സെക്കുലറിസത്തിന്റെ വംശാവലി

സെക്കുലറിസം എന്നത് വിമര്‍ശനത്തിനര്‍ഹമെങ്കില്‍ അതേറ്റെടുക്കാന്‍ കേരളത്തിലെ പുതിയ സാമൂഹികപ്രസ്ഥാനങ്ങള്‍ തയ്യാറാകേണ്ടതുണ്ട്. ഒരു ബഹുവിധ വിമര്‍ശന പരിപാടിയാണ് സാധ്യമാകേണ്ടത്. അത്തരം ശ്രമങ്ങള്‍ സെക്കുലറിസത്തെ ഒരു മുന്‍കൂര്‍ നല്‍കപ്പെട്ട, ഉറപ്പിച്ചുവെച്ച സങ്കല്‍പനമെന്ന കാഴ്ചപ്പാടില്‍ നിന്നു വിമോചിപ്പിക്കുകയും അതിനെപ്പറ്റി കൂടുതല്‍ വിമര്‍ശനാത്മകമായി സംസാരിക്കാനുള്ള ഇടം നല്‍കുകയും ചെയ്യുന്നു.

രാഷ്ട്രീയ സെക്കുലറിസത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് രണ്ടു നൂറ്റാണ്ടിന്റെ പഴക്കമേയുള്ളു. പക്ഷേ, പതിമൂന്നാം നൂറ്റാണ്ടില്‍ സെന്റ് അഗസ്റ്റിന്റെ പഠനത്തിലാണ് ആദ്യമായി സെക്കുലര്‍ എന്ന സംവര്‍ഗം കടന്നുവരുന്നത്. തികച്ചും ഒരു ദൈവശാസ്ത്ര പാശ്ചാത്തലത്തിലായിരുന്നു ആ സംവര്‍ഗം മെഡിറ്ററേനിയന്‍ സമൂഹങ്ങളില്‍ ഉപയോഗിക്കപ്പെട്ടത്. പതിനേഴാം നൂറ്റാണ്ടില്‍ യൂറോപ്പിലെ മതയുദ്ധങ്ങളുടെ കാലഘട്ടത്തിലും തുടര്‍ന്ന്‍ കൊളോണിയല്‍ കാലഘട്ടത്തിലും സെക്കുലറിസം എന്ന സംവര്‍ഗം ഒരു സാര്‍വ്വലൗകിക ഭാഷയായി വികസിച്ചു. എന്നാല്‍ പ്രസ്തുത വാക്കിനു മതേതരമെന്നോ മതരഹിതമെന്നോ മതസഹിത മതേതരത്വമെന്നോ എന്ന രീതിയില്‍ ഉറച്ച അര്‍ഥങ്ങള്‍ ലഭിക്കുന്നത് കഴിഞ്ഞ ഒരു നൂറ്റാണ്ടോടു കൂടിയാണ്. ഇതുണ്ടാക്കിയ സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക പ്രത്യാഘാതങ്ങള്‍ മതം, രാഷ്ട്രീയം, സാമ്പത്തികം, ലൈംഗികത, ലിംഗഭേദം, ജാതി, വംശം, ദേശരാഷ്ട്രങ്ങള്‍, സംസ്‌കാരം തുടങ്ങി നിരവധി പ്രശ്‌നങ്ങളുമായി കൂടിക്കുഴഞ്ഞു കിടക്കുന്നു.

സെന്റ് അഗസ്റ്റിന്‍

മാക്‌സ് വെബര്‍

കഴിഞ്ഞ നൂറ്റാണ്ടില്‍ മതത്തെ കുറിച്ചും മതേതരത്വത്തെ കുറിച്ചും പ്രധാനപ്പെട്ട പഠനങ്ങള്‍ എഴുതിയ മാക്‌സ് വെബര്‍, സമൂഹം പതുക്കെ മതത്തില്‍ നിന്ന്‍ മതേതരത്വത്തിലേക്ക് മാറുന്നതായി നിരീക്ഷിച്ചിരുന്നു. ഇതോടെ ഏറ്റവും പ്രബലമായ സാമൂഹ്യസിദ്ധാന്തമായി വെബറുടെ ഈ സമീപനം മാറി. പൊതുവെ മതസമൂഹങ്ങളെന്നും അയുക്തി നിറഞ്ഞ അന്ധവിശ്വാസത്തിന്റെ ലോകമെന്നും വ്യവഹരിക്കപ്പെട്ടിരുന്ന അധിനിവേശിത സമൂഹങ്ങളില്‍ നിന്നും സമുദായങ്ങളില്‍ നിന്നും ഉയര്‍ന്നുവന്ന ചെറുത്തുനില്‍പ്പു പ്രസ്ഥാനങ്ങള്‍ 1970കളോടു കൂടി രാഷ്ട്രീയവിപ്ലവങ്ങള്‍ക്ക് നേതൃത്വം നല്‍കിയതോടെ, സാമൂഹ്യരാഷ്ട്രീയ വിപ്ലവങ്ങളുണ്ടാക്കാനുള്ള മതത്തിന്റെ ശേഷി വ്യാപകമായി തിരിച്ചറിയപ്പെട്ടു. ഈ ചരിത്രഘട്ടത്തെ ‘മതത്തിന്റെ മടങ്ങിവരവുകാലം’ എന്നാണ് വിശേഷിപ്പിച്ചത്. മാത്രമല്ല, മതവും മതേതരത്വവും തമ്മില്‍ മാറിയ ഒരു ബന്ധത്തെക്കുറിച്ച് ആലോചിക്കാന്‍ ഇത് പ്രേരണ നല്‍കി.

നിക്കരാഗ്വയിലും ഇറാനിലും പോളണ്ടിലും ദക്ഷിണാഫ്രിക്കയിലും നടന്ന ദേശീയ വിപ്ലവപ്രസ്ഥാനങ്ങള്‍ ക്രൈസ്തവതയിലും ഇസ്‌ലാമിലും ഊന്നിയ രാഷ്ട്രീയ മുന്നേറ്റങ്ങള്‍ കൂടിയായിരുന്നു. ഇതാവട്ടെ മാര്‍ക്‌സിസം, ഫെമിനിസം തുടങ്ങിയ മേഖലകളില്‍ പുതിയ സൈദ്ധാന്തിക സമരങ്ങള്‍ തന്നെ സാധ്യമാക്കി. പിന്നീട് 9/11ന് ശേഷമാണ് ഇസ്‌ലാമിന്റെ സാഹചര്യത്തിലേക്ക് സെക്കുലറിസത്തെ കുറിച്ചുള്ള വിമര്‍ശനങ്ങള്‍ വഴിമാറുന്നത്. ഇന്ത്യന്‍ സാഹചര്യത്തിലാവട്ടെ, രാഷ്ട്രീയ സെക്കുലറിസം കൊളോണിയല്‍ ജ്ഞാനരാഷ്ട്രീയത്തിന്റെ ഭാഗമായാണ് പ്രചരിക്കുന്നത്. പിന്നീട് മുസ്‌ലിം ലീഗിന് 1920കളില്‍ സാമുദായിക/കമ്യൂണല്‍ അവകാശങ്ങള്‍ നല്‍കുന്നതിനെതിരെ കോണ്‍ഗ്രസ് എടുത്ത നിലപാട് സവര്‍ണ്ണജാതി ഉള്ളടക്കമുള്ളപ്പോള്‍ തന്നെ സെക്കുലര്‍ ആയി വ്യാഖ്യാനിക്കപ്പെടുകയുണ്ടായി. ഈ സംവാദത്തെ ജാതിയുമായി ബന്ധിപ്പിച്ച ബി.ആര്‍ അംബേഡ്കര്‍ വ്യത്യസ്തമായ പാഠം എന്ന നിലക്ക് സെക്കുലര്‍ അധികാരത്തെ കാണുകയുണ്ടായി.

9/11ന് ശേഷമാണ് ഇസ്‌ലാമിന്റെ സാഹചര്യത്തിലേക്ക് സെക്കുലറിസത്തെ കുറിച്ചുള്ള വിമര്‍ശനങ്ങള്‍ വഴിമാറുന്നത്. ഇന്ത്യന്‍ സാഹചര്യത്തിലാവട്ടെ, രാഷ്ട്രീയ സെക്കുലറിസം കൊളോണിയല്‍ ജ്ഞാനരാഷ്ട്രീയത്തിന്റെ ഭാഗമായാണ് പ്രചരിക്കുന്നത്. പിന്നീട് മുസ്‌ലിം ലീഗിന് 1920കളില്‍ സാമുദായിക/കമ്യൂണല്‍ അവകാശങ്ങള്‍ നല്‍കുന്നതിനെതിരെ കോണ്‍ഗ്രസ് എടുത്ത നിലപാട് സവര്‍ണ്ണജാതി ഉള്ളടക്കമുള്ളപ്പോള്‍ തന്നെ സെക്കുലര്‍ ആയി വ്യാഖ്യാനിക്കപ്പെടുകയുണ്ടായി.

എങ്കിലും അതിശക്തമായ ഒരു വ്യാവഹാരിക സ്വഭാവം സെക്കുലറിസത്തിനു കൈവരുന്നത് എഴുപതുകളില്‍, അടിയന്തരാവസ്ഥയുടെ കാലഘട്ടത്തില്‍, ഭരണഘടനയുടെ ആമുഖത്തില്‍ ഇന്ദിരാഗാന്ധി പ്രസ്തുത സംവര്‍ഗം ഉള്‍പ്പെടുത്തുന്നതോടു കൂടിയാണ്. രാഷ്ട്രീയ സെക്കുലറിസത്തെ കുറിച്ച പുതിയ സംവാദങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും ഇതോടെ തുടക്കമായി. ഹിന്ദുദേശീയവാദികള്‍, മാര്‍ക്‌സിസ്റ്റുകള്‍, ദലിത് ബഹുജന്‍ പ്രസ്ഥാനങ്ങള്‍, മുസ്‌ലിം ക്രൈസ്തവ സാമൂഹ്യ പ്രസ്ഥാനങ്ങള്‍ തുടങ്ങി കീഴാള പഠനസംഘം വരെയുള്ള വിവിധ ധാരകളും രീതിശാസ്ത്രങ്ങളും രാഷ്ട്രീയ സെക്കുലറിസത്തെ കുറിച്ച് ചര്‍ച്ച ചെയ്യാനും പ്രായോഗിക ഇടപെടലുകള്‍ നടത്താനും ശ്രമിച്ചിരുന്നു.

കേരളീയ സാഹചര്യത്തില്‍ 1980 മുതലാണ് ന്യൂനപക്ഷ വര്‍ഗീയത പോലുള്ള വാക്കുകളും അതിന്റെ പ്രധാന സൂചകമായ സെക്കുലറിസവും പൊതുഭാവനയുടെ ഭാഗമായി മാറിയത്. ശബാനു കേസ്, മുസ്‌ലിം ലീഗിന്റെ മുന്നണി പ്രവേശനങ്ങളിലെ ചാഞ്ചാട്ടങ്ങള്‍, പുതിയ ദലിത്/കീഴാള/ജാതി/മതപ്രസ്ഥാനങ്ങളുടെ കടന്നുവരവ്, സി.പി.എം അനുഭവിച്ച രാഷ്ട്രീയ പ്രതിസന്ധികള്‍, മണ്ഡല്‍-മസ്ജിദ് സമരങ്ങള്‍ ഇവയൊക്കെ കേരളീയ സാഹചര്യത്തില്‍ രാഷ്ട്രീയ സെക്കുലറിസത്തെ പുതുക്കിപ്പണിതു. ഈ സംവാദങ്ങളുടെ പ്രധാനപ്പെട്ട ഒരു ഉള്ളടക്കം മുസ്‌ലിംകള്‍ക്ക് രാഷ്ട്രീയസംഘാടനത്തിനുള്ള അവകാശവുമായി ബന്ധപ്പെട്ടതായിരുന്നു.

സെക്കുലറിസത്തെ മുന്‍കൂര്‍ നല്‍കപ്പെട്ട സങ്കല്‍പനമെന്ന നിലയില്‍ നിന്ന്‍ മാറിക്കാണാനും ചരിത്രപരവും വിമര്‍ശനപരവുമായ രാഷ്ട്രീയ സംവര്‍ഗം എന്ന നിലയില്‍ വായിക്കുകയും ചെയ്യേണ്ട സാഹചര്യമാണ് ഇന്ന് കേരളത്തിലുള്ളത്. കഴിഞ്ഞ കാലങ്ങളില്‍ നടന്ന സംവാദങ്ങള്‍ സാമാന്യ ബോധത്തിനകത്ത് വിമര്‍ശനാത്മകമായി അന്വേഷിക്കപ്പെടാതിരിക്കാന്‍ തക്കരീതിയില്‍ സെക്കുലറിസത്തെ പ്രതിഷ്ഠിക്കുകയാണ് ഒരു പരിധിവരെ ചെയ്തത്. മതം, രാഷ്ട്രീയം, ജാതി, സമുദായം, വര്‍ഗം, ദേശരാഷ്ട്രം, ദേശീയത തുടങ്ങിയ നിരവധി ഘടകങ്ങളെ നിര്‍ണയിക്കുന്ന മേല്‍ക്കോയ്മാ അധികാരമായി സെക്കുലറിസം കേരളീയ സാഹചര്യത്തില്‍ മാറിയിരിക്കുവെന്നാണ് വിലയിരുത്താന്‍ കഴിയുന്നത്.

കേരളീയ സാഹചര്യത്തില്‍ 1980 മുതലാണ് ന്യൂനപക്ഷ വര്‍ഗീയത പോലുള്ള വാക്കുകളും അതിന്റെ പ്രധാന സൂചകമായ സെക്കുലറിസവും പൊതുഭാവനയുടെ ഭാഗമായി മാറിയത്. ശബാനു കേസ്, മുസ്‌ലിം ലീഗിന്റെ മുന്നണി പ്രവേശനങ്ങളിലെ ചാഞ്ചാട്ടങ്ങള്‍, പുതിയ ദലിത്/കീഴാള/ജാതി/മതപ്രസ്ഥാനങ്ങളുടെ കടന്നുവരവ്, സി.പി.എം അനുഭവിച്ച രാഷ്ട്രീയ പ്രതിസന്ധികള്‍, മണ്ഡല്‍-മസ്ജിദ് സമരങ്ങള്‍ ഇവയൊക്കെ കേരളീയ സാഹചര്യത്തില്‍ രാഷ്ട്രീയ സെക്കുലറിസത്തെ പുതുക്കിപ്പണിതു.

സെക്കുലറിസം നിര്‍മ്മിക്കുന്ന ബഹിഷ്‌കരണങ്ങളും അപരിചിതത്വങ്ങളും പഠിക്കാനും അന്വേഷിക്കാനും പുതിയ സാമൂഹികപ്രസ്ഥാനങ്ങളില്‍ ചിലതെങ്കിലും തയ്യാറാവുന്ന രാഷ്ട്രീയ സാഹചര്യമാണിത്. ലോകവ്യാപകമായി നടക്കുന്ന പോസ്റ്റ്-സെക്കുലര്‍ പഠനങ്ങള്‍ സാമൂഹ്യപഠനങ്ങളില്‍ നടത്തിയ പൊളിച്ചെഴുത്തുകള്‍ കേരളീയ സാഹചര്യത്തില്‍ പരിമിതമായെങ്കിലും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ഉത്തരഘടനാവാദം, അധിനിവേശാനന്തരപഠനം, തുടങ്ങിയ സൈദ്ധാന്തികപ്രവണതകളുടെ ചുവടുപിടിച്ചും ഒരുവേള, അതിനെ മുറിച്ചുകടന്നും ഈ ശ്രമങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഇന്ത്യയിലാവട്ടെ, ലിബറല്‍ അക്കാദമികപക്ഷത്തു നിന്നും കീഴാള പഠനസംഘത്തിന്റെ പക്ഷത്തു നിന്നും കഴിഞ്ഞ ദശകത്തില്‍ ഈ വിഷയത്തിലൂന്നി നിരവധി വൈജ്ഞാനികസംവാദങ്ങള്‍ വികസിച്ചിട്ടുണ്ട്. ഇതും ചെറിയ രീതിയില്‍ കേരളത്തില്‍ പരിചിതമാണ്.

എങ്കിലും കേരളത്തിലെ പൊതു സാമൂഹിക പ്രസ്ഥാനങ്ങളും പരമ്പരാഗത രാഷ്ട്രീയ പ്രസ്ഥാനങ്ങളും സെക്കുലറിസത്തിന്റെ വിമര്‍ശനത്തെ വിപുലമായി അന്വേഷിക്കുന്നത് വളരെ കുറവാണ്. മാത്രമല്ല, അത്തരം അന്വേഷണങ്ങളെ സംശയിക്കുകയും ചെയ്യുന്നു. ഇത് ഒരേസമയം സെക്കുലറിസത്തിന്റെ വിമര്‍ശനത്തിനുള്ള സ്വാതന്ത്ര്യത്തെ ബാധിക്കുന്നു. അതിന്റെ കേരളീയ പശ്ചാത്തലം അന്വേഷിക്കാനും പ്രായോഗിക പ്രവര്‍ത്തനം വികസിപ്പിക്കാനും ആവശ്യമായ പരിപാടികളെയും പ്രായോഗിക വൈജ്ഞാനിക ഇടപെടലുകളെയും അനിവാര്യമാക്കുന്നുണ്ട്. ഇതാവട്ടെ ആഗോള സിദ്ധാന്തത്തിന്റെ പശ്ചാത്തലത്തിലും അതോടൊപ്പം അതിന്റെ പരിമിതികളെ തിരിച്ചറിഞ്ഞുകൊണ്ടും സാധ്യമാകേണ്ടതാണെന്ന് കരുതുന്നു.

സെക്കുലറിസം എന്നത് വിമര്‍ശനത്തിനര്‍ഹമെങ്കില്‍ അതേറ്റെടുക്കാന്‍ കേരളത്തിലെ പുതിയ സാമൂഹികപ്രസ്ഥാനങ്ങള്‍ തയ്യാറാകേണ്ടതുണ്ട്. ഒരു ബഹുവിധ വിമര്‍ശന പരിപാടിയാണ് സാധ്യമാകേണ്ടത്. അത്തരം ശ്രമങ്ങള്‍ സെക്കുലറിസത്തെ ഒരു മുന്‍കൂര്‍ നല്‍കപ്പെട്ട, ഉറപ്പിച്ചുവെച്ച സങ്കല്‍പനമെന്ന കാഴ്ചപ്പാടില്‍ നിന്നു വിമോചിപ്പിക്കുകയും അതിനെപ്പറ്റി കൂടുതല്‍ വിമര്‍ശനാത്മകമായി സംസാരിക്കാനുള്ള ഇടം നല്‍കുകയും ചെയ്യുമെന്ന്‍ പ്രത്യാശിക്കുന്നു.

കെ അഷ്‌റഫ്‌

 

 

 

 

(ഉത്തരകാലം.കോമും കൊടുങ്ങല്ലൂർ മീഡിയ ഡയലോഗ് സെന്ററും ചേർന്ന് സംഘടിപ്പിച്ച ‘മതേതരത്വം: സംവാദങ്ങളും വൈവിധ്യങ്ങളും’ എന്ന പരിപാടിയിൽ ചർച്ചക്ക് വെച്ച കുറിപ്പ്)

Top