ആത്മകഥാപാഠങ്ങളും ദലിത്‌ ജീവിതവും 

ഏതൊരു സാഹിത്യ വിഭാഗത്തെക്കാളും ദലിതരുടെ ആവിഷ്ക്കാരങ്ങൾ സജീവ സാന്നിധ്യമായിരിക്കുന്നത് ആത്മകഥകളിലാണ്. തീവ്രമായി, അതിനുമപ്പുറം സംവേദനപരമായി സവര്‍ണ സാഹിത്യ മൂല്യങ്ങള്‍ക്ക് കടുത്ത വെല്ലുവിളിയുയര്‍ത്തുന്ന നിരവധി കൃതികൾ ഉണ്ടായിട്ടുണ്ട്. വിപുലമായ അര്‍ഥത്തില്‍ ഇവ രാഷ്ട്രീയാന്വേഷണങ്ങള്‍ക്കും സ്വത്വപരമായ തിരിച്ചറിവുകള്‍ക്കും പ്രേരണ നല്‍കുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ചരിത്രത്തില്‍ നിന്നും തങ്ങള്‍ നേടിയെടുത്ത പ്രതിരോധത്തിനുള്ള ഊര്‍ജം ഈ ആത്മകഥകളുടെ അടിത്തറയായി വിന്യസിക്കപ്പെട്ടിരിക്കുന്നു. ഡോ. ഒ.കെ.സന്തോഷ് എഴുതുന്നു.

ആധുനികതയുടെയും കൊളോണിയലിസത്തിന്റെയും സ്വാധീനത്താൽ രൂപപ്പെട്ട സാഹിത്യരൂപങ്ങള്‍ നിരവധിയുണ്ടെങ്കിലും, പ്രകടമായ സൂചനകളുള്ള ആവിഷ്ക്കാര മാധ്യമം  ആത്മകഥകൾ ആണെന്ന് പറയാം. തുറന്നു പറച്ചിലിന്റെയും വിശുദ്ധീകരണത്തിന്റെയും ആന്തരികമായ സംഘര്‍ഷങ്ങളെ ഒഴിവാക്കാന്‍ കഴിയാത്തതുകൊണ്ട് ക്രൈസ്തവ മതാത്മകതയും വിമോചനപാതകളും കടന്നുവരിക സ്വാഭാവികമാണ്. ആന്തരികലോകത്തിന്റെ പ്രഖ്യാപനരേഖയെന്നു വിശേഷിപ്പിക്കപ്പെട്ട, ആദ്യത്തെ ആത്മകഥയെന്നു പരിഗണിക്കപ്പെടുന്ന സെന്റ്‌ അഗസ്റ്റിന്റെ കണ്‍ഫെഷൻസിനെക്കുറിച്ചുള്ള ചര്‍ച്ചകളിൽ ലിന്‍ഡ ആന്‍ഡേഴ്സൺ ഇതു വിശദീകരിക്കുന്നുണ്ട്. ഇൻഡ്യയിലെ ആദ്യത്തെ സ്ത്രീ ജീവിതത്തിന്റെ തുറന്നെഴുത്ത് എന്ന് കരുതുന്ന പണ്ഡിത രമാഭായിയുടെ എന്റെ സാക്ഷ്യപ്പെടുത്തലുകള്‍ (My Testimony, 1807) ക്രൈസ്തവ ലഘുലേഖയായാണ്‌ ഇന്ന് വായിക്കപ്പെടുന്നതെന്നും നിരീക്ഷിക്കപ്പെടുന്നു. അഭിപ്രായഭിന്നതകള്‍ ഉണ്ടെങ്കിലും , മലയാളത്തിലെ ആദ്യത്തെ ആത്മകഥയെന്ന് പറയാവുന്ന ‘യാക്കോബ് രാമവര്‍മ്മൻ എന്ന സ്വദേശ ബോധകന്റെ ജീവചരിത്രം’ കണ്ണൂർ ബാസല്‍ മിഷൻ കേന്ദ്രത്തിൽ നടന്ന ഹസ്താര്‍പ്പണ ശുശ്രൂഷയിൽ പ്രഭാഷണമായി അവതരിപ്പിക്കപ്പെട്ട രേഖയാണെന്ന് പോള്‍ മണലിൽ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇത്തരം യാഥാര്‍ത്ഥ്യങ്ങളെല്ലാം ക്രൈസ്തവ ചിന്തകളും ജീവിത പരിസരങ്ങളും ഒരു സാഹിത്യ രൂപത്തിനുമേല്‍ ചെലുത്തിയ സ്വാധീനം വിശദീകരിക്കുവാന്‍ പര്യാപ്തമാണ്.

സര്‍ഗാത്മക സാഹിത്യത്തേക്കാൾ വിമോചനാശയങ്ങൾ സ്വാഭാവികമായി പ്രതിഫലിപ്പിക്കുവാനും സമൂഹത്തെ ചലിപ്പിക്കുവാനും ഉതകുന്നത് ആത്മകഥാ രചനയാണെന്നൊരു ധാരണ പരക്കെയുണ്ടായിരുന്നു. അതിന്റെ കാരണമാകട്ടെ സമൂഹത്തിലെ ഉന്നതരും സാമൂഹിക ജീവിതത്തെ സ്വാധീനിക്കുവാൻ കഴിയുന്നതുമായ വരേണ്യ എലീറ്റുകളായിരുന്നു ആദ്യകാലത്തെ ജീവിതമെഴുത്തുകാർ എന്നതായിരുന്നു. മാതൃകാപരമായ ജീവിത മൂല്യങ്ങളും പ്രബോധനങ്ങളും കുത്തിനിറച്ച ഗദ്യരൂപങ്ങളായിരുന്നു അവ. മഹത്തുക്കളും വിജയിച്ചവരും പുരുഷന്മാരും ഒരു മടിയുമില്ലാതെ നടത്തുന്ന അഹംപറച്ചിലുകളായി ഒരു കാലത്ത് ആത്മകഥകള്‍ മാറിയതിന്റെ കാരണവും വായനക്കാർ പ്രതീക്ഷിക്കുന്ന പ്രഭാവജീവിതം’ അവര്‍ക്ക്മാത്രം അവകാശപ്പെട്ടതാണെന്ന ധാരണയില്‍ നിന്നായിരുന്നു. ഈ സാഹചര്യങ്ങള്‍ക്ക് മാറ്റം വരുന്നത് സാമൂഹികമായി തിരസ്ക്കരിക്കപ്പെട്ടവര്‍ ഉജ്വലമായ പൊളിച്ചെഴുത്ത് ആത്മകഥാഖ്യാനങ്ങളില്‍ നടത്തിയതിലൂടെയാണ്. കറുത്തവര്‍, അടിമകള്‍, സ്ത്രീകള്‍, ദലിതര്‍, വിമത ലൈംഗികതയുള്ളവര്‍ തുടങ്ങി സമകാലത്ത് വിപുലമായ ഉദാഹരണങ്ങളിലൂടെ വികസിപ്പിക്കാവുന്ന സ്വത്വവിഭാഗങ്ങളാണിവര്‍.

ആത്മകഥകളും ദലിത്‌ ജീവിതവും 

വിപുലമായ അര്‍ഥത്തിൽ , എല്ലാ രചനകളിലും ആത്മസാന്നിധ്യം പതിഞ്ഞു കിടക്കുമെങ്കിലും അതിനു സാമൂഹികവും  രാഷ്ട്രീയവുമായ ചലനാത്മകത കൈവരുന്നത് ചില ചരിത്രസന്ദര്‍ഭങ്ങളുടെ ഭാഗമാകുമ്പോഴാണ്. നാടന്‍പാട്ടുകളില്‍ നിന്നും പല വിധത്തിലുള്ള ഫോക്ക് കലാരൂപങ്ങളില്‍ നിന്നും കീഴാള ജീവിതം കണ്ടെടുക്കുമ്പോഴും ചില അതിപാഠങ്ങളിലാണ് അവയുടെ നിലനില്‍പ്പെന്നു പറയേണ്ടി വരും. വീരപുരുഷന്മാരുടെ അതിശയോക്തിപരമായ ആവിഷ്ക്കാര സന്ദര്‍ഭങ്ങളാണ് ഇവയെ നിര്‍ണയിക്കുന്നത്. അധീശത്വപരവും വരേണ്യവുമായ വീരനായക സങ്കൽപങ്ങളുടെ അനുബന്ധമോ പകര്‍പ്പോ ആയി ഇത്തരം കഥകളെയും കഥാപാത്രങ്ങളെയും സ്വീകരിക്കുകയാണ് പൊതുവായുള്ള രീതി. ജാതി വിനിമയങ്ങളുടെ വിമോചിത ഘടകങ്ങള്‍ ജനപ്രിയ സിനിമകളിലെ ഹാസ്യം പോലെ ചേര്‍ത്ത് വെക്കുകയാണ് ഫോക്ക്ലോറുകളും മറ്റും ചെയ്യുന്നത്. എന്നാൽ ഉത്തരകാല സന്ദര്‍ഭത്തിൽ രൂപപ്പെട്ട സ്വത്വാവിഷ്ക്കാരങ്ങള്‍ ഇതില്‍ നിന്നും വ്യത്യസ്തമാകുന്നത് ചരിത്രപരമായ തുടര്‍ച്ചകളും ഇടര്‍ച്ചകളും അവയെ നിര്‍ണയിക്കുന്നത് കൊണ്ടാണ്. അംബേഡ്ക്കർ സെന്റിനറി ആഘോഷങ്ങൾ തന്റെ രചനകളെ രൂപപ്പെടുത്തുന്നതില്‍ വഹിച്ച പങ്കിനെക്കുറിച്ച് തമിഴ് എഴുത്തുകാരി പാമയുടെ നിരീക്ഷണങ്ങൾ ഇവിടെ പ്രസക്തമാണ്.  

ഏതൊരു സാഹിത്യ വിഭാഗത്തെക്കാളും ദലിതരുടെ ആവിഷ്ക്കാരങ്ങൾ സജീവ സാന്നിധ്യമായിരിക്കുന്നത് ആത്മകഥകളിലാണ്. തീവ്രമായി, അതിനുമപ്പുറം സംവേദനപരമായി സവര്‍ണ സാഹിത്യ മൂല്യങ്ങള്‍ക്ക് കടുത്ത വെല്ലുവിളിയുയര്‍ത്തുന്ന നിരവധി കൃതികൾ ഉണ്ടായിട്ടുണ്ട്. വിപുലമായ അര്‍ഥത്തില്‍ ഇവ രാഷ്ട്രീയാന്വേഷണങ്ങള്‍ക്കും സ്വത്വപരമായ തിരിച്ചറിവുകള്‍ക്കും പ്രേരണ നല്‍കുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ചരിത്രത്തില്‍ നിന്നും തങ്ങള്‍ നേടിയെടുത്ത പ്രതിരോധത്തിനുള്ള ഊര്‍ജം ഈ ആത്മകഥകളുടെ അടിത്തറയായി വിന്യസിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ കരുത്തുറ്റ സാമൂഹികാഖ്യാനങ്ങളായി ഇവ പരിഗണിക്കപ്പെടേണ്ടതുണ്ട്.

കഴിഞ്ഞ നാലു ദശകങ്ങളിലായി വികസിച്ച ദലിത് വ്യവഹാരങ്ങളുടെ ഫലം കൂടിയാണ് ആത്മകഥാ രചനയിലുണ്ടായ വലിയ വികാസമെന്നു കാണാം. 1993 ല്‍, ദലിത്‌ ആത്മകഥകളുടെ സാമൂഹിക ശാസ്ത്രത്തെക്കുറിച്ച് എസ്.പി.പുനലേക്കര്‍ എഴുതിയ പഠനത്തിൽ മറാത്തി ഭാഷയില്‍ തന്നെ ഇരുപതോളം രചനകള്‍ ഉണ്ടായിട്ടുണ്ടെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. പില്‍ക്കാലത്ത് ഇൻഡ്യയിലെ വ്യത്യസ്ത ഭാഷകളില്‍ നിരവധി ഗ്രന്ഥങ്ങൾ ഉണ്ടാവുകയും അവ ലോകമെമ്പാടുമുള്ള വായനക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു. എന്നാല്‍ വ്യത്യസ്തതകൾ നിലനിൽക്കുമ്പോഴും ഇവ ആവിഷ്ക്കരിച്ച പ്രമേയങ്ങളുടെ സമാനത ആരെയും അത്ഭുതപ്പെടുത്തും. വ്യവസ്ഥാപിതവും ആധിപത്യാശയങ്ങളെ പിന്തുടരുന്നതുമായ രചനാ രീതികളില്‍നിന്നും പാടേ വിഭിന്നമായിരുന്നു ദലിത്‌ ആത്മകഥകള്‍. അനുഭവങ്ങള്‍ക്ക് വേറിട്ട മുഖമുള്ളപ്പോഴും അത് ആവിഷ്ക്കരിക്കാനുള്ള പ്രേരണ വിവിധങ്ങളായ സാഹചര്യങ്ങൾ രൂപപ്പെടുത്തിയതായിരുന്നു. പലപ്പോഴും ‘സുഖകരമായ’ ഒരു തിരിഞ്ഞുനോട്ടമായി ഇവ മാറാത്തതിനു പിന്നില്‍ ചരിത്രപരമായ സന്ദര്‍ഭങ്ങള്‍ക്ക് പങ്കുണ്ട്. മിക്കവരും യൗവന കാലത്ത് എഴുതിയ ആത്മകഥകളാണ് ഇവയിലേറെയും എന്നതാണ് ശ്രദ്ധേയം. പലരുടെയും കൃതികള്‍ എഴുത്തിലെ ആദ്യത്തെ ചുവടുവെപ്പുകളുമാണെന്ന് കാണാം. അതായത്, പ്രതിഷ്ഠാപിതമായ ഒരു വ്യക്തിത്വം രൂപപ്പെടുന്നതിനും മുന്‍പേ ഇവർ ആത്മകഥാ രചനയിൽ ഏര്‍പ്പെടുന്നു എന്നാണു ഇതിനര്‍ഥം. തന്റെ മുപ്പത്തിയഞ്ചാം വയസില്‍ ആത്മകഥയെഴുതാൻ ആവശ്യപ്പെട്ട നവജീവൻ പത്രാധിപരോട് അതിനു സമയമായിട്ടില്ല എന്ന് മറുപടി കൊടുത്ത ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ വാക്കുകൾ ഓര്‍ക്കുക.

1978ല്‍ ബലൂത എന്ന ആത്മകഥ പ്രസിദ്ധീകരിക്കപ്പെട്ടതിനു ശേഷമാണ് ദയാ പവാർ ഒരു സര്‍ഗാത്മക എഴുത്തുകാരന്‍ എന്ന നിലയ്ക്കുള്ള അംഗീകാരം നേടിയതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഉപാര (1980) എന്ന ആത്മകഥയ്ക്ക് മുന്‍പുള്ള ലക്ഷ്മൺ മാനെ അത്രയേറെ പ്രശസ്തനൊന്നും ആയിരുന്നില്ല. ആദ്യകാല ദലിത്‌ സ്ത്രീ ആത്മകഥകളായി പരിഗണിക്കപ്പെടുന്ന കുമുദ് പാവ്ദെയുടെ അന്തസ്ഫോട് (Outburst, 1981), ബേബി കാംബ്ലെയുടെ ജിന അമുച്ച (Our Wretched Lives, 1986) എന്നിവയും എഴുത്തുകാരികളുടെ രചനാപരമായ ആദ്യ പരിശ്രമങ്ങള്‍ ആണ്. സംസ്കൃത ഭാഷ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യേണ്ടി വന്ന മഹർ ജാതിക്കാരിയായ കുമുദ് പാവ്ദെയും അംബേഡ്ക്കറുടെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭങ്ങളെ അടുത്തറിഞ്ഞ ബേബി കാംബ്ലെയും സാമൂഹിക ജീവിതത്തിൽ നേരിട്ട സംഘര്‍ഷങ്ങള്‍ ആവിഷ്ക്കരിക്കാൻ തുനിഞ്ഞത്  മറാത്തി ഭാഷയില്‍ തന്നെ കലാപമായിരുന്നു. നിഷേധിക്കപ്പെട്ട ഭാഷയായ സംസ്കൃതത്തിൽ താൻ നേടിയ അവഗാഹമാണ് ഇപ്പോൾ ലഭിക്കുന്ന അംഗീകാരങ്ങള്‍ക്കും പ്രശസ്തിക്കും കാരണമെന്ന് കുമുദ് പാവ്ദെ തുറന്നെഴുതുന്നുണ്ട് (The Story of My Sanskrit). 

തങ്ങളുടെ ഉള്ളില്‍ രൂപപ്പെടുന്ന ആശയങ്ങള്‍ക്ക് സര്‍ഗാത്മകാവിഷ്ക്കാരം നല്‍കാൻ ദലിതർ സ്വത്വാഖ്യാനങ്ങളെ ആശ്രയിക്കുന്നതായി കാണാം. ഇതര സാഹിത്യ രൂപങ്ങള്‍ക്ക് സാമൂഹിക വ്യവഹാരങ്ങളില്‍ നിലനില്‍ക്കുന്ന ഉന്നതമായ അംഗീകാരങ്ങൾ ഇവരെ ആത്മകഥാരചനയില്‍നിന്നും പിന്തിരിപ്പിക്കുന്നില്ല. എന്നാല്‍ പറയാനുള്ള കാര്യങ്ങൾ യഥാര്‍ഥമായി രേഖപ്പെടുത്തുകയല്ല ദലിത് ആത്മകഥകള്‍ ചെയ്യുന്നുന്നത്. മറിച്ച്, സാമൂഹിക രാഷ്ട്രീയ വിശകലനങ്ങൾ സാധ്യമാക്കുന്ന ഒട്ടനവധി ആശയ മണ്ഡലങ്ങള്‍ രൂപീകരിച്ചുകൊണ്ടാണ് ഇവ നിലനില്‍ക്കുന്നത് എന്നതത്രേ യാഥാര്‍ഥ്യം. 

ഉന്നത വിദ്യാഭ്യാസം നേടി ഉയര്‍ന്ന സാമൂഹിക പദവികളിൽ എത്തിച്ചേര്‍ന്നവരാണ് ഈ ആത്മകഥാ രചയിതാക്കളിലേറെയും എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്.നൂറ്റാണ്ടുകളായി നിശബ്ദരാക്കപ്പെട്ട വിഭാഗത്തിന് നാവ് ലഭിക്കുമ്പോള്‍ അവരാദ്യം പറയുക സ്വന്തം ജീവിതാനുഭവങ്ങൾ തന്നെയായിരിക്കുമെന്നും അവ മുഖ്യധാരാ സമൂഹം ചാര്‍ത്തിക്കൊടുത്ത അകറ്റിനിര്‍ത്തലിനെക്കുറിച്ച് ആയിരിക്കുമെന്നും’ ഇന്‍ടച്ചബിള്‍ എന്ന ആത്മകഥയെഴുതിയ സാമ്പത്തിക ശാസ്ത്രജ്ഞൻ നരേന്ദ്ര ജാദവ് നിരീക്ഷിക്കുന്നുണ്ട്.

ആത്മകഥയെഴുത്ത് ദലിതരെ സംബന്ധിച്ച് ഏറ്റവും വേദനാകരമായ അനുഭവമാണ്. ഭൂതകാലത്തിലെ കടുത്ത യാഥാര്‍ഥ്യങ്ങൾ ആവിഷ്ക്കരിക്കുന്നതിന്റെ പ്രശ്നം മാത്രമല്ല ഇതിൽ അന്തര്‍ഭവിച്ചിരിക്കുന്നത്. ജീവിതത്തില്‍ തങ്ങൾ നേടിയെടുത്ത പദവിക്കും സാമൂഹിക നിലക്കും പഴയകഥകള്‍ കൊണ്ട് ഇളക്കം തട്ടുമോ എന്ന സന്ദേഹം പലരെയും പിന്തുടരുന്നു. മറ്റൊന്ന്‌ താനുള്‍പ്പെടുന്ന സാമൂഹിക വിഭാഗത്തിനു ഇത്തരം രചനകൾ മാനക്കേട് ഉണ്ടാക്കുമോയെന്ന ആകുലതയാണ്. ഇതിലെല്ലാമുപരി രചനാകാലത്ത്, മുന്‍പ് സൂചിപ്പിച്ചതുപോലെ മിക്ക ആത്മകഥാകൃത്തുക്കളും ചെറുപ്പവുമാണ്. വ്യവസ്ഥാപിത ബോധത്തില്‍ സ്വന്തം ജീവിതമെഴുതുവാനുള്ള അനുഭവ പൂര്‍ണത ഇവര്‍ക്കില്ല.മറ്റുള്ളവരുടെ നേട്ടങ്ങളുമായി താരതമ്യപ്പെടുത്താനല്ല ഞാന്‍ എന്റെ വേദനകൾ കുറിക്കുന്നത്’ എന്ന് ജൂട്ടാന്റെ (എച്ചില്‍) മുഖവുരയില്‍ ഓം പ്രകാശ് വാല്‍മീകി എഴുതുന്നതിന്റെ കാരണം പ്രബലമായ ബോധത്തോടുള്ള വിമര്‍ശനമാണ്. പൊതുബോധത്തോട് കലഹിക്കുന്ന ഒട്ടേറെ ഘടകങ്ങൾ ആത്മകഥകളിൽ ആഖ്യാനം ചെയ്യേണ്ടി വരുന്നത് കൊണ്ട് ഏറ്റവും ശ്രദ്ധയോടുകൂടി മാത്രമേ എഴുതാന്‍ കഴിയൂ. ക്രൈസ്തവ സ്വാധീനം ഓം പ്രകാശ് വാല്‍മീകിയെ അക്ഷരം പഠിക്കുവാന്‍ സഹായിച്ചു. ചൂഹരാ ജാതിയുടെ സാമൂഹികാവസ്ഥകളാണ് ജൂട്ടാന്റെ പ്രമേയം. സവര്‍ണ അധികാരം വ്യത്യസ്ത മണ്ഡലങ്ങളില്‍നിന്നും ദലിതരെ ആട്ടിപ്പായിക്കുന്നതിന്റെ നിരവധി സന്ദര്‍ഭങ്ങൾ ഇവയിൽ കാണാം. അങ്ങേയറ്റം നിര്‍ദയവും വിവേചനപരവുമായ സ്കൂള്‍ ജീവിതത്തിലെ പൊള്ളിക്കുന്ന ഓര്‍മകൾ ആണ് ശ്രദ്ധേയം. ഇൻഡ്യയെന്ന രാഷ്ട്രം സ്വതന്ത്രമായിട്ട് എട്ടു വര്‍ഷം പിന്നിട്ട ഘട്ടത്തിലാണ് ഓം പ്രകാശ് വാല്‍മീകിയുടെ പിതാവിന് സ്വന്തം പുത്രന്റെ സ്കൂള്‍ പ്രവേശനത്തിനുവേണ്ടി യാചിക്കേണ്ടി വന്നതെന്ന യാഥാര്‍ഥ്യം തീവ്രതയോടെ അദ്ദേഹം വരച്ചിടുന്നുണ്ട്. അക്കാലത്ത്, തൊട്ടുകൂടാത്തവരുടെ ഉന്നമനത്തിനായുള്ള ഗാന്ധിയുടെ ആഹ്വാനങ്ങളെപ്പറ്റി എവിടെയും സംസാരമുണ്ടായിരുന്നു എന്ന് രേഖപ്പെടുത്തുമ്പോള്‍ ആത്മകഥയിലെ സാമൂഹിക വിമര്‍ശനത്തിന്റെ സൂക്ഷ്മത കാണാവുന്നതാണ്‌.

സ്വന്തം അനുഭവങ്ങള്‍ എഴുതുവാൻ ഏറ്റവും സ്വീകാര്യമായ സാഹിത്യ വിഭാഗം ആത്മകഥയാണെന്നതില്‍ ഇരുപക്ഷമുണ്ടാവില്ല. ആധികാരികമായ അനുഭവങ്ങളാണ് ഇവയുടെ അസംസ്കൃത വസ്തു. അതുകൊണ്ടുതന്നെ കലാപരമായ മേന്മ ഇത്തരം രചനകള്‍ക്കില്ലെന്നും ഇവ ഒരു സാഹിത്യരൂപം കൂടിയല്ലെന്നും മുഖ്യധാരാ വിമര്‍ശകർ വിധിയെഴുതുന്നു. ആത്മകഥാ സാഹിത്യത്തിനു ബാധകമായ ചില നിയമങ്ങള്‍ നിര്‍മ്മിച്ചുകൊണ്ടാണ് ഈ വിമര്‍ശനം ഉയര്‍ത്തപ്പെടുന്നത്. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായി സ്വത്വപ്രഖ്യാപനം, സ്വത്വരൂപീകരണം (self assertion, self creation) തുടങ്ങിയ രാഷ്ട്രീയ പ്രക്രിയകളാണ് ദലിത് ആത്മകഥകളെ സമകാലിക സംവാദങ്ങളുടെ കേന്ദ്രപ്രമേയമാക്കുന്നത് എന്ന് ഇ.വി.രാമകൃഷ്ണന്‍ വിലയിരുത്തുന്നുണ്ട്. ആത്മകഥകളെ സംബന്ധിച്ച പൂര്‍വകാല സങ്കൽപനങ്ങള്‍ക്ക് പാകമാകാത്ത ആഖ്യാനങ്ങളാണിവ. സുഘടിതമായ ഭൂതകാലത്തിനു രൂപം നല്‍കുക, ഒരു പ്രത്യേക രീതിയിലുള്ള അനുഭവങ്ങള്‍ മാത്രം അടുക്കിവയ്ക്കുക, പരസ്പര ബന്ധമുള്ള കഥപറച്ചിലിന്റെ പ്രതീതി സൃഷ്ടിക്കുക തുടങ്ങിയ സമീപനങ്ങളെ ദലിത് ആത്മകഥകൾ അതിലംഘിക്കുന്നു. അദ്ദേഹത്തിന്റെ ശ്രദ്ധേയമായ നിരീക്ഷണം ഇപ്രകാരമാണ്: ദളിതർ തങ്ങളുടെ സ്വത്വ പ്രഖ്യാപനം നടത്തുന്നത് നിലനില്‍ക്കുന്ന വ്യവസ്ഥയ്ക്കെതിരെയുള്ള ഏറ്റുമുട്ടലിലൂടെ തങ്ങളെ സമുദായത്തിനുള്ളിലെ ഒരാളായി ഉയര്‍ത്തുകയാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ തങ്ങളുടെ സ്വത്വം ഒരു സമുദായ സ്വത്വമാണെന്ന് ദലിതര്‍ കരുതുന്നു.” ഇ.എം.എസിന്റെയും മറ്റു കമ്മ്യൂണിസ്റ്റ് നേതാക്കന്മാരുടെയും ആത്മകഥകളെ വിശകലനം ചെയ്തുകൊണ്ട്, പ്രസ്ഥാനത്തിന്റെ ഭാഗമാകുന്നതോടു കൂടി സ്വകാര്യ ജീവിതത്തില്‍നിന്നും ഭിന്നമായ പാഠങ്ങൾ നിര്‍മിക്കാനുള്ള ഔത്സുക്യമാണ് ആത്മകഥാ രചയിതാക്കള്‍ പുലര്‍ത്തുന്നതെന്ന ദിലീപ് എം.മേനോന്റെ അഭിപ്രായം ഇവിടെ പ്രസക്തമാണ്. 

ആത്മകഥകളും വിമര്‍ശനങ്ങളും 

ദലിത്‌ ആത്മകഥകളുടെ സവിശേഷതകൾ ഇപ്രകാരം വിവരിക്കപ്പെടുമ്പോൾ അവയ്ക്കെതിരെ ഉയര്‍ന്നുവന്ന വിമര്‍ശനങ്ങൾ നമ്മൾ കാണാതിരുന്നു കൂടാ. വരേണ്യ മധ്യവര്‍ഗത്തെ തൃപ്തിപ്പെടുത്താന്‍ ഉപയുക്തമായ ഫാന്റസികൾ ദലിത് ആത്മകഥകളിൽ ബോധപൂര്‍വം വിന്യസിക്കപ്പെടുന്നു എന്നതാണ് പ്രധാനപ്പെട്ട വിമര്‍ശനം. കൗതുകകരമായ’ കാഴ്ചകളായി ആത്മകഥകൾ സ്വയം വെളിപ്പെടുത്തുന്നു. ഭൂതകാലാനുഭവങ്ങളിലൂടെ വരേണ്യരിലും ഇതര വായനക്കാരിലും ഉണ്ടാക്കുന്ന സാമൂഹിക വിഭജനങ്ങള്‍ കൂടുതൽ തീവ്രമാകാൻ കാരണമാകുന്നു എന്നും നിരീക്ഷിക്കപ്പെടുന്നു. മറ്റൊന്ന്‌ തങ്ങളുടെ ജീവിതാവസ്ഥകൾ വിവരിക്കുന്നതിലൂടെ ആഭ്യന്തരമായ ശൈഥില്യങ്ങളും പ്രാകൃത’മായ ലോക ബോധവും മറ്റുള്ളവരിലേയ്ക്ക് പകരുന്നു. ഇത് പുതിയ തലമുറയ്ക്ക് അപമാനകരമായി തോന്നാമെന്നുമാണ് വിമര്‍ശകരുടെ വാദം.

എസ്.ആനന്ദ് എഡിറ്റു ചെയ്ത ടച്ചബിൾ ടെയ്ല്‍സ് എന്ന ചെറുപുസ്തകം ദലിത് ആത്മകഥകള്‍ക്ക് എതിരെയും അനുകൂലമായും രൂപപ്പെട്ട അഭിപ്രായങ്ങൾ ക്രോഡീകരിച്ചതാണ്. ദലിത് ആത്മകഥകള്‍ അദലിതരിൽ (non dalits) സൃഷ്ടിക്കുന്ന വൈകാരികാനുഭാവങ്ങൾ യാഥാര്‍ഥ്യ ബോധത്തെ ഉള്‍ക്കൊള്ളുന്നില്ല എന്ന വിമര്‍ശനമാണ് ഈ പുസ്തകത്തിന്റെ കാതല്‍.

ആത്മകഥാ സാഹിത്യം നിരവധി രൂപങ്ങളില്‍ – പുസ്തകം, പഠനസാമഗ്രികൾ, വിവര്‍ത്തനങ്ങൾ – ഇൻഡ്യയ്ക്കകത്തും പുറത്തും ചരക്കായി (commodity) വില്‍ക്കപ്പെടുന്നു. എന്നാല്‍ ദലിതരുടെ അവസ്ഥ ഇൻഡ്യയിൽ കൂടുതൽ മോശമായിക്കൊണ്ടിരിക്കുന്നു. വേദനയും സഹനവും പ്രാകൃതമായ ജീവിതാവസ്ഥകളും രേഖപ്പെടുത്തുന്ന ആത്മകഥാ സാഹിത്യം ഏറെ വായിക്കപ്പെടുമ്പോള്‍ ഡോ.അംബേഡ്ക്കര്‍ കൃതികൾ ഉള്‍പ്പെടെയുള്ള ഗ്രന്ഥങ്ങൾ വരേണ്യ മധ്യവര്‍ഗ ബുദ്ധിജീവികളിൽ ഗൗരവമായ വായനയ്ക്കോ പഠനത്തിനോ വിധേയമാകുന്നില്ല. ഇതിനര്‍ഥം, ജാതി വിഭജനങ്ങളെയും അതിന്റെ സാമൂഹികാനുഭവങ്ങളെയും രാഷ്ട്രീയമായി ഉള്‍ക്കൊള്ളാൻ അവർ വിസമ്മതിക്കുന്നു എന്നുള്ളതാണ്. ദലിത് ആത്മകഥകളിൽ ആവിഷ്ക്കരിക്കപ്പെടുന്ന ജീവിതം യാഥാര്‍ഥ്യമാണെന്ന് അംഗീകരിക്കാന്‍ കഴിയാത്തവരുടെ എണ്ണം വളരെ കൂടുതലാണെന്നതാണ് കൗതുകകരമായ മറ്റൊരു വസ്തുത.

അതുകൊണ്ടുതന്നെ എഴുത്തിലൂടെ കിട്ടുന്ന അംഗീകാരങ്ങള്‍ പോലും എതിര്‍ക്കപ്പെടുകയും അവിശ്വസിക്കപ്പെടുകയും ചെയ്യുന്നു. സര്‍ഗാത്മകമായ മുന്നേറ്റങ്ങളെ വ്യക്തിപരമായ നേട്ടങ്ങളിലേയ്ക്ക് ചുരുക്കുന്നു എന്നതാണ് മറ്റൊരു വിമര്‍ശനം. അക്കര്‍മാശി എന്ന ആത്മകഥ പ്രസിദ്ധീകരിച്ചപ്പോള്‍ തനിക്കെതിരെ ഉയര്‍ന്ന ആക്ഷേപങ്ങളുടെ തീവ്രത ശരണ്‍കുമാർ ലിംബാലെ അതിന്റെ ആമുഖത്തിൽ വിവരിക്കുന്നുണ്ട്. ‘എഴുത്തുകാരൻ എന്ന നിലയ്ക്ക് നിങ്ങള്‍ പ്രശസ്തനാകുന്നു. പക്ഷേ, സമുദായം അപമാനിക്കപ്പെടുന്നു. ദലിത് സ്ത്രീകൾ ബലാല്‍സംഗം ചെയ്യപ്പെടുന്നുവെന്ന് ദലിത് എഴുത്തുകാർ എഴുതുവാൻ പാടില്ല.’ ഇങ്ങനെ നീളുന്നു വിമര്‍ശനങ്ങൾ.

ദേശീയമായി വികസിച്ച നവീനാവബോധമാണ് ദലിതരെ സ്വന്തം ജീവിതമെഴുതാൻ പ്രേരിപ്പിക്കുന്നത് എന്നതാണ് വസ്തുത. വ്യത്യസ്ത ഭാഷകളില്‍ രൂപപ്പെട്ട ഉണര്‍വുകൾ തുറന്ന എഴുത്തിലേയ്ക്ക് വരാന്‍ ആത്മവിശ്വാസം നല്‍കി. തങ്ങളുടെ സമുദായങ്ങള്‍ നേരിടുന്ന അരക്ഷിതാവസ്ഥകളും അപമാനവീകരണവും മറ്റുള്ളവരെ അറിയിക്കുവാന്‍ സാധ്യമായ മികച്ച മാധ്യമമായി അവർ ആത്മകഥാഖ്യാനങ്ങളെ തിരിച്ചറിഞ്ഞു. വ്യത്യസ്ത ഭാഷകളിലേക്ക് വളരെ എളുപ്പത്തില്‍ ഇവയുടെ പരിഭാഷകള്‍ പ്രസിദ്ധീകരിക്കപ്പെട്ടു. അശോക്‌ ഭോയറെ പോലുള്ള മികച്ച ന്യൂറോസര്‍ജൻ തനിക്ക് നേരിട്ട വിവേചനങ്ങളും പ്രതിസന്ധികളും വിവരിച്ചപ്പോള്‍ (ഒരു ദലിത് ഡോക്ടറുടെ ആത്മകഥ) പരിഷ്കൃത സമൂഹം സ്വയം എടുത്തണിഞ്ഞ സംസ്ക്കാരത്തിന്റെ മേലാപ്പുകള്‍ അഴിഞ്ഞുവീണു. ഇൻഡ്യന്‍ ജ്ഞാനശാസ്ത്രത്തിലെ ബ്രാഹ്മണ്യാധികാരത്തിന് എതിരെയുള്ള ആക്രമണമായാണ് അശോക്‌ ഭോയര്‍ തന്റെ ആത്മകഥയെ കാണുന്നത്.

ദലിതന്‍ – ആത്മകഥയുടെ സാമൂഹികഭൂപടം 

1990 കളുടെ പകുതിയോടുകൂടി മലയാളിയുടെ വായനാഭിരുചികളെ ഉലച്ചുകൊണ്ട് സാംസ്ക്കാരിക രംഗത്ത് ചില പൊളിച്ചെഴുത്തുകള്‍ സംഭവിക്കുന്നുണ്ട്. സാമുദായികരംഗത്തും രാഷ്ട്രീയമായ സംഘാടനങ്ങളിലും എണ്‍പതുകളിൽ ദലിതരുടെ മുന്‍കൈയിൽ ചില പരീക്ഷണങ്ങൾ നടക്കുന്നുണ്ടെങ്കിലും എഴുത്തിന്റെ മണ്ഡലത്തിൽ വ്യാപകമായ സ്വീകാര്യത നേടാൻ കഴിഞ്ഞിരുന്നില്ല. ആശയ രംഗത്തെ സംഘര്‍ഷങ്ങളും മാധ്യമ പിന്തുണയുടെ അഭാവവും എല്ലാം ഈ അദൃശ്യതയ്ക്ക് കാരണമായി ചൂണ്ടിക്കാണിക്കാവുന്നതാണ്. കവിതയിലും ഫിക്ഷന്‍ രചനയിലും മാത്രമാണ് കാര്യമായ അടയാളങ്ങൾ അവശേഷിക്കുന്നത്.  എന്നാല്‍ പിന്നീട് ഇപ്പറഞ്ഞ തടസങ്ങൾ പതിയെ നീങ്ങി സാമൂഹികമായ ചലനാത്മകതയും ദൃശ്യതയും കൈവരിക്കാനും അതിലൂടെ കേരളീയ വ്യവഹാരങ്ങളില്‍ വ്യത്യസ്തമായ ചില സംവാദ മണ്ഡലങ്ങൾ തുറക്കാനും ദലിതര്‍ക്കായി. കവിത, ചരിത്രാന്വേഷങ്ങള്‍, സാംസ്ക്കാരിക വിമര്‍ശനം, ഫിക്ഷന്‍, എന്നിങ്ങനെ വിവിധ രംഗത്ത് ഉണര്‍വുകൾ ഉണ്ടായെങ്കിലും ആത്മകഥാ രചനയുടെ മേഖല ശുഷ്ക്കമായിത്തന്നെ നിലനിന്നു. അപ്പോഴേക്കും ഇൻഡ്യയിലെ മറ്റു ഭാഷകളില്‍ ഉള്ള ദലിത്‌ ആത്മകഥകളുടെ വിവര്‍ത്തനങ്ങൾ പുസ്തക രൂപത്തിലും ആനുകാലികങ്ങളിലൂടെ തുടര്‍ പരമ്പരകളായും പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു. മറിയാമ്മച്ചേടത്തി (മാണിക്കം പെണ്ണ്), സുലോചന (അടിയാര്‍ ടീച്ചര്‍), കെ.എം.സലിംകുമാര്‍ (കടുത്ത), സി.കെ.ജാനു (ജാനു), രാഘവന്‍ അത്തോളി (ഒരു ശില്‍പ്പി ജീവിതമെഴുതുമ്പോൾ), സെലീന പ്രക്കാനം (ചെങ്ങറ സമരവും എന്റെ ജീവിതവും), കല്ലേന്‍ പൊക്കുടൻ (കണ്ടല്‍കാടുകൾക്കിടയില്‍ എന്റെ ജീവിതം) തുടങ്ങിയവരുടെ ചെറുജീവിത ഖണ്ഡങ്ങള്‍ മാത്രമാണ് മലയാളത്തില്‍ ഇക്കാലത്ത് ഉണ്ടായത്. വളരെ ചെറിയ കാന്‍വാസിൽ വിപുലവും സങ്കീര്‍ണവുമായി വരച്ച ചിത്രം പോലെയാണ് ഇവയില്‍ പലതിന്റെയും രൂപഘടന. (ചില രചനകള്‍ പുസ്തക രൂപത്തിൽ വന്നതും വിപുലമായ ചര്‍ച്ചകള്‍ക്ക് വിധേയമായതുമാണ് എന്ന കാര്യം ശ്രദ്ധേയമാണ്) ദീര്‍ഘകാലമായുള്ള ജീവിതത്തെ ചുരുങ്ങിയ ഓര്‍മകളിലൂടെ തിരിച്ചുപിടിക്കുന്നതിന്റെ ഞെരുക്കം പ്രകടവുമാണ്. ഈ സന്ദര്‍ഭത്തിലാണ് കെ.കെ.കൊച്ചിന്റെ ദലിതന്‍ എന്ന ആത്മകഥ (2019) സവിശേഷമായ ശ്രദ്ധയും ചര്‍ച്ചയും അര്‍ഹിക്കുന്നത്. 

കെ. കെ. കൊച്ച്

ഈ പുസ്തകത്തിന്റെ ഭാവിയെക്കുറിച്ചും സവിശേഷതകളെ സംബന്ധിച്ചും ആമുഖ കുറിപ്പിലുള്ള കെ.കെ.ബാബുരാജിന്റെ  നിരീക്ഷണം ചരിത്രപരമായ പ്രസക്തിയിലെയ്ക്കുള്ള ചൂണ്ടുപലകയാണ്. സമകാലിക ചരിത്രത്തിലെ കീഴടരുകളുടെ ഒരു റിക്കാര്‍ഡ് എന്നും പുതുകാല മുന്നേറ്റങ്ങളെ പ്രചോദിപ്പിക്കുന്ന ഒരു പുസ്തകം എന്നനിലയിലുമുള്ള തുടര്‍ ജീവിതമായിരിക്കും ഈ പുസ്തകത്തിന്‌ ഉണ്ടാവുക’. കൂടാതെ, മുഖ്യധാരയില്‍ സ്വന്തമായി ഇടമുണ്ടാവുകയും അവിടെ നിന്നുകൊണ്ട് തന്നെ ദലിത് പൊതുവ്യക്തിത്വമായി മാറുകയും ചെയ്തയാളാണ് ആത്മകഥാകൃത്ത് എന്നും അദ്ദേഹം വിലയിരുത്തുന്നു.

പുലയന് ആത്മകഥയുണ്ടോ എന്ന ചോദ്യത്തിലൂടെ തന്റെ ജീവിതകഥ തുടങ്ങിയ കല്ലേൻ പോക്കുടന്റെ ഖേദങ്ങള്‍ക്ക്, ആഖ്യാനപരമായ മറുപടി കൂടിയാണ് ഈ രചനയെന്നും ആ അര്‍ഥത്തിൽ കേട്ടെഴുതപ്പെട്ട മലയാളത്തിലെ ദലിത് ആത്മകഥാഖ്യാനങ്ങളിൽ നിന്നുമുള്ള വിടുതലാണ് തന്റെ അനുഭവാഖ്യാനമെന്നു കെ.കെ.കൊച്ചും ഈ പുസ്തകത്തിന്റെ അവസാനഭാഗത്ത്‌ രേഖപ്പെടുത്തുന്നുണ്ട്. ഇവയെല്ലാം സൂചിപ്പിക്കുന്നത്, എഴുത്തുകാരനെന്നുള്ള പൊതു സ്വീകാര്യതയും സാമൂഹിക രംഗത്തെ അവഗണിക്കാനാവാത്ത സാന്നിധ്യമെന്ന തീര്‍ച്ചയുമാണ് ദലിതൻ എന്ന ആത്മകഥയ്ക്ക്‌ പ്രേരണയായതെന്ന വസ്തുതയാണ്. മുന്‍പ് സൂചിപ്പിച്ച വ്യത്യസ്ത ഭാഷകളിലുള്ള ആത്മകഥകള്‍ക്ക് അവകാശപ്പെടാൻ കഴിയാത്ത സവിശേഷതകളാണിവ.

ഒരര്‍ഥത്തിൽ, ദലിതന്‍ എന്ന ആത്മകഥ സുഘടിതമായ രൂപവും അനുഭവങ്ങളുടെ തന്നെ സൂക്ഷ്മമായ തിരഞ്ഞെടുപ്പും അതിന്റെ ആവിഷ്ക്കാര ഭംഗിയും ഒത്തുചേര്‍ന്ന രചനയാണെന്ന് പറയാം. കാലത്തെയും അതുണ്ടാക്കിയ  അനുഭവങ്ങളെയും ക്രമാനുഗതമായി അടുക്കിവയ്ക്കുന്ന വ്യവസ്ഥാപിത രീതി പിന്തുടരുന്ന ആത്മകഥ തന്നെയാണിത്. സ്വകാര്യജീവിതം സാമൂഹിക ജീവിതത്തിനു കീഴ്പ്പെട്ടു പോകുന്ന ആഖ്യാനരീതി ഒഴിവാക്കിയാൽ, മലയാളത്തിലെ പല ആത്മകഥകളുടെയും ഓര്‍മകൾ കെ.കെ.കൊച്ചിന്റെ പുസ്തകത്തെ പിന്തുടരുന്നവരെ പിടികൂടും. സി.കേശവന്റെ ജീവിതസമരം എന്ന ആത്മകഥ ഓര്‍ക്കുക. ചരിത്രത്തിന്റെയും ദേശത്തിന്റെയും സമുദായത്തിന്റെയും രേഖയാക്കുന്ന ആഖ്യാന വൈവിധ്യം ദലിതന്‍ എന്ന ആത്മകഥയ്ക്കും അവകാശപ്പെടാവുന്നതാണ്. ഒരുപക്ഷേ, ദലിതെഴുത്തുകളില്‍ പൊതുവേ കാണാറുള്ള പരാധീനതകളുടെ തുറവികളും ഭാഷാപരമായ ശ്രദ്ധയില്ലായ്മയും ആഖ്യാനപരമായ ഭംഗിയിലുള്ള സൂക്ഷ്മതക്കുറവും ഒട്ടുമേയില്ലാത്ത പുസ്തകമാണ് ഇതെന്നത് നിസ്തര്‍ക്കമായ വസ്തുതയാണ്.

ഗ്രാമജീവിതത്തിൽ ഇഴുകിച്ചേര്‍ന്ന  ജാതി വിനിമയങ്ങളുടെ പ്രായോഗിക രൂപങ്ങളുടെ വിശദീകരണം, ആഭ്യന്തരമായ കുടിയേറ്റങ്ങള്‍ക്ക് പിന്നിലെ അറിയപ്പെടാത്ത കഥകൾ, എഴുപതുകളിലെ ദലിത് വിദ്യാര്‍ഥി ജീവിതം നേരിട്ട സംഘര്‍ഷങ്ങള്‍, തീവ്ര ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ പ്രയോഗിക വിമര്‍ശനം, ദലിത്-ആദിവാസികൾ മുന്‍കൈയെടുത്ത ആശയപരവും സംഘടനാപരവുമായ രൂപങ്ങളുടെ ഉയര്‍ച്ച താഴ്ചകൾ, ദേശീയമായി ഉയര്‍ന്നുവന്ന രാഷ്ട്രീയ പ്രമേയങ്ങളോടുള്ള പ്രതികരണങ്ങള്‍, എഴുത്തിന്റെയും സാംസ്ക്കാരിക അന്വേഷണങ്ങളുടെയും പ്രസാധന സംരംഭം ഉള്‍പ്പെടെ വികാസ പരിണാമങ്ങള്‍, പിന്നാലെയെത്തുന്ന ആശയങ്ങളോടും തലമുറയോടുമുള്ള സംവാദങ്ങൾ തുടങ്ങിയവയാണ് വിപുലമായ അര്‍ഥത്തിൽ കെ.കെ.കൊച്ചിന്റെ ആത്മകഥ രേഖപ്പെടുത്താന്‍ ശ്രമിക്കുന്നത്. ഇക്കാര്യങ്ങൾ വിശദീകരിക്കാൻ അദ്ദേഹം ഉപയോഗിക്കുന്ന മാധ്യമം (tool) വ്യക്തി ചിത്രങ്ങളും സമരങ്ങളും ചരിത്രത്തിലെ സവിശേഷമായ സന്ദര്‍ഭങ്ങളുമാണ്. പൊതുവേ കഥപറച്ചിലില്‍ പുലര്‍ത്തുന്ന വസ്തുതകളുടെ ഒഴിവാക്കൽ എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം പ്രധാനമാണെന്ന യാഥാര്‍ഥ്യം, ഒരേസമയം ചരിത്ര ഗ്രന്ഥമായും ആത്മകഥയായും പരിഗണിക്കാവുന്ന വിധത്തിലുള്ള ഘടന ഈ പുസ്തകത്തെ വ്യത്യസ്തമാക്കുന്നു. അടിസ്ഥാനപരമായി, കേരളത്തിന്റെ കഴിഞ്ഞ അറുപതു വര്‍ഷത്തെ അരികുകളുടെ സാമൂഹിക രേഖയാണ് കെ.കെ.കൊച്ച് മലയാളികള്‍ക്ക് മുന്‍പിൽ അവതരിപ്പിക്കുവാൻ ശ്രമിക്കുന്നത്. അദൃശ്യമായതും ചിതറിപ്പോയതുമായ ഓര്‍മകളെ കൂട്ടിവച്ച് മറ്റൊരു മലയാളി ജീവിതം ഉണ്ടെന്നുള്ള ബോധ്യപ്പെടുത്തല്‍ കൂടിയായി ഈ ശ്രമത്തെ വിലയിരുത്താം.

അന്വേഷണങ്ങള്‍, അതിലംഘനങ്ങള്‍

കെ.കെ.കൊച്ചിന്റെ ആത്മകഥയിലൂടെ കടന്നു പോകുമ്പോൾ അസാധാരണമായ ചലന വേഗം അനുഭവിക്കാം. എല്ലാത്തരം തറഞ്ഞു നില്‍ക്കലിനെയും (stagnation) പിന്തള്ളുന്ന ഊര്‍ജമായി വര്‍ത്തിക്കുന്ന ഈ സവിശേഷത ആശയരംഗത്തെ പുതിയലോകത്തെ അവതരിപ്പിക്കുന്ന ഒന്നായി പില്‍ക്കാലത്ത് മാറുന്നുണ്ട്. വ്യക്തിയെന്ന നിലയില്‍ അദ്ദേഹത്തെ പരിചയമുള്ളവര്‍ക്ക് ഈ വേഗത്തിന്റെ തോതും അർഥവും എളുപ്പത്തിൽ മനസിലാകും. ഈ പുസ്തകം തന്നെ വ്യവസ്ഥാപിതമായ ജീവിതം നയിക്കുവാന്‍ എല്ലാ സൗകര്യവും സാധ്യതയുമുള്ള ഒരാൾ നടത്തുന്ന ആപത്കരമായ ജീവിതമായി കാണാവുന്നതാണ്‌. ബാല്യ-കൗമാര കാലങ്ങളിൽ നേരിട്ട അനിശ്ചിതത്വത്തിൽ തുടങ്ങി ഇന്നും അവസാനിക്കാത്ത സങ്കീര്‍ണതകളെ വായിച്ചെടുക്കാവുന്ന ഒട്ടേറെ സന്ദര്‍ഭങ്ങൾ ഇതിനോട് ചേര്‍ത്തുവെക്കാം. ആശയങ്ങള്‍, പ്രസ്ഥാനങ്ങള്‍, വ്യക്തികള്‍, തൊഴിലിടങ്ങള്‍, താമസ സ്ഥലങ്ങള്‍ എന്നിവയെല്ലാം കേരളമെന്ന ഭൂപ്രദേശത്തിന്റെ തലങ്ങും വിലങ്ങും ചിതറിക്കിടക്കുന്ന ഒന്നായി അദ്ദേഹം ചിത്രീകരിക്കുന്നു.  ജീവിതത്തിന്റെ എല്ലാത്തരം മനോഹരമായ പ്രലോഭനങ്ങളെയും അദൃശ്യമാക്കുന്ന ഒന്നായും ഈ ജീവിതമെഴുത്ത് മാറുന്നത് അത്ഭുതത്തോടു കൂടിയേ കണ്ടുനില്‍ക്കാനാവൂ.

കെ.കെ.കൊച്ച് പില്‍ക്കാലത്ത്‌ ഉയര്‍ത്തിയ ഇടതുപക്ഷ വിമര്‍ശനത്തിന്റെ വേരുകൾ ബാല്യ-കൗമാര കാലങ്ങളിലെ സാമൂഹിക നിരീക്ഷണങ്ങളില്‍നിന്നും യൗവന കാലത്തെ വിപുലമായ വായനയില്‍നിന്നും ആണെന്നുള്ള സമൃദ്ധമായ സൂചനകൾ ഈ ആത്മകഥയിൽ ലഭ്യമാണ്. ജന്മിത്ത വ്യവസ്ഥയോടു ഒളിഞ്ഞും തെളിഞ്ഞും കമ്മ്യൂണിസ്റ്റ് സര്‍ക്കാരും നേതാക്കന്മാരും നടത്തിയ ഗൗരവമായ നീക്കുപോക്കുകളും  വര്‍ഗ രാഷ്ട്രീയത്തിന്റെ വ്യാഖ്യാനത്തിനു പുറത്തുള്ള സമുദായത്തിന്റെ നിലയും ജീവിതാവസ്ഥകളും എല്ലാം വിശകലനം ചെയ്യുന്നത് ശ്രദ്ധേയമാണ്. ജാതിയെന്ന സ്വത്വം പൊതുസമൂഹത്തിന്റെ വ്യവഹാരങ്ങളില്‍ അദൃശ്യ ( ദൃശ്യ )മായ ഘടകമായി ഉയര്‍ന്നുവരുന്നതിനു വിമോചനസമരം പോലുള്ള  പ്രക്ഷോഭ സന്ദര്‍ഭങ്ങൾ സാക്ഷ്യം വഹിച്ചതായി സൂചിപ്പിക്കുന്നുണ്ട്. ഇത് മധ്യതിരുവിതാംകൂറിലെ അവസ്ഥയാണെങ്കില്‍, പിന്നീട് പറിച്ചുനടപ്പെട്ട വയനാട്ടിലെ ജീവിതത്തില്‍ ആദിവാസികളോട് പ്രത്യക്ഷത്തിൽ നടത്തുന്ന ഹിംസകളായി എഴുത്തുകാരൻ വിവരിക്കുന്നു. ഇവരെ സംരക്ഷിക്കുവാനും രാഷ്ട്രീയ സാക്ഷരരാക്കാനും ശ്രമിച്ച വിവിധ നക്സല്‍ മൂവ്മെന്റുകളാകട്ടെ നിക്ഷിപ്ത താൽപര്യക്കാരുടെ കൂടാരങ്ങളായി മാറിയതായും വിലയിരുത്തുന്നു. നിരവധി സന്ദര്‍ഭങ്ങൾ ഉദാഹരണങ്ങളായി വിവരിക്കുന്നത് പില്‍ക്കാല ചരിത്ര പഠിതാക്കള്‍ക്ക് വിമര്‍ശനത്തിനും വിലയിരുത്തലിനും സാധ്യത നല്‍കുന്നുണ്ട്. പക്ഷേ, ഇവിടെ കെ.കെ.കൊച്ചെന്ന സന്ദേഹി നിഷ്ക്രിയനായി മാറിനിന്നുകൊണ്ട് വിമര്‍ശിക്കുകയല്ല മറിച്ച്, വിയോജിപ്പുകള്‍ ഉണ്ടെങ്കിലും പലവിധത്തിൽ സഹകരിച്ചുകൊണ്ടാണ് തന്റെ പ്രവര്‍ത്തനങ്ങൾ തുടരുന്നത്. നാടക സംഘാടനം, യെനാന്‍ മാസികയുടെ രൂപീകരണം, പണംകൊണ്ടും അധ്വാനം കൊണ്ടും നടത്തുന്ന ഭാഗധേയത്വങ്ങൾ എന്നിവയാൽ മുന്‍പ് സൂചിപ്പിച്ച ചലനാത്മകമായൊരു യൗവനം അദ്ദേഹത്തിൽ കാണാം. നക്സല്‍ പ്രസ്ഥാനങ്ങളുടെ വ്യവസ്ഥാപിത ചരിത്രങ്ങളില്‍ സാന്ദര്‍ഭികമായി പോലും പരാമര്‍ശിക്കപ്പെടാത്ത ഈ ആഖ്യാന സൂചനകള്‍ പ്രത്യക്ഷമാകേണ്ട ഒരു ചരിത്രത്തെക്കുറിച്ചും നമ്മെ ഓര്‍മിപ്പിക്കുന്നു. നിക്ഷ്പക്ഷതയെന്ന പൂര്‍വനിശ്ചയം ആത്മകഥകളെ സംബന്ധിച്ച് എത്രത്തോളം പാകമാകുമെന്ന സംശയവും ഇവിടെ ഉന്നയിക്കപ്പെടണം എന്ന് തോന്നുന്നു.

ദലിത്‌ സംവാദങ്ങളുടെ കാലം 

സമരങ്ങളും ആശയ സംവാദങ്ങളും ചേര്‍ന്ന ജീവിതത്തിലെ നിര്‍ണായകമായ സന്ദര്‍ഭങ്ങളെ നവോഥാന ചരിത്രത്തിന്റെ സൂക്ഷ്മ പാഠങ്ങളിലേക്കും ഇൻഡ്യയില്‍ രൂപംകൊണ്ട ദലിത്‌-പിന്നോക്ക-ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ പുതുപ്രമേയങ്ങളുമായി യോജിപ്പിച്ചുകൊണ്ട് വിലയിരുത്തുവാനാണ് ഗ്രന്ഥകാരന്‍ പിന്നീട് ശ്രമിക്കുന്നത്. ഇതിന് അടിസ്ഥാനമായി സീഡിയന്‍ പ്രസ്ഥാനത്തിലെ ആശയപരവും പ്രായോഗികവുമായ പിളര്‍പ്പുകളെയും മണ്ഡലാനന്തര ഇൻഡ്യന്‍ രാഷ്ട്രീയത്തിലെ പരിണാമങ്ങളെയുമാണ് അദ്ദേഹം സ്വീകരിക്കുന്നത്. പതിയ രാഷ്ട്രീയ പരീക്ഷണങ്ങളില്‍ ദലിതരുടേയും ഇതര പാര്‍ശ്വവല്‍കൃതസമുദായങ്ങളുടെയും രാഷ്ട്രീയമായ പ്രാധിനിധ്യമെന്ന മൗലികമായ പ്രശ്നമാണ് ഒരു ധൈഷണിക വ്യക്തിത്വമെന്ന നിലയില്‍ നിര്‍ധാരണം ചെയ്യാൻ ശ്രമിച്ചത്. തന്റെ ആദ്യത്തെ പുസ്തകമായ കലാപവും സംസ്ക്കാരവും എന്ന പുസ്തകത്തില്‍ നിന്നും രണ്ടാമത്തെ കൃതിയായ (എഡിറ്റർ) അംബേഡ്ക്കർ ജീവിതവും ദൗത്യവും എന്നതിലേയ്ക്കുള്ള യാത്രയും ദൂരവും ഒരു സൂചനയായി സ്വീകരിക്കാം. തെരെഞ്ഞെടുപ്പുകളില്‍ പങ്കാളിത്തം വഹിച്ചും പലതരം വേദികളിൽ അഭിപ്രായങ്ങള്‍ പറഞ്ഞും സമുദായത്തിനുള്ളിലും പൊതു രാഷ്ട്രീയ രംഗത്തും ഒരു വിമതപദവി നേടാനാണ് ഇത്തരം വ്യവഹാരങ്ങള്‍ കെ.കെ.കൊച്ചിനെ സഹായിച്ചത്. ഇത്തരം സംവാദങ്ങളിലും സമരങ്ങളിളും പ്രസ്ഥാനങ്ങളുടെ പ്രതിനിധിയല്ലാത്ത താന്‍ പങ്കെടുത്തതിന്റെ വല്ലായ്മകളും തിരസ്ക്കാരങ്ങളും വിമര്‍ശന രൂപത്തിൽ ഉയര്‍ത്തുന്നുണ്ട്.അതില്‍ വ്യക്തികളോടുള്ള വിയോജിപ്പുകളും ഉണ്ടെന്നുള്ളതാണ് വസ്തുത. എം.ഗീതാനന്ദന്‍, കെ.എം.സലിംകുമാര്‍, ഇ.പി.കുമാരദാസ്, സണ്ണി എം.കപിക്കാട് തുടങ്ങി ഇന്നും സാമൂഹിക-രാഷ്ട്രീയ രംഗത്തു സജീവമായി ഇടപെടുന്നവരോടുള്ള വിമര്‍ശനങ്ങൾ സവിശേഷമായ ശ്രദ്ധയും സംവാദങ്ങളും ആവശ്യപ്പെടുന്നുണ്ട്. ഏകശിലാത്മകമായ ആശയങ്ങളിലും ഒറ്റപ്പെട്ട വ്യക്തികളിലുമല്ല ദലിത്‌ വ്യവഹാരങ്ങൾ വികസിച്ചതെന്ന സൂചനകള്‍ പുതുപഠിതാക്കള്‍ക്ക് ആലോചിക്കാവുന്ന വിഷയമാണ്.

വിവിധ സന്ദര്‍ഭങ്ങളിൽ ഉയര്‍ന്നുവന്ന ആശയങ്ങളോടും സമരങ്ങളോടും താൻ സ്വീകരിച്ച നിലപാടുകളെ വിശദീകരിക്കാനാണ് ഈ പുസ്തകത്തിന്റെ കൂടുതല്‍ പുറങ്ങളും ഉപയോഗിച്ചിരിക്കുന്നത്. തന്റെ സമുദായാസ്ഥിത്വത്തിന്റെ ശരിതെറ്റുകളും വ്യക്തി ജീവിതത്തിലെ നേരും നോവും അതുകൊണ്ടുതന്നെ കൂടുതൽ വിവരിക്കേണ്ടതായി അദ്ദേഹത്തിന് തോന്നുന്നില്ല. എന്നാല്‍ സമൂഹം അംഗീകരിക്കുന്ന എഴുത്തുകാരനായും ബുദ്ധിജീവിയായും ഒരാള്‍ – പ്രത്യേകിച്ചും സാമൂഹിക-സംസ്ക്കാരിക മൂലധനത്തിന്റെ പിന്തുണയില്ലാത്ത മാറുവാൻ എടുക്കുന്ന പരിശ്രമങ്ങളും ക്ഷമയും അതിജീവനങ്ങളും ഭാവി തലമുറയെ പല വിധത്തിലും സ്വാധീനിക്കുന്നതാണ്. വിലകുറഞ്ഞ വിവാദങ്ങളും നിരന്തരമായ സ്വയം പ്രദര്‍ശനവുമാണ് സാമൂഹിക സ്വീകാര്യതയുടെ ഉപാധിയെന്നു വിശ്വസിക്കുന്ന സോഷ്യല്‍ മീഡിയ ആക്റ്റിവിസത്തിന്റെ കാലത്ത് അതിജീവനത്തിന്റെ ജീവിതരേഖയായി ദലിതൻ എന്ന ആത്മഥ വായിക്കപ്പെടുമെന്നത് തീര്‍ച്ചയാണ്. പില്‍ക്കാലത്ത്‌ വിജ്ഞാനത്തോടും സാമൂഹിക സംവാദങ്ങളോടും പുലര്‍ത്തിയ ആസക്തിയെ തന്റെ ബാല്യകാലത്തെ അനുഭവത്തെക്കുറിച്ചുള്ള ഒരു മെറ്റഫറിനെ ആശ്രയിച്ചു പറയാമെന്നു തോന്നുന്നു. “അമ്മയുടെ വീട്ടിൽ ബാല്യകാലത്ത്‌ മതിയായ ഭക്ഷണം ലഭിക്കാതിരുന്നതിലാവണം ആഹാരത്തോട് എനിക്ക് കടുത്ത ആര്‍ത്തിയായിരുന്നു. അതുകൊണ്ടുതന്നെ പ്രകൃതിയൊരു ഭക്ഷണമേശയായി മാറിയിരുന്നു”. ഇതുപോലെ കവിതപോലെ വായിച്ചു പോകാവുന്ന പ്രയോഗങ്ങളാല്‍ സമ്പന്നമാണ് ഈ കൃതി. ആറു പതിറ്റാണ്ടിന്റെ ദലിത്‌ സാമൂഹികവല്‍ക്കരണത്തിന്റെ പാഠപുസ്തകമായി കാണാവുന്നതാണ്‌ കെ.കെ.കൊച്ചിന്റെ ആത്മകഥയെന്നു ഉറപ്പിച്ചു പറയാനാവും. പ്രത്യയശാസ്ത്ര വൈരുധ്യങ്ങളും വസ്തുതാപരമായ പിശകുകളും ഒന്നും ആ പദവിയില്‍നിന്നും ഈ പുസ്തകത്തെ തടയുന്നില്ലായെന്നും കാണേണ്ടതുണ്ട്.

  • Linda Anderson (2007) Autobiography, Routledge, New York.
  • Anand S., (2003) Touchable Tales, Navayana Publishing, Pondichery.
  • Arnold, David, Stuart Blackburn (eds, 2004) Telling lives in India : Biography, Autobiography And Life History, Permenent Black, New Delhi.
  • Raj Kumar, (2010) Dalit Personal Narratives, Reading Caste, Nation and Identity, Orient BlackSwan, Hyderabad. 
Top