ബിനു പള്ളിപ്പാട് അനുസ്മരണം

ബിനുവിന്റെ കവിത വലിയ ഇഷ്ടമായിരുന്നു. തന്റെ ഉള്ളിലുള്ള സംഗീതം മുഴുവൻ ആ കവിതയിലുണ്ട്. ലഘുവാണെങ്കിലും ഏറ്റവും തീക്ഷണമായ ബിംബചിത്രങ്ങൾ അവയിൽ കാണാം. ഒരുപക്ഷേ, സംഗീതവും ചിത്രകലയും കവിതയിൽ ധ്വനിക്കുന്നതിന്റെ ശക്തമായ അടയാളം. ഭൂമിയിലെ ഒന്നിനെയും ദുഷിച്ചു കാണാത്ത ഭാവന. അന്തരിച്ച കവിയും പുല്ലാങ്കുഴൽ വായനക്കാരനുമായ ബിനു പള്ളിപ്പാടിനെ അനുസ്മരിച്ചു കൊണ്ട് ഉമർ തറമേൽ, ഒ.കെ സന്തോഷ്‌ എന്നിവർ എഴുതുന്നു.

ഉമർ തറമേൽ

ഉമർ തറമേൽ

പ്രിയപ്പെട്ട ബിനു,

രണ്ടു ദിവസം മുൻപ്, ബിനുവിന്റെ ‘അനസ്തേഷ്യ’ എന്ന കവിത (മാധ്യമം ആഴ്ചപ്പതിപ്പ് ) വായിച്ചു ഞാൻ വല്ലാതെയായി. അടുത്ത കാലത്തൊന്നും ഇത്ര നൊമ്പരമുണ്ടാക്കുന്ന ഒരു കവിത വായിച്ചിട്ടില്ല. കവിതയിൽ, തനിക്കു ചുറ്റും നിറഞ്ഞു നിൽക്കുന്ന ആശുപത്രി ബിംബങ്ങൾ വല്ലാതെ ഭയപ്പെടുത്തും. ബിനുവിന് അസുഖമായിരുന്നു എന്നറിഞ്ഞിരുന്നു. ഈ കവിത വായിച്ചപ്പോൾ, ആ യാതനകളിൽ നിന്നൊക്കെ അദ്ദേഹം മുക്തമായി എന്നാശ്വസിച്ചു. എന്നാൽ സംഭവിച്ചത് മറിച്ച്. കുറച്ചു മുൻപെഴുതിയ ഒന്നാവണം അത്.

ബിനു പോയെന്നറിഞ്ഞപ്പോൾ വല്ലാത്ത നീറ്റൽ. ഒരുപക്ഷേ റംസാനിൽ എനിക്കുണ്ടായ ഏറ്റവും കനത്ത വേദന. ഗാന്ധി യൂണിവേഴ്സിറ്റിയിലായിരുന്നപ്പോഴാണ് ബിനുവിനെ പരിചയപ്പെടുന്നത്. പലരെയും പോലെ ലെറ്റെഴ്സിൽ അദ്ദേഹം ഇടക്ക് വരും. ജോസഫിനെയും രേണുവിനെയുമൊക്കെപ്പോലെ. ഹാരിസിന്റെയും വിനയൻ മാഷിന്റെയുമൊക്കെ അടുത്ത ചങ്ങാത്തമുള്ളയാൾ.

സത്യം പറയട്ടെ, ബിനുവിന്റെ സ്വഭാവം എന്നെ വല്ലാതെയാകർഷിച്ചു. ഒന്നിനോടും വാദിക്കാനും ജയിക്കാനും ബിനു ഉണ്ടായിരുന്നില്ല. സ്നേഹിക്കാനും മറ്റുള്ളവരെ ആദരിക്കാനും മാത്രമറിയാവുന്ന ബിനുവാണ് ഹ്രസ്വകാലത്തിലെങ്കിലും എനിക്കുള്ള അനുഭവം. ബിനുവിന്റെ കവിത എനിക്ക് വലിയ ഇഷ്ടമായിരുന്നു. തന്റെ ഉള്ളിലുള്ള സംഗീതം മുഴുവൻ ആ കവിതയിലുണ്ട്. ലഘുവാണെങ്കിലും ഏറ്റവും തീക്ഷണമായ ബിംബചിത്രങ്ങൾ അവയിൽ കാണാം. ഒരുപക്ഷേ, സംഗീതവും ചിത്രകലയും കവിതയിൽ ധ്വനിക്കുന്നതിന്റെ ശക്തമായ അടയാളം. ഭൂമിയിലെ ഒന്നിനെയും ദുഷിച്ചു കാണാത്ത ഭാവന.

അദ്ദേഹത്തിന്റെ പുല്ലാങ്കുഴൽ സംഗീതം അത്ര ഹൃദയഹാരിയായിരുന്നു. രണ്ടു മൂന്നു തവണ കേട്ടിട്ടുണ്ട്. ഒരുപക്ഷേ ബിനുവിനോട് ആരാധന തോന്നിയ നിമിഷങ്ങൾ. കോട്ടയത്തെ, ആശാസദനിൽ ഒരു ദലിത്‌ ചിത്രകലാ ക്യാമ്പ് നടന്നതോർക്കുന്നു. കീഴാളമായ വരയെക്കുറിച്ചുള്ള ഒരു സംവാദശാല തന്നെയായിരുന്നു അത്. ബിനു ആ ക്യാമ്പിൽ നിറയെ ഉണ്ടായിരുന്നു.

കോട്ടയത്തു നിന്ന് പോന്നതിനു ശേഷം, അദ്ദേഹത്തെ നേരിട്ടു കണ്ടിട്ടില്ല. തേക്കടിയിലെ ഒരു റിസോർട്ടിൽ ജോലി ചെയ്യുന്ന കാലത്ത്, കാര്യമായിട്ടെന്തോ എഴുതാൻ കുറച്ചു കാലം അവിടെച്ചെന്നു താമസിക്കണമെന്ന കാര്യം പറഞ്ഞു ഞാൻ വിളിച്ചു. അദ്ദേഹത്തിന് വലിയ സന്തോഷമായി. എല്ലാ സൗകര്യങ്ങളും ഒരുക്കാമെന്നും പറഞ്ഞു. ഇടക്ക് എന്നെ വിളിക്കുമായിരുന്നു, മാഷ് വരുന്നുണ്ടോ എന്നു ചോദിച്ച്. അക്കാര്യമൊന്നും പിന്നെ നടന്നില്ല. ബിനുവിനെ കണ്ടതുമില്ല.

ബിനുവിന്റെ ചിരിയും സംഗീതവും ഓർമയിൽ ഉള്ളിടത്തോളം അദ്ദേഹമെന്നിലുണ്ട്.

സ്നേഹത്തോടെ….

ഒ.കെ സന്തോഷ്‌

ഒ.കെ സന്തോഷ്‌

ജലസമൃദ്ധവും സാധാരണ മനുഷ്യർക്ക് പരസ്പരം അടുക്കാൻ കഴിയുന്ന സവിശേഷതയുള്ള പള്ളിപ്പാടെന്ന ദേശത്തെ (ആറ്റുമാലി) മലയാള കവിതയുടെ ആഖ്യാന പ്രദേശമാക്കിയ എഴുത്തുകാരനാണ് ബിനു എം. പള്ളിപ്പാട്. ഒരിക്കൽ, ബിനുവിന്റെ പറച്ചിലിൽ നിന്ന് ആവേശം കൊണ്ട് ആ ദേശത്തെക്കുറിച്ച് എഴുതുവാൻ ആഗ്രഹിച്ചെങ്കിലും നടന്നില്ല. എന്നാൽ അന്നൊരു ചെറുവഞ്ചിയിൽ കവിതയും പാട്ടും ചങ്ങാത്തവുമായി വെള്ളപ്പരപ്പിലൂടെ താറാവുകൾ തീർത്ത ചെറിയ ഓളങ്ങൾ കണ്ട് യാത്ര ചെയ്തത് മറക്കാനാവില്ല. അധികം വ്യാപ്തിയുള്ള ലോകത്തെ ഭാവന ചെയ്യുവാനൊന്നും സാധ്യതയില്ലാത്ത ജീവിത ചുറ്റുപാടുകളിൽ നിന്നും സംഗീതത്തിന്റെയും സിനിമയുടെയും കവിതയുടെയും വിമോചനാത്മക തലത്തിലൂടെ സാഹസികമായി യാത്രചെയ്ത ഒരാളായി ബിനു മാറിയത് തന്നോടു തന്നെ നടത്തിയ നിരന്തര സമരത്തിലൂടെയായിരുന്നു.

മാവേലിക്കരയിലെ രാജാരവിവർമ്മ ഫൈൻ ആർട്സ് കോളേജുമായും അവിടുത്തെ വിദ്യാർത്ഥികളുമായുള്ള സഹവാസമാവാം ചിത്ര- ശിൽപകലയുമായി അനിഷേധ്യമായ അടുപ്പം ആദ്യ കവിതാ സമാഹാരമായ പാലറ്റ് മുതൽ കാണാം. 1990കളുടെ തുടക്കത്തോടെ, തന്റെ രാഷ്ട്രീയ വീക്ഷണത്തിലുണ്ടായ മാറ്റത്തെ തുന്നിച്ചേർക്കുവാൻ കവിതയെ ഉപയോഗിച്ചതിന്റെ ഫലമായാണ് വിപ്ലവത്തിനു വേണ്ടി തുന്നിഞ്ഞിറങ്ങിയ ചുറ്റുപാടുമുള്ള മനുഷ്യരുടെ വ്യർത്ഥ ജീവിതത്തിന്റെ മുറിവുകൾ ബിനു എഴുതിയത്. മലയാളത്തിലെ സമകാലിക കവികളിൽ മറ്റാരിലും കാണാത്ത വിധത്തിൽ തമിഴ്നാടിന്റെ ഭൂപ്രദേശവും സംസ്ക്കാരവും ആഴത്തിൽ വലിച്ചെടുത്തതിന്റെ സമൃദ്ധിയും ആ കവിതകളുടെ പ്രത്യേകത തന്നെ. ശ്രീലങ്കൻ തമിഴ് കവിതകളും എൻ.ഡി രാജ്കുമാറിന്റെ നിരവധി കവിതകളുമൊക്കെ അസാധാരണമായ ശ്രദ്ധയോടെ വിവർത്തനം ചെയ്തെങ്കിലും, ചിലതൊക്കെ പ്രസിദ്ധീകരണം കാത്ത് ദീർഘകാലം കിടക്കുന്നതിന്റെ നിരാശ ഇടക്ക് കാണുമ്പോൾ പങ്കുവെക്കുമായിരുന്നു.

പള്ളിപ്പാടെന്ന ദേശം ബിനുവിലൂടെ മലയാള വായനക്കാർക്ക് പരിചിതമാണെങ്കിലും, അദ്ദേഹത്തിന്റെ കാഴ്ചകൾ ദേശാന്തരമായി പടർന്നു കിടക്കുന്നവയായിരുന്നു. വരേണ്യവും ജനപ്രിയവുമായ മലയാളി ഭാവുകത്വത്തോട് ആഴത്തിലുള്ള വിമർശനം പുലർത്തി, സംഗീതം, സിനിമ തുടങ്ങിയ മേഖലയിൽ തികച്ചും ഗൗരവ സ്വഭാവം പുലർത്തി, ആഗോള പൗരനാകുവാൻ കഠിനമായി പരിശ്രമിക്കുകയും അതിൽ വിജയിക്കുകയും ചെയ്തയാളായിരുന്നു ബിനു. അക്കാദമിക് യോഗ്യതയെന്ന സാങ്കേതികത്വത്തെ വിമർശന ബുദ്ധിയോടെ ഇടക്ക് സമീപിക്കുന്നതിന്റെ കാരണം പുതിയ മേഖലകളിലെ മാറ്റങ്ങളെ തിരിച്ചറിയാൻ വൈജ്ഞാനികവും സർഗാത്മകവുമായി അയാൾ നടത്തിയ ധീരത തന്നെയാണെന്ന് പറയേണ്ടിവരും. മലയാള കവിതയിലെ പാരമ്പര്യ ധാരകളെയും അറിവാർജനത്തെയും പ്രതിപക്ഷത്തു നിർത്തുന്ന സ്കൂൾ, ചരിത്രത്തിന്റെ സൂക്ഷ്മതകളിലേക്കും മനുഷ്യാനുഭവങ്ങളുടെ പുതിയ തെളിച്ചങ്ങളിലേക്കും പോയ അവർ കുഞ്ഞിനെ തൊടുമ്പോൾ, രൂപപരവും പ്രമേയപരവുമായ പരീക്ഷണങ്ങൾ കൊണ്ട് വിജയിച്ച പാലുവംപെണ്ണ്, മർച്ചന്റ്സ് ഓഫ് ഫോർ സീസൺസ് തുടങ്ങിയ രചനകൾക്ക് ഗൗരവമായ വായനകൾ ഉണ്ടാവേണ്ടതുണ്ട്. കവിതക്കൊപ്പം സംഗീതം, ചിത്ര-ശിൽപകല, സിനിമ, യാത്ര എന്നിങ്ങനെ വൈവിധ്യമാർന്ന മേഖലകളിൽ അറിവും അനുഭവവും ബിനുവിന്റെ സർഗാത്മക ജീവിതത്തെ കരുത്തുറ്റതാക്കി മാറ്റിയിട്ടുണ്ട്. ജനപ്രിയതക്ക് വേണ്ടിയുള്ള വിട്ടുവീഴ്ച എഴുത്തിലും ജീവിതത്തിലും കാണിക്കാത്ത അപൂർവ്വ വ്യക്‌തിത്വം കൂടിയായിരുന്നു പള്ളിപ്പാട്. അതുകൊണ്ടുതന്നെ സ്നേഹത്തിനൊപ്പം കലഹത്തെയും ഒപ്പംകൊണ്ടുനടക്കാൻ ബിനുവിന് പേടിയില്ലായിരുന്നു. ചിലപ്പോഴൊക്കെ അർത്ഥശൂന്യമായ ശാഠ്യങ്ങളായി അത്തരം വഴക്കുകൾ മാറാറുണ്ടായിരുന്നു. എങ്കിലും വിപുലമായ സൗഹൃദങ്ങളും സാഹസികമായ യാത്രകളും അവയുടെ കാഠിന്യം കുറക്കാൻ സഹായിച്ച ഘടകങ്ങളാണ്.

ഞാൻ താമസിച്ച ഒട്ടുമിക്ക വാടക വീടുകളിലെയും ഒരു രാത്രിയെങ്കിലും പല വലിപ്പങ്ങളിൽ, സ്വരഭേദങ്ങളെ ഉള്ളിലേറ്റുന്ന ബിനുവിന്റെ പുല്ലാങ്കുഴലുകൾ ശബ്ദം പൊഴിച്ചിട്ടുണ്ട്. ഓരോ രാഗവും പാട്ടും തുടങ്ങുന്നതിന് മുൻപുള്ള ചെറു വിശദീകരണം അതിലേക്കുള്ള സ്നേഹപൂർവ്വമായ ക്ഷണംകൂടിയാണ്. കുമളിയിലെ വീട്ടിൽ വൃത്തിയായി അടുക്കിവെച്ച പുസ്തകങ്ങളും വിവിധ തരത്തിലുള്ള പുല്ലാങ്കുഴലുകൾ തൂക്കിയലങ്കരിച്ച ഭിത്തിയും അടിമുടി കലാകാരനെയും എഴുത്തുകാരനെയും പകർത്തി വെക്കുന്നതാണ്. അവക്കിടയിൽ പുഞ്ചിരിച്ചുകൊണ്ട് “എടോ മനുഷ്യാ” എന്നു വിളിച്ച് കലഹിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ഒരാളായി ബിനുവിനെ കാണുന്നതാണിഷ്ടം. ഒടുവിൽ പ്രസിദ്ധീകരിച്ച (വായിച്ച) അനസ്തീഷ്യ എന്ന കവിത ആ പ്രതീക്ഷയെ സർഗാത്മകമായും പ്രവചനാത്മകമായും കെടുത്തികളഞ്ഞ രചനയായാവും ബിനു എം. പള്ളിപ്പാട് ഭാവന ചെയ്തതെന്ന് ഉറച്ചു വിശ്വസിക്കുന്നു.

Top