ജനതകളുടെ മഹാസഖ്യം: വരുന്ന ലോകസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യേണ്ടതെങ്ങനെ?

നമുക്ക് ജനതകളുടെ ഒരു മഹാസഖ്യം ആവശ്യമാണ്. കാരണം, ഫാഷിസ്റ്റുകളെ പരാജയപ്പെടുത്തുന്നതിനു വേണ്ടി ഒത്തൊരുമിച്ചു മുന്നോട്ടുവരുന്നതില്‍ നമ്മുടെ മുഖ്യധാര പാര്‍ട്ടികളില്‍ ഭൂരിപക്ഷവും പരാജയപ്പെട്ടിരിക്കുകയാണ്. വ്യവസ്ഥാപിത പാര്‍ട്ടികള്‍ തന്നെ നമ്മെ തോല്‍പ്പിച്ചു കഴിഞ്ഞു, എന്നാല്‍ സംഘ്പരിവാര്‍ ഭീകരരുടെ മുന്നില്‍ അവര്‍ അടയറവു പറയുന്ന ഒരു സാഹചര്യം ഉണ്ടാകുന്നത് അനുവദിച്ചു കൊടുക്കാന്‍ നമുക്കു കഴിയില്ല. സ്ട്രാറ്റജിക് വോട്ടിങിനെ കുറിച്ച് ഒരാമുഖം.

ഇൻഡ്യൻ ഭരണഘടനയെ രക്ഷിക്കാനും ബഹുജന്‍ വിഭാഗങ്ങള്‍ക്കെതിരെയുള്ള കൊടിയ കുറ്റകൃത്യങ്ങളുടെ പേരില്‍ ഭരണത്തിലിരിക്കുന്ന ഫാഷിസ്റ്റുകളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനും വേണ്ടി, ഇൻഡ്യയിലെ ജനങ്ങളായ നാം, ജനതകളുടെ ഒരു മഹാസഖ്യം (മഹാഗദ്ബന്ധന്‍) രൂപീകരിക്കാന്‍ ദൃഢനിശ്ചയം ചെയ്തുകഴിഞ്ഞു. 2019-ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഫാസിസ്റ്റുകളെ പരാജയപ്പെടുത്തുക എന്നതാണ് നമ്മുടെ മുന്നിലുള്ള അടിയന്തിര ലക്ഷ്യം.

1. എന്തുകൊണ്ട് ‘ജനതകളുടെ മഹാസഖ്യം’?

നമുക്ക് ജനതകളുടെ ഒരു മഹാസഖ്യം ആവശ്യമാണ്. കാരണം, ഫാഷിസ്റ്റുകളെ പരാജയപ്പെടുത്തുന്നതിനു വേണ്ടി ഒത്തൊരുമിച്ചു മുന്നോട്ടുവരുന്നതില്‍ നമ്മുടെ മുഖ്യധാര പാര്‍ട്ടികളില്‍ ഭൂരിപക്ഷവും പരാജയപ്പെട്ടിരിക്കുകയാണ്. വ്യവസ്ഥാപിത പാര്‍ട്ടികള്‍ തന്നെ നമ്മെ തോല്‍പ്പിച്ചു കഴിഞ്ഞു, എന്നാല്‍ സംഘ്പരിവാര്‍ ഭീകരരുടെ മുന്നില്‍ അവര്‍ അടയറവു പറയുന്ന ഒരു സാഹചര്യം ഉണ്ടാകുന്നത് അനുവദിച്ചു കൊടുക്കാന്‍ നമുക്കു കഴിയില്ല. ഫാസിസ്റ്റുകളുടെ വംശഹത്യാ ഭീഷണിക്കു മുന്നില്‍ കഴിയുന്ന, ലോകത്തിലെ ആറിലൊന്ന് വരുന്ന ജനവിഭാഗത്തിന്റെ വിധി നിര്‍ണയിക്കുന്നതാകും 2019-ലെ ലോക്‌സഭ തെരഞ്ഞെടുപ്പ്.

ബഹുജന്‍ തൊഴിലാളിവര്‍ഗ വിഭാഗങ്ങളുടെ ധാര്‍മികതയിലൂന്നിയ ഒരു സമൂഹികസഖ്യമാണ് ജനതകളുടെ മഹാസഖ്യം. മനുഷ്യരാശിയുടെ ശുത്രുക്കളെ പരാജയപ്പെടുത്തുന്ന കാര്യത്തില്‍ നമ്മുടെ രാഷ്ട്രീയ വ്യത്യാസങ്ങള്‍ ഒരിക്കലുമൊരു തടസ്സമാവരുത് എന്ന തത്വമാണ് നമ്മെ പരസ്പരം ചേര്‍ത്തുനിര്‍ത്തുന്നത്.

ഫാഷിസ്റ്റുകളാണ് നമ്മുടെ എല്ലാവരുടെയും പൊതുശത്രു, അഭിപ്രായവ്യത്യാസങ്ങള്‍ നിലനില്‍ക്കെ തന്നെ നാം എല്ലാവരും ഒരുമിച്ചു നിന്ന് അവര്‍ക്കെതിരെ പോരാടേണ്ടതുണ്ട്. സ്ട്രാറ്റജിക് വോട്ടിങ് എന്ന ബഹുജന്‍ രാഷ്ട്രീയ കലയിലൂടെ ജനതകളുടെ മഹാസഖ്യം സാക്ഷാത്കരിക്കുന്നതിനുള്ള ഒരു പ്രായോഗിക മാര്‍ഗദര്‍ശിയാണിത്.

2. മഹാസഖ്യത്തിന്റെ കരുത്ത്

സാമ്രാജ്യത്വവാദികളായ മേല്‍ജാതികളെ ഐക്യപ്പെടുത്തിയും അവരുടെ വോട്ടുകള്‍ ഏകീകരിച്ചുമാണ് ഫാഷിസ്റ്റുകള്‍ ഇന്ത്യയില്‍ രാജ്യഭരണം പിടിച്ചെടുത്തത്. അവരെ തോല്‍പ്പിക്കണമെങ്കില്‍, കശ്മീര്‍ മുതല്‍ തമിഴ്‌നാട് വരെയുള്ള, പഞ്ചാബ് മുതല്‍ ബംഗാള്‍ വരെയുള്ള, നാഗാലാന്‍ഡ് മുതല്‍ കേരളം വരെയുള്ള, അടിച്ചമര്‍ത്തപ്പെടുന്ന എല്ലാ ബഹുജന്‍ വിഭാഗങ്ങളെയും നാം ഒരുമിച്ചുനിര്‍ത്തേണ്ടതുണ്ട്. ദലിതര്‍, ആദിവാസികള്‍, ഓ.ബി.സി വിഭാഗങ്ങള്‍, സ്ത്രീകള്‍, മതന്യൂനപക്ഷങ്ങള്‍, LGBTQ+ സമൂഹങ്ങള്‍, മാനസിക ശാരീരിക വെല്ലുവിളി നേരിടുന്നവര്‍, ഉപഭൂഖണ്ഡത്തില്‍ അടിച്ചമര്‍ത്തലിനു വിധേയരായി കൊണ്ടിരിക്കുന്ന ദേശീയതകള്‍, ഇവരെല്ലമടങ്ങുന്ന ഭൂരിപക്ഷത്തെ, അഥവാ ബഹുജന്‍ ഭൂരിപക്ഷത്തെയും അവരുടെ രാഷ്ട്രീയ സംഘടനകളെയുമാണ് ജനതകളുടെ മഹാസഖ്യം പ്രതിനിധീകരിക്കുന്നത്.

സാമ്രാജ്യത്വ പാര്‍ട്ടികളല്ല, മറിച്ച് പ്രാദേശിക പാര്‍ട്ടികളെന്ന് വിളിക്കപ്പെടുന്ന പാര്‍ട്ടികളാണ് യഥാര്‍ഥവും വിശ്വസനീയവുമായ ബഹുജന്‍-ദേശീയ പാര്‍ട്ടികള്‍. ന്യൂനപക്ഷ മേല്‍ജാതികളുടെ ഏകാധിപത്യഭരണത്തിന്റെ അടിവേരറുക്കാന്‍ മാത്രം കരുത്തുള്ള ഏക രാഷ്ട്രീയ ശക്തി ഇവിടുത്തെ ബഹുജന്‍ ഭൂരിപക്ഷം മാത്രമാണ്.

3. നാം എവിടെ എത്തിനില്‍ക്കുന്നു?

മഹാനായ ബഹുജന്‍ നേതാവ് ലാലു പ്രസാദ് യാദവ് യഥാര്‍ഥ്യവത്കരിച്ച ഫാഷിസ്റ്റ് വിരുദ്ധ മഹാസഖ്യം എന്ന ആശയം, പക്ഷേ ഒരു ഉപഭൂഖണ്ഡ ശക്തിയായി മാറിയിട്ടില്ല. മഹാസഖ്യം എന്ന ആശയം ഒരു പരാജയമല്ല; ഫാഷിസ്റ്റുകള്‍ തന്നെ ഏറ്റെടുത്ത് വിജയിപ്പിച്ച ആശയമാണത്. ഇൻഡ്യയിലെ ഏതാണ്ടെല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള അവസരവാദികളും ഒറ്റുകാരുമായ പാര്‍ട്ടികളുടെ ഒരു മഹാസഖ്യം ബി.ജെ.പി ഉണ്ടാക്കിയിട്ടുണ്ട്. ഈ സാഹചര്യം പരിഗണിച്ചു കൊണ്ട്, അവരുടെ മഹാസഖ്യത്തെ പരാജയപ്പെടുത്തേണ്ടത് അനിവാര്യമാണ്, അതോടൊപ്പം തന്നെ ക്രിയാത്മകവും തന്ത്രപ്രധാനവുമായ നമ്മുടേതായ ഒരു പുതിയ സഖ്യത്തിന്റെ രൂപീകരണം വേഗത്തിലാക്കേണ്ടതുമുണ്ട്. മറ്റൊരു സാമ്രാജ്യത്വ മേല്‍ജാതി പാര്‍ട്ടിയായ കോണ്‍ഗ്രസ്, ഫാഷിസ്റ്റ് വിരുദ്ധ ശക്തികളെ ഒരുമിച്ചു നിര്‍ത്തുക എന്ന ഉദ്യമത്തില്‍ നിന്നും പതുക്കെ പിന്‍വലിഞ്ഞു കഴിഞ്ഞിട്ടുണ്ട്. ഈ വലിയ ഉത്തരവാദിത്വമേറ്റെടുക്കാന്‍ മാത്രം ഇടതുപക്ഷ പാര്‍ട്ടികള്‍ വളര്‍ന്നിട്ടുമില്ല. ബഹുജന്‍ ദേശീയ പാര്‍ട്ടികളാണെങ്കില്‍ സ്വന്തം നിലക്ക് സാമ്രാജ്യത്വ പാര്‍ട്ടികളെ പരാജയപ്പെടുത്താന്‍ കഴിയാത്ത വിധം അതീവ ദുര്‍ബലരാണ്. എന്നിരുന്നാലും, തന്ത്രപരമായ വോട്ടിംഗിലൂടെ, നമുക്ക് നമ്മുടെ പാര്‍ട്ടികളെ ശക്തിപ്പെടുത്താനും. ഫാഷിസ്റ്റുകളില്‍ നിന്ന് രാജ്യഭരണം പിടിച്ചെടുക്കാനും സാധിക്കും.

4. സ്ട്രാറ്റജിക് വോട്ടിങ് എന്ന ബഹുജന്‍ കല

പാര്‍ട്ടികള്‍ക്കെല്ലാം അവരുടേതായ തെരഞ്ഞെടുപ്പ് തന്ത്രങ്ങളുണ്ട്. നമുക്ക് നമ്മുടേതായ ഒരു വോട്ടിങ് തന്ത്രം വേണ്ടതുണ്ട്.

ബി.ജെ.പിയെ തറപ്പറ്റിക്കാനാണ് നാം വോട്ടു ചെയ്യേണ്ടത്. കോണ്‍ഗ്രസ്സിനേയല്ല, മറിച്ച് ബഹുജന്‍ ദേശീയ പാര്‍ട്ടികളെയാണ് നാം ശക്തിപ്പെടുത്തേണ്ടത്. പക്ഷേ, കോണ്‍ഗ്രസ്സിന്റെയും ഇടതുപക്ഷത്തിന്റെയും സഹായമില്ലാതെ അതു സാധ്യമല്ല. ബഹുജന്‍-ദേശീയ പാര്‍ട്ടികളുടെ കരുത്തുമായി ബന്ധപ്പെട്ട യഥാര്‍ഥ കണക്കുകളുടെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസുമായും ഇടതുപക്ഷ പാര്‍ട്ടികളുമായും തന്ത്രപരമായ രാഷ്ട്രീയ നീക്കുപോക്കുകള്‍ നാം നടത്തേണ്ടതുണ്ട്.

ഓരോ വോട്ടും വിലപ്പെട്ടതാണ്, പക്ഷേ ഓരോന്നിനും ഓരോ വിലയാണ്.

ചില നിയോജകമണ്ഡലങ്ങളിലെ വോട്ടുകള്‍ക്ക് മറ്റു നിയോജകമണ്ഡലങ്ങളെ അപേക്ഷിച്ച് വിധിനിര്‍ണായക ശക്തി കൂടുതലായിരിക്കും, പ്രത്യേകിച്ച് മാനവരാശിയുടെ പൊതുശത്രുക്കളായ ഫാഷിസ്റ്റുകളെ പരാജയപ്പെടുത്തുന്നതിനു വേണ്ടിയുള്ള വോട്ടുകള്‍ക്ക്. ഓരോ ഫാഷിസ്റ്റ് വിരുദ്ധ വോട്ടിന്റെയും മൂല്യം നാം പരമാവധി ഉയര്‍ത്തണം, പ്രധാനപ്പെട്ട മണ്ഡലങ്ങളിലെ ബഹുജന്‍ വോട്ടുകള്‍ തന്ത്രപരമായ ഏകീകരിക്കണം, അങ്ങനെ ക്രൂരന്‍മാരായ ഫാഷിസ്റ്റുകള്‍ക്കെതിരെയുള്ള ചരിത്രപരമായ ഐക്യസംഘമായി വോട്ടു രേഖപ്പെടുത്തുക. മരണത്തിന്റെ കച്ചവടക്കാരനായ, മോദിക്കെതിരെയുള്ള ഒരു വോട്ടും ഒരിക്കലും പാഴായി പോകാന്‍ പാടില്ല. നിയോജക മണ്ഡലങ്ങള്‍ വഴിയുള്ള വോട്ടുകളുടെ ഏകീകരണത്തിലൂടെ, മേല്‍ജാതികളുടെ ആക്രമണങ്ങളില്‍ നിന്നും ഭരണഘടനയെ നമുക്ക് കാത്തുരക്ഷിക്കാന്‍ സാധിക്കും. നമ്മുടെ വോട്ടുകളെ പൂര്‍ണബോധ്യത്തോടെ ബഹുജന്‍വല്‍കരിച്ചു കൊണ്ട് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ നമുക്ക് അനുകൂലമാക്കി തീര്‍ക്കേണ്ടത് അനിവാര്യമാണ്.

5. ചെയ്യേണ്ട കാര്യങ്ങള്‍

● നേരിട്ടുള്ള പോരാട്ടത്തിലൂടെ ഫാഷിസ്റ്റ് സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്താന്‍ സാധിക്കുന്ന ഇടങ്ങളിലെല്ലാം ബഹുജന്‍-ദേശീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ക്കായി നമ്മുടെ വോട്ടുകള്‍ മാറ്റിവെക്കണം.

● ബി.ജെ.പിയെ ഉറപ്പായും തോല്‍പ്പിക്കാന്‍ സാധിക്കുന്ന തരത്തില്‍ കോണ്‍ഗ്രസ് അല്ലെങ്കില്‍ ഇടതുപക്ഷം മുന്നിട്ടു നില്‍ക്കുന്ന തെരഞ്ഞെടുത്ത മണ്ഡലങ്ങളില്‍ നമ്മുടെ വോട്ടുകള്‍ അവര്‍ക്കു വേണ്ടി വിനിയോഗിക്കുക.

● ബഹുജന്‍ വിഭാഗത്തില്‍പെട്ടവര്‍ക്കെതിരെ വിദ്വേഷ കുറ്റകൃത്യങ്ങള്‍ ചെയ്ത സ്ഥാനാര്‍ഥികള്‍ക്ക്, അവര്‍ ഏതു പാര്‍ട്ടിക്കാരായാലും ശരി, ഒരിക്കലും വോട്ടു നല്‍കരുത്.

● ബഹുജന്‍-ദേശീയ താല്‍പര്യങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചതിന്റെ നീണ്ട ചരിത്രമുള്ള സ്ഥാനാര്‍ഥികള്‍, അവര്‍ (എന്‍.ഡി.എ ഒഴികെയുള്ള) ഏതു പാര്‍ട്ടി അനുഭാവികളാണെങ്കിലും ശരി, നാം അവര്‍ക്കു വേണ്ടി വോട്ടു രേഖപ്പെടുത്തണം.

● എന്‍.ഡി.എ-യിലുള്ള ബഹുജന്‍-ദേശീയ പാര്‍ട്ടികളോട്, ബി.ജെ.പിയുടെ അകത്തു നിന്നുകൊണ്ടു തന്നെ അവരെ തോല്‍പ്പിക്കുന്നതിനു വേണ്ടി പ്രവര്‍ത്തിക്കാനും, ബി.ജെ.പി സ്ഥാനാര്‍ഥികള്‍ക്കു വോട്ടുകള്‍ നല്‍കരുതെന്നും അഭ്യര്‍ഥിക്കണം.

● ബി.ജെ.പിയുടെ മേല്‍ജാതി വോട്ടു ബാങ്കില്‍ വിള്ളലുകള്‍ വീഴ്ത്താനും അതു വിഭജിക്കുന്നതിനും വേണ്ടി പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസ്സിനോടും ഇടതു പാര്‍ട്ടികളോടും ആവശ്യപ്പെടണം. ഇതിനായി അവരിലെ മതേതര-പുരോഗമന വിഭാഗങ്ങളെയാണ് സമീപിക്കേണ്ടത്.

● നിയോജകമണ്ഡലം തിരിച്ചുള്ള ടാക്റ്റിക്കല്‍ വോട്ടിങ് ഗൈഡ് അടുത്തുതന്നെ പുറത്തിറക്കും. അതു ബഹുജന്‍ ജനവിഭാഗങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യും.

6. ബഹുജന്‍ ഫ്രണ്ട് ഗവണ്‍മെന്റ്

ഒരു ബഹുജന്‍ ഫ്രണ്ട് ഗവണ്‍മെന്റ് രൂപീകരിക്കാതെ ഇൻഡ്യയെ ഒരു ബഹുജന്‍ ഡെമോക്രാറ്റിക് യൂണിയനായി പരിവര്‍ത്തിപ്പിക്കാന്‍ നമുക്ക് സാധിക്കുകയില്ല. എല്ലാ ജനവിഭാഗങ്ങളെയും പ്രതിനിധീകരിക്കുന്ന ഒരു സഖ്യമായിരിക്കും ബഹുജന്‍ ഫ്രണ്ട്. 2019-ല്‍ ഫാഷിസ്റ്റുകളുടെ പരാജയത്തോടെ, ഈ ജനാധിപത്യപരമാധികാരരാഷ്ട്രം ഒരു ബഹുജന്‍ ഫ്രണ്ട് ഗവണ്‍മെന്റ് ഭരിക്കും, അതിന് യു.പി.എയുടെയും ഇടതു പാര്‍ട്ടികളുടെയും പിന്തുണയുണ്ടാകും, ഇന്ത്യ ഒരു യഥാര്‍ഥ ജനാധിപത്യരാഷ്ട്രമായി മാറും.

മൊഴിമാറ്റം : ഇര്‍ഷാദ് കാളാച്ചാല്‍

Top