ഫാസിസം ജനതയുടെ ഉത്സവമാണ്: ദല്യൂസിയൻ നിലപാടുകൾ

സമഗ്രാധിപത്യ ഭരണകൂടത്തിൽ എന്ന പോലെ അധികാരപ്രമത്തരായ ഒരു ചെറിയ കൂട്ടം ഭൂരിപക്ഷം ജനതയെ അടിച്ചമർത്തി വരുതിയിൽ നിർത്തുന്നതല്ല ഫാസിസം. ഫാസിസം ജനതയുടെ ആഘോഷമാണ്. നിത്യജീവിത സമസ്യകളെ പ്രതി അത് ജനങ്ങളെ സ്വയം ഉണർത്തുന്നു. അതൊരു സമഗ്രാധിപത്യ ശരീരം എന്നതിനപ്പുറം ഒരു അർബുദ ദേഹം ആണ്. സുനിൽ കുമാർ എഴുതുന്നു.

‘നവഫാസിസം യുദ്ധത്തിന്റെ രാഷ്ട്രീയവും സമ്പദ് വ്യവസ്ഥയുമല്ല. അതു സമാധാനത്തെപ്പറ്റി ആഗോളമായി രൂപം കൊണ്ട, യുദ്ധസമാനവും ഭീതിദവുമായ  ഉടമ്പടി ആണ്. നമ്മുടെ മോഹനമായ ഭയങ്ങളെയും ഉത്കണ്ഠകളെയും ഒന്നിച്ചണിനിരത്തി, അതിനെ ആയുധമാക്കി,  നിങ്ങളിൽ കുഞ്ഞു ഫാസിസിറ്റിനെ സൃഷ്ടിക്കും; ഇത്തിരിപ്പോന്നതിനെപ്പോലും പോരടിച്ചു വീഴ്ത്താൻ നമ്മളെ ഉദ്ബോധിപ്പിക്കും. സംശയമുള്ള മുഖങ്ങളെയും വിമതശബ്ദങ്ങളെയുമൊക്കെ തെരുവിലും അയൽപക്കങ്ങളിലും നാട്ടിൻപുറത്തെ തിയറ്ററുകളിലും നേരിടും.’ (ദല്യൂസ്)

ഫാസിസത്തെക്കുറിച്ചുള്ള ദല്യൂസിയൻ നിലപാടുകൾ ഒരു പരിധിവരെ വിൽഹം റീഹിനോടു (Wilhelm Reich) കടപ്പെട്ടിരിക്കുന്നു. ഫാസിസം ജനതയെ കണ്ണഞ്ചിപ്പിക്കുകയും മയക്കുകയും ചെയ്തു വഴിതെറ്റിപ്പിക്കുകയല്ല എന്ന നിലപാടായിരുന്നു റീഹിന് ഉണ്ടായിരുന്നത്. ദല്യൂസിന്റെ തന്നെ ഭാഷയിൽ, ഇങ്ങനെ വഴിതെറ്റാൻ മാത്രം, ആൾക്കൂട്ടം നിർഗുണ പരബ്രഹ്മങ്ങൾ ഒന്നുമല്ല. ചില സന്ധികളിൽ, ചില നിബന്ധനകൾക്കു വഴങ്ങി ജനത തന്നെ ഫാസിസം കാംക്ഷിക്കുന്നുണ്ട്. ആൾക്കൂട്ട കാമനകളുടെ ഇത്തരം വിപര്യയങ്ങളെയാണു നമ്മൾ അഭിസംബോധന ചെയ്യേണ്ടത്.

ഗില്ലസ് ദല്യൂസ്

‘കാമനകൾ അവനവന്റെ തന്നെ കാമനകളെ നിർമൂലനം’ ചെയ്യുന്നതു വരെ നീളുന്നു. ദല്യൂസിനെ സംബന്ധിച്ചെടുത്തോളം ഫാസിസം സമൂഹിക നിക്ഷേപങ്ങൾ ഉള്ള   സജീവ നിർമിതിയാകയാൽ അതിന്റെ തുടരാവർത്തനങ്ങൾ മർദന അധികാര രൂപങ്ങളുമായി നമ്മൾ നടത്തുന്ന, വിവിധങ്ങളായ ഒത്തുതീർപ്പുകളെ ഓർമിപ്പിക്കുന്നതാണ് (Brad Evans).

ആന്റി ഈഡിപ്പസിനു ഫൂക്കോ എഴുതിയ മുഖവുരയിൽ ഇത് ആവർത്തിക്കുന്നുണ്ട്: ‘…ഹിറ്റ്ലറും മുസോളിനിയും ഉൾപ്പെടുന്ന ചരിത്രപരമായ ഫാസിസം മാത്രമല്ല – ആൾക്കൂട്ടത്തിന്റെ ആഗ്രഹങ്ങളെ ഫലപ്രദമായി വഴിതിരിച്ചുവിടാൻ അവർക്കു കഴിഞ്ഞു എന്നതു ശരിതന്നെ – അതിലുപരി അവനവനിലെ ഫാസിസത്തെ, അധികാരത്തോടുള്ള ഭ്രമത്തെ, കീഴടക്കുകയും ചൂഷണം ചെയ്യുകയും ചെയ്യുമ്പോഴും ‘അധികാരത്തെ’ നാം തന്നെ കൊതിക്കുന്ന വിപര്യയത്തെ..’യാണു ഫാസിസം കൊണ്ട് അർഥമാക്കുന്നത്. ഫാസിസ്റ്റു് വിരുദ്ധ ജീവിതത്തിനു് ഒരാമുഖമായാണ് ‘ആന്റി ഈഡിപ്പസ്‌’  എന്ന പുസ്തകത്തെ ഫൂക്കോ വിശേഷിപ്പിക്കുന്നത്.

1968, ഫ്രാൻസിലെ വിദ്യാർഥി കലാപത്തിലേക്കു വരാം. രാജ്യത്തെ ഇളക്കിമറിച്ച കലാപത്തിൽ  വിദ്യാർഥികളോടൊപ്പം 11 മില്യൺ വരുന്ന തൊഴിലാളികളും അണിനിരന്നു (ജനസംഖ്യയുടെ ഏകദേശം 22% വരുമത്). യൂണിവേഴ്സിറ്റികളും തൊഴിൽശാലകളും തെരുവുകളും നിശ്ചലമായി. ഒരുവേള ഗൗളിനു രാജ്യം വിട്ട് ഓടിപ്പോകേണ്ടി വരെ വന്നു. ഫ്രാൻസ് ആഭ്യന്തര കലാപത്തിലേക്ക് അടുക്കുന്നു എന്നു തോന്നിച്ച നിമിഷങ്ങൾ. ഗൗൾ ജർമനിയിൽ നിന്നു തിരിച്ചെത്തിയ ഉടനെ പാർലമെന്റ് പിരിച്ചുവിട്ടു, പുതിയ തിരഞ്ഞെടുപ്പു നടത്തി. ഇനിയാണ് ‘ആന്റി ക്ലൈമാക്സ്’; മുൻപുള്ളതിലും കൂടുതൽ ഭൂരിപക്ഷത്തോടെ ഗൗൾ അധികാരത്തിൽ തിരിച്ചെത്തി. നോട്ട് നിരോധനത്തിനു ശേഷമുള്ള ഇൻഡ്യൻ അവസ്ഥയുമായി ഇതിനു സാദൃശ്യം തോന്നുന്നുവെങ്കിൽ അതു കേവലം യാദൃഛികത മാത്രമല്ല. അതിലൊരു ചരിത്ര പാഠം ഉണ്ട്; ഏതു പ്രതിരോധത്തെയും ഫാസിസം അതിലേക്കു സ്വാംശീകരിച്ചേക്കാം, സൂക്ഷ്മമായ ജാഗ്രത കൊണ്ടേ അതിനെ മറികടക്കാൻ പറ്റൂ.

ആന്റി ഈഡിപ്പസിലെ തന്നെ (Anti-Oedipus) വരികൾ നമ്മുടെ കേവലമായ ആൺ / പെൺ ലിംഗ ധാരണകളെയും അതിന്റെ വിപുലീകരണത്തെയും ചോദ്യം ചെയ്യുന്നുണ്ട്: ‘ലൈംഗികത എല്ലായിടത്തും ഉണ്ട്. ഒരു ഉദ്യോഗസ്ഥൻ ഫയൽ കെട്ടിപ്പിടിച്ചിരിക്കുന്നതിൽ, ന്യായാധിപൻ നീതി നിർവഹണം നടത്തുന്നതിൽ, വ്യവസായി പണമൊഴുക്കുന്നതിൽ, മുതലാളി തൊഴിലാളിക്കു പണികൊടുക്കുന്നതിൽ… അങ്ങനെയങ്ങനെ. രൂപകങ്ങളെ കൂട്ടുപിടിക്കേണ്ട യാതൊരാവശ്യവും ഇല്ല. ലിബിഡോ ഏതുവഴിക്കുമുള്ള രൂപാന്തരീകരണത്തിനും സദാ തയ്യാറായിരിക്കുമ്പോൾ, ഹിറ്റ്ലർ ഫാസിസ്റ്റു് ലൈംഗികതയെ ഉദ്ധരിപ്പിച്ചു നിർത്തുകയായിരുന്നു. കൊടികൾ, രാഷ്ട്രം, സൈന്യം, ബാങ്കുകൾ ഇവയൊക്കെ എത്ര മനുഷ്യരെയാണ് ഉണർത്തിയത്!’

ഫാസിസവും – പാരനോയിയയും സമാനമാണെന്നു ദല്യൂസും ഗൊത്താരിയും പറയും: ‘facism proper has relegated in to the pores of society, but facism -paranoia is everywhere’

സംഘപരിവാറിനെ കെട്ടുകെട്ടിക്കുന്നതോടെ ഫാസിസം നാടുനീങ്ങും എന്നതു മിഥ്യാധാരണ മാത്രമാണ്. ഇനി ആർഎസ്എസ് പിരിച്ചുവിട്ടാലും ‘സ്വയംസേവകരായ’ ലക്ഷങ്ങൾ സ്വന്തം നിലയ്ക്കു ശാഖ നടത്തും. ഭരണകൂടം അതിന്റെ കുഞ്ഞുമാതൃകകൾ ഉണ്ടാക്കുകയാണ് എവിടെയും. ഫൂക്കോ പറയുന്ന ‘minidespotism’, ദെല്യൂസിയൻ ചിന്തയിലെ ‘ആയിരം മോണോ മാനിയകൾ’.

ഫാസിസത്തെ പലപ്പോഴും സമഗ്രാധിപത്യ ഭരണകൂടങ്ങളുമായി ചേർത്തുവയ്ക്കുന്നതു പതിവാണ്. അത്തരം വിശകലനങ്ങൾ ഫാസിസത്തെ ചില ചരിത്ര ഘട്ടങ്ങളിലേക്കും ഭരണകൂടങ്ങളിലേക്കും അവ നടത്തുന്ന വംശീയ ഉന്മൂലനങ്ങളിലേക്കു മാത്രവുമായി ചുരുക്കുക പതിവാണ്. ഇവിടെ ഫാസിസം പൊതുവേ പുരോഗമനോന്മുഖവും ഉൽബുദ്ധവുമൊക്കെയായ ചരിത്രഗതിയുടെ, രോഗാതുരമായ അപഭ്രംശം മാത്രമായി  മനസ്സിലാക്കപ്പെടുന്നു. ഇതു ഫാസിസത്തിനു കളമൊരുക്കിയ ബൗദ്ധിക ഇടപെടലുകളെക്കുറിച്ചും ജനത തന്നെ അവരുടെ അന്തകനെ മനസാ വരിക്കുന്ന വിപര്യയത്തെക്കുറിച്ചും നിശ്ശബ്ദമാണ്.

ഫെലിക്‌സ് ഗൊത്താരി

ശീതസമരാനന്തരം സോഷ്യലിസ്റ്റ് ചേരിക്കു മുകളിൽ മുതലാളിത്ത ചേരി വ്യക്തമായ ആധിപത്യം നേടിയപ്പോൾ ‘നവഫാസിസം അണിയറയിൽ ഒരുങ്ങുന്നതിനെപ്പറ്റി’ ദല്യൂസ് മുന്നറിയിപ്പു നൽകുകയുണ്ടായി. ശീതയുദ്ധത്തിലും ഭീകരമായ സമാധാന കാലം ആയിരുന്നു പിന്നീടങ്ങോട്ട്. ഭീകരതയും പരിവേക്ഷണവുമാണ് (terror and surveillance) അതിന്റെ അടയാളങ്ങൾ. പതിയെ, പോസ്റ്റ് ക്ലോസെവിറ്റ്സിയൻ (Clausewitz) എന്നു വിളിക്കാവുന്ന ‘സുരക്ഷാ ഭൂമിക’, യുദ്ധത്തെയും സമാധത്തെയും സംബന്ധിച്ച നമ്മുടെ ധാരണകൾ തന്നെ അടിമുടി മാറ്റുകയായിരുന്നു.

സമഗ്രയുദ്ധം അതിലും ഭീകരമായ സമാധാനത്തിനു വഴിമാറി. യുദ്ധയന്ത്രങ്ങൾ ലോകവ്യാപകമായി ആ ദൗത്യം ഏറ്റെടുത്തു, ഭരണകൂടങ്ങൾ ആ യന്ത്രത്താൽ സ്വാംശീകരിക്കപ്പെട്ട കേവല ഉപകരണങ്ങൾ മാത്രമായി. ക്ലോസെവിറ്റ്സ് പറഞ്ഞത് അപ്പടി തലതിരിച്ചിട്ടു, രാഷ്ട്രീയം മറ്റു വഴിക്ക് യുദ്ധത്തുടർച്ച മാത്രമായി. എന്നാൽ ഇതു കേവലം വാക്കുകൾ തലതിരിച്ചിട്ടതു മാത്രമല്ല (യുദ്ധത്തെ ഡിപ്ലോമസിയുടെ ഒരു നീട്ടമായാണല്ലോ ക്ലോസെവിറ്റ്സ് കണ്ടത്). ഇവിടെ ഭരണകൂടത്തെ യുദ്ധയന്ത്രങ്ങൾ ഏറ്റെടുക്കുകയും അതുവഴി വിശാലമായ രാഷ്ട്രീയ ധർമങ്ങൾ നിർവഹിക്കുകയുമായിരുന്നു എന്നു ദല്യൂസ്.

സമഗ്രാധിപത്യ ഭരണകൂടങ്ങൾ ഫാസിസ്റ്റ് നിർമിതികളാണ് എന്നതു കൊണ്ട് ഫാസിസത്തെ സമഗ്രാധിപത്യ ഭരണകൂടമായി ചുരുക്കിക്കാണുന്നത് അബദ്ധമായിരിക്കും. ഭരണകൂടങ്ങളുടെ ഏകാധിപത്യ വാഴ്ചകൾക്കപ്പുറം അതു വിവിധ ഇടങ്ങളിലായി ചിതറിക്കിടക്കുന്ന ഒന്നാണ് ‘നാട്ടിൻപുറ ഫാസിസം, നഗരത്തിലെയും അതിന്റെ അയൽപക്കത്തിലും ഉള്ളത്, യുവഫാസിസം, യുദ്ധവിദഗ്ദ്ധരുടേത്, ഇടതു- വലത് ഫാസിസങ്ങൾ, ഇണകളുടെ ഫാസിസം, കുടുംബ ഫാസിസം, സ്കൂൾ /ഓഫീസ് ഫാസിസങ്ങൾ’ ദല്യൂസ് പറഞ്ഞ ലിസ്റ്റ് രാഷ്ട്രീയഭാവനയുള്ള ഒരാൾക്ക് എത്രയും നീട്ടാവുന്നതാണ്.

സമഗ്രാധിപത്യ ഭരണകൂടത്തിൽ എന്ന പോലെ, അധികാരപ്രമത്തരായ ഒരു ചെറിയ കൂട്ടം ഭൂരിപക്ഷം ജനതയെ അടിച്ചമർത്തി വരുതിയിൽ നിർത്തുന്നതല്ല ഫാസിസം. ഫാസിസം ജനതയുടെ ആഘോഷമാണ്. നിത്യജീവിത സമസ്യകളെ പ്രതി അതു ജനങ്ങളെ സ്വയം ഉണർത്തുന്നു. അതിന്റെ തന്മാത്രാ ശക്തി അഥവാ സൂക്ഷ്മ രാഷ്ട്രീയ ശേഷിയാണ് അതിനെ പ്രബലമാക്കുന്നത്. അതൊരു സമഗ്രാധിപത്യ ശരീരം എന്നതിനപ്പുറം ഒരു അർബുദ ദേഹം ആണ്. ജനങ്ങൾ പ്രത്യയശാസ്ത്ര പ്രകാശത്തിൽ ആകൃഷ്ടരാകുന്ന ഈയാംപാറ്റകൾ ഒന്നുമല്ല. നിവൃത്തികേടുകൊണ്ടു ഫാസിസത്തെ വരിക്കാൻ വിധിക്കപ്പെട്ട ദുർബലരുമല്ല. പരപീഡന സുഖം സ്വശരീരത്തിൽ ഏറ്റുവാങ്ങി നിർവൃതി അടയുകയുമല്ല. ഇവിടെ ജനത തന്നെ അവരുടെ രാഷ്ട്രീയ അപചയത്തിനു മേൽക്കൈ എടുക്കുകയാണ്. ആ അർഥത്തിലാണ് ഫാസിസം ജനതയുടെ ആഘോഷമായി മാറുന്നത്.

ഫൂക്കോ പറയുന്ന ‘ജൈവ രാഷ്ട്രീയം’ (biopolitics) ഫാസിസത്തെ മനസ്സിലാക്കുന്നതിൽ പ്രധാനമാണ്. അറിവും അധികാരവും  ഉൽപാദന വ്യവസ്ഥയും ഒത്തുചേരുന്ന ‘അധികാര രൂപരേഖ’ (diagram of power) ജീവിതത്തെ തന്നെ ഉന്നംവയ്ക്കുകയും അതിനെ വരുതിയിലാക്കാനും മാറ്റിത്തീർക്കാനും ശ്രമിക്കുകയാണ് ഇവിടെ. ജൈവരാഷ്ട്രീയം ജീവിതത്തെത്തന്നെ ലക്ഷ്യം വയ്ക്കുമ്പോൾ ഒന്നുകിൽ പ്രതീക്ഷകളെ കാക്കുകയോ അല്ലെങ്കിൽ ഒരു വംശത്തിന്റെ  നിലനിൽപിനെത്തന്നെ ചോദ്യം ചെയ്യുകയോ ചെയ്യുന്നു. അധികാരം ജീവിതത്തെ നിയന്ത്രണ വിധേയമാക്കാൻ ശ്രമിക്കുമ്പോൾ പ്രതിരോധം ജീവിതപക്ഷം ചേർന്ന് അധികാരത്തിനു നേരെത്തിരിയുന്നു എന്നു ദല്യൂസ്. 

മിഷേൽ ഫൂക്കോ

അധികാര രൂപരേഖ പരമാധികാര മാതൃക (sovereign model) കയ്യൊഴിഞ്ഞു ജൈവരാഷ്ട്രീയത്തിലേക്കു തിരിയുമ്പോൾ, അതു ജീവിതത്തെത്തന്നെയാണു ലക്ഷ്യം വയ്ക്കുന്നത്. ആ ഘട്ടത്തിൽ നിയമം അതിന്റെ പരമാധികാര  ചിഹ്നങ്ങൾ സ്വയം ഉപേക്ഷിക്കുകയും എന്നാൽ എണ്ണമറ്റ വംശഹത്യകൾക്ക് അനുവാദം കൊടുക്കുകയും ചെയ്യുന്നു. അതു പഴയ, കൊല്ലാനുള്ള അധികാരത്തിലേക്കു തിരിച്ചു പോയിക്കൊണ്ടല്ല, പകരം ഒരു വംശത്തിന്റെ ആഭിജാത പദവിയെ ഉറപ്പിച്ചും അതിന്റെ ശത്രുക്കളെ  രോഗകാരിയും ജൈവിക ഭീഷണിയായിക്കണ്ടു് ഉന്മൂലനം നടത്തിയും ഒക്കെയാണ്.

ഫാസിസം ലിബറൽ ഭാവനകളുടെ പരാജയത്തിൽ തുടങ്ങുന്ന ഒന്നായി കരുതുന്നത് അബദ്ധമായിരിക്കും. ആഗോളമായ ധാർമിക പ്രഖ്യാപനങ്ങളും നിയമങ്ങളും ഫാസിസത്തിനു തടയിടും എന്നു കരുതുന്നതിലും അർഥമില്ല.  നിയമങ്ങൾ ശരിക്കും, ഫാസിസ്റ്റ് വംശഹത്യകൾക്കു നിയമസാധുത്വം നൽകുന്ന ഒന്നായി പ്രവർത്തിക്കുകയാണു ചെയ്യുക എന്നതാണു സമകാലിക അനുഭവങ്ങൾ നമ്മളെ പഠിപ്പിക്കുന്നത്.

പരമാധികാര മാതൃകകളെ പിന്തള്ളി അച്ചടക്ക സമൂഹം (disciplinary society) രൂപമെടുത്തതിനെപ്പറ്റി ഫൂക്കോ സൂചിപ്പിക്കുണ്ട്. സ്കൂളുകളും ഫാക്ടറികളും ജയിലുകളും അങ്ങനെ എണ്ണമറ്റ ഇടങ്ങൾ ഇതിന് ഉദാഹരണമായെടുക്കാം. എന്നാൽ അച്ചടക്ക സമൂഹത്തിനും അപ്പുറം നമ്മൾ ഒരു വിദൂര നിയന്ത്രിത സമൂഹമായി (controlled society) മാറിയതായി ദല്യൂസ് നിദർശിക്കുന്നു. നാലു ചുമരുകൾക്കകത്ത് ഒതുങ്ങുന്ന ഒന്നല്ല, മറിച്ച് അതു പ്രവർത്തനക്ഷമമാകുന്നതു് ചില കോഡുകളുടെയും അവയുടെ മോഡുലേഷൻ വഴിയും ആണ്. നിയന്ത്രിത സമൂഹത്തിൽ അക്കങ്ങളും പേരും ഒന്നുമല്ല, പകരം കോഡുകളാണു പ്രധാനം. അവിടെ watch word നു പകരമുള്ളതു പാസ്വേർഡ്‌ ആണ് (ദല്യൂസ്).

എല്ലാം രാഷ്ട്രീയമാകുമ്പോഴും രാഷ്ട്രീയം ഒരേ സമയം സൂക്ഷ്മവും സ്ഥൂലവുമാണെന്നു ദല്യൂസ് പറയും. ഒരു ഭാഗത്തു ഭീമൻ സുരക്ഷാ സംവിധാനങ്ങൾ ഒരുങ്ങുമ്പോൾ മറുഭാഗത്ത്  അതു നമ്മുടെ ഭയങ്ങളെത്തന്നെ അതിന് ഉപാധിയാക്കി മാറ്റുന്നു. ഇവിടെ അരക്ഷിതാവസ്ഥയുടെ സൂക്ഷ്മരാഷ്ട്രീയവും സമൂഹിക നിയന്ത്രണങ്ങളുടെ സ്ഥൂലരാഷ്ട്രീയവും കൈകോർക്കുന്നു. ഇത്തരം സുരക്ഷാസംവിധാനങ്ങൾ ഉള്ള സമൂഹിക ക്രമത്തിൽ പരസ്പരം പോരടിക്കുന്ന രണ്ടു മാനങ്ങൾ ഉണ്ടെന്നു കാണാം. അതിലൊന്ന് ‘പിടിച്ചെടുക്കൽ യന്ത്രങ്ങൾ’ (machines of capture) ആണ്, അത് ആളുകളെയും ഇടങ്ങളെയും കോഡുകൾ ആയി പരിവർത്തിപ്പിക്കുമ്പോൾ ആളുകൾ അതിൽ നിന്നുള്ള ‘രക്ഷാമാർഗങ്ങൾ’ (line of flight) നിരന്തരം കണ്ടെത്തുന്നു.

ഫിലിപ് ഡിക്കിന്റെ (Philip Dick) കഥയെ ആസ്പദമാക്കിയുള്ള ‘മൈനോറിറ്റി റിപ്പോർട്ട്’ എന്ന സ്പിൽബെർഗ് സിനിമ ‘ഫാസിസ്റ്റ് വിരുദ്ധ സൗന്ദര്യ ശാസ്ത്രത്തിന്റെ ചിത്രീകരണ’മായാണു  ദല്യൂസിയൻ ചിന്തകൻ കൂടിയായ മൈക്കേൽ ജെ. ഷാപ്പിറോ (Micheal J. Shapiro) കാണുന്നത്. 2054ലെ വാഷിങ്ടൺ നഗരത്തിൽ നടക്കുന്ന  സുരക്ഷാപരീക്ഷണമാണ് അതിലെ പ്രമേയം. മുഴുവൻ ‘സാധ്യതാ കുറ്റവാളികളെയും കുറ്റകൃത്യങ്ങളെയും മുൻകൂർ കണ്ടു തടയിടുന്ന ‘പ്രീക്രൈം’ ഡിവിഷൻ അവിടെ പ്രവർത്തിക്കുന്നത് ‘കുറ്റകൃത്യങ്ങൾ’ പൂർണമായും ഇല്ലാതാക്കുക എന്നതു ലക്ഷ്യം വച്ചാണ്. ‘പ്രീകോഗ്’ (pre cognition എന്നതിന്റെ ചുരുക്കം) എന്നറിയപ്പെടുന്ന മാറ്റം വരുത്തിയ മനുഷ്യബുദ്ധി ഉപയോഗിച്ചാണ് ഇതു പ്രവർത്തിക്കുന്നത്. ടോം ക്രൂസ് നായകനായ സിനിമയിൽ ജോൺ ആൻഡേർട്ടൻ, പ്രീക്രൈം അന്വേഷണ വിഭാഗം തലവനായാണു വേഷമിടുന്നത്. ജോൺ ആൻഡേർട്ടൻ (John Anderton) തന്നെ ഒരു സാധ്യത കുറ്റവാളി ആണെന്നു ‘പ്രീകോഗ്’ തിരിച്ചറിയുന്ന ഇടത്താണു സിനിമയുടെ വഴിത്തിരിവ്. അയാൾ ഏതു ‘പിടിയൻ യന്ത്രത്തിന്റെ’ ഭാഗമായിരുന്നോ അതിന്റെ പിടിയിൽ നിന്നു കുതറി മാറാൻ ശ്രമിക്കുകയും പലായനവഴികൾ (line of flight) കണ്ടെത്തുകയും ചെയ്യുകയാണു സിനിമയിൽ.

മൈനോറിറ്റി റിപ്പോർട്ട് എന്ന പേരു തന്നെ രസകരമാണ്. ‘പ്രീകോഗ്’ അഥവാ മാറ്റിയ മനുഷ്യബുദ്ധിയായി ഉപയോഗിക്കുന്നതു മൂന്നു മനുഷ്യരെ ആണ്. അതിൽ ‘അഗത’ എന്ന സ്ത്രീബുദ്ധിയാണു കൂടുതൽ സൂക്ഷ്മവും കൃത്യവും. ആൻഡേർട്ടൻ സാധ്യതാ കുറ്റവാളിയാണെന്നും ജീവിതത്തിൽ അറിയുക പോലും ചെയ്യാത്ത ഒരാളെ കൊല ചെയ്യാൻ പോകുകയാണെന്നും അറിഞ്ഞപ്പോൾ, പ്രീകോഗിനു തെറ്റുപറ്റിയതാകാം എന്ന നിഗമനത്തിൽ അയാൾ എത്തുന്നു. അതു തെളിയിക്കാനുള്ള ഒരേയൊരു സാധ്യത ‘മൈനോറിറ്റി റിപ്പോർട്ട്’ ആണെന്നു തിരിച്ചറിയുന്നു. അപൂർവം സമയങ്ങളിൽ പ്രീകോഗിൽ മൂന്നാമത്തെയാൾ ഭൂരിപക്ഷ തീരുമാനത്തോടു വിയോജിക്കാറുണ്ട്; ഈ വിയോജനക്കുറിപ്പാണു മൈനോറിറ്റി റിപ്പോർട്ട്. അതിന്റെ പ്രത്യാഘാതങ്ങൾ താരതമ്യേന നിസാരമായതുകൊണ്ട് പുറത്തുവരാറില്ല; അവരുടെ അകത്തുതന്നെ സൂക്ഷിക്കുകയാണു പതിവ്. പക്ഷേ തന്റെ കാര്യത്തിൽ അങ്ങനെ ഒരു ‘മൈനോറിറ്റി റിപ്പോർട്ട്’ ഇല്ലായിരുന്നു എന്ന് ആൻഡേർട്ടൻ പിന്നീടു തിരിച്ചറിയുന്നുണ്ട്. എങ്കിലും അഗതയെ കൂട്ടുപിടിച്ച് ആൻഡർട്ടൻ തുറക്കുന്ന ‘രക്ഷാമാർഗങ്ങൾ’ പ്രീക്രൈം സംവിധാനം തന്നെ അടച്ചുപൂട്ടാനും ഒടുവിൽ അമേരിക്ക മുഴുവൻ അതു വ്യാപിപ്പിക്കുന്നതു തടയാനും കാരണമാകുന്നുണ്ട്.

ഇതു പിടിച്ചെടുക്കൽ യന്ത്രങ്ങളെയും അതിൽ നിന്നു കുതറിമാറുന്ന പ്രതിരോധങ്ങളെയും വരച്ചുകാണിക്കുന്നുണ്ട്. നമ്മുടെ ശ്വാസഗതിയും കൃഷ്ണമണിയും നിരീക്ഷണ റഡാറിൽ പതിയുന്നു. ആൻഡേർട്ടൻ രക്ഷപ്പെടുന്നതാകട്ടെ സ്വന്തം കണ്ണുതന്നെ മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയ നടത്തിയാണ്. സിനിമയുടെ തുടക്കത്തിൽ എഴുതിക്കാണിക്കുന്ന വാക്യം, ആൻഡേർട്ടൻ ആവർത്തിക്കുന്നു: ‘everybody runs, everybody runs’.

ബെഞ്ചമിൻ (Walter Benjamin) ഒക്കെ പറയുക രാഷ്ട്രീയത്തെ സൗന്ദര്യവൽക്കരിക്കുന്നതിലൂടെയാണു ഫാസിസം പിടിമുറുക്കുന്നത് എന്നാണ്. ഇൻഡ്യൻ അവസ്ഥയെക്കുറിച്ചാലോചിച്ചാൽ സംഘപരിവാർ നടത്തിയ റാലികളും ആഘോഷങ്ങളും, എന്തിനേറെ അവരുടെ വംശീയമായ ഉന്മൂലനത്തിന്റെ പോലും ദൃശ്യങ്ങൾ ഫാസിസ്റ്റ് രാഷ്ട്രീയത്തെ സൗന്ദര്യവൽക്കരിക്കുകയായിരുന്നു. ഒരുപക്ഷേ നരേന്ദ്രമോദി സ്വയം തന്നെ ഫാസിസത്തിന്റെ സൗന്ദര്യവത്കരണം ആണെന്നു പറയാൻ കഴിയുന്നു. 

സംഘപരിവാർ മുന്നോട്ടു വയ്ക്കുന്ന ‘ഒരൊറ്റ ഇൻഡ്യ’, ഫാസിസത്തിന്റെ മൂർധന്യമായി കാണണം. രാഷ്ട്രശരീരം മാത്രമല്ല, പൗരന്മാരുടെ ശരീരവും രാഷ്ട്രമാതൃകയിൽ പുനർനിർമ്മിക്കാനുള്ള ശ്രമങ്ങളാണു നടക്കുന്നത്. അതിന്റെ ഭാഗമായാണ് നിരവധിയായ മനുഷ്യർ ‘പൗരത്വ പട്ടികയ്ക്കു’ പുറത്താകുന്നത്. ഇവിടെ ദല്യൂസും ഗത്താരിയും മുന്നോട്ടു വയ്ക്കുന്ന ‘ഫാസിസ്റ്റ് വിരുദ്ധ ശരീരം’ (anti fascist body) എന്ന സങ്കൽപനം പ്രധാനമാണ്. അത് ഒരു ശരീരത്തിൽത്തന്നെ പലജാതി ശരീരങ്ങൾ സഹവസിക്കുന്ന ഒരു കലഹ സംയുക്തമാണ് (turbulent assemblage). അതിന്റെ ആയിക്കൊണ്ടിരിക്കലാകട്ടെ, തികച്ചും വിപ്ലവകരമായ സന്ദിഗ്ധത കൂടിയാണ്. (ദല്യൂസ്)

ഇത്തരം ഏകീകരണ ശ്രമങ്ങൾക്കു ഷാപ്പിറോ നൽകുന്ന ഉദാഹരണം ഇറ്റലിയിൽ അറിസോ (Arezzo) നഗരത്തിലെ വാസ്തുവിദ്യ തന്നെ മാറ്റിയതാണ്. നവോത്ഥാന കാലത്തോളം പഴക്കമുള്ള കെട്ടിടങ്ങൾ മുഴുവൻ മധ്യകാല ശൈലിയിൽ പുതുക്കിപ്പണിതു. പ്രബല വിഭാഗമായ അരിന്റൈൻസിനു (Arentines) രാഷ്ട്രനിർമ്മിതിയിലുള്ള പങ്ക്  അരക്കിട്ടുറപ്പിക്കുകയായിരുന്നു ലക്ഷ്യം. ചരിത്രം തന്നെ തിരുത്തിയെഴുതാനും അതിനു തെളിവുകൾ ഉണ്ടാക്കാനുമുള്ള ഫാസിസ്റ്റ് ശ്രമങ്ങൾ ഇത്തരത്തിൽ ഉള്ളതാണ്.

ഫ്രാൻസിസ് ബേക്കന്റെ (Francis Bacon) ചിത്രങ്ങളെക്കുറിച്ചു ദല്യൂസ് പറഞ്ഞത് അതു വരയ്ക്കും മുൻപു ക്യാൻവാസിൽ നിറയും എന്നാണ്. ക്ലീഷെകളെ മറികടക്കാൻ ക്യാൻവാസിൽ എപ്പോഴും നിറയുന്നതിനെ പ്രതിരോധിക്കാനും മാറ്റിവരയ്ക്കാനും ഉള്ള ശ്രമങ്ങൾ ഉണ്ടാകാണം. ഫാസിസ്റ്റ് വിരുദ്ധ സൗന്ദര്യശാസ്ത്രവും രാഷ്ട്രീയവും സൃഷ്ടിക്കുന്നതിൽ ഇത്തരം എതിർഭാവനകൾ പ്രധാനമാണ്.

സുനിൽ കുമാർ

അപ്പോഴും ഫാസിസത്തിന് ഒരു മറുമരുന്ന് ദല്യൂസിയൻ ചിന്ത മുന്നോട്ടു വയ്ക്കുന്നുണ്ടോ? അതിൽ ഒന്നും പൂർവനിശ്ചിതമോ തീർച്ചയോ അല്ല. എല്ലാം പരീക്ഷണങ്ങളിലൂടെ കണ്ടെത്തേണ്ട ഒന്നാണ്. ഫാസിസ്റ്റ് വിരുദ്ധ ജീവിതത്തിലേക്കുള്ള വഴിതുറക്കൽ കൂടിയാണു ചിന്ത.

എല്ലാം വരകൾ കൊണ്ടു തീർത്തതാണ്. കണിശവരകൾ (rigid lines), ഒഴുക്കൻ വരകൾ (supple lines), പലായന പാതകൾ. നമ്മൾ എല്ലാം ‘സ്വസ്ഥ്യം’ കൊതിക്കുന്നു. അതുകൊണ്ടു തന്നെ ‘കണിശ വിഭജനങ്ങളിൽ’ അഭയം തേടുന്നു. (കുടുംബം, ജോലി, ഒറ്റ ഇണ). എന്നാൽ ഒഴുക്കൻ വരകൾ എവിടെയും കാണാം. വീടുവിട്ടു പുറത്തേക്കിറങ്ങുന്ന കുട്ടിയെപ്പോലെ. ഒഴുക്കനായി എന്നതുകൊണ്ട് എല്ലാം ഭദ്രമാവില്ലെന്നു ദല്യൂസ് പറയും: ‘നമ്മൾ സ്വയം അടിമയാകുന്ന ‘പുതിയ തരം ദാസ്യം’ ഇവിടെ ഒളിഞ്ഞിരിക്കുന്നുണ്ട്. അതു മൈക്രോ ഫാസിസത്തിലേക്കു വഴിതുറന്നേക്കാം. പിന്നീടുള്ളത് പലായന പാതകൾ (line of flights) ആണ്. പിടിച്ചെടുക്കൽ യന്ത്രങ്ങളിൽ നിന്നു പുറത്തേക്കുള്ള വഴി. പക്ഷേ അതീവ സൂക്ഷ്മതയില്ലെങ്കിൽ നമ്മൾ തമോഗർത്തങ്ങളിൽ അകപ്പെട്ടേക്കാം. ഹിറ്റ്ലറുടെ വാക്കുകളിൽ ‘യുദ്ധം ജയിക്കുന്നില്ലെങ്കിൽ രാഷ്ട്രം തന്നെ തകരട്ടെ’.

‘A Thousand Plateus’ൽ (ATP) micropolitics and segmentarity എന്ന പ്ലാറ്റ്യൂവിൽ ചേർത്തിരിക്കുന്ന വർഷം 1933 ആണ്. ഹിറ്റ്ലർ ഉദയം ചെയ്തത് അതേ വർഷം ആണ്. പക്ഷേ ഹിറ്റ്ലർ അധികാരമേൽക്കും മുൻപുതന്നെ സൂക്ഷ്മരാഷ്ട്രീയപരമായി (micropolitically) ജർമനിയുടെ ഭാവി നിശ്ചയിക്കപ്പെട്ടിരുന്നു. ആന്റി ഈഡിപ്പസിൽ ഫാസിസത്തെ ‘ഏകാധിപത്യം’, ‘പരനോയിയ’ ഇവയോടു ചേർത്താണു മനസ്സിലാക്കുന്നത്. അവിടെ സവിശേഷമായ  പ്രതിച്ഛായയിലേക്ക് അംഗരഹിത മഹാശരീരത്തെ (body without organ) ഒതുക്കുകയാണെങ്കിൽ ATP യിൽ എത്തുമ്പോൾ അതിനു വിപരീതമായ പ്രതിഛായകളുടെ അനന്തമായ ‘സ്കിസോഫ്രീനിയാക്’ (schizophreniac) ഒഴുക്കിനെയാണു കാണുക. അവിടെ ‘സ്റ്റേറ്റിനെ’ വിധ്വംസക യന്ത്രം മുഴുവനായി ഏറ്റെടുക്കുകയാണ്. സൂക്ഷ്മ ഫാസിസം സ്ഥൂലമായതിനു മുൻപേ നടക്കുന്നു.

അംഗരഹിത മഹാശരീരത്തെ ഒരു സൂചകത്തിലേക്കു് (ദൈവം ത്തിലേക്ക് / രാജാവിലേക്ക്) ഒതുക്കി അതിനു കീഴ്പ്പെടുത്തുന്ന ഫാസിസം പരനോയിയയാണ് ആന്റി ഈഡിപ്പസിൽ വിവക്ഷിതമെങ്കിൽ ATPയിൽ അതു ‘post signifying’ ഘട്ടത്തിലേക്കു പ്രവേശിക്കുന്നതു കാണാം; ഭൂരിപക്ഷം വരുന്ന ജർമൻ ജനതയ്ക്കും തീർത്തും അഭിമതമായ, ഒരേസമയം ആകർഷകവും ശക്തിദായകവുമായ ഒന്നായി ATPയിൽ  ‘ഫാസിസം’ മാറുന്നുണ്ട്. അതു പഴയ അധികാരത്തെ പുനരാനയിക്കുകയല്ല, മറിച്ചു് വരാനിരിക്കുന്ന അധികാരത്തെ മുൻകൂർ മനസിലാക്കലാണ്. കർതൃത്വവൽക്കരിക്കപ്പെട്ട പ്രജകൾ ഏകാധിപതിയെ അനുസരിക്കുന്നതിനു പകരം സ്വന്തം ശാസനങ്ങൾ അനുസരിച്ചു തുടങ്ങുന്നു. പുതിയതരം അടിമത്തം കണ്ടെത്തുന്നതിനെക്കുറിച്ചു ദല്യൂസും ഗത്താരിയും പറയും, ‘അവനവന്റെ തന്നെ അടിമയായിരിക്കുക’. ആദ്യത്തേത് ലംബതലത്തിൽ ഉള്ള അധികാരം (power over-pouvoirs) ആണെങ്കിൽ രണ്ടാമത്തേത്‌ തിരശ്ചീനതലത്തിൽ ഉള്ള ശക്തി (power with-puissans) ആണ്. ഇതിനർഥം ‘ജനങ്ങൾ ശക്തരാകുന്നത്’ (power with) ഒന്നിനും പരിഹാരമല്ല എന്നു കൂടിയാണ്.

‘സൂക്ഷ്മ ഫാസിസത്തിലെ അനവധിയായ തമോഗർത്തങ്ങൾ എവിടെയും കേന്ദ്രീകരിക്കാതെ വിന്യസിക്കപ്പെട്ടിരിക്കുകയും വൈറസുകൾ പോലെ ഭിന്നങ്ങളായ സാഹചര്യങ്ങളെ അനുഗുണമാക്കിമാറ്റി വ്യാപിക്കുകയും ചെയ്യുന്നു. അനുരണനങ്ങൾ ഇല്ലാത്ത വിനിമയങ്ങൾ ആണ് അവിടെ നടക്കുന്നത്.  ഒരു കൂറ്റൻ പരനോയിക്കു് ഭീതിക്കു പകരം ഇവിടെയുള്ളത് ആയിരം മോണോമാനിയകൾ, അഥവാ സ്വയം സിദ്ധ സത്യങ്ങൾ ആണെന്ന് ‘ദല്യൂസ് പറയും. ‘ഇവിടെ സകലരും സ്വയം പ്രഖ്യാപിത ന്യായാധിപനും പൊലീസും നാസിയും ഒക്കെയാണ്’ (ATP)

ഫാസിസ്റ്റ് ഭരണകൂടങ്ങൾ ‘suicidal state’ ആണ്. അതു സമഗ്രാധിപത്യ ഭരണകൂടങ്ങളിൽ നിന്നു തീർത്തും വ്യത്യസ്തമാണ്. ഫാസിസം അതീവ വേഗതയുള്ളതും അർബുദം പോലെയുമാണ്. ‘മരണത്തിന്റെ ക്രമം’ യുദ്ധവും സർവനാശവുമാണ് അതിന്റെ ലക്ഷ്യം. ദല്യൂസും ഗത്താരിയും എഴുതിയപോലെ സ്വന്തം പ്രജകളെപ്പോലും കൊന്നുതള്ളുന്ന വിധ്വംസക യന്ത്രമാണത്.

ഫാസിസ്റ്റ് വിരുദ്ധസമരങ്ങൾ പ്രത്യാശയും പ്രതീക്ഷയുമാകുമ്പോഴും ഇവയൊന്നും ഉടൻ ഫലം നൽകും എന്നു പ്രതീക്ഷിക്കാൻ വയ്യ. ഓസ്റ്റിനെ (Austin) കടമെടുത്തു ദല്യൂസ് പറയുക ‘incorporal transformation’ എന്നാണ്. ന്യായാധിപൻ വധശിക്ഷ വിധിക്കുന്ന ഉടൻ കുറ്റാരോപിതൻ കൊല്ലപ്പെടുന്നില്ല. പക്ഷേ അയാൾ ‘കുറ്റാരോപിതൻ എന്ന നിലവിട്ട് ‘കുറ്റവാളി’ ആകുന്നുണ്ട്. അതു പോലെ സമരത്തിന്റെ ഫലങ്ങൾ ഇനിയും വരാനിരിക്കുന്നതെയുള്ളൂ.

എല്ലാം രാഷ്ട്രീയമാണ്; ഒരേസമയം സൂക്ഷ്മവും സ്ഥൂലവും. സ്ഥൂലവിഭഞ്ജങ്ങളുടെ അടിത്തട്ടിൽ സൂക്ഷ്മമായ ഒഴുക്കുകൾ ഉണ്ട് (quantum flow). ഇവ ഒന്നിനൊന്നു ചേർന്നു ശക്തമാകാം (connectedness) അതല്ലേൽ സംയോജിപ്പിച്ചു പിടിച്ചെടുക്കപ്പെട്ടേക്കാം (conjugation). വിപ്ലവകരമായ ബന്ധങ്ങൾ സ്ഥാപിക്കുന്നത് സ്വയംസിദ്ധ തത്ത്വങ്ങളുടെ (axioms)  സംയോജനത്തിനു വിപരീതമാണെന്നു ദല്യൂസ്: ‘സംഘടിച്ചു ശക്തരാകണം’. അതിനു സംഘടന വേണ്ടേ? സംഘാടനം? നേതാവ്?

 

(തത്ത്വചിന്താ തൽപരനാണു ലേഖകൻ. ആരോഗ്യവകുപ്പിൽ ജോലി ചെയ്യുന്നു.)

  • A Thousand Plateus ; Deleuze and Guattari
  • Anti-Oedipus ; Deleuze and Guattari
  • Deleuze and Fascism, Security: War: Aesthetics (Edited by Brad Evans & Julian Reid)
Top