രണ്ട് ബുൾഡോസറുകളുടെ കഥ

ജഹാംഗീർപുരിയിലെയും ഖാർഗോണിലെയും ഉത്തർപ്രദേശിലെയും സംഭവങ്ങൾ തമ്മിൽ സമാനത തോന്നുന്നുവെങ്കിൽ, അതുള്ളതു കൊണ്ടു തന്നെയാണ്. 2500 മൈലുകൾക്കപ്പുറം ഫലസ്തീനിലും സമാനമായ ചിത്രങ്ങൾ കണ്ടിട്ടുണ്ട്. ബുൾഡോസറുകളുപയോഗിച്ച് ഇസ്രായേലി ഭരണകൂടം ഫലസ്തീനികളുടെ വീടുകളും കച്ചവട സ്ഥാപനങ്ങളും തകർത്തു കളയുന്നത് അവിടുത്തെ നിത്യ യാഥാർഥ്യമാണ്. പ്രണയ് സൊമയാജൂല എഴുതുന്നു.

വടക്കൻ ഡൽഹിയിലെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ ജഹാംഗീർപുരിയിൽ തകർക്കപ്പെട്ട തങ്ങളുടെ വീടുകളുടെ മുന്നിലിരുന്ന് കണ്ണീർവാർക്കുന്ന ആളുകളുടെ ഹൃദയഭേദകമായ കാഴ്ചകൾ കൊണ്ട് നിറഞ്ഞിരിക്കുകയായിരുന്നു ഇൻഡ്യയിലെയും, ലോകത്തിലെ തന്നെയും ട്വിറ്റർ ഫീഡുകൾ. ഒരിക്കൽ വീടുകളും കച്ചവട കേന്ദ്രങ്ങളുമായിരുന്ന ഓടുകളും മരങ്ങളുമെല്ലാം വെറും അവശിഷ്ടങ്ങളായി ആയുധധാരികളായ പട്ടാളക്കാർക്കിടയിൽ ചിതറിക്കിടക്കുന്ന കാഴ്ചകളാണ് ആകാശ ചിത്രങ്ങൾ ഒപ്പിയെടുത്തത്.

ഈ ചിത്രങ്ങളിലേക്കു നോക്കുമ്പോൾ, ഹിംസാത്മകമായ അക്രമങ്ങളുടെ ബാക്കിപത്രമാണ് ഇതെന്നു മനസ്സിലാക്കാൻ അൽപ്പം പോലും പ്രയാസമില്ല. എന്നാൽ, ജഹാംഗീർപുരിയിലേത് തീവ്രവാദി അക്രമമമോ കലാപമോ അല്ല, മറിച്ച്, പൊതു നിലങ്ങൾ ‘നിയമവിരുദ്ധമായി കയ്യേറി’ നിർമിച്ചിട്ടുള്ള വീടുകളും കച്ചവട സ്ഥാപനങ്ങളും തകർക്കാൻ അയക്കപ്പെട്ട ‘ഗവണ്മെന്റിന്റെ ബുൾഡോസറു’കളാണ് ഇപ്പണി പറ്റിച്ചത്. തൊട്ടു മുൻപത്തെ ആഴ്ചയുണ്ടായ സമുദായിക സംഘർഷങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ് ഈ ഒഴിപ്പിക്കലുകൾ നടന്നത്. ഹനുമാൻ ജയന്തി ആഘോഷിക്കുകയായിരുന്ന ഹിന്ദുക്കൾ മുസ്‌ലിം പ്രദേശങ്ങളിലൂടെ മാർച്ച് ചെയ്യുകയും, സമീപത്തെ ഒരു പള്ളിക്ക് അടുത്തെത്തിയപ്പോൾ ആയുധങ്ങളുയർത്തിക്കാണിച്ചു കൊണ്ട് ജയ് ശ്രീരാം വിളിക്കുകയും ചെയ്തിരുന്നു. റാലിക്കെതിരെ കല്ലേറുകളുണ്ടായി, പൊടുന്നനെ അക്രമങ്ങൾ പൊട്ടിപ്പുറപ്പെട്ടു. നിരവധി ആളുകൾക്ക് പരിക്കേൽക്കുകയും അനേകം അറസ്റ്റുകൾ ഉണ്ടാവുകയും ചെയ്തു.

ഈ അക്രമങ്ങൾക്ക് മറുപടിയെന്നോണം നിലവിൽ ബിജെപി ഭരിക്കുന്ന കിഴക്കൻ ഡൽഹി മുൻസിപ്പൽ കോർപറേഷൻ നിരവധി പോലീസുകാരും ബുൾഡോസറുകളുമായി പ്രദേശത്തേക്ക് കടന്നുകയറുകയും, സുപ്രീംകോടതിയുടെ സ്റ്റേ വന്നിട്ടും മണിക്കൂറുകളോളം കെട്ടിടങ്ങൾ പൊളിക്കുകയും ചെയ്തു. സമാനമായ നിലയിൽ മധ്യപ്രദേശിലെ ഖാർഗോൺ ജില്ലയിൽ ‘കലാപകാരികൾ’ എന്നു സംശയിക്കുന്നവരുടെ വീടുകൾ ബിജെപി ഗവണ്മെന്റ് പൊളിച്ചു നീക്കിയിരുന്നു. തൊട്ടടുത്ത ദിവസങ്ങളിലാണ് ഡൽഹിയിലും ഒഴിപ്പിക്കൽ നടപടികൾ നടക്കുന്നത്. ക്രിമിനലുകൾ എന്നു കരുതപ്പെടുന്നവരുടെ വീടുകൾ പൊളിച്ചു കളയുക എന്ന, ഉത്തർപ്രദേശ് മുഖ്യമന്ത്രിയും തീവ്ര വലതുപക്ഷക്കാരനുമായ യോഗി ആദിത്യനാഥിന്റെ തന്ത്രത്തോട് സാമ്യപ്പെടുന്നുമുണ്ട് ജഹാംഗീർപുരിയിലെ സംഭവങ്ങൾ.

ജഹാംഗീർപുരിയിലെയും ഖാർഗോണിലെയും ഉത്തർപ്രദേശിലെയും സംഭവങ്ങൾ തമ്മിൽ സമാനതയുണ്ടെന്ന് തോന്നുന്നുവെങ്കിൽ, അതുള്ളതു കൊണ്ടു തന്നെയാണ്. 2500 മൈലുകൾക്കപ്പുറം ഫലസ്തീനിലും സമാനമായ ചിത്രങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്. ജഹാംഗീർപുരിയിലേതു പോലെ ബുൾഡോസറുകൾ ഉപയോഗിച്ചുകൊണ്ട് ഇസ്രായേലി ഭരണകൂടം ഫലസ്തീനികളുടെ വീടുകളും കച്ചവട സ്ഥാപനങ്ങളും തകർത്തു കളയുന്നത് അവിടുത്തെ നിത്യ യാഥാർഥ്യമാണ്. 2021ൽ മാത്രമായി ഇസ്രായേൽ ഭരണകൂടം 937 കെട്ടിടങ്ങൾ പൊളിക്കുകയും 1200ഓളം ആളുകളെ കുടിയൊഴിപ്പിക്കുകയും ചെയ്തിട്ടുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എത്രത്തോളമെന്നാൽ, ബുൾഡോസറുകൾ ഇസ്രായേലി അധിനിവേശത്തിന്റെ അടയാളമായി മാറുവോളം ഇത്തരം ഒഴിപ്പിക്കലുകൾ ഫലസ്തീനിൽ തുടർന്നു പോന്നിട്ടുണ്ട്. ജഹാംഗീർപുരിയിലും ഖാർഗോണിലും കെട്ടിടങ്ങൾ തകർത്തതിന്റെ ന്യായമായി ബിജെപി പറയുന്നത്, തകർക്കപ്പെട്ട കെട്ടിടങ്ങൾ നിൽക്കുന്നത് ‘അനധികൃതമായി കയ്യേറിയ’ ഭൂമിയിലാണ് എന്നതാണ്. ഫലസ്തീനിലാവട്ടെ, ശരിയായ പെർമിറ്റുകളില്ലാതെ ‘നിയമവിരുദ്ധമായി’ നിർമിച്ചയാവയാണ് ആ കെട്ടിടങ്ങൾ എന്ന പൊള്ളയായ ന്യായമാണ് ഇസ്രായേലി ഗവണ്മെന്റ് ഏറ്റുപിടിക്കുന്നത്. ഫലസ്തീനികൾ സമർപ്പിക്കുന്ന അപേക്ഷകളിൽ വെറും 1.5 ശതമാനത്തിനു മാത്രമാണ് ഇസ്രായേൽ ഭരണകൂടം പെർമിറ്റ് നൽകാറുള്ളൂ എന്നത് മറ്റൊരു വസ്തുത.

എന്നാൽ തികച്ചും ന്യായവിരുദ്ധമായി, ഇസ്രായേൽ ഭരണകൂടത്തിന്റെ ഒത്താശയോടെ വെസ്റ്റ് ബാങ്കിലും കിഴക്കൻ ജെറുസലേമിലും നിർമിക്കപ്പെടുന്ന ജൂത കുടിയേറ്റ കേന്ദ്രങ്ങളുടെ എണ്ണത്തിൽ റെക്കോർഡ് വർധനവാണ് നിലവിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യയിൽ ക്രിമിനലുകളെന്നും കലാപകാരികളെന്നും സംശയിക്കപ്പെടുന്നവർക്ക് ‘മുന്നറിയിപ്പു നൽകുക’ എന്ന അർത്ഥത്തിലാണ് ബുൾഡോസറുകൾ ഉപയോഗിക്കുന്നതെങ്കിൽ, ഫലസ്തീനിൽ സായുധ ചെറുത്തുനിൽപ്പുകൾ നടത്തുന്നവരുടെ വീടുകളെയും സ്ഥാപനങ്ങളെയും ലക്ഷ്യംവെച്ചുകൊണ്ട് നിത്യേന നടക്കുന്ന ഒഴിപ്പിക്കൽ നടപടികൾ അവർക്കുള്ള ‘സംഘടിത ശിക്ഷയായാണ്’ പ്രായോഗിക്കപ്പെടുന്നത്. ഇസ്രായേലിലും ഇൻഡ്യയിലും സ്റ്റേറ്റ് മർദനങ്ങളുടെ മരവിപ്പിക്കുന്ന ഓർമയായി ബുൾഡോസറുകൾ നിലനിൽക്കുന്നു എന്നതിൽ ഒട്ടും തന്നെ യാദൃശ്ചികതയില്ല. നേരെമറിച്ച്, രണ്ടിടത്തും അക്രമങ്ങളുടെ സ്വഭാവം ഏതാണ്ട് സമാനമാണ്. ഇൻഡ്യയിലെയും ഇസ്രായേലിലെയും തീവ്ര വലതുപക്ഷ ഗവണ്മെന്റുകൾ ഒരേ ഭൂരിപക്ഷ-വംശീയ സ്റ്റേറ്റ് വിഭാവന ചെയ്യുന്നവരാണ്; അതിന്റെ സാക്ഷാത്കാരത്തിനു വേണ്ടി ഏതറ്റം വരെയും പോകാൻ തയ്യാറുള്ളവരുമാണ്. ഈ ഭീകരതകളെ ഏറ്റെടുത്തു നടത്തുമ്പോൾ തന്നെ, അന്താരാഷ്ട്ര സമൂഹത്തിനു മുന്നിൽ നിയമസാധുതയുടെ ഒരു മുഖം കൈവരിക്കാനും ഇരുകൂട്ടരും മനപ്പൂർവം തന്നെ ശ്രമിക്കാറുമുണ്ട്. ഇങ്ങനെ നോക്കുമ്പോൾ ഇരുകൂട്ടരും സ്വാഭാവിക മിത്രങ്ങളായതിൽ അത്ഭുതമില്ല.

ഇൻഡ്യ-ഇസ്രായേൽ ചങ്ങാത്തത്തിന്റെ വേരുകൾക്ക് ആഴമേറെയാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള വൻ സുരക്ഷാ ബന്ധങ്ങൾ അതിന്റെ ഏറ്റവും കുപ്രസിദ്ധമായ ഉദാഹരണമാണ്. ഇസ്രായേൽ ആയുധ കയറ്റുമതിയുടെ 46 ശതമാനവും ഇൻഡ്യയിലേക്കാണ് എത്തുന്നത്, അഥവാ ഇസ്രായേലി ആയുധങ്ങളുടെ ഏറ്റവും വലിയ ഉപഭോക്താവാണ് ഇൻഡ്യ. ഇസ്രായേലി ചാര സംവിധാനം വാങ്ങുകയും, ജേർണലിസ്റ്റുകളെയും മനുഷ്യാവകാശ പ്രവർത്തകരെയും പ്രതിപക്ഷ നേതാക്കളെയും നിയമവിരുദ്ധമായി ചാരവലയത്തിൽ കൊണ്ടുവരാൻ അതുപയോഗിക്കുകയും ചെയ്തതിന്റെ പേരിൽ മോഡി ഗവണ്മെന്റ് ഈയടുത്ത് വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ഈ ചങ്ങാത്തം രാജ്യത്തലവന്മാർ തമ്മിലുമുണ്ട്. ഇൻഡ്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും മുൻ ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തമ്മിലുള്ള ചങ്ങാത്തം പ്രസിദ്ധമാണ്. എത്രത്തോളമെന്നാൽ, 2019ലെ പാർലമെന്റ് ഇലക്ഷൻ കാലത്ത് ഇരു രാഷ്ട്രത്തലവന്മാരും ഹസ്തദാനം ചെയ്യുന്നതിന്റെ പത്തു നില വലിപ്പമുള്ള ബാനർ നെതന്യാഹുവിന്റെ വലതുപക്ഷ പാർട്ടിയായ ലികുഡ് പാർട്ടിയുടെ തെൽഅവീവിലുള്ള ആസ്ഥാനത്ത് പ്രദർശിപ്പിക്കുക വരെ ചെയ്തിരുന്നു. 2021 ജൂണിൽ നെതന്യാഹു പുറത്തായപ്പോൾ പോലും, അയാളുടെ പിൻഗാമിയായി വന്ന നെഫ്താലി ബെനറ്റിനോട്‌ സമാനമായ ബന്ധം മോഡി പുലർത്തുകയുണ്ടായി. കഴിഞ്ഞ നവംബറിൽ ഗ്ലാസ്ഗോവിൽ വെച്ചു സന്ധിച്ചപ്പോൾ ബെനറ്റ് മോഡിയെ വിശേഷിപ്പിച്ചത് “ഇസ്രായേലിലെ ഏറ്റവും പ്രസിദ്ധനായ വ്യക്തി എന്നാണ്”; തികഞ്ഞ ലാസ്യത്തോടെ തന്റെ പാർട്ടിയിൽ ചേരാൻ മോഡിയെ അയാൾ ക്ഷണിക്കുകയും ചെയ്തു.

ഇൻഡ്യയിലെയും ഇസ്രായേലിലെയും തീവ്ര വലതുപക്ഷ ഭരണകൂടങ്ങൾ തമ്മിലെ ബന്ധം കേവലം ആയുധ കച്ചവടം, നേതാക്കൾ തമ്മിലെ ബന്ധം തുടങ്ങിയ ഉപരിപ്ലവമായ കാര്യങ്ങൾ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല. മറിച്ച് ഇരുകൂട്ടരെയും പ്രചോദിപ്പിച്ചു കൊണ്ടിരിക്കുന്ന പ്രത്യയശാസ്ത്രങ്ങളുമായും ഇതിനു ബന്ധമുണ്ട്: അതാണ് ഹിന്ദുത്വവും സയണിസവും. ഇരു ആശയങ്ങളും വംശീയ ദേശീയതയെ അടിസ്ഥാനപ്പെടുത്തിയുള്ളതും, തദാനുസാരം ദേശീയ ഭൂരിപക്ഷത്തിനു വേണ്ടി ‘മാതൃരാജ്യം’ സൃഷ്ടിക്കാൻ ഇറങ്ങിപ്പുറപ്പെട്ടവരുമാണ്. ഹിന്ദുത്വത്തെ സംബന്ധിച്ചിടത്തോളം ഇത് ‘ഹിന്ദു രാഷ്ട്ര’വും സയണിസ്റ്റുകളെ സംബന്ധിച്ചിടത്തോളം പുരാതനമായ ഫലസ്തീനിൽ സൃഷ്ടിക്കേണ്ട ജൂത രാഷ്ട്രവുമാണ്. ഏറെക്കുറെ ഇരു കൂട്ടരും ഈ ലക്ഷ്യത്തിലേക്ക് വ്യത്യസ്തമായ അളവിലാണെങ്കിലും മുന്നേറിയിട്ടുണ്ട്. സയണിസ്റ്റുകൾ 1948ൽ വിജയകരമായി ജൂത രാഷ്ട്രം സ്ഥാപിക്കുകയും ഇപ്പോൾ അതിനെ സംരക്ഷിച്ചു നിർത്തുന്നതിൽ ബദ്ധശ്രദ്ധരായിരിക്കുകയും ചെയ്യുന്നു. ഇൻഡ്യയാകട്ടെ, സ്വാതന്ത്ര്യം മുതൽ നാമമാത്രമായെങ്കിലും മതേതര ലിബറൽ-ജനാധിപത്യമായി നിലനിന്നു, അതുകൊണ്ടുതന്നെ, ഹിന്ദു ദേശീയവാദികളുടെ ഇപ്പോഴത്തെ ശ്രമം അതിനെ ഹിന്ദു രാഷ്ട്രമാക്കി മാറ്റുക എന്നതാണ്.

വിശാലമായ ഇത്തരം കാഴ്ചപ്പാടുകൾക്കുപരി, ഇരു പ്രസ്ഥാനങ്ങളും തമ്മിലെ കൊടുക്കൽ വാങ്ങലുകളെ വ്യക്തമാക്കുന്ന അനേകം പ്രത്യയശാസ്ത്ര ആശയങ്ങളും ബന്ധങ്ങളുമുണ്ട്. ദേശീയ/പ്രാദേശിക അതിവാദം (territorial maximalism, അഖണ്ഡ ഭാരതം എന്ന ഹിന്ദു ദേശീയവാദ ആശയം സയണിസ്റ്റ് നവീകരണവാദികളുടെ ‘ഗ്രേറ്റർ ഇസ്രായേൽ’ എന്ന ആശയവുമായി പല തരത്തിലും സാമ്യപ്പെടുന്നുണ്ട്), ദേശീയ നവീകരണവാദ രാഷ്ട്രീയം (നൂറ്റാണ്ടുകൾ നീണ്ട പീഡനങ്ങളും അധീനപെടുത്തലുകൾക്കും ശേഷം, ഓരോ രാഷ്ട്രത്തിന്റെയും നഷ്ട്ടപെട്ടുപോയ ഭൂതകാല പൈതൃകങ്ങളെ വീണ്ടെടുക്കുന്നതിനു വേണ്ടി ഭൂരിപക്ഷാടിസ്ഥിത രാഷ്ട്രം സ്ഥാപിക്കുക എന്നത് ഇരു പ്രസ്ഥാനങ്ങളുടെയും ആശയമാണ്), ഇരവാദങ്ങളെ ആയുധമാക്കുക (ഈ പ്രത്യയശാസ്ത്രങ്ങൾക്കെതിരെ ശബ്ദിക്കുന്നവരെ ആന്റി-സെമിറ്റിസം, ഹിന്ദുഫോബിയ തുടങ്ങിയ വാദങ്ങളുപയോഗിച്ച ചേർക്കുക) തുടങ്ങിയവ അതിന്റെ ഭാഗമാണ്.

ഹിന്ദുത്വത്തിന്റെയും സയണിസത്തിന്റെയും ഏറ്റവും പ്രധാനപ്പെട്ട പൊതു ഘടകമെന്നത്, അവരുടെ ഭൂരിപക്ഷവാദത്തോട് സന്ധിയാകാൻ തയ്യാറല്ലാത്ത വലിയൊരു ദേശീയ ന്യൂനപക്ഷത്തോട് നിരന്തരം കലാഹിക്കേണ്ടിവരുന്നു എന്നതാണ്. ഹിന്ദുത്വത്തെ സംബന്ധിച്ചിടത്തോളം ഇത് ഇൻഡ്യൻ മുസ്‌ലിംകളും, സയണിസത്തെ സംബന്ധിച്ചിടത്തോളം ഫലസ്തീനികളുമാണ്. ഈ ‘അശുഭകരമായ യാഥാർഥ്യ’ത്തെ മറികടക്കുന്നതിന്, ദേശീയ ന്യൂനപക്ഷങ്ങളെ ബലിയാടുകളാക്കിക്കൊണ്ട്, പുറംതള്ളലിന്റേതായ നയം ഇരു കൂട്ടരും സ്വീകരിക്കുന്നു. ഇതിന്റെ തോത് വ്യത്യസ്തമാണ്, ഉദാഹരണത്തിന്, ഇസ്രായേലിൽ, സമാധാന പ്രക്രിയകളെ തകിടംമറിക്കുന്നു എന്നും ഇസ്രായേലിനെ അംഗീകരിക്കാൻ തയ്യാറാവുന്നില്ല എന്നും ഫലസ്തീനികൾക്കു മേൽ ആരോപണമുന്നയിക്കപ്പെടുമ്പോൾ, ഇൻഡ്യയിൽ കോവിഡ് പരത്തുന്നതിനു മുതൽ ഹിന്ദു സ്ത്രീകളെ പ്രലോഭപ്പിക്കുന്നതിനു വരെ ഇൻഡ്യൻ മുസ്‌ലിംകൾ ആരോപണവിധേയരാകുന്നു! രണ്ടു സാഹചര്യങ്ങളിലും (ഭൂരിപക്ഷ) അക്രമങ്ങളെ ന്യായീകരിക്കുക എന്ന പണിയാണ് ഇതു ചെയ്യുന്നത്. കൂടാതെ ഇൻഡ്യയിലും ഇസ്രായേലിലും, പ്രധാനമായും ദേശീയ ന്യൂനപക്ഷങ്ങളായ മുസ്‌ലിംകളെ രാഷ്ട്ര സുരക്ഷക്ക് ഭീഷണിയെന്ന് മുദ്രകുത്തുകയും സംശയത്തിന്റെ മുനയിൽ നിർത്തുകയും ചെയ്യുന്നു. ഇരു സാഹചര്യങ്ങളിലും ഭൂരിപക്ഷവാദത്തിന്റെ ദൗത്യം ഒന്നുതന്നെയാണ്- കടലാസിൽ എത്രതന്നെ എഴുതിവെച്ചിട്ടുണ്ടെങ്കിലും, രണ്ടു രാഷ്ട്രങ്ങളും ‘എല്ലാ പൗരന്മാർക്കും ഒരുപോലെ അവകാശപ്പെട്ടതല്ല’ എന്ന സന്ദേശം ന്യൂനപക്ഷങ്ങളെ ധരിപ്പിക്കുക എന്നതാണത്.

തകർത്തെറിയപ്പെട്ട വീടുകളുടെ അടുത്തിരുന്ന് ഇൻഡ്യൻ മുസ്‌ലിംകളും ഫലസ്തീനി മുസ്‌ലിംകളും കണ്ണീർ വാർക്കുന്ന ഹൃദയഭേദകമായ കാഴ്ച കാണുമ്പോൾ, തമ്മിൽ മൈലുകൾ ദൂരമുണ്ടെങ്കിലും ഇരു ചിത്രങ്ങളും ഒരേ ഫ്രെയിമിൽ കാണുന്നതു പോലെയാണ്. ആദ്യ കാഴ്ച്ചയിൽ തോന്നുന്നതിനുമപ്പുറം, ആഴത്തിൽ ബന്ധമുള്ള ചിത്രങ്ങളാണിവ. ഈ പ്രത്യയശാസ്ത്രങ്ങളുടെ രൂപരേഖ ആദ്യമായി വരച്ചുണ്ടാക്കിയവർക്ക് ഈ ബന്ധത്തെ കുറിച്ചു ബോധ്യമുണ്ടായിരുന്നു. അതുകൊണ്ടാണ് ഹിന്ദിത്വത്തിന്റെ ആചാര്യന്മാർ, വി.ഡി സവർക്കറും എം.എസ് ഗോൾവാൾക്കറും സയണിസ്റ്റ് പ്രസ്ഥാനത്തിന് അനുകൂലമായി സംസാരിച്ചതും, ജൂത രാഷ്ട്രം സ്ഥാപിക്കാൻ അതിനു സാധിക്കുമെന്ന് പ്രതീക്ഷ വെച്ചതും.

ഈ ബന്ധങ്ങളെ എടുത്തുകാണിക്കുക എന്നത് ഫലപ്രദമായ ഒരു വിശകലനോപാദി മാത്രമല്ല, മനുഷ്യാവകാശത്തിനു വേണ്ടി പോരാടാനുള്ള വിമർശനോപാദി കൂടിയാണ്. രാഷ്ട്രാന്തര അക്രമങ്ങളെ ചെറുക്കാൻ രാഷ്ട്രാന്തര വിമോചന സമരങ്ങൾ തന്നെ ആവശ്യമാണ്‌. ഭിന്നമായ അക്രമങ്ങൾ എന്നു തോന്നുന്നവ തമ്മിലെ ബന്ധങ്ങൾ കണ്ടെത്തുക വഴി മാത്രമേ ജഹാംഗീർപുരി മുതൽ ഫലസ്തീൻ വരെയുള്ള പീഡിത വിഭാഗങ്ങൾ തമ്മിലെ ആഗോള ഐക്യദാർഢ്യം നിർമിക്കുക എന്ന ശ്രമകരവും എന്നാൽ അതിപ്രധാനവുമായ ലക്ഷ്യത്തിലേക്ക് എത്തിച്ചേരാനാവൂ.

പ്രണയ് സൊമയാജുല– വാഷിങ്ടൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന മനുഷ്യാവകാശ പ്രവർത്തകനും എഴുത്തുകാരനുമാണ് ലേഖകൻ. നിലവിൽ ‘ഹിന്ദുസ് ഫോർ ഹ്യൂമൻ റൈറ്റ്സി’ന്റെ കോഡിനേറ്ററാണ്.

മൊഴിമാറ്റം: അഫ്സൽ ഹുസൈൻ

Top