്വസിക്കാന്‍ തക്ക കാരണങ്ങള്‍ വല്ലതും നമ്മുടെ പക്കലുണ്ടോ? അവസാനമായി, എന്തുകൊണ്ടാണ് ഇടതുപക്ഷത്തിന്‍റെ ഭാഗത്തു നിന്നും ശക്തമായ യുദ്ധവിരുദ്ധ ശബ്ദങ്ങള്‍ ഒന്നും തന്നെ നമുക്ക് കേള്‍ക്കാന്‍ കഴിയാത്തത്?

നിലവിലെ ഇറാനിയന്‍ ഗവണ്‍മെന്‍റിനെതിരായ വിമര്‍ശനങ്ങള്‍ യുദ്ധവിരുദ്ധ കാമ്പയിനുകളെ തടയുമെന്ന് ഞാന്‍ കരുതുന്നില്ല. എല്ലാത്തിനുമുപരി, 2003ല്‍ നോര്‍ത്ത് അമേരിക്കയില്‍ അല്ലെങ്കില്‍ യൂറോപ്പില്‍ യുദ്ധവിരുദ്ധ പ്രതിഷേധങ്ങള്‍ നടത്തിയവര്‍ ആരും തന്നെ സദ്ദാം ഹുസൈന്‍ സര്‍ക്കാറിനെ അനുകൂലിക്കുന്നതു കൊണ്ടല്ല അങ്ങനെ ചെയ്തത്. ഇരുചേരികളെയും നാം അനുകൂലിക്കുന്നില്ലെങ്കില്‍ പോലും, യുദ്ധങ്ങള്‍ക്കെതിരെ നാം പ്രതിഷേധിക്കേണ്ടതുണ്ട്.

ട്രംപും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടണും

അമേരിക്കന്‍ തെരുവുകളില്‍ കൂടുതല്‍ യുദ്ധവിരുദ്ധ പ്രക്ഷോഭങ്ങള്‍ ഇന്നു നടക്കേണ്ടതുണ്ട്. ട്രംപിന്‍റെ നിലവിലെ പ്രവര്‍ത്തനങ്ങളില്‍ ഇടതുപക്ഷം ഇപ്പോഴും ഒരു പരിധി വരെ ആശയക്കുഴപ്പത്തില്‍ തന്നെയാണോ എന്നാണ് എന്‍റെ സംശയം. അയാള്‍ എന്തൊക്കെയോ ഉച്ചത്തില്‍ വിളിച്ചു പറയും, എന്നിട്ട് ഒന്നും ചെയ്യുകയുമില്ല. അദ്ദേഹത്തിന്‍റെ (ബോള്‍ട്ടന്‍റെയും പോംപിയോയുടെയും) ഭീഷണികള്‍ കേവലും കാട്ടിക്കൂട്ടല്‍ മാത്രമാണോ?

ലോകശക്തികള്‍ക്കിടയിലെ സഖ്യമാറ്റം, തീവ്ര ദേശീയതയുടെ ഉയര്‍ച്ചയും വളര്‍ച്ചയും, കാലങ്ങളായി ഇവിടെ നിലനില്‍ക്കുന്ന അപരവിദ്വേഷത്തിന്‍റെ വ്യാപനം എന്നിവയുടെ വെളിച്ചത്തില്‍ നോക്കുമ്പോള്‍, എംപയറിന്‍റെ പ്രവര്‍ത്തനരീതിയില്‍ സംഭവിക്കുന്ന അടിസ്ഥാനപരമായ മാറ്റത്തിനാണോ നാം ഇന്നു സാക്ഷികളായിക്കൊണ്ടിരിക്കുന്നത്? സാമ്രാജ്യത്വത്തെ സംബന്ധിച്ച ക്ലാസിക്കല്‍ സങ്കല്‍പ്പങ്ങളെ പുനര്‍നിര്‍വചിക്കേണ്ടി വരുന്ന, ഒരു പുതിയ സാമ്രാജ്യത്വ യുഗത്തിലേക്കാണോ നാം പ്രവേശിക്കുന്നത്?

എന്‍റെ കാഴ്ചപ്പാടില്‍, സാമ്രാജ്യത്വത്തിന്‍റെ ക്ലാസിക്കല്‍ സങ്കല്‍പങ്ങളിലേക്കുള്ള എന്തെങ്കിലും തരത്തിലുള്ള തിരിച്ചുപോക്ക് നാം കാണുന്നില്ല. 2008ല്‍ അമേരിക്കയില്‍ ഉടലെടുത്ത സാമ്പത്തിക പ്രതിസന്ധിയും, ഇറാഖിലും അഫ്ഗാനിസ്ഥാനിലും അമേരിക്കന്‍ സൈന്യത്തിനേറ്റ പരാജയവും, ആഗോള അധികാര ബന്ധങ്ങളെ ഏകപക്ഷീയമായി അടക്കി ഭരിക്കാനുള്ള ശേഷി ഇന്ന് അമേരിക്കക്ക് ഇല്ലായെന്നാണ് തെളിയിക്കുന്നത്. ഒരു ശരിയായ സാമ്രാജ്യത്വ ശക്തി എന്തായാലും ഉണ്ടാക്കിയെടുക്കേണ്ട സുസ്ഥിര മേധാവിത്വ സാന്നിധ്യം ഉണ്ടാക്കിയെടുക്കാന്‍ അമേരിക്കക്ക് ഇന്ന് ശേഷിയില്ല. തീര്‍ച്ചയായും അമേരിക്ക ഇപ്പോഴും ശക്തര്‍ തന്നെയാണ്, പ്രത്യേകിച്ച് സൈനികശക്തിയുടെ കാര്യത്തില്‍. എന്നാല്‍, ഒരു ആഗോള അധികാര ഘടനയുടെ പശ്ചാതലത്തില്‍, അതായത് ഞങ്ങളൊക്കെ നിർവചിച്ച തരത്തിലുള്ള പുതിയ ആഗോള ക്രമമായ എംപയറിനുള്ളില്‍ മാത്രമേ അതിനു വിജയകരമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുകയുള്ളൂ.

ആഗോളക്രമത്തിലെ തങ്ങളുടെ സവിശേഷാധികാര പദവികളില്‍ നിന്നും നീക്കം ചെയ്യപ്പെടുമോ എന്നു ഭയപ്പെടുന്നവരുടെ സങ്കടക്കരച്ചിലുകളായാണ് ദേശീയതയുടെ വിവിധങ്ങളായ പ്രകടനങ്ങളെയും, ദേശീയ പരമാധികാരത്തിനു വേണ്ടിയുള്ള ആഹ്വാനങ്ങളെയും (America first, Prima l’Italia, Brexit) ഞാന്‍ നോക്കിക്കാണുന്നത്.

നെപ്പോളിയന്‍ പ്രതാപകാലത്തിന്‍റെ സ്മരണകളാല്‍ (ഫ്രാന്‍സിന്‍റെ മഹത്വം വീണ്ടെടുക്കണമെന്ന തീവ്രാഭിലാഷത്താലും) 19-ാം നൂറ്റാണ്ടില്‍ നയിക്കപ്പെടുന്നു എന്ന് മാര്‍ക്സ് വിശേഷിപ്പിച്ച യാഥാസ്ഥിക ഫ്രഞ്ച് ദരിദ്ര കര്‍ഷകരെ പോലെ തന്നെ, ഇന്നത്തെ പിന്തിരിപ്പന്‍ ദേശീയവാദികള്‍ ആഗോള ക്രമത്തില്‍ നിന്നുള്ള വിടുതലല്ല, മറിച്ച് ആഗോള അധികാര ശ്രേണിയിലെ തങ്ങളുടെ ശരിയായ പദവികളിലേക്കുള്ള തിരിച്ചു കയറലാണ് ലക്ഷ്യമിടുന്നത്.

കഴിഞ്ഞ വര്‍ഷങ്ങളില്‍, വിദേശ ദേശരാഷ്ട്രങ്ങളുടെ ഇടപെടലിന്‍റെ ഫലമായി ഏതാനും വിപ്ലവ പ്രസ്ഥാനങ്ങള്‍ പരാജയപ്പെട്ടിരുന്നു. ഗ്ലോബല്‍ സൗത്തിലുടനീളം നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന പോരാട്ടങ്ങളെ നിരന്തരം നേരിടുന്നത് ശക്തരായ സൈന്യങ്ങളാണ്. വൈദേശിക – ആഭ്യന്തര ശക്തികളാല്‍ നിയോഗിക്കപ്പെട്ടവയാണ് പ്രസ്തുത സൈന്യങ്ങള്‍. വിപ്ലവാത്മകമായ ജനസഞ്ചയങ്ങളുടെ ശക്തിയിലും അധികാരത്തിലും താങ്കള്‍ക്ക് ഇപ്പോഴും വിശ്വാസമുണ്ടോ?

ബലാബലത്തിന്‍റെ കാര്യത്തില്‍ അസമത്വം ഉണ്ടെന്നത് സത്യമാണ്. വിദേശ സൈന്യങ്ങള്‍ മാത്രമല്ല, വിവിധതരം ആഭ്യന്തര പോലിസ് സേനകളും തങ്ങളുടെ മാരകമായ പ്രഹരശേഷി ജനത്തിനു നേരെ പ്രയോഗിക്കുന്നുണ്ട്.

ഫ്രാൻസിലെ യെല്ലോ വെസ്റ്റ് പ്രക്ഷോഭകർ

തഹ്‌രീര്‍ സ്ക്വയറിലും തഖ്സീം സ്ക്വയറിലും തമ്പടിച്ച ജനകൂട്ടം അതിഭീകരമായ സൈനിക – പോലീസ് നടപടികളാണ് നേരിട്ടത്, ഇന്ന് ഫ്രാന്‍സിലെ യെല്ലോ വെസ്റ്റ് (yellow vest) പ്രക്ഷോഭകരും സമാനമായ സാഹചര്യങ്ങളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. പക്ഷേ ഈ അസമത്വം ഒരു പുതിയ കാര്യമല്ല. എന്നാൽ ഇതിനു ബദലായി വലിയ സൈനിക ശക്തി കൊണ്ട് നമുക്ക് വിജയം വരിക്കാമെന്ന് പ്രതീക്ഷിക്കാനാവില്ല. വ്യത്യസ്ത മാര്‍ഗങ്ങള്‍ ഉപയോഗിച്ച്, രാഷ്ട്രീയപരമായി തന്നെ നമുക്ക് വിജയിക്കേണ്ടി വരും. അതിലാണ് നമ്മുടെ യഥാര്‍ഥ ശക്തി കുടികൊള്ളുന്നത്.

മൊഴിമാറ്റം : ഇര്‍ഷാദ് കാളാച്ചാല്‍

അവലംബം : വെർസോബുക്‌സ്.കോം

  • (1) 2003 ജനുവരി 3-നും ഏപ്രില്‍ 12-നും ഇടയില്‍, ഇറാഖ് യുദ്ധത്തിനെതിരെ ലോകത്തങ്ങോളമിങ്ങോളം നടന്ന മൂവ്വായിരത്തോളം പ്രതിഷേധ സമരങ്ങളില്‍ ഏതാണ്ട് 36 ദശലക്ഷം ആളുകള്‍ പങ്കെടുത്തതായി ഫ്രഞ്ച് പൊളിറ്റിക്കല്‍ സയന്‍റിസ്റ്റ് ഡൊമിനിക് റെയ്നി (Dominique Reynié) കണക്കാക്കുന്നു.
Top