പൗരത്വം: പ്രക്ഷോഭവും മുസ്‌ലിം കർതൃത്വവും

ഇസ്‌ലാം മതത്തെക്കുറിച്ചും മുസ്‌ലിം രാഷ്ട്രീയത്തെപ്പറ്റിയും രാഷ്ട്രീയ സ്വഭാവമുള്ള മുസ്‌ലിം സംഘടനകളെപ്പറ്റിയും അവരോടൊപ്പമുള്ള ദലിത് സംഘടനകളുടെ രാഷ്ട്രീയത്തെപ്പറ്റിയും എക്കാലത്തും തീവ്രമായ സംശയമുള്ളവരാണ് ഇൻഡ്യയിലെ പുരോഗമനവാദികളും ഇടതുപക്ഷ പ്രതിപക്ഷ കക്ഷികളും. അവർ ഒരിക്കലും ഈ മാറ്റത്തെ അംഗീകരിക്കുന്നില്ല. പക്ഷേ, പുതുകാല ജനാധിപത്യത്തെ വീണ്ടെടുക്കുന്നതും രാഷ്ട്രത്തെ പുതിയ രീതിയിൽ പുനഃസംഘടിപ്പിക്കുന്നതും ഹിന്ദുത്വവാദികളെ തകർത്തു തരിപ്പണമാക്കുന്നതുമാണ് ഈ സമര മുന്നേറ്റങ്ങളെന്ന് എനിക്കുറപ്പുണ്ട്. കെ.കെ. ബാബുരാജിന്റെ പ്രഭാഷണം.

കേരളത്തിൽ പൗരത്വ പ്രശ്നത്തിൽ ഡിസംബർ മാസം 17ന് ഒരു ജനകീയ ഹർത്താൽ നടക്കുകയുണ്ടായി. ഈ ജനകീയ ഹർത്താലിനെതിരെ പല തരത്തിലുള്ള എതിർപ്പുകൾ രൂപപ്പെട്ടിരുന്ന കാര്യം നമുക്കെല്ലാവർക്കും അറിയാം. ആരാണ് ആ ഹർത്താൽ നടത്തിയത്? കേരളത്തിലെ രാഷ്ട്രീയ ഇസ്‌ലാം (Political Islam) എന്നു വിളിക്കപ്പെടുന്ന ചില വിഭാഗങ്ങളും ചില ദലിത് സംഘടനകളും എക്കാലത്തും അവരുടെ കൂടെ നിന്നിട്ടുള്ള സിവിൽ സമൂഹ ബുദ്ധിജീവികളും പ്രവർത്തകരും ചേർന്ന മുന്നണിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരുന്നത്. അവരുടെ പ്രചാരണ ഫലമായി പുതിയ പലരും അതിനോടു ചേർന്നു നിൽക്കുകയും ചെയ്തിരുന്നു.

കേരള സമൂഹത്തിൽ, മുസ്‌ലിം സമുദായം മുൻകൈയെടുത്ത് അതിശക്തമായ രീതിയിലുള്ള ഒരു പൊതു സമരം ഉണ്ടാകേണ്ടത് അനിവാര്യമായിരുന്നു. എന്നാൽ, “നാം എതിരാളികളായി പ്രഖ്യാപിച്ചിട്ടുള്ള സംഘ്പരിവാർ പോലുള്ള ശക്തികളെ ശക്തിപ്പെടുത്തും, നമ്മുടെ മതേതര സ്വഭാവം തകർന്നു പോകും, ഹിന്ദുക്കളിലുള്ള മതേതരവാദികൾക്കു നമ്മളോടു വെറുപ്പു തോന്നി അവർ നാളെ ഹൈന്ദവവാദികൾ ആയി മാറാൻ സാധ്യതയുണ്ട്, ഹർത്താൽ തെറ്റിദ്ധാരണ ഉണ്ടാക്കും, നാം അവരുടെ തന്നെ കെണിയിൽ അകപ്പെട്ടിരിക്കുന്നു” എന്നൊക്കെയുള്ള എതിർസ്വരങ്ങളാണ് ആ സമരത്തിനെതിരെ മുസ്‌ലിം സംഘടനകൾക്കകത്തു നിന്നുതന്നെ വന്നത്. അത്തരം വിമർശനങ്ങൾക്കിടയിലും ശക്തമായ ആ സമരം അഭൂതപൂർവമായ ജനപിന്തുണയോടെ വിജയിക്കുന്നതാണു നാം കണ്ടത്.

ജാമിഅ മില്ലിയ ഇസ്‌ലാമിയ, അലീഗഢ് സർവകലാശാല ഇവിടങ്ങളിലെ സമരങ്ങളും ഇപ്പോൾ നാം കാണുന്നുണ്ട്. എന്നാൽ ആ സമരങ്ങൾ അതിരൂക്ഷമായ അടിച്ചമർത്തലിനും പെൺകുട്ടികളുടെ മേലുള്ള കടന്നാക്രമണത്തിനും വിധേയമാവുകയുണ്ടായി. സോഷ്യൽ മീഡിയയിൽ വളരെ ശക്തമായ കാമ്പയിനുകൾ ഉണ്ടായതോടു കൂടിയാണ് അതിനു ദൃശ്യത വന്നത്. കഴിഞ്ഞ കാലങ്ങളിൽ ജെഎൻയുവിലൊക്കെ നടന്ന ഇടതുപക്ഷ സമരങ്ങൾക്കു കിട്ടിയ ദൃശ്യതയ്ക്കു സമാനമായി, ആദ്യമായിട്ടാണ് ഇങ്ങനെയൊരു വ്യത്യസ്ത സമരത്തിനും ദൃശ്യത ലഭിക്കുന്നത്.

പൊളിറ്റിക്കൽ ഇസ്‌ലാം

രാഷ്ട്രീയ ഇസ്‌ലാം എന്നു പറഞ്ഞ് ഒരു കൂട്ടരെ ഇന്നലെ വരെ അകറ്റി നിർത്തുകയായിരുന്നു പൊതു സമൂഹം. ഹിന്ദുത്വവാദികൾ മാത്രമല്ല, ഇടതുപക്ഷ-ലിബറൽ സ്വഭാവമുള്ളവരും അതീവ സംശയത്തോടെ കാണുന്ന, രാഷ്ട്രീയ ഇസ്‌ലാം എന്നു പറയുന്ന, ജമാഅത്തെ ഇസ്‌ലാമിയും പോപ്പുലർ ഫ്രണ്ടും പോലുള്ള സംഘടനകളും ഡിഎച്ച്ആർഎമ്മിനെപ്പോലുള്ള ദലിത് സംഘടനകളും ഒരു രാഷ്ട്രീയ തീരുമാനം എടുക്കുകയും രാഷ്ട്രീയ പ്രക്രിയയിലേക്കു കടന്നുവരികയും ചെയ്യുമ്പോൾ, നമ്മുടെ സമൂഹത്തിനകത്ത് സവിശേഷ രീതിയിൽ പ്രതിസന്ധി ഉണ്ടാകുകയാണ്. വളരെ ശ്രദ്ധേയമായ രീതിയിലുള്ള മുസ്‌ലിം സ്ത്രീ സഞ്ചയമാണ് ഇപ്രാവശ്യം പൗരത്വ ബില്ലിനും അതിനു മുൻപുള്ള മുത്തലാക്ക് ബില്ലിനും എതിരായി രൂപപ്പെട്ടു വന്നത്. മുസ്‌ലിം ലീഗിന്റെയും പോപ്പുലർ ഫ്രണ്ടിന്റെയും ജമാഅത്തെ ഇസ്‌ലാമിയുടെയും വളരെ പ്രധാനപ്പെട്ട സമ്മേളനങ്ങളിൽ ഞാൻ പോയി സംസാരിച്ചിട്ടുണ്ട്. അഖിലേന്ത്യാ തലത്തിലുള്ള മുന്നേറ്റങ്ങളാണ് ഇവരെല്ലാം നടത്തിയത്. വിവിധ കീഴാള പ്രസ്ഥാനങ്ങളുടെ സഹായത്തിന്റെയും പരസ്പര ധാരണയുടെയും അടിസ്ഥാനത്തിലാണ് അവയെല്ലാം വികസിച്ചത്. ആ മുന്നേറ്റത്തിന്റെ ഭാഗമായിട്ടാണ് പൗരത്വ ബില്ലിനെതിരെയുള്ള പ്രതിപക്ഷ സമരം ഇപ്പോൾ ആരംഭിച്ചിരിക്കുന്നതെന്ന കാര്യം മറക്കാൻ പാടില്ല.

ജാമിഅ മില്ലിയയിലെ പ്രക്ഷോഭത്തിനിടയിൽ വിദ്യാർഥികൾ നിസ്ക്കരിക്കുന്നു.

മതത്തെക്കുറിച്ചും മതത്തിനകത്തെ രാഷ്ട്രീയത്തെപ്പറ്റിയും രാഷ്ട്രീയ സ്വഭാവമുള്ള മത സംഘടനകളെപ്പറ്റിയും ഇൻഡ്യയിലെ ദലിത് സംഘടനകളുടെ രാഷ്ട്രീയത്തെപ്പറ്റിയും എക്കാലത്തും തീവ്രമായ സംശയമുള്ളവരാണ് ഇൻഡ്യയിലെ പുരോഗമനവാദികളും പ്രതിപക്ഷ കക്ഷികളും. അവർ ഒരിക്കലും അതിനെ അംഗീകരിക്കുന്നില്ല. പക്ഷേ, പുതുകാല ജനാധിപത്യത്തെ വീണ്ടെടുക്കുന്നതും രാഷ്ട്രത്തെ  പുനഃസംഘടിപ്പിക്കുന്നതും ഹിന്ദുത്വവാദികളെ തകർത്തു തരിപ്പണമാക്കുന്നതുമാണ് ഈ സമരങ്ങളെന്ന് എനിക്കുറപ്പുണ്ട്. വാസ്തവത്തിൽ, പലർക്കും കഴിയാത്തതാണു നമ്മൾ നടത്തുന്നത്. ഇവിടെ തിരിച്ചറിയേണ്ട കാര്യം, ഇന്നലെ വരെ അസ്പൃശ്യരായിരുന്ന വിഭാഗങ്ങൾ തന്നെയാണ് ഇന്നത്തെ ജനാധിപത്യ സമരങ്ങൾ സംഘടിപ്പിക്കുന്നതെന്നതാണ്.

മുസ്‌ലിംകളുടെ രാഷ്ട്രീയ കർതൃത്വം

ലദീദയെയും ആയിഷ റെന്നയെയും നിങ്ങൾക്ക് അറിയാമായിരിക്കും. കാരണം ഇന്ന് അലീഗഢ് സർവകലാശാലയിലും ജാമിഅ മില്ലിയയിലും സവിശേഷമായ രീതിയിൽ സമരരംഗത്ത് ഉയർന്നുവന്ന സ്ത്രീ ശബ്ദങ്ങളാണവരുടേത്. പക്ഷേ, അവർ വെറും സ്ത്രീകളായിട്ടല്ല ആ സമരങ്ങളിൽ പങ്കെടുത്തത്. ഉമ്മുൽ ഫായിസ കൃത്യമായി ചോദിച്ചതുപോലെ, അവർക്കൊരു രാഷ്ട്രീയ അസ്തിത്വം (political identity) ഇല്ലേ? എന്തുകൊണ്ട് അതാരും പറയുന്നില്ല?

അവർക്കു പകരം ഇൻഡ്യയിലെ ഏതെങ്കിലും ഇടതുപക്ഷ വിദ്യാർഥിനികൾ ആയിരുന്നെങ്കിൽ അവരുടെ രാഷ്ട്രീയ അസ്തിത്വം നമ്മൾ കൊണ്ടാടുമായിരുന്നു. കനയ്യ കുമാറിന്റെ രാഷ്ട്രീയ അസ്തിത്വം നാമെല്ലാം തിരിച്ചറിഞ്ഞു. അദ്ദേഹം സിപിഐയുടെ വലിയ നേതാവാണ്. “ഇടതുപക്ഷ വസന്തം വിരിയിക്കുന്ന” സമ്മേളനങ്ങളിൽ ഇവരുടെയൊക്കെ പേരുകളും അടയാളങ്ങളും വരുമ്പോൾ എന്തുകൊണ്ടു ലദീദയുടെയും റെന്നയുടെയും പേരുകൾ അദൃശ്യവും അസന്നിഹിതവുമായി പോകുന്നു? അല്ലെങ്കിൽ പറയപ്പെടാതെ പോകുന്നു? ഈ കാര്യത്തെ അഭിമുഖീകരിക്കുമ്പോളാണ്, ആ പേരുകൾ കൂടി അടയാളപ്പെടുത്തി പോകുമ്പോഴാണ്, നാം ജനാധിപത്യത്തെ അടയാളപ്പെടുത്തുന്നതായി മാറുന്നത്.

ഭരണഘടനയും സാമൂഹിക കരാറുകളും

ഇവിടെ പലരും ഗാന്ധിയെപ്പറ്റി പറയുന്നുണ്ട്, കമ്മ്യൂണിസ്റ്റുകളെക്കുറിച്ചു പറയുന്നുണ്ട്, എന്നാൽ അംബേഡ്കറുടെ കാര്യം പറയുന്നില്ല. ഇതിൽ വലിയ പ്രശ്നമുണ്ട്. ഈ പറയുന്ന പൗരന്റെ/പൗരിയുടെ അവകാശങ്ങൾ നിർണയിക്കുന്ന സ്ഥലത്തൊക്കെ, പലപ്പോഴും പൗരന്മാർ എന്നു പറയപ്പെടുന്നത് 19 ശതമാനം പേർ മാത്രമായിരുന്നു.

അതിനപ്പുറത്തേക്ക് സാമൂഹിക കരാറുകളിലൂടെ, സ്ത്രീകളുടെ പ്രത്യേക അവകാശത്തിലൂടെ ജനാധിപത്യത്തിന്റെ താങ്ങും തണലും ഉണ്ടാക്കുന്ന അസ്ഥിവാരം ഇട്ടത് ഇൻഡ്യയിലെ കീഴാള മുന്നേറ്റ പ്രസ്ഥാനങ്ങളാണ്. ഈ കീഴാള പ്രസ്ഥാനങ്ങൾ തീർച്ചയായും മുഖ്യധാരയിൽ നിന്ന് ഉയർന്നു വന്നതല്ല; മുഖ്യധാരയോടു സമരം ചെയ്താണവ ഉയർന്നുവന്നത്. ഏറ്റവും മഹാനായ ഗാന്ധിയോടു വരെ അംബേഡ്കർക്കു സമരം ചെയ്യേണ്ടി വന്നു; നെഹ്റുവിനോടു വിയോജിക്കേണ്ടിയും വന്നു. എന്തിനു് രാഷ്ട്രത്തെ സ്തംഭനാവസ്ഥയിലേക്കു വരെ അദ്ദേഹം എത്തിക്കയുണ്ടായി.

ഗാന്ധിയുടെ ജീവൻ പോലും പണയത്തിലാക്കുന്ന രീതിയിൽ, ഗാന്ധിയെ അങ്ങേയറ്റത്തെ പ്രതിസന്ധിയിലാക്കിയും സാമുദായിക സ്തംഭനാവസ്ഥ എന്നു പറയുന്ന രീതിയിൽ ദേശീയ പ്രസ്ഥാനത്തെത്തന്നെ സ്തംഭിപ്പിക്കുന്ന സമരങ്ങളിലൂടെയാണ് ജനാധിപത്യത്തിൻറെ ആധാരം എന്നു പറയുന്ന സാമൂഹിക കരാറുകളും ലിംഗ സമത്വത്തിനു വേണ്ടിയുള്ള കരാറുകളും ഒക്കെ ഉണ്ടാകുന്നത്.

ലദീദ ഫർസാനയും ആയിഷ റെന്നയും

സാധാരണ ഗതിയിൽ ഏതു പാർട്ടി ഭരിച്ചാലും നിയമങ്ങളും ചട്ടങ്ങളും ഉണ്ടാവും. അവയെല്ലാം അടിസ്ഥാനപരമായി ഭരണഘടനയ്ക്കകത്താണെന്നു പറയുമ്പോൾ, ഭരണഘടന ഇൻഡ്യയിലെ സാമൂഹിക കരാറുകളുടെ സംഭാവന കൂടിയാണെന്ന കാര്യം മറക്കരുത്. ആ സാമൂഹിക കരാറുകൾ അതു കൈകാര്യം ചെയ്യുന്നവരുടെ ഇച്ഛയ്ക്കനുസരിച്ചു തിരിച്ചുവിടാൻ പറ്റുന്നതല്ല. എന്നാൽ, കേന്ദ്ര ഭരണാധികാരികൾ ഈ നിയമം ഉണ്ടാക്കിയിരിക്കുന്നതു ഭരണഘടനയുടെ അകത്തു നിന്നല്ല; മറിച്ച് ‘വിചാരധാര’യിൽ നിന്നും വംശ വിദ്വേഷത്തിൽ നിന്നുമാണതു വികസിച്ചു വന്നിട്ടുള്ളത്. അല്ലെങ്കിൽ, എന്തുകൊണ്ടാണവർ ബംഗ്ലാദേശിൽ നിന്നും അഫ്ഗാനിസ്ഥാനിൽ നിന്നും “രാഷ്ട്രീയ പീഡനങ്ങൾ മൂലവും സാമുദായിക പീഡനങ്ങൾ മൂലവും പുറന്തള്ളപ്പെടുന്ന” ഒരു പ്രത്യേക വിഭാഗത്തെ മാത്രം ഇങ്ങോട്ടു സ്വീകരിക്കുന്നത്?

ഹിറ്റ്ലറുടെ വംശഹത്യാ പദ്ധതി

ഇതു വാസ്തവത്തിൽ അഡോൾഫ് ഹിറ്റ്ലറുടെ പദ്ധതിയാണ്. അക്കാലത്ത് എല്ലാവരും, ജർമനിക്കു പുറത്തുകടന്ന ആര്യൻ വംശജർ, പോളണ്ടിലും റഷ്യയിലുമൊക്കെ അനുഭവിക്കുന്ന പീഡനങ്ങളെപ്പറ്റി ദുഃഖിക്കുകയും വിശാല ആര്യൻ സാഹോദര്യത്തെപ്പറ്റി ഉറക്കെ ചിന്തിക്കുകയും ചെയ്തിരുന്നു. ഏതാണ്ട് അതിനു സമാനമായാണ്, ‘മുസ്‌ലിം രാഷ്ട്രങ്ങളിൽ താമസിക്കുന്ന ഹിന്ദു സഹോദരന്മാരെ ഇങ്ങോട്ടു കൊണ്ടു വരിക’ എന്ന ആശയം ഗോൾവർക്കർ മുന്നോട്ടുവച്ചത്.

മുസ്‌ലിംകളെ ഇൻഡ്യയ്ക്കകത്തു പുറന്തള്ളുകയും ഉന്മൂലനം നടത്തുകയും ചെയ്യുക എന്ന ഫാഷിസ്റ്റ് പദ്ധതി നടപ്പാക്കുന്നതിനൊപ്പം തന്നെ, ചിതറിക്കിടക്കുന്ന ഹൈന്ദവ സഹോദരന്മാരെ ഇങ്ങോട്ടു കൊണ്ടു വരികയും ചെയ്യുന്ന വംശീയ പ്രേരണയും ഈ പുതിയ നിയമത്തിനു പിന്നിലുണ്ട്. അതുകൊണ്ടാണ് ആ വംശീയവിദ്വേഷം ഉൾക്കൊള്ളുന്ന വിശാല ഹൈന്ദവ രാഷ്ട്രത്തിന്റെ നിയമ മീമാംസയുടെ അകത്തു നിന്നാണ് ഈ സങ്കൽപം ഉണ്ടാക്കിയതെന്നു പറയുന്നത്.

അപ്രതീക്ഷിത തിരിച്ചടി

പക്ഷേ പ്രതീക്ഷിച്ചതിനപ്പുറം വലിയ തിരിച്ചടി അവർക്കു നേരിടേണ്ടി വന്നു. ബിജെപിയെപ്പോലെയുള്ള പ്രസ്ഥാനം എങ്ങനെ തകരുമെന്ന കാര്യത്തിൽ എനിക്കു ചില സംശയങ്ങളുണ്ടായിരുന്നു. ഹിറ്റ്ലറുടെ പശ്ചാത്തലമുള്ള പ്രസ്ഥാനങ്ങൾ തന്നെയാണ് ബിജെപിയും സംഘപരിവാറും. തികഞ്ഞ വംശീയ പ്രസ്ഥാനങ്ങളുമാണവ. ഹിറ്റ്ലറെ തോൽപ്പിക്കാൻ രണ്ടാം ലോക മഹായുദ്ധം വേണ്ടി വന്നു. ഐക്യരാഷ്ട്രങ്ങൾ രൂപപ്പെടേണ്ടി വന്നു. വമ്പിച്ച രീതിയിലുള്ള മനുഷ്യ ത്യാഗങ്ങളും വേണ്ടിവന്നു. ലോകത്തെത്തന്നെ വിഭജിച്ചാണ് ഹിറ്റ്ലർ തോൽപ്പിക്കപ്പെട്ടത്. എന്നാൽ അതു പോലെയുള്ള ശക്തികൾ ഇവിടെ ഇല്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അവർ തോൽക്കുമെന്നാണു പ്രതീക്ഷിച്ചത്. പക്ഷേ അവർ പോലും പ്രതീക്ഷിക്കാത്ത വിജയമാണ് ഉണ്ടായത്. സമൂഹത്തെ തകർത്തു കൊണ്ടുള്ള പ്രചാരണങ്ങളിലൂടെയും കള്ളത്തരങ്ങളിലൂടെയും പണത്തിന്റെയും മസിലിന്റെയും ആധിപത്യത്തിലൂടെയും നിലനിൽക്കുന്ന ഒരു ശക്തി എങ്ങനെ തകരാനാണ്? അങ്ങനെയുള്ള ഒന്നു തകരണമെങ്കിൽ അതിനകത്ത് ആഭ്യന്തര കലാപം ഉണ്ടാകണം. കോൺഗ്രസ് തകർന്നത് എങ്ങനെയാണ്? കോൺഗ്രസിനകത്ത് ആഭ്യന്തര കലാപമുണ്ടായി. കോൺഗ്രസിൽനിന്ന് വിപി സിങ് അടക്കമുള്ള പ്രധാനപ്പെട്ട പല നേതാക്കന്മാരും പുറത്തുവന്നു കൊണ്ടു സമാന്തര പ്രസ്ഥാനം ഉണ്ടാക്കി കോൺഗ്രസിന്റെ സാമ്രാജ്യത്തെ ചോദ്യം ചെയ്യുകയും അതിനകത്തെ പ്രാദേശിക നേതാക്കന്മാർ വഴി വേറെ തരത്തിലുള്ള ഔട്ട്ഫിറ്റുകൾ രൂപപ്പെടുത്തുകയും ചെയ്തതുകൊണ്ടാണ് കോൺഗ്രസ് വലിയ ശക്തി അല്ലാതായതും ഇന്നുള്ള രീതിയിലേക്കു മാറിയതും. ബിജെപിയും അങ്ങനെ തന്നെ തകരുമെന്നും മറിച്ച് ബഹുജനങ്ങൾക്ക് അതിനെ തോൽപ്പിക്കാൻ സാധിക്കുകയില്ലെന്നുമാണു ഞാൻ വിചാരിച്ചിരുന്നത്.

എന്നാൽ, സത്യത്തിൽ നടന്നതെന്താണ്? ബിജെപിയുടെ വംശീയ അജണ്ടയും ഹിന്ദു രാഷ്ട്ര അജണ്ടയും അവരുടെ തലയിൽത്തന്നെ വീണിരിക്കുകയാണ്. അതാണ് അസമും ത്രിപുരയും ബംഗാളും തെളിയിക്കുന്നത്. വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ ബിജെപിക്കു വമ്പിച്ച ബഹുജന പിന്തുണ ഉണ്ടായിരുന്ന നാടുകളാണ്. അവർക്ക് ആയിരക്കണക്കിനു പ്രവർത്തകർ ഉണ്ടായിരുന്ന സ്ഥലങ്ങളിലാണ് ഇപ്പോൾ നേതാക്കന്മാരെ ജനങ്ങൾ കല്ലെറിഞ്ഞു് ഓടിക്കുന്നത്; അവർക്കു പാർട്ടി യൂണിറ്റുകൾ പ്രവർത്തിപ്പിക്കാൻ കഴിയാതെ പോകുന്നത്; സംഘടനാ ഓഫീസുകളിൽ ഇല്ലാതായി വരുന്നത്.

ആ രീതിയിൽ അവർക്കെതിരെ ബഹുജന രോഷം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നു. ഈ അവസ്ഥയിൽ ഇൻഡ്യയുടെ സംസ്ഥാനങ്ങളിലേക്ക് അവർ ഈ പൗരത്വ നിയമവുമായി വന്നുകഴിഞ്ഞാൽ ഓരോ സ്ഥലങ്ങളിലും അവരുടെ പ്രവർത്തകർ അവരുടെ യൂണിറ്റുകൾ തല്ലിത്തകർക്കുമെന്ന കാര്യത്തിൽ സംശയമില്ല. നിസ്സഹകരണ സ്വഭാവത്തോടെ ആയിരിക്കില്ല ജനങ്ങൾ അന്നരം അതിനെ നേരിടാൻ പോകുന്നത്.

മുഖ്യ പ്രതിരോധം മുസ്‌ലിംകളിൽ നിന്ന്

തീർച്ചയായും മുഖ്യ പ്രതിരോധം മുസ്‌ലിം ജനതയിൽ നിന്നു തന്നെ ഉണ്ടായിരിക്കേണ്ടതുണ്ട്. കാരണം ചന്ദ്രശേഖർ ആസാദ് പറഞ്ഞതു പോലെ മുസ്‌ലിം ജനതയെ ഒറ്റപ്പെടുത്തണമെങ്കിൽ ഇൻഡ്യയിലെ ദലിതർ അടക്കമുള്ള ജനവിഭാഗങ്ങളുടെ നെഞ്ചിലേക്ക് ആദ്യത്തെ ബുള്ളറ്റ് വീഴേണ്ടി വരും. അത്രമാത്രം ഐക്യത്തിലാണ് , അത്ര മാത്രം പാരസ്പര്യത്തിലാണ് ഇൻഡ്യയിലെ കീഴാളരും മറ്റു ജനവിഭാഗങ്ങളും സിവിൽ സമൂഹവും മുസ്‌ലിംകളോടൊപ്പം നിൽക്കുന്നതെന്ന കാര്യം അവർ അറിഞ്ഞിരുന്നില്ല.

ചന്ദ്രശേഖർ ആസാദ് ദില്ലി ജമാ മസ്ജിദിൽ

തീർച്ചയായിട്ടും ബുദ്ധി ഇല്ലാത്തവരാണു ഫാസിസ്റ്റുകൾ; ശിശുക്കളേക്കാൾ കഷ്ടമാണ് അവരുടെ സ്ഥിതി. അവരുടെ ആ ബുദ്ധിയില്ലായ്മ വളരെ തുടക്കത്തിൽത്തന്നെ വെളിവായിരിക്കുകയാണ്. അതുകൊണ്ടാണ് പൗരത്വ ബില്ലുമായി വന്ന അവർക്ക് ഒടുങ്ങേണ്ടി വരുന്നത്. അവരുടെ പൊലീസിനെയും പട്ടാളത്തെയും കൊണ്ടൊന്നും അതു നടപ്പിലാക്കാൻ സാധിക്കുകയില്ല. അതു പരാജയപ്പെടുകയാണ്. എന്നാൽ അതിനെ പരാജയപ്പെടുത്തിയാൽ മാത്രം പോര. ഫാഷിസ്റ്റുകളെ എന്നെന്നേക്കുമായി തുരത്താനായിരിക്കണം നാം ഐക്യങ്ങളും സമരങ്ങളും പ്രക്ഷോഭങ്ങളും കൊണ്ടു പോകേണ്ടത്.

(ഡിസംബർ പതിനാലിന് തിരുവനന്തപുരത്ത് ജമാഅത്തെ ഇസ്‌ലാമി സംഘടിപ്പിച്ച സമ്മേളനത്തിൽ നടത്തിയ പ്രഭാഷണം എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിക്കുന്നത്)

ചിത്രങ്ങൾക്ക് കടപ്പാട്: (1, cover) ഷക്കീബ് കെ.പി.എ, (2) ബിബിസി

Top