എന്ന സത്തം ഇന്ത നേരം? എസ്.പി.ബിയുടെ സംഗീത ലോകം

എസ്.പി.ബിയുടെ വേർപാട് ആസ്വാദകരെ എത്രത്തോളം വേദനിപ്പിച്ചു എന്ന് മനസ്സിലാക്കാന്‍ കഴിയും. പക്ഷേ, പല അനുശോചന കുറിപ്പുകളിലും ലേഖനങ്ങളിലും കണ്ടത് അദ്ദേഹം ശാസ്ത്രീയ സംഗീതം പഠിച്ചിട്ടില്ല എന്ന ‘കുറവിനെ’ ചൂണ്ടിക്കാട്ടാനുള്ള വ്യഗ്രതയാണ്. എന്നാൽ, അതൊരു ‘കുറവാണെന്ന’ സങ്കല്‍പ്പത്തെ തന്നെയാണ് എസ്.പി.ബിയുടെ ആലാപനം ഉലച്ചത്‌ എന്നാണ് ഇവിടെ പറയാൻ ശ്രമിക്കുന്നത്. എ.എസ് അജിത് കുമാർ എഴുതുന്നു.

ഒരു കാലത്ത് തമിഴ് സിനിമാ ഗാനങ്ങള്‍ എന്ന് ഓര്‍ക്കുമ്പോള്‍ തന്നെ മനസ്സില്‍ വരുന്ന ശബ്ദം എസ്.പി ബാലസുബ്രമണ്യത്തിന്റേതാണ്. ഇളയരാജ-എസ്.പി.ബി എന്ന കോമ്പിനേഷനാണ് അന്ന് മനസ്സിലെ തമിഴ് പാട്ടുകള്‍. അതുകൂടാതെ ‘ശങ്കരാഭരണ’ത്തിലെ തെലുങ്ക്‌ പാട്ടുകളും, ഹിന്ദിയിലെയും മലയാളത്തിലെയും നിരവധി പാട്ടുകളും ആസ്വദിച്ചു തുടങ്ങുമ്പോഴാണ് എസ്.പി.ബി എന്ന സവിശേഷ ശബ്ദത്തെയും ആലാപന ശൈലിയെയും തിരിച്ചറിയാനും അടുക്കാനും തുടങ്ങിയത്. എന്നെക്കാള്‍ വലിയ ഇളയരാജ, എസ്.പി.ബി ആരാധകർ ഉണ്ടായിരുന്നു സുഹൃത്തുക്കളായിട്ട്. അവര്‍ ഈ പാട്ട് കേട്ടിട്ടുണ്ടോ എന്ന് പറഞ്ഞ് ചിലത് കേള്‍പ്പിക്കുമായിരുന്നു. ഒരു കാലത്തെ ശ്രോതാക്കളുടെ ലോകത്ത് എസ്.പി.ബി ഉണ്ടാക്കിയ സ്വാധീനം ഇന്നും ഓര്‍ക്കുന്നു. പിന്നീടാണ് എസ്.പി.ബി സിനിമകളില്‍ പാടിയ പാട്ടുകളുടെ കണക്കുകള്‍ കേള്‍ക്കുന്നത്.40,000ത്തില്‍ അധികം പാട്ടുകള്‍ വിവിധ ഭാഷകളിലായി പാടി ഗിന്നസ് റെക്കോര്‍ഡ്‌ വരെ നേടിയിട്ടുണ്ടെന്ന് കേട്ടിരുന്നു. എന്നാൽ, ഈ കണക്കുകൾക്കപ്പുറം സിനിമാപ്പാട്ട് പ്രേമികള്‍ക്കിടയില്‍ അദ്ദേഹം നേടിയെടുത്ത സ്വാധീനം പ്രത്യക്ഷമായി തന്നെ മനസ്സിലാക്കാന്‍ കഴിയുന്ന ഒന്നാണ്.

അദ്ദേഹത്തിന്റെ വേർപാട് ആസ്വാദകരെ എത്രത്തോളം വേദനിപ്പിച്ചു എന്നും മനസ്സിലാക്കാന്‍ കഴിയും. എന്നാല്‍ പല അനുശോചന കുറിപ്പുകളിലും ലേഖനങ്ങളിലും കണ്ടത് ഒരു ‘കുറവിനെ’ ചൂണ്ടിക്കാട്ടാനുള്ള വ്യഗ്രതയാണ്. ഇത്രയൊക്കെയായിട്ടും ‘ശാസ്ത്രീയ സംഗീതം അഭ്യസിച്ചിട്ടില്ല’ എന്നതായിരുന്നു വലിയ കുറവായി ചിലര്‍ കണ്ടത്. അതില്‍ നിന്നാണ് ഞാന്‍ തുടങ്ങാൻ ഉദ്ദേശിക്കുന്നത്. അതൊരു ‘കുറവാണെന്ന’ സങ്കല്‍പ്പത്തെ തന്നെയാണ് എസ്.പി.ബിയുടെ ആലാപനം ഉലച്ചത്‌ എന്നാണ് പറയാന്‍ ശ്രമിക്കുന്നത്. അത് സിനിമാ പാട്ടുകളെ കുറിച്ചുള്ള പല ആലോചനകളെയും സാധ്യമാക്കുന്നുണ്ട്.

‘ശാസ്ത്രീയ സംഗീതം അഭ്യസിച്ചിട്ടുണ്ടോ’ എന്ന ചോദ്യത്തിന് തന്നെ എന്തെങ്കിലും പ്രസക്തിയുണ്ടോ എന്നതാണ് ഉയർന്നുവരുന്ന പ്രധാന മറുചോദ്യം. എസ്.പി.ബിയുടെ സംഗീത ലോകത്തിലൂടെ സഞ്ചരിച്ച്‌, അവയെ കുറിച്ചുള്ള ചില ആലോചനകൾ മുന്നോട്ടുവെക്കാം.

എസ്.പി ബാലസുബ്രമണ്യം

‘ശങ്കരാഭരണം’ പാടാന്‍ കര്‍ണാടക സംഗീതം അറിയണോ?

1980ല്‍ ശങ്കരാഭരണം സിനിമയിറങ്ങുമ്പോള്‍, ആ സിനിമയുടെ യുക്തികളെ തന്നെ തിരിച്ചിടുന്ന ഒരു തമാശ അതിന്റെ സംഗീത രംഗത്തുണ്ടാകുമെന്ന് ആരെങ്കിലും പ്രതീക്ഷിച്ചുകാണുമോ? കര്‍ണാടക സംഗീത പണ്ഡിതന്റെ കഥാപാത്രത്തിന് വേണ്ടി എസ്.പി ബാലസുബ്രമണ്യം പാടിയെന്ന നിലയില്‍ വളരെ ലളിതമല്ല അത്. സിനിമയുടെ പ്രമേയവും, സിനിമ മുന്നോട്ടുവെക്കുന്ന വ്യവഹാരങ്ങളും ശ്രദ്ധിക്കുമ്പോഴാണ് അതിന്റെ രസം മനസ്സിലാവുക. ശങ്കരാഭരണം സിനിമയില്‍ മുഖ്യ കഥാപാത്രമായ ശങ്കര ശാസ്ത്രികള്‍, കര്‍ണാടക സംഗീതം തെറ്റായി പഠിപ്പിക്കുന്ന സംഗീത അധ്യാപകനെ വഴക്ക് പറയുന്ന ഒരു രംഗമുണ്ട്. ‘ബ്രോ ചെവാരവരുരെ’ എന്ന ഗാനത്തെ ‘വികലമാക്കി’ പാടുന്നുവെന്ന പേരിലാണ് കോമാളിയായി അവതരിപ്പിക്കപ്പെടുന്ന സംഗീത അധ്യാപകനോട് ശാസ്ത്രികൾ കയര്‍ക്കുന്നത്. തെറ്റായ സംഗീത അഭ്യാസനത്തെയാണ് ശാസ്ത്രികള്‍ ലക്ഷ്യംവെക്കുന്നത്. രാജു എന്ന ആ സംഗീത അധ്യാപകന്‍ (രാജുവിന് ‘ശാസ്ത്രികള്‍’ എന്ന രീതിയിലുള്ള ജാതി സൂചകങ്ങളില്ല) ആരും കേള്‍ക്കുന്നില്ലല്ലോ എന്നുറപ്പാക്കിയ ശേഷം ശിഷ്യയോടു ചോദിക്കുന്നത് ‘ബ്രോചേവാ’ എന്ന പാട്ട് റെക്കോര്‍ഡില്‍ കേട്ടിട്ടുണ്ടോ, എങ്കില്‍ പാടൂ എന്നാണ്. റെക്കോര്‍ഡ്‌ കേട്ട് പാടുന്നതല്ല, ഗുരുമുഖത്ത് നിന്ന് പഠിക്കുന്നതാണ് ശരിയായ സംഗീത അഭ്യാസനമെന്ന ‘ശുദ്ധസംഗീത വ്യവഹാരമാണ്’ ഈ രംഗത്തിലൂടെ ഉറപ്പിക്കാന്‍ ശ്രമിക്കുന്നത്.

മറ്റൊരു രംഗത്തില്‍, രാത്രി വീടിന് മുന്നില്‍ നിന്ന് പാശ്ചാത്യ സംഗീതം ആലപിക്കുന്ന ചെറുപ്പക്കാരെ ഭാരതീയ സംഗീതത്തിന്റെ ശുദ്ധിയെ കുറിച്ചും മറ്റും ശാസ്ത്രികൾ ഉപദേശിക്കുന്നുണ്ട്. ഈ ശങ്കര ശാസ്ത്രികള്‍ക്ക് വേണ്ടി സിനിമയില്‍ പാടുന്നത് ശാസ്ത്രീയ സംഗീതം ‘പരമ്പരാഗതമായി’ അഭ്യസിക്കാത്ത എസ്.പി.ബിയാണ്! ശങ്കരാഭരണത്തില്‍ പാടാനുള്ള അവസരം ലഭിച്ചതിനെ കുറിച്ച് അദ്ദേഹം അഭിമുഖങ്ങളില്‍ പറയാറുണ്ട്‌. ബാലസുബ്രമണ്യത്തിന്റെ വീട്ടില്‍ വെച്ച് അദ്ദേഹത്തിന്റെ അച്ഛനോട് സിനിമയുടെ കഥ പറഞ്ഞ ശേഷം, അതിലെ പാട്ടുകള്‍ പാടാന്‍ മകനോട്‌ ചോദിക്കുമോ എന്ന് സംവിധായകന്‍ വിശ്വനാഥ് അദ്ദേഹത്തോട് തിരക്കി. കര്‍ണാടക സംഗീതം എന്ന ഗണത്തിൽ (genre) വിദഗ്ധനല്ല എന്നും, മറ്റൊരാള്‍ പാടുന്നതായിരിക്കും നല്ലതെന്നും പറഞ്ഞ് ഒഴിഞ്ഞുമാറാനാണ് അദ്ദേഹം ശ്രമിച്ചത്.

പിന്നീട് സംഗീത സംവിധായകന്‍ കെ.വി മഹാദേവന്റെ സഹായിയായ ‘പുകഴേന്തി’യാണ് കര്‍ണാടക സംഗീത ആലാപനത്തിന് സഹായിക്കുന്ന പരിശീലനം നല്‍കിയത്. പുകഴേന്തി പാടി റെക്കോര്‍ഡ്‌ ചെയ്തുകൊടുത്ത പാട്ടുകള്‍ നിരന്തരം കേട്ട് പഠിച്ചിട്ടാണ് ശങ്കരാഭരണത്തിലെ പാട്ടുകള്‍ പാടി റെക്കോര്‍ഡ്‌ ചെയ്യാന്‍ ബാലസുബ്രമണ്യത്തിന് കഴിഞ്ഞത്. മുന്‍പ് പറഞ്ഞ സീന്‍ ഓര്‍ക്കുമ്പോള്‍ റെക്കോര്‍ഡ്‌ കേട്ട് പഠിച്ചു എന്നുള്ളത് രസകരമായ കാര്യമാണ്. എസ്.പി.ബിയുടെ പാട്ടിലേക്ക് പോകുന്നതിനു മുന്‍പ്, ശങ്കരാഭരണത്തെ കുറിച്ച്‌ അൽപം കൂടി പറയാം. ശങ്കരാഭരണം എന്ന സിനിമ ഉണ്ടാവുന്നത് തന്നെ ഒരു പ്രത്യേക സാംസ്കാരിക മുഹൂര്‍ത്തത്തിലാണ്. എഴുപതുകളുടെ അവസാനം ഇൻഡ്യയില്‍ വമ്പിച്ച സ്വാധീനം നേടിയ പാശ്ചാത്യ പോപ്പുലർ സംഗീതം സൃഷ്ടിച്ച ആശങ്കയാണ് ശങ്കരാഭരണത്തില്‍ പ്രകടമാകുന്നത്. പോപ്‌ സംഗീതത്തിന്റെ പ്രചാരം മൂലം കര്‍ണാടക സംഗീതജ്ഞനായ ശങ്കര ശാസ്ത്രികള്‍ക്ക് അവസരം നഷ്ടപ്പെടുകയും തകര്‍ച്ച നേരിടുകയും ചെയ്യുന്നതാണ് ചിത്രം കൈകാര്യം ചെയ്യുന്ന പ്രമേയത്തിന്റെ കാതല്‍. പാശ്ചാത്യ സംഗീതത്തിന്റെ പ്രചാരത്തിന് പ്രധാന കാരണം വിദേശത്ത് നിന്നും കൊണ്ടുവന്ന പോർടബിള്‍ റെക്കോര്‍ഡറുകളും കാസറ്റുകളുമായിരുന്നു. അതാണ്‌ ഉപരിസൂചിത സംഗീതാധ്യാപകന്റെ സീനില്‍ കണ്ടത്. ശാസ്ത്രീയ സംഗീതത്തിന്റെ ‘ശുദ്ധിയും’ പാരമ്പര്യവും വീണ്ടെടുക്കാനുള്ള യത്നത്തിന് എസ്.പി.ബിയെ ആശ്രയിക്കേണ്ടി വന്നു കെ. വിശ്വനാഥിന്.

ഡല്‍ഹിയില്‍ ശങ്കരാഭരണത്തിന്റെ സ്ക്രീനിങ് നടക്കുമ്പോൾ ഉണ്ടായ ഒരു സംഭവം എസ്.പി.ബി വിവരിക്കുന്നുണ്ട്. ശങ്കര ശാസ്ത്രികളെ അവതരിപ്പിച്ച ‘സോമയാജുലു’ ആന്ധ്രയിൽ ഡെപ്യൂട്ടി കലക്ടറായി ജോലി ചെയ്തയാളാണ്. സിഗരറ്റ് വലിക്കുന്ന ശീലമുണ്ട്. സിനിമ കണ്ടിറങ്ങിയ ജനങ്ങള്‍ ഞെട്ടി. പുറത്ത് സോമയാജുലു വെള്ള ഷര്‍ട്ടും പാന്റും ഇട്ട് നില്‍ക്കുന്നു. സിഗരറ്റും വലിക്കുന്നുണ്ട്. ശങ്കര ശാസ്ത്രികള്‍ ഇങ്ങനെയൊക്കെ ചെയ്യുമോ എന്നവര്‍ ചോദിച്ചത്രെ!

സിനിമയുടെ ശുദ്ധി സങ്കല്‍പ്പങ്ങള്‍ ഉണ്ടാക്കിയ ധര്‍മ സങ്കടം രസകരമാണ്. എസ്.പി.ബി ഇരുപത് വര്‍ഷത്തോളം സിഗരറ്റ് ധാരാളം വലിക്കുമായിരുന്നു. അത് അദ്ദേഹത്തിന്റെ പാട്ടിനെ ബാധിച്ചില്ല എന്നും, മദ്യപാനം പിന്നെയും തുടര്‍ന്നിരുന്നുവെന്നും 2019ല്‍ എ.ബി.എന്‍ എന്ന തെലുങ്ക്‌ ചാനലിലെ അഭിമുഖത്തില്‍ (ഓപണ്‍ ഹാര്‍ട്ട് വിത്ത്‌ ആര്‍.കെ എന്ന പ്രോഗ്രാമില്‍) അദ്ദേഹം പറഞ്ഞിരുന്നു. തൈരും ഐസ്ക്രീമും ഒഴിവാക്കിയിരുന്നില്ല. ഇൻഡ്യയിലെ ഗായകര്‍ ഒഴിവാക്കണം എന്ന് കരുതുന്ന ഭക്ഷണങ്ങൾ ഉപയോഗിക്കുന്നതില്‍ അദ്ദേഹത്തിന് യാതൊരു പ്രശ്നവുമില്ലായിരുന്നു.

പാട്ടിനെ അത് ബാധിച്ചിട്ടില്ല എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഇത്തരത്തില്‍ കര്‍ണാടക സംഗീത അഭ്യാസം അത്യാവശ്യ ഘടകമായി അദ്ദേഹം കണ്ടിരുന്നില്ല എന്ന പോലെ, ഭക്ഷണ കാര്യത്തിലും മറ്റും ഗായകര്‍ പാലിക്കേണ്ട ചിട്ടകളെയും അദ്ദേഹം പരിഗണിച്ചിരുന്നില്ല. അപ്പോള്‍ ശങ്കരാഭരണത്തിലെ പാട്ടുകള്‍ പാടാനും, അതിന് ദേശീയ അവാർഡ് നേടാനും എങ്ങനെയാണ് അദ്ദേഹത്തിന് കഴിഞ്ഞത്? തുടര്‍ന്ന് സാഗര സംഗമം (1983) എന്ന സിനിമയിലേത് ഉൾപ്പെടെ, കര്‍ണാടക സംഗീത ആഭിമുഖ്യമുള്ള പാട്ടുകള്‍ പാടാന്‍ കഴിഞ്ഞതെങ്ങനെ?

ഒരു മറുചോദ്യം ചോദിക്കുമ്പോള്‍ ഇതിനെ മനസ്സിലാക്കാന്‍ കഴിയും. എസ്.പി.ബി പാശ്ചാത്യ സംഗീത സ്വഭാവമുള്ള, ‘നാടന്‍ പാട്ടുകളുടെ’ സ്വഭാവമുള്ള ധാരാളം പാട്ടുകള്‍ പാടിയിട്ടുണ്ട്. പക്ഷേ, അവയൊക്കെ പഠിച്ചിട്ടുണ്ടോ എന്നാരും ചോദിക്കാത്തത് എന്തുകൊണ്ടായിരിക്കും? പാശ്ചാത്യ സംഗീതത്തിലെ വ്യത്യസ്ത ഗണങ്ങൾ സിനിമാ ഗായകർ പഠിക്കുന്നത് അതിന്റെ സ്വഭാവം കേട്ട് പഠിച്ചായിരിക്കാം. ഇൻഡ്യയിലെ വെസ്റ്റേണ്‍ മ്യൂസിക് ബാന്‍ഡുകള്‍ നിലവില്‍ വരുമ്പോള്‍, കൂടുതലും കാസറ്റുകള്‍ കേട്ടാണ് പഠിച്ചിരുന്നത് എന്ന് ഗായകര്‍ പറഞ്ഞു കേട്ടിട്ടുണ്ട്..അപ്പോള്‍ ഒരു സംഗീത വിഭാഗത്തിന്റെ സംസ്കാരത്തെ, ശൈലിയെ, സാങ്കേതികതയെ മനസ്സിലാക്കി പാടാനും കുറെ പേർക്കെങ്കിലും കഴിയും എന്ന് മനസ്സിലാക്കാം. ആലാപനത്തിന്റെ സാങ്കേതികത കൂടിയാണത്. സിനിമാ പാട്ടില്‍ ഏതൊക്കെ തരം സംഗീതങ്ങള്‍ കൂടി കലരുന്നുണ്ട്. അപ്പോള്‍ സിനിമാ പാട്ടിന്റെ ആലാപന സംസ്കാരത്തില്‍ നിന്നാണ് നാനാ തരം ഗണങ്ങൾ ഗായകര്‍ പാടാന്‍ ശ്രമിക്കുന്നത്. അതില്‍ അനുകരണം എന്ന ഒന്ന് കൂടിയുണ്ട്.

ദീപാ ഗണേഷ് ദി ഹിന്ദുവിൽ എഴുതിയ പോലെ, കര്‍ണാടക സംഗീതം എന്ന സംഗീത ശൈലിയെ അവതരിപ്പിക്കുകയാണ് (perform) ചെയ്യുകയാണ് എസ്.പി.ബി ചെയ്യുന്നത്. എന്നാല്‍ ദീപ പറയുന്നത്, അത് യഥാര്‍ഥത്തില്‍ ശാസ്ത്രീയ സംഗീതമല്ലെന്നും, അതിന്റെ അവതരണം മാത്രമാണെന്നുമാണ്. എന്നാല്‍, അതില്‍ ചില പ്രശ്നങ്ങളുണ്ട്. അനുകരണം/യഥാര്‍ഥം എന്ന അതിര്‍വരമ്പുകളെ ഭേദിക്കുന്ന ഒരു ഇടപാടാണ് അതെന്നാണ്‌ എനിക്ക് തോന്നുന്നത്. പിന്നെ കര്‍ണാടക സംഗീതത്തിന്റെ പഠന സമ്പ്രദായത്തിലൂടെ അല്ലാതെയും ‘പഠനം’ നടക്കാമല്ലോ. ഇവിടെ സിനിമാ പാട്ടിന്റെ അല്ലെങ്കില്‍, മറ്റു ഗണങ്ങളുടെ (genre) നിരന്തര കേള്‍വിയിലൂടെയാണല്ലോ അദ്ദേഹം പഠിക്കുന്നത്. അദ്ദേഹത്തിന്റെ അച്ഛന്‍ ഒരു ഹരികഥാ കലാകാരനായിരുന്നു. അദ്ദേഹത്തിൽ നിന്നാണ് കര്‍ണാടക സംഗീതത്തെ ആദ്യം മനസ്സിലാക്കിയതെന്ന് എസ്.പി.ബി പറഞ്ഞിട്ടുണ്ട്. എസ്.പി.ബിയുടെ കുടുംബത്തില്‍ കര്‍ണാടക സംഗീതം പഠിക്കാത്തവര്‍ അദ്ദേഹവും, എസ്.പി ശൈലജയും മാത്രമാണ്.

ലതാ മങ്കേഷ്കർ

ഒരു കാര്യം കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. സിനിമാ ഗായകരില്‍ പ്രമുഖരായിരുന്ന പലരും കര്‍ണാടക സംഗീതമോ, മറ്റു ‘ശാസ്ത്രീയ’ സംഗീതമോ പഠിച്ചിട്ടില്ല. എസ്.ജാനകി, പി. ജയചന്ദ്രന്‍, കിഷോര്‍ കുമാര്‍ തുടങ്ങി അനവധി ഗായകര്‍ ആ നിരയിലുണ്ട്. സംഗീത സംവിധായകരില്‍ തന്നെ ഇളയരാജ, എ.ടി ഉമര്‍ അടക്കം എത്രയോ പേർ. സാഗര സംഗമം, സിന്ധു ഭൈരവി ഉള്‍പ്പടെ എത്രയോ സിനിമകളില്‍ കര്‍ണാടക സംഗീത സ്വഭാവമുള്ള പാട്ടുകള്‍ ഇളയരാജ ഒരുക്കിയിരിക്കുന്നു, സമ്പ്രദായത്തിന്റെ ഉള്ളില്‍ നിന്ന് പഠിച്ചവരെക്കാള്‍ ഭംഗിയായി. സാങ്കേതിക വൈദഗ്ധ്യം എന്ന നിലയിലും, ശൈലി എന്ന നിലയിലുമാണ് അവ ചെയ്തത്.

ഒരു ഗണത്തിന്റെ മർമം അറിഞ്ഞ് പാടാനുള്ള കഴിവുണ്ടായിരുന്നു എസ്.പി.ബിക്ക്. ഇളയരാജ സംഗീതം ചെയ്ത പല തരത്തിലുള്ള പാട്ടുകളില്‍ അദ്ദേഹം അത് പ്രകടിപ്പിച്ചിട്ടുണ്ട്. കരകാട്ടക്കാരനിലെ (1989) മാൻകുയില് തേൻകുയില്, കലൈജ്ഞനിലെ (1993) എടുക്കു മുടക്കാന സരക്ക്, മൈക്കിൾ മദന കാമ രാജയിലെ (1990) റംബംബം, സര്‍പ്പത്തിലെ (1979) സ്വര്‍ണ മീനിന്റെ എന്ന ഗാനങ്ങളൊക്കെയും അതിന്റെ ശൈലിയുടെ മർമം അറിഞ്ഞു പാടിയവയാണ്. ആ ഗണത്തെ നന്നായി അനുകരിച്ചു എന്ന് പറയാം. എസ്.പി.ബിയുടെ ആലാപനം അത്തരത്തില്‍ ഒട്ടേറെ ശൈലികള്‍ കൂടി കലര്‍ന്ന ഒന്നാണ്. എ.ആര്‍ റഹ്‌മാൻ സംഗീതം ചെയ്ത ‘ഡ്യുവറ്റ്’ എന്ന ചിത്രത്തിലെ ‘കാതലേ എന്‍ കാതലേ’ എന്ന ഗാനം കേട്ടാല്‍, വ്യത്യസ്ത ആലാപന ശൈലികള്‍ കലർത്തിയിരിക്കുന്നത് തിരിച്ചറിയാന്‍ കഴിയും.

സിനിമാ ഗാനങ്ങളുടെ ആലാപനത്തിന്റെ ഒരു സവിശേഷത ഇവിടെ മനസ്സിലാക്കേണ്ടതുണ്ട്. സിനിമയിലെ ആലാപനത്തെയും ശബ്ദത്തെയും നിര്‍ണയിക്കുന്ന ഒട്ടേറെ ഘകങ്ങളുണ്ട്. ഓരോ കാലത്തെ സിനിമാ-സംഗീത സങ്കല്‍പ്പം, സാങ്കേതിക വിദ്യയുടെ മാറ്റം, സംഗീത സംവിധായകരുടെ സമീപനത്തിന്റെ വ്യത്യാസം, മിക്സിങ്ങിലെ വ്യത്യസ്തത എല്ലാം ചേര്‍ന്നതാണത്.

ഒരു ഗായകന്റെ/ഗായികയുടെ ആലാപന ശൈലി അവരുടെ ഉള്ളില്‍ മാത്രം വികസിക്കുന്ന ഒന്നല്ല. അതൊരു സാംസ്കാരിക നിർമിതി കൂടിയാണ്. മുൻപ് സൂചിപ്പിച്ചതുപോലെ, തമിഴ് സിനിമയിലെ ഇളയരാജ കാലത്തിലെ എസ്.പി
ബിയുടെ പാട്ടുകളില്‍ പല ഘടകങ്ങള്‍ ഉൾച്ചേര്‍ന്നിരിക്കുന്നത് കാണാം. ഇളയരാജയുടെ പാട്ടുകൾക്കനുസരിച്ച് ആലാപനം അറിഞ്ഞോ അറിയാതെയോ മാറിയിട്ടുണ്ടാകാം. ഇളയരാജയുടെ സംഗീതം തിരിച്ച്‌ എസ്.പി.ബിയുടെ ആലാപനമനുസരിച്ച് ചിട്ടപ്പെടുത്തിയിട്ടുമുണ്ടാകാം.

എ.ആര്‍ റഹ്‌മാന്റെ പാട്ടുകള്‍ പാടുമ്പോള്‍ അതിന് വ്യത്യസ്തമായ ഒരു സമീപനം കാണാം. ആ നിലക്ക് സംഗീത സംവിധായകരുടെയും ഗായകരുടെയും ഇടപെടലുകൾക്കിടയിലാണ് പാട്ടുകൾ രൂപം കൊള്ളുന്നത്. കമലഹാസന്റെയും രജനികാന്തിന്റെയുമൊക്കെ സ്ക്രീന്‍ വ്യക്തിത്വവും പാട്ടുകളെ നിര്‍ണയിക്കുന്നുണ്ട്. തിരിച്ച്‌, ഗായകരുടെ ശബ്ദവും ചേര്‍ന്നാണ് താരങ്ങളുടെ സ്ക്രീന്‍ വ്യക്തിത്വത്തെ നിര്‍ണയിക്കുന്നത്. എസ്.പി.ബിയെ അത്തരമൊരു സാംസ്കാരിക ഇടപാടുകള്‍ക്കുള്ളില്‍ നിന്നുകൊണ്ടാണ് മനസ്സിലാക്കേണ്ടത്.

മറ്റു പല ഗായകരെയും പോലെ, മുഹമ്മദ്‌ റാഫിയാണ് എസ്.പി.ബിയെ കൂടുതല്‍ സ്വാധീനിച്ചതെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. കെ.ജെ യേശുദാസും റാഫിയുടെ സ്വാധീനത്തെ കുറിച്ച് പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഇൻഡ്യയിലെ സിനിമാ ഗാനങ്ങളിലെ പുരുഷ-സ്ത്രീ ശബ്ദങ്ങളുടെ ഉത്തമ മാതൃകകളെ കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍ രൂപപ്പെടുന്നതില്‍ മുഹമ്മദ്‌ റാഫിയുടെയും കിഷോര്‍ കുമാര്‍, ലതാ മങ്കേഷ്കര്‍ എന്നിവരുടെയും ആലാപന ശൈലിക്ക് നിര്‍ണായകമായ പങ്കുണ്ടെന്ന് വാദിക്കപ്പെട്ടിട്ടുണ്ട്. പീറ്റർ മാനുവൽ, സഞ്ജയ്‌ ശ്രീവാസ്തവ എന്നിവര്‍ സിനിമാ പാട്ടുകളെ കുറിച്ച് അത്തരം നിരീക്ഷണങ്ങള്‍ മുന്നോട്ടുവെക്കുന്നുണ്ട്. ഗായകര്‍ക്ക് ഇൻഡ്യയിലെ പല ഭാഷകളില്‍ പാടാന്‍ കഴിയുന്നത്‌ സിനിമാ ഗാനങ്ങളില്‍ ചില പൊതു മാതൃകകള്‍ കൂടി ഉള്ളത് കൊണ്ടാണെന്ന് അവര്‍ ചൂണ്ടിക്കാണിക്കുന്നു. ലതാ മങ്കേഷ്കര്‍, കിഷോര്‍ കുമാര്‍ എന്നിവര്‍ പല ഇൻഡ്യന്‍ ഭാഷകളില്‍ പാടിയിട്ടുണ്ടെങ്കിലും, ഒരേ രീതിയിലാണ് പാടിയിട്ടുള്ളതെന്നും, സിനിമാപാട്ടുകള്‍ Common-denominator-mass-music style നിര്‍മിക്കുന്നുവെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. ഒരേ തരത്തിലുള്ള കേൾവിക്കാരെ സൃഷ്ടിക്കുന്നുവെന്നാണ് അദ്ദേഹം വാദിക്കുന്നത്. എന്നാൽ അത് പ്രശ്‌നം നിറഞ്ഞ ഒന്നാണ്.

മുഹമ്മദ് റാഫി

എന്നാൽ, ശ്രോതാക്കള്‍ക്ക് യാതൊരു ഇടപാടുമില്ലാത്ത ഒന്നാണെന്ന് അതെന്ന് ഞാന്‍ കരുതുന്നില്ല. അത്തരത്തില്‍ ഒരേ സ്വഭാവമുള്ള കേൾവി അസാധ്യമാണ്. ലതാ മങ്കേഷ്കര്‍, കിഷോര്‍ കുമാര്‍, റാഫി എന്നിവരുടെ ശബ്ദവും ആലാപനവും സംഘർഷമില്ലാത്ത മാതൃകകള്‍ ആണെന്ന് പറയാനും കഴിയില്ല എന്നാണ് കരുതുന്നത്. ഈ മാതൃകകളെ മറികടക്കാനുള്ള ശ്രമങ്ങളും സിനിമാ പാട്ടുകളില്‍ കാണാന്‍ കഴിയും. എസ്.പി.ബിയുടെ പാട്ടുകളെ ശ്രദ്ധിച്ചാൽ പല ഭാഷകൾക്കിടയില്‍ സുഗമമായി സഞ്ചരിക്കാന്‍ കഴിയുന്നത്‌ ചില പൊതു മാതൃകകളും കൂടിയുള്ളത് കൊണ്ടാണെങ്കിലും, ഭാഷാ-സാംസ്കാരിക വ്യത്യാസങ്ങള്‍ അനുസരിച്ച് വ്യതിരിക്തതകൾ കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട് എന്ന് കേള്‍ക്കാന്‍ കഴിയും. ഹിന്ദിയിലെ അദ്ദേഹത്തിന്‍റെ ആലാപനം തെന്നിന്ത്യന്‍ ഭാഷകളിലെ ആലാപനത്തില്‍ നിന്നും വ്യത്യസ്തമായാണ് തോന്നിയിട്ടുള്ളത്. യേശുദാസിന്റെ ആലാപനത്തെക്കാള്‍ ഹിന്ദിയിലെ മുഖ്യധാരാ ജനപ്രിയ സിനിമകളില്‍ സ്വാധീനം നേടാന്‍ എസ്.പി.ബിയുടെ ശൈലിക്ക് കഴിഞ്ഞിട്ടുണ്ടെന്ന് കരുതാമോ? സല്‍മാന്‍ ഖാന് വേണ്ടി ധാരാളം പാട്ടുകള്‍ പാടിയിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്.

1966ല്‍ എസ്.പി കോദണ്ട പാണി സംഗീതം ചെയ്ത ‘ശ്രീ ശ്രീ രാമണ്ണാ’ എന്ന സിനിമയില്‍ ആദ്യമായി പാടുന്നത് മുതല്‍, സിനിമയുടെ വ്യത്യസ്ത കാലഘട്ടങ്ങളിലൂടെ അദ്ദേഹം വളര്‍ന്നുവന്നത് ശ്രദ്ധിച്ചാല്‍ എത്രയോ സംഗീത-സിനിമാ സങ്കല്‍പ്പങ്ങളുടെ മാറ്റം അനുഭവിക്കാന്‍ കഴിയും. വളരെ യാദൃശ്ചികമായി മാത്രം സിനിമാ ഗായകനായി മാറിയ ആളാണ്‌ താനെന്ന് അദ്ദേഹം പലപ്പോഴും പറഞ്ഞിട്ടുണ്ട്. അയവില്ലാത്ത ഒരു സമീപനമല്ല തനിക്കുള്ളതെന്നും, ആധികാരികതയുടെ കാര്‍ക്കശ്യം വെച്ചുപുലര്‍ത്തുന്നില്ല എന്നുമാണ് ആ വാക്കുകള്‍ ധ്വനിപ്പിക്കുന്നത്. അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ച പലരും ആ സ്വഭാവത്തെ കുറിച്ച് പറയുന്നത് വിശ്വാസ യോഗ്യമായാണ് തോന്നിയിട്ടുള്ളത്.

പൊതു വേദിയില്‍ അദ്ദേഹം ‘ഇളയനിലാ’ പാടുമ്പോള്‍, രണ്ടാമത്തെ ബി.ജി.എമിലെ ഫ്ലൂട്ട് പീസ്‌ വായിക്കുമ്പോള്‍ മറ്റൊരു ശ്രുതിയിലുള്ള ഫ്ലൂട്ട് തെരഞ്ഞെടുത്തത് മൂലം ‘അരുൺമൊഴി’ എന്ന പ്രശസ്ത ഫ്ലൂട്ടിസ്റ്റിന് തെറ്റിയപ്പോള്‍, ആ സാഹചര്യത്തെ എസ്.പി.ബി കൈകാര്യം ചെയ്ത രീതി ഇത് വ്യക്തമാക്കും. അരുൺമൊഴിയുടെ ആത്മവിശ്വാസത്തെ തകര്‍ക്കാതെ അദ്ദേഹം ആ ഭാഗത്ത് വോക്കല്‍ കൊണ്ട് നിറക്കുകയും, പിന്നെ അരുൺമൊഴിക്ക് ആ പീസ്‌ വായിക്കാന്‍ അവസരം കൊടുത്തുകൊണ്ട് പാടുകയും ചെയ്തു. അദ്ദേഹത്തിന്റെ പൊതു വ്യക്തിത്വം സംഗീത രംഗത്തെ ചില ശീലങ്ങളുടെ ചട്ടക്കൂടുകളില്‍ ഒതുങ്ങാത്തത് പോലെയാണ് തോന്നിയിട്ടുളത്. ഉഷാ ഉതുപ്പ് അവരുടെ ആലാപന ശൈലിയിലൂടെ പല അംഗീകൃത ശൈലികളെ മറികടക്കുന്നതിനെ കുറിച്ച്‌ മുന്‍പ് മറ്റൊരു ലേഖനത്തില്‍ എഴുതിയിട്ടുണ്ട്. പാശ്ചാത്യ ജനപ്രിയ ശൈലികളില്‍ നിന്നുകൊണ്ട് ഉഷാ ഉതുപ്പ് സൃഷ്ടിച്ച ആലാപന ശൈലി സിനിമാ പാട്ടിലെ പല പതിവുകളെയും (cliche) മറികടക്കാന്‍ ശ്രമിച്ചിട്ടുണ്ട്. എസ്.പി.ബിയും ഇത്തരത്തില്‍ പല സംഗീത ശൈലികളെയും കൂട്ടിക്കലര്‍ത്തുന്നതും, അതിര്‍വരമ്പുകളെ നേര്‍ത്തതാക്കുന്നതുമായ ആലാപന ശൈലി വികസിപ്പിച്ചെടുത്തു. അദ്ദേഹത്തിന്റെ പാട്ടുകളെയും വ്യക്തിത്വത്തെയും, സാംസ്കാരിക പ്രതീകത്തെയും കുറിച്ച് ചില കാര്യങ്ങള്‍ പറയാന്‍ മാത്രമാണ് ഇവിടെ ശ്രമിച്ചത്. വളരെ ആഴത്തില്‍ മനസ്സിലാക്കേണ്ട സാംസ്കാരിക ലോകമാണ് അദേഹത്തിന്റെ സംഗീതം.

Top