പൗരത്വത്തിനായുള്ള സമരങ്ങളും ഇടതു മതേതര പ്രതിസന്ധികളും

December 30, 2019

കീഴാള വൈജ്ഞാനിക രാഷ്ട്രീയത്തിന്റെ ഒരു പുതിയ ഘട്ടത്തിന്റെ ഭാഗമാണ് ഞങ്ങളെ പോലത്തെ ആളുകൾക്ക് കാമ്പസ് രാഷ്ട്രീയത്തിൽ കിട്ടിയ ദൃശ്യത. പെട്ടെന്നുണ്ടായ വിക്ഷോഭമായും ചില വ്യക്തികളായ വിദ്യാർത്ഥി നേതാക്കളുടെ ഹീറോയിസത്തിലേക്കും മാത്രം ഈ രാഷ്ട്രീയം ചുരുങ്ങേണ്ടതില്ല. ദലിത് ബഹുജൻ പിന്നാക്ക ന്യൂനപക്ഷ പോരാട്ടങ്ങളുടെയും വിമത വ്യക്തികളുടെയും ദലിത് ബഹുജൻ മുസ്‌ലിം തുടങ്ങിയ വൈവിധ്യമാർന്ന പ്രസ്ഥാനങ്ങളുടെ പോരാട്ടത്തിന്റെ ഉപോൽപന്നമാണ് ഞങ്ങളുടെ രാഷ്ട്രീയം.
ലദീദ ഫർസാനയുടെ പ്രഭാഷണം.

ഇൻഡ്യയിൽ ഇപ്പോൾ നടക്കുന്ന പൗരത്വത്തിനെതിരായ വിദ്യാർഥി മുന്നേറ്റത്തിന്റെ രാഷ്ട്രീയം വളരെ വിശദമായ ചർച്ചയ്ക്ക് വിധേയമാക്കേണ്ട കാര്യമാണ്. ഇതിലേറ്റവും പ്രധാനപ്പെട്ട ഒരു സംഗതിയാണ് ജാമിഅ മില്ലിയയിലും അലീഗഢിലും നടന്നിട്ടുള്ള വിദ്യാർഥി പ്രക്ഷോഭങ്ങൾ. ജാമിഅ മില്ലിയക്ക് മുന്നേ തന്നെ അല്ലെങ്കിൽ സമാന്തരമായി 25000 വിദ്യാർഥികളുടെ വലിയൊരു മുന്നേറ്റം നടന്ന ഒരു കാമ്പസാണ് അലീഗഢ് മുസ്‌ലിം സർവകലാശാല.

പക്ഷേ ദില്ലിയിൽ കേന്ദ്ര ഭരണാധികാരികളുടെ പരിസരത്തായതിനാൽ, ജാമിഅ മില്ലിയയിൽ ഞങ്ങൾ നടത്തിയ പ്രക്ഷോഭങ്ങൾ സവിശേഷ മാധ്യമ ശ്രദ്ധ ലഭിക്കുന്നതായി. എന്നാൽ പലപ്പോഴും നമ്മുടെ നാട്ടിൽ മുസ്‌ലിം വിദ്യാർഥികളോ മുസ്‌ലിം സ്ത്രീകളോ നടത്തിയ പ്രക്ഷോഭങ്ങളെ കുറിച്ചുള്ള ഒരു പൊതുബോധം ‘അതൊക്കെ വളരെ പ്രശ്നാധിഷ്ഠിതമായിട്ടുള്ള (issue based) പ്രതിഷേധങ്ങളാണ്. യഥാർഥത്തിലുള്ള പ്രത്യയശാസ്ത്രപരമായ പ്രതിഷേധം എന്നത് ജെഎൻയു പോലത്തെ വലിയ കാമ്പസുകളിൽ നിന്നാണ് ഉണ്ടാവുക’ എന്നൊക്കെയാണ്. ഈയൊരു കാഴ്ചപ്പാട് നമ്മുടെ നാട്ടിൽ നിലനിൽക്കുന്നുണ്ട്.

ചരിത്രപരമായി നോക്കുകയാണെങ്കിൽ രോഹിത് വെമുല മൂവ്മെന്റ് തുടങ്ങുന്നത് ഹൈദരാബാദിലാണ്. രോഹിത് വെമുലയുടെ ജീവത്യാഗം സംഭവിക്കുന്നതും അതിന്റെ പേരിൽ അംബേഡ്കർ സ്റ്റുഡന്റ് അസോസിയേഷൻ അടക്കമുള്ള വിദ്യാർഥി സംഘടനകളുടെ പ്രക്ഷോഭവും പ്രതിരോധവും തുടങ്ങുന്നത് ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നിന്നാണ്. എന്നാൽ അവിടെ നിന്ന് ഒരു വിദ്യാർഥി നേതാവും ദേശീയ തലത്തിലേക്ക് ഉയർന്നു വന്നതായി നമുക്ക് കാണാൻ കഴിയുന്നില്ല. അവിടെ ദൊന്ത പ്രശാന്ത് പോലുള്ള വിദ്യാർഥി നേതാക്കൾ ഉണ്ടായിരുന്നു. 

ജെഎൻയുവിൽ നടന്ന ചില ഒറ്റപ്പെട്ട സംഭവങ്ങളെ മുൻനിർത്തി കനയ്യ കുമാർ, ഷെഹല റാഷിദ് പോലത്തെ നേതൃത്വം ഉണ്ടായി. അതായത് പലപ്പോഴും ഇൻഡ്യ മുഴുവൻ സ്വീകരിക്കുന്ന ഇൻഡ്യയിലെ മുഴുവൻ ആളുകൾക്കും സ്വീകരിക്കാവുന്ന നേതൃത്വം എന്നത് ജെഎൻയു പോലുള്ള ലെഫ്റ്റ് ലിബറൽ സെക്കുലർ കാമ്പസിൽ നിന്നു വരുന്ന വിദ്യാർഥികളുടേത് മാത്രമാണ് എന്നായിരുന്നു സ്വീകാര്യമായ പൊതുബോധം. ദലിത് ബഹുജൻ ആദിവാസി സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങളിൽ നിന്നോ മുസ്‌ലിം സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങളിൽ നിന്നോ വിദ്യാർഥി നേതാക്കൾ ഉയർന്നു വരിക എന്നുള്ളത് അസംഭവ്യമായിരുന്നു. 

എനിക്ക് തോന്നുന്നത് ഞങ്ങളെ പോലത്തെ ആളുകൾ നടത്തിയ, പ്രക്ഷോഭത്തിന്റെ പ്രത്യേകത എന്നുപറയുന്നത് കുറേകൂടി നമ്മുടെ ദലിത് ബഹുജൻ മുസ്‌ലിം ന്യൂനപക്ഷ ശരീരത്തെയും ഭാഷയെയും ദൃശ്യതയിൽ എത്തിച്ചുവെന്നാണ്. അതിനാൽ ഞങ്ങളെ ഒതുക്കാൻ ശ്രമിക്കുന്നവരിൽ സംഘപരിവാർ മാത്രമല്ല, ഒരു വിഭാഗം ലെഫ്റ്റ് ലിബറൽ സവർണ വിഭാഗങ്ങളുമുണ്ട്. ജെഎൻയുവിൽ പോയി അങ്ങേയറ്റം സ്വത്വപരമായി അപകർഷത അനുഭവിച്ച മലയാളി മുസ്‌ലിം ലിബറലുകളുമുണ്ട്. 

ഹിജാബ് ധരിച്ച ഒരു മുസ്‌ലിം സ്ത്രീക്ക് കിട്ടുന്ന ഈ ദൃശ്യതയെ കുറിച്ച് വലിയ തോതിലുള്ള അസഹിഷ്ണുതകളും വ്യാജപ്രചരണങ്ങളും ഒരു വശത്തു നടന്നുക്കൊണ്ടിരിക്കുന്നുണ്ട്. സംഘപരിവാറിന്റെ ഏജന്റാണെന്നും അതോടൊപ്പം തന്നെ ഞങ്ങൾ ഉയർത്തിയ അല്ലാഹു അക്ബർ എന്ന മുദ്രവാക്യം മതേതരത്തിൽ നിന്നുള്ള വ്യതിയാനം ആണെന്നും പറഞ്ഞുകൊണ്ടിരിക്കുന്നു. 

ഇൻഡ്യയിൽ മതേതരത്വത്തെ കുറിച്ച് വിമർശനം നടത്തിയ ആദ്യത്തെ വ്യക്തിയല്ല ഞാൻ. ആശിഷ് നന്ദി മുതൽ കാഞ്ചാ ഐലയ്യ വരെ നടത്തിയ മതേതരത്വ വിമർശനമുണ്ട്. ഫെമിനിസ്റ്റുകൾ മതേതരത്വ വിമർശനം നടത്തിയിട്ടുണ്ട്. അല്ലാഹു അക്ബർ എന്ന മുദ്രാവാക്യം ഇന്ത്യയിലെ ഖിലാഫത്ത് മൂവ്മെന്റും ദേശീയ പ്രസ്ഥാനവും വിളിച്ചിട്ടുണ്ട്. പൊന്നാനിയിൽ കെ.ദാമോദരൻ അടക്കമുള്ള കമ്യൂണിസ്റ്റ് നേതാക്കൾ അല്ലാഹു അക്ബർ എന്ന് മുദ്രാവാക്യം വിളിച്ചിട്ടുണ്ട്. അറബ് വസന്തത്തിൽ അത് മുഴങ്ങി കേട്ടു. ഈയടുത്ത് പാരീസിൽ നടന്ന ഇസ്‌ലാമോഫോബിയ വിരുദ്ധ റാലിയിയിൽ അത് മുഴങ്ങിക്കേട്ടു. അന്നൊന്നും ഇല്ലാത്ത അല്ലാഹു അക്ബർ ഭീതി ഇപ്പോൾ മാത്രമെന്തിനാണ്? തീർച്ചയായും ഈ വിമർശനങ്ങൾ രാഷ്ട്രീയപരമാണ്. ഇതിലൂടെ ഒരു മുസ്‌ലിം രാഷ്ട്രീയ കർതൃത്വത്തെ എങ്ങനെ ഒതുക്കാം എന്നുള്ളതാണ് ലക്ഷ്യമിടുന്നത്. അതായത് കാമ്പസ് രാഷ്ട്രീയത്തിലെ ഐക്കണുകൾ ഉണ്ടാവുന്നത്, ആഘോഷിക്കാവുന്ന വ്യക്തികൾ ഉണ്ടാവുന്നത് ഇടതുപക്ഷ സവർണ ലിബറൽ സെക്കുലർ ചട്ടക്കൂടിൽ നിന്നാവണമെന്ന ശീലത്തിന്റെ പ്രശ്നമാണത്. 

പൗരത്വ നിഷേധത്തിനെതിരെ ജാമിഅ മില്ലിയയിൽ നടന്ന പ്രക്ഷോഭത്തിൽ നിന്ന്

മത ന്യൂനപക്ഷങ്ങളിൽ നിന്നോ ദലിത് ബഹുജനങ്ങളിൽ നിന്നോ അത്തരം ഐക്കണുകൾ ഉണ്ടാവാൻ പാടില്ല എന്നുള്ളൊരു വാശി ഇവിടുത്തെ സംഘപരിവാറിനോടൊപ്പം ഇവിടുത്തെ ലിബറലുകളും ഒരു പരിധിവരെ പുലർത്തിയിട്ടുണ്ട്. തീർച്ചയായും ലിബറൽ സെക്കുലർ ഇടതുപക്ഷത്തു നിന്ന് ഒരുപാട് ആളുകൾ ഇത് മാറിചിന്തിക്കുന്ന ഒരു വസ്തുത ആണെങ്കിൽ പോലും പല ലിബറൽ മീഡിയയും ഇന്നത്തെ സംഘപരിവാറിന്റെ പ്രചരണങ്ങൾക്ക് ഞങ്ങൾക്കുള്ളത്ര ദൃശ്യത കൊടുക്കാൻ തയ്യാറാവുന്നു എന്നുള്ളതൊരു പ്രശ്നമാണ്.

രണ്ടാം മണ്ഡലിനു ശേഷം കഴിഞ്ഞ പന്ത്രണ്ടു വർഷങ്ങളായി ഇൻഡ്യൻ ക്യാമ്പസുകളിൽ നടക്കുന്ന വലിയ രാഷ്ട്രീയ ചലനങ്ങളുടെ ഒരു ആകെത്തുകയാണ് ഇന്ന് ഞങ്ങൾക്കടക്കം കിട്ടിയ ദൃശ്യത. ഇവിടെ മുസ്‌ലിം പ്രസ്ഥാനങ്ങളും ദലിത് ബഹുജൻ പ്രസ്ഥാനങ്ങളും ആദിവാസി വിദ്യാർഥി കൂട്ടായ്മകളും ഫെമിനിസ്റ്റ് ഗ്രൂപ്പുകളും ഒക്കെ നടത്തിയ നിരവധി പോരാട്ടങ്ങളുടെ ഒരു ഘട്ടത്തിലാണ് ഞങ്ങൾക്ക് ഈ ദൃശ്യതയും പുതിയ രാഷ്ട്രീയം പറയാനുള്ള ഇടവും കിട്ടുന്നത്. 

ഇവിടുത്തെ പരമ്പരാഗത സവർണ ഫാസിസ്റ്റ് രാഷ്ട്രീയ ധാരകളോട് മാത്രമല്ല ഇവിടുത്തെ സെക്കുലർ ഇടതുബോധത്തോടും കലഹിച്ചുകൊണ്ടാണ് ഈ രാഷ്ട്രീയ ഇടങ്ങൾ ഉണ്ടായിട്ടുള്ളത്. ഇതാരുടെയും ഔദാര്യമല്ല. പൊരുതി നേടിയ ഇടങ്ങൾ തന്നെയാണ്. ഇത്തരമൊരു ചരിത്ര ബോധത്തിന്റെ അഭാവം തീർച്ചയായും ഒരു കേവലാർഥത്തിലുള്ള പോരാട്ടം, കേവലാർഥത്തിലുള്ള ആഘോഷം എന്നതിലേക്ക് ഈ ഒരു രാഷ്ട്രീയത്തെ ചുരുക്കി കാണാൻ നമ്മെ പ്രേരിപ്പിച്ചേക്കാം. അതിനാലാണ് ഈ വിഷയത്തിൽ ഒരു രാഷ്ട്രീയ ജാഗ്രത ഞാനാവശ്യപ്പെടുന്നത്.

ഇൻഡ്യൻ കാമ്പസുകളിൽ 2006ലെ ഓബിസി സംവരണത്തിന് ശേഷം വർധിച്ച മുസ്‌ലിം വിദ്യാർഥികളുടെ പങ്കാളിത്തം ഉണ്ടായിരുന്നു. അവർ രാഷ്ട്രീയ പോരാട്ടങ്ങൾ നയിച്ചു. ഒരുപാടു ത്യാഗങ്ങൾ സഹിച്ചു. അതിന് ഒരു ഘട്ടത്തിൽ പോലും ദൃശ്യതയുണ്ടായിരുന്നില്ല. രോഹിത് വെമുലക്ക് ശേഷം എഎസ്എ, ബപ്സ പോലത്തെ പ്രസ്ഥാനങ്ങൾക്ക് ദൃശ്യത ഉണ്ടായിരുന്നെങ്കിൽ പോലും ആരും മുസ്‌ലിം വിദ്യാർഥി പ്രസ്ഥാനങ്ങൾ അതിലൊക്കെ വഹിച്ച പങ്കിനെക്കുറിച്ച് മിണ്ടിയിരുന്നില്ല.

ഈ പൗരത്വ പ്രക്ഷോഭത്തിന് ശേഷമാണ് മുസ്‌ലിം വിദ്യാർഥി പ്രസ്ഥാനങ്ങൾക്ക് പ്രത്യേക രീതിയിലുള്ള ദൃശ്യത കൈവരുന്നത്. കാരണം മുസ്‌ലിംകളെ തന്നെ ബാധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രശ്നമാണ് പൗരത്വം. അത് മുസ്‌ലിംകളുടെ രാഷ്ട്രീയ കർതൃത്വത്തെ കേന്ദ്രമാക്കി തന്നെ നടത്തണമെന്നുള്ളൊരു കാഴ്ച്ചപ്പാടിലേക്ക് ഇൻഡ്യയിലെ തന്നെ ഒരു വിഭാഗം രാഷ്ട്രീയ പ്രവർത്തനവും സാമൂഹിക പ്രവർത്തനങ്ങളും ആക്ടിവിസ്റ്റുകളും നീങ്ങുന്നു എന്നത് വളരെയധികം സ്വാഗതാർഹമായ സൂചനയാണ്.

പക്ഷേ അതിന്റെ കാമ്പസ് ചരിത്രവും പോരാട്ട ചരിത്രവും ഇന്നലെകളിൽ നടന്ന തയ്യാറെടുപ്പുകളും നാം മറക്കരുത്. ഒരുപാട് മുസ്‌ലിം വിദ്യാർഥികളുടെ നിശബ്ദമായ അധ്വാനം ഇതിനു പിന്നിലുണ്ട്. അതോടൊപ്പം തന്നെ ഈ പുതിയ നീക്കത്തെ അടിച്ചമർത്താനും അതിനെ മാറ്റിത്തീർക്കാനുള്ള ശ്രമങ്ങൾ കൂടി ഇവിടെ വ്യാപകമാണ്. ഇതിന്റെ ഒരു പ്രശ്നം എന്ന് പറയുന്നത് ഞങ്ങളെപ്പോലത്തെ ചില വ്യക്തികളെ മാത്രം ഉന്നമിടുന്നു എന്നുള്ളതാണ്. ചില വിഭാഗം മാധ്യമങ്ങൾ അത് നിരന്തരം ചെയ്യുന്നുമുണ്ട്.

പക്ഷേ ഈ പോരാട്ടം ഒട്ടും വ്യക്തിപരമായിരുന്നില്ല. പുതിയൊരു വൈജ്ഞാനിക രാഷ്ട്രീയം തന്നെ കാമ്പസുകളിൽ സാധിച്ചിട്ടുണ്ട്. അതിന്റെ സൈദ്ധാന്തിക ബലം ഞങ്ങളുടെ പോരാട്ടത്തിനുണ്ട്. ഉദാഹരണമായി പറയുകയാണെങ്കിൽ മതേതരത്വത്തെക്കുറിച്ചും മതത്തെകുറിച്ചുള്ള വിമർശനാത്മകത സമീപനങ്ങൾ, ജനാധിപത്യത്തെ കുറിച്ചുള്ള, ജാതിയെക്കുറിച്ചുള്ള, ലിംഗനീതിയെക്കുറിച്ചുള്ള, വിമർശനാത്മകത സമീപനങ്ങൾ ഇതിന്റെ ഭാഗമാണ്. സംഘപരിവാറിനെ കുറിച്ചുള്ള വിമർശനാത്മക സമീപനങ്ങളോടൊപ്പം തന്നെ ഇവിടുത്തെ സവർണ ഇടതുപക്ഷം നിർമിച്ച കാറ്റഗറികളെ കൂടി ചോദ്യം ചെയ്യുന്ന സമരമാണ്. ഇത് ഇടതിനും വലതിനുമപ്പുറം ഒരു പുതിയ കീഴാള രാഷ്ട്രീയ മണ്ഡലം തുറക്കുന്നു. ഇവിടെ വൈജ്ഞാനികമായി സാധിച്ചിട്ടുള്ള ഒരു കാര്യമാണിത്. പഴയ ഇടതു/വലതു ബൈനറികളുടെ കാലം കഴിഞ്ഞിരിക്കുന്നു. 

കീഴാള വൈജ്ഞാനിക രാഷ്ട്രീയത്തിന്റെ ഒരു പുതിയ ഘട്ടത്തിന്റെ ഭാഗമാണ് ഞങ്ങളെ പോലത്തെ ആളുകൾക്ക് കാമ്പസ് രാഷ്ട്രീയത്തിൽ കിട്ടിയ ദൃശ്യത. പെട്ടെന്നുണ്ടായ വിക്ഷോഭമായും ചില വിദ്യാർത്ഥി നേതാക്കളുടെ ഹീറോയിസത്തിലേക്കും മാത്രം ഈ രാഷ്ട്രീയം ചുരുങ്ങില്ല. ഞങ്ങളെ പോലത്തെ ആളുകൾ നടത്തുന്ന ഇടപെടലുകൾ നിലവിലുള്ള ഒരുപാട് പോരാട്ടങ്ങളുടെയും ഒരുപാട് വ്യക്തികളുടെയും ചെറിയ ഗ്രൂപ്പുകളുടെയും പ്രസ്ഥാനങ്ങളുടെയും പോരാട്ടത്തിന്റെ ഉപോൽപന്നമാണ്. ആ അർഥത്തിലുള്ളൊരു പുതിയൊരു വൈജ്ഞാനിക രാഷ്ട്രീയത്തെ, പുതിയൊരു രാഷ്ട്രീയ പ്രയോഗത്തെ, സാധ്യമാക്കുന്ന ഒന്നായി പൗരത്വത്തിന് എതിരായി ജാമിഅയിലോ അലീഗഢിലോ നടന്ന പ്രക്ഷോഭങ്ങളെ നമ്മൾ വായിക്കേണ്ടതുണ്ട്. 

പൗരത്വ പ്രശ്നം ഒരേസമയം നാസി മോഡൽ വംശഹത്യയ്ക്ക് എതിരായും അതേസമയം മുസ്‌ലിം രാഷ്ട്രീയ കർതൃത്വത്തിന്റെ പ്രതിരോധമായും വികസിക്കേണ്ട ഒന്നാണ്. ഈ പോരാട്ടം ചരിത്രത്തിൽ നിന്നു തുടങ്ങുന്നതും വർത്തമാനത്തിൽ വികസിക്കുന്നതുമാണ്. ഇനിയുള്ള നാളുകൾ അതിനാൽ വളരെ നിർണായകമാണ്. പോരാട്ട വേദികളിൽ ഇനിയും കണ്ടെത്തുമെന്ന പ്രതീക്ഷയിൽ ഞാൻ എന്റെ പ്രഭാഷണം ഉപസംഹരിക്കുന്നു.

(2019 ഡിസംബർ 27, 28, 29 തീയതികളിൽ കോഴിക്കോട് എസ്ഐഒ കേരള സംഘടിപ്പിച്ച ഫെസ്റ്റിവൽ ഓഫ് ഐഡിയാസ് ആൻഡ് റെസിസ്റ്റൻസിന്റെ ഉദ്ഘാടന സെഷനിൽ നടത്തിയ പ്രഭാഷണം)

ചിത്രങ്ങൾക്ക് കടപ്പാട്: ഇബ്നാസ് അഹ്മദ്, ഷക്കീബ് കെ.പി.എ

Top