ദലിത് ക്രൈസ്തവര്‍ ഹൈബ്രിഡാണ്
ദലിത് ഹിന്ദുക്കളെ അപേക്ഷിച്ച് ദലിത് ക്രൈസ്തവര്‍ മതവുമായും അതിന്റെ സ്ഥാപനങ്ങളുമായും കുറെക്കൂടി ചേര്‍ന്ന് നില്‍ക്കുന്ന സമൂഹമാണ്. ദലിതത്വത്തിന്റെയും ക്രൈസ്തവതയുടെയും അംശങ്ങള്‍ ഒരേപോലെ ഉള്‍ക്കൊള്ളുന്ന സമൂഹമെന്ന നിലക്ക് അവരെ ഹൈബ്രിഡ് കള്‍ച്ചറുള്ള സമൂഹമായി ദലിത് ക്രൈസ്തവ ചിന്തകന്‍ എസ്. ജോസഫ് നിരീക്ഷിക്കുന്നു. ഉത്തരകാലം 2018 ഡിസംബര്‍ പതിനൊന്നിന്
കോട്ടയത്ത് വെച്ച് നടത്തിയ ‘വീണ്ടെടുപ്പ് പുനര്‍വായന’ ഏകദിന സെമിനാറില്‍ ഉദ്ഘാടനം നിര്‍വഹിച്ച് കൊണ്ട് അദ്ദേഹം നടത്തിയ പ്രഭാഷണം.
ദലിത് ക്രൈസ്തവര്‍ ഒരു ഹൈബ്രിഡ് കള്‍ച്ചറുള്ള സമൂഹമാണെന്ന് എനിക്കു തോന്നുന്നു. ഒരുപക്ഷേ ദലിത് ഹിന്ദുവിനേക്കാള്‍ കൂടുതല്‍ അതു പ്രധാനമാണെന്നും തോന്നുന്നു. എന്തുകൊണ്ടെന്നു ചോദിച്ചാല്‍ ദലിത് ക്രൈസ്തവരിൽ ക്രൈസ്തവതയുടെ സ്വാധീനം കൂടുതലുണ്ട്. എന്നാൽ, ഹിന്ദു ദലിതരില്‍ ഹിന്ദുമതത്തിന്‍റെ സ്വാധീനം വളരെ കുറവാണ്. പള്ളിയുമായി വളരെയധികം ഒട്ടിനില്ക്കുന്ന സമൂഹമാണു ദലിത് ക്രൈസ്തവര്‍ മിക്കവരും. ദളിത് ഹിന്ദുക്കള്‍ അമ്പലവുമായിട്ടങ്ങനെ ഒട്ടിനില്‍ക്കുന്ന ഒരു സമൂഹമല്ല. അതുകൊണ്ടുതന്നെ ദലിതത്വത്തിന്‍റെയും ക്രൈസ്തവതയുടെയും രണ്ടു തരം അംശങ്ങള്‍ അതില്‍ പ്രബലമായിട്ടുള്ളതുകൊണ്ടാണ് അതിനെ ഹൈബ്രിഡ് കള്‍ച്ചറുള്ള സമൂഹമെന്നു ഞാൻ വിശേഷിപ്പിക്കുന്നത്. അതുണ്ടാക്കുന്ന വൈരുധ്യവും വളരെ പ്രധാനമാണ്.
‘പെങ്ങളുടെ ബൈബിള്‍’ എന്ന കവിത വളരെ യാദൃഛികമായാണു ഞാനെഴുതിയത്. വീട്ടിലൊരു ബൈബിളിരുന്നതു മറിച്ചു നോക്കിയപ്പോള്‍ അതില്‍ കുറച്ചു കടലാസുകളുണ്ടായിരുന്നു. ഒരു എസ്എസ്എല്‍സി ബുക്കും ഒരു റേഷന്‍ കാര്‍ഡും അതുപോലെ തയ്ക്കുന്ന ഒരു രേഖയും ഒക്കെ ഉണ്ടായിരുന്നു. ഒരു നൂറു രൂപ നോട്ടും ഉണ്ടായിരുന്നു. എന്‍റെ പെങ്ങളുടെ ബൈബിളായിരുന്നു അത്. അവ വെച്ചിട്ട് എഴുതിയ കവിതയായിരുന്നു അത്. ആ കവിത എഴുതിയപ്പോള്‍ അതിന്‍റെ ഗൗരവം എനിക്കു മനസ്സിലായിരുന്നില്ല. 2000 ത്തിനു മുൻപാണ് അതെഴുതുന്നത്. ക്രിസ്തുമതത്തിനുള്ളില്‍ത്തന്നെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരവസ്ഥയെ കുറിക്കുന്ന കവിതയാണത്. ആ കവിത ആദ്യമൊന്നും അത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. എന്‍റെ സുഹൃത്തായ പി. രാമന്‍ എന്ന കവി എന്നോടു പറഞ്ഞു: “നീ നല്ല കവിതയെല്ലാം ചെറിയ മാസികയ്ക്കു കൊടുക്കും, ചീത്ത കവിതയെല്ലാം ഭാഷാപോഷിണിയിലൊക്കെ കൊടുക്കും.” ഭാഷാപോഷിണിയിലാണ് ഈ കവിത വന്നത്. പക്ഷേ പിന്നീട് ഞാന്‍ വടക്കേ മലബാറിലൊക്കെ സഞ്ചരിച്ച കാലത്താണ് ഈ കവിതയ്ക്കൊരു പ്രാധാന്യം വരികയും ഒരുപക്ഷെ ഞാനെഴുതിയിട്ടുള്ള കവിതകളില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട കവിതയായിട്ടു മാറുകയും ഇന്ത്യയിലെ തന്നെ മിക്കവാറും എല്ലാ ഭാഷകളിലും വരികയുമൊക്കെ ചെയ്തത്. ഹിന്ദിയില്‍ ‘ബഹന്‍ കീ ബൈബിള്‍,’ തമിഴില്‍ ‘അക്കാവിന്‍ ബൈബിള്‍’ എന്നീ പേരുകളില്‍ അതു വരികയുണ്ടായി.
കൊണ്ട് പള്ളിയിലെ സിസ്റ്റര്‍മാര്‍ അയാളെ അന്വേഷിച്ചു പോവുന്നു. പള്ളിയില്‍ രജിസ്റ്റര്‍ ബുക്കില്‍ അയാളുടെ പേരുണ്ട്, എന്നാൽ അയാൾ പള്ളിയില്‍ വരുന്നുമില്ല. അപ്പോള്‍ പള്ളിയില്‍ വരാത്തവരെ അന്വേഷിച്ചു പോകുന്ന ഒരു സ്വഭാവം ഇടയ്ക്ക് സിസ്റ്റര്‍മാര്‍ക്കുണ്ടായിരുന്നു. ഞങ്ങളുടെ നാട്ടിലൊക്കെ അവര്‍ വരുമായിരുന്നു. അവരങ്ങനെ ചെല്ലുമ്പോള്‍ അയാളെ അവിടെ കാണാന്‍ പറ്റുന്നില്ല. അദൃശ്യനായി പോകുന്ന അവസ്ഥ വരുന്നതിനെക്കുറിച്ചു ഞാനെഴുതിയിരുന്നു. ഗ്രാമത്തിലെ ദേവാലയം എന്ന പേരുള്ള കവിതയാണത്. പക്ഷേ അതു ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീട് ‘ഐഡന്‍റി കാര്‍ഡി’ ലും ‘പെങ്ങളുടെ ബൈബിളി’ലും ഒക്കെ വരുമ്പോഴാണ് ദലിത് ക്രൈസ്തവതയുടെ സങ്കീര്‍ണമായ പ്രശ്നം കവിതയില്‍ അവതരിപ്പിക്കപ്പെട്ടതെന്നാണ് എനിക്കു തോന്നുന്നത്.
പി.എച്ച്ഡിയ്ക്കു പഠിക്കുന്ന കാലത്ത് തിരുവനന്തപുരത്തായിരുന്നു ഒരു വര്‍ഷവും രണ്ടു മാസവും. അന്നു ഞാന്‍ സെക്രട്ടറിയേറ്റില്‍ ഒരു പരാതി കൊടുത്തു. അതിലെ എന്‍റെ വാദം ഇതായിരുന്നു: ഒന്നാംക്ലാസു മുതല്‍ എം.എ. വരെയുള്ള കോഴ്സുകള്‍ക്ക് ദലിത് ഹിന്ദുക്കള്‍ക്കും ദലിത് ക്രൈസ്തവ വിദ്യാര്‍ഥികള്‍ക്കും ലംപ്സം ഗ്രാന്റും സ്റ്റൈപ്പെന്‍റും കിട്ടുന്നുണ്ട്. ഒ.ഇ.സി വിഭാഗത്തില്‍പ്പെട്ടവര്‍ക്കും ഉണ്ട്. ഇത് ബി.എഡ്ഡിനും പി.എച്ച്.ഡിയ്ക്കും ലഭിക്കണമെന്നു പറഞ്ഞാണ് ഞാന്‍ പരാതി സമര്‍പ്പിച്ചത്. അതിനു പുറകേ കുറേക്കാലം നടന്നു. വഞ്ചിയൂരില്‍ പട്ടികജാതി വകുപ്പിന്‍റെ ഒരു സ്ഥാപനമുണ്ട്. അവിടെ ചെന്നപ്പോള്‍- അന്നൊരു സ്ത്രീയായിരുന്നു അതിന്‍റെ ഡയറക്ടര്‍- അവരെന്നോടു പറഞ്ഞു ഞങ്ങള്‍ക്ക് കിട്ടിയിരിക്കുന്ന ഓര്‍ഡര്‍ എസ്.സി. എസ്.ടി, ഒ.ഇ.സി വിഭാഗത്തില്‍ പെട്ടവര്‍ക്ക് പി.എച്ച്.ഡിയ്ക്കു ഗ്രാന്റ് കൊടുക്കണം എന്നാണ്. ഓര്‍ഡര്‍ എന്നെ കാണിച്ചു. അതു സെക്രട്ടറിയേറ്റിലെ ആരോ വെട്ടിക്കളഞ്ഞിരിക്കുന്നു. ഞാന്‍ കേരളകൗമുദിയില്‍ ചില പരാതികളെഴുതുകയും ഒക്കെ ചെയ്തതോടു കൂടി സെക്രട്ടറിയേറ്റില്‍ വലിയ പ്രശ്നമായി മാറി. അവസാനം ഞാന്‍ മന്ത്രി പി.കെ. രാഘവനെ പോയി കണ്ടപ്പോള്‍ അദ്ദേഹം എന്നോടു പറഞ്ഞ ഒരു കാര്യം: “ക്രിസ്ത്യാനിറ്റിയിലേക്ക് ധാരാളം ദലിത് ഹിന്ദുക്കള്‍ പരിവര്‍ത്തനം ചെയ്യപ്പെടുന്നുണ്ട്” എന്നാണ്. അന്ന് ഞങ്ങള്‍ തമ്മില്‍ ചില വാക്കുതര്‍ക്കങ്ങളൊക്കെയുണ്ടായിരുന്നു. വൈകാതെ തന്നെ എനിക്കു സ്കൂളില്‍ ജോലി കിട്ടുകയും എന്‍റെ കൂടെ പഠിച്ച കുഞ്ഞമ്മ എന്നു പറയുന്ന പെണ്‍കുട്ടിയെ എന്‍റെ രേഖകളും കടലാസുമൊക്കെ ഏല്പിച്ചിട്ടു പോരുകയാണുണ്ടായത്. പിന്നീട് ഞാനീ മേഖലയിലേയ്ക്കു തിരിഞ്ഞു നോക്കിയിട്ടില്ല.
എന്‍റെ എസ്എസ്എല്‍സി ബുക്കനുസരിച്ച് ഞാന്‍ ലത്തീന്‍ ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ട ആളാണ്. പക്ഷേ ലത്തീന്‍ ക്രൈസ്തവനായിട്ടല്ല എന്നെ പരിഗണിക്കുന്നത്. വിജയപുരം രൂപതയിലെ ഏറ്റവും സമ്പന്നമായ ചര്‍ച്ചിലെ ഇടവകാംഗമാണ് ഞാന്‍. അവിടെയുള്ളവര്‍ മുഴുവനും ദരിദ്രരാണ്. ചര്‍ച്ച് ഭയങ്കര സമ്പന്നമാണ്. വയലാ, കാളികാവ്, കാട്ടാത്തി അങ്ങനെ പല സ്ഥലങ്ങളിലും അതിനു ഉപ ചര്‍ച്ചുകളുണ്ട്. വളരെ സമ്പന്നമായ ചര്‍ച്ചാണ്. പക്ഷേ അവിടുത്തെ മനുഷ്യര്‍ ഇത്രയും ദരിദ്രരായിരിക്കുന്നു. ഇതു തമ്മിലുള്ള വൈരുധ്യത്തെക്കുറിച്ച് പലപ്പോഴും ഞാന്‍ ആലോചിച്ചിട്ടുണ്ട്.
മതപരമായി മാത്രം കാണേണ്ട ഒരു ഐഡന്‍റിറ്റി അല്ല ദലിത് ക്രൈസ്തവര്‍ എന്നുള്ളത്. പള്ളി അല്ലെങ്കില്‍ മതം കൊണ്ട് മനുഷ്യനെ നിര്‍വചിക്കുവാന്‍ പറ്റുമോ?
ഒരാള്‍ പറയുകയാണ് ഞാനൊരു ക്രിസ്ത്യാനിയാണ്. പക്ഷേ അയാള്‍ മുഴുവനായിട്ടും ക്രിസ്ത്യാനിയാണോ? ഈ മതത്തിന്‍റെ ലെവല്‍ എവിടെ വരെയുണ്ട് എന്നു നമ്മള്‍ പരിശോധിക്കേണ്ടതായിട്ടുണ്ട്. പലപ്പോഴും ദലിത് ക്രൈസ്തവര്‍ എന്നു പറയുമ്പോള്‍ അതൊരു മതപരമായ ഐഡന്‍റിറ്റി അല്ലെന്നാണ് എനിക്കു തോന്നുന്നത്. അതൊരു പേരാണ്, ഒരു Term ആണ്. ദലിത് ക്രൈസ്തവര്‍- അതിനകത്തു പല രീതിയിലുള്ള മനുഷ്യരുണ്ട്. കമ്മ്യൂണിസ്റ്റുകാരുണ്ടാകും, വിശ്വാസമില്ലാത്തവരുണ്ടാകും, കവികളുണ്ടാകും. വ്യത്യസ്തതകളുടെ ആകെത്തുക എന്ന നിലയിലാണ് ഏതൊരു സമൂഹവും നില്‍ക്കുന്നത്. പക്ഷേ പൊതുവേ ഇതിനകത്തൊരു നിര്‍വ്വചനം കൊണ്ടുവരുമ്പോള്‍ എപ്പോഴും നമ്മള്‍ ചിന്തിക്കാത്തൊരു കാര്യമാണ് ഒരു സമൂഹത്തെ മതത്തിന്‍റെ പേരില്‍ മാത്രം നിര്‍വ്വചിക്കുന്ന കള്‍ച്ചറല്‍ ആയിട്ടുള്ള സമീപനത്തെക്കുറിച്ച്. അതു തെറ്റാണ്. കാരണം ഞാന്‍ അത്തരത്തില്‍പ്പെട്ട ആളല്ല എന്നതുകൊണ്ടു തന്നെ. ഞാന്‍ വളരെ ചെറുപ്പത്തില്‍ പള്ളിയില്‍ പോകുമായിരുന്നു. പിന്നെ പോകാതായി. പോകാതായത് എനിക്കൊരുപാടു ചിന്തിക്കാന്‍ പ്രേരണ നല്കിയിട്ടുണ്ട്. എല്ലാ മതവും കുറേശ്ശെ വായിച്ചു പഠിച്ചിട്ടുള്ളവനാണു ഞാന്‍. ഹിന്ദു, ക്രിസ്ത്യന്‍, ബുദ്ധ-ജൈന മതങ്ങള്‍. നമ്മുടെ ജീവിതം ഒരന്വേഷണമാണല്ലോ. ക്രിസ്തുമതത്തെക്കുറിച്ചും നമ്മള്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്, മനസ്സിലാക്കിക്കൊണ്ടിരിക്കുകയാണ്. ക്രിസ്ത്യാനി ആയിട്ടില്ലല്ലോ നമ്മള്‍. നമ്മള്‍ ഒരു യാത്രയിലാണ്. ഒരു മനുഷ്യനെ പൂര്‍ണ്ണമായും മതപരമായി നിര്‍വചിക്കുന്നതിനോടു ഞാന്‍ വിയോജിക്കുന്നു.
മാത്രമല്ല ദലിത് ക്രൈസ്തവന്‍ എന്നു പറയുന്നത് ഒരു യൂണിറ്റല്ല. മറിച്ച് ഹൈബ്രിഡ് ആയിട്ടുള്ള കള്‍ച്ചര്‍ വരുന്ന ഹൈബ്രിഡിറ്റിയുള്ള സങ്കര സമൂഹം എന്ന നിലയിലാണു ഞാനതിനെ കാണുന്നത്. അതുകൊണ്ടാണ് അതില്‍ നിന്ന് എനിക്ക് ഈ കവിതയിലേയ്ക്കു വരാന്‍ കഴിഞ്ഞത്. അതുകൊണ്ട് മലയാള കവിതയുടെ ഭാഷയെത്തന്നെ മാറ്റി മറിക്കാനുള്ള ശ്രമമാണ് അക്കാലത്തു നടത്തിയത്. അതുകൊണ്ടാണ് ആ കവിതയ്ക്ക് അംഗീകാരം വന്നത്. അതെങ്ങനെയെന്നു ചോദിച്ചാല്‍ ഇതില്‍ കിടക്കുന്ന ഒരുപാട് വാക്കുകളെ എടുത്തു എന്നുള്ളതാണ്. എത്രയോ വാക്കുകള്‍ കിടക്കുന്നു നമ്മുടെ സമൂഹങ്ങളില്‍. ആ വാക്കുകള്‍ക്ക് ഒരുപാട് തുറസുകളുണ്ട്. ആ വാക്കുകള്‍ ഒരു ജീവിതത്തിന്‍റെ വേറെ ചില ലോകങ്ങളെ ഒളിപ്പിച്ചു വച്ചിട്ടുണ്ട്.
ദലിത് ക്രൈസ്തവരെ ക്രൈസ്തവര്‍ നിര്‍വ്വചിക്കുന്നത് വളരെ ലളിതമായിട്ടാണ്. അവന്‍റെ ജീവിതത്തില്‍ അവന്‍ രാവിലെ എഴുന്നേറ്റു പ്രാര്‍ത്ഥിക്കുക, വൈകുന്നേരം പ്രാര്‍ത്ഥിക്കുക, ഞായറാഴ്ച പള്ളിയില്‍ പോവുക. എന്നാല്‍ ഇതൊന്നുമല്ല മനുഷ്യര്‍. മനുഷ്യര്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്നവരല്ലേ? മനുഷ്യര്‍ എവിടെയെല്ലാം പോകുന്നു. എന്തെല്ലാം ചിന്തിക്കുന്നു, എന്തെല്ലാം പ്രവര്‍ത്തിക്കുന്നു. മനുഷ്യര്‍ക്ക് രാഷ്ട്രീയമുണ്ട്. ദലിത് ക്രൈസ്തവരില്‍ തന്നെ എത്രയോ കമ്മ്യൂണിസ്റ്റുകാരുണ്ട്. എന്‍റെ അച്ഛനും മറ്റും കമ്മ്യൂണിസ്റ്റുകാരായിരുന്നു. ഞങ്ങള്‍ കമ്മ്യൂണിസ്റ്റ് കുടുംബത്തില്‍ പിറന്നവരാണ്. ഞങ്ങള്‍ മാത്രമായിരുന്നു അവിടുത്തെ കമ്മ്യൂണിസ്റ്റുകാര്‍. അതുകൊണ്ടുതന്നെയാണു പ്രതിചിന്തയില്‍ എനിക്കു വരാന്‍ കഴിഞ്ഞത്. ഞങ്ങളുടെ പള്ളിയില്‍ പി.എച്ച്.ഡി വരെ പഠിക്കാന്‍ കഴിഞ്ഞതു ഞാന്‍ മാത്രമേയുള്ളുവല്ലോ. എന്തുകൊണ്ട് മറ്റുള്ളവര്‍ക്ക് ഉയരാന്‍ പറ്റുന്നില്ല എന്നാണെന്‍റെ ചോദ്യം. എന്തുകൊണ്ട് എന്‍റെ സഹോദരങ്ങള്‍ക്ക് ഒരു കോളേജദ്ധ്യാപകനോ അങ്ങനെയുള്ള ഉന്നത സ്ഥാനങ്ങളിലൊന്നുമെത്താന്‍ കഴിഞ്ഞില്ല?. അതിന്‍റെ പ്രശ്നം ഈ മതപരമായ അടിമത്തം തന്നെയാണ്. മതപരമായ അടിമത്തം മൂലം ഒരുവന്‍റെ ജീവിതത്തെ വളരെ ചുരുക്കിക്കാണുകയാണ്. കേരളത്തിലെ ഏതൊരു മനുഷ്യനെപ്പോലെയുമുള്ളൊരു ഭാവനാജീവിയാണ് ദലിതനും ദലിത് ക്രൈസ്തവനും. അവന്‍റെ ജീവിതത്തിന്, അവന്‍റെ ഐഡന്‍റിക്ക്, അവന്‍റെ വ്യക്തിത്വത്തിന് വളരാന്‍ കഴിയുന്ന വിശാലമായ ലോകമുണ്ട് എന്നു നമ്മള്‍ അംഗീകരിക്കണം.
പള്ളിയിലെ പുരോഹിതന്മാരുടെ കര്‍തൃത്വം എന്നു പറയുന്നത് ഒരു തരം സവര്‍ണ കര്‍ത്തൃത്വമാണ്. ശ്രീബുദ്ധന്‍ പറഞ്ഞതുപോലെ “പുരോഹിതന്മാര്‍ മെച്ചപ്പെട്ട ജീവിതം നയിക്കുന്നു എന്നതുകൊണ്ട് സഭയിലുള്ളവര്‍ക്ക് ഒരു ഗുണവുമില്ല.” സാധാരണമനുഷ്യര്‍ക്ക് ഗുണം കിട്ടിയാല്‍ മാത്രമേ മതംകൊണ്ടു ഗുണമുള്ളൂ എന്നു ബുദ്ധന്‍ പറയുന്നുണ്ട്. പുരോഹിതന്മാര്‍ കാറില്‍ പോകുന്നു, സൗകര്യത്തില്‍ ജീവിക്കുന്നു എന്നതുകൊണ്ടു സഭയ്ക്ക് എന്തു ഗുണമാണുള്ളത്? അവിടുത്തെ മനുഷ്യര്‍ക്ക് എന്തു ഗുണം? അതാണ് ഞാന്‍ പറഞ്ഞത്. ദലിത് ക്രൈസ്തവനെ തികച്ചും മതപരമായി മാത്രം നിര്‍വ്വചിക്കുന്നതിനോട് എനിക്കു വിയോജിപ്പുണ്ട്. അങ്ങനെയൊരു സമൂഹത്തില്‍പ്പെട്ടവരല്ല അവര്‍. അവരുടെ ദലിത് അംശങ്ങളെ അവരില്‍ നിന്നു പറിച്ചെടുത്ത് യൂറോപ്യന്‍ പശ്ചാത്തലം എന്ന അവസ്ഥയില്‍ എത്തിക്കുകയായിരുന്നു കഴിഞ്ഞ കാലം മുഴുവന്‍ ചെയ്തുകൊണ്ടിരുന്നത്. ഞാന്‍ കവിതയെഴുതുമ്പോള്‍ ക്രൈസ്തവ പശ്ചാത്തലമല്ല. മറിച്ച് ദലിത് പശ്ചാത്തലം മുഴുവന്‍ സമാഹരിച്ചു എന്നുള്ളതാണ്. ദലിത്ക്രൈസ്തവനിലും ദലിത് ഹിന്ദുവിലും പൊതുവായിട്ടുള്ളത് ദലിത് അവസ്ഥയാണ്. ദലിത് അവസ്ഥയെന്നു പറയുമ്പോള്‍ കേരളത്തിലെ മണ്ണും കൃഷിയും അവിടുത്തെ പരിസ്ഥിതിയും ഒക്കെയായി ബന്ധപ്പെട്ട കേരള ഭൂപടത്തിന്‍റെയൊരു പ്രകൃതി കൂടി അവനിലുണ്ട്. അവന്‍റെ ഒരുപാട് ഇമേജുകളുണ്ട്. അവന്‍റെ ഒരുപാട് ഓര്‍മ്മകളുണ്ട്. ഇത്രമാത്രം ഹിന്ദുവെന്നും ക്രിസ്ത്യാനിയെന്നും വിഭജിക്കപ്പെട്ടിട്ടും എന്തൊണ്ടാണ് ദലിത് ക്രിസ്ത്യനും ദലിത് ഹിന്ദുവും സ്നേഹത്തോടെ കേരളത്തില്‍ ജീവിക്കുന്നത്? അത്ഭുതപ്പെടുത്തുന്ന ഒരു കാര്യമാണ്. അവര്‍ വിവാഹം കഴിക്കുന്നു. അവര്‍ വളരെ സ്നേഹത്തോടെ ജീവിക്കുന്നു. വഴക്കും ബഹളവുമൊന്നുമില്ലാതെ ജീവിക്കുന്നു. അവരെ വിഭജിക്കാന്‍ എല്ലാ തന്ത്രവും ഇവിടെ പയറ്റിയിട്ടുണ്ട്. ദളിത് ഹിന്ദുക്കള്‍ക്ക് 8% സംവരണവും മറ്റവര്‍ക്ക് 1% സംവരണവുമാണുള്ളത്. മനുഷ്യനെ വിഭജിക്കുന്നതിന്‍റെ ഒരു കാരണമാണ്. ഹിന്ദുവായതുകൊണ്ടാണല്ലോ അവര്‍ക്ക് സംവരണം കിട്ടുന്നത്. ഇങ്ങനെ വിഭജിക്കാനുള്ള ഏര്‍പ്പാടൊക്കെ രാഷ്ട്രം ചെയ്തുവച്ചിട്ടുണ്ടെങ്കിലും അതിനെ മറികടന്നുകൊണ്ട് തങ്ങള്‍ സഹോദരങ്ങളാണെന്നുള്ള തത്വം അവര്‍ മനസ്സിലാക്കിയിട്ടുണ്ട് എന്നുള്ളതാണ്. ഈ തത്ത്വത്തെയാണ് നമ്മള്‍ കവിതയിലൂടെ കടത്തിവിടുന്നത്. അല്ലാതെ വിഭാഗീതയെ അല്ല. ആ തത്ത്വത്തെ കടത്തിവിട്ടതു കൊണ്ടാണ് അതു പൊതുസമൂഹത്തിലേയ്ക്ക് വ്യാപിച്ചത്. അത്തരത്തില്‍ കീഴാള ഇസ്‌ലാമികതയായും കീഴാള ഹൈന്ദവതയൊക്കെയായും അതിനു ബന്ധം വരുന്നത് അതുകൊണ്ടാണ്. അത്തരത്തിലുള്ള ചിന്തകളിലേക്ക് പോകുന്നതിലാണ് എനിക്കു താല്പര്യം.
ദലിത് ക്രൈസ്തവനെ വെറും ക്രൈസ്തവനായിട്ടു മാത്രം നിര്‍വചിക്കാനാവില്ല. അവന്‍റെ ദലിതത്വം ഇല്ലാതാക്കി ഒരു യൂറോപ്യനായിട്ടു നിര്‍വചിച്ചു പറയുന്നതില്‍ വലിയ അര്‍ത്ഥമില്ല. അങ്ങനെ നിര്‍വചിക്കുന്നത് അവനെ തകര്‍ത്തുകളയുന്ന കാര്യമാണ്.
നമ്മളില്‍ നിന്നു നമ്മള്‍ ചോര്‍ന്നുപോയിട്ടുണ്ട്. ആ ചോര്‍ന്നുപോയ നമ്മളെക്കൂടി തിരിച്ചു കൊണ്ടുവരണം. അതു ഭാഷയില്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ഭാഷയെല്ലാം മാറ്റിക്കളഞ്ഞു. ആകാശങ്ങളിലിരിക്കുന്ന ഞങ്ങളുടെ ബാവ എന്നായിരുന്നു പഴയ പ്രാര്‍ത്ഥന. എന്‍റെ വല്യമ്മയൊക്കെ പറഞ്ഞുകൊണ്ടിരുന്നതങ്ങനെയാണ്. ഇപ്പോള്‍ സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്നാക്കി. സ്വര്‍ഗസ്ഥന്‍, സ്വര്‍ഗത്തില്‍ സ്ഥിതി ചെയ്യുന്നവന്‍. സ്വര്‍ഗം എന്നു പറയുന്നതിന് ആകാശം എന്നേ അര്‍ത്ഥമുള്ളു. സുഭിക്ഷമായ ജീവിത സങ്കല്പം എന്ന അര്‍ത്ഥവുമുണ്ട്. “സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ”. പിതാവേ സംസ്കൃതമാണ്. ഇതാണ് സംസ്കൃതീകരണം . ആകാശങ്ങളിലിരിക്കുന്ന ഞങ്ങളുടെ ബാവ എന്നുള്ള പ്രാര്‍ത്ഥനയുടെ ശക്തി എത്ര ഗംഭീരമായിരുന്നു. അതുപോലെ ഒരുപാടു കാര്യങ്ങള്‍ മാറ്റുന്നുണ്ട്. സംസ്കൃതീകരിച്ചാണ് ഇതു മാറ്റുക. ഈ വാക്കുകളിലൂടെ സമൂഹത്തെ ഇങ്ങനെ അകറ്റിയകറ്റി യൂറോപ്പിലേക്കു കൊണ്ടുപോവുകയാണ്, അവിടെയൊട്ടു് എത്തുകയുമില്ല. നമുക്കൊരിക്കലും യൂറോപ്യനാകാന്‍ പറ്റുകയില്ലല്ലോ. കേരളത്തിന്‍റെ ഭൂമിയില്‍ നിന്നു പറിച്ചെടുത്ത് – രാജന്‍റെ ചിത്രത്തില്‍ കപ്പ പറിച്ച് ആകാശത്തില്‍ നിര്‍ത്തിയിരിക്കുന്നതുപോലെ – ഒരു ഹൈ പ്രൊട്ടസ്റ്റ് പോലെ, ഉത്തരാധുനിക കാലത്തെ ഫേസ്ബുക്ക് പോലെ, ഭൂമിയില്‍ തൊടാതെ നിര്‍ത്തുന്ന അവസ്ഥ ശരിയല്ല. അതുകൊണ്ടാണ് ദലിത് ക്രൈസ്തവരില്‍ നിന്നു വലിയ ബുദ്ധിജീവികളൊന്നും പോള്‍ ചിറക്കരോട് തുടങ്ങിയവര്‍ക്കു ശേഷം ഉണ്ടാകാതെ പോയത്.
പോള്‍ ചിറക്കരോട് സാര്‍ വളരെ പോപ്പുലറായിരുന്നു. അദ്ദേഹമൊരു ദലിത് ക്രൈസ്തവനാണെന്ന് എനിക്കറിയില്ലായിരുന്നു. മുട്ടത്തുവര്‍ക്കി, ജോസഫ് മറ്റം, കാനം ഇ.ജെ., കോട്ടയം പുഷ്പനാഥ് തുടങ്ങിയ പോപ്പുലര്‍ എഴുത്തുകാരുടെ കൂടെ വരുന്ന വളരെ പ്രശസ്തനായ എഴുത്തുകാരനായിരുന്നു അദ്ദേഹം. കോട്ടയത്ത് വേളൂര്‍ കെ.സി. തോമസ് എന്നൊരാളുണ്ടായിരുന്നു. എന്‍റെയൊരു ബന്ധുകൂടിയായിരുന്നു. സ്കൂള്‍ അദ്ധ്യാപകനായിരുന്നു. അദ്ദേഹത്തിന്‍റെ കൃതികള്‍ എന്‍ ബിഎസ്സിലൊക്കെ പബ്ലീഷ് ചെയ്തിട്ടുണ്ട്. അദ്ദേഹം എന്നോടു പറഞ്ഞു: ” സാഹിത്യം എഴുതുമ്പോള്‍ നമ്മളൊരു ദുഃഖമൊക്കെ ആവിഷ്കരിക്കുകയാണെങ്കില്‍ അതിനൊരു ചുറ്റുപാട് നിര്‍മ്മിക്കണം. ഒരാള്‍ മരിച്ചെങ്കില്‍ ,പിന്നെ പെട്ടെന്നു് അതിന്‍റെ ചുറ്റുപാടുകള്‍, മരങ്ങളില്‍ നിന്നു് ഇല പൊഴിയുന്നു എന്നൊക്കെപ്പറഞ്ഞ്, അങ്ങനെ ഉണ്ടാകുമ്പോഴാണ് മൂര്‍ത്തമായ ആശയം കിട്ടുക”. അദ്ദേഹം പൊളിറ്റിക്കലായിട്ടൊന്നും പ്രവര്‍ത്തിച്ചിട്ടില്ല. എഴുതിയ കൃതികളിലെ കഥകളൊക്കെ സവര്‍ണരെക്കുറിച്ചാണ്. അതാണ് അതിലെ അത്ഭുതകരമായൊരു കാര്യം. അവര്‍ണരായ മനുഷ്യര്‍ എഴുതുന്ന കഥകളൊക്കെ സവര്‍ണരെക്കുറിച്ചായിപ്പോയി. പോള്‍ ചിറക്കരോട് കഥയും കുറെയൊക്കെ അങ്ങനെയാണെന്നു തോന്നുന്നു.
സി. അയ്യപ്പനെ പോലുള്ള ആളുകള്‍- ദലിത് ക്രൈസ്തവരുടെയും ഹിന്ദുക്കളുടെയും പ്രശ്നങ്ങളെ ഗംഭീരമായി അവതരിപ്പിക്കുന്ന അദ്ദേഹത്തിന്റെ കഥയാണ് ‘പ്രേതഭാഷണം.’ അതു നാടകമാക്കി ചെയ്തു മഹാരാജാസില്‍. ആദ്യവര്‍ഷം പത്തനംതിട്ടയില്‍ അവതരിപ്പിച്ചപ്പോള്‍ അടി കിട്ടി. രണ്ടാമത്തെ പ്രാവശ്യവും മൂന്നാമത്തെ പ്രാവശ്യവും ഫസ്റ്റ് പ്രൈസ് കിട്ടി. ഇന്ത്യയുടെ കഥയാണ്. ദലിത് ക്രൈസ്തവരും ദലിത് ഹിന്ദുക്കളും. അല്ലെങ്കില്‍ പൊതുസമൂഹത്തിലെ സവര്‍ണരുമടങ്ങുന്ന ലോകത്തെ അതിഗംഭീരമായി അദ്ദേഹം അവതരിപ്പിച്ചു. അദ്ദേഹം മഹാരാജാസിലെ പ്രൊഫസറായിരുന്നു. ഇപ്പോഴത്തെ കുട്ടികള്‍ക്ക് ആര്‍ക്കും അറിയില്ല അദ്ദേഹം അവിടുത്തെ പ്രൊഫസറായിരുന്ന കാര്യം. അദ്ദേഹം മരിച്ചു. ശവമടക്കിനു ഞാന്‍ പോവുകയാണെന്നു പറഞ്ഞപ്പോള്‍ അവിടുത്തെ കുട്ടികള്‍ എന്നോടു ചോദിച്ചു: ” ആരാ മാഷേ മരിച്ചത്?” ഞാന്‍ പറഞ്ഞു” “സി. അയ്യപ്പന്‍ മാഷാണ്.” ‘അതാരാണെ’ന്നു കുട്ടികള്‍ ചോദിച്ചു. അവര്‍ക്കറിയില്ല സി. അയ്യപ്പനെ. അതു വേറൊരവസ്ഥ. കീഴ്ജാതിയില്‍ പെട്ടവര്‍ ഉന്നതമായ സ്ഥാനത്തിരിക്കുമ്പോള്‍ വരുന്ന സങ്കീര്‍ണമായ പ്രശ്നങ്ങള്‍. എനിക്കൊരുപാട് അനുഭവങ്ങളുണ്ട് അത്തരം കാര്യങ്ങളില്‍. ഉന്നതസ്ഥാനത്തിരിക്കുന്ന മഹാരാജാസിലെ ബീന ടീച്ചര്‍ എസ്.സി വിഭാഗത്തില്‍ പെട്ടതാണ്. അക്കാലത്താണ് മഹാരാജാസിലെ കസേര കത്തിക്കുന്നത്. അതിന്‍റെ പൊളിറ്റിക്സ് വേറെയാണ്. ഉന്നതസ്ഥാനത്ത് പാവപ്പെട്ടവര്‍, കീഴ്ജാതിക്കാര്‍ ഇരിക്കുമ്പോള്‍ എന്തൊരു എതിര്‍പ്പുകളാണ് സമൂഹത്തില്‍ നിന്നുണ്ടാവുന്നത്. ഞാന്‍ ദലിfത് ക്രൈസ്തവനാണെന്ന് അവിടെ ആര്‍ക്കും അറിയില്ലായിരുന്നു. കഴിഞ്ഞദിവസം ഞാന്‍ അവിടെയൊരു സെമിനാറില്‍ പങ്കെടുത്ത് ദലിത് ക്രൈസ്തവരെക്കുറിച്ചുള്ള പ്രശ്നത്തില്‍ ചില അഭിപ്രായങ്ങള്‍ പറഞ്ഞു. അങ്ങനെയാണ് ഞാന്‍ ദലിത് ക്രൈസ്തവനാണെന്ന് അവിടെ അറിഞ്ഞത്. അതു കഴിഞ്ഞ് എനിക്കുണ്ടായിട്ടുള്ള പ്രശ്നങ്ങള്‍ വളരെ വലുതാണ്. അത്തരം കാര്യങ്ങള്‍ അഭിമുഖീകരിച്ചുകൊണ്ടാണ് ഞാനവിടെ നില്‍ക്കുന്നത്. ഒരു റൈറ്റര്‍ എന്ന നിലയുണ്ടെങ്കില്‍ പോലും ദലിത് ക്രൈസ്തവന്‍ അല്ലെങ്കില്‍ ദലിത് ഹിന്ദു എന്ന നിലയില്‍ ഓരോ പോസ്റ്റിലിരിക്കുന്നവരെക്കുറിച്ചും ചിന്തിച്ചുനോക്കൂ. അവരവിടെ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ എന്തൊക്കെയാണെന്നുള്ളത്. ഇതാണ് സമൂഹം പൊതുവില്‍ പങ്കിടുന്ന കാര്യങ്ങള്‍. ഇതിനു പരിഹാരമുണ്ടാകണം. ദലിത് ക്രൈസ്തവരും ദലിത് ഹിന്ദുക്കളും തമ്മില്‍ സംവാദങ്ങളുണ്ടാകണം.
ഇന്നലെ ദലിത് ക്രൈസ്തവരുടെ ഒരു സമരം നടന്നതായി പത്രത്തില്‍ കണ്ടു. ജാഥ നയിക്കുകയും അതിനു മുമ്പില്‍ അച്ചന്മാരൊക്കെ നില്ക്കുകയും ചെയ്യുന്നുണ്ട്. അച്ചന്മാരിലൂടെ ഒരിക്കലും അതിനൊരു മോചനമുണ്ടാകുമെന്നു ഞാന്‍ വിചാരിക്കുന്നില്ല. കാരണം അച്ചന്മാര്‍ രണ്ടു സ്വഭാവമുള്ള ആളുകളാണ്. അവര്‍ ഒരേസമയം രണ്ടു സ്വഭാവത്തിലാണു പെരുമാറുന്നത്. അതുകൊണ്ടാണ് അവര്‍ക്കതില്‍ ആത്മാര്‍ത്ഥമായി സമരം ചെയ്യാനും പ്രവര്‍ത്തിക്കാനും പറ്റാതെ വരുന്നത്. അതുകൊണ്ട് ദലിത് ക്രൈസ്തവരുടെ സംവരണ കാര്യങ്ങളില്‍ സമീപകാലത്ത് ഒരു മാറ്റമുണ്ടാകുമെന്ന് എനിക്കു തോന്നുന്നില്ല.
എന്‍റെ സമുദായത്തില്‍ ഒത്തിരി പാവപ്പെട്ടവരുണ്ട്. അവരെയെല്ലാം എനിക്കറിയാവുന്നതാണ്. പക്ഷേ ഒരു സമൂഹമെന്ന നിലയില്‍ സ്നേഹത്തോടും സഹവര്‍ത്തിത്വത്തോടുമാണു നാം പോകേണ്ടത്. ഒന്നാമത് ഹൈബ്രിഡ് കള്‍ച്ചറുള്ള സമൂഹമാണ്. അതു വളരെ പ്രധാനപ്പെട്ട കാര്യമാണ്. കേരളത്തില്‍ അത്തരമൊരു സമൂഹം ഇല്ലെന്നുതന്നെ പറയാം. അത്രമാത്രം ഹൈബ്രിഡിറ്റിയുള്ള സമൂഹം കേരളത്തില്‍ വേറെ ഇല്ല. രണ്ടാമത്തെ കാര്യം ദലിത് ക്രൈസ്തവനെന്നാണു പേരെങ്കിലും, അതില്‍ ക്രൈസ്തവമതം ഉണ്ടെങ്കില്‍പ്പോലും അതിനെ നമ്മള്‍ മതപരമായ ഐഡന്‍റിറ്റിയായി കാണരുത്. മറിച്ച് സാമുദായികമായ ഐഡന്‍റിറ്റിയായി കാണണം. അതില്‍ ഭിന്നമനുഷ്യരുണ്ടെന്ന കാര്യവും കാണേണ്ടതാണ്. അതില്‍ ചിന്തകരുണ്ടാകും, ഫിലോസഫറുണ്ടാകും. രാഷ്ട്രീയക്കാര്‍- ഇടതുപക്ഷക്കാര്‍, വലതുപക്ഷക്കാര്‍ എല്ലാം കാണും. അങ്ങനെ സങ്കീര്‍ണമായ സങ്കര സമൂഹം എന്ന നിലയില്‍ അതിനെ കാണണമെന്നു കൂടി പറയുകയാണ്. അല്ലാതെ വളരെ ലീനിയറായിട്ട്, ഋജുവായിട്ട് മാത്രം ആ സമൂഹത്തെ സമീപിക്കുന്നതില്‍ അര്‍ത്ഥമില്ല. കേരളത്തിലെ എല്ലാ സമൂഹങ്ങളെയും പരിഗണിക്കുന്നത് അങ്ങനെയാണ്. മുസ്‌ലിം എന്നു പറഞ്ഞാല്‍ കംപ്ലീറ്റ് മുസ്‌ലിം എന്ന രീതിയിലാണ് എല്ലാവരും പഠിക്കുന്നത്. അങ്ങനെയല്ല. അയാളില്‍ പല വൈവിദ്ധ്യങ്ങള്‍ അടങ്ങിയിരിക്കുന്നു. ലോകത്തിലെ മുസ്‌ലിങ്ങളെല്ലാം ഒറ്റക്കെട്ടല്ല, പല സംസ്കാരങ്ങളുള്ളവരാണ്. ഇറാനിലെ മുസ്‌ലിങ്ങളും സൗദി അറേബ്യയിലെ മുസ്‌ലിങ്ങളും രണ്ടും രണ്ടാണ്. തുര്‍ക്കിയിലെ മുസ്‌ലിങ്ങള്‍ വേറെയാണ്. അങ്ങനെയുള്ള വ്യത്യസ്തതകള്‍ അതിനകത്തുണ്ട്. ക്രൈസ്തവതക്കകത്തും വ്യത്യസ്തതകളുണ്ട്.
ദലിത് ക്രൈസ്തവ വിഭാഗങ്ങളില്‍ ഒത്തിരി പ്രശ്നങ്ങളുണ്ട്. സി.എസ്.ഐ.ക്കാരുണ്ട്, ബ്രദറണ്‍ സഭ, പെന്തക്കോസ്ത് അങ്ങനെ പല സമൂഹങ്ങളുണ്ട്. പെന്തക്കോസ്തുകാരാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ അപമാനിക്കപ്പെട്ടവര്‍. അവരെക്കുറിച്ച് എന്തെല്ലാം കെട്ടുകഥകള്‍ പറഞ്ഞുകൊണ്ടിരിക്കുന്നു. ക്രിസ്ത്യാനിറ്റികൊണ്ടും കമ്മ്യൂണിസം കൊണ്ടും ബൃഹദാഖ്യാനങ്ങളായിട്ടുള്ള ക്രിസ്റ്റ്യാനിറ്റിയും കമ്മ്യൂണിസവും എല്ലാം കൊണ്ടും ഇത്തരം ചെറുതുകളുടെ ലോകങ്ങള്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നു എന്നതു പഠിക്കേണ്ടതാണ്, പ്രതിരോധിക്കേണ്ടതാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ അബൊര്‍ജിന്‍സുകളെ സൃഷ്ടിച്ചിട്ടുള്ളത് ക്രിസ്റ്റ്യാനിറ്റിയും കമ്മ്യൂണിസവുമാണ്. വ്യത്യസ്ത സ്വരങ്ങളെ അടിച്ചമര്‍ത്തുന്നു. അതുകൊണ്ടാണല്ലോ റഷ്യയില്‍ സ്റ്റാലിനെതിരെ മിഖയേല്‍ ബക്തിന്‍ ബഹുസ്വര സിദ്ധാന്തം അവതരിപ്പിച്ചത്. സ്റ്റാലിനതു നിരോധിച്ചല്ലോ. ബഹുസ്വരത എന്നു പറയുന്ന ഫോളിഫോണിക്കായ നോവല്‍ എന്നു പറയുന്ന ബഹുസ്വര സിദ്ധാന്തം അവതരിപ്പിച്ചല്ലോ. ഈ രീതിയില്‍ പല കാര്യങ്ങളും മനസ്സിലാക്കാനും പഠിക്കാനുമുള്ള ശ്രമങ്ങള്‍ വൈവിധ്യമേറിയ സമൂഹത്തെ പരിശോധിക്കാനുള്ള ശ്രമങ്ങള്‍, അതിന്‍റെ ഓര്‍മ്മകള്‍, അതിന്‍റെ ചരിത്രം, ദലിത് ഹിന്ദുക്കളും ദലിത് ക്രിസ്റ്റ്യാനിറ്റിയും തമ്മിലുള്ള ബന്ധങ്ങള്‍. നമ്മുടെയിടയിലുള്ളവരുടെ ബന്ധുക്കള്‍ ഹിന്ദുക്കളാണ്, അല്ലെങ്കില്‍ ക്രിസ്ത്യാനികളാണ്. അല്ലെങ്കില്‍ സവര്‍ണ ക്രൈസ്തവരാണ്. അങ്ങനെ പല തരത്തിലുള്ള സങ്കീര്‍ണതകള്‍ അതിലുണ്ട്. അതിനെ വളരെ ലീനിയറായിട്ട്, ഋജുവായിട്ട് നേരേ വാ നേരേ പോ എന്ന രീതിയില്‍ നിര്‍വചിച്ചാല്‍ പോര എന്നാണ് എന്‍റെ അഭിപ്രായം. അതു വളഞ്ഞും പുളഞ്ഞും കിടക്കുന്ന ഒന്നാണ്. അത് നാഗയാന കുടിലമാണ്; കുമാരാനാശാന്‍ പറഞ്ഞതുപോലെ. അതിസങ്കീര്‍ണമായ സമുദായ മണ്ഡലമാണത്. അത്തരത്തില്‍ പഠിക്കാനുള്ള ശ്രമം നടത്തണം. എങ്കില്‍ മാത്രമേ ഞാനൊക്കെ എഴുതിവച്ച കവിതയിലേക്ക് ഈ സമൂഹത്തിനു വരാന്‍ കഴിയുകയുള്ളൂ.
ഈ സമൂഹത്തിന്‍റെ മുഖ്യധാരയില്‍ നിന്നു പുറത്തായ മനുഷ്യനാണു ഞാന്‍. അതിന്‍റെ വരാന്തകളിലൂടെ, അതിന്‍റെ പുറംപോക്കുകളിലൂടെ നടന്നുപോയ മനുഷ്യനാണു ഞാന്‍. പക്ഷേ ഞാനതിനെക്കുറിച്ചു ചിന്തിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഈ കവിതകള്‍ എഴുതിയത്. അതുകൊണ്ടാണ് ‘പെങ്ങളുടെ ബൈബിളും’ ‘ആനന്ദിക്കാടും’ ഒക്കെ എഴുതാന്‍ കഴിഞ്ഞത്. പക്ഷേ അവരിലെത്ര പേര്‍ ഇതു വായിക്കുന്നു? കോളേജിലെ ചില യുവാക്കള്‍ വായിച്ചിട്ടുണ്ട്. പി.എച്ച്.ഡിയ്ക്കും എം.ഫില്ലിനുമൊക്കെ പഠിക്കുന്ന ഒരുപാടു ദലിത് കുട്ടികള്‍ വന്നിട്ടുണ്ട്. അവരുടെയിടയില്‍ വലിയ ചലനമുണ്ടാകുന്നുണ്ട്. അതു പ്രധാനപ്പെട്ട കാര്യമാണ്. അതിലൂടെയാണു നമ്മളൊക്കെ കേരളത്തില്‍ അറിയപ്പെട്ടതും. എന്നെ ആദ്യം അംഗീകരിക്കുന്നത് ദലിതരല്ല, മുസ്‌ലിങ്ങളാണ് ; രണ്ടാമതാണു ദലിതര്‍ അംഗീകരിച്ചത്. അവരിപ്പോഴും ഉറങ്ങി നില്ക്കുന്നു. അവരെ പുറകില്‍ നിര്‍ത്തുന്ന ശക്തികള്‍ എന്താണെന്നാണു ഞാന്‍ പറഞ്ഞത്. മതത്തിന്‍റെ വളരെ ലീനിയറായിട്ടുള്ള നരേഷന്‍സ്, ഈ മനുഷ്യരെ പുറകിലേക്കു വലിക്കുന്നു. അവിടെനിന്നു കടന്ന് കവിതയിലേക്കോ സിനിമയിലേക്കോ അല്ലെങ്കില്‍ അതുപോലെയുള്ള കാര്യങ്ങളിലേക്കോ നമ്മള്‍ എത്തേണ്ടതായിട്ടുണ്ട്. ഇത്രയും സമൂഹമുണ്ടായിട്ടും ഇതുവരെയും സ്വന്തമായി ഒരു ചാനല്‍ തുടങ്ങാന്‍ കഴിഞ്ഞിട്ടില്ലല്ലോ. ബാബുരാജ് മാഷ് മാത്രമാണ് ഓണ്‍ലൈന്‍ മാസിക, ‘ഉത്തരകാലം ഡോട്ട് കോം’, ഒറ്റയ്ക്ക് ഏറ്റെടുത്തു നടത്തുന്നത്. അദ്ദേഹത്തിന്‍റെ കൂട്ടത്തിലുള്ള എല്ലാവരും അവിടെ നിന്നു പോയി. പക്ഷേ അദ്ദേഹം മാത്രം ഏകാന്തപഥികനായിട്ടു നടത്തുകയാണ്. നമ്മളെല്ലാവരും കൂടി ചിന്തിച്ചിരുന്നുവെങ്കില്‍ നമുക്കൊരു പത്രം തുടങ്ങാമായിരുന്നല്ലോ. നമുക്കൊരു ടിവി ചാനല്‍ തുടങ്ങാമായിരുന്നല്ലോ. നമുക്കു സിനിമ പിടിക്കാമായിരുന്നല്ലോ, നമുക്കു കവിത വായിക്കാമായിരുന്നല്ലോ. കവിത എഴുതാമായിരുന്നല്ലോ. നോവല്‍ എഴുതാമായിരുന്നല്ലോ. പോള്‍ ചിറക്കരോടൊക്കെ തുറന്നു തന്ന വഴികള്‍ നമ്മളെന്തുകൊണ്ടു തുടര്‍ന്നില്ല എന്ന രീതിയില്‍ ചിന്തിക്കണം. അല്ലാതെ സംവരണം എന്നുള്ളതില്‍ മാത്രം നിന്നുകൊണ്ടു ജീവിതം പാഴാക്കരുത്.