ഓണം ഒരു രാഷ്ട്രീയ സ്വപ്നം
ഓണം ഒരു രാഷ്ട്രീയസ്വപ്നം ആണെന്ന് പറഞ്ഞല്ലോ. ഇന്ന് അത് പ്രസക്തമാണോ?അത് ഇന്നത്തെ ജനാധിപത്യത്തില്‍ പൂര്‍ത്തീകരിക്കാന്‍ ആവുമോ? എല്ലാ തരത്തിലും താളം തെറ്റിയ കാലമാണിത്. കളളവും ചതിയും നിറഞ്ഞകാലം. മനുഷ്യര്‍ ഉണ്ടാക്കിവച്ച ആത്മനാശങ്ങള്‍ തരുപക്ഷിമൃഗാദികളേയും അചരങ്ങളേയും ബാധിച്ചിരിക്കുന്നു. സഹ്യനെ കാണാതാവുന്ന ഒരു ദിവസം വരും. ആതിരപ്പളളിയുടെ നാശം കേരളപ്രകൃതിയെ ബാധിക്കും.മൃഗങ്ങള്‍ കാടിറങ്ങുന്നു. മാലിന്യം സുഖഭോഗങ്ങളുടേയും സൌന്ദര്യവല്‍ക്കരണത്തിന്റേയും മറുപുറം ആകുന്നു.
ഓണം ഒരു രാഷ്ട്രീയ സ്വപ്നമാണ്. ചവിട്ടിത്താഴ്ത്തപ്പെട്ട ഒരു ജനതയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പാണ്. കാല്‍ച്ചോട്ടിലാവുക എന്നാല്‍ അടിമത്തത്തിലേക്ക് നീങ്ങുക എന്നാണ് അര്‍ത്ഥം.ജനതയുടെ പ്രതീകാത്മകരൂപം ആണ് രാജാവ്. അതിനാല്‍ മഹാബലിയെ ചവിട്ടിത്താഴ്ത്തി എന്നാല്‍ അദ്ദേഹത്തിന്റെ ജനതയെ ചവിട്ടിത്താഴ്ത്തി എന്ന് പറയാതെ പറഞ്ഞിരിക്കുന്നു.
മറവിക്കെതിരെ ഓര്‍മ്മയുടെ കലാപം എന്ന പ്രയോഗത്തിന് ഇവിടെ പ്രസക്തിയുണ്ട്. മറവി എന്നത് 11 മാസത്തെ മറവിയാകുന്നു. ചിങ്ങമാസത്തില്‍ മറവി എന്ന അബോധത്തില്‍നിന്ന് അഥവാ പാതാളത്തില്‍നിന്ന് ഒരു ബോധം പൊരുളായി ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു.
ജാതി, മതം, വംശം എന്നുളള ഘടനകളെ ഉല്ലംഘിച്ച് മനുഷ്യന്‍ അവന്റെ അസ്തിവാരത്തില്‍ നില്‍ക്കുന്നു എന്നതാണ് ഓണത്തിന്റെ മടക്കം. അത് ഒരേ സമയം ഉയിര്‍ത്തെഴുന്നേല്‍പ്പും പാതാളയാത്രയും ആകുന്നു. പാതാളം എന്നത് അടിത്തട്ടുമനുഷ്യരുടെ ലോകം ആകുന്നു. മാവേലിയുടേത് ഉയിര്‍ത്തെഴുന്നേല്‍പ്പാണ് എങ്കില്‍ വര്‍ത്തമാനകാല ജനതയുടേത് ഭൂതകാലത്തിലേക്കുളള യാത്രയുമാകുന്നു.
ഓണം ഒരു രാഷ്ട്രീയസ്വപ്നം ആണെന്ന് പറഞ്ഞല്ലോ. ഇന്ന് അത് പ്രസക്തമാണോ?അത് ഇന്നത്തെ ജനാധിപത്യത്തില്‍ പൂര്‍ത്തീകരിക്കാന്‍ ആവുമോ? എല്ലാ തരത്തിലും താളം തെറ്റിയ കാലമാണിത്. കളളവും ചതിയും നിറഞ്ഞകാലം. മനുഷ്യര്‍ ഉണ്ടാക്കിവച്ച ആത്മനാശങ്ങള്‍ തരുപക്ഷിമൃഗാദികളേയും അചരങ്ങളേയും ബാധിച്ചിരിക്കുന്നു. സഹ്യനെ കാണാതാവുന്ന ഒരു ദിവസം വരും. ആതിരപ്പളളിയുടെ നാശം കേരളപ്രകൃതിയെ ബാധിക്കും.മൃഗങ്ങള്‍ കാടിറങ്ങുന്നു. മാലിന്യം സുഖഭോഗങ്ങളുടേയും സൌന്ദര്യവല്‍ക്കരണത്തിന്റേയും മറുപുറം ആകുന്നു.
എങ്കിലും രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളേക്കാള്‍ ശക്തമാണ് ഓണത്തിന്റെ സന്ദേശം എന്ന് തിരിച്ചറിയാന്‍ പ്രയാസമില്ല. എല്ലാ അധീശത്വപ്രത്യയശാസ്ത്രങ്ങളേയും നിഷ്പ്രഭമാക്കാന്‍ പോന്ന ഒരു ഒന്നിപ്പ് എന്ന പ്രത്യയശാസ്ത്രം ഓണത്തിനകത്തുണ്ട്. അത് എടുത്ത് ചുഴറ്റിയാല്‍ മലയാളിക്കെന്നും ഒന്നിച്ചുനില്‍ക്കാന്‍ പറ്റും, വ്യത്യാസങ്ങളെ പരിഹരിച്ചുകൊണ്ട്.കാരണം ആ ഒന്നിപ്പ് അബോധത്തില്‍ കിടക്കുന്ന ഒന്നാണ്.അത് ഒരു സാമൂഹ്യമായ അബോധം ആകുന്നു.
- 2
രണ്ടറ്റത്തും വെയിലുളള മഴ എന്നാണ് ഓണത്തെ ഞാന്‍ വിളിച്ചിട്ടുളളത്. അതു എന്റെ ഒരു കവിതയുടെ പേരാണ്.
പി. കുഞ്ഞിരാമന്‍ നായര്‍ എന്ന കവിയാണ് ഓണത്തേക്കുറിച്ച് ഏറ്റവും ആഴത്തില്‍ കവിത എഴുതിയത്. അതിങ്ങനെയാണ്:
“തേവര്‍ മാതേവര്‍ ഇങ്ങെഴുന്നളളുമ്പോള്‍
പൂവിളിക്കാത്തതെന്തുകിളികളേ
കാനനനിര്‍ത്ധരികളേ, നിങ്ങളും
തേനുറന്നൊരാ പാട്ടുമറന്നുവോ?
കൊച്ചുമണ്‍കുടില്‍മുറ്റത്തുവന്നിളം
മത്തവളളിനിറകുടം വയ്ക്കുമ്പോള്‍
നാണ,മൊന്നുകൈകൊട്ടിക്കളിക്കുവാന്‍
നാണമോ,വളര്‍ശീമച്ചെടികളേ
മാമലനാടുപൊന്നാല്‍ ചമയിക്കും
മാബലിത്തേരുരുളൊലി പൊങ്ങുമ്പോള്‍
ചമ്പകപ്പുലര്‍ പൊന്‍വെയില്‍ നാളത്തില്‍
തുമ്പികള്‍തന്‍ വിമാനമോടിക്കുമ്പോള്‍,
നൃത്തമാടാത്തതെന്തീയിളം കാറ്റില്‍
മുത്തണിമലനാട്ടിലെ പൂക്കളേ
പ്രാണനില്‍ തേന്‍ തുടിക്കാന്‍ വരുന്നതാ-
മോണനാളിനെ നിങ്ങള്‍ മറന്നാലും
ഓണമെന്നും വെടിയില്ല നിങ്ങളെ
ഓണമെന്നും മറക്കില്ല നിങ്ങളെ
ഈ കവിതയില്‍ ദാരിദ്ര്യം ഉണ്ട്.അതിനാലാണത് ഇവിടെ കൊടുത്തത്.
ഓണം ആദ്യം സൂചിപ്പിച്ചപോലെ ഒരു രാഷ്ട്രീയസ്വപ്നത്തിന്റെ സാക്ഷാല്‍ക്കാരമാകാന്‍ മലയാളിസമൂഹം ദൂരങ്ങള്‍ താണ്ടേണ്ടിയിരിക്കുന്നു. ജനാധിപത്യത്തെ ഒന്ന് പുനഃസംഘടിപ്പിക്കേണ്ടിയിരിക്കുന്നു. ഏറ്റവും താഴേക്കിടയിലുളളവന്റെ സുഖം,ക്ഷേമം ഇവ ഉറപ്പാക്കേണ്ടിയിരിക്കുന്നു. സ്വകാര്യവല്‍ക്കരണത്തെ നിയന്ത്രിക്കേണ്ടിയിരിക്കുന്നു. നിറം ജാതി എന്നിവയെ തൂത്തെറിയേണ്ടിയിരിക്കുന്നു. വജ്രം കരിക്കട്ടയായപോലെ ഒരു കാലത്ത് വജ്രമാകുകയും പില്‍ക്കാലത്ത് കരിക്കട്ടയായിമാറുകയും, ഈ ഉത്തരാധുനികകാലത്ത് അപരിഷ്കൃത രൂപങ്ങളായിത്തീരുകയും ചെയ്ത ജാതിസംഘടനകളെ പിരിച്ചുവിടേണ്ടിയിരിക്കുന്നു. അത് പാവപ്പെട്ടവരെ ജാതിയില്‍ കുടുക്കിയിടുന്നു. അവയുടെ പ്രസക്തി നഷ്ടപ്പെട്ടു.
മനുഷ്യര്‍ക്ക് നീതി ചോദിച്ചുവാങ്ങാന്‍ മറ്റു നിരവധിരൂപങ്ങള്‍ ഉണ്ടല്ലോ.സോഷ്യല്‍ മീഡിയാ,പത്രങ്ങള്‍,ടി.വി അങ്ങനെ എത്ര രൂപങ്ങള്‍.
ദളിതരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു ബൈ-പ്രോഡക്ട് ആയി ജാതിയിലേക്കുളള മടക്കം ഉണ്ടാകുന്നു എന്നത് മറക്കരുത്. അതുമൂലം ജാതിനിര്‍മൂലനം ഒരിക്കലും സംഭവിക്കില്ല. ജാതിബോധം വെടിഞ്ഞ് ഇന്നത്തെ സമൂഹത്തിന് വഴികാട്ടേണ്ട ചിന്തകരാകുന്നു ദളിതര്‍.ജാതിയെ കേന്ദ്രീകരിച്ചുമാത്രം പ്രവര്‍ത്തിക്കാതെ, കണ്ടുപിടുത്തങ്ങള്‍, സിനിമാനിര്‍മാണം, ദാര്‍ശനികാന്വേഷണം,ഗവേഷണം, കച്ചവടം, ചിത്രപ്രദര്‍ശനം, പ്രഭാഷണം, ഗ്രഹനിര്‍മാണം, മാധ്യമപ്രവര്‍ത്തനം എന്നിവയില്‍ എല്ലാം അവര്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.