അഭിമന്യുവിന്റെ കൊലപാതകം: കർതൃത്വസ്ഥാപനവും ജനാധിപത്യ സമരങ്ങളുമാണു പരിഹാരം
അഭിമന്യുവിൻറെ ദാരുണമായ അന്ത്യത്തെ മുൻനിർത്തി, ദലിത്-പിന്നാക്ക-ന്യൂനപക്ഷ ഐക്യം എന്ന രാഷ്ട്രീയ സമസ്യയെ മാത്രമല്ല, അതിനായി വാദിക്കുന്നവരെയും, അവഹേളിക്കാനും ദലിതരെ കേവലമൊരു ജാതീയ വിഭാഗമായി നിലനിർത്താനുമുള്ള ശ്രമമാണു നടക്കുന്നത്. ഇക്കൂട്ടർ ആദ്യമായി മനസ്സിലാക്കേണ്ടത്, ഇന്ത്യ കേരളമെന്ന ‘ബനാന റിപ്പബ്ലിക്ക’ല്ലെന്നാണ്. രാജ്യത്തെ വ്യക്തി-സാമൂഹിക ബന്ധങ്ങൾ ക്രമപ്പെടുത്തിയത് നിയമങ്ങൾ, ചട്ടങ്ങൾ, കരാറുകൾ, ഉടമ്പടികൾ എന്നിവയാലും സർവോപരി ഭരണഘടന വിധേയമായുമാണ്. സാമൂഹിക-രാഷ്ട്രീയ അനുഭവങ്ങളെ വിലയിരുത്തേണ്ടത് വ്യക്തിനിഷ്ഠമായ വൈകാരികതയെ പുറത്തുനിർത്തിയാവണമെന്നാണ് ഇതു ചൂണ്ടിക്കാട്ടുന്നത്.
എറണാകുളം മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ നേതാവും ആദിവാസി (ദലിത്) സമുദായാംഗവുമായ അഭിമന്യുവിനെ, കാമ്പസ് ഫ്രണ്ട്-എസ്.ഡി.പി.ഐ പ്രവർത്തകർ നിഷ്ഠൂരമായി കൊലപ്പെടുത്തിയതിനെ, സമൂഹം ഒന്നടങ്കം ചോദ്യം ചെയ്യുന്നുണ്ട്. അഭിമന്യുവിൻറെ ദാരുണമായ അന്ത്യത്തെ മുൻനിർത്തി, ദലിത്-പിന്നാക്ക-ന്യൂനപക്ഷ ഐക്യം എന്ന രാഷ്ട്രീയ സമസ്യയെ മാത്രമല്ല, അതിനായി വാദിക്കുന്നവരെയും, അവഹേളിക്കാനും ദലിതരെ കേവലമൊരു ജാതീയ വിഭാഗമായി നിലനിർത്താനുമുള്ള ശ്രമമാണു നടക്കുന്നത്. ഇക്കൂട്ടർ ആദ്യമായി മനസ്സിലാക്കേണ്ടത്, ഇന്ത്യ കേരളമെന്ന ‘ബനാന റിപ്പബ്ലിക്ക’ല്ലെന്നാണ്. രാജ്യത്തെ വ്യക്തി-സാമൂഹിക ബന്ധങ്ങൾ ക്രമപ്പെടുത്തിയത് നിയമങ്ങൾ, ചട്ടങ്ങൾ, കരാറുകൾ, ഉടമ്പടികൾ എന്നിവയാലും സർവോപരി ഭരണഘടന വിധേയമായുമാണ്. സാമൂഹിക-രാഷ്ട്രീയ അനുഭവങ്ങളെ വിലയിരുത്തേണ്ടത് വ്യക്തിനിഷ്ഠമായ വൈകാരികതയെ പുറത്തുനിർത്തിയാവണമെന്നാണ് ഇതു ചൂണ്ടിക്കാട്ടുന്നത്. കാരണം, മേൽപറഞ്ഞ പരികൽപനകൾ രൂപംകൊണ്ടത് കേവല രാഷ്ട്രീയ താൽപര്യങ്ങളിൽ നിന്നായിരുന്നില്ല. സാർവദേശീയവും ദേശീയവും ചരിത്രോന്മുഖവുമായ ഉൾക്കാഴ്ചകളെ സമന്വയിപ്പിച്ച ഡോ. ബി.ആർ. അംബേഡ്കർ അടക്കമുള്ള പ്രതിഭാശാലികളുടെ രാഷ്ട്രതന്ത്രജ്ഞതയിൽനിന്നായിരുന്നു. അതുകൊണ്ടാണ്, ഒരു നിയമാവകാശം ഭേദഗതി ചെയ്ത സുപ്രീംകോടതിയുടെ നടപടിക്കെതിരെ നടന്ന ഭാരത് ബന്ദിൽ 13 ദലിതർക്കു ജീവൻ വെടിയേണ്ടിവന്നത്
ദലിത്-പിന്നാക്ക-ന്യൂനപക്ഷ ഐക്യം
ജാതിവ്യവസ്ഥയെയും സവർണാധിപത്യത്തെയും ദുർബലമാക്കിയ ഭരണഘടന ഉണ്ടായിരുന്നിട്ടും സ്വതന്ത്ര ഇന്ത്യയിൽ ആവർത്തിച്ച അതിക്രമങ്ങൾക്കു വിധേയരായത് മുസ്ലിംകളും ദലിതരുമായിരുന്നു. രാജ്യത്തുടനീളം നടന്ന കൂട്ടക്കൊലകൾക്കെതിരായ പ്രതിരോധം ഭരണഘടനാവകാശങ്ങളുടെ പരിരക്ഷയാണെന്നും, ഇതിനായി ഇരകളുടെ മുന്നേറ്റം രൂപം കൊള്ളേണ്ടതുണ്ടെന്നും ചൂണ്ടിക്കാണിച്ചത് പിന്നാക്കക്കാരുടെ സാമുദായിക സ്വത്വത്തെ ഉയർത്തിപ്പിടിച്ച മണ്ഡൽ കമീഷനും മുസ്ലിംകളുടെ ന്യൂനപക്ഷപദവിയെയും ദേശീയാവകാശങ്ങളെയും സ്ഥാപിച്ച, ബാബരി മസ്ജിദ് തകർക്കലിനെതിരെ നടന്ന പ്രക്ഷോഭങ്ങളുമാണ്. ഇൗയൊരു സാഹചര്യത്തിലാണ് ദലിത്-പിന്നാക്ക, ന്യൂനപക്ഷ ഐക്യം രൂപം കൊള്ളുന്നത്.
മണ്ഡൽ-മസ്ജിദാനന്തരം ദേശീയ രാഷ്ട്രീയ രംഗത്തു വന്ന ദലിത്-പിന്നാക്ക പ്രതിനിധാനങ്ങൾ മതവിദ്വേഷവും ജാതിവെറിയും കൈയൊഴിഞ്ഞു. അതുകൊണ്ടാണ് ഉത്തർപ്രദേശിൽ മായാവതിക്കു മുഖ്യമന്ത്രിയാകാനും ബഹുജൻ സമാജ് പാർട്ടിക്ക് ഇന്ത്യയിലെ ഏറ്റവും വലിയ നാലാമത്തെ പാർട്ടിയാകാനും കഴിഞ്ഞത്. ബിഹാറിൽ ലാലുപ്രസാദ് യാദവും ഉത്തർപ്രദേശിൽ മുലായം സിങ് യാദവും അഖിലേഷ് യാദവും മുഖ്യമന്ത്രി പദത്തിലെത്തി. ഇൗ നേട്ടങ്ങൾക്ക് അടിസ്ഥാനമായ സാമൂഹിക-സാമുദായിക അടിത്തറ ദുർബലമായപ്പോഴാണു സംഘ്പരിവാർ രാജ്യത്തുടനീളം വിജയം കൈവരിച്ചത്. സംഘ്പരിവാറിൻറെ രാഷ്ട്രീയവും ഭരണവും രാജ്യത്തെ പിന്നിലേക്കാണു വലിച്ചിഴച്ചത്. ഇക്കാലത്ത് ബഹുഭൂരിപക്ഷം ജനങ്ങൾക്കും അനുഭവിക്കേണ്ടിവന്ന യാതനകളെ തിരിച്ചറിഞ്ഞ മായാവതിയും അഖിലേഷ് യാദവും സങ്കുചിത ജാതി-സാമുദായിക ചിന്തകളെ നിഷേധിച്ച് ദലിത്-പിന്നാക്ക-ന്യൂനപക്ഷ ഐക്യമെന്ന പരികൽപനയെ വീണ്ടെടുത്തു. ഫലമോ, ഉത്തർപ്രദേശ് പാർലമെൻറ്-നിയമസഭ തെരഞ്ഞെടുപ്പിൽ വൻവിജയം നേടിയ ബി.ജെ.പിക്ക് ഉപതെരഞ്ഞെടുപ്പുകളിൽ അടിയറവു പറയേണ്ടിവന്നു. ബി.ജെ.പിയുടെ ഒരൊറ്റ മുസ്ലിം ജനപ്രതിനിധി പോലുമില്ലാതിരിക്കെ നടന്ന ഖൈരാന ഉപതെരഞ്ഞെടുപ്പിൽ മുസ്ലിം വനിതയായ തബസ്സും ഹസനെയാണ് ബി.എസ്.പി-എസ്.പി സഖ്യം വിജയിപ്പിച്ചത്. മുസഫർ നഗറിൽ അടക്കം മുസ്ലിംകളുടെ ശത്രുപക്ഷത്തു നിലയുറപ്പിച്ച ജാട്ടുകളുടെ കൂടി വോട്ടുകളാണ് ഇൗ ചരിത്രവിജയത്തിന് അടിത്തറയായത്.
മണ്ഡൽ-മസ്ജിദാനന്തരം ദേശീയ രാഷ്ട്രീയ രംഗത്തു വന്ന ദലിത്-പിന്നാക്ക പ്രതിനിധാനങ്ങൾ മതവിദ്വേഷവും ജാതിവെറിയും കൈയൊഴിഞ്ഞു. അതുകൊണ്ടാണ് ഉത്തർപ്രദേശിൽ മായാവതിക്കു മുഖ്യമന്ത്രിയാകാനും ബഹുജൻ സമാജ് പാർട്ടിക്ക് ഇന്ത്യയിലെ ഏറ്റവും വലിയ നാലാമത്തെ പാർട്ടിയാകാനും കഴിഞ്ഞത്.
വർത്തമാനകാല രാഷ്ട്രീയാനുഭവങ്ങളെ വായിക്കുന്നവർക്ക് ജിഗ്നേഷ് മേവാനിയും ഒരു പാഠമാണ്. മുസ്ലിം വംശഹത്യയിലൂടെ കുപ്രസിദ്ധമായ ഗുജറാത്തിൽനിന്ന് ഉനാ സംഭവത്തിനുശേഷമാണ് അദ്ദേഹം ഉയർന്നുവന്നത്. മേവാനിയുടെ മുഖ്യ എതിരാളി സംഘ്പരിവാറായിരുന്നു. ഇൗ തിരിച്ചറിവുമൂലം അദ്ദേഹം കോ ൺഗ്രസിൻറെ സിറ്റിങ് സീറ്റിൽ മത്സരിച്ചെന്നു മാത്രമല്ല, സംവരണവിരുദ്ധ സമരത്തിലൂടെ ദേശീയശ്രദ്ധ നേടിയ ഹാർദിക് പട്ടേലും പിന്നാക്ക സമുദായ നേതാവായ അൽപേഷ് ഠാക്കൂറുമായി സഖ്യം ചെയ്യുകയുമുണ്ടായി. മാറിയ കാലത്തിൻറെ ചുവരെഴുത്തുകൾ വായിക്കാൻ കഴിഞ്ഞതിനാലാണ് ജിഗ്നേഷ് മേവാനി, ദേശീയ രാഷ്ട്രീയത്തിൽ ഇപ്പോഴും ദലിത് നേതാവായി തുടരുന്നത്.
കേരളത്തിലെ ദലിത് രാഷ്ട്രീയം
കേരളത്തിലും മാറ്റങ്ങൾ ദൃശ്യമാണ്. സംസ്ഥാന വ്യാപകമായി നടക്കുന്ന ദലിത് പ്രക്ഷോഭങ്ങൾക്ക് ഇതര സമുദായാംഗങ്ങളുടെയും സ്ത്രീകളുടെയും പിന്തുണ ലഭിക്കുന്നു. മുഖ്യധാരയിലില്ലാത്ത പ്രസ്ഥാനങ്ങൾ പ്രക്ഷോഭങ്ങളുടെ ഭാഗമാകുമ്പോൾ, മുഖ്യധാരയിലേക്കും സാവധാനം അരിച്ചിറങ്ങുന്നതിന്റെ സൂചനകളും കാണാം. ഇതിന്റെ ഫലമായാണ്, കർഷകത്തൊഴിലാളി, മാർക്സിസ്റ്റ്, കോൺഗ്രസ്, ആർ.എസ്.എസ് എന്നീ പദാവലികളാൽ മറക്കപ്പെട്ട രക്തസാക്ഷിത്വങ്ങളിലെ ജാതി തിരിച്ചറിയപ്പെടുന്നത്. വിമോചനസമരത്തിൽ കൊല്ലപ്പെട്ട നിരവധി ദലിതരുടെയും കർഷകത്തൊഴിലാളി സമരങ്ങളിൽ ജീവൻ വെടിയേണ്ടിവരുന്ന ഡസൻകണക്കിനു പേരുടെയും ജാതി അദൃശ്യമായിരുന്നു. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളിൽ സി.പി.എം-ആർ.എസ്.എസ് പക്ഷങ്ങളിൽ മരിച്ചുവീണവരുടെ ജാതിയും മൂടിവെക്കപ്പെട്ടു. എന്നാൽ, ഇപ്പോൾ കെവിന്റെയും അഭിമന്യുവിന്റെയുമടക്കം മരണങ്ങളിൽ ജാതി പ്രസക്തമാകുന്നുണ്ട്. ഇതിനാധാരമായത്, കഴിഞ്ഞ കാൽ നൂറ്റാണ്ടിലൂടെ രൂപപ്പെട്ട ദലിത് കർതൃത്വത്തിന്റെ സാന്നിധ്യമാണ്. മറിച്ചുള്ള വാദങ്ങൾ, സ്ഥാപനവത്കരിക്കപ്പെട്ട രക്ഷാകർതൃത്വത്തിന്റെ രാഷ്ട്രീയ ലാഭക്കൊതി മാത്രമാണ്.
ഡോ. ബി.ആർ. അംബേഡ്കർ പറഞ്ഞു; അധഃസ്ഥിതരുടെ (ദലിതരുടെ) പ്രശ്നം ഒരു സാമൂഹികപ്രശ്നമല്ല, രാഷ്ട്രീയ പ്രശ്നമാണ് . ഇൗ വീക്ഷണം സ്വീകരിച്ച് സാമൂഹികാവകാശങ്ങൾക്കുവേണ്ടി സമരരംഗത്ത് അണിനിരന്നപ്പോൾത്തന്നെ കല്ലറ സുകുമാരനും പോൾ ചിറക്കരോടും കെ.എം. സലിംകുമാറും സി.കെ. ജാനുവും എം. ഗീതാനന്ദനും ഇൗ ലേഖകനും ഉൾപ്പെടെയുള്ളവർ മാത്രമല്ല, കേരളത്തിൽ ഏറെ മാധ്യമശ്രദ്ധ പിടിച്ചു പറ്റിയ ഡി.എച്ച്.ആർ.എമ്മും പഞ്ചായത്ത് മുതൽ പാർലമെന്റ് വരെയുള്ള മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ നിർത്തി മത്സരിപ്പിച്ചു. എന്നാൽ, ഇൗ മണ്ഡലങ്ങളിൽ 10-12 ശതമാനമുള്ള ദലിതരിൽനിന്നു് നാമമാത്രമായ പിന്തുണപോലും ലഭിക്കാത്ത സ്ഥിതിയാണുണ്ടായത്. ഒടുവിൽ നടന്ന, ഇരുപതിനായിരത്തോളം ദലിത് വോട്ടർമാരുള്ള ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ 17 ദലിത് സംഘടനകളിലൂടെ അഭിമുഖീകരിച്ച സ്ഥാനാർഥിക്കു കിട്ടിയത് 134 വോട്ടുകളാണ്. ഇതേ നിലപാടാണു മായാവതിയും ജിഗ്നേഷ് മേവാനിയും സ്വീകരിച്ചിരുന്നതെങ്കിൽ എന്താകുമായിരുന്നു ദലിതരുടെയും ഇന്ത്യയുടെയും ഭാവി? ഇൗ ചോദ്യത്തിൽനിന്ന് ഒളിച്ചോടുന്നവരെക്കുറിച്ചായിരിക്കണം ബുദ്ധൻ പറഞ്ഞത്, ‘നിൽക്കുന്ന തറയുടെ ചൂടറിയാത്തവർ, അവരോടെനിക്കൊന്നും പറയാനില്ല’ എന്ന്.
കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളിൽ സി.പി.എം-ആർ.എസ്.എസ് പക്ഷങ്ങളിൽ മരിച്ചുവീണവരുടെ ജാതിയും മൂടിവെക്കപ്പെട്ടു. എന്നാൽ, ഇപ്പോൾ കെവിന്റെയും അഭിമന്യുവിന്റെയുമടക്കം മരണങ്ങളിൽ ജാതി പ്രസക്തമാകുന്നുണ്ട്. ഇതിനാധാരമായത്, കഴിഞ്ഞ കാൽ നൂറ്റാണ്ടിലൂടെ രൂപപ്പെട്ട ദലിത് കർതൃത്വത്തിന്റെ സാന്നിധ്യമാണ്. മറിച്ചുള്ള വാദങ്ങൾ, സ്ഥാപനവത്കരിക്കപ്പെട്ട രക്ഷാകർതൃത്വത്തിന്റെ രാഷ്ട്രീയ ലാഭക്കൊതി മാത്രമാണ്.
കാമ്പസ് രാഷ്ട്രീയം-പുനര്‍വായന
ഇന്നു കാമ്പസ് രാഷ്ട്രീയവും പുനർവായിക്കപ്പെടേണ്ടതുണ്ട്. 1960കളുടെ അവസാനവും 70കളുടെ ആദ്യവും ഞാൻ മഹാരാജാസ് കോളജിലെ വിദ്യാർഥിയായിരുന്നു. ആ കാലത്ത് കെ. എസ്.എഫിന്റെ (ഇപ്പോഴത്തെ എസ്.എഫ്.ഐ) സാന്നിധ്യം ഏറെ പരിമിതമായിരുന്നു. കലാലയ രാഷ്ട്രീയം അടക്കിവാണ കെ.എസ്. യു, ഒരിലയനക്കാൻപോലും അനുവദിച്ചിരുന്നില്ല. കെ.എസ്.യുവിന് കറുത്തവർ ഒന്നടങ്കം കമ്യൂണിസ്റ്റുകാരായിരുന്നു. തന്മൂലം ദലിത് വിദ്യാർഥികൾ നേരിടേണ്ടിവന്നത് അവഹേളനവും മർദനവുമായിരുന്നു. കെ.എസ്.എഫ് ഇക്കാര്യങ്ങൾ കണക്കിലെടുക്കാതിരുന്നപ്പോൾ ദലിത് വിദ്യാർഥികളുടെ കൂട്ടായ്മ സൃഷ്ടിച്ച് നേതൃത്വപരമായി ഉയരുകയാണു ചെയ്തത്. ഇൗ കൂട്ടായ്മയാണ് ദലിതേതര വിദ്യാർഥികളുടെ പിന്തുണയോടെ കെ.എസ്.യുവിനെ നേരിട്ടത്. അന്ന്, കെ.എസ്.യുക്കാരുടെ അടിയേറ്റതിനാലാണ് ഞാനിപ്പോഴും ചെവിക്ക് ചികിത്സ തേടുന്നത്.
വർഷങ്ങൾക്കുശേഷം മഹാരാജാസിൽ കെ.എസ്.യുവിന്റെ സ്ഥാനം കൈയടക്കിയ എസ്.എഫ്.ഐക്കും വേറിട്ടൊരു വഴിയുണ്ടായിരുന്നില്ല. ആ സംഘടനയുടെയും ഇരകൾ ദലിത് വിദ്യാർഥികളായിരുന്നു. അതുകൊണ്ടാണ് ആവർത്തിച്ച് മർദനമേറ്റ് പൊറുതിമുട്ടിയ എ.കെ. വാസു, സി.പി.എം ജില്ല സെക്രട്ടറിയോട് ‘എന്നെ കൊന്നുതരണം’ എന്നാവശ്യപ്പെട്ടത്. ഇൗ ജാതിമേധാവിത്വത്തെ ദലിത് വിദ്യാർഥികൾ അഭിമുഖീകരിച്ചത് മുഖ്യധാരാ വിദ്യാർഥികൾ അവഗണിച്ച ആവശ്യങ്ങൾ മുന്നോട്ടുവെച്ചും ജനാധിപത്യപരമായ സമരങ്ങൾ നയിച്ചും സ്വതന്ത്രമായ സംഘടന രൂപവത്കരിച്ചും ദലിത് സമുദായത്തിന്റെ പിന്തുണ നേടിയെടുത്തുമാണ്.
ഇപ്പോൾ, ചില വ്യതിരിക്ത സമുദായങ്ങളിലെ വിദ്യാർഥികളെ പ്രതിനിധാനം ചെയ്ത് എസ്.എഫ്.ഐ സംഘടന സ്വാതന്ത്ര്യം നിഷേധിക്കുന്നുവെന്നു വിലപിക്കുന്നവർ സ്വന്തം സമുദായത്തിലെ വിദ്യാർഥികളുടെ എന്ത് ആവശ്യങ്ങളെയാണു മുന്നോട്ടുവെച്ചിരിക്കുന്നത്? ഇതോടൊപ്പം ഇൗ വിദ്യാർഥി നേതൃത്വങ്ങൾക്ക് സമാന സ്വഭാവമുള്ള വിദ്യാർഥികളുടെ സംവാദമണ്ഡലം സൃഷ്ടിക്കാൻ കഴിഞ്ഞിട്ടുണ്ടോ? ഇത്തരം ജീവത്തായ പ്രശ്നങ്ങളെ അവഗണിച്ച്, മാതൃസംഘടനയുടെ കാർബൺ പതിപ്പുകളായാണു നിലനിൽക്കുന്നത്. മുഖമില്ലാത്ത, ശബ്ദമില്ലാത്ത ഇത്തരം സംഘടനകൾക്ക് എസ്.എഫ്.ഐയെ സർവശക്തമാക്കി, സ്വയം പൊട്ടിച്ചിതറാനുള്ള വിധിയാണുള്ളത്. ജനാധിപത്യസമരങ്ങൾ കൈയൊഴിഞ്ഞ്, ചോരക്കളിയെ മുഖ്യമാക്കുന്ന സംഘടനകളെ ഒറ്റപ്പെടുത്തി ശിഥിലീകരിക്കാൻ കായികശേഷി മാത്രമല്ല സ്വത്വവാദം, വർഗീയത, തീവ്രവാദം, ഐ.എസ് ബന്ധം എന്നീ ശകാര പദങ്ങളും എസ്.എഫ്.ഐക്കും സി.പി.എമ്മിനുമുണ്ട്. ഇൗ വ്യവഹാരമണ്ഡലത്തെ അഭിമുഖീകരിക്കാൻ ഹിന്ദു-മാർക്സിസ്റ്റ് വിരോധമല്ല, കർതൃത്വസ്ഥാപനവും ജനാധിപത്യ സമരങ്ങളുമാണ് വേണ്ടത്. ഇപ്രകാരമൊരു നിലപാടിന്റെ അഭാവത്തിലാണ് എസ്.എഫ്.ഐക്കാരനായിരിക്കെ, ആദിവാസിയായ അഭിമന്യുവിന്റെ മരണം കാമ്പസ് ഫ്രണ്ടിനുമേൽ പതിച്ച തീരാശാപമായി മാറിയിരിക്കുന്നത്.
ജനാധിപത്യവിരുദ്ധത
അവസാനമായി; തൊടുപുഴയിലെ പ്രൊഫസര്‍ ജോസഫിന്റെ കൈവെട്ടിയ സന്ദർഭത്തെക്കുറിച്ച് ഒരു അഭിമുഖ സംഭാഷണത്തിൽ (പച്ചക്കുതിര മാസിക 2010) ഞാൻ പറഞ്ഞതിപ്രകാരമാണ്: ‘ജനാധിപത്യപ്രക്രിയയിൽ അല്ലെങ്കിൽ രാഷ്ട്രീയത്തിൽ മതം ഇടപെടുന്നതുകൊണ്ട് അത്ര വലിയ അപകടമൊന്നും സംഭവിക്കുന്നില്ല. ഗാന്ധിജിയൊക്കെ രാഷ്ട്രീയത്തിൽ മതത്തിന്റെ ഇടപെടലിനെ അംഗീകരിച്ചിട്ടുണ്ട്. എന്നാൽ, തൊടുപുഴ ന്യൂമാൻ കോളജിലെ അധ്യാപകന്റെ കൈവെട്ടിയ സംഭവം ഇതിന്റെ പേരിൽ നമുക്ക് ന്യായീകരിക്കാനാവുകയില്ല. ഇൗ സംഭവവുമായി ബന്ധപ്പെട്ട് എനിക്കു തോന്നിയ പ്രധാനപ്പെട്ട കാര്യം ‘കണ്ണിനു പകരം കണ്ണ്, പല്ലിനു പകരം പല്ല്’ എന്ന, മതരൂപവത്കരണ കാലത്തെ കാഴ്ചപ്പാട് നിലനിർത്താൻ ആഗ്രഹിക്കുകയും ഏതെങ്കിലും തരത്തിലുള്ള പരിഷ്കരണങ്ങൾക്കു വിധേയരാകാൻ വിസമ്മതിക്കുകയും ചെയ്യുന്നവരുടെ കൊടുംക്രൂരതയാണു തൊടുപുഴയിൽ നടന്നത്. ബ്രിട്ടീഷ് ഭരണകാലത്താണ് ഇന്ത്യയിൽ ശരീഅത്ത് പരിഷ്കരിച്ചത്. ക്രിമിനൽ നിയമങ്ങൾ എടുത്തു കളഞ്ഞു, സിവിൽ സംരക്ഷണം ഉറപ്പുവരുത്തുന്ന നിയമങ്ങൾ നിലനിർത്തുകയും ചെയ്തു. ഇത് മുസ്ലിം സമുദായം എതിർപ്പില്ലാതെ അംഗീകരിച്ചു. ഇപ്രകാരം ജനാധിപത്യവുമായി സമരസപ്പെടുന്ന സമുദായത്തെ, ഒറ്റപ്പെടുത്തുന്ന അവസ്ഥയിലേക്ക് നയിക്കാനാണു കൈവെട്ടൽ പോലുള്ള നടപടികൾ ഇടയാക്കുന്നത്. പ്രൊഫ. ജോസഫിനെതിരെ ജനാധിപത്യപരമായ നിയമനടപടികൾ നടന്നുകൊണ്ടിരിക്കെ അദ്ദേഹത്തെ ശിക്ഷിക്കാൻ ആർക്കും അവകാശമില്ല. ഇത്തരക്കാർ ജനാധിപത്യത്തെ അംഗീകരിക്കാത്തവരാണ്. ഭരണകൂടം നടപടിയെടുക്കുമ്പോൾ അതിനെ അംഗീകരിക്കുകയാണു വേണ്ടത്. അഭിമന്യുവിന്റെ കൊലപാതകത്തിനെതിരെ മുകളിൽ കൊടുത്തിരിക്കുന്ന വാക്കുകൾ, ഞാൻ ഉച്ചത്തിൽ മുഴക്കുകയാണ്.
കടപ്പാട് : മാധ്യമം ദിനപത്രം