പൊളി സാനം ടിക് ടോക്ക്: പുത്തന്‍ മാധ്യമം, പുത്തന്‍ ഉത്കണ്ഠകൾ
യൂറ്റ്യൂബ്, ടിക്ടോക്ക് തുടങ്ങിയ മാധ്യമങ്ങളുടെ പ്രവണതകളെയും അതിന്റെ ഫോളോവര്‍മാരുടെ ലോകത്തെയും മനസ്സിലാക്കേണ്ടതുണ്ട്. മാധ്യമം (media) എന്നതിനെ ചര്‍ച്ചയിലേക്കു കൊണ്ടു വരേണ്ടതുണ്ടെന്നർഥം. മുന്‍പത്തെ മാധ്യമങ്ങളുടെ പല സങ്കൽപങ്ങളെയും ഇവ തകിടം മറിച്ചിട്ടുള്ളതുകൊണ്ടു തന്നെ, സാംസ്കാരിക വിശകലനം ചെയ്യുന്നവരും തങ്ങളുടെ ഉപകരണങ്ങൾ പുതുക്കിപ്പണിയേണ്ടതുണ്ട്.
ഒരു സുപ്രഭാതത്തില്‍ അര്‍ജു എന്ന യൂറ്റ്യൂബർ, യൂറ്റ്യൂബില്‍ അദ്ഭുതം പോലെ, ഏതാനും മില്യണ്‍ സബ്സ്ക്രൈബര്‍മാരെ നേടി ഞെട്ടിച്ചുകളഞ്ഞു. സൈബര്‍ ലോകത്ത് ഇത്തരം പെട്ടെന്നുള്ള താരോദയങ്ങളും വൈറലാകലും ഒരു പ്രവണതയാണ്. അര്‍ജുവിന് ഇത്രയും ആരാധകവൃന്ദവും ഫോളോവേഴ്സും ഉണ്ടാകുന്നത് ‘ടിക്ടോക്ക് റോസ്റ്റിങ്’ വീഡിയോകള്‍ ഇറക്കിയതോടെയാണ്. ഫെയ്സ്ബുക്ക് ഉള്‍പ്പടെയുള്ള സാമൂഹിക മാധ്യമങ്ങളിലും ഇതു ചര്‍ച്ചയ്ക്കു വഴിവച്ചു. അതേസമയം, ഈ ‘റോസ്റ്റിങ് വീഡിയോകളെ’ വിമര്‍ശിച്ച് മലയാളത്തില്‍ കുറച്ചു ലേഖനങ്ങള്‍ എഴുതപ്പെട്ടു. ജാതീയതയും വംശീയതയും സ്ത്രീവിരുദ്ധതയും ഹോമോഫോബിയയും അര്‍ജുവിന്റെ റോസ്റ്റിങ്ങില്‍ ഉണ്ടെന്ന വിലയിരുത്തല്‍ മാത്രമാണ് ഈ ലേഖനങ്ങള്‍ കൂടുതലും പറയാന്‍ ശ്രമിച്ചത്. ഇതൊന്നും ഇല്ലെന്നല്ല ഞാന്‍ പറയാന്‍ ശ്രമിക്കുന്നത്. അതെല്ലാം ഏതു മേഖലയിലും നിലനില്‍ക്കുന്ന കാര്യങ്ങളാണ്; ചര്‍ച്ച ചെയ്യേണ്ടതുമാണ്. പക്ഷേ അര്‍ജുവിന്റെ ‘റോസ്റ്റിങ് വീഡിയോകളെ’ വിമര്‍ശിക്കാന്‍ ശ്രമിക്കുന്ന ഈ ലേഖനങ്ങള്‍, മലയാളത്തിലെ സാംസ്കാരിക വിമർശന രീതിയുടെ ചില പരിമിതികളും പ്രതിസന്ധികളും തുറന്നു കാണിക്കുന്നുണ്ടെന്നു പറയാനാണ് ഇവിടെ ശ്രമിക്കുന്നത്. അര്‍ജു എന്ന വ്യക്തിയുടെ ഉള്ളിലെ പ്രശ്നമായി വിലയിരുത്തുന്ന എളുപ്പവഴിയാണ് ഇവയില്‍ സ്വീകരിക്കപ്പെട്ടത്. എന്നാല്‍ ഈ ചർച്ചയിലെ പ്രധാന കണ്ണികളായ യൂറ്റ്യൂബ്, ടിക്ടോക്ക് എന്നിവയെയോ, സൈബര്‍ ലോകത്തിന്റെ സവിശേഷതകളെയോ ഈ ലേഖനങ്ങള്‍ അഭിസംബോധന ചെയ്യുന്നില്ല. ഈ വിഷയത്തിലെ ചര്‍ച്ചകളില്‍ നിന്നു വിട്ടു പോയ അത്തരം ഘടകങ്ങളെക്കുറിച്ചു ചില കാര്യങ്ങള്‍ ഉന്നയിക്കാനാണു ശ്രമിക്കുന്നത് .
‘അര്‍ജു’ എവിടെ നിന്നു വരുന്നു?
നേരത്തെ ഞാന്‍ പാരമാര്‍ശിച്ച ലേഖനങ്ങളില്‍ കണ്ടത് അര്‍ജു എന്ന വ്യക്തിയുടെ ബോധത്തിലെ, അല്ലെങ്കില്‍ ആരാധകരുടെ ബോധത്തിലെ ജാതീയതയോ സ്ത്രീവിരുദ്ധതയോ തിരയുന്നതാണ്. ഇതു വളരെ എളുപ്പമുള്ള വിമര്‍ശന രീതിയാണ്. പക്ഷേ, വളരെക്കുറച്ചു സബ്സ്ക്രൈബര്‍മാര്‍ മാത്രമുള്ള അര്‍ജു എന്ന വ്യക്തി ഈ റോസ്റ്റിങ് വീഡിയോകളിലൂടെ എങ്ങനെയാണു ലക്ഷകണക്കിനു സബ്സ്ക്രൈബർമാരെ നേടിയെടുത്തത്? മലയാളം യൂറ്റ്യൂബ് ചാനലുകളില്‍ ‘റോസ്റ്റിങ്’ ഒരു തരംഗമായി മാറുകയും വേറെയും ‘റോസ്റ്റേഴ്സ്’ രംഗപ്രവേശം ചെയ്യുകയും ചെയ്തത് എന്തുകൊണ്ടാണ്? യൂറ്റ്യൂബിന്റെ, യൂറ്റ്യൂബ് കമ്മ്യൂണിറ്റികളുടെ ചില പ്രവണതകളെയല്ലേ ഇതു വെളിവാക്കുന്നത്? അപ്പോള്‍ യൂറ്റ്യൂബ്, ടിക്ടോക്ക് തുടങ്ങിയ മാധ്യമങ്ങളുടെ പ്രവണതകളെയും അതിന്റെ ഫോളോവര്‍മാരുടെ ലോകത്തെയും മനസ്സിലാക്കികൊണ്ടു മാത്രമേ ഇത്തരം ചര്‍ച്ചകളെ മനസ്സിലാക്കാന്‍ കഴിയൂ. മാധ്യമം (media) എന്നതിനെ ചര്‍ച്ചയിലേക്കു കൊണ്ടു വരേണ്ടതുണ്ടെന്നർഥം. മുന്‍പത്തെ മാധ്യമങ്ങളുടെ പല സങ്കൽപ്പങ്ങളേയും ഇവ തകിടം മറിച്ചിട്ടുള്ളതുകൊണ്ടു തന്നെ, സാംസ്കാരിക വിമര്‍ശനോപാധികള്‍ പലതും പോരാതെ വരും. സാംസ്കാരിക വിശകലനം ചെയ്യുന്നവരും ഉപകരണങ്ങളും പുതുക്കിപ്പണിയേണ്ടതുണ്ട് എന്നാണു കരുതുന്നത്. നവമാധ്യമങ്ങളെക്കുറിച്ചു ധാരളം പഠനങ്ങളും ചര്‍ച്ചകളും ഉയര്‍ന്നു വരുന്നുണ്ട് എന്നതു പുതിയ സാധ്യതകള്‍ തുറക്കാം.
അര്‍ജുവിന്റെ ‘താരോദയ’ത്തിനു ചില കാരണങ്ങളുണ്ടാകാം. ആ സാഹചര്യങ്ങളെക്കുറിച്ച് ആലോചിക്കാന്‍ ശ്രമിക്കാം. യൂറ്റ്യൂബിൽത്തന്നെ സെര്‍ച് ചെയ്തു നോക്കിയാല്‍ ഇൻഡ്യയ്ക്കകത്തുള്ള വളരെയേറെ റോസ്റ്റിങ് വീഡിയോകള്‍ കാണാം. ഈ റോസ്റ്റര്‍മാരുടെ പ്രധാന ഇര, ടിക്ടോക്കുകാരാണ്; അതില്‍ത്തന്നെ ടിക്ടോക്ക് ചെയ്യുന്ന സ്ത്രീകളാണ്.
അര്‍ജു ഹെലെന്‍ ഓഫ് സ്പാർട്ട എന്ന ടിക്ടോക്കുകാരിയെ ആക്രമിക്കുമ്പോള്‍ ഹിന്ദിയില്‍ കൂടുതലും, ബ്യൂട്ടിഖാൻ എന്ന ടിക്ടോക്കുകാരിയാണു റോസ്റ്റ് ചെയ്യപ്പെടുന്നത്. ഇതിന്റെ കാരണത്തിലേക്കു കടക്കുന്നതിനു മുന്‍പ് ആലോചിക്കേണ്ടത് എന്തുകൊണ്ടാണു ടിക്ടോക്ക് ഇവരുടെ പ്രധാന ലക്ഷ്യമാവുന്നതെന്നാണ്. പ്രധാന കാരണത്തിലേക്കു വരുന്നതിനു മുന്‍പ് ചൂണ്ടിക്കാട്ടപ്പെട്ടിട്ടുള്ള ഒരു കാരണവും അറിഞ്ഞിരിക്കേണ്ടതുണ്ട്; യൂറ്റ്യൂബ് കോപിറൈറ്റ് പ്രശ്നമാണത്. റോസ്റ്റിങ്ങിലേക്കു പല വീഡിയോകളും തെരഞ്ഞെടുക്കുമ്പോള്‍ ഈ പ്രതിസന്ധിയുണ്ട്. പക്ഷേ, ടിക്ടോക് വീഡിയോ ഇതിനൊരു പരിഹാരമാവുന്നു. അപ്പോള്‍ ഏറ്റവും എളുപ്പം ആക്രമിക്കാന്‍ കഴിയുന്ന ലക്ഷ്യങ്ങളെ തെരഞ്ഞെടുക്കാന്‍ ഈ റോസ്റ്റർമാരെ ഇതു പ്രോത്സാഹിപ്പിക്കുന്നു. പ്രധാന കാരണമായി കരുതുന്നതിനെക്കുറിച്ചു പറയാം. അത് ടിക്ടോക്ക് ഉയര്‍ത്തിയ ഒരു ഭീതിയാണ്. എന്തിനാണ് ഇവര്‍ ടിക്ടോക്കിനെ ഭയക്കുന്നത്?
‘ടിക്ടോക്ക്’ അങ്ങനെ വിലസണ്ട’
ടിക്ടോക്കിന്റെ വ്യാപനം, വിശേഷിച്ചു യുവാക്കളുടെ ഇടയിലുണ്ടാക്കിയ സ്വാധീനം വലുതാണ്. യുവാക്കളുടെ ഹരമായി മാറിയ വേറെ ഒരു ആപ് കാണില്ല. എല്ലാ മുന്‍ഗാമികളെയും അതു പിന്തള്ളി. മേയ് മാസത്തിലെ റിപ്പോർട്ടുകളനുസരിച്ചു തന്നെ, ലോകത്തെ പലയിടങ്ങളിലായി മൊബൈലുകളില്‍ ഇരുന്നൂറു കോടി പേര്‍ അത് ഇന്‍സ്റ്റാള്‍ ചെയ്തു കഴിഞ്ഞു. ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് നടന്ന ആപ്പായി അതു മാറി. ഇൻഡ്യയിലും കേരളത്തിലും ടിക്ടോക്ക് ഉപയോഗിക്കുന്നവരുടെ കണക്കില്ലെങ്കിലും വളരെ സജീവമാണെന്ന് ടിക്ടോക്കില്‍ നിന്നു തന്നെ മനസിലാകുന്നുണ്ട്. എന്താണ് അതിന്റെ ജനപ്രിയതയ്ക്കു കാരണം? ഒരുപക്ഷേ, നല്ലൊരു ശതമാനം പേര്‍ പ്രായഭേദമെന്യേ ടിക്ടോക്കില്‍ ‘സമയം കളയുന്നു’ണ്ടാവും. പക്ഷേ, എന്താണ് അതിലേക്ക് അവരെ ആകര്‍ഷിക്കുന്നത്? മറ്റു സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് ഇതിനെ വേര്‍തിരിക്കുന്നതെന്തായിരിക്കും?
ടിക്ടോക്ക് സ്ഥിരം ആസ്വദിക്കുന്ന ഒരാളെന്ന നിലയിലും ഇന്റര്‍നെറ്റില്‍ നിന്നു കിട്ടുന്ന വിവരങ്ങളനുസരിച്ചും ഈ ആപ്പിന്റെ ചില അത്യാവശ്യ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ചുരുക്കത്തില്‍ അവ കുറിക്കാം. ബൈറ്റ് ഡാന്‍സ് എന്ന ചൈനീസ് കമ്പനിയുടെ ഉടമസ്ഥയിലുള്ള ഒരു ഷോര്‍ട്ട് വീഡിയോ ആപ്പാണ് ടിക്ടോക്. ഇതിനു മുന്‍പ് ഇതിനു സമാനമായ ചില ശ്രമങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും ഈ ആപ് അവയില്‍ നിന്നൊക്കെ വ്യത്യസ്തമാണ്. ചൈനീസ് ആപ് ആയ ഡൌയിന്‍ (Douyin), മ്യൂസിക്കൽ ഡോട് എൽവൈ (Musical.ly) യെ കൂടി ലയിപ്പിച്ചുകൊണ്ട് ലോകത്തെ ഏറ്റവും ജനപ്രീതിയുള്ള ഷോര്‍ട്ട് വീഡിയോ ഷെയറിങ് ആപ് ആവുകയായിരുന്നു ടിക്ടോക്ക്. പതിനഞ്ചു സെക്കൻഡ് വരുന്ന വീഡിയോകള്‍ ആണ് ഇതിൽ ഷെയര്‍ ചെയ്യപ്പെടുക. ആസ്വാദകരെ പിടിച്ചു നിര്‍ത്തുന്ന കുറെ കാര്യങ്ങള്‍ ഇതിനുണ്ട്. ഫെയ്സ്‌ബുക്കിൽ ന്യൂസ് ഫീഡിൽ പോസ്റ്റുകൾ നിറയുന്നതിനു ഫ്രണ്ട്സ്, ഫോളോവേർസ് എന്നിവ ആവശ്യമാണെങ്കിൽ ടിക്ടോകക്കിന് ആദ്യമേ ഫ്രണ്ട്സ് ഉണ്ടാക്കേണ്ട ആവശ്യമില്ല. വീഡിയോകൾ സ്ക്രോൾ ചെയ്യുമ്പോൾ വന്നു കൊണ്ടേയിരിക്കും. ഒരു സമയം ഒന്നെന്ന രീതിയില്‍ നീളത്തില്‍ മൊബൈല്‍ സ്ക്രീനില്‍ തെളിയുന്ന വീഡിയോകൾ, വീഡിയോ കാണുന്ന സമയം മറ്റൊന്നും ചെയ്യാതെ അതു കാണാന്‍ പ്രേരിപ്പിക്കുന്നു. അവസാനമില്ലാത്ത പോലെ വീഡിയോകൾ വരികയും ചെയ്യുന്നു. ആർട്ടിഫിഷ്യൽ ഇൻറലിജെൻസ് അല്‍ഗോരിതം വഴി , ഓരോരുത്തരുടേയും അഭിരുചി മനസ്സിലാക്കിയാണു വീഡിയോകള്‍ ‘ഫോര്‍ യൂ’ ടാബില്‍ വരുന്നത്. അടുത്ത വീഡിയോ എന്താണെന്നു മനസ്സിലാക്കാനുള്ള ആകാംഷയും നിലനിർത്തപ്പെടുന്നു. വീഡിയോ ക്രിയേറ്റ് സാധ്യതകളും ധാരാളമുണ്ട്.
എന്നെ ആകര്‍ഷിച്ച ഒരു കാര്യം, ഈ ആപ്പില്‍ ശബ്ദത്തിനുള്ള പ്രാധാന്യമാണ്. പാട്ട് ശകലങ്ങള്‍, ചെറിയ മ്യൂസിക് ബിറ്റുകള്‍, ഡയലോഗുകള്‍ എന്നിവ ഉപയോഗിച്ചു ടിക്ടോക്കർമാർ വീഡിയോ നിര്‍മിക്കുകയും ആ ശബ്ദശകലങ്ങള്‍ അടിസ്ഥാനമാക്കി മറ്റുള്ളവരും അവരുടെ വീഡിയോ ഉണ്ടാക്കുകയും ചെയ്യുമ്പോൾ, ആ വീഡിയോകളെ പരസ്പരം ബന്ധിപ്പിക്കുന്നതു ശബ്ദമാണ് എന്നതാണു ശ്രദ്ധേയം. അതുകൊണ്ട് ശബ്ദം കേന്ദ്രസ്ഥാനത്തു വരുന്നു.
ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള സംഗീതവും ശബ്ദങ്ങളും ഈ രീതിയിൽ ഉപയോഗപ്പെടുത്തപ്പെടുന്നു എന്നത് ഒരു ശബ്ദസംസ്കാരം കൂടിയുണ്ട് ടിക്ടോക്കിനെന്നു വ്യക്തമാക്കുന്നു. വൈറലാകുന്ന ശബ്ദങ്ങളെ ഉപയോഗിക്കുകയും നൃത്തങ്ങളെയും ആക്ഷനുകളെയും അനുകരിക്കുകയും ചെയ്യുന്ന രീതി രസകരമാണ്. ഈ ആവര്‍ത്തനവും അനുകരിക്കലും സര്‍ഗാത്മകയായി കാണാന്‍ കഴിയുമോ എന്നത് പാരമ്പര്യവാദികളെ അലട്ടുന്ന ചോദ്യമായിരിക്കും. പക്ഷേ ഈ അനുകരണങ്ങളും കൂടിയാണ് ടിക്ടോക്കിനെ സർഗാത്മകമാക്കുന്നത്. ഈ പതിനഞ്ചു സെക്കൻഡില്‍ ചെയ്യാന്‍ കഴിയുന്നതൊക്കെയും വീഡിയോ ചെയ്യുന്നവര്‍ ചെയ്യും. കളിയും ഭ്രാന്തും അയുക്തിയും ട്രോളും എല്ലാം അതിലുണ്ട്. പെട്ടന്നു ചിലര്‍ പ്രശസ്തരാവുകയും ചെയ്യും. ഇതു പല യൂറ്റ്യൂബ് റോസ്റ്റര്‍മാരെയും അലോസരപ്പെടുത്തുന്നുണ്ട്. അവര്‍ ചോദിക്കും: “ഈ വീഡിയോയ്ക്ക് ഇത്രയും ലൈക്കോ?” “ഇവള്‍/ഇവന്‍ അത്ര സൗന്ദര്യമുള്ള ആളോ?” ഇതിന്റെ ലോകം ഒരു പക്ഷേ എല്ലാവര്‍ക്കും പെട്ടന്നു പിടികിട്ടില്ല.
ഇനി യൂറ്റ്യൂബ് താരങ്ങള്‍ക്ക് എന്തുകൊണ്ടാണു ടിക്ടോക്കിനോട് ഈ പ്രശ്നമെന്ന് ആലോചിക്കാം. ആദ്യം തന്നെ ഓര്‍ക്കേണ്ട കാര്യം, അത്തരം ആശങ്കയുള്ളവരാണ് യൂറ്റ്യൂബ് വേഴ്സസ് ടിക്ടോക് എന്ന ചര്‍ച്ച തന്നെ കൊണ്ടുവന്നത്. പരസ്പരം പ്രവേശിക്കാത്ത ഒന്നല്ല ഈ മാധ്യമങ്ങള്‍. അതിനെക്കുറിച്ചു പിന്നീടു പറയാം. യുറ്റ്യൂബ് കടന്നു വരുന്ന കാലം ആലോചിക്കുക. അതിനെയും വലിയ ആശങ്കയോടെയാണ് എല്ലാവരും കണ്ടത്. 2005 ല്‍ ആരംഭിക്കുകയും പിന്നീട് 2006ല്‍ ഗൂഗിള്‍ വാങ്ങുകയും ചെയ്ത യുറ്റ്യൂബ് എന്ന വീഡിയോ ഷെയറിങ് പ്ലാറ്റ്ഫോം യുവാക്കളെ ആകർഷിക്കുകയും ഏറ്റവും ജനപ്രിയ ഇടമാവുകയും ചെയ്തു. ആദ്യകാലത്ത് അതിനെക്കുറിച്ചുള്ള ആശങ്കകളുമുണ്ടായിരുന്നു. ഒരു ചര്‍ച്ച എനിക്കോര്‍മ വരുന്നത് വൈ ദിസ് കൊലവെറി ഡീ എന്നാ തമിഴ് പാട്ടിനെക്കുറിച്ചുള്ളതാണ്. ആ പാട്ട് ഒറിജിനല്‍ ഇറങ്ങുന്നതിനു മുന്‍പു തന്നെ അതിന്റെ മെയ്ക്കിങ് വീഡിയോ യുറ്റ്യൂബിൽ തരംഗമായി. ബുദ്ധിജീവി മേഖലകളില്‍ ഉയര്‍ന്നുവന്ന വിമര്‍ശനം അതിലെ സ്ത്രീവിരുദ്ധ വരികളാണ് അതിനെ ജനപ്രിയമാക്കുന്നത് എന്നാണ്. യുറ്റ്യൂബ് എന്നതിന്റെ സാങ്കേതിക തലങ്ങള്‍ എങ്ങനെയാണ് ആ പാട്ടിനെ ഹിറ്റാക്കിയതെന്നത് അവര്‍ പരിഗണിച്ചില്ല. ജനപ്രിയമായ കലകള്‍ കുറഞ്ഞതായി കാണുന്ന സമീപനവും കൂടിയായിരുന്നു അത്. ഷെയറിങ്, കവര്‍ വീഡിയോകള്‍ ഉണ്ടാക്കാനുള്ള സാധ്യത ഉള്‍പ്പടെ പല സാധ്യതകളും കൂടിയാണ് അതിനെ ഹിറ്റാക്കിയത്. ആസ്വാദകര്‍ തന്നെ സ്രഷ്ടാക്കളാകുന്ന സാങ്കേതിക സാധ്യതകള്‍ പരിഗണിക്കേണ്ടതുണ്ടായിരുന്നു. (ആ ചര്‍ച്ചയുടെ സമയത്ത് ഒരു ലേഖനം kafila.org ല്‍ എഴുതിയിട്ടുണ്ട്. വിശദമായ ചര്‍ച്ചയ്ക്ക് അതു വായിക്കുക )
പിന്നീട് യുറ്റ്യൂബിനു വന്ന മാറ്റങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പല നിലയ്ക്കും ‘ആധികാരികതയും’ ‘മാന്യതയും’ അതു നേടിയെടുത്തു. സംഗീതം, ക്രാഫ്റ്റ്, റ്റെക്നോലജി, പാചകം ഉള്‍പ്പടെ പല വീഡിയോകളും അറിവു നല്‍കുന്നതായി പരിഗണിക്കപ്പെട്ടു. ടി.വി ന്യൂസ് ചാനലുകള്‍ യുറ്റ്യൂബിനെ പ്രധാനപ്പെട്ട ബഹുജന മാധ്യമമായി അംഗീകരിച്ചുകൊണ്ട് യുറ്റ്യൂബ് ചാനലുകള്‍ തുടങ്ങി. അതും ഈ ആധികാരികത വര്‍ധിപ്പിച്ചു. യുറ്റ്യൂബർമാര്‍ അംഗീകാരം നേടി. എത്രത്തോളം സബ്സ്ക്രൈബര്‍മാരെ നേടാന്‍ കഴിയുമെന്നാണ് അവര്‍ ശ്രമിച്ചത്. ഒട്ടേറെ പേര്‍ക്കു വരുമാനമാര്‍ഗമായി. ഒരു അംഗീകൃത മാധ്യമം ആയി മാറി. ഇതാവാം അവരെ ടിക്ടോക്പോലുള്ള പുത്തന്‍ വീഡിയോ ഷെയറിങ് ആപ്പുകളെ, യുക്തിരഹിതവും കാര്യമില്ലാത്ത ഒന്നായും കാണാന്‍ പ്രേരിപ്പിക്കുന്നത്. ടിക്ടോക്കുകാര്‍ നേടിയെടുക്കുന്ന വന്‍ ജനപ്രീതി അവര്‍ക്കു പിടി കിട്ടുന്നില്ല. നീണ്ട വീഡിയോയുടെ ആള്‍ക്കാര്‍ക്ക് ടിക്ടോക്കിന്റെ ചെറിയ വീഡിയോകള്‍ ഉണ്ടാക്കുന്ന തരംഗം അംഗീകരിക്കാന്‍ കഴിയുന്നില്ല. പണ്ട് ഏകദിന ക്രിക്കറ്റ് മാച്ചു വന്നപ്പോള്‍ ടെസ്റ്റ് ക്രിക്കറ്റുകാര്‍ക്കു തോന്നിയ, പിന്നീട് ട്വന്റി-ട്വന്റി വന്നപ്പോള്‍ ഏകദിനക്കാര്‍ക്കും തോന്നിയ പുച്ഛം ഇവര്‍ക്കും ഉണ്ടായി. അവര്‍ അംഗീകരിച്ചിരുന്ന ഫോര്‍മാറ്റുകള്‍ ക്ലാസ്സിക്കും പിന്നീടു വരുന്നതിനെ ആഴവും പരപ്പുമില്ലാത്തതും എന്ന ‘ക്ലാസ്സിസിസ്റ്റ്’ വാദമാണു മിക്കപ്പോഴും പുതിയ രൂപങ്ങളോടു പലരും സ്വീകരിക്കുന്നത്. യുറ്റ്യൂബുകാര്‍ക്ക് ടിക്ടോക്കിനോടു തോന്നുന്ന അങ്കലാപ്പും അതാണ്. ടിക്ടോക്കില്‍ ചിലപ്പോള്‍ വെറുതെ, ഒന്നും പറയാതെ, ഒരു നില്‍പ്പു നിന്നിട്ടോ ചിരിച്ചിട്ടോ സ്ലോ മോഷനില്‍ നടന്നിട്ടോ വന്‍ ജനപ്രീതി നേടിയെടുക്കാം. ഇത് ആ ഒരു സംസ്കാരം മനസ്സിലാക്കിയാലേ പിടികിട്ടൂ. ഇതിനെയൊക്കെ റോസ്റ്റ് ചെയ്യുന്നവരുണ്ട്. അമ്പിളിയെന്ന ടിക്ടോക്കുകാരന്‍ കരഞ്ഞു ലൈക് വാങ്ങുന്നുവെന്നാണ് അര്‍ജുവിന്റെ ഒരു വേവലാതി. അങ്ങനെ, യുക്തിയും ആധികാരികതയും ടിക്ടോക്കിനില്ലെന്നാണ് അവര്‍ നിരന്തരം പറയുന്നത്. അതിനു ടിക്ടോക്കില്‍ മറുപടിയും വന്നിട്ടുണ്ട്. “ഞങ്ങള്‍ ജീവിച്ചു പോട്ടെ, നിങ്ങളെപ്പോലെ കഷ്ട്ടപ്പെട്ടു തന്നെയാണു ഞങ്ങളും വീഡിയോ ഉണ്ടാക്കുന്നതെന്ന്” അവര്‍ തിരിച്ചു പറയുന്നു. ഓരോ മാധ്യമത്തിന്റെയും രീതികള്‍ക്കുള്ളില്‍ നിന്നു മാത്രമേ അതിന്റെ പ്രവണതകളെ മനസിലാക്കാന്‍ കഴിയൂ. ടിക്ടോക്ക് ഉണ്ടാക്കുന്ന ഈ അങ്കലാപ്പു കൂടിയാണു റോസ്റ്റിങ്ങിന്റെ കാരണം. എളുപ്പം ആക്രമിക്കാന്‍ കഴിയുന്നവരെ ആക്രമിക്കാന്‍ കഴിയുന്നതു കൊണ്ടു മാത്രമല്ല, ടിക്ടോക്ക് പേടിയാണ് ഈ റോസ്റ്റര്‍മാരെക്കൊണ്ടിതു ചെയ്യിപ്പിക്കുന്നത്. വളരെ കുറച്ചു സബ്സ്ക്രൈബര്‍മാര്‍ ഉണ്ടായിരുന്ന അര്‍ജു ടിക്ടോക് വീഡിയോകളെ ഉപയോഗിച്ചാണ് ഉയര്‍ന്നു വന്നതെന്നതു വേറെ കാര്യം.
അര്‍ജുവിന്റെ പുതിയ കണ്ടുപിടുത്തമല്ലയിത്. ഹിന്ദിയില്‍ ധാരാളം റോസ്റ്റർമാരുണ്ട്. കാരി മിന്നാറ്റി, ആന്ഗ്രി പ്രാഷ്, ഗരീബ്, മല്ലിക വ്ലോഗ്സ് തുടങ്ങി നിരവധി പേരുണ്ട്.അവരുടെ അതേ രീതിയെ അനുകരിക്കുകയാണ് അര്‍ജുന്‍ ചെയ്തത്. അവരും ഇതേ പോലെ ടിക്ടോക്കരെ, വിശേഷിച്ചും സ്ത്രീകളെ ആക്രമിക്കുന്നുണ്ട്. അതുപോലെ ടിക്ടോക്കുകാരുടെ ഹെയര്‍ സ്റ്റൈലിനെ അവര്‍ നിരന്തരം ആക്രമിക്കുന്നു. ഇത്രയും വലിയ സദാചാര പ്രശ്നങ്ങള്‍ ഇവരെന്തുകൊണ്ട് ഏറ്റെടുക്കുന്നു? ടിക്ടോക്ക് അത്തരത്തിലുള്ള പല സദാചാര യുക്തികളെയും തകിടം മറിക്കുന്നുണ്ട്; ഒപ്പം പല കീഴാള ഇടങ്ങളെയും കാണുകയും ചെയ്യാം, പുത്തന്‍ സാംസ്കാരിക പ്രവണതകള്‍, ആനന്ദങ്ങള്‍…
പുത്തൻ സാംസ്കാരിക പ്രവണതകൾ, ആനന്ദങ്ങൾ
അര്‍ജുവിന്റെ ബോധത്തിലെ പ്രശ്നമായി ജാതി, വംശ, ലിംഗ പ്രശ്നങ്ങളെ വ്യാഖ്യാനിക്കുമ്പോള്‍ ഈ മാധ്യമങ്ങളുടെ പ്രവണതകളില്‍ എങ്ങനെയാണ് ഇവയൊക്കെ പ്രകടമാവുന്നതെന്നു മനസ്സിലാക്കാന്‍ കഴിയില്ല. മാധ്യമങ്ങളുടെ സവിശേഷതകള്‍, റ്റെക്നോലജി, മാധ്യമങ്ങളുമായി ബന്ധപ്പെട്ട കമ്മ്യൂണിറ്റികളുടെ സ്വഭാവം, സൈബര്‍ ലോകത്തിന്റെ സവിശേഷതകള്‍, ആനന്ദങ്ങള്‍ എന്നിവയുടെ സങ്കീര്‍ണതകള്‍ മനസ്സിലാക്കേണ്ടതുണ്ട്. വ്യക്തികളുടെ ഉള്ളിലെ പ്രശ്നമായി വ്യാഖ്യാനിക്കുമ്പോള്‍ ഈ സങ്കീര്‍ണതകള്‍ പിടികിട്ടാതെ വരും. സിനിമാ വിമര്‍ശനങ്ങള്‍, സിനിമ എന്ന മാധ്യമത്തെ പരിഗണിക്കുന്നതു പോലെ, എന്തുകൊണ്ട് യുറ്റ്യൂബും ടിക്ടോക്കും ആ നിലയ്ക്കു പരിഗണിക്കപ്പെടുന്നില്ല? ഇവയെ ഗൗരവമായ മാധ്യമമായി സാംസ്കാരിക വിമര്‍ശകര്‍ പോലും പരിഗണിക്കുന്നില്ല എന്നാണു മനസ്സിലാകുന്നത്.
ടിക്ടോക്കിലെ അവതരണങ്ങളോടുള്ള, ചില ‘ഉയര്‍ന്ന സംസ്കാര’ മേഖലയില്‍ നിന്നുള്ളവരുടെ അഭിപ്രായങ്ങള്‍, അതിനെ ഒറിജിനല്‍ ആയും സർഗാത്മകമായും അവര്‍ കാണുന്നില്ല എന്നു വ്യക്തമാക്കുന്നു. സ്കൂള്‍ ഓഫ് ഡ്രാമയില്‍ നിന്നുള്ള വ്യക്തി പറഞ്ഞ അഭിപ്രായം, ‘ടിക്ടോക്ക് അഭിനേതാക്കളെ, ആശ്രയിക്കാന്‍ കഴിയില്ല’ എന്നാണ്. അവരെ ജെന്യൂയിൻ(genuine) അഭിനേതാക്കളായി കാണാന്‍ കഴിയില്ലത്രേ.
പാരമ്പര്യവും ചരിത്രവുമുള്ള സിനിമയും നാടകവും പോലെ യഥാര്‍ഥ/മൗലിക അവതരണമായി അവയെ കാണാന്‍ മടിക്കുന്നു. ഇവയുടെ അത്രയും ചരിത്രമില്ലെങ്കിലും യുറ്റ്യൂബ് റോസ്റ്റർമാരും ഇതേ കാഴ്ച്ചപ്പാടാണു ടിക്ടോക്കിനോടു സ്വീകരിക്കുന്നതും. എന്നാല്‍ സിനിമയുടെ കാഴ്ച്ചയെ എത്രത്തോളം നെറ്റ്ഫ്ലിക്സും ആമസോണ്‍ പ്രൈമും അടക്കമുള്ള ഓ.ടി.പി പ്ലാറ്റ്ഫോമുകളും ടിക്ടോക്കും ഒക്കെ മാറ്റിത്തീര്‍ത്തിട്ടുണ്ടെന്നു ചര്‍ച്ച ചെയ്യപ്പെടുന്നില്ല. കലകളുടെ സര്‍ഗാത്മക പ്രവര്‍ത്തനത്തിന്റെ ഒക്കെ ശ്രേഷ്ഠ സങ്കൽപങ്ങളനുസരിച്ചും സദാചാര ബോധമനുസരിച്ചും ടിക്ടോക്ക് ഒരു കീഴാള/താണ ഇടമായാണു മനസ്സിലാക്കപ്പെടുന്നത്. പോരാത്തതിന് ഗൗരവ ചര്‍ച്ചകളേക്കാള്‍, നൃത്തവും കോമഡി ബിറ്റുകളുമാണല്ലോ ഇതില്‍ കൂടുതലുള്ളത്. ദലിതര്‍, ആദിവാസികള്‍, തൊഴിലാളികള്‍, ദരിദ്രര്‍, ക്വിയര്‍ തുടങ്ങിയവരുടെ സജീവത കൊണ്ടും കീഴാളയിടമായി മനസ്സിലാക്കപ്പെടുന്നു. ഒപ്പം ടിക്ടോക്ക് എന്നതില്‍ നിന്നു വ്യത്യസ്ത ആനന്ദങ്ങള്‍ കണ്ടെത്തുന്നതിനെയും രാഷ്ട്രീയ പ്രബുദ്ധരായ സാംസ്കാരിക വിമർശകര്‍ സഹിക്കില്ല.
ടിക്ടോക് ലോകത്തിന്റെ മറ്റു സവിശേഷതകള്‍ കൂടി കാണേണ്ടതുണ്ട്/കേള്‍ക്കേണ്ടതുണ്ട്. അതു ‘റിയലിസത്തെ’ ഒരു കളി പോലെ കാണുന്നുവെന്നതു രസകരമായാണു തോന്നുന്നത്. പല സാമൂഹിക ചുറ്റുപാടുകളില്‍ നിന്നുള്ളവരുടെ വീടുകളും പ്രദേശങ്ങളും ഇതില്‍ കടന്നു വരുന്നുണ്ട്. ദരിദ്ര പശ്ചാത്തലമോ വീടുകളോ പശ്ചാത്തലമാക്കാന്‍ ആരും നാണക്കേടു വിചാരിക്കുന്നില്ല. സാമുദായിക പരിസരം വ്യക്തമാക്കാനും ആര്‍ക്കും വലിയ പ്രശ്നമില്ല. ദലിത് പശ്ചാത്തലത്തില്‍ നിന്നു വരുന്ന പലരും അയ്യൻകാളിയുടെ ഫോട്ടോയും മറ്റും ഇടാറുണ്ട്. ഒപ്പം ദലിത്/നാടന്‍ പാട്ടുകളും വീഡിയോകളില്‍ ഉപയോഗിക്കുന്നുണ്ട്.എന്നാല്‍ ഈ ശബ്ദങ്ങളെ ഉപയോഗിച്ചു വീഡിയോ ഉണ്ടാക്കുന്നവര്‍ ദലിതര്‍ മാത്രമല്ല. കീഴാളത്തത്തെ ദുരിതത്തിന്റെ നിലയ്ക്കല്ലാതെ, രസകരമായ കാര്യങ്ങളുടെ പശ്ചാത്തലമായാണു പലരും പ്രകടമാക്കുന്നത്. ഒരു അസെർടീവ്നെസ് (assertiveness) അവയ്ക്കുണ്ട്. ‘ഞങ്ങള്‍ കോളനിക്കാരാണ്, അല്ലെങ്കില്‍ കറുപ്പു നിറമുള്ളവരാണ്, എന്താ കുഴപ്പം?’ എന്നു ചോദിക്കുന്ന എത്രയോ വീഡിയോകള്‍ കണ്ടിട്ടുണ്ട്. ‘അര്‍ജു ആക്രമിക്കുന്നേ’ എന്നൊന്നും പറയേണ്ട കാര്യം പോലുമില്ലാതെ, ആക്രമണങ്ങള്‍ക്കു മറുപടി കൊടുക്കുന്ന രീതി അതില്‍ത്തന്നെയുണ്ട്. മോശം കമന്റുകളെ പരാമര്‍ശിച്ചു വീഡിയോകള്‍ വഴി മറുപടി പറയുന്ന രീതിയും അതിലുണ്ട്.
അര്‍ജുവിനെ റോസ്റ്റ് ചെയ്ത ടിക്ടോക്
അര്‍ജുവിന്റെ റോസ്റ്റിങ്ങിനോടുള്ള ടിക്ടോക്കാരുടെ പ്രതികരണം ആയിരുന്നു രസകരം. അര്‍ജുവിന്റെ ശബ്ദം ടിക്ടോക്കില്‍ അസംസ്കൃത പദാർഥമായി മാറി. അതുപയോഗിച്ചു പലരും വീഡിയോ ചെയ്തു. ‘കരച്ചിലുകാരന്‍’ എന്ന നിലയില്‍ ആക്രമിക്കപ്പെട്ട അമ്പിളി ഒരു ടിക്ടോക്ക് വീഡിയോയില്‍ അര്‍ജുനെ കൊണ്ടു വന്നു. അയുക്തികം എന്നു ട്രോളിയ ടിക്ടോക്കില്‍ത്തന്നെ വരേണ്ടി വന്നു എന്ന ഗതികേട് അര്‍ജുവിന് ഉണ്ടാവുന്നു. മുടി സ്റ്റൈലിന്റെ പേരിലാണു ഹിന്ദിയിലെയും മലയാളത്തിലെയും റോസ്റ്റര്‍മാര്‍ ട്രോളിയത്. ‘കക്കൂസിലെ ബ്രഷു് പോലുള്ള മുടി’ എന്നൊക്കെ കളിയാക്കിയിരുന്നു. പക്ഷേ പല കളറുകള്‍ അടിച്ച മുടിയുള്ളവര്‍, പല സ്റ്റൈലില്‍ ഉയര്‍ത്തി മുടി വച്ചവര്‍ കൂടുതല്‍ ജനപ്രീതി നേടി. അഖില്‍ എന്ന പുതിയ താരത്തിന്റെ ഉദയം നോക്കുക.
പുത്തന്‍ മാധ്യമങ്ങളും സാമൂഹികതയും
നേരത്തെ സൂചിപിച്ച പോലെ നവമാധ്യമങ്ങള്‍ എന്നു പറയുന്നവ തമ്മില്‍ പരസ്പര ഇടപെടലുകളുണ്ട്; ഒപ്പം മിക്കവരും ഇവയൊക്കെ ഏതെങ്കിലും രീതിയില്‍ ഉപയോഗിക്കുന്നരുമാണ്. യൂറ്റ്യൂബ് വീഡിയോകള്‍ , അവയിലെ ഹിറ്റ് പാട്ടുകള്‍ ടിക്ടോക്കില്‍ സൗണ്ട് ട്രാക്ക് ആയി ഉപയോഗിക്കുന്നുണ്ട്. അതു പോലെ, പോപ്പുലര്‍ സിനിമാ ഡയലോഗുകള്‍ ഉപയോഗപ്പെടുത്തുണ്ട്. പുതിയ സിനിമകളുടെ എഡിറ്റിങ് രീതികളെ പുതിയ മാധ്യമങ്ങള്‍ സ്വാധീനിക്കുന്നുമുണ്ടാവാം. സിനിമയുടെ കാഴ്ചയില്‍ വന്ന മാറ്റങ്ങളും പ്രധാനമാണ്. പലപ്പോഴായി, മൊബൈലില്‍ കുറച്ചു കുറച്ചു ശകലങ്ങളായി സിനിമ കാണുന്നവരുണ്ട്. ഈ നിലയ്ക്ക് ഒരു മാധ്യമത്തെ മറ്റൊന്നിനെതിരെ പ്രതിഷ്ഠിക്കുന്നതില്‍ കാര്യമില്ല .റ്റെക്നോലോജിയും സാമൂഹിക ഇടപാടുകളും പരസ്പരം മാറ്റിത്തീര്‍ത്തു കൊണ്ടിരിക്കുമ്പോള്‍ അതിന്റെ സങ്കീര്‍ണതകളെ അഭിസംബോധന ചെയ്യുന്ന സാംസ്കാരിക വിമര്‍ശനരീതി വികസിപ്പിക്കേണ്ടതുണ്ട്.
- https://kafila.online/2011/12/08/high-theory-low-kolaveri-di-why-i-am-a-fan-of-this-flop-song-a-s-ajith-kumar/
- കുട്ടന്‍ പിള്ളയും അര്‍ജുവും പരിണമിക്കുന്നത് നോയല്‍ ജോര്‍ജുമാരിലേക്കാണ് - അരവിന്ദ് ഇന്‍ഡിജിനിയസ്
- ജാതിയിൽ 'പൊരിച്ചെ'ടുക്കുന്ന മധ്യവർഗ്ഗ തമാശകൾ - അഭിരാമി എസ്.ആർ
- വംശീയത + സെക്‌സിസം + ഹോമോഫോബിയ = Arjyou Roast. - ജോയല്‍ തോമസ് അഗസ്റ്റിന്‍