ബെെഡൻ വന്നു. എല്ലാം ശരിയാകുമോ?

ബെെഡൻ അമേരിക്കയുടെ 46ാമത്  പ്രസിഡന്റായി അധികാരമേറ്റിരിക്കുകയാണ്. തമസ്സിൽ നിന്ന് ലോകത്തെ രക്ഷിക്കാൻ വരുന്ന മിശിഹാ തമ്പുരാനായാണ് ഇന്ന് ജോ ബൈഡനെ മാധ്യമങ്ങൾ വിലയിരുത്തുന്നത്. എന്നാൽ, സിയോണിസത്തിന്‍റെ ഒന്നാം നമ്പർ അനുകൂലിയായ ബൈഡൻ അമേരിക്കയുടെ വിദേശനയങ്ങളിൽ വലിയ വ്യത്യാസമൊന്നും ഉണ്ടാക്കില്ലെന്ന് വേണം കരുതാൻ. മുജീബുർറഹ്മാൻ എഴുതുന്നു.

ഒരു രാജ്യത്തിന്റെ നേതാവ്  എങ്ങനെയായിരിക്കരുത് എന്നതിന്‍റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു ഡൊണാൾഡ് ട്രംപ്. അദ്ദേഹത്തിന്‍റെ ശരീരഭാഷയും അഭിസംബോധന രീതിയും വാർത്താസമ്മേളനങ്ങളും വിദേശരാജ്യങ്ങളെ കുറിച്ചുള്ള പരാമർശങ്ങളും വിഡ്ഢിവേഷം കെട്ടിയ കോമാളിയുടെ പ്രകടനമായി പരിണമിച്ചിരുന്നു.  ഈ കോമാളി വേഷങ്ങളുടെ ഒരു പരിച്ഛേദം അമേരിക്കയിൽ ഇന്നും നിലനിൽക്കുന്നുയെന്നതിന്‍റെ ദർശനമായിരുന്നു നാം ജനുവരി ആറിന് നടന്ന കാപിറ്റോൾ ആക്രമണത്തിൽ  കണ്ടത്. ട്രംപിന്‍റെ  അനുയായികൾ തങ്ങളുടെ വിശ്വരൂപം ഇനിയും പുറത്തെടുത്തിട്ടില്ലെങ്കിലും പാർലമെന്റ് അധിനിവേശം   അമേരിക്കയുടെ വിഘടിത ഉള്ളടക്കം ലോകത്തിനു മുമ്പിൽ തുറന്നു കാണിക്കാൻ പോന്നതായിരുന്നു.

അമേരിക്കയുടെ ആത്മാവ് എന്താണെന്നറിയണമെങ്കിൽ ഒരു ചെറിയ അഭ്യന്തര അഭിപ്രായ ഭിന്നത ഉടലെടുത്താൽ മതി. ഒരു നൂറ്റാണ്ടു മുമ്പ് ലക്ഷക്കണക്കിനാളുകൾ മരിച്ചു വീണ അമേരിക്കൻ ആഭ്യന്തര യുദ്ധത്തിന്റെ പ്രത്യക്ഷ കാരണങ്ങളെന്തായാലും വിഘടന ചിന്തകളുടെയും ആന്തരിക ശൈഥില്യത്തിന്‍റെയും അടിവേരുകൾ അതിൽ നമുക്ക് കണ്ടെത്താൻ കഴിയും. ഈ ഛിദ്രതയുടെ നാമ്പുകൾ വീണ്ടും പൊങ്ങാതിരിക്കാൻ അമേരിക്കയുടെ കുടിലബുദ്ധി കണ്ടെത്തിയ പരിഹാരമാണ് വിദേശ ശത്രു. ഏതു കാലഘട്ടത്തിലും അമേരിക്ക ഒരു ബാഹ്യ ശത്രുവിനെ തേടുകയും സൃഷ്‌ടിക്കുകയും ചെയ്യുന്നു. അവരുടെ സിനിമകൾ പോലും ഇത്തരം ശത്രുക്കളെ അഭ്രപാളികളിലൂടെ അവതരിപ്പിച്ച് ജനമനസ്സുകളെ ഭയവിഹ്വലരാക്കുന്നു. അങ്ങിനെ സൃഷ്ടിക്കപ്പെട്ടതാണ്  വിയറ്റ്നാമും അഫ്ഗാനിസ്ഥാനും ഇറാഖും ഇറാനുമൊക്കെ. സോവിയറ്റ് യൂണിയനും ചൈനയും ആ ശത്രുസംഹാര സിദ്ധാന്തത്തിന്‍റെ സോഫ്റ്റ് പതിപ്പും.

പ്രസിഡന്റ് പദമൊഴിഞ്ഞ ട്രംപ് ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസ് വിടുന്നു.

സാങ്കല്‍പികമോ യാഥാര്‍ഥ്യമോ ആയ ശത്രുവിനെതിരെയുള്ള  പോരാട്ടങ്ങളുടെ നൈരന്തര്യത്തിലൂടെയല്ലാതെ (അമേരിക്കയടക്കമുള്ള) സാമ്രാജ്യത്വ ശക്തികൾക്ക് ആധിപത്യം നിലനിര്‍ത്താനാവില്ലെന്ന് പോള്‍ കെന്നഡി അദ്ദേഹത്തിന്റെ ദി റൈസ് ആൻഡ് ഫാൾ ഓഫ് ദി ഗ്രേറ്റ് പവേഴ്‌സ് എന്ന പുസ്തകത്തില്‍ എഴുതുന്നു. ജനശ്രദ്ധയും രാഷ്ട്രത്തിന്റെ ശക്തിയും ബാഹ്യ ശത്രുവില്‍ കേന്ദ്രീകരിക്കപ്പെടാതായാല്‍ ആ ഊര്‍ജ്ജം മുഴുവനും ആഭ്യന്തര മേഖലയില്‍ വിനിയോഗിക്കപ്പെടേണ്ട സാഹചര്യം സൃഷ്ടിക്കപ്പെടുമെന്നും, അത് വലിയ തോതിലുള്ള ആഭ്യന്തര സംഘര്‍ഷങ്ങള്‍ക്ക് ഇടവരുത്തുകയും രാജ്യത്തിന്‍റെ ആഗോള മേധാവിത്ത ശക്തി തകരാന്‍ കാരണമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ടു തന്നെ കാപിറ്റോൾ അധിനിവേശം എന്ന ആട്ടക്കഥ അരങ്ങേറിയ സാഹചര്യത്തിൽ  ഇനിയെന്നും ശത്രുക്കളെ തേടുന്ന  അമേരിക്കക്ക് ഒരു യുദ്ധം അനിവാര്യമായിരിക്കും. അതിന്‍റെ ദുരന്തം പേറേണ്ടി വരിക ഇനി ഇറാൻ ജനതയാണെങ്കിൽ അതിന്റെ പിഴ ഒടുക്കേണ്ടി വരിക ഗൾഫ് എണ്ണപ്രഭുക്കളാവും.  

ആഭ്യന്തര തീവ്രവാദമാണ് രാജ്യത്തിന്‍റെ ഏറ്റവും വലിയ ശത്രു എന്ന് ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ഹോംലാന്റ് സെക്യൂരിറ്റി പറഞ്ഞത് ഈ അടുത്തകാലത്താണ്. വ്യത്യസ്ത രാഷ്ട്രീയ നിലപാടുകളുള്ള പലരും തെരെഞ്ഞെടുപ്പിന് ശേഷം തോക്കുകൾ വാങ്ങിക്കൂട്ടുന്ന തിരക്കിലായിരുന്നത്രേ! വെള്ള ദേശീയവാദികളായ പ്രൗഡ് ബോയ്സും സോഷ്യലിസ്റ്റ് റൈഫിള്‍ അസോസിയേഷൻ, ആഫ്രിക്കന്‍ അമേരിക്കന്‍ ഗണ്‍ അസോസിയേഷന്‍ എന്നീ സംഘടനകളും തോക്കുകള്‍ വാങ്ങിച്ചുകൂട്ടുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

ബെെഡൻ അമേരിക്കയുടെ 46ാമത്  പ്രസിഡന്റായി അധികാരമേറ്റിരിക്കുകയാണ്. തമസ്സിൽ നിന്ന് ലോകത്തെ രക്ഷിക്കാൻ വരുന്ന മിശിഹാ തമ്പുരാനായാണ് ഇന്ന് ജോസഫ് റോബിനറ്റ് ബൈഡൻ ജൂനിയർ എന്ന ജോ ബൈഡനെ മാധ്യമങ്ങൾ വിലയിരുത്തുന്നത്. അതുപോലെ, ബൈഡൻ  പ്രസിഡണ്ട്  പദത്തിലേക്ക് അവരോധിക്കപ്പെടുമ്പോൾ ശുഭാപ്തി വിശ്വാസം വെച്ചുപുലർത്തുന്ന നിഷ്കളങ്കരായ ചിലരുണ്ട്. എന്നാൽ, സിയോണിസത്തിന്‍റെ ഒന്നാം നമ്പർ അനുകൂലിയായ ബൈഡനും ട്രംപും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കണെമെങ്കിൽ അരവിന്ദ് കെജ്‌രിവാളിനെയും യോഗി ആദിത്യനാഥിനെയും തമ്മിൽ താരതമ്യം ചെയ്താൽ മതി. സമീപന രീതികൾ രണ്ടാണെങ്കിലും രണ്ടു പേരുടേയും “കർമ്മഫലങ്ങൾക്ക്” പിൽക്കാലത്ത് ധാരാളം സമാനതകൾ  ഉണ്ടായിരുന്നു.

മിതവാദിയും, സമാധാനപ്രേമിയുമായി ബൈഡനെ വിലയിരുത്തുന്നതിൽ ചെറുതല്ലാത്ത  അതിശയോക്തിയുണ്ട്. ചില വിഷയങ്ങളിൽ ബൈഡൻ ട്രംപിനേക്കാൾ അപകടകാരിയാകാൻ സാധ്യത കാണുന്നവരുണ്ട്. പ്രത്യേകിച്ചും വിദേശ നയങ്ങളിൽ. അഭ്യന്തര വിഷയങ്ങളിൽ മാത്രമാണ് മാറിവരുന്ന അമേരിക്കൻ ഭരണകൂടങ്ങളുടെ നിലപാടുകളിൽ വ്യത്യാസങ്ങൾ പ്രകടമാകുന്നത്. സോഷ്യൽ സെക്യൂരിറ്റി, കുടിയേറ്റം, ആഫ്രോ-അമേരിക്കന്‍ വംശജരുടെ പ്രശ്നങ്ങൾ, ആരോഗ്യ സുരക്ഷ, വിദ്യാഭ്യാസം, കൊവിഡ് 19  പ്രതിരോധം, സാമ്പത്തിക നില, കാലാവസ്ഥ വ്യതിയാനം തുടങ്ങിയ കാര്യങ്ങളിൽ ചില മാറ്റങ്ങൾ കാണുമായിരിക്കാം. എന്നാൽ അന്താരാഷ്ട്ര രംഗത്ത് അങ്കിൾ സാമിന്     എന്നും ഒരേ പോളിസി തന്നെയാണെന്നതാണ് ചരിത്രം. പാർട്ടി ഏതായാലും, ഫലസ്തീൻ പ്രശ്നത്തോടുള്ള അമേരിക്കൻ സമീപനത്തിന്‍റെ ആകെത്തുക “സമാധാന  പ്രക്രിയ” (peace process) എന്ന പേരിൽ തന്നെ അടങ്ങിയിരിക്കുന്നു. സമാധാനം ഉണ്ടാക്കുകയല്ല അമേരിക്കയുടെ  ലക്ഷ്യം, മറിച്ച് അവസാനിക്കാത്ത ഒരു പ്രക്രിയ നിലനിർത്തുകയും അതിലൂടെ അധിനിവേശ വിപുലീകരണവും ഇസ്രായേലീ അക്രമങ്ങളും നിലനിർത്തുകയുമാണ്. ഞാൻ കറകളഞ്ഞ സിയോണിസ്റ്റാണെന്ന് പ്രഖ്യാപിച്ചയാളാണ് ജോ ബൈഡന്‍. ഇസ്രായേൽ എന്ന രാജ്യം നിലവിൽ വന്നില്ലായിരുന്നുവെങ്കിൽ അമേരിക്കക്ക് ഒരു ഇസ്രായേലിനെ സൃഷ്ടിക്കേണ്ടി വരുമായിരുന്നുവെന്ന  അദ്ദേഹത്തിന്‍റെ പഴയ പ്രസംഗം പലരിലും ആശങ്കയുണർത്തുന്നുണ്ട്. ജൂത-സിയോണിസ്റ്റ് വേദികളിൽ ശക്തമായ ഇസ്രായേൽ പിന്തുണയും സഹായങ്ങളും അദ്ദേഹം തുടർച്ചയായി വാഗ്ദാനം ചെയ്തിട്ടുണ്ട്. പെൻസിൽവാനിയയിൽ  തെരെഞ്ഞെടുപ്പു  യോഗത്തിൽ എല്ലാ ജൂത വിരോധികളെയും സെമറ്റിക് ശത്രുക്കളെയും ശക്തമായി എതിർക്കുമെന്ന് ബൈഡന്‍ പ്രഖ്യാപിച്ചിരുന്നു.

ഫലസ്തീൻ പ്രശ്നത്തിൽ എല്ലാ അമേരിക്കൻ ഭരണകൂടങ്ങളും യോജിക്കുന്ന ചില കാര്യങ്ങളുണ്ട്: തന്ത്രപ്രധാന സുഹൃത്തായ ഇസ്രായേലിന്‍റെ സാമ്പത്തിക/സൈനിക മികവ് നിലനിർത്തുക, ഫലസ്തീനികളുടെ പ്രശ്നത്തെ കേവല മനുഷ്യാവകാശ പ്രശ്നമായി സമീപിക്കുക, ഇസ്രായേലിനെതിരെ സൈനികമായി  പ്രതികരിക്കാൻ സാധ്യതയുള്ള രാജ്യങ്ങളെ  ഒറ്റപ്പെടുത്തുക, അറബ് രാജ്യങ്ങളെ  ഇസ്രായേലുമായി കരാറിലേർപ്പെടാനും ഉഭയകക്ഷി ബന്ധങ്ങൾ സ്ഥാപിക്കാനും പ്രലോഭിപ്പിക്കുക. ഇത്തരം അടിസ്ഥാന തത്വങ്ങളിൽ നിന്നും വ്യതിചലിക്കാൻ ബൈഡൻ ശ്രമിക്കില്ലെന്നു വേണം കരുതാന്‍.

ജോ ബൈഡൻ

കഴിഞ്ഞ രണ്ടു ദശാബ്‌ദങ്ങളായി ചൈന അമേരിക്കയുടെ ഉറക്കം കെടുത്തുന്നുണ്ട്. ബൈഡന്‍റെ മുൻഗണനാ ലിസ്റ്റിൽ ചൈനയുണ്ടാവുമെന്ന് തീർച്ചയാണ്. ഉൽപന്ന ക്രയവിക്രയങ്ങളിലെ നികുതിയും ആഗോള വിപണിയിൽ ചൈനയുടെ തള്ളിക്കയറ്റവും അമേരിക്കൻ പ്രസിഡന്റിന് കെകാര്യം ചെയ്യേണ്ടതുണ്ട്.

ഇറാനായിരിക്കും ഇനി അമേരിക്കയുടെ തുറുപ്പുചീട്ട്. യുദ്ധവും സമാധാനവും നിശ്ചയിക്കുന്നത് ബൈഡന്‍റെ ഇറാൻ നയമായിരിക്കും. ഖാസിം സുലൈമാനിയെയും മുഹ്സിൻ ഫഖ്റി റാസിയെയും നഷ്ടപ്പെട്ടിട്ടും ഇറാൻ പ്രത്യക്ഷത്തിൽ തിരിച്ചടി നടത്തിയിട്ടില്ല. പ്രതികാരത്തിനായി തീവ്ര ഭരണകൂട അനുകൂലികൾ മുറവിളി കൂട്ടുന്നുണ്ടെങ്കിലും വളരെ സംയമനത്തോടും ദീർഘ വീക്ഷണത്തോടും കൂടിയാണ് ഇറാൻ നീങ്ങുന്നത്. 2015ലെ ആണവ കരാറിൽ നിന്ന് ട്രംപ് ഭരണകൂടം 2018ൽ ഏകപക്ഷീയമായി പിൻവാങ്ങിയതിനു ശേഷം അമേരിക്ക-ഇറാൻ ബന്ധം വഷളായിക്കൊണ്ടിരിക്കുകയാണ്. ബൈഡൻ പുതിയ ചില ഉപാധികളോടെ ആണവ കരാർ പുതുക്കുമെന്നാണ് ഇതുവരെ വിലയിരുത്തപ്പെട്ടിരുന്നത്. എന്നാൽ, കാപിറ്റോൾ ആക്രമണം മൂലം വിഘടനം പൂർത്തിയായ അമേരിക്കൻ മനസുകൾക്ക് കടിച്ചുകീറി ആശ്വസിക്കാൻ ഒരു വിദേശ ശത്രു ഉടനെ സൃഷ്ടിക്കപ്പെടണം.  ബൈഡന് ആ വഴിക്ക് നീങ്ങേണ്ടിവരുമെന്നാണ് സൂചനകൾ.

ഇറാഖ് വിഭജന പദ്ധതിയെയും, സിറിയയെ ഒന്നിലധികം പ്രവിശ്യകളാക്കി മാറ്റുന്നതിനെയും ശക്തമായി പിന്തുണച്ചു പോന്നിരുന്ന ബൈഡൻ  അറബ്-മുസ്‌ലിം രാജ്യങ്ങളിൽ എങ്ങനെ ഇടപെടുമെന്ന് ഇനിയും വ്യക്തമല്ല.  ഗൾഫു രാജാക്കന്മാരെ അമേരിക്ക നിയന്ത്രിക്കുന്നത് “ഫാക്സ് നയതന്ത്രം” വഴിയാണ്. (അംബാസിഡറെ പോലും അയക്കാതെ ഫാക്സ്/ഇമെയിൽ സന്ദേശങ്ങളിലൂടെ  രാഷ്ട്രീയ തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കുക) ബൈഡന്‍റെ പാതയും വ്യത്യസ്തമാവാന്‍ തരമില്ല.

ബൈഡന്‍റെ വിദേശകാര്യ സംഘത്തിന് ട്രംപിന്‍റെ ഗ്രൂപ്പുമായി വലിയ വ്യത്യാസമൊന്നും ഇല്ലായെന്നാണ് വിലയിരുത്തൽ. രണ്ടിലും പ്രാമുഖ്യം സിയോണിസ്റ്റുകള്‍ക്ക് തന്നെ. വിദേശകാര്യ സെക്രട്ടറിയായി നിയുക്തനായ ടോണി ബ്ലിങ്കൻ കറകളഞ്ഞ സിയോണിസ്റ്റും ജൂത പാരമ്പര്യമുള്ള കുടുംബത്തിൽ ജനിച്ചു വളർന്നയാളുമാണ്. 

ഏറ്റവും അപകടകരമായ വസ്തുത നയതന്ത്രം  കൊണ്ട് മാത്രം കാര്യങ്ങൾ നേരെ വരില്ല എന്ന  ഫിലോസഫി വെച്ചു പുലർത്തുന്ന ടോണി, നയങ്ങളെ സൈനിക ശക്തി കൊണ്ട് ശാക്തീകരിക്കണം എന്ന നിലപാടുകാരനാണ്. ഒരു  യുദ്ധത്തിന്‍റെ സാധ്യത  നിരീക്ഷകര്‍ തള്ളിക്കളയുന്നില്ല.

ചുരുക്കത്തിൽ, അന്താരാഷ്ട്ര രംഗത്ത് അമേരിക്കൻ സാമ്രാജ്യത്തത്തിന്‍റെ  സൃഗാല സൂത്രങ്ങളെ പഞ്ചസാര പുരട്ടി പുനരവതരിപ്പിക്കുകയാകും ബൈഡന്‍റെയും കൂട്ടരുടെയും നിയോഗം.

തിരൂർക്കാട് സ്വദേശിയായ ലേഖകൻ കുവൈത്ത് യൂണിവേഴ്സിറ്റിയിൽ പഠനം പൂർത്തിയാക്കി. ദുബൈ ഇസ്‌ലാമിക് ബാങ്ക്/ അബുദാബി ഇസ്‌ലാമിക് ബാങ്ക് എന്നിവിടങ്ങളിൽ ജോലി ചെയ്തതിനു ശേഷം 2016ൽ വിരമിച്ചു.

Top