ഇ.എം.എസാണ് സവർണ സാമ്പത്തിക സംവരണത്തിന്റെ ഉപജ്ഞാതാവ്: എൻ.കെ അലി സംസാരിക്കുന്നു

സാമ്പത്തിക സംവരണവുമായി ഇ.എം.എസ് രംഗത്തു വന്നെങ്കിലും, 60 വര്‍ഷങ്ങള്‍ക്കു ശേഷം 2018ല്‍ ദേവസ്വം ബോര്‍ഡ് നിയമനത്തില്‍ പത്തു ശതമാനം മുന്നാക്ക സംവരണം ഏര്‍പ്പെടുത്തിക്കൊണ്ട് ആദ്യമായി അത് നടപ്പിലാക്കിയത് നിലവിലെ പിണറായി വിജയന്‍ സര്‍ക്കാരാണ്. സാമ്പത്തിക സംവരണം ഒരു വിധത്തിലും ഭരണഘടനയുമായി ചേര്‍ന്നുപോകുന്നതല്ല. സംവരണ വിഷയത്തിൽ സജീവ ഇടപെടലുകൾ നടത്തിവരുന്ന മെക്കയുടെ ജനറൽ സെക്രട്ടറി എൻ.കെ അലി സംസാരിക്കുന്നു.

ഒരു സാമൂഹിക മുന്നേറ്റ പദ്ധതിയെന്ന നിലയില്‍ നടപ്പിലാക്കി വരുന്ന സംവരണത്തെ അട്ടിമറിക്കാനുള്ള നീക്കങ്ങൾക്കെതിരെ എന്നുമുതലാണ് ‘മെക്ക’യടക്കമുള്ള പിന്നാക്ക-ന്യൂനപക്ഷ സംഘടനകള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്? അതിന്റെ ചരിത്രമെന്താണ്?

മെക്കയുടെ (മുസ്‌ലിം എംപ്ലോയീസ് കൾച്ചറൽ അസോസിയേഷൻ) രൂപീകരണം 1989 ആഗസ്റ്റ് 20നാണ്. ഇക്കൊല്ലം ആഗസ്റ്റോടെ 31 പ്രവർത്തന വര്‍ഷങ്ങൾ പൂര്‍ത്തിയായി.1989-90 വര്‍ഷങ്ങളില്‍ തന്നെ, കേരളത്തിലെ പോലീസ് റിക്രൂട്ട്മെന്റില്‍ നടന്ന സംവരണ അട്ടിമറിയെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു തുടക്കം. നാലായിരത്തോളം പോലീസുകാരെ സംവരണം അട്ടിമറിച്ചുകൊണ്ട് കേരളത്തില്‍ നിയമിച്ചതിനെതിരെ 1990 ജൂണില്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ ‘മെക്ക’ സമരം നടത്തി. സമരം ഉദ്ഘാടനം ചെയ്തത് അന്നത്തെ അഡ്വ. നാലകത്ത് സൂപ്പി എം.എല്‍.എ ആയിരുന്നു. ‘മെക്ക’യുടെ തുടക്കകാലം മുതൽക്കേ സാമൂഹിക നീതിക്കു വേണ്ടി ഈ സംഘടന നിലകൊണ്ടിട്ടുണ്ട്.

മൂന്ന് മേഖലകളിലാണ് പ്രധാനമായും സംഘടനയുടെ ഊന്നല്‍- വിദ്യാഭ്യാസം, തൊഴിൽ, സമുദായ ശാക്തീകരണം എന്നിവ. സമുദായം എന്നതുകൊണ്ട് പ്രധാനമായും മുസ്‌ലിം സമുദായത്തിന്റെ ഉന്നമനമാണ് ‘മെക്ക’ ലക്ഷ്യംവെച്ചത്. ആദ്യകാല ശ്രദ്ധ മുഴുവന്‍ വിദ്യാഭ്യാസത്തിലും ഉദ്യോഗ മേഖലയിലും ആയിരുന്നെങ്കിലും, പില്‍ക്കാലത്ത് മഹല്ലുകളുടെ ശാക്തീകരണം പോലുള്ള വിഷയങ്ങളും അജണ്ടയില്‍ വന്നു.1989ല്‍ മര്‍ഹൂം സി.എ വാഹിദ് സാഹിബ് സംഘടന സ്ഥാപിക്കുന്നതിന്റെ ആദ്യ ദിനം മുതല്‍ക്കേ സ്ഥാപക സെക്രട്ടറിമാരിൽ ഒരാളായി ഞാൻ അതിന്റെ ഭാഗമാണ്. വാഹിദ് സാഹിബ് അന്നേ സർക്കാർ നിയമനങ്ങളിലെ പ്രാതിനിധ്യത്തെക്കുറിച്ച്‌ വ്യക്തമായ ധാരണയുള്ള ആളായിരുന്നു. ഉദ്യോഗങ്ങളിലെ ഓരോ വിഭാഗത്തിൻ്റെയും പ്രാതിനിധ്യത്തിൻ്റെ കണക്കുകൾ അന്നത്തെ ഏതു ഭരണാധികാരിയെക്കാളും നന്നായി അദ്ദേഹത്തിന് നിശ്ചയമുണ്ടായിരുന്നു.

എൻ.കെ അലി

മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഏതാണ്ട് അംഗീകരിച്ചുകൊണ്ട് പിന്നാക്ക വിഭാഗങ്ങള്‍ക്ക് 27 ശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള തീരുമാനവുമായി വി.പി സിങ് സര്‍ക്കാര്‍ വരുന്ന സമയമാണ് 1990. അന്ന് ഉത്തരേന്ത്യയില്‍, ഈ തീരുമാനത്തിനെതിരെ ഇന്നത്തെ കെജ്‌രിവാൾ ഉൾപ്പെടുന്ന ‘യൂത്ത് ഫോര്‍ ഇക്വാലിറ്റി’ എന്ന സംഘടന പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചിരുന്നു. അന്നു മുതൽ ആരംഭിച്ച, ഊണിലും ഉറക്കത്തിലും സംവരണ വിഷയത്തില്‍ ‘മെക്ക’യുടെയും അതിന്റെ സാരഥികളുടെയും പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും നിര്‍ബാധം തുടരുകയാണ്. ഈ കോവിഡ് കാലത്ത് എന്റെ മുഴുസമയ എഴുത്തും വായനയും പഠനവുമെല്ലാം ഈ സംവരണ വിഷയത്തിലാണ്. നിരവധി അന്വേഷണങ്ങളാണ് ഓരോ ദിവസവും തിരുവനന്തപുരം മുതല്‍ കാസർകോട് നിന്ന് വരെ വന്നുകൊണ്ടിരിക്കുന്നത്.

ഇടതുപക്ഷം അവരുടെ വര്‍ഗ സിദ്ധാന്തത്തിലൂന്നിയാണ് ജാതിയെ മനസ്സിലാക്കുന്നത്. 1950കള്‍ മുതൽക്കേ സാമ്പത്തിക സംവരണത്തിനായി ഇടതുപക്ഷം വാദിച്ചിരുന്നു. ദേവസ്വം ബോര്‍ഡ് സംവരണം പൂര്‍ണമായും പിണറായി സര്‍ക്കാരിന്റെ പദ്ധതിയാണല്ലോ. തുടര്‍ന്ന് കെ.എ.എസിലെ സംവരണ നിഷേധവും, പി.എസ്.സിയില്‍ 10 ശതമാനം മുന്നാക്ക സംവരണവും ഒക്കെയായി സവര്‍ണ പദ്ധതിയെ വ്യാപിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇടതുപക്ഷത്തിന്റെ സമീപനത്തോടുള്ള പ്രതികരണമെന്താണ്?

ഭരണഘടനയുടെ 15-4 (വിദ്യാഭ്യാസം), 16-4 (ഉദ്യോഗം) അനുഛേദങ്ങളില്‍ സംവരണത്തെക്കുറിച്ചു പറയുന്നത്, സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗങ്ങള്‍ക്കാണ് (പൗരന്മാർ) സംവരണം നല്‍കുന്നത് എന്നാണ്. അതായത് ഒരു വ്യക്തിക്കല്ല, ഒരു വര്‍ഗത്തിനാണ് (class) സംവരണം. സാമൂഹിക നീതി കൈവരിക്കലാണ് അതിന്റെ ലക്ഷ്യം. ഉദ്യോഗ രംഗത്തെ സംവരണത്തെക്കുറിച്ച് (16-4) പറയുന്നത്, ‘സര്‍വീസില്‍ മതിയായ പ്രാതിനിധ്യമില്ലാത്ത പിന്നാക്ക ജനവിഭാഗങ്ങള്‍ക്കാണ് സംവരണം’ എന്നാണ്. അധികാര പങ്കാളിത്തം ഉറപ്പാക്കുന്നതിനായുള്ള ഈ സംവിധാനത്തെ യഥാര്‍ഥത്തില്‍ സംവരണം എന്നല്ല, മറിച്ച് റെപ്രസെന്റേഷന്‍ (പ്രാതിനിധ്യം) എന്നാണ് പറയേണ്ടത്. ഓരോ ജനവിഭാഗത്തിനും ജനസംഖ്യാനുപാതികമായി- എന്നുവെച്ചാല്‍ ജനസംഖ്യക്ക് തുല്യമായി എന്നല്ല- പ്രാതിനിധ്യം ഉറപ്പുവരുത്തലാണത്.

1958ലെ ഇ.എം.എസ് നമ്പൂതിരിപ്പാട് അധ്യക്ഷനായുള്ള ഒന്നാം ഭരണ പരിഷ്‌കാര കമ്മീഷനാണ് ആദ്യമായി ഇൻഡ്യയില്‍ തന്നെ മുന്നാക്ക സംവരണം (സാമ്പത്തിക സംവരണം) എന്ന ആവശ്യവുമായി രംഗത്തുവരുന്നത്. ആ കമ്മീഷനിലെ അംഗങ്ങളെ നോക്കിയാല്‍, എല്ലാവരും തന്നെ അയ്യര്‍, നായര്‍, മേനോന്‍ തുടങ്ങിയ മേല്‍ജാതി ഹിന്ദുക്കളായിരുന്നു. പേരിന് ഒന്നോ രണ്ടോ കീഴാള സമുദായക്കാരുണ്ട്. 1925ൽ ബ്രിട്ടീഷുകാരുടെ കാലം മുതല്‍ മദ്രാസ് പ്രസിഡന്‍സിക്കു കീഴിലുള്ളവര്‍ക്കും തിരുകൊച്ചിയിലുള്ളവര്‍ക്കും സംവരണം ഉണ്ടായിരുന്നു. പരദേശി ബ്രാഹ്മണര്‍ മുഴുവന്‍ ഉദ്യോഗവും കയ്യടക്കുന്നതിനെതിരെ നായര്‍- മുസ്‌ലിം-ഈഴവ സമുദായങ്ങള്‍ ചേര്‍ന്ന മലയാളി മെമ്മോറിയല്‍ അന്നുണ്ടായിരുന്നു. പക്ഷേ, 1958ലെ ഭരണ പരിഷ്‌കാര കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ ഒമ്പതും പത്തും അധ്യായങ്ങളിലൂടെ ഉദ്യോഗ സംവരണത്തെക്കുറിച്ച് ഇ.എം.എസ് പറയുന്നത്, ക്ലര്‍ക്ക് ജോലി പോലെ മൂന്നും നാലും കാറ്റഗറിയിലുള്ള ഉദ്യോഗങ്ങള്‍ക്ക് മാത്രം സംവരണം ഏര്‍പ്പെടുത്തിയാല്‍ മതിയെന്നും, ഉയര്‍ന്ന തസ്തികകളില്‍ ബുദ്ധി, അറിവ്, കഴിവ് എന്നിവ അടിസ്ഥാനപ്പെടുത്തിയുള്ള നിയമനമാണ് വേണ്ടതെന്നുമുള്ള ‘മെറിറ്റോക്രസിയുടെ’ വാദമാണ്.

ഇ.എം.എസ് നമ്പൂതിരിപ്പാട്

എന്നാൽ, ക്ലാസ് 3, ക്ലാസ് 4 തസ്തികകളില്‍ സംവരണത്തോടെ നിയമിക്കപ്പെട്ടാലും ഒരു വ്യക്തിക്ക് എക്‌സിക്യൂട്ടിവ് പദവികളിലേക്ക് വരെ പ്രൊമോഷനിലൂടെ എത്തിപ്പെടാന്‍ കഴിയുന്ന വ്യവസ്ഥകള്‍ പ്രാബല്യത്തില്‍ വന്നു. എന്നാല്‍ ഡി.പി.സി (ഡിപ്പാര്‍ട്ട്‌മെന്റല്‍ പ്രൊമോഷന്‍ കമ്മിറ്റി) പോലെയുള്ള സമിതികള്‍ മുഖേന, സവര്‍ണരെ തെരഞ്ഞെടുത്ത് ജോലിക്കയറ്റം നല്‍കുന്ന രീതി അത്ര രൂക്ഷമല്ലെങ്കിലും, അന്നേ നിലവിലുണ്ടായിരുന്നു. ഇന്നത്തെയത്ര വര്‍ഗീയ ചിന്താഗതി ഇല്ലാതിരുന്നതിനാലാകാം ഒരുപക്ഷേ രൂക്ഷമല്ലാതിരുന്നത്. ഇ.എം.എസിനെ വേദിയിലിരുത്തി പത്രാധിപര്‍ സുകുമാരൻ സംവരണ അട്ടിമറിക്കെതിരായി നടത്തിയ വിഖ്യാതമായ കുളത്തൂര്‍ പ്രസംഗം നമുക്കറിയാമല്ലോ.

സാമ്പത്തിക സംവരണവുമായി ഇ.എം.എസ് രംഗത്തു വന്നെങ്കിലും, അത് 60 വര്‍ഷങ്ങള്‍ക്കു ശേഷം 2018ല്‍ ദേവസ്വം ബോര്‍ഡ് നിയമനത്തില്‍ പത്തു ശതമാനം മുന്നാക്ക സംവരണം ഏര്‍പ്പെടുത്തിക്കൊണ്ട് ആദ്യമായി നടപ്പിലാക്കിയത് നിലവിലെ പിണറായി വിജയന്‍ സര്‍ക്കാരാണ്. സാമ്പത്തിക സംവരണം ഒരു വിധത്തിലും ഭരണഘടനയുമായി ചേര്‍ന്നുപോകുന്നതല്ല. ഭരണഘടനാ വിരുദ്ധമാണത്. ചരിത്രപരമായി അയിത്താചരണത്തിലൂടെയും സാമൂഹിക ബഹിഷ്‌കരണത്തിലൂടെയും അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് അധികാരത്തില്‍ കയറാൻ വേണ്ടിയുള്ളതാണ് സംവരണമെന്ന തത്വം. നേരത്തപ്പറഞ്ഞതു പോലെ വ്യക്തിക്കല്ല, ഒരു സമൂഹത്തിന്റെ ഉയര്‍ച്ചയാണതിന്റെ ലക്ഷ്യം. കമ്യൂണിസ്റ്റ് സങ്കല്‍പ്പത്തില്‍ സംവരണത്തെ ഏതോ ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതി പോലെയാണ് കണക്കാക്കുന്നത്. സംവരണം കൊടുത്ത് ഒരു കൂട്ടരുടെ ദാരിദ്ര്യം മാറ്റാം എന്ന കാഴ്ചപ്പാടാണവര്‍ക്ക്. കേന്ദ്രം സാമ്പത്തിക സംവരണം നടപ്പിലാക്കാനും, അതിനൊരു കമ്മീഷനുണ്ടാക്കാനും ഒക്കെയുള്ള ആവശ്യം കേരളത്തില്‍ നിന്ന് തന്നെയാണുണ്ടായത്. എന്‍.എസ്.എസ് തങ്ങള്‍ക്ക് പത്തു ശതമാനം സംവരണം വേണമെന്ന ആവശ്യവുമായി മണ്ഡല്‍ കമ്മീഷന്‍ കാലത്തു തന്നെ രംഗത്തു വന്നു. വി.പി സിംഗ് സര്‍ക്കാരിന്റെ വീഴ്ച്ചക്കു ശേഷം, നരസിംഹറാവു സര്‍ക്കാര്‍ 27 ശതമാനം പിന്നാക്ക സംവരണത്തെ പ്രാബല്യത്തില്‍ കൊണ്ടുവന്നതോടൊപ്പം തന്നെ, 10 ശതമാനം മുന്നാക്ക സംവരണത്തിനും ശുപാര്‍ശ ചെയ്തു. എന്നാല്‍ ‘സാമ്പത്തിക ശേഷി കുറഞ്ഞവര്‍ക്കല്ല, സാമൂഹികമായി പിന്നാക്കം നില്‍ക്കുകയും സര്‍വീസില്‍ മതിയായ പ്രാതിനിധ്യം ഇല്ലാത്തവര്‍ക്കുമാണ് സംവരണമെന്നാണ് ഭരണഘടന വിഭാവനം ചെയ്യുന്നത്’ എന്ന് പറഞ്ഞുകൊണ്ട് ആ തീരുമാനത്തെ സുപ്രീംകോടതി റദ്ദുചെയ്തു.

അന്നുമുതൽ, കേരളത്തിലെ എല്ലാ തെരഞ്ഞെടുപ്പിലും യു.ഡി.എഫ്-എല്‍.ഡി.എഫ് പ്രകടന പത്രികയില്‍ പത്തു ശതമാനം മുന്നാക്ക സംവരണം ഏര്‍പ്പെടുത്തുമെന്ന പ്രഖ്യാപനം വന്നുതുടങ്ങി. കരുണാകരന്‍ സര്‍ക്കാരാകട്ടെ 15 ശതമാനം മുന്നാക്ക സംവരണത്തിനാണ് ശ്രമിച്ചത്. രാഷ്ട്രീയമായി നീതിബോധവും ഭരണഘടനാ മൂല്യവും ഒന്നുമല്ല, മറിച്ച് വോട്ടുരാഷ്ട്രീയത്തിനു വേണ്ടിയാണ് ഇവരെല്ലാം പ്രവര്‍ത്തിക്കുന്നത്.

ഇടതുപക്ഷത്തിന്റെ നയപരമായ ഇത്തരം അനീതി നിറഞ്ഞ നിലപാടുകളെ അവര്‍ മറക്കുന്നത്, ക്ഷേമ പെന്‍ഷനും, ലൈഫ് പദ്ധതിയും പോലുള്ള കെട്ടുകാഴ്ച്ചകള്‍ കൊണ്ടാണ്. ദേവികയുടെ ആത്മഹത്യക്ക് പിന്നാലെ ടി.വി വിതരണം നടത്തിയതു പോലെ. അടിസ്ഥാനപരമായ പ്രശ്‌നത്തില്‍ നിന്നും ജനത്തെ വഴിതിരിച്ചുവിടുന്ന നടപടി ശക്തമായി ചെറുക്കപ്പെടേണ്ടതല്ലേ? എന്തുകൊണ്ടാണ് ഇപ്പോഴും വളരെ കുറഞ്ഞ എതിര്‍സ്വരങ്ങള്‍ മാത്രം ഉയരുന്നത്?

സമൂഹത്തിൽ വളരെ ഉന്നതസ്ഥാനങ്ങളിലുള്ള മുസ്‌ലിംകൾക്ക് പോലും സംവരണത്തെക്കുറിച്ച കുറഞ്ഞ ധാരണ പോലുമില്ല. അതിൻ്റെ അടിസ്ഥാന തത്വങ്ങളറിയില്ല. കേരളാ സർക്കാർ ഹയർ സെക്കണ്ടറിയിൽ നടത്തിയ മുന്നാക്ക സംവരണത്തിലെ പ്രായോഗിക രംഗത്തെ പിഴവിനെതിരെ കോടതിയിൽ പോയിരിക്കുന്നത് ‘മെക്ക’ മാത്രമാണ്. സമരങ്ങളൊക്കെ പലരും നടത്തുന്നുണ്ട്. ചിലർക്കതിൽ രാഷ്ട്രീയ നേട്ടമാണ് ലക്ഷ്യം. ഫ്രറ്റേണിറ്റി, ക്യാമ്പസ് ഫ്രണ്ട് തുടങ്ങിയ സംഘടനകൾ ഇതിൻ്റെ വിവരങ്ങളെല്ലാം ആരാഞ്ഞ് ഇവിടെ വന്നിരുന്നു. അവരും കേസ് ഫയൽ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് എന്നാണറിയുന്നത്. പിന്നെയുള്ളത് മുൻ മന്ത്രി കുട്ടി അഹ്‌മദ് കുട്ടി ചെയർമാനായുള്ള, മുപ്പതോളം സംഘടനകളുടെ കൂട്ടായ്മയായ ‘സംവരണ സമുദായ മുന്നണിയാണ്’. അവർ ഉദ്യോഗ രംഗത്തെ സംവരണത്തെ ചോദ്യം ചെയ്യുന്നതിനുള്ള കേസ് കൊടുത്തിട്ടുണ്ട്. മുന്നാക്ക സംവരണത്തിന് അനുകൂലമായും, പിന്നാക്ക സംവരണത്തിനെതിരായും നിരവധി കേസുകള്‍ ദിനേന വരുന്നുണ്ട്. പിന്നാക്കക്കാരൻ്റെ അവകാശത്തിനു വേണ്ടി സമരമില്ല, കേസില്ല, അപ്പീലില്ല!

ഈഴവ സംഘടനകളും മറ്റും സാമ്പത്തിക സംവരണത്തെ സുപ്രീംകോടതിയിൽ ചോദ്യം ചെയ്തിട്ടുണ്ട്. ഒന്നരക്കൊല്ലമായി കേസ് കൊടുത്തിട്ട്. അതിലെന്തായാലും അനുകൂല വിധി പ്രതീക്ഷിക്കാനേ കഴിയില്ല. കേന്ദ്രത്തിൽ സിവിൽ സർവീസിലും, കേരളം, യു.പി, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ സാമ്പത്തിക സംവരണം ഭാഗികമായും നടപ്പിൽ വരുത്തിത്തുടങ്ങി. പല സംസ്ഥാനങ്ങളും മുന്നോട്ട് നീങ്ങിയിട്ടേയില്ല.

സവര്‍ണ സംവരണം വളരെ രൂക്ഷമായി പിന്നാക്ക വിഭാഗത്തെ ബാധിച്ചത് ഇക്കഴിഞ്ഞ ഹയര്‍ സെക്കണ്ടറി അപേക്ഷയുടെ ഘട്ടത്തിലാണെന്നു തോന്നുന്നു. മുന്നാക്കക്കാരിലെ പാവപ്പെട്ടവര്‍ക്കെന്ന പേരില്‍ നീക്കിവെച്ച 16, 711 സീറ്റുകളില്‍ ഭൂരിഭാഗവും അപേക്ഷക്കാരില്ലാതെ ഒഴിഞ്ഞുകിടക്കുന്നതായി കാണിച്ച് പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. മലപ്പുറം പോലുള്ള ജില്ലകളില്‍ മുസ്‌ലിംകള്‍ക്ക് മതിയായ സീറ്റുകള്‍ ഇല്ലാത്ത പരാതി നിലനില്‍ക്കുമ്പോഴും, ഈ മുന്നാക്ക സംവരണത്തിന്റെ ഭവിഷ്യത്ത് അനുഭവിക്കുന്നത് സംവരണത്തിന്റെ യഥാര്‍ഥ അവകാശികളല്ലേ?

2019 ജനുവരി 12ന് രാഷ്ട്രപതി ഒപ്പിട്ട് ഗസറ്റഡ് വിജ്ഞാപനമായി പുറത്തിറങ്ങിയ 103ആം ഭരണഘടനാ ഭേദഗതിയിലൂടെ കൂട്ടിച്ചേർത്ത 15 (6) പ്രകാരം വിദ്യാഭ്യാസ സംവരണത്തിലെ ഭേദഗതി പരിശോധിച്ചാൽ (which in the case of reservation would be in addition to the existing reservations and subject to a maximum of ten per cent. of the total seats in each category), ഇതില്‍ എല്ലാ സംസ്ഥാനങ്ങളിലും പത്തു ശതമാനം എന്ന് നേരിട്ടു പറയുന്നതിനു പകരം, ‘subject to a maximum of ten percent എന്നാണ് പറഞ്ഞിരിക്കുന്നത്. ഒപ്പം തന്നെ of the total seats in ‘each category’ എന്നും വ്യക്തമായി പറഞ്ഞിരിക്കുന്നു. അതായത്, ഓരോ കാറ്റഗറിയില്‍ നിന്നും (ജനറല്‍, റിസര്‍വേഷന്‍, എക്‌സ് സര്‍വീസ് മെന്‍, ഡിസേബിള്‍ഡ്) ജനറല്‍ വിഭാഗത്തില്‍ നിന്നു മാത്രമാണ് ഈ പറയുന്ന പത്തു ശതമാനം കൊടുക്കേണ്ടത് എന്നാണ്. അതാകട്ടെ, ഓരോ സംസ്ഥാനത്തും സംവരണ ശതമാനം പലവിധമാണ്. കേരളത്തില്‍ 50 ശതമാനമാണെങ്കില്‍, കേന്ദ്രത്തില്‍ 49.5 ശതമാനമാണ്. അതിന് ആനുപാതികമായാണ് ശതമാനം നിശ്ചയിക്കേണ്ടതെന്നാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്. ബി.ജെ.പി സര്‍ക്കാരിന്റെ ഈ മാനദണ്ഡത്തിനു വിരുദ്ധമായാണ് ഇവിടെ ഇടതുപക്ഷ സര്‍ക്കാര്‍ പ്ലസ് വണ്‍ പ്ലസ് ടു അഡ്മിഷന് ഈ വര്‍ഷം മുന്നാക്ക സംവരണത്തിന്റെ ശതമാനം നിശ്ചയിച്ചിരിക്കുന്നത്.

കഴിഞ്ഞ തവണ കേന്ദ്ര മാനദണ്ഡത്തിന് അനുസൃതമായി എം.ബി.ബി.എസിന് ആകെ സീറ്റിൽ നിന്ന് 130 സീറ്റ് കൊടുത്തപ്പോള്‍ ആരും ചോദ്യം ചെയ്തിട്ടില്ല. കാരണം, 8 ലക്ഷം വരുമാന പരിധി പറഞ്ഞാലും, പട്ടണത്തില്‍ രണ്ടു സെന്റും വീടുമുള്ളവര്‍ക്ക് അല്ലെങ്കിൽ ഗ്രാമപ്രദേശത്ത് നാലു സെന്റും വീടുമുള്ളവര്‍ക്ക്, ലഭിക്കില്ലെന്ന കേന്ദ്ര മാനദണ്ഡമനുസരിച്ച് ഇവിടുത്തെ ഒരു ശതമാനത്തിനു പോലും സംവരണത്തിന് അര്‍ഹത ഉണ്ടാവില്ല. 11 ശതമാനം നായന്മാരും, ഒരു ശതമാനം ബ്രാഹ്മണരും, എട്ട് ശതമാനം മുന്നാക്ക ക്രിസ്ത്യാനികളുമടങ്ങുന്ന 20 ശതമാനം മുന്നാക്ക വിഭാഗമാണ് കേരളത്തില്‍ ഉള്ളൂ. പറഞ്ഞുവന്നത്, സംഘ്പരിവാര്‍ സര്‍ക്കാരിന്റെ താല്‍പര്യത്തെക്കാള്‍ ഒരുപടി കൂടി കടന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഖണ്ഡിതമായി പത്തു ശതമാനം ആകെ സീറ്റില്‍ എടുത്തിരിക്കുന്നത്. അതാണ് ‘മെക്ക’ ചോദ്യം ചെയ്ത ആദ്യത്തെ കേസ്. കേരളത്തിലെ ഹയര്‍ സെക്കണ്ടറി സ്‌കൂളുകളിലുള്ള 1,62,815 സീറ്റുകളില്‍ 10 ശതമാനം, 16,285 സീറ്റുകളാണ് അവര്‍ക്ക് കൊടുത്തത്. പുറമെ, 400 സീറ്റുകള്‍ കൂടുതലും കൊടുത്തു. ആകെ 16,711 സീറ്റ്. അതെങ്ങനെ വന്നുവെന്ന് ഞങ്ങള്‍ കോടതി മുഖേന ചോദിച്ചിരിക്കുകയാണ്. മറുപടി വന്നിട്ടില്ല.

ഉദ്യോഗ സംവരണത്തിൻ്റെ കാര്യത്തിലോ?

ഉദ്യോഗ സംവരണത്തിന്റെ കാര്യത്തിലാണെങ്കിലും ഇതേ മാനദണ്ഡമാണ് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിട്ടുള്ളത്. subject to a maximum of ten percent in each category എന്നെടുത്ത് പറഞ്ഞിട്ടുള്ളത് മുഴുവന്‍ തസ്തികകളിൽ നിന്നും എടുത്തുകൊടുക്കാനല്ല എന്നതാണ് സൂചിപ്പിക്കുന്നത്. ഇത് കേരളത്തില്‍ മാത്രമേ നിലവില്‍ നടപ്പിലാക്കിയിട്ടുള്ളൂ. ബി.ജെ.പി ഭരിക്കുന്ന യു.പിയും ഗുജറാത്തും മാത്രമാണ് ഇതുമായി കുറച്ചെങ്കിലും മുന്നോട്ടു പോയിട്ടുള്ളത്. ഇതെല്ലാം സംസ്ഥാനത്തിന് തീരുമാനിക്കാവുന്നതേയുള്ളൂ. സംസ്ഥാന സര്‍ക്കാര്‍ മുന്നാക്ക സംവരണം വേണ്ടെന്നു വെച്ചാല്‍ മതിയാകും. തമിഴ്നാട്ടിൽ ഇതുവരെയും ക്രീമിലെയര്‍ സംവിധാനം നടപ്പിലാക്കിയിട്ടില്ല എന്ന കാര്യം അറിയാമോ? തമിഴ്നാട്ടിലെ ജനങ്ങള്‍ കേന്ദ്ര ജോലിക്ക് അപേക്ഷിക്കുമ്പോള്‍ മാത്രമേ അവര്‍ക്ക് ക്രീമിലെയര്‍ ബാധകമാകുന്നുള്ളൂ.

വി.പി സിങ്

കര്‍ണാടകയില്‍ മുന്നാക്ക സംവരണം പത്തു ശതമാനം തന്നെ നടപ്പിലാക്കുകയാണെന്ന് സങ്കല്‍പ്പിക്കൂ. അവിടെ 50 ശതമാനമാണ് സംവരണമുള്ളത്. ബാക്കി 50 ശതമാനം മെറിറ്റ്/ജനറല്‍ കാറ്റഗറിയാണ്. അതില്‍ 10 ശതമാനം സാമ്പത്തിക സംവരണത്തിനായി നീക്കിവെച്ചാല്‍ പോലും 5 ശതമാനം തസ്തികകളെ ആ വകയില്‍ പോവുകയുള്ളൂ. അതുതന്നെയാണ് നിയമപരവും. പശ്ചിമ ബംഗാളിലേത് നോക്കിയാല്‍, അവിടെ 35 ശതമാനമാണ് സംവരണം. ബാക്കിയുള്ള 65 ശതമാനത്തില്‍ പത്തു ശതമാനം നീക്കിയാലും 6.5 ശതമാനം തസ്തികകൾ മാത്രമാണ് ഇ.ഡബ്ള്യൂ.എസ് കാറ്റഗറിയിലേക്ക് പോവുകയുള്ളൂ. ഇതൊന്നും പറഞ്ഞിട്ട് ഇവിടുത്തെ അഭിഭാഷകർക്ക് പോലും മനസ്സിലാവുന്നില്ല. ‘ഇതൊക്കെ സുപ്രീംകോടതിയുടെ പരിഗണനയില്‍ കിടക്കുന്ന വിഷയങ്ങളല്ലേ?, ‘കേന്ദ്രസര്‍ക്കാര്‍ ഭേദഗതിയല്ലേ?’ എന്നൊക്കെയാണ് നമ്മളോട് ചോദിക്കുന്നത്. ഇവരീ ഗസറ്റ് വിജ്ഞാപനം പോലും ശരിയായി വായിച്ചുനോക്കിയിട്ടില്ല. ഈ ഭേദഗതിയെ അംഗീകരിച്ചു കൊണ്ടു തന്നെയാണ് ഇതിലെ കേരള സര്‍ക്കാരിന്റെ നടപ്പാക്കലിലെ പിഴവിനെ ചോദ്യം ചെയ്യുന്നത്. ഭേദഗതിയെ അല്ല ചോദ്യം ചെയ്യുന്നത്. ഭേദഗതിയെ ചോദ്യം ചെയ്തുകൊണ്ട് സുപ്രീംകോടതിയില്‍ 29ഓളം കക്ഷികളുള്ള കേസ് നിലവിലുണ്ട്. കേരളത്തില്‍ നടക്കുന്നതിനെയാണ് കേരളാ ഹൈക്കോടതിയില്‍ ചോദ്യം ചെയ്യുന്നത്. അത് കീമിന്റെയും (കേരള എൻജിനിയറിങ് ആർക്കിടെക്ചർ മെഡിക്കൽ) ഹയര്‍ സെക്കണ്ടറിയുടെയും പി.ജിയുടെയുമെല്ലാം പ്രോസ്‌പെക്ടസുകളും, സംവരണ ബില്‍ ഭേദഗതി വിജ്ഞാപനവുമെല്ലാം അനുബന്ധ രേഖകളായി സമര്‍പ്പിച്ചുകൊണ്ടാണ് കേസ് ഫയല്‍ ചെയ്തിട്ടുള്ളത്.

ഇനി പി.എസ്.സിയുടെ കാര്യത്തിലേക്കു വന്നാല്‍, 100 പോസ്റ്റില്‍ 9, 19, 29, 39 ക്രമത്തില്‍ 99ആം പോസ്റ്റ് വരെയാണ് മുന്നാക്ക സംവരണത്തിന് റൊട്ടേഷന്‍ നിശ്ചയിച്ചുകൊണ്ട് കേരള സര്‍ക്കാര്‍ നടപ്പില്‍ വരുത്താന്‍ തുനിയുന്നത്. അത് പറ്റില്ലെന്നാണ് നമ്മള്‍ പറയുന്നത്. കാരണം അത് പതിനൊന്നു ശതമാനത്തിനടുത്ത് വരുന്നുണ്ട്. ഉദ്യോഗ നിയമനത്തിന് 40 ശതമാനം പിന്നാക്ക വിഭാഗത്തിലും, 10 ശതമാനം എസ്.സി-എസ്.ടിയിലുമുള്ള സംവരണം കഴിച്ച്, ബാക്കിയുള്ള 50 ശതമാനത്തില്‍ (ഓപ്പണ്‍ ക്വാട്ട) നിന്നാണ് സാമ്പത്തിക സംവരണത്തിന് വകയിരുത്തേണ്ടത്. അങ്ങനെ വരുമ്പോള്‍ അഞ്ചു പോസ്റ്റുകളാണ് പോവുകയുള്ളൂ.

ചുരുക്കിപ്പറഞ്ഞാല്‍, കേരളത്തില്‍ മുന്നാക്ക സംവരണം നിശ്ചയിച്ചിരിക്കുന്നത് കേന്ദ്ര മാനദണ്ഡ പ്രകാരമല്ല. ഇവിടെ രണ്ടരയേക്കര്‍ ഭൂമിയുള്ളവനും ഇ.ഡബ്ള്യൂ.എസ് കാറ്റഗറിയിലാണ് പെടുന്നത്. കൃത്യമായും സവര്‍ണ സംവരണമാണിത്. കേരളത്തില്‍ 20 ശതമാനം പോലുമില്ലാത്ത സവര്‍ണര്‍ക്കാണ് ഈ ആനുകൂല്യം ലഭ്യമാകുന്നത്. ഇരുപതിന്റെ പത്തു ശതമാനമെടുത്താല്‍, വെറും രണ്ടു ശതമാനമേ മുന്നാക്ക സംവരണത്തിന് അര്‍ഹരാകൂ. നിലവില്‍ 9 മുതല്‍ 99 വരെ നിശ്ചയിച്ചിരിക്കുന്ന റൊട്ടേഷന്‍ പ്രകാരം പതിനൊന്ന് ശതമാനം മുന്നാക്കക്കാര്‍ക്കായി പോകും. പ്രായോഗിക തലത്തിലെ ഈ വൈരുദ്ധ്യമാണ് ചോദ്യം ചെയ്യേണ്ടത്.

മലപ്പുറത്ത് സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നുണ്ടല്ലോ എന്ന് ചോദിക്കുന്നവരുണ്ട്. ജനറല്‍ ഇ.ഡബ്ള്യൂ.എസ് കാറ്റഗറിയിലെ സീറ്റുകളാണവിടെ ഒഴിഞ്ഞു കിടക്കുന്നത്. മലപ്പുറത്തെ പ്രത്യേകത, ഒരുവിധം നല്ല മാര്‍ക്കുള്ള വിദ്യാര്‍ഥികളെല്ലാം അണ്‍-എയ്ഡഡ് സ്ഥാപനങ്ങളില്‍ ഫീസ് കൊടുത്ത് അഡ്മിഷന്‍ നേടലാണ് പതിവ്. അവിടെ കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് വിഷയങ്ങളില്‍ ലാബ് സൗകര്യമോ മതിയായ അധ്യപകരോ ഇല്ലാത്ത സ്‌കൂളുകളിലെ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നതാണ്. അവിടെ മുസ്‌ലിംകള്‍ തന്നെയാണ് ജനറല്‍ വിഭാഗത്തില്‍ അപേക്ഷിക്കുന്നത്.

കെ.എ.എസിലെ സംവരണം വെട്ടിക്കുറച്ച നടപടിയെ സര്‍ക്കാര്‍ ന്യായീകരിക്കുന്നത്, ഒരിക്കല്‍ സംവരണത്തിലൂടെ ഉദ്യോഗം നേടിയവര്‍ക്ക് വീണ്ടും സംവരണം എന്തിനാണ് എന്നു ചോദിച്ചുകൊണ്ടാണ്. ഈ ന്യായീകരണത്തില്‍ എന്തെങ്കിലും കാര്യമുള്ളതായി കരുതുന്നുണ്ടോ?

കെ.എ.എസ് സംവരണ അട്ടിമറിക്കെതിരെ ‘മെക്ക’ കൊടുത്ത അത്രയും നിവേദനങ്ങൾ ഒരു മുസ്‌ലിം സംഘടനയും കൊടുത്തിട്ടില്ല. മറ്റു പിന്നാക്ക വിഭാഗ സംഘടനകളില്‍ പലതും ഒന്നോ രണ്ടോ നിവേദനങ്ങള്‍ കൊടുത്തിട്ടുണ്ട്. പിന്നീട് പി.കെ.എസ് (പട്ടിക ജാതി ക്ഷേമ സമിതി)യും കെ.പി.എം.സും അടങ്ങുന്ന കുറേ സംഘടനകള്‍ സജീവമായി ഇടപെടുകയും, പുന്നല ശ്രീകുമാറിന്റെ നേതൃത്വത്തിലെ സമരങ്ങള്‍ക്കും ശേഷമാണ് എല്ലാ സ്ട്രീമിലും സംവരണം നടപ്പിലാക്കാന്‍ തീരുമാനം വന്നത്. എന്‍.എസ്.എസ് ട്രൈബ്യൂണലില്‍ അപ്പീല്‍ കൊടുത്തിട്ടുണ്ട്. കോവിഡിന്റെ മറവില്‍ പലതും അട്ടിമറിക്കുന്നുണ്ട്. ഒരു പരാതിയുമായി സെക്രട്ടറിയേറ്റില്‍ ചെന്നാല്‍ നേരിട്ട് സമര്‍പ്പിക്കാനോ ഉദ്യോഗസ്ഥരെ കാണാനോ കഴിയില്ല. എല്ലാം ഇ-മെയില്‍ മുഖേനയാണ് നടക്കുന്നത്. അവരത് ഫയലില്‍ സ്വീകരിച്ചുവെന്ന് മറുപടി തന്നാലും തുടര്‍നടപടിളൊക്കെ തഥൈവ.

പുന്നല ശ്രീകുമാർ

കെ.എ.എസ് സംവരണ നിഷേധത്തിന് സര്‍ക്കാര്‍ പറയുന്ന ന്യായത്തില്‍ കഴമ്പില്ല. ഒരു തവണ സംവരണം ലഭിച്ചയാള്‍ക്ക് വീണ്ടും നല്‍കുന്നതെങ്ങനെയെന്ന് ചോദിച്ചാല്‍, അയാള്‍ സംവരണം വഴിയാണ് സര്‍വീസിലെത്തിയതെന്ന് എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ മനസ്സിലാക്കുക? പുതിയ നരേന്ദ്രന്‍ കമ്മീഷന്‍ പരിഷ്‌കാരങ്ങള്‍ പ്രകാരം അങ്ങനെ മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ടെങ്കില്‍ തന്നെ, ഭരണഘടനയുടെ 16-4 അനുഛേദം പറയുന്നത് സര്‍വീസില്‍ പ്രാതിനിധ്യമുണ്ടോയെന്ന ചോദ്യമാണ്. മുസ്‌ലിംകള്‍ക്ക് സര്‍വീസില്‍ പ്രാതിനിധ്യമുണ്ടോ? കെ.എ.എസ് എന്നാല്‍ ഒരു പുതിയ സംരംഭമാണ്. അതില്‍ പ്രാതിനിധ്യം എങ്ങനെയാണ് നിര്‍ണയിക്കുന്നത്. എല്ലാവര്‍ക്കും സംവരണം ലഭ്യമാക്കണം, അതാണ് സാമൂഹിക നീതി.

ക്രീമിലെയര്‍ സംവിധാനം സാമ്പത്തിക സംവരണ വാദങ്ങള്‍ക്ക് ശക്തി കൂട്ടിയിട്ടുണ്ടോ? ക്രീമിലെയര്‍ സംവിധാനത്തെക്കുറിച്ച ‘മെക്ക’യുടെ നിലപാട് വ്യക്തമാക്കാമോ? 

ക്രീമിലെയര്‍ കൊണ്ടുവന്നത് പിന്നാക്ക വിഭാഗത്തില്‍ നിന്ന് മുന്നാക്കം വന്നവരെ സംവരണത്തില്‍ നിന്ന് പുറന്തള്ളാനാണ്. പുറന്തള്ളല്‍ (exclusion) ഭരണഘടനാ വിരുദ്ധമാണെന്ന് ജ. പാണ്ഡ്യനടങ്ങുന്ന ഒമ്പതംഗ ബെഞ്ച് പറഞ്ഞിട്ടുണ്ട്. സാമ്പത്തിക സ്ഥിതിയെന്നത് മാറിക്കൊണ്ടിരിക്കുന്ന സംഗതിയാണ്. സാമൂഹിക പിന്നാക്കാവസ്ഥയാണ് സംവരണത്തിന് നിദാനം. സവര്‍ണ തന്ത്രത്തിന്റെ ഭാഗമായാണ് ക്രീമിലെയര്‍ അടിച്ചേല്‍പ്പിച്ചത്. ‘മെക്ക’ അതിനെ ചോദ്യംചെയ്തിട്ടുണ്ട്.

മെഡിക്കല്‍-ഡെന്റൽ പി.ജി പ്രവേശനത്തിലും പിന്നാക്ക സംവരണം വെട്ടിച്ചുരുക്കി സവര്‍ണര്‍ക്ക് സംവരണം നല്‍കാനുള്ള തീരുമാനത്തെക്കുറിച്ച്?

മെഡിക്കല്‍-ഡെന്റല്‍ പി.ജി സംവരണം വെട്ടിച്ചുരുക്കിയതില്‍ കേസ് നല്‍കാനുള്ള രേഖകള്‍ ‘മെക്ക’ തയ്യാറാക്കി വരികയാണ്. 9 ശതമാനമാണ് മുഴുവന്‍ ഒ.ബി.സികള്‍ക്കുമായി അതില്‍ സംവരണമുള്ളത്. എസ്.സി-എസ്.എടിക്ക് പത്തും. അതിലാണ് ഇരുപതു ശതമാനം മാത്രമുള്ള സവര്‍ണര്‍ക്ക് 10 ശതമാനം സാമ്പത്തിക സംവരണം നല്‍കാന്‍ പോകുന്നത്. എല്ലാ ക്വാട്ടയും കഴിഞ്ഞ് ഒ.ബി.സിയിലെ ഒമ്പതില്‍ 2 ശതമാനമേ മുസ്‌ലിംകള്‍ക്കുള്ളൂ. ഈഴവർക്ക് മൂന്നും. അതിനെതിരെ കേസ് കൊടുക്കുന്നുണ്ട്. പ്രൊഫഷണല്‍ കോഴ്‌സുകളിലെ മുന്നാക്ക സംവരണത്തിന്റെ മാനദണ്ഡങ്ങള്‍ക്കെതിരെ ഫ്രറ്റേണിറ്റിയും ക്യാമ്പസ് ഫ്രണ്ടും കേസ് കൊടുക്കുന്നുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്.

വിവിധ മുസ്‌ലിം സംഘടനകളുടെ ഈ വിഷയത്തിലുള്ള നിലപാടിനെക്കുറിച്ച്?

മുസ്‌ലിം സംഘടനകളെ മത സംഘടനകളായി കാണണം. അവര്‍ക്ക് സാമൂഹിക-സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്നതിന് പരിമിതികളുണ്ട്. മുസ്‌ലിം സംഘടനകളില്‍ ചിലത് പ്രസ്താവനകൾ ഇറക്കുന്നുണ്ടെന്നല്ലാതെ മറ്റൊന്നും ചെയ്യുന്നില്ല.

അതല്ലാത്ത സംഘടനകളെ നോക്കിയാല്‍ എം.ഇ.എസാണുള്ളത്. എം.ഇ.എസിന് ക്രീമിലെയറിനോട് അനുകൂല നിലപാടാണുള്ളത്. നാല്‍പതും അമ്പതും ലക്ഷം കൊടുത്ത് എഞ്ചിനിയറിങിന് അഡ്മിഷന്‍ നേടുന്ന സമുദായത്തില്‍ പെട്ടവരിലെ പാവപ്പെട്ടവര്‍ക്ക് ഗുണകരമാകുമെന്നാണ് അവരുടെ പക്ഷം. എം.ഇ.എസ് മെഡിക്കൽ കോളേജിൽ ഒരു സീറ്റിന് (മെഡിക്കൽ-ഡെന്റൽ) 40-50 ലക്ഷം കൊടുത്ത് ചേരാൻ വരുന്ന എൻ.ആർ.ഐ മുസ്‌ലിംകളെ കണ്ടിട്ടാണ് അവരത് പറയുന്നത്. പാവപ്പെട്ടവരില്‍ എത്ര പേരാണ് അത്തരം ഉന്നത വിദ്യാഭ്യാസത്തിനു ശ്രമിക്കുക? എനിക്കു തന്നെ പണ്ട് ബി.എ.എം.എസിന് തിരുവനന്തപുരം ആയുർവേദ  മെഡിക്കല്‍ കോളേജില്‍ അഡ്മിഷന്‍ ലഭിച്ചിട്ട്, പണമില്ലാത്തതിനാല്‍ പോകാന്‍ കഴിഞ്ഞിട്ടില്ല. പുസ്തകങ്ങള്‍ക്കും മറ്റും വലിയ വിലയായതു കൊണ്ട് അതിനുള്ള പണം കുടുംബത്തിനുണ്ടായില്ല.

പിന്നെ എം.എസ്.എസ്. അവര്‍ക്ക് സംവരണം ഒന്നുമല്ല വിഷയം. ആതുരശുശ്രൂഷ-ചാരിറ്റി പ്രവര്‍ത്തനങ്ങളുമായി പോകുന്നു. മറ്റു മതസംഘടനകളെ സംബന്ധിച്ചിടത്തോളം പ്രബോധന പ്രവര്‍ത്തനങ്ങളും മറ്റുമാണ് മുൻഗണനയായി അജണ്ടയിലുണ്ടാവുക. അടുത്ത കാലത്തായി വന്ന നവരാഷ്ട്രീയ പ്രസ്ഥാനങ്ങൾ അവരുടെ പ്രവർത്തനങ്ങൾ കൂടുതൽ വ്യാപിപ്പിക്കേണ്ടിയിരിക്കുന്നു.

‘മെക്ക’യുടെ തുടക്കകാലം മുതൽ വിവിധ മുസ്‌ലിം സംഘടനകളും പ്രസ്ഥാനങ്ങളും അവരുടെ പോഷക സംഘടനയാക്കാൻ ശ്രമിച്ചിരുന്നെങ്കിലും, എല്ലാ മുസ്‌ലിം മത, സാമൂഹിക, വിദ്യാഭ്യാസ, സംസ്കാരിക പ്രസ്ഥാനങ്ങളുമായി സഹകരിച്ച് സമൂദരത്തിലാണ് മെക്ക മുന്നോട്ടുപോകുന്നത്. ആരോടും പ്രത്യേകമായ അടുപ്പമോ അകൽച്ചയോ ഇല്ല. പ്രശ്നാധിഷ്ഠിതമായി എല്ലാവരോടും ഒരേ സമീപനവും സഹകരണവുമാണ്.

എൻ.കെ അലി: കൊച്ചി മുനിസിപ്പൽ കോർപറേഷൻ മുൻ റവന്യൂ ഓഫീസർ ആയിരുന്ന എൻ.കെ അലി, നിലവിൽ ‘മെക്ക’യുടെ ജനറൽ സെക്രട്ടറിയാണ്. മെക്കയുടെ സ്ഥാപന കാലം മുതൽക്കേ സംഘടനയിൽ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം, സംവരണ വിഷയത്തിൽ വർഷങ്ങളായി ഇടപെടലുകൾ നടത്തി വരുന്നു.

Top