മതനിഷേധവും മതസ്ഥാപനവും സാധിച്ച പരമസദ്ഗുരു

ആരായിരുന്നു നാരായണഗുരു എന്നതിന് സഹോദരനുള്ള ഉത്തരം “വലിയ സേനയുടെ പടനായകൻ” എന്നാണ്. ഗുരുവിന്റെ പട യുദ്ധംചെയ്തത് ചാതുർവർണ്യ വ്യവസ്ഥയിൽ അധിഷ്ഠിതമായ സാമൂഹിക വ്യവസ്ഥയോടു മാത്രമല്ല, ബ്രാഹ്മണ്യത്തിന്റെ അടിത്തറയായ വേദ-ഇതിഹാസപുരാണാദികളുടെ പ്രത്യയശാസ്ത്രത്തോടും കൂടിയാണ്‌. വിട്ടുവീഴ്ച്ചയില്ലാതെ ആ പോരാട്ടത്തെ എന്നും മുന്നോട്ടുനയിക്കുക എന്നതാണ് ഓരോ സമാധി ദിനത്തിന്റെയും പ്രതിജ്ഞയാകേണ്ടത്. ഗുരു സമാധിയായപ്പോൾ സഹോദരൻ അയ്യപ്പൻ എഴുതിയ കവിത അമൽ സി. രാജന്റെ ആമുഖത്തോടെ.

ഇന്ന് നാരായണ ഗുരുവിന്റെ മഹാസമാധി ദിനമാണ്. ഗുരുവിന്റെ വിയോഗത്തിനു ശേഷം ഇറങ്ങിയ ‘സഹോദരൻ’ പത്രത്തിന്റെ മുഖപ്രസംഗത്തിൽ അയ്യപ്പൻ ഇങ്ങനെയെഴുതി: “ശ്രീനാരായണ ഗുരുസ്വാമി മരിച്ചുപോയി- സ്വാമി സമാധിയടഞ്ഞു, ദേഹമുക്തനായി, കൈവല്യംപ്രാപിച്ചു, സ്വർഗാരോഹണം ചെയ്തു, എന്നെല്ലാം പറയുന്നത് മരിച്ചുപോയി എന്നതിന്റെ ബഹുമാനസൂചകമായ അലങ്കാര പര്യായങ്ങൾ മാത്രമാണ്. മറ്റെല്ലാവരെയും പോലെ അദ്ദേഹവും മരിക്കുകയാണുണ്ടായത്. യാതൊരു വ്യത്യാസവുമില്ല. എന്നാൽ, സാധാരണക്കാരെപ്പോലെ അദ്ദേഹം മരണത്തോടുകൂടി അവസാനിച്ചില്ല. അദ്ദേഹം അവരെപ്പോലെ മരിച്ചിട്ടും അവരെപ്പോലെയല്ലാത്ത വിധം ജീവിക്കുന്നുണ്ട്”.

ഗുരുവിന്റെ മരണം അനേകം സാധാരണക്കാരെപ്പോലെ അയ്യപ്പനെയും അസാധാരണമാം വിധം ദുഃഖത്തിലാഴ്ത്തിയിരുന്നു. ആ തീവ്രദുഃഖം മാറിയതാണ് ‘ചരമഗാനം’. പിന്നീട് സമാധി ഗാനം, സമാധി ഗീതം തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന ആ കവിത അയ്യപ്പന്റെ ഏറ്റവും പ്രശസ്തമായ സാഹിത്യ രചനയാണ്. ആദ്യ വരികളിൽ ഗുരുവിനെ അയ്യപ്പൻ ബുദ്ധനോട് ചേർത്തുവെക്കുന്നു. “യശോ നിർവാണമടഞ്ഞ സദ്ഗുരോ” എന്നാണ് സംബോധന. ഗുരുവിന് സഹോദരനോട് പുത്രനിർവിശേഷമായ വാത്സല്യമാണുണ്ടായിരുന്നത് എന്ന് ജീവചരിത്രകാരന്മാർ എഴുതിയിട്ടുണ്ട്. ഗുരുവിന്റെ അനേകലക്ഷം മക്കൾ കണ്ണീരൊഴുക്കി നിൽക്കുന്ന ചിത്രമാണ് കവി വരച്ചിടുന്നത്. ഗുരുവിനൊപ്പം കഴിഞ്ഞ സന്ദർഭങ്ങൾ അദേഹത്തിന്റെ അറിവും അൻപും അനുകമ്പയും അനുഭവിച്ചറിഞ്ഞ സഹോദരർ ദുഃഖിക്കുന്നത്, “ആ മധുര പാവന മനോജ്ഞവാണികൾ ഇനിയില്ലല്ലോ” എന്നാണ്.

മതമേതായാലും മനുഷ്യൻ നന്നായാൽ
മതിയെന്നുള്ള സ്വതന്ത്ര വാക്യത്താൽ
മതനിഷേധവും മതസ്ഥാപനവും പരിചിൽ സാധിച്ച പരമസദ്ഗുരുവിനെയാണ് സഹോദരൻ അടയാളപ്പെടുത്തുന്നത്. മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്നതാണ് ശ്രീനാരായണ ദർശനത്തിന്റെ കാതൽ .ഒരേസമയം, ഈ നിലപാട് അന്നോളം ഇവിടെ നിലനിന്നിരുന്ന യാഥാസ്ഥിതിക മത ചട്ടക്കൂടുകളുടെ നിരാസവും, അധുനികമായൊരു മതദർശനത്തിന്റെ വിളംബരവുമായിരുന്നു. “ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്, ഒരു യോനിയൊരാകാരമെന്ന” ഗുരുവിന്റെ മാനവികവും ശാസ്ത്രീയവുമായ നിലപാടിലായാണ് ശ്രീ നാരായണ ഗുരുവിന്റെ അനുയായികൾ ഊന്നിനിൽക്കേണ്ടത് എന്ന് സഹോദരൻ വിശ്വസിച്ചു. ആരായിരുന്നു നാരായണഗുരു എന്നതിന് സഹോദരനുള്ള ഉത്തരം “വലിയ സേനയുടെ പടനായകൻ” എന്നാണ്. ഗുരുവിന്റെ പട യുദ്ധംചെയ്തത് ചാതുർവർണ്യ വ്യവസ്ഥയിൽ അധിഷ്ഠിതമായ സാമൂഹിക വ്യവസ്ഥയോടു മാത്രമല്ല, ബ്രാഹ്മണ്യത്തിന്റെ അടിത്തറയായ വേദ-ഇതിഹാസപുരാണാദികളുടെ പ്രത്യയശാസ്ത്രത്തോടും കൂടിയാണ്‌. വിട്ടുവീഴ്ചയില്ലാതെ ആ പോരാട്ടത്തെ എന്നും മുന്നോട്ടുനയിക്കുക എന്നതാണ് ഓരോ സമാധി ദിനത്തിന്റെയും പ്രതിജ്ഞയാകേണ്ടത്. വിമലവും ത്യാഗപൂർണവുമായ സന്ന്യാസത്തിലൂടെ ഗുരു സമർപ്പിച്ചുപോയ മാനവികതയുടെ ദർശനം ഉയർത്തിപ്പിടിക്കേണ്ടതുണ്ട്.

ചരമഗാനം

ജരാരുജാ മൃതിഭയമെഴാശുദ്ധ-
യശോനിർവാണത്തെയടഞ്ഞ സദ്ഗുരോ
ജയനാരായണഗുരുസ്വാമിൻ ദേവ
ജയ ഭഗവാനെ ജയ ജഗദ്ഗുരോ.

നവവിയോഗാർത്തി പരിതപ്തർ ഭവൽ-
കൃതക പുത്രരാമനേക ലക്ഷങ്ങൾ
ഒഴുകും കണ്ണീരാലുദകം വീഴ്ത്തുന്നു
മലയാളക്കര മുഴുവൻ സദ്ഗുരോ.

മനോവിജയത്തിൻ തികവാൽ ദിവ്യമാം
ഒളിചിതറുമാതിരുമുഖമിനി
ഒരുനാളും ഞങ്ങൾക്കൊരു കണ്ണുകാണ്മാൻ
കഴിയാതായല്ലോ പരമസദ്ഗുരോ.

കൃപയും ജ്ഞാനവും ഫലിതവുംകൂടും
മധുരപാവന മനോജ്ഞവാണികൾ
ചൊരിയുമാനാവു തിരളാതായല്ലോ
സഹിയുന്നെങ്ങിനെ പരമസദ്ഗുരോ.

ഗൃഹം വസ്ത്രം ദേഹമശനമാശയം
ഇതുകളിൽ ഞങ്ങൾ പരമശുദ്ധിയെ
സ്വയമനുഷ്‌ഠിക്കാൻ പറയാതോതുമാ-
തിരുസന്നിധാനമലഭ്യമായല്ലോ.

മതമേതായാലും മനുജൻ നന്നായാൽ
മതിയെന്നുള്ളൊരു സ്വതന്ത്രവാക്യത്താൽ
മതനിഷേധവും മതസ്ഥാപനവും
പരിചിൽ സാധിച്ച പരമസദ്ഗുരോ.

ഭാരതഭൂമിയെ വിഴുങ്ങും ജാതിയോ-
ടടരിനായ് ഭവാനണിനിരത്തിയ
വലിയ സേനകൾ പടനായകൻപോയ്‌
വിഷമിക്കുന്നല്ലോ പരമസദ്ഗുരോ.

വിമലത്യാഗമേ മഹാസന്യസമേ
സമതാബോധത്തിൻ പരമപാകമെ
ഭുവനശുശ്രൂഷേയഴുതാലും നിങ്ങൾ-
ക്കെഴുന്നവിഗ്രഹം വിലയമാണ്ടുപോയ്.

ത്രീകരണശുദ്ധി നിദർശനമായി
പ്രഥിതമാം ഭവൽചരിതം ഞങ്ങൾക്കു,
ശരണമാകണെ ശരണമാകണെ
ശരണമാകണെ പരമസൽഗുരോ.

 

കവിതയുടെ ഓഡിയോ ഇവിടെ  കേൾക്കാം.

Top