ആനന്ദ് തെൽതുംദെയുടെ വേറിട്ട വഴികൾ
സുരാജ് യെംഗ് ഡേയുമായി ചേര്‍ന്ന് ആനന്ദ് തെല്‍തുംദെ തയ്യാറാക്കിയ The Radical in Ambedkar: Critical Reflections എന്ന പുസ്തകം റാഡിക്കല്‍ സ്വഭാവത്തില്‍ ഊന്നി നിന്നുകൊണ്ട് അംബേഡ്കറെ പരിചയപ്പെടുത്തുന്ന ഒന്നാണ്. അംബേഡ്കറുമായി ബന്ധപ്പെട്ട് അത്രമേല്‍ പരിചിതമല്ലാത്ത ചിന്താ മേഖലകള്‍ ചര്‍ച്ചക്കെടുക്കുന്ന ഈ കൃതിയെ കുറിച്ച് പി.കെ സാദിഖ് സംസാരിക്കുന്നു.
ആനന്ദ് തെൽതുംദെയെ അറസ്റ്റു ചെയ്യാൻ അന്വേഷണ ഏജൻസി തയ്യാറാക്കിയ ചാർട്ട് നാം പഠിക്കേണ്ടതുണ്ട്. അതിൽ ഉന്നയിക്കുന്ന ഒരു കുറ്റം ഭീമ കൊറഗോവ് ആഘോഷവുമായി ബന്ധപ്പെട്ടു നടന്ന സംഘർഷത്തിൽ കലാശിച്ച ഗൂഢാലോചനയിൽ പങ്കെടുത്തു എന്നതാണ്. വാസ്തവത്തിൽ അത്തരമൊരു ആഘോഷത്തിന് തെൽതുംദെ എതിരായിരുന്നു. ഒരു വിമത ചിന്തകനാണ് ആനന്ദ് തെൽതുംദെ. ഭീമ കൊറഗോവിന്റെ പേരിൽ നിലനിൽക്കുന്ന മിത്തുവൽക്കരണത്തിനെതിരെ ‘വയർ ഡോട്ട് ഇനി’ല്‍ വിശദമായ ഒരു ലേഖനം അദ്ദേഹം പ്രസിദ്ധീകരിച്ചിരുന്നു. ആ ലേഖനത്തിന്റെ പേരില്‍ ഭീമ കൊറഗോവ് ആഘോഷം സംഘടിപ്പിച്ചവരുടെയും നിരവധി കീഴാള ചിന്തകരുടെയും പക്ഷത്തുനിന്നു ശക്തമായി വിമര്‍ശനം ഏറ്റുവാങ്ങുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹം അറസ്റ്റു ചെയ്യപ്പെടുന്നത്.
മറ്റൊരു കാര്യം, തെൽതുംദെ അമേരിക്കന്‍ യൂണിവേഴ്സിറ്റി ഓഫ് പാരിസിൽ കോണ്‍ഫറന്‍സില്‍ ഒരു പങ്കെടുത്തിരുന്നു. മാവോയിസ്റ്റുകളുടെ അന്താരാഷ്ട്ര സമ്മേളനത്തിൽ പങ്കെടുത്തു എന്നാണ് അതിനെക്കുറിച്ചു കുറ്റപത്രത്തിൽ എഴുതിയിരിക്കുന്നത്. പ്രമുഖ ഇടതുപക്ഷ ചിന്തകൻ എറ്റിയെന്‍ ബാലിബാർ അടക്കമുള്ളവർ അതിൽ പങ്കെടുത്തിരുന്നു. കുറ്റപത്രത്തെ കുറിച്ചറിഞ്ഞ ബാലിബാർ വളരെ രോഷാകുലനായാണ് പ്രതികരിച്ചത്. അത്രമേൽ അസംബന്ധങ്ങൾ നിറഞ്ഞതാണ് അദ്ദേഹത്തിനെതിരെ സമർപ്പിച്ച കുറ്റപത്രം.
ആനന്ദിന്റെ സഹോദരൻ മിലിൻഡ് തെൽതുംദെ പ്രമുഖ മാവോയിസ്റ്റ് നേതാവാണ്. പക്ഷേ നിരന്തരമായി വേട്ടയാടപ്പെടുന്നത് ആനന്ദും. അംബേഡ്കര്‍ മുന്നോട്ടു വച്ച റാഡിക്കൽ ചിന്തയെ കുറിച്ചു നിരന്തരം സംസാരിക്കുന്ന ഒരാളായിരുന്നു ആനന്ദ് തെൽതുംദെ. അതുതന്നെയാണു വേട്ടയാടപ്പെടാനുള്ള പ്രധാന കാരണങ്ങളിലൊന്നായി പലരും മനസ്സിലാക്കുന്നത്.
തിരസ്കൃതനായ അംബേഡ്കർ
അംബേഡ്കറെ കുറിച്ചു വളരെയധികം ഭരണകൂട കേന്ദ്രീകൃതവും ഭരണഘടനാപരവുമായ ഭാവനകൾ ഇന്നു ശക്തമാണ്. 1956-ൽ അംബേഡ്കർ മരണപ്പെടുമ്പോൾ മൃതദേഹം കൊണ്ടുവരാനുള്ള ചെലവു നൽകില്ല എന്നാണ് അന്നത്തെ ഭരണകൂട നിലപാട്. സുഹൃത്തായ ഗെയ്‌ക്കുവാദും അംബേഡ്കറുടെ സംഘടനയും ധൈര്യസമേതം മുന്നിട്ടിറങ്ങിയും ജനങ്ങളില്‍ നിന്നു പിരിപ്പിച്ചുമാണ് അംബേഡ്കറുടെ മൃതദേഹം ദില്ലിയില്‍ നിന്നും മുംബൈയിലേക്കു വിമാനമാര്‍ഗം കൊണ്ടുവന്നത്.
മരണശേഷം, അക്കാലത്തെ ജനകീയ രാഷ്ട്രീയ മണ്ഡലങ്ങളിൽ അംബേഡ്കർ ഉണ്ടായിരുന്നില്ല. രാജ്യത്തെ സാധാരണക്കാരായ ദലിതരുടെ പാട്ടുകളിലും ഓര്‍മകളിലുമാണ് അംബേഡ്കർ നിലനിന്നത്. പക്ഷേ ഹാജിയോഗ്രാഫിക് എന്ന രീതിയിലുള്ള അംബേഡ്കറുടെ ഈ നിലനില്‍പ്പിനെ വിമർശനാത്മകമായാണു തെൽതുംദെ കാണുന്നത്.
പിന്നീട് തൊണ്ണൂറുകൾക്കു ശേഷം, മണ്ഡൽ അനന്തരം, വിദ്യാഭ്യാസ മേഖലയിലും രാഷ്ട്രീയ ഘടനയിലും ഉണ്ടായ സവിശേഷമായ മാറ്റങ്ങൾ കാരണമാണ് അംബേഡ്കർ വീണ്ടും സജീവ ചർച്ചയിൽ എത്തുന്നത്. റാഡിക്കൽ അംബേഡ്കർ വലിയ അളവിൽ അപകടം ഉണ്ടാക്കും എന്നതു മുൻകൂട്ടി കണ്ട രാഷ്ട്രീയ പാർട്ടികളും അധികാരികളും വേറെ തലത്തിൽ അംബേഡ്കറൈറ്റ് ചിന്തകളെ തന്ത്രപരമായി ഉള്‍ക്കൊള്ളിക്കാന്‍ (accommodate) തുടക്കം മുതലേ ശ്രമിച്ചിരുന്നു. ഇന്നും ആ ശ്രമങ്ങൾ വ്യാപകമാണ്.
റാഡിക്കൽ അംബേഡ്കർ
വ്യത്യസ്തമായ അനുഭവങ്ങൾ അതിനു പിൻബലം നൽകുന്നുണ്ട്. ഈയൊരു പശ്ചാത്തലത്തിൽ റാഡിക്കൽ സ്വഭാവത്തിൽ ഊന്നി നിന്നു കൊണ്ട് അംബേഡ്കറെ പരിചയപ്പെടുത്തുന്ന പുസ്തകമായ The Radical in Ambedkar: Critical Reflections എന്ന പുസ്തകം സുരാജ് യെംഗ് ഡേയുമായി ചേർന്ന് ആനന്ദ് തെൽതുംദെ തയ്യാറാക്കുന്നത്. അംബേഡ്കറുമായി ബന്ധപ്പെട്ട് അത്രമേൽ പരിചിതമല്ലാത്ത ചിന്താ മേഖലകൾ ഈ പുസ്‌തകത്തിൽ ചർച്ചക്കെടുക്കുന്നുണ്ട്. വംശം, ജാതി എന്നിവയുമായി ബന്ധപ്പെട്ട വിശകലനങ്ങൾ, ആഗോള തലത്തിലെ വംശീയ വിരുദ്ധ മുന്നേറ്റങ്ങൾ ഇന്ത്യയിലെ ദലിത് മുന്നേറ്റങ്ങളുമായി എങ്ങനെ ബന്ധപ്പെടുന്നു, മതം/മതം മാറ്റം എന്നിവയുമായി ബന്ധപ്പെട്ട ആലോചനകൾ തുടങ്ങിയവയൊക്കെ ഈ പുസ്തകത്തിൽ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.
മതവുമായി (religion) ബന്ധപ്പെട്ടു പ്രധാനമായും രണ്ടു ലേഖനങ്ങളാണ് ഉള്ളത്. ഒന്ന് അംബേഡ്കറിന്റെ മതപരിവര്‍ത്തനത്തെ കുറിച്ച് ആനന്ദ് തെൽതുംദെ എഴുതിയ ലേഖനം. മറ്റൊന്ന് അംബേഡ്കറിന്റെ മഹായാന ബുദ്ധിസവുമായി ബന്ധപ്പെട്ടുള്ള ലേഖനവും.
യുക്തിവാദി (rationalist) ആയിട്ടാണു പലരും അംബേഡ്കറെ കാണുന്നതും അവതരിപ്പിക്കുന്നതും. എന്നാൽ ചെറുപ്പകാലം മുതൽ കബീറിന്റെ ഭക്തി പ്രസ്ഥാനവുമായുള്ള ബന്ധം പോലെയുള്ള കാര്യങ്ങൾ പരിശോധിച്ചാൽ മതപരത വളരെ കൃത്യമായി അംബേഡ്കറെ നിർണയിച്ചിരുന്നു എന്ന് തെൽതുംദെ പുസ്തകത്തിന്റെ പല ഭാഗങ്ങളിലായി അടിവരയിട്ടു വ്യക്തമാക്കുന്നുണ്ട്. പിൽക്കാലത്തു മതത്തെ അദ്ദേഹം കാണുന്നത് അസ്തിത്വപരവും ആത്മീയവുമായ (existential/spiritual) പ്രശ്നമായിട്ടാണ്. ദലിതരെ സംബന്ധിച്ചു മതം എങ്ങനെ ആവശ്യമായി വരുന്നതിന്റെ യുക്തിയാണിത് .
യുക്തിവാദി ആയിട്ടാണു പലരും അംബേഡ്കറെ കാണുന്നതും അവതരിപ്പിക്കുന്നതും. എന്നാൽ ചെറുപ്പകാലം മുതൽ കബീറിന്റെ ഭക്തി പ്രസ്ഥാനവുമായുള്ള ബന്ധം പോലെയുള്ള കാര്യങ്ങൾ പരിശോധിച്ചാൽ മതപരത വളരെ കൃത്യമായി അംബേഡ്കറെ നിർണയിച്ചിരുന്നു എന്ന് തെൽതുംദെ പുസ്തകത്തിന്റെ പല ഭാഗങ്ങളിലായി അടിവരയിട്ടു വ്യക്തമാക്കുന്നുണ്ട്.
അതായത്, മതപരമായിട്ടാണു ജാതിയുടെ പ്രശ്നം നിലകൊള്ളുന്നത്. ‘മാർക്സ്, വെബര്‍, അംബേഡ്കർ’ എന്ന ലേഖനത്തിൽ ഇതു വളരെ വിശദമായി പ്രതിപാദിക്കുന്നുണ്ട്. മാർക്സിന്റെ ജാതിയുമായി ബന്ധപ്പെട്ട വിശകലനങ്ങളിൽ നിന്നു വ്യത്യസ്തമായി എങ്ങനെ ജാതി പദവിയുടെ (status) പ്രശ്നമാകുന്നു എന്നാണു നോക്കുന്നത്.
മതവും അംബേഡ്കറും
നിലവിൽ മുഖ്യധാരയിൽ വരുന്ന ജാതിയെ കുറിച്ചുള്ള മിക്ക പഠനങ്ങളും മതപരതയെ സ്പര്‍ശിക്കുന്നില്ല എന്നു കാണാം. ഭൂമിശാസ്ത്രപരവും (ദക്ഷിണേഷ്യയില്‍ രൂപപ്പെട്ട പ്രതിഭാസം എന്ന നിലയിൽ) സാമൂഹികവുമായ ചട്ടക്കൂടുകൾക്കകത്തുവെച്ചാണു ജാതിയെ മനസ്സിലാക്കാൻ ശ്രമിക്കുന്നത്.
സത്യത്തിൽ ഹൈന്ദവ പാഠങ്ങളുടെ ബലത്തിലാണു ജാതി പ്രയോഗക്ഷമമാകുന്നതെന്ന സമീപനം ഇതിലൂടെ അട്ടിമറിക്കപ്പെടുന്നു. ദൈവശാസ്ത്രപരമായ പശ്ചാത്തലത്തിൽ നിന്ന് അടർത്തിമാറ്റി ജാതിയെ മനസ്സിലാക്കൽ അസാധ്യമാണ്. മറ്റു മതങ്ങളിൽ പ്രായോഗിക രൂപങ്ങളിൽ കാണാന്‍ കഴിയുമെങ്കിലും വേദഗ്രന്ഥങ്ങളുടെ (scriptural) പാഠത്തിന്റെയും വായനയുടെയും പിന്‍ബലത്തോടെയാണു ഹിന്ദുയിസത്തിൽ ജാതി നിലനിൽക്കുന്നത്.
ജാതി എന്നതു സാമൂഹികമായി അഭിമുഖീകരിച്ചെങ്കിലും ബോധപൂവ്വം രാഷ്ട്രീയമായി തിരിച്ചറിയപ്പെടാതെ പോയി എന്നതാണ് ഇസ്‌ലാം അടക്കമുള്ള മതങ്ങൾക്കുണ്ടായ പ്രശ്നം. ഇസ്‌ലാമിന് അറബ് സമൂഹങ്ങളിൽ ജാതി അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ല. അതിനാല്‍ തന്നെ ജാതിയെ അഭിസംബോധന ചെയ്യാനുള്ള ദൈവശാസ്ത്ര സങ്കേതങ്ങളുടെ അഭാവം പ്രധാനപ്പെട്ടൊരു പ്രശ്നമാണ്. മാത്രമല്ല പിൽക്കാലത്തു പല മുസ്‌ലിം ചിന്തകരും ജാതിയെ മതമായി തന്നെ മനസ്സിലാക്കിയത് നിരവധി പ്രശ്നങ്ങൾ സൃഷ്ടിച്ചു. ജാതിയുടെ ഹിന്ദു ഉത്ഭവത്തെ, വേദാധിഷ്ഠിത ഉത്ഭവത്തെ (scriptural origin), പ്രശ്നവൽക്കരിക്കണം എന്ന് അംബേഡ്കറെ ഉദ്ധരിച്ച് ആനന്ദ് തെൽതുംദെ ആവർത്തിക്കുന്നുണ്ട്.
മത പരിവർത്തനവുമായി ബന്ധപ്പെട്ട് 1930 കളുടെ അവസാനം വരെ അംബേഡ്കറിന്റെ മുന്നിലുണ്ടായിരുന്ന ഏറ്റവും പ്രധാനപ്പെട്ട സാധ്യത ഇസ്‌ലാം ആയിരുന്നു. ക്രിസ്തുമത വിശ്വാസികള്‍ വലിയ തരത്തിൽ അദ്ദേഹത്തിന്റെ ഈ താൽപര്യത്തെ പ്രോത്സാഹിപ്പിച്ചിരുന്നുമില്ല. എന്നാൽ ഹൈദരാബാദിലെ നൈസാമടക്കമുള്ളവർ പ്രാധാന്യപൂർവം അംബേഡ്കറെയും അദ്ദേഹത്തിന്റെ ഇസ്‌ലാമിനെക്കുറിച്ചുള്ള താൽപര്യത്തെയും കണ്ടിരുന്നു. Ambedkar’s Conversion എന്ന പുസ്തകത്തിൽ ഈജിപ്തിൽ നിന്ന് ദഅ്‌വാ സംഘം ( മുസ്‌ലിം മതപ്രബോധകര്‍) അംബേഡ്കറെ സമീപിച്ചതിനെ കുറിച്ചു സംസാരിക്കുന്നുണ്ട്.
ബുദ്ധിസത്തിലേക്ക്
1938-ന് ശേഷം, അസ്തിത്വപരമായ ഒരു പ്രശ്നത്തെ പരിഹരിക്കാൻ ഇസ്‌ലാമിനാവില്ലെന്നും ചരിത്രപരമായി ബ്രാഹ്മണിസത്തോട് ഏറ്റുമുട്ടിയ പാരമ്പര്യം ബുദ്ധിസത്തിനുണ്ട് എന്നീ രണ്ടു പോയിന്‍റില്‍ നിന്നാണ് ബുദ്ധിസം സ്വീകരിക്കുന്നത്.
ആ ബുദ്ധമത സ്വീകരണം ഈ പശ്ചാത്തലത്തിൽ വിമര്‍ശനാത്മകമായി നോക്കികാണണമെന്നാണ് തെൽതുംദെ പറയുന്നത്. നവയാന ബുദ്ധിസം എന്നു പറയുന്നത്, ബുദ്ധിസത്തെ അതേപടി സ്വീകരിക്കുകയല്ല ചെയ്തത്, മറിച്ച് അതിനകത്തു തന്നെ സ്വതന്ത്രമായി മറ്റൊരു വിമോചന മതരൂപം ഉണ്ടാക്കുകയാണു അംബേഡ്കർ ചെയ്തത്. അന്നത് ദലിതരുടെ സോഷ്യൽ മൊബിലിറ്റിക്ക് ഒരുപാട് സഹായിച്ചിട്ടുണ്ട് എന്നതു സത്യമാണ്. എങ്കിൽ പോലും വിശാല ഹിന്ദു ചട്ടക്കൂടിനകത്തു നിന്നു പുറത്തു കടക്കാനാകാത്ത പ്രശ്നം അതിനുണ്ടെന്നാണ് തെൽതുംദെ കരുതുന്നത് .
ജാതിയുടെ ഹിന്ദു ഉത്ഭവത്തെ, വേദാധിഷ്ഠിത ഉത്ഭവത്തെ, പ്രശ്നവൽക്കരിക്കണം എന്ന് അംബേഡ്കറെ ഉദ്ധരിച്ച് ആനന്ദ് തെൽതുംദെ ആവർത്തിക്കുന്നുണ്ട്.
അതിനു പല കാരണങ്ങളുണ്ട്. മത പരിവര്‍ത്തനം ചെയ്ത എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്കു ഇന്ത്യൻ സ്റ്റേറ്റ് കൊടുക്കുന്ന പരിഗണന തുടങ്ങി സ്റ്റേറ്റ് വരെ നിർണയിക്കുന്ന പല ഘടകങ്ങളും ഉണ്ട്. അതുപോലെ ഇതിനകത്തു ബ്രാഹ്മണിക് വേദ സംസ്കാരത്തെ പൂർണമായും മറികടക്കാനാവാത്ത പ്രശ്നങ്ങളും ഒരു ഘട്ടത്തിൽ ഉണ്ടാവുന്നുണ്ട്. വളരെ റാഡിക്കൽ ആയ പരിവർത്തനമാണു ബുദ്ധിസത്തിലൂടെ സംഭവിക്കേണ്ടതെന്നാണ് അംബേഡ്കർ ഉദ്ദേശിച്ചിരുന്നതെങ്കിലും ഒടുക്കം അംബേഡ്കറൈറ്റ് പ്രസ്ഥാനങ്ങളുടെ റാഡിക്കലിസത്തെ തന്നെ റദ്ദു ചെയ്യുന്ന സംഭവങ്ങൾ അതിനകത്തുണ്ടായി എന്ന് തെല്‍തുംദെ നിരീക്ഷിക്കുന്നുണ്ട്.
മതത്തിന്റെ ഉൾപ്പിരിവുകൾ
അംബേഡ്കറിന്റെ മതത്തിലേക്കുള്ള പോക്ക് വളരെയധികം അദ്ദേഹത്തിനു ജനസ്വാധീനമുണ്ടാക്കിയ തെരഞ്ഞെടുപ്പ് ആയിരുന്നു എന്ന് ക്രിസ്റ്റഫർ ജഫ്രിലോറ്റ് അടക്കമുള്ള പലരും നിരീക്ഷിച്ചിട്ടുണ്ട്. ചിലർ കഴിഞ്ഞ രണ്ടു നൂറ്റാണ്ടിൽ Jewish Question ന്റെ സമയത്ത് ജൂത മതത്തോടു മാർക്സ് സ്വീകരിച്ച നിലപാടിനോടു സമാനമായാണ് അതിനെ കാണുന്നത്. അതായത് ബൂർഷ സിറ്റിസണ്‍ഷിപ്പിന് എതിരെ പോരാടാൻ അതിന്റെ ആന്തരിക വൈരുധ്യങ്ങൾ വെളിവാക്കാൻ സഹായിക്കുന്ന കാര്യം എന്ന രീതിയിൽ മതത്തെ കൊണ്ടുവരികയാണു ചെയ്യുന്നത്. എന്നാൽ ഈ രണ്ടു രീതികളിൽ മാത്രം അംബേഡ്കറിന്റെ മതത്തെ കുറിച്ചുള്ള ആലോചനകളെ കാണാൻ പറ്റില്ല എന്നാണു തെൽതുംദെ പലപ്പോഴും പറയുന്നത്. മറിച്ച് ആത്മീയതലം കൂടി അംബേഡ്കറിൽ കാണാവുന്നതാണ്. എന്നാൽ ബുദ്ധിസത്തിലൂടെ ലിബറലിസത്തിന്റെ മൂല്യങ്ങൾ തന്നെയാണു അംബേഡ്കർ കണ്ടതെന്നും അവയെ കൂടുതൽ പേരിലേക്കു സംവേദനം ചെയ്യുകയാണ് ഇതിലൂടെയെന്നുമാണ് ക്രിസ്റ്റഫർ ജഫ്രിലോറ്റിനെ പോലുള്ളവർ നിരീക്ഷിക്കുന്നത്.
അംബേഡ്കറെ സംബന്ധിച്ചിടത്തോളം മതം സമകാലിക ദേശീയ ജീവിതത്തിനുള്ള ഒരു നൈതിക വിഭവം (ethical resource) ആണ്. മാത്രമല്ല, സാഹോദര്യം (fraternity) എന്നത് അംബേഡ്കറിന്റെ ചിന്തയിൽ ജനാധിപത്യത്തിനു തുല്യം നിൽക്കുന്ന ഒന്നാണ്.
അംബേഡ്കർ ജീവിതത്തിൽ നിരന്തരം അനുഭവിച്ച പ്രശ്നം ഒറ്റപ്പെടലായിരുന്നു(isolation). ഗാന്ധിയുമായുള്ള സംഭാഷണത്തിൽ അംബേഡ്കർ പറയുന്നുണ്ട്: ഗാന്ധി, എനിക്കൊരു സ്വദേശം ( homeland) ഇല്ല. അന്നേരം ഗാന്ധിയുടെ മറുപടി: വട്ടമേശ സമ്മേളനത്തിലെ ചർച്ചകൾ വഴി നിങ്ങൾക്ക് ഒരു സ്വദേശം സ്വന്തമാകാനിരിക്കുന്നു. അന്നേരം അംബേഡ്കർ നൽകിയ മറുപടി ശ്രദ്ധേയമാണ്:
“You say I have got a homeland but still I repeat I am without it. How can I call this land as my homeland and religion as my own. Wherein we are treated worse than cats and dogs ,wherein we cannot get water to drink. The injustice and suffering inflicted upon us by this land are enormous that if knowingly or unknowingly we will fall a prey to disloyalty to this country, the responsibility for act would be solely yours.
I do not feel sorry for being branded as traitor for the responsibility of our own action lies within the land that dubs me as traitor. If at all have rendered any national service as I say, helpful or beneficial to patriotic cause of this country., It is due to my unsullied consciousness not due to any patriotic beliefs. If in my endeavour to secure human rights for my people who have been trampled upon this country for ages. I do any disservice to this country it would not be a sin. I have been striving to win human rights for my people without meaning or doing any harm to this country.”
ആഗോള ചിന്തയുടെ പ്രശ്നം
സ്കൂൾ പഠന സമയത്തും അതു കഴിഞ്ഞു വിദേശത്തു പഠനത്തിനായി പോകുമ്പോഴും വ്യക്തി എന്ന നിലയിലും കമ്യൂണിറ്റി എന്ന നിലയിലും ഒറ്റപ്പെടൽ ഭീകരമായ തലത്തിൽ അംബേഡ്കറുടെ കൂടെയുണ്ട്. ഈ ഒറ്റപ്പെടൽ മറികടക്കാൻ രാഷ്ട്രം (nation) എന്ന സാധ്യത അപര്യാപ്തമാണ് എന്ന വാദവും അംബേഡ്കറിന് ഉണ്ടായിരുന്നു. Kinship-ൽ അടിസ്ഥാനപ്പെടുന്ന ദേശം എന്ന ഭാവനയ്ക്ക് ഈ പ്രശ്നത്തെ പരിഹരിക്കാനാവില്ലെന്നും ഇത്തരം ഭൂപ്രദേശപരമായ ദേശം ( territorial nation) എന്നതിനു ബദലായി അംബേഡ്കർ കാണുന്നതു മതപരമായ അവകാശമാണു കൂടുതൽ സഹായകരം എന്നാണ്. ഇറ്റാലിയൻ തത്വചിന്തകനായ ജ്യോർജിയോ അഗംബനെ മുൻനിർത്തിയാണ് പരമാധികാരത്തെക്കുറിച്ചുള്ള ആലോചനകൾ രൂപപ്പെടുത്തുന്നത്.
അംബേഡ്കറിന്റെ ദേശീയതാ വിമർശനത്തെ കുറിച്ച ഭാഗങ്ങൾ ആണ് ഈ പുസ്തകത്തെ ശ്രദ്ധേയമാക്കുന്നത്. ഭരണകൂട സ്വഭാവത്തിലുള്ള അംബേഡ്കർ വായനകളെ മറികടക്കുന്ന ഒരു സാധ്യത ഈ പുസ്തകം തരുന്നുണ്ട്. മാറ്റിനിർത്തപ്പെടുന്ന സമുദായങ്ങൾ തമ്മിലുള്ള സംവേദനങ്ങൾ ശക്തിപ്പെടുത്തുകയാണ് ഒറ്റപ്പെടല്‍ മറികടക്കാൻ അംബേഡ്കർ കണ്ട വഴി. കരുണ (compassion), സമത്വം ( equality) , സ്വാതന്ത്ര്യം ( freedom) എന്നിവ അംബേഡ്കറെ സംബന്ധിച്ചിടത്തോളം ഈ പ്രക്രിയയിൽ പ്രധാനമാണ്. ആ ഒരു പശ്ചാത്തലത്തിൽ നിന്നുകൊണ്ടു തന്നെയാണ് അദ്ദേഹം മഹായാന ബുദ്ധിസത്തിൽ എത്തിച്ചേരുന്നത്.
ഹിന്ദു വേദഗ്രന്ഥങ്ങളില്‍ നിന്നുള്ള വേറിടല്‍ ആണ് സംഭവിക്കേണ്ടത്. അതിന് ഒരു എത്തികൽ മോറൽ കമ്യൂണിറ്റി അനിവാര്യമാണ്. അതിലൂടെ മാത്രമേ ദലിത് സ്വത്വത്തിന്റെ രാഷ്ട്രീയവൽക്കരണം സംഭവിക്കുകയുള്ളൂ എന്നും അദ്ദേഹം മനസ്സിലാക്കി.
മറ്റൊന്ന് ആധുനികതക്കകത്തു മതത്തിന്റെ ഇടത്തെ കുറിച്ചും സാധ്യതയെ കുറിച്ചും അംബേഡ്കർ സംസാരിച്ചിരുന്നു. ഴാക്വസ് റാൻഷിയറിന്‍റെ (Jacques Rancière) disidentification എന്ന ഐഡിയ ഇതിൽ കടന്നു വരുന്നുണ്ട്. അതായത് ഹിന്ദു വേദഗ്രന്ഥങ്ങളില്‍ നിന്നുള്ള വേറിടല്‍ ആണ് സംഭവിക്കേണ്ടത്. അതിന് ഒരു എത്തികൽ മോറൽ കമ്യൂണിറ്റി അനിവാര്യമാണ്. അതിലൂടെ മാത്രമേ ദലിത് സ്വത്വത്തിന്റെ രാഷ്ട്രീയവൽക്കരണം സംഭവിക്കുകയുള്ളൂ എന്നും അദ്ദേഹം മനസ്സിലാക്കി. മാത്രമല്ല, ഇതു ഗ്രാംഷിയുടെ മതത്തെ കുറിച്ചുള്ള മനസ്സിലാക്കലിൽ നിന്നും വ്യത്യസ്തമാണ് എന്നും അദ്ദേഹം വിശദീകരിക്കുന്നുണ്ട്.
(The Radical in Ambedkar: Critical Reflections എന്ന പുസ്തകത്തെക്കുറിച്ചും ആനന്ദ് തെൽതുംബദെക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചുകൊണ്ടും കോഴിക്കോട് വിദ്യാർഥി ഭവനത്തിൽ നടന്ന ചർച്ചയിൽ 2019 ഫെബ്രുവരി ആറിന് എസ്.ഐ.ഒ നടത്തിയ ചർച്ചയിൽ നടത്തിയ പ്രഭാഷണം. കേട്ടൊഴുതിയത്: ഷബീബ് മമ്പാട് )