പൗരത്വ പ്രശ്നവും ദലിത് ബഹുജൻ പിന്നാക്ക രാഷ്ട്രീയവും

പൗരത്വ ബില്ലിനെ കുറിച്ച് സിപിഎം പറഞ്ഞത് ‘ഇത് ജിന്നയുടെയും സവർക്കറുടെയും അജണ്ടയാണെന്നും സമുദായിക വർഗീയത വളർത്തുകയാണെ’ന്നുമാണ്. ശശി തരൂരും ഇതുപോലൊരു അഭിപ്രായമാണ് പറഞ്ഞത്. അങ്ങനെയൊരു ആരോപണത്തിന് യാതൊരു പ്രസക്തിയുമില്ല. ജിന്നയുടെ പാരമ്പര്യം ഇൻഡ്യയിൽ ഒരു മുസ്‌ലിം സംഘടനയും പിന്തുടരുന്നില്ല. ജിന്നയുടെ ചരിത്ര പ്രസക്തിയെ സംവാദ വിധേയമാക്കുമ്പോൾ തന്നെ അതിനൊരു സമകാലിക പ്രത്യയശാസ്ത്ര പ്രസക്തിയില്ലെന്നാണ് മുസ്‌ലിം നിലപാട് . കെ.കെ. കൊച്ച് എഴുതുന്നു.

വർത്തമാന കാല ഇൻഡ്യ കടന്നു പോയിക്കൊണ്ടിരിക്കുന്നത് സാമൂഹികവും സാമ്പത്തികവുമായ ഒരുപാട് സംഘർഷങ്ങളിലൂടെയാണ്.

സാമ്പത്തിക രംഗത്ത് വലിയ പ്രതിസന്ധികളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഏറ്റവും ഗൗരവമായി ഇതു ബാധിച്ചത് സമൂഹത്തിലെ താഴെ തട്ടിലുള്ള ദലിത്-പിന്നാക്ക വിഭാഗങ്ങളെയും മറ്റു പാർശ്വവൽകൃത വിഭാഗങ്ങളെയുമാണ്. ജനങ്ങൾ ഇതിനെ കുറിച്ച് നല്ലപോലെ ബോധവാന്മാരാണ്. പക്ഷേ ഒരു പ്രത്യയശാസ്ത്രത്തിന്റെയും കൃത്യമായ നേതൃത്വത്തിന്റെയും അഭാവം നിലനിൽക്കുന്നത് കാരണം ഇതിനൊക്കെയെതിരെ ഒരു മുന്നേറ്റമോ പ്രക്ഷോഭമോ സാധ്യമാകുന്നില്ല. കഴിഞ്ഞ കുറച്ചു നാളുകൾ മുൻപ് സാമ്പത്തിക സംവരണ നയങ്ങളെ സംബന്ധിച്ച ചില വിഷയങ്ങളുണ്ടായി.

ബിജെപി ഗവൺമെൻറ് കൊണ്ടുവന്ന സംവരണ വിരുദ്ധ ബില്ലിനെ വാസ്തവത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും എതിർക്കുകയായിരുന്നില്ല, മറിച്ച് അനുകൂലിക്കുകയാണ് ചെയ്തത്. അതായത് നമ്മുടെ രാജ്യത്തെ ദലിതരും ന്യൂനപക്ഷ ജനവിഭാഗവും മറ്റു പിന്നോക്ക വിഭാഗങ്ങളുമടങ്ങുന്ന ബഹുഭൂരിപക്ഷം വിഭാഗം ജനങ്ങളുടെ ജനാധിപത്യവകാശത്തെ ഹനിക്കുന്ന ബില്ലിനെ ഇൻഡ്യയിലെ രാഷ്ട്രീയ പാർട്ടികൾ പിന്തുണക്കുകയായിരുന്നു. ഇതോടുകൂടി ഭൂരിഭാഗം ജനങ്ങൾക്കും രാഷ്ട്രീയ പാർട്ടികളോട് നിലനിൽക്കുന്ന അസംതൃപ്തി പാർട്ടികളോടുള്ള അവിശ്വാസമായും മാറിയിട്ടുണ്ട്. ഇങ്ങനെയൊരു രാഷ്ട്രീയ സാഹചര്യമാണ് ഇൻഡ്യയിൽ നിലനിൽക്കുന്നത്. ഭൂരിഭാഗം ജനങ്ങളും സാമൂഹികവും സാമ്പത്തികവുമായി വലിയ പ്രശ്നങ്ങളനുഭവിക്കുന്ന ഇത്തരമൊരു സങ്കീർണമായ രാഷ്ട്രീയ സാഹചര്യത്തെ അഭിമുഖീകരിക്കാനോ പരിഹരിക്കാനോ കഴിയുന്നില്ല. അതിനാൽ തന്നെ ജനങ്ങളിൽ നിന്നും ഏതു സമയത്തും ഒരു പൊട്ടിത്തെറി നേരിടാം. അത്തരമൊരു സാഹചര്യത്തെ മറികടക്കാൻ സംഘപരിവാറിനു മുന്നിലുള്ള ഏകമാർഗം ശക്തമായ മുസ്‌ലിം വിരോധം സൃഷ്ടിച്ച് പ്രചരിപ്പിക്കുക എന്നതാണ്.

യഥാർഥത്തിൽ ഈ സാമൂഹിക സാമ്പത്തിക സംഘർഷങ്ങൾ വെറും രാഷ്ട്രീയ പ്രശ്നങ്ങൾ എന്നതിലപ്പുറത്തേക്ക് ജാതീയമായ പ്രശ്നങ്ങളായി മാറിയിട്ടുണ്ട്. സമീപകാലങ്ങളിലുണ്ടായ കലാപങ്ങൾ, ആൾക്കൂട്ട കൊലകൾ, സ്ത്രീ പീഡനങ്ങൾ ഒക്കെ എടുത്തു നോക്കിയാൽ, ഇവയിലൊന്നും വെറും സാമൂഹിക പ്രശ്നം മാത്രമല്ല, ജാതീയമായ അടിത്തറ കൂടി നമുക്ക് കാണാൻ കഴിയും.

സ്ത്രീകളും കുട്ടികളുമടങ്ങിയ വലിയൊരു വിഭാഗം ജനങ്ങളാണ് ഇതിന്റെ ഇരകളാക്കപ്പെടുന്നവരും അടിച്ചമർത്തപ്പെടുന്നവരും. ഈയൊരു സംഘർഷവും പ്രശ്നങ്ങളും നിലനിൽക്കുന്ന ഘട്ടത്തിൽ ഹിന്ദു സമുദായം ജാതീയമായ പിളർപ്പെന്ന വലിയൊരു പ്രതിസന്ധി നേരിടുകയാണ്. ഇവിടെയാണ് മുസ്‌ലിം വിരുദ്ധത കയറി വരുന്നത്. 

അസദുദ്ദീൻ ഉവൈസി പാർലമെന്റിൽ പൗരത്വ ഭേദഗതി ബിൽ കീറിക്കളയുന്നു.

ചരിത്രപരമായ രണ്ട് സാഹചര്യങ്ങളുണ്ടായിട്ടുണ്ട്.  മണ്ഡൽ കമ്മീഷൻ റിപ്പോർട്ടിനു ശേഷമാണ് പിന്നോക്ക സമുദായങ്ങൾക്കിടയിൽ വലിയൊരു പ്രതിസന്ധി രൂപപ്പെടുന്നത്. പരമ്പരാഗതമായി അവർ നിലനിന്നിരുന്ന ഹിന്ദു സമുദായത്തിൽ നിന്നും പുറത്തു കടക്കേണ്ടി വന്നു. അതിനെ മറികടക്കാനായിട്ടാണ് ബാബരി മസ്ജിദ് തകർക്കുന്നത്. അതോടുകൂടി മുസ്‌ലിം വിരുദ്ധത സൃഷ്ടിച്ച് വ്യത്യസ്ത പിന്നാക്ക ജാതികളെ ഹിന്ദു സമുദായത്തോട് ഐക്യപ്പെടുത്തി നിർത്താൻ അവർക്ക് കഴിഞ്ഞു.

ഇപ്പോഴത്തെ അയോധ്യ പ്രശ്നവും ശബരിമല വിഷയവുമൊക്കെ നോക്കൂ, ജുഡീഷ്യറി വരെ ഈ പുതിയ മാറ്റം ഉൾക്കൊള്ളുന്നുണ്ട്. ഇതുപോലുള്ള വിഷയങ്ങൾ ഇൻഡ്യയിൽ മുമ്പും ഉണ്ടായിട്ടുണ്ട്. എൺപതുകളിലെ ഷാബാനു കേസ് വിധിയുമായ് ബന്ധപ്പെട്ടാണ് കോടതി ഏക സിവിൽ കോഡ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടത്. മുൻകാലങ്ങളെ അപേക്ഷിച്ച് ജുഡീഷ്യറിയും ഹൈന്ദവവൽക്കരണത്തിനു കൂട്ടുനിൽക്കുന്ന സാഹചര്യത്തിൽ, ഒരു ജാതീയ ശത്രുത സൃഷ്ടിക്കുക എന്ന ഉദ്ദേശത്തിലാണ് യഥാർഥത്തിൽ ഈ പൗരത്വ ബില്ലൊക്കെ കൊണ്ടുവരുന്നത്.

രണ്ടു കാര്യങ്ങളാണ് പൗരത്വ ബില്ലിൽ, ഏറ്റവും പ്രധാനപ്പെട്ടത്. രാജ്യത്തെ രണ്ടായി വിഭജിക്കുന്നു. അതിനോടൊപ്പം ജാതിയമായി ബ്രാഹ്മണ മൂല്യങ്ങൾ ഇൻഡ്യൻ ദലിത് വിഭാഗങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കുകയും അതിന്റെ പേരിലുണ്ടാവുന്ന എതിർപ്പുകളെ സൈനികമായ അടിച്ചമർത്തുകയും ചെയ്യുന്നു.

ഒരു ദലിത് പിന്നോക്ക ന്യൂനപക്ഷ പ്രത്യയശാസ്ത്ര മേഖല സൃഷ്ടിച്ചുകൊണ്ടേ ഇനി ഹിന്ദുയിസത്തെ ചെറുക്കാൻ കഴിയുള്ളൂ. കാരണം രാഷ്ട്രീയ പാർട്ടി നേതൃത്വം എന്നും ബ്രാഹ്മണ നേതൃത്വമായിരുന്നു. ഇൻഡ്യയിൽ നിലനിൽക്കുന്ന വത്യസ്ത സംസ്ഥാനങ്ങളുണ്ടെന്നും ജനപഥങ്ങളുണ്ടെന്നും അവർക്ക് വത്യസ്ത സംസ്കാരമുണ്ടെന്നും അവർ പരിഗണിക്കുന്നില്ല. ഇതൊക്കെയാണ് രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പരാജയ കാരണം. 

ഇൻഡ്യൻ ദേശീയ പ്രസ്ഥാനത്തിന്റെ അടിസ്ഥാനപരമായ പ്രശ്നം അത് വളർന്നു വന്നത് ഹിന്ദുയിസത്തിന്റെ അടിത്തറയിലാണ് എന്നതാണ്. ആര്യനിസം അവരിലടിച്ചേൽപ്പിച്ചാണ് ഇൻഡ്യൻ ദേശീയ പ്രസ്ഥാനം രൂപീകരിക്കുന്നത്. ഇവിടെയുള്ള വ്യത്യസ്ത ജനവിഭാഗങ്ങൾ സാംസ്കാരികമായും രാഷ്ട്രീയമായും വ്യത്യസ്ത ചരിത്രമുള്ളവരാണ്. അവർക്ക് ഇവിടെ വ്യക്തമായ പ്രാതിനിധ്യമുണ്ട്, അതിനംഗീകാരമായിട്ടാണ് നമ്മൾ 1930കളിൽ വ്യത്യസ്ത ജനവിഭാഗങ്ങൾക്ക് കമ്മ്യൂണൽ അവാർഡ് നടപ്പിലാക്കിയത്. ഇതിനെതിരായാണ് ആര്യൻ മേധാവിത്തത്തിന്റെ വക്താക്കൾ എന്ന നിലയ്ക്ക് ആർഎസ്എസ് ശക്തമാകുന്നത്.

അതേപോലെ മദൻ മോഹൻ മാളവ്യ, സർദാർ വല്ലഭായ് പട്ടേൽ പോലുള്ള നേതാക്കളെല്ലാം വാസ്തവത്തിൽ വലിയ ഹിന്ദു ബിംബങ്ങളായിരുന്നു. ഇൻഡ്യൻ ദേശീയ പ്രസ്ഥാനത്തിനു ഹിന്ദു ധാരയുടെ കൃത്യമായ സ്വാധീനമുണ്ട്. അതിനിടയിൽ നെഹ്റുവിനെ പോലുള്ളവരുടെ നയങ്ങൾകൊണ്ട് അതിനെ അടക്കി വെക്കുകയാണുണ്ടായിട്ടുള്ളത്. പക്ഷേ പിന്നീട് കോൺഗ്രസ് പ്രസ്ഥാനം ദുർബലമായി. അപ്പോൾ അതിനു സമാന്തരമായ ഒരു ദേശീയ കാഴ്ചപ്പാടോ സാമ്പത്തിക കാഴ്ചപ്പാടോ മുന്നോട്ടു വെക്കാൻ കമ്മ്യൂണിസത്തിനു കഴിഞ്ഞിട്ടില്ല.

ചന്ദ്രശേഖർ ആസാദ് സിഎഎ വിരുദ്ധ റാലിക്കിടെ

പൗരത്വ ബില്ലിനെ കുറിച്ച് സിപിഎം പറഞ്ഞത് ‘ഇത് ജിന്നയുടെയും സവർക്കറുടെയും അജണ്ടയാണെന്നും സമുദായിക വർഗീയത വളർത്തുകയാണെ’ന്നുമാണ്. ശശി തരൂരും ഇതുപോലൊരു അഭിപ്രായമാണ് പറഞ്ഞത്. അങ്ങനെയൊരു ആരോപണത്തിന് യാതൊരു പ്രസക്തിയുമില്ല. ജിന്നയുടെ പാരമ്പര്യം ഇൻഡ്യയിൽ ഒരു മുസ്‌ലിം സംഘടനയും പിന്തുടരുന്നില്ല. വിഭജന സമയത്ത് സ്വാഭാവികമായി അതിൽ പങ്കുചേർന്നു എന്നല്ലാതെ പിന്നീട് അവരൊരിക്കലും ജനാധിപത്യ ഇൻഡ്യയിൽ നിന്ന് വിട്ടുനിൽക്കുകയോ മറ്റൊരു വിഭജനത്തിനു വേണ്ടി വാദിക്കുകയോ ചെയ്തിട്ടില്ല. അതേസമയം ഒരു ചരിത്ര പുരുഷൻ എന്ന നിലയിൽ ജിന്നയെ പഠിക്കേണ്ടതുണ്ടായിരുന്നു. പ്രശ്നം ജിന്നയുടെ പ്രത്യയശാസ്ത്രത്തെ വീണ്ടെടുക്കുന്നുണ്ടോ എന്നതാണ്. അങ്ങനെയൊരു വീണ്ടെടുപ്പ് നടക്കുന്നില്ല. ഇവിടെയുള്ള മുസ്‌ലിം സംഘടനകളൊക്കെയും ജനാധിപത്യ രീതികൾ പിന്തുടരുന്നവരാണ്. പ്രതിരോധം എന്ന നിലയ്ക്കല്ലാതെ അവർ സംഘർഷങ്ങൾ സൃഷ്ടിച്ചിട്ടില്ല. കൊളോണിയൽ കാലത്ത് അബുൽ അഅലാ മൗദൂദിക്ക് ഒരു രാഷ്ട്ര വാദ കാഴ്ചപ്പാട് ഉണ്ടായിരുന്നെങ്കിൽ പോലും, ജമാഅത്തെ ഇസ്‌ലാമി വരെ ജനാധിപത്യം പിന്തുടരുന്നവരാണ്.

ഇൻഡ്യയിൽ ഇനി പൗരത്വ ബിൽ നടപ്പാക്കുകയാണെങ്കിൽ കോടതിയെ സമീപിക്കണം എന്നു പറയുന്നവരുണ്ട്. പക്ഷേ അയോധ്യ പ്രശ്നം നോക്കൂ, പല കാര്യങ്ങളിലും കോടതി വിധി ഇപ്പോൾ സത്യസന്ധമല്ല. കശ്മിർ പ്രശ്നം നോക്കൂ, പ്രത്യക്ഷമായ രാഷ്ട്രീയ സംഘടനാ ബന്ധമുണ്ട്. അത്തരം പ്രശ്നങ്ങൾ കോടതി എടുക്കുന്നതു പോലുമില്ല.

ജർമനിയിൽ അന്നു നടന്ന എല്ലാ കാര്യങ്ങളും ഇന്നിവിടെ നടക്കുന്നു. മറ്റൊരു ജർമനിയായി ഇൻഡ്യ മാറിയിട്ടുണ്ട്. ഇത്രയും കാലം പൗരത്വ സമീപനങ്ങളിൽ വിവേചനം നിലനിന്നിട്ടുണ്ട്. എന്നാൽ ഇനി പൂർണമായും പൗരത്വമേ ഇല്ലാതാക്കാനാണ് പോകുന്നത്. ഇതിനെതിരായ വലിയ ദലിത് ബഹുജൻ പിന്നാക്ക ന്യൂനപക്ഷ സമരങ്ങൾ ഉണ്ടാവേണ്ടതുണ്ട്.

Top