ആഫ്രിക്കൻ കളിക്കാരും വംശീയ മിത്തുകളും

കായബലം (Physicality) എന്നത് വംശീയ വേരുകളുള്ള ഒരു മിത്താണ്. അത് കറുത്തവന്റെ സൃഷ്ടിപരതയെയും തന്ത്രങ്ങളെയും ബുദ്ധിക്ഷമതയെയും അദൃശ്യമാക്കിക്കളയുന്നു എന്നതാണ് പ്രശ്നം. റൊലാങ് ബാര്‍ത്തിന്‍റെ വായനയിൽ അത് വംശീയ വിവേചനങ്ങളെ ദൃഢീകരിക്കുന്ന വാക് പ്രയോഗമാണ്. അതിനെ ചോദ്യം ചെയ്തില്ലെങ്കിൽ, അതിന്റെ മേല്‍ക്കോയ്മ കൂടുതൽ ശക്തിപ്പെടുകയും ആളുകൾക്ക് വളരെ സാധാരണമായ, നോർമലായ ഒന്നായി അനുഭവപ്പെടുകയും ചെയ്യും. അതിലെ പ്രശ്നങ്ങൾ അവർക്ക് മനസ്സിലാകാതെ പോവും.

പ്രധാനപ്പെട്ട കായിക പോരാട്ടങ്ങൾക്കിടെ കറുത്ത അത്‌ലറ്റുകളെക്കുറിച്ച് വെള്ളക്കാര്‍, വിശേഷിച്ച് പ്രായംചെന്ന വെള്ളക്കാർ പറയുന്നതു കേൾക്കാൻ എനിക്കു നല്ല താൽപര്യമാണ്. വർഷങ്ങളായി ഫിഫ ഫുട്ബോൾ ലോകകപ്പുകളിലും ഒളിംപിക് മത്സരങ്ങളിലും സ്പോർട്സ് പണ്ഡിറ്റുകൾ ഉപയോഗിക്കുന്ന ഭാഷ ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ കറുത്ത ശരീരങ്ങളെ അവർ എങ്ങനെ അവഹേളിക്കുന്നു എന്നതിനെയും അതിനോടുള്ള പ്രത്യേക താൽപര്യത്തെയും കുറിച്ച് എനിക്കു നല്ല ധാരണയുണ്ട്. റഷ്യൻ ലോകകപ്പിൽ കളിക്കുന്ന സെനഗൽ ടീമിനെക്കുറിച്ച് ബ്രിട്ടീഷ് വ്യവസായിയും റിയാലിറ്റി ഷോ താരവുമായ അലൻ ഷുഗറിനെപ്പോലൊരാൾ നടത്തിയ നീചമായ, വംശീയ ട്വീറ്റില്‍ എനിക്കു തരിമ്പും അത്ഭുതം തോന്നുന്നില്ല. മികച്ച പ്രകടനം കാഴ്ച്ചവെക്കുന്ന ലോകോത്തര താരങ്ങളായി സെനഗൽ ടീമംഗങ്ങളെ മനസ്സിലാക്കാൻ കൊളോണിയൽ മനസ്സ് അയാളെ അനുവദിക്കുന്നില്ല. അയാൾക്ക് അവരിപ്പോഴും ബീച്ചുകളിലെ സൺഗ്ലാസ് വിൽപനക്കാരാണ്.

ആഫ്രിക്കൻ കളിക്കാരെക്കുറിച്ചുള്ള വാർത്തകളിലും ചർച്ചകളിലും പാശ്ചാത്യ മാധ്യമങ്ങൾ പുലർത്തുന്ന മുൻവിധികളുടെ വ്യക്തമായ മാതൃകയാണ് ഷുഗറുടെ ഈ പ്രസ്താവന. ഷുഗറിനും അയാളെ പിന്തുണക്കുന്ന അനേകം പേര്‍ക്കും ആ ട്വീറ്റിലെ വംശീയത കാണാന്‍ കഴിഞ്ഞില്ല. അതൊരു “തമാശ” മാത്രമായി ചുരുക്കാനാണ് അവര്‍ ശ്രമിച്ചത്. ഫുട്ബോളിനെ അപകടപ്പെടുത്തുന്ന തെറ്റിദ്ധാരണകളും മാധ്യമങ്ങൾ അവയ്ക്ക് എങ്ങനെ പ്രചാരം നൽകുന്നു എന്നും ഇതിൽ കാണാൻ പറ്റും. ഷുഗറിന്റെ ഈ ശുദ്ധ വംശീയ പ്രയോഗത്തിനു പുറമെ, ഫുട്ബോൾ മത്സര സമയത്ത് കമന്റേറ്റർമാര്‍ ഉപയോഗിക്കുന്ന ഭാഷയെ നിർണയിക്കുന്ന ഒളിഞ്ഞു കിടക്കുന്ന അനേകം വംശീയ വ്യവഹാരങ്ങൾ ഉണ്ട്.

പോൾ പോഗ്ബ

പോൾ പോഗ്ബ

അലിഒ സിസെ

അലിഒ സിസെ

ഞാന്‍ കൂടുതൽ ശ്രദ്ധിച്ച ഒന്ന് ആഫ്രിക്കൻ രാജ്യങ്ങൾ എല്ലായ്പ്പോഴും കായബലത്തില്‍ (physicality) മുന്നേറുന്നു എന്ന വളരെ സാധാരണമായി മാറിയ പ്രയോഗമാണ്. തന്ത്രപരത (Tactical) എന്ന പ്രയോഗം അവരുമായി ചേർത്തു പറയുന്നേയില്ല. സെനഗൽ 2002ൽ ആദ്യമായി ലോകകപ്പിലെത്തിയതു മുതൽ ഇത്തവണ പോളണ്ടുമായി നടന്ന മാച്ചിൽ വരെ ഇതേ കാര്യം തന്നെയാണ് ആവർത്തിക്കപ്പെട്ടത്. സെനഗൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് അവരെ തോൽപ്പിച്ചപ്പോൾ NBC Sport എഴുതിയത് സെനഗലിന്റെ വേഗതയ്ക്കും കായബലത്തിനും മുന്‍പില്‍ പോളണ്ട് പരാജയപ്പെട്ടു എന്നാണ്. മുൻ വെസ്റ്റ്ഹാം കോച്ചും ഇപ്പോൾ ITV യിൽ കമന്റേറ്ററുമായ സ്ലാവൻ ബിലിച്ചും സംസാരിച്ചത് സെനഗൽ കളിക്കാരുടെ വേഗതയെയും ബലത്തെയും കുറിച്ചാണ്.

ജൂൺ 24ന് സെനഗലുമായുള്ള മത്സരത്തിനു മുൻപ് ജാപ്പനീസ് കോച്ച് അകിറ നിഷിനോ പറഞ്ഞത് കായബലത്തിനപ്പുറം ഞങ്ങൾക്കു ബുദ്ധി പ്രയോഗിക്കേണ്ടി വരുമെന്നാണ്. സെനഗലിന്റെ ലോകകപ്പ് വിജയങ്ങളെ സഹായിച്ചത് ടീമിന്റെ  “വന്യമായ കരുത്ത്” (Raw Energy) ആണെന്നുള്ള വാദങ്ങൾ മായ്ച്ചു കളയുന്നത് അലിഓ സിസെയുടെ -ഈ ലോകകപ്പിലെ ഏക കറുത്ത കോച്ച്- തന്ത്രങ്ങളെയും അവർ കളിച്ച മികച്ച ഫുട്ബോളിനെയുമാണ്.

ഗോളടിച്ചപ്പോൾ അഹ്മദ് മൂസയെ ബി.ബി.സിയിലെ കമന്റേറ്റർമാർ ആവേശപൂർവ്വം വിളിച്ചത് “ഗസ്സാല്‍” (Gazelle അഥവാ വളരെ വേഗത്തിലോടുന്ന  ആഫ്രിക്കൻ-ഏഷ്യൻ മൃഗം) എന്നാണ്. മൂസയുടെ വേഗതയെ കുറിക്കാൻ വേണ്ടിയാണ് ഈ പ്രയോഗം നടത്തുന്നത്. പക്ഷേ കറുത്ത മനുഷ്യരെയും മൃഗങ്ങളെയും ചേർത്തു പറയുന്നതിനു പിന്നിൽ സുദീർഘമായ വംശീയ ചരിത്ര പാരമ്പര്യമുണ്ട്. അതവസാനിപ്പിക്കുക തന്നെ വേണം.

മുകളിൽ പറഞ്ഞ സംഭവങ്ങൾ കേവലം ഒറ്റപ്പെട്ട ഉദാഹരണങ്ങളല്ല. ആഫ്രിക്കൻ താരങ്ങളുടെ കായബലത്തെ സംബന്ധിച്ച ആഖ്യാനങ്ങൾ ഓരോ മത്സരത്തിനും ടൂർണമെൻറുകൾക്കും ശേഷം വിപുലമായി എഴുതപ്പെടുകയും സർക്കുലേറ്റ് ചെയ്യപ്പെടുകയും ചെയ്യുന്നു.

ന്യൂയോർക്ക് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എഴുത്തുകാരനും പ്രൊഡ്യൂസറുമായ റോസ് എവലറ്റ് വന്നത് World Cup Bad Announcer Bingo-യുമായിട്ടാണ്. കൊളോണിയൽ കാലഘട്ടത്തിലെ വംശീയതയുമായി ബന്ധപ്പെട്ടു കിടക്കുന്ന, ഫുട്ബോളിലെ കളിപറച്ചിലിനെ ഭരിക്കുന്ന ഹിംസാത്മകമായ വ്യവഹാരങ്ങളെ ഈ ബിങ്കോ കാര്‍ഡ് കൃത്യമായി വരച്ചുകാണിക്കുന്നുണ്ട്. ഇതുപോലൊരു ബിംഗോ കാര്‍ഡ് വെളുത്ത വര്‍ഗക്കാരുടെ ടീമുകളെ കുറിച്ചാകുമ്പോൾ ‘തന്ത്രപരത, സൃഷ്ടിപരത, കൃത്യമായ കളി വിന്യാസമുള്ള’ തുടങ്ങിയ പദങ്ങളും പ്രയോഗങ്ങളുമാകും  ഉപയോഗിക്കുക.

അഹ്‌മദ്‌ മൂസ

അർജന്റീന ഐസ്‌ലാൻഡുമായി സമനില വഴങ്ങിയ മത്സരത്തിലെ കമന്ററി ഓർക്കുക. സെനഗല്‍ പോളണ്ട് മത്സരത്തില്‍ നിന്നും വ്യത്യസ്തമായി,  ഐസ്‌ലാൻഡ് താരങ്ങളുടെ “കായബലം”, “കരുത്ത്” എന്നിവയുമായി ചേർത്തല്ല ആ സമനില വിശദീകരിക്കപ്പെട്ടത്. കായബലം എന്ന പ്രയോഗം വെളുത്ത വര്‍ഗക്കാരുടെ ടീമിനോടു ചേർത്തും പറയാറുണ്ട്, അതുപക്ഷേ ടീമിൽ കുറച്ചധികം കറുത്ത കളിക്കാര്‍ ഉണ്ടാകുമ്പോഴാണെന്ന് മാത്രം (2014 ലെയും 2018 ലെയും ലോകകപ്പുകളിലെ ഫ്രാൻസ്  ഉദാഹരണം).

‘ആഫ്രിക്കന്‍ കായബലം’ എന്ന പ്രയോഗം മുന്നോട്ടുവെക്കപ്പെടുന്ന സാഹചര്യം ഒരുപക്ഷേ പ്രശംസയുടെതാണെന്ന് ചിലര്‍ പറഞ്ഞേക്കാം. പക്ഷേ ഇതിനകത്തെ പ്രശ്നം മറ്റൊന്നാണ്. ആഫ്രിക്കൻ ടീമുകൾക്ക് കായബലമല്ലാതെ, മറ്റു തന്ത്രങ്ങളോ മനോഹരമായ കളി വിന്യാസമോ ഒന്നുമില്ലെന്നാണ് ഈ പ്രയോഗം പരോക്ഷമായി അർഥമാക്കുന്നത്. മാഞ്ചസ്റ്ററിനും ഫ്രാൻസിനും വേണ്ടി പോഗ്ബ എത്ര മനോഹരവും തന്ത്രപരവുമായ ബുദ്ധികൂര്‍മത  കാണിച്ചാലും കമന്റേറ്റർമാർ പറയുക അയാളുടെ വേഗത്തെയും ബലത്തെയും കുറിച്ചാവും. കാരണം അവർക്ക് അയാൾ പ്രാഥമികമായി കറുത്ത മനുഷ്യനാണ്. അയാളിലെ മികച്ച ഫുട്ബോളർക്കു രണ്ടാം സ്ഥാനം മാത്രമേയുള്ളൂ.

മാഞ്ചസ്റ്ററിനും ഫ്രാൻസിനും വേണ്ടി പോഗ്ബ എത്ര മനോഹരവും തന്ത്രപരവുമായ ബുദ്ധികൂര്‍മത  കാണിച്ചാലും കമന്റേറ്റർമാർ പറയുക അയാളുടെ വേഗത്തെയും ബലത്തെയും കുറിച്ചാവും. കാരണം അവർക്ക് അയാൾ പ്രാഥമികമായി കറുത്ത മനുഷ്യനാണ്. അയാളിലെ മികച്ച ഫുട്ബോളർക്കു രണ്ടാം സ്ഥാനം മാത്രമേയുള്ളൂ.

സെനഗൽ, പോളണ്ടിനെതിരെ മികച്ച രീതിയിൽത്തന്നെ കളിച്ചിട്ടുണ്ട്. പക്ഷേ ഫുട്ബോൾ പണ്ഡിറ്റുകൾക്കത് ആഫ്രിക്കക്കാർക്ക് “വേഗതയുടെയും കരുത്തിന്‍റെയും” ആനുകൂല്യത്തിൽ ലഭിച്ച വിജയമാണ്. പോളിഷുകളേക്കാള്‍ മികച്ച തന്ത്രങ്ങളെയും നടപ്പിലാക്കിയ കളിരീതിയെയും കുറിച്ച് അവരാരും പറയില്ല. ഫുട്ബോൾ മൈതാനങ്ങളും ഒളിംപിക് സ്റ്റേഡിയങ്ങളും കേവല മത്സര വേദികൾ മാത്രമല്ല, വംശീയമായും പക്ഷം ചേർന്നും കളിപറയുന്നവർ കൂടി ചേരുന്ന അധികാര ബന്ധങ്ങൾക്കു പ്രാധാന്യമുള്ള ഇടം കൂടിയാണത്.

കെനിയ, എതോപ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള അത്‌ലറ്റുകളാണ്‌ സാധാരണ ദീർഘദൂര മത്സരങ്ങളിൽ വിജയിക്കാറ്. വെളുത്തവർക്കു വഴങ്ങാത്ത പരിശീലനങ്ങളും ശ്രമങ്ങളും കൊണ്ടാണ് ഈ വിജയങ്ങൾ നേടുന്നതെന്ന് ആരും മനസ്സിലാക്കാറില്ല. അപ്പോഴും എല്ലാവരും എഴുതുക കായബലം, കരുത്ത് തുടങ്ങിയ കാല്‍പനിക ഭാവനകളെക്കുറിച്ചാണ്.

ഏതു കായിക മത്സരത്തിനും അത്യാവശ്യം ഊർജവും കരുത്തും വേണമെന്ന് എല്ലാവർക്കുമറിയാം. കറുത്തവരും വെളുത്തവരും ഗെയിം ജയിക്കാൻ അവ ഉപയോഗപ്പെടുത്തുന്നുമുണ്ട്. പക്ഷേ കറുത്തവരെ കായബലത്തിലേക്കു മാത്രമായി ചുരുക്കുന്ന മാധ്യമ വ്യവഹാരങ്ങൾ ശുദ്ധ വംശീയതയാണ്.

കായബലം എന്നത് വംശീയ വേരുകളുള്ള ഒരു മിത്താണ്. അത് കറുത്തവന്റെ സൃഷ്ടിപരതയെയും തന്ത്രങ്ങളെയും ബുദ്ധിക്ഷമതയെയും അദൃശ്യമാക്കിക്കളയുന്നു എന്നതാണു പ്രശ്നം. റൊലാങ് ബാര്‍ത്തിന്‍റെ വായനയിൽ അത് വംശീയ വിവേചനങ്ങളെ ദൃഢീകരിക്കുന്ന വാക് പ്രയോഗമാണ്. അതിനെ ചോദ്യം ചെയ്തില്ലെങ്കിൽ, അതിന്റെ ആധിപത്യം (Hegemony) കൂടുതൽ ശക്തിപ്പെടുകയും ആളുകൾക്ക് വളരെ സാധാരണമായ, നോർമലായ ഒന്നായി അനുഭവപ്പെടുകയും ചെയ്യും. അതിലെ പ്രശ്നങ്ങൾ അവർക്കു മനസ്സിലാകാതെ പോവും.

ഏതു കായിക മത്സരത്തിനും അത്യാവശ്യം ഊർജവും കരുത്തും വേണമെന്ന് എല്ലാവർക്കുമറിയാം. കറുത്തവരും വെളുത്തവരും ഗെയിം ജയിക്കാൻ അവ ഉപയോഗപ്പെടുത്തുന്നുമുണ്ട്. പക്ഷേ കറുത്തവരെ കായബലത്തിലേക്കു മാത്രമായി ചുരുക്കുന്ന മാധ്യമ വ്യവഹാരങ്ങൾ ശുദ്ധ വംശീയതയാണ്. കറുത്ത കായിക താരങ്ങളെക്കുറിച്ച് കായബലം എന്ന ഒരൊറ്റ ബിന്ദുവിൽ നിന്നു മാറിയുള്ള, വിപുലമായ തിരുത്തിയെഴുത്തുകൾ ഉണ്ടാവണം.

കടപ്പാട് : അല്‍ജസീറ

മൊഴിമാറ്റം : ശബീബ് മമ്പാട്

Top