അക്കാദമിക സ്വാതന്ത്ര്യവും സംഘപരിവാർ ഫാസിസവും

പ്രൊഫസർ തെൽതുംഡെയെയും മറ്റ് നിരവധി പണ്ഡിതരെയും നിയമവിരുദ്ധമായി തടവിലാക്കുന്നത് ഇൻഡ്യയിലെ അക്കാദമിക സ്വാതന്ത്ര്യത്തിന്റെ ഇരുണ്ട അവസ്ഥയുടെ വ്യക്തമായ പ്രതിഫലനമാണ്. മോദിയും അദ്ദേഹത്തിന്റെ ഹിന്ദു ദേശീയ അനുയായികളും ഇൻഡ്യൻ വിദ്യാഭ്യാസത്തിന് വരുത്തിവച്ച നാശനഷ്ടങ്ങൾ പരിഹരിക്കാൻ  പതിറ്റാണ്ടുകളെടുക്കുമെന്നതിൽ സംശയമില്ല.

2019ൽ ഡൽഹിയിൽ നടന്ന ഒരു അക്കാദമിക് കോൺഫറൻസിൽ പ്രമുഖ ഇൻഡ്യൻ ബുദ്ധിജീവിയും എഴുത്തുകാരനുമായ ആനന്ദ് തെൽതുംഡെയുടെ സംസാരം കേൾക്കാനിടയായി. തന്റെ പ്രസംഗത്തിനിടയിൽ കണ്ണുനീർ വാർത്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഒരു ‘ഹിന്ദു രാഷ്ട്രമായി’ ഇൻഡ്യ മാറിക്കൊണ്ടിരിക്കുന്നതിനാൽ, തന്റെ എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടുവെന്ന് സദസിനോട് അദ്ദേഹം പങ്കുവെച്ചു. അദ്ദേഹത്തിന്റെ അഗാധമായ ജാതി വിരുദ്ധ പാണ്ഡിത്യവും, പൗരാവകാശ ആക്റ്റിവിസവും ആലോചിച്ചപ്പോൾ, അദ്ദേഹത്തിന്റെ നിരാശക്ക് സാക്ഷ്യം വഹിക്കേണ്ടി വന്നതോർത്ത് ഞാൻ നടുങ്ങി. അദ്ദേഹത്തിന്റെ അടുത്തുചെന്ന് കാര്യങ്ങൾ ക്രമേണ മെച്ചപ്പെടുമെന്ന് സമാശ്വസിപ്പിക്കാൻ ഞാൻ ആഗ്രഹിച്ചു. പക്ഷേ, അദ്ദേഹത്തെ വ്യക്തിപരമായി അറിയാത്തതിനാൽ ഞാനതിന് മുതിർന്നില്ല.

തുടർന്നുള്ള മാസങ്ങളിൽ പലപ്പോഴും അദ്ദേഹത്തെയും, ഇൻഡ്യയുടെ സമകാലിക അവസ്ഥകളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ ആധികളെയും കുറിച്ച് ഞാൻ ചിന്തിച്ചിരുന്നു. പിഎച്ച്ഡിയുമായി ബന്ധപ്പെട്ട് ഞാൻ മൈലുകൾ അകലെയാണെങ്കിലും, എന്റെ രാജ്യത്തെ സർക്കാർ വിമതരായ അക്കാദമിക  പ്രവർത്തകരും വിദ്യാർഥികളും നേരിടുന്ന അടിച്ചമർത്തലിനെക്കുറിച്ച് എനിക്ക് അറിയാമായിരുന്നു. അതുകൊണ്ടുതന്നെ, ഈ വർഷം ഏപ്രിലിൽ പ്രൊഫസർ തെൽ‌തുംഡെയുടെ അറസ്റ്റിനെക്കുറിച്ച് വായിച്ചപ്പോൾ, അതെന്റെ സ്വകാര്യ പ്രശ്നമായി എനിക്ക് അനുഭവപ്പെടുകയുണ്ടായി. മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്നും, മോദിയെ വധിക്കാനും സർക്കാരിനെതിരെയും ഗൂഢാലോചന നടത്തിയെന്നും അദ്ദേഹത്തിന്റെ മേൽ ആരോപിക്കപ്പെട്ടു. ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നും രാഷ്ട്രീയ പ്രേരിതമാണെന്നും ഒരുപാട് നിയമ വിദഗ്ധർ തെളിയിച്ചിട്ടും അദ്ദേഹം ഇന്നും അഴികൾക്കുള്ളിൽ തന്നെയാണ്. 

ആനന്ദ് തെൽതുംഡെ

ദുഖകരമെന്നു പറയട്ടെ, ഇൻഡ്യൻ അക്കാദമിക രംഗത്തെ സർക്കാർ വിമർശകർക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന വേട്ടക്കിരയായ ഒരേയൊരു പണ്ഡിതൻ തെൽതുംഡെ മാത്രമല്ല. ദേശ സുരക്ഷക്ക് ഭീഷണിയെന്ന് ആരോപിച്ച് മോദിയുടെ സ്വേച്ഛാധിപത്യത്തെ വെല്ലുവിളിച്ച അനേകം ബുദ്ധിജീവികൾ ഇതിനകം തന്നെ ജയിലിലാക്കപ്പെട്ടിട്ടുണ്ട്.

അന്താരാഷ്ട്ര എൻ‌ജി‌ഒ ആയ സ്കോളേഴ്സ് അറ്റ് റിസ്ക് പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിൽ, മോദി സർക്കാരിനു കീഴിൽ ഇൻഡ്യയിൽ അക്കാദമിക സ്വാതന്ത്ര്യം തുടർച്ചയായി കുറഞ്ഞു വരുന്നതിനെ കുറിച്ച വെളിപ്പെടുത്തലുകളുണ്ട്. റിപ്പോർട്ടിന്റെ കണ്ടെത്തലുകൾ ഞെട്ടിക്കുന്നതാണെങ്കിലും, ഇൻഡ്യൽ നിന്നുള്ള വാർത്തകൾ അടുത്തറിയുന്ന ആരും അതുകേട്ട് അത്ഭുതപ്പെടാനിടയില്ല. 

2014ൽ അധികാരമേറ്റതു മുതൽ മോദിയുടെ ഭാരതീയ ജനതാ പാർട്ടി ഇൻഡ്യയുടെ മതേതര ജനാധിപത്യ അടിത്തറയെ ആസൂത്രിതമായി നശിപ്പിക്കുകയും, രാജ്യത്തെ തീവ്ര ഹിന്ദു രാഷ്ട്രമാക്കി മാറ്റുകയുമാണ് ചെയ്യുകയാണ്. ബിജെപിയുടെ ഹിന്ദു അധീശ പ്രത്യയശാസ്ത്രം, മുസ്‌ലിംകളെ മോശക്കാരും അപരന്മാരുമായി ചിത്രീകരിക്കുകയാണ്. ഹിന്ദു മേധാവിത്വം എന്നതിന്റെ ഉദ്ദേശ്യം ഉന്നത ജാതി ഹിന്ദുക്കളുടെ ആധിപത്യം എന്നാണ്. ഇൻഡ്യൻ ജനസംഖ്യയുടെ ഭൂരിഭാഗവും ഉൾക്കൊള്ളുന്ന താഴ്ന്ന ജാതിക്കാർ ഒരു വശത്ത് തങ്ങൾ അഭിമാനികളായ ഹിന്ദുക്കളാണെന്ന് പറയുമ്പോൾ തന്നെ മറുവശത്ത്, ജാതി വ്യവസ്ഥ താഴ്ന്നവരാക്കി കണക്കാക്കുന്നതിനാൽ അവർ അതിക്രൂരമായി പീഡിപ്പിക്കപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ജാതി വിരുദ്ധരായ തെൽതുംഡെ അടക്കമുള്ള ദലിത്, മുസ്‌ലിം, മറ്റ് വിമത അക്കാദമിക വിദഗ്ധർ എന്നിവരെ ‘ദേശവിരുദ്ധർ’ എന്ന് ആരോപിക്കുകയും അവർക്കുമേൽ കുറ്റങ്ങൾ കെട്ടിച്ചമക്കുകയും ചെയ്യുന്നത്.

2019 ഓഗസ്റ്റിൽ ഇൻഡ്യയും പാകിസ്ഥാനും അധികാര പരിധി അവകാശപ്പെടുന്ന മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയിരുന്നു. ഇതിനെ തുടർന്ന്, അവിടെ ആശയവിനിമയങ്ങൾ തടസപ്പെടുത്തിക്കൊണ്ട് ലോക്ക്ഡൗൺ ഏർപ്പെടുത്തുകയും, എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടക്കുകയും, സർവകലാശാല കാമ്പസുകളിൽ പോലീസ് ബാരക്കുകൾ സ്ഥാപിക്കുകയുമാണ് ‘ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം’ ചെയ്തത്!

യൂണിവേഴ്സിറ്റി കാമ്പസുകളിൽ ഇന്റർനെറ്റ് സൗകര്യമില്ലാതെ അവിടുത്തെ ഗവേഷകരും വിദ്യാർഥികളും പുറംലോകവുമായി ബന്ധപ്പെടാനും പഠിക്കാനും പഠിപ്പിക്കാനും പാടുപെടുകയായിരുന്നു. കാര്യങ്ങൾ കൂടുതൽ വഷളാക്കിക്കൊണ്ട് സർക്കാരിനെ പിന്തുണക്കുന്ന ഹിന്ദു ദേശീയവാദ ഗ്രൂപ്പുകൾ ഇൻഡ്യയുടെ മറ്റ് ഭാഗങ്ങളിലുള്ള കശ്മീരി വിദ്യാർഥികളെ ആക്രമിക്കാനും തുടങ്ങി. അതേസമയം, കശ്മീരുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രവർത്തിക്കുന്ന പണ്ഡിതരെ സംസ്ഥാന അധികാരികൾ ബന്ധപ്പെടുകയും, എന്തിനാണ് ‘ദേശവിരുദ്ധ പ്രവർത്തനം’ നടത്തുന്നതെന്ന മട്ടിൽ ശാസിക്കുകയും ചെയ്തു. അക്കാദമിക രംഗത്തെ വിയോജിപ്പുകളെ നിശബ്ദമാക്കാൻ ഇൻഡ്യൻ സർക്കാരും, അതിന്റെ പിന്തുണക്കാരും നടത്തിയ ശ്രമങ്ങൾ രാജ്യത്തിന്റെ അതിർത്തിക്കുള്ളിൽ ഒതുങ്ങുന്നതല്ല. മറിച്ച്, യുഎസിൽ പ്രവർത്തിക്കുന്ന കശ്മീരി ഗവേഷകരെ കുറിച്ച് ബന്ധപ്പെട്ട സർവകലാശാലകളിലേക്ക് അവർ തീവ്രവാദത്തെ പിന്തുണയ്ക്കുന്നു എന്ന് കുറ്റപ്പെടുത്തിക്കൊണ്ട് കത്തുകൾ അയക്കുകയുണ്ടായി. അവർ ഭാഗഭാക്കാവുന്ന പ്രവർത്തനങ്ങൾ മോദിയുടെ അനുയായികളെ അസ്വസ്ഥരാക്കിയിരുന്നു. 

കശ്മീരിന്റെ പ്രത്യേക പദവി അസാധുവാക്കി ഏതാനും മാസങ്ങൾക്കുശേഷം തന്നെ മോദിയുടെ ബിജെപി ഭരണകൂടം പൗരത്വ ഭേദഗതി നിയമം (സി‌എഎ) നടപ്പിലാക്കി. മുസ്‌ലിമിതര കുടിയേറ്റക്കാർക്ക് ഇൻഡ്യയുടെ പാർലമെന്റ് വഴി പൗരത്വത്തിനുള്ള എളുപ്പവഴി വാഗ്ദാനം ചെയ്യുന്നതായിരുന്നു ഇത്.

ഇൻഡ്യയിലുടനീളമുള്ള യൂണിവേഴ്സിറ്റി കാമ്പസുകളിൽ, വിദ്യാർഥികൾ വിവേചനരഹിതമായ ഈ നിയമത്തിനെതിരെ അഭൂതപൂർവവും സമാധാനപരവുമായ പ്രതിഷേധം നടത്തി. ഈ പ്രതിഷേധങ്ങൾ ക്രൂരമായ ഭരണകൂട അടിച്ചമർത്തലിനു വിധേയമായി. പോലീസും അർദ്ധസൈനിക വിഭാഗവും സർവകലാശാല കാമ്പസുകളിൽ പ്രവേശിച്ച് കണ്ണീർ വാതകവും റബ്ബർ ബുള്ളറ്റും പ്രയോഗിച്ച് വിദ്യാർഥികളെ മർദ്ദിച്ചു.  ചില കേസുകളിൽ, ഹിന്ദു ദേശീയവാദ ഗ്രൂപ്പുകൾ കാമ്പസുകളിൽ അതിക്രമിച്ചു കയറുകയും സ്വത്തുക്കൾ നശിപ്പിക്കുകയും സി‌എ‌എ വിരുദ്ധ വിദ്യാർഥി പ്രക്ഷോഭകരെ ആക്രമിക്കുകയും ചെയ്തപ്പോൾ ഉദ്യോഗസ്ഥർ ഒപ്പം നിന്നു അക്രമികളെ സഹായിക്കുകയായിരുന്നു.

എന്നെപ്പോലുള്ള ഇൻഡ്യൻ ഗവേഷകരും വിദേശത്ത് പഠിക്കുന്ന വിദ്യാർഥികളും ഈ സംഭവങ്ങളെ ഭയാനകമായിതന്നെ നിരീക്ഷിച്ചു. ഞങ്ങളിൽ പലരും സി‌എ‌എയ്‌ക്കെതിരെയും പ്രതിഷേധക്കാരെ പിന്തുണച്ചുകൊണ്ടും തുറന്ന കത്തുകൾ പ്രസിദ്ധീകരിച്ചു. നിരവധി പ്രമുഖ ഗവേഷകരുൾപ്പെടെ ധാരാളം പേരുടെ പിന്തുണ ഉണ്ടായിരുന്നിട്ടും, ഈ കത്തുകൾ മോദി സർക്കാരിന്റെ നിലപാടിൽ വലിയ വ്യത്യാസമൊന്നും വരുത്തിയില്ല. മറിച്ച്, സമാധാനപരമായി പ്രതിഷേധിച്ചവർക്കെതിരെയുള്ള അടിച്ചമർത്തൽ തുടരുകയാണ് ഉണ്ടായത്. ദില്ലിയിൽ നടന്ന മുസ്‌ലിം വിരുദ്ധ വംശഹത്യയിൽ 53 പേർ കൊല്ലപ്പെടുകയായിരുന്നു.

ഈ വർഷം, കോവിഡ് -19 പാൻഡെമിക് സർക്കാരിന്റെ നയങ്ങളെയും പ്രവർത്തനങ്ങളെയും വിമർശിക്കുന്നതിനെ തടയാൻ മറ്റൊരു അവസരം നൽക്കുകയാണ് ചെയ്തത്. പകർച്ചവ്യാധി നിയന്ത്രണങ്ങൾക്കിടയിൽ പ്രതിഷേധം ദുഷ്‌കരമാവുകയും ചില സമയങ്ങളിൽ “നിയമവിരുദ്ധമായ ഒത്തുചേരലുകൾ” നടക്കുകയും ചെയ്തപ്പോൾ, വിയോജിപ്പുള്ള ശബ്ദങ്ങളെ കൂടുതൽ നിശബ്ദമാക്കാൻ മോദി സർക്കാർ തങ്ങളുടെ അധികാരങ്ങൾ ദുരുപയോഗം ചെയ്യുകയായിരുന്നു. വിചാരണയിലൂടെ കുറ്റക്കാരനാണെന്ന് തെളിയിക്കപ്പെടുന്നതിന് മുമ്പ് ഒരു വ്യക്തിയെ തീവ്രവാദിയായി മുദ്രകുത്താനുള്ള അധികാരം സംസ്ഥാനത്തിന് നൽകുന്ന യുഎപിഎ പ്രയോഗിക്കാൻ തുടങ്ങി – സർക്കാരിനെതിരെ നിലപാടെടുത്ത അധ്യാപകര്‍ക്കും സി‌എ‌എ വിരുദ്ധ പ്രക്ഷോഭങ്ങളിലും ജാതി വിരുദ്ധ ആക്ടിവിസത്തിലും പങ്കെടുക്കുന്ന വിദ്യാർഥികൾക്കെതിരെയും  പ്രയോഗിക്കാനുള്ള സർക്കാരിന്റെ ഗൂഢശ്രമമായിരുന്നു അത്.

കൊറോണ വൈറസ് പ്രതിസന്ധി അതിന്റെ മൂർധന്യത്തിൽ നിന്ന ജൂലൈയിൽ ബിജെപി സർക്കാർ ഇൻഡ്യയുടെ പുതിയ വിദ്യാഭ്യാസ സമ്പ്രദായത്തിനായുള്ള കാഴ്ചപ്പാടിന് രൂപരേഖ തയ്യാറാക്കുന്ന ദേശീയ വിദ്യാഭ്യാസ നയം 2020 (എൻ‌ഇപി) അംഗീകരിച്ചു. വിദ്യാഭ്യാസത്തെ കൂടുതൽ സ്വകാര്യവൽക്കരിക്കുന്നതിനും വിദ്യാഭ്യാസ ഘടനയുടെ ഫെഡറൽ സ്വഭാവത്തെ ഇല്ലാതാക്കുന്നതിനും എൻ‌ഇ‌പി വഴിയൊരുക്കുക മാത്രമല്ല, എൻ‌ഇ‌പിയെ ചുറ്റിപ്പറ്റിയുള്ള ബിജെപിയുടെ വാചാടോപങ്ങൾ ഹിന്ദു മേധാവിത്വം ഇൻഡ്യയിലെ വിദ്യാഭ്യാസത്തെ എങ്ങനെ രൂപപ്പെടുത്തുന്നുവെന്ന് വെളിപ്പെടുത്തുന്ന രീതിയിലായിരിന്നു അതിനെ രൂപകല്പന ചെയ്തിരുന്നത്.

വിദ്യാഭ്യാസം “സംസ്കാരം”, “പാരമ്പര്യങ്ങൾ” എന്നിവയിൽ അധിഷ്ഠിതമാക്കേണ്ടതുണ്ടെന്നും മുസ്‌ലിം അധിനിവേശത്തിനും ബ്രിട്ടീഷ് കൊളോണിയലിസത്തിനും മുമ്പ് പുരാതന കാലത്ത് ഇൻഡ്യ ഒരു “വിജ്ഞാനശക്തിയായിരുന്നു”എന്ന പ്രഖ്യാപനങ്ങളോടെയാണ് ബിജെപി ഉദ്യോഗസ്ഥരുടെ ചർച്ച നടന്നിരുന്നത്. വിദ്യാഭ്യാസ മന്ത്രി രമേശ് പോഖ്രിയാൽ പറയുന്നതനുസരിച്ച്, “രാഷ്ട്രത്തിന് പ്രാധാന്യം നൽകണം” എന്ന നിർദേശത്തെ അടിസ്ഥാനമാക്കിയാണ് എൻ‌ഇ‌പി നടപ്പാക്കുന്നത്! 

വിമർശനാത്മക ചിന്താശേഷിയെക്കാൾ “പ്രായോഗിക കഴിവുകൾ” വികസിപ്പിക്കുന്നതിന് എൻ‌ഇ‌പി മുൻ‌ഗണന നൽകുന്നു. രാജ്യത്തെ പ്രമുഖ എഞ്ചിനീയറിംഗ്, സയൻസ് ഇൻസ്റ്റിറ്റ്യൂട്ടുകളിലൊന്നായ ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ (ഐഐടി) ബിരുദ പഠനത്തിനിടയിൽ ഇതിന്റെ അർഥമെന്താണെന്ന് ഞാൻ മനസിലാക്കിയിരുന്നു. പാഠ്യപദ്ധതിയും സർവകലാശാലാ അന്തരീക്ഷവും കർശനമായി അരാഷ്ട്രീയത പാലിക്കുകയെന്നതാണ് ഇതിനർഥം. ഇത് ബിരുദധാരികൾക്ക് ശ്രദ്ധേയമായ സാങ്കേതിക വൈദഗ്ദ്ധ്യം നേടുന്നുവെന്ന് ഉറപ്പാക്കുന്നു, പക്ഷേ വിമർശനാത്മകമായി ചിന്തിക്കാനും അടിച്ചമർത്തുന്ന ഘടനകളെ ചോദ്യം ചെയ്യാനും അവർക്ക് കഴിയുന്നില്ല.

ഇൻഡ്യൻ എഞ്ചിനീയർമാരും സാങ്കേതിക പ്രൊഫഷണലുകളും ലോകമെമ്പാടും പ്രവർത്തിക്കുന്നതിനാൽ, ഈ പ്രശ്‌നത്തിന് ആഗോളതലത്തിലുള്ള മാറ്റങ്ങളുണ്ട്. വർഷങ്ങളായി ദലിത് വിദ്യാർത്ഥികളോട് എന്റെ സഹപാഠികൾ സ്വീകരിച്ച നിലപാട് കണ്ട ശേഷം, സിലിക്കൺ വാലിയിലെ ഇൻഡ്യൻ വംശജരായ എഞ്ചിനീയർമാർക്കിടയിൽ ജാതി വിവേചനം വ്യാപകമായിരിക്കുന്നതിൽ ഞാൻ അത്ഭുതപ്പെട്ടില്ല. ഐഐടിയുടെ മെറിറ്റോക്രാറ്റിക്, ടെക്നോക്രാറ്റിക് അന്തരീക്ഷം അനുഭവിച്ചറിഞ്ഞ ഐഐടിയുടെ പൂർവ്വ വിദ്യാർത്ഥിയായ ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ ചൈനീസ് സർക്കാരുമായി ചേർന്ന് സെൻസർ ചെയ്യാവുന്നതും ട്രാക്കുചെയ്യാവുന്നതുമായ ഒരു സെർച്ച് എഞ്ചിൻ സൃഷ്ടിക്കാൻ തീരുമാനിച്ചതിൽ അതിശയിക്കാനില്ല.

പ്രൊഫസർ തെൽതുംഡെയെയും മറ്റ് നിരവധി പണ്ഡിതരെയും നിയമവിരുദ്ധമായി തടവിലാക്കുന്നത് ഇൻഡ്യയിലെ അക്കാദമിക സ്വാതന്ത്ര്യത്തിന്റെ ഇരുണ്ട അവസ്ഥയുടെ വ്യക്തമായ പ്രതിഫലനമാണ്. മോദിയും അദ്ദേഹത്തിന്റെ ഹിന്ദു ദേശീയ അനുയായികളും ഇൻഡ്യൻ വിദ്യാഭ്യാസത്തിന് വരുത്തിവച്ച നാശനഷ്ടങ്ങൾ പരിഹരിക്കാൻ  പതിറ്റാണ്ടുകളെടുക്കുമെന്നതിൽ സംശയമില്ല. ആശയങ്ങളുടെ അടിച്ചമർത്തൽ അവസാനിപ്പിക്കാനും അക്കാദമിക സ്വാതന്ത്ര്യം സംരക്ഷിക്കാനും ഭരണകൂടത്തെ പ്രേരിപ്പിക്കുന്ന സർവകലാശാലാ അധികാരികളും നിയമനിർമാതാക്കളും പൗര സമൂഹവും അന്താരാഷ്ട്ര സമൂഹവും മുഖ്യധാരയിൽ ഇറങ്ങേണ്ടതുണ്ട്.

യൂണിവേഴ്‌സിറ്റി ഓഫ് വിസ്‌കോൺസിൻ-മാഡിസണിലെ സ്‌കൂൾ ഓഫ് ജേർണലിസത്തിൽ പിഎച്ച്ഡി വിദ്യാർഥിയാണ് ലേഖകൻ.

വിവർത്തനം: മുജ്തബ മുഹമ്മദ്‌

  • https://www.aljazeera.com/opinions/2020/12/18/academic-freedom-is-under-attack-in-modis-india
Top