നൂറുശതമാനം ജാതി: സാമ്പത്തിക സംവരണത്തിന്റെ ജാതീയമാനദണ്ഡം

പാര്‍ലമെന്റിലും രാജ്യസഭയിലും ഭൂരിപക്ഷ വോട്ടുകളുടെ പിന്‍ബലത്തോടെ പാസായി, രാഷ്ട്രപതിയുടെ അംഗീകാരത്തോടെ നിയമമായിക്കഴിഞ്ഞ, മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള പത്തു ശതമാനം സംവരണം, സംവരണത്തെക്കുറിച്ചുള്ള ചര്‍ച്ചകളെ വീണ്ടും സജീവമാക്കിയിരിക്കുന്നു. വ്യത്യസ്ത വിഭാഗങ്ങള്‍ക്കു നല്‍കുന്ന സംവരണം അമ്പതു ശതമാനത്തില്‍ കവിയരുതെന്ന സുപ്രീം കോടതി തീര്‍പ്പിനെ മറികടക്കാന്‍ അറുപതു ശതമാനം സംവരണം കൊണ്ടുവന്നു കൊണ്ട് അതില്‍ പത്തു ശതമാനം മുന്നാക്കക്കാര്‍ക്ക് സാമ്പത്തിക സംവരണം അനുവദിച്ചു കൊണ്ടാണല്ലോ ഇപ്പോള്‍ ഭരണഘടനാ ഭേദഗതി ചെയ്തിരിക്കുന്നത്. ‘അധികമായി കൂട്ടിച്ചേര്‍ക്കപ്പെട്ട’ സംവരണത്തിന്റെ രാഷ്ട്രീയമായ പ്രശ്‌നത്തെക്കുറിച്ച് എ.എസ് അജിത്കുമാര്‍ എഴുതുന്നു.

2011-ല്‍ അംബേഡ്കര്‍ ജയന്തി ദിവസം, സ്വരാജ് എന്ന എന്‍.ജി.ഓ-യുടെ നേതൃത്വത്തില്‍ കുറച്ചു ചെറുപ്പക്കാര്‍ ഡല്‍ഹിയില്‍ ഒത്തു കൂടി – തങ്ങളുടെ ജാതിപ്പേരുകള്‍ ഉപേക്ഷിക്കാന്‍. ഇവരെല്ലാം സവര്‍ണരായിരുന്നു എന്നതാണ് അതിലെ രസകരമായ വസ്തുത. മാധ്യമ പ്രവര്‍ത്തകര്‍ ഇവരില്‍ പലരോടും സംവരണത്തെക്കുറിച്ചുള്ള നിലപാട് എന്താണെന്നു ചോദിച്ചു. എല്ലാവരും സാമ്പത്തിക സംവരണത്തെ അനുകൂലിക്കുന്നവരായിരുന്നു. ഇന്ത്യയിലെ ആധുനിക ജാതിവ്യവഹാരത്തിന്റെ മർമത്തെ തൊടുന്ന ഉത്തരമാണിത്. ജനിച്ച ജാതിയുടെ ആനുകൂല്യം അനുഭവിക്കുന്നവര്‍, എന്തിനാണിങ്ങനെ ജാതിയെ തള്ളിപ്പറയുന്നത്? മറിച്ചു് ജാതീയമായ വിവേചനം, അസമത്വം നേരിടുന്നവര്‍ക്ക് ജാതിയെ എടുത്തു പറയേണ്ടി വരുന്നതെന്തുകൊണ്ടാണ്? ഒരു തിരിച്ചിടലായി തോന്നാവുന്ന ഈ ഇടപാട് എന്തുകൊണ്ടാണു സംഭവിക്കുന്നത്? ഇതേക്കുറിച്ചു ചിന്തിക്കുമ്പോഴാണ് സാമ്പത്തിക സംവരണവാദത്തിന്റെ യുക്തി മനസിലാക്കാന്‍ കഴിയുന്നത്. ജാതി വ്യവസ്ഥിതിക്കുള്ളില്‍ ജാതികളെ കൃത്യമായി ഉറപ്പിച്ചു് ജാതി അധികാരവും അതിന്റെ സവിശേഷ ആനുകൂല്യങ്ങളും നിലനിര്‍ത്താന്‍ സവര്‍ണര്‍ക്കു കഴിയുന്ന “ജാതി” എന്ന സങ്കല്‍പ്പനം, ജാതീയ്തയ്ക്കെതിരെ, ജാതിയധികാരത്തിനെതിരെ ഒരു രാഷ്ട്രീയ സങ്കല്‍പ്പനമായി ഉയര്‍ന്നുവന്നു എന്നത് സവര്‍ണ ജാതികള്‍ക്കുണ്ടാക്കിയ പ്രതിസന്ധിയാണു പ്രധാനമായ കാരണം. അതില്‍ത്തന്നെ ജാതി സംവരണം എന്ന സങ്കല്‍പ്പനത്തെ എങ്ങനെ മറികടക്കാമെന്നതു് അവരെ സംബന്ധിച്ച് ഏറ്റവും വലിയ ആശങ്കയായി മാറിയിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് “ജാതി വിരുദ്ധം” എന്നു തോന്നിക്കുന്ന, ജാതിപ്പേരു മാറ്റുന്നതുപോലുള്ള പ്രകടനാത്മക പരിപാടികള്‍ സവര്‍ണ പുരോഗാമികള്‍ക്കു ചെയ്യേണ്ടി വരുന്നത്.

ബി.പി.മണ്ഡൽ

ബി.പി.മണ്ഡൽ

പാര്‍ലമെന്റിലും രാജ്യസഭയിലും ഭൂരിപക്ഷ വോട്ടുകളുടെ പിന്‍ബലത്തോടെ പാസായി, രാഷ്ട്രപതിയുടെ അംഗീകാരത്തോടെ നിയമമായിക്കഴിഞ്ഞ, മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള 10 ശതമാനം സംവരണം, സംവരണത്തെക്കുറിച്ചുള്ള ചര്‍ച്ചകളെ വീണ്ടും സജീവമാക്കിയിരിക്കുന്നു. ജാതിയെ മര്‍മ പ്രധാനമായി കാണുന്ന, സാമൂഹിക പിന്നാക്കാവസ്ഥയെ അടിസ്ഥാനപ്പെടുത്തിയുള്ള, സംവരണത്തിനെ ബാധിക്കാത്തതെന്നു പ്രത്യക്ഷത്തില്‍ തോന്നിപ്പിക്കുന്ന ഈ ഭരണ ഘടനാ ഭേദഗതി, സാമ്പത്തിക സംവരണവാദത്തെ വളരെ തന്ത്രപരമായി മുന്നോട്ടു കൊണ്ടു പോകുന്ന ഒന്നാണ്. കോൺഗ്രസും കമ്യൂണിസ്റ്റ് പാര്‍ട്ടികളും ഈ ബില്ലിനെ പിന്തുണച്ചതു വലിയ അത്ഭുതമുണ്ടാക്കുന്നില്ലെങ്കിലും ബി.എസ്.പി അടക്കമുള്ള ദലിത്-ബഹുജന്‍ പാര്‍ട്ടികള്‍ ബില്ലിനെ പിന്തുണച്ചു എന്നത് സാമ്പത്തിക സംവരണവാദം, സംവരണത്തിന്റെ രാഷ്ട്രീയത്തോടു വര്‍ഷങ്ങളോളം നടത്തിയിട്ടുള്ള കലഹത്തില്‍ നേടിയ വിജയം തന്നെയാണ്. സാമ്പത്തിക മാനദണ്ഡം എന്ന സങ്കല്‍പ്പനത്തെ സംവരണത്തിന്റെ വ്യവഹാരത്തിലേക്കു കടത്താനും, അതുവഴി സംവരണം അനുഭവിക്കുന്ന സമുദായങ്ങളിലെ ഒരു വിഭാഗം അതിനു സാധൂകരണം നല്‍കിയെന്നതും അവരെ സംബന്ധിച്ച് ഒരു ചെറിയ വിജയമല്ല. വ്യത്യസ്ത വിഭാഗങ്ങള്‍ക്കു നല്‍കുന്ന സംവരണം അമ്പതു ശതമാനത്തില്‍ കവിയരുതെന്ന സുപ്രീം കോടതി തീര്‍പ്പിനെ മറികടക്കാന്‍ അറുപതു ശതമാനം സംവരണം കൊണ്ടുവന്നു കൊണ്ട് അതില്‍ പത്തു ശതമാനം മുന്നാക്കക്കാര്‍ക്ക് സാമ്പത്തിക സംവരണം അനുവദിച്ചു കൊണ്ടാണല്ലോ ഇപ്പോള്‍ ഭരണഘടനാ ഭേദഗതി ചെയ്തിരിക്കുന്നത്. അതുകൊണ്ടു നിലവിലെ സംവരണത്തെ ബാധിക്കില്ല എന്ന പ്രതീതി ഈ ഭേദഗതിയുണ്ടാക്കിയിട്ടുണ്ട്. അതുകൊണ്ടു തന്നെ കൂടുതല്‍ അപകടകരമായ നീക്കമാണിത്. സംവരണത്തിന്റെ കണക്കുകള്‍, വസ്തുതകള്‍ എന്നതിനേക്കാളും, ഇപ്പോള്‍ അംഗീകാരം നേടിയ, “അധികമായി കൂട്ടിച്ചേര്‍ക്കപ്പെട്ട”, സംവരണത്തിന്റെ രാഷ്ട്രീയമായ പ്രശ്നത്തെക്കുറിച്ചുള്ള ചില ആലോചനകളാണ് ഈ കുറിപ്പിലൂടെ മുന്നോട്ടു വെക്കാന്‍ ശ്രമിക്കുന്നത്.

ഒരു സങ്കല്‍പ്പത്തിന്റെ യുക്തി ഉപയോഗിച്ചുതന്നെ അതിനെ തകര്‍ക്കുന്ന രീതിയാണ് “സാമ്പത്തിക സംവരണം” ചെയ്യുന്നത്. ചില പ്രത്യേക വിഭാഗങ്ങള്‍ക്കുള്ള സംവരണം എന്ന സങ്കല്‍പ്പം വികസിച്ചു വരുന്നതു തന്നെ “പൊതു” എന്നു കരുതപ്പെടുന്ന വ്യവസ്ഥിതിക്കുള്ളില്‍ പരിഹരിക്കാന്‍ കഴിയാത്ത പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നു എന്ന ബോധ്യം കൊണ്ടാണ്. ഇവിടെ ചരിത്രപരമായിക്കൂടി ഈ പ്രശ്നത്തെ സമീപിക്കേണ്ടതുണ്ട്‌. സംവരണത്തിന്റെ ചരിത്രത്തെക്കുറിച്ചുള്ള ധാരാളം പഠനങ്ങള്‍ ലഭ്യമാണ്. അതിന്റെ ചരിത്രത്തിലെ പ്രധാനപ്പെട്ട മുഹൂര്‍ത്തങ്ങളെയും, അതുപോലെ സംവരണ വിരുദ്ധ പ്രക്ഷോഭ കാലത്ത് ഉയര്‍ന്നു വന്ന ചര്‍ച്ചകളെയും സ്പര്‍ശിച്ചുകൊണ്ട് ഇപ്പോഴത്തെ സാഹചര്യത്തെക്കുറിച്ച് ആലോചിക്കാം.

സംവരണമെന്നത് കേവലം ഭരണകൂടത്തിന്റെ ഭാഗത്തു നിന്നുള്ള നടപടിയല്ലായിരുന്നു എന്നർഥം. ഡോ. ബി ആര്‍ അംബേഡ്കറുടെ നേതൃത്വത്തിലുള്ള, അയിത്ത ജാതിക്കാരുടെ നിരന്തരമായ സമരങ്ങളിലൂടെയും നീക്കുപോക്കുകളിലൂടെയുമാണ് സംവരണാവകാശങ്ങള്‍ നേടിയെടുക്കുന്നത്. ഗാന്ധിയുടെയും കോൺഗ്രസിന്റെയും നിലപാടുകള്‍ക്കെതിരെയും വട്ടമേശ സമ്മേളനത്തിലെ വാദങ്ങളിലൂടെയുമൊക്കെ നേടിയെടുത്ത ഒന്നാണത്.

സംവരണം എന്ന സങ്കല്‍പ്പം നിലവില്‍ വരുന്നത് ഇന്ത്യന്‍ ഭരണഘടന നിലവില്‍ വരുന്നതു മുതലല്ല. ബ്രിട്ടീഷ് ഭരണാധികാരികളും ചില രാജഭരണാധികാരികളും ഈ സങ്കല്‍പ്പം പല രീതിയില്‍ നടപ്പില്‍ വരുത്തിയിട്ടുണ്ട്. തെക്കെയിന്ത്യയില്‍ മൈസൂറിലും പശ്ചിമേന്ത്യയില്‍ ബറോഡയിലും കൊല്‍ഹാപൂരിലും സംവരണം നടപ്പാക്കിയിരുന്നു. “സംവരണത്തിന്റെ ചരിത്രത്തിലെ മുഹൂര്‍ത്തങ്ങള്‍” എന്ന പേരില്‍ ഇക്കണോമിക് ആന്‍ഡ്‌ പൊളിറ്റിക്കല്‍ വീക്കിലിയില്‍ എഴുതിയ ലേഖനത്തില്‍ ഭഗവാന്‍ ദാസ് ഈ ചരിത്രം ചര്‍ച്ച ചെയ്യുന്നുണ്ട്. ബ്രിട്ടീഷധികാരികള്‍, 1909, 1919-ലെ ഗവൺമെന്‍റ് ഓഫ് ഇന്ത്യ ആക്ടുകളിലൂടെ മുസ്‌ലിംകളുടെ പ്രാതിനിധ്യം ഉറപ്പിക്കാനും വട്ടമേശ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഡിപ്രസ്ഡ് ക്ലാസ് എന്ന് അന്നറിയപ്പെട്ടിരുന്ന അയിത്ത ജാതിക്കാര്‍ക്കു വേണ്ടിയുള്ള കമ്യൂണല്‍ അവാര്‍ഡും കൊണ്ടു വരുന്നുണ്ട്. പിന്നീട് ഗാന്ധിയുടെ എതിർപ്പിന്റെ ഭാഗമായി പുണെ കരാര്‍ നിലവില്‍ വരുന്നതും ചരിത്രമാണ്. ഡിപ്രസ്ഡ് ക്ലാസുകള്‍ക്കുള്ള സംവരണ സീറ്റുകളുടെ പ്രശ്നം, 1935-ലെ ഇന്ത്യാ ആക്റ്റിലും ഉറപ്പിക്കുന്നുണ്ട്. 1937ല്‍ നിലവില്‍ വന്ന ആ ആക്റ്റിലൂടെയാണ് “പട്ടികജാതികള്‍” (scheduled castes) എന്ന പ്രയോഗം നിലവില്‍ വരുന്നത്. ഇന്ത്യന്‍ ഭരണഘടന, സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങളുടെ (socially and educationally backward classes), വിശേഷിച്ച് പട്ടിക വിഭാഗങ്ങളുടെ സംവരണാവകാശത്തെയും ജനപ്രതിനിധി സഭകളിലെ പ്രാതിനിധ്യത്തെയും ഉറപ്പിക്കുന്നുണ്ട്. പതിനഞ്ചാം അനുഛേദത്തില്‍, സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നില്‍ക്കുന്നവര്‍ക്കായുള്ള നിയമനിര്‍മാണം അനുവദിക്കുന്ന ഉപവകുപ്പു ചേര്‍ത്തിട്ടുള്ളതു പോലെ, സർക്കാർ സര്‍വീസില്‍ മതിയായ പ്രാതിനിധ്യം ഇല്ലാത്ത പിന്നാക്ക വിഭാഗങ്ങള്‍ക്കായി ജോലി, തസ്തിക എന്നിവ സംവരണം ചെയ്യുന്നതിനു് സര്‍ക്കാരിനെ അനുവദിക്കുന്നുണ്ട്. അതുപോലെ, പട്ടികജാതി/വര്‍ഗക്കാര്‍ക്ക് ജനപ്രാതിനിധ്യ സഭകളിലെ സീറ്റ് സംവരണം ഉറപ്പിക്കുന്ന പ്രത്യേക വകുപ്പുകളും ഭരണഘടനയിലുണ്ട്. സംവരണമെന്നത് കേവലം ഭരണകൂടത്തിന്റെ ഭാഗത്തു നിന്നുള്ള നടപടിയല്ലായിരുന്നു എന്നർഥം. ഡോ. ബി ആര്‍ അംബേഡ്കറുടെ നേതൃത്വത്തിലുള്ള, അയിത്ത ജാതിക്കാരുടെ നിരന്തരമായ സമരങ്ങളിലൂടെയും നീക്കുപോക്കുകളിലൂടെയുമാണ് സംവരണാവകാശങ്ങള്‍ നേടിയെടുക്കുന്നത്. ഗാന്ധിയുടെയും കോൺഗ്രസിന്റെയും നിലപാടുകള്‍ക്കെതിരെയും വട്ടമേശ സമ്മേളനത്തിലെ വാദങ്ങളിലൂടെയുമൊക്കെ നേടിയെടുത്ത ഒന്നാണത്. ആ സമയത്തെ രാഷ്ട്രാന്തര രാഷ്ട്രീയത്തിലെ സമ്മര്‍ദങ്ങള്‍ നേരിട്ടിരുന്ന ബ്രിട്ടീഷ് അധികാരികളുടെ പ്രതിസന്ധിയുടെ സാഹചര്യങ്ങളെ ഉപയോഗപ്പെടുത്തി സംവരണാവകാശങ്ങള്‍ നേടിയെടുക്കാന്‍ അംബേഡ്കര്‍ക്കും ഡിപ്രസ്ഡ്‌ ക്ലാസ്സ് പ്രസ്ഥാനത്തിനും കഴിഞ്ഞു.

ഡോ. ബി ആർ അംബേദ്‌കർ

ഡോ. ബി ആർ അംബേദ്‌കർ

സംവരണത്തിന്റെ ചരിത്രം നോക്കിയാല്‍ ഈ നിലയ്ക്കു സാമൂഹികവും വിദ്യാഭ്യാസ പരവുമായ പിന്നാക്കാവസ്ഥയേയും പ്രാതിനിധ്യത്തിന്റെ പ്രശ്നത്തെയുമാണ് അത് അഭിസംബോധന ചെയ്യുന്നതെന്നു കാണാം. പിന്നാക്കം എന്ന ഈ സങ്കല്‍പ്പത്തിനെതിരായാണ് മുന്നാക്കം എന്ന ആശയം തന്നെയുണ്ടാകുന്നത്. പട്ടികജാതി, ഒ.ബി.സി തുടങ്ങിയ സര്‍ക്കാര്‍ ഗണങ്ങള്‍(categories) തന്നെ ആലോചിച്ചാല്‍ വ്യക്തമാണല്ലോ, മുന്നാക്കം എന്നതു് ജാതീയമായി സാമൂഹിക മുന്നാക്കാവസ്ഥയില്‍ നില്‍ക്കുന്നവരെയാണു കുറിക്കുന്നതെന്ന്. ആ നിലക്ക് മുന്നാക്കം എന്നതില്‍ത്തന്നെ അഭിമാനിക്കുന്ന സമുദായം എങ്ങനെയാണു സംവരണത്തിനു് അര്‍ഹമാകുന്നത്? സാമ്പത്തിക സംവരണ വാദികള്‍ക്ക് സാമൂഹികമായ, ജാതീയമായ പദവിയെ ആശ്രയിച്ചു കൊണ്ടു മാത്രമാണ് സംവരണത്തിനു വേണ്ടി വാദിക്കാന്‍ കഴിയുന്നത് എന്നതാണ് അവര്‍ നേരിടുന്ന പ്രശ്നം. ഇപ്പോഴത്തെ പത്തു ശതമാനം മുന്നാക്കക്കാരിലെ “പിന്നോക്കക്കാര്‍ക്ക്” വേണ്ടിയുള്ളതാണ് എന്നതു കൊണ്ട് ഫലത്തില്‍ ഇത് മുന്നാക്ക ജാതിക്കാര്‍ക്കു വേണ്ടിയുള്ള ജാതി സംവരണമായി മാറുന്നു. അതു കൊണ്ടുതന്നെ അതു ഭരണഘടന അനുവദിക്കുന്ന, തുല്യതയ്ക്കു് എതിരാവുകയും ചെയ്യുന്നു. മറ്റൊന്ന് ഒരു സാമൂഹിക വിഭാഗം എന്ന നിലയില്‍ സവര്‍ണ/മുന്നാക്ക ജാതികള്‍ പിന്നാക്കാവസ്ഥ നേരിടുന്നില്ല എന്നു കൂടിയാണല്ലോ അവര്‍ തന്നെ സമര്‍ഥിക്കുന്നത്. അവരിലെ ചിലര്‍ സാമ്പത്തികമായ പിന്നാക്കാവസ്ഥയിലാണ് എന്നതായി മാറുന്നുണ്ട് അവരുടെ വാദം. അതിന്റെ അര്‍ഥം, സാമ്പത്തിക പിന്നാക്കാവസ്ഥയെന്നത് ആ ജാതിയില്‍ ജനിച്ചതു കൊണ്ടല്ല എന്നു തന്നെയല്ലേ അവര്‍ പറയുന്നത്? എന്‍.എസ്.എസ്, യോഗക്ഷേമ സഭ പോലുള്ള സമുദായ സംഘടനകൾക്ക് എന്തുകൊണ്ടാണ് അവരുടെയിടയിലെ സാമ്പത്തിക പിന്നാക്കാവസ്ഥയുടെ പരിഹാരത്തിനു വേണ്ടി ഒന്നും ചെയ്യാന്‍ പറ്റാത്തത് ? അവരുടെ സ്ഥാപനങ്ങളില്‍ തൊഴില്‍ നൽകാൻ സാധിക്കാത്തത് ? അതുപോലെ, മറ്റൊരു ചോദ്യവും ചോദിക്കാവുന്നതാണ്. കേരളത്തിലെ ജനപ്രതിനിധി സഭകളില്‍ സവർണര്‍ക്ക് ഇത്രയും പ്രാതിനിധ്യം വരുന്നത് എന്തു സംവരണത്തിന്റെ അടിസ്ഥാനത്തിലാണ്? ജനറല്‍ സീറ്റുകളിലൂടെ എങ്ങനെ ആ ആധിപത്യം ഉറപ്പിക്കാന്‍ കഴിയുന്നു?

മണ്ഡല്‍ കമീഷന്‍ കേസുകളുമായി ബന്ധപ്പെട്ട കോടതി വിധിയില്‍ (16 നവംബര്‍ 1992)ല്‍ കോടതിവിധിയിലെ, ജാതീയത/പിന്നാക്കാവസ്ഥയെക്കുറിച്ചുള്ള പ്രധാന വിലയിരുത്തലുകള്‍, കെ വി കുമാരന്റെ “മണ്ഡല്‍ കേസുകളിലെ സുപ്രീം കോടതി വിധി: സാമൂഹിക രാഷ്ട്രീയ പശ്ചാത്തലവും പ്രത്യാഘാതങ്ങളും” (1993) എന്ന ലഘുലേഖയില്‍ നൽകിയിട്ടുണ്ട്. അതിലൊന്ന് “ദാരിദ്ര്യാവസ്ഥ എല്ലാ രാജ്യങ്ങളിലുമുണ്ട്. എന്നാല്‍ മറ്റൊരു രാജ്യത്തും ദാരിദ്ര്യാവസ്ഥയ്ക്കു മുതുകത്ത് സാമൂഹികമായ ഈ അധ:സ്ഥിതാവസ്ഥ അടിച്ചേല്‍പ്പിക്കപ്പെട്ടിട്ടില്ല. ദാരിദ്ര്യാവസ്ഥ, ജാത്യാലുള്ള താഴ്ന്ന നില, താഴ്ന്ന തൊഴില്‍ ഇതു മൂന്നും ചേര്‍ന്ന വിഷമവൃത്തം ഇന്ത്യയില്‍ മാത്രമാണ്. അതിന്നും നിലനില്‍ക്കുന്നു.” ജാതി, തൊഴില്‍, ദാരിദ്ര്യാവസ്ഥ, സാമൂഹികമായ പിന്നാക്കാവസ്ഥ ഇതെല്ലാം പരസ്പരം നല്ലവണ്ണം കെട്ടുപിണഞ്ഞുള്ളതാണു നമ്മുടെ സമൂഹമെന്നും പിന്നാക്ക സമുദായക്കാര്‍ക്കു സര്‍ക്കാര്‍ സര്‍വീസില്‍ പ്രാതിനിധ്യം കുറവാണെന്നും മേല്‍ജാതിക്കാര്‍ക്കു പ്രാതിനിധ്യം കൂടുതലാണെന്നും കോടതി വിധിപ്രസ്താവത്തില്‍ പറയുന്നു. ഇന്ത്യന്‍ ഭരണഘടനയിലെ 16(4) വകുപ്പിലുള്ള ക്ലാസ് എന്ന പദപ്രയോഗം, സാമൂഹികമായ വര്‍ഗം എന്ന നിലയിലുള്ളതാണെന്നും മാര്‍ക്സിസ്റ്റ് രീതിയിലുള്ള വർഗമല്ലെന്നും കോടതി പറയുന്നുണ്ട്. 25-9-1991 ല്‍ നരസിംഹ റാവു സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിലെ, സംവരണേതര സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള പത്തു ശതമാനം സംവരണം, ഭരണഘടനാ വിരുദ്ധമായി കോടതി പ്രഖ്യാപിക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ സാമ്പത്തിക സംവരണ നിയമം കോടതിയില്‍ ചോദ്യം ചെയ്യപ്പെടാം.

ഭരണകൂടത്തെ സവര്‍ണര്‍ തങ്ങളുടേതായി കാണുകയാണ്. സംവരണം, പട്ടിക വിഭാഗങ്ങള്‍ക്കും മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്കും ചെയ്യുന്ന ഔദാര്യം അല്ലെങ്കില്‍ തെറ്റുതിരുത്തല്‍ ആവുന്നു. വാസ്തവത്തിൽ, ഭരണകൂടത്തിലെ തങ്ങളുടെ അവകാശത്തെക്കൂടിയാണ് ദലിത് പിന്നാക്ക വിഭാഗങ്ങൾ സംവരണത്തിലൂടെ ഉറപ്പിക്കുന്നത്. സംവരണം ഭൂതകാലത്തെ നഷ്ടം നികത്താനുള്ളതല്ല എന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.

ഈ അവസരത്തില്‍ ആലോചിക്കേണ്ട മറ്റൊരു സംഗതി, സാമൂഹിക പിന്നാക്കാവസ്ഥയെ അടിസ്ഥാനമാക്കിയുള്ള സംവരണത്തിനു് അനുകൂലമായി ലിബറല്‍ ഇടങ്ങളില്‍ നിന്നു വരുന്ന വാദങ്ങളാണ്. ഭൂതകാലത്തെ തെറ്റിനുള്ള പ്രായശ്ചിത്തമായി സംവരണത്തെ കാണുന്ന നിലപാടുകള്‍ പ്രശ്നം നിറഞ്ഞതാണെന്നു തോന്നുന്നു. കോൺഗ്രസ് നേതാവ് വി ടി ബല്‍റാം അത്തരമൊരു വാദമാണ് ഉന്നയിക്കുന്നത്. അതിലെ പ്രശ്നം, ജാതിയെ ഭൂതകാലത്തില്‍ പ്രതിഷ്ഠിക്കുന്നുവെന്നതും പുരോഗമന/ലിബറല്‍ സവര്‍ണരുടെ കുറ്റബോധത്തെ പരിഹരിക്കാനുള്ള ഒന്നായി സംവരണത്തെ കാണുന്നു എന്നതുമാണ്. പ്രായശ്ചിത്ത നടപടിയുടെ ഉറവിടമാണു പ്രശ്നം. ആരില്‍ നിന്നാണ് ഈ പ്രായശ്ചിത്തം ഉണ്ടാകേണ്ടത്? ഭരണകൂടത്തില്‍ നിന്നോ? ഇവിടെ, ഭരണകൂടത്തെ സവര്‍ണര്‍ തങ്ങളുടേതായി കാണുകയാണ്. സംവരണം, പട്ടിക വിഭാഗങ്ങള്‍ക്കും മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്കും ചെയ്യുന്ന ഔദാര്യം അല്ലെങ്കില്‍ തെറ്റുതിരുത്തല്‍ ആവുന്നു. വാസ്തവത്തിൽ, ഭരണകൂടത്തിലെ തങ്ങളുടെ അവകാശത്തെക്കൂടിയാണ് ദലിത് പിന്നാക്ക വിഭാഗങ്ങൾ സംവരണത്തിലൂടെ ഉറപ്പിക്കുന്നത്. സംവരണം ഭൂതകാലത്തെ നഷ്ടം നികത്താനുള്ളതല്ല എന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. മറിച്ചു് ആധുനിക ദേശ/സമൂഹ ഇടത്തെയും വ്യക്തിപരമായ ഇടത്തെയും വികസിപ്പിക്കാനുള്ള സാധ്യത ആണത്. സര്‍ക്കാര്‍ ജോലിയിലെയും ആധുനിക വിദ്യാഭ്യാസത്തിലെയും ഭരണ സംവിധാനത്തിലെയും പ്രാതിനിധ്യം എന്നത് തികച്ചും ആധുനികമായ ഒരിടപാടാണ്.

സംവരണം ഒരു ഭരണകൂട വ്യവഹാരമാണോ? അല്ലെങ്കില്‍, രക്ഷാധികാര സ്വഭാവമുള്ള രാഷ്ട്രത്തിന്റെ ഔദാര്യമാണോ? ഇതൊരു സൈദ്ധാന്തിക പ്രശ്നമായിരിക്കാം. ആധുനിക ജനാധിപത്യ സംവിധാനങ്ങള്‍ മുന്നോട്ടു വെക്കുന്ന ജാതി-മത അടയാളങ്ങളില്ലാത്ത സ്വതന്ത്ര വ്യക്തി അല്ലെങ്കില്‍ പൗരപ്രജ എന്ന സങ്കല്‍പ്പത്തിന്റെ പ്രതിസന്ധിയാണ് സംവരണത്തെ അംഗീകരിക്കുന്നതിലൂടെ വെളിപ്പെടുന്നത്. ജാതി-മത സമുദായങ്ങളുടെ വ്യത്യസ്തകളും സാമൂഹിക പശ്ചാത്തലങ്ങളുടെ വ്യത്യസ്തതകളും ഭരണകൂടത്തിനു തന്നെ അംഗീകരിക്കേണ്ടി വരുന്നു. ജനാധിപത്യം എന്ന സങ്കല്‍പ്പത്തെ അതിന്റെ സാധ്യതകളുടെ അതിരിലേക്കു വികസിപ്പിക്കാന്‍ കഴിയുന്നത്‌ ഇങ്ങനെയാണ്.

ഈ കുറിപ്പിന്റെ അവസാനം ചില പരിമിതികളെക്കുറിച്ചും മറ്റു സാധ്യതകളെക്കുറിച്ചുമുള്ള ആലോചനകള്‍ കൂടി പങ്കു വയ്ക്കുകയാണ്. ഭരണഘടനാ പരിഷ്കാരത്തിലൂടെ സംവരണത്തെ മുന്നോട്ടു കൊണ്ടു പോകണമെങ്കില്‍ സാമ്പത്തിക സംവരണമല്ല നടപ്പാക്കേണ്ടത്. മറിച്ച് സംവരണത്തിന്റെ പരിധിക്കു പുറത്തായ, അല്ലെങ്കില്‍ പ്രാതിനിധ്യത്തിന്റെ കാര്യത്തില്‍ പുറത്തായ, ദലിത് ക്രൈസ്തവര്‍, മുസ്‌ലിംകള്‍ തുടങ്ങിയ സമുദായങ്ങൾക്കു പ്രത്യേക പരിഗണന നൽകുകയാണു ചെയ്യേണ്ടത്. ഓ.ബി.സി വിഭാഗങ്ങളുടെ ജനസംഖ്യാനുപാതിക സംവരണം, പരിഗണിക്കപ്പെടേണ്ട പ്രധാനപ്പെട്ട മറ്റൊരു കാര്യമാണ്. ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്നതിലൂടെ നഷ്ടമായ, മുസ്‌ലിംകള്‍ക്കു കേന്ദ്ര സര്‍വീസിലുള്ള സംവരണം, സ്വകാര്യ സ്ഥാപനങ്ങളിലെ സംവരണം മുതലായ വിഷയങ്ങളും ചര്‍ച്ചയ്ക്കു വരേണ്ടതുണ്ട്. സംവരണത്തിനു് അപ്പുറത്തേക്ക് ജനസംഖ്യാനുപാതികമായി, വ്യത്യസ്ത സമുദായങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കുന്ന പുതിയ സമീപനങ്ങള്‍ വികസിപ്പിക്കേണ്ടതുമുണ്ട്.

കടപ്പാട് : സത്യധാര ദ്വൈവാരിക

Top