കെ.എൽ. 10 പത്തിലെ ജിന്ന്: വ്യവഹാരവും രാഷ്ട്രീയവും

2015ൽ മുഹ്‌സിൻ പരാരി രചനയും സംവിധാനവും നിർവഹിച്ച കെ.എൽ. 10 പത്ത് എന്ന സിനിമയെ മുൻനിർത്തി ജിന്ന് എന്ന പ്രതിഭാസത്തിന്റെ സാംസ്കാരിക വ്യവഹാരവും രാഷ്ട്രീയവും ചർച്ച ചെയ്യാൻ ശ്രമിക്കുകയാണ് രൺജിത് തങ്കപ്പൻ.

അതിനു മുൻപ് ജിന്നുകളെ നാം അത്യുഷ്ണമുള്ള തീജ്വാലയിൽ നിന്ന് സൃഷ്ടിച്ചു.

-ഖുർആൻ 15:27 (സൂറ അൽ ഹിജ്ർ)

സാമൂഹിക ജീവിതത്തിലും സാംസ്‌കാരിക വിനിമയങ്ങളിലും ജിന്നിറങ്ങി വിലസി നടക്കാൻ തുടങ്ങിയതിന് ഒരു നീണ്ട ചരിത്രമുണ്ട്.  ആധുനികതയുടെ യുക്തിബോധങ്ങൾക്കു നിരക്കാത്ത ആ ചരിത്രത്തിന്റെ വഴിത്താരയിലാണ് ജിന്നുകൾ മറഞ്ഞിരുന്ന്, ജീവിതത്തിനും സംസ്കാരത്തിനും നൈതികവും വൈകാരികവുമായ ആഴങ്ങളുണ്ട് എന്ന് നമ്മെ ഓർമ്മിപ്പിച്ചു കൊണ്ടിരിക്കുന്നത്. ആത്മീയ വിശ്വാസങ്ങളിലും  പ്രയാണങ്ങളിലും സമുദായ മനസ്സിലും ഒക്കെയായി എഴുതപ്പെട്ട ആ ചരിത്രത്തിന്റെ ഓരം പിടിച്ചാണ് ജിന്നിനോടൊപ്പം ജന ജീവിതങ്ങളും ആധുനികതയുടെ വൈരുധ്യങ്ങളെയും അരക്ഷിതാവസ്ഥകളെയും അതിജീവിക്കുന്നത്. സാഹിത്യത്തിലും പൊതു സംസ്കാരത്തിലും പുതുജീവൻ കണ്ടെത്തുമ്പോഴും, ജൈവികമായ ഒരു ആത്മബാന്ധവത്താൽ സമൂഹവും ദേശ സംസ്കാരവുമായി ജിന്നുകളുടെ ചരിത്രം ഉൾച്ചേർന്നു കിടക്കുന്നു. ആത്മീയ നൈരന്തര്യത്തിന്റെ ഊർജമുൾക്കൊണ്ട, ജീവൻ തുടിക്കുന്ന സാംസ്‌കാരിക ബിംബങ്ങളും വിസ്മയിപ്പിക്കുന്ന മുഹൂർത്തങ്ങളുമായി ആധുനികതയുടെ കാണാമറയത്ത് അതെപ്പോഴും സജീവമാണ്. അതിന്റെ അനുരണനങ്ങൾ പ്രാദേശിക ഭേദമന്യേ സമൂഹത്തിൽ ദൃശ്യമാണ്.

അന്ധവിശ്വാസജടിലമായ അപരിഷ്കൃത മുസ്‌ലിം സമുദായത്തെയാണ് ജിന്നിലൂടെ ആധുനികതയുടെ യുക്തി അടയാളപ്പെടുത്തുന്നതെങ്കിൽ, അതിന്റെ മറു സാദ്ധ്യതകൾ ആധുനികതയുടെ വിമർശന പഠനങ്ങളായി ഇന്ന് ലഭ്യമാണ്. എന്നാൽ മുസ്‌ലിം സമുദായ പരിഷ്കരണ വ്യവഹാരം സജീവമായ കേരളത്തിന്റെ സാമൂഹിക പശ്ചാത്തലത്തിലും, സാമ്പ്രദായികമായ വരട്ടു യുക്തിവാദത്തിന്റെ കണ്ണിലൂടെയല്ലാതെ മറ്റൊരു തരത്തിൽ ജിന്നിനെ കുറിച്ച് പരാമർശിക്കപ്പെട്ടിട്ടുള്ളതായി തോന്നുന്നില്ല.

മുഹ്‌സിൻ പരാരി രചനയും സംവിധാനവും നിർവഹിച്ച കെ.എൽ. 10 പത്ത് (2015) എന്ന സിനിമയെ മുൻനിർത്തി ജിന്ന് എന്ന പ്രതിഭാസത്തിന്റെ സിനിമയിലെ സാംസ്കാരിക വ്യവഹാരവും അതിന്റെ രാഷ്ട്രീയവും എന്തെന്ന് ചിന്തിക്കാൻ ശ്രമിക്കുകയാണ് ഈ ലേഖനത്തിലൂടെ. നാലു വർഷം പിന്നിട്ട ഈ സിനിമയെ കുറിച്ച് ഗൗരവമാർന്ന പഠനങ്ങൾ അധികമൊന്നും തന്നെ ഉണ്ടായിട്ടില്ല. ഈ സിനിമയെ കുറിച്ച് ഇറങ്ങാനിരിക്കുന്ന ഒരു പുസ്തകത്തിനു വേണ്ടി എഴുതിയ ലേഖനത്തിലെ  പ്രസക്തഭാഗങ്ങൾ മാത്രം എടുത്ത് ചുരുക്കി എഴുതിയ കുറിപ്പാണിത്.

ജിന്നുകളുടെ സാമൂഹികവും സാംസ്കാരികവുമായ സഞ്ചാരം അറേബ്യൻ നാടോടിക്കഥകളിൽ ഒതുങ്ങുന്നതല്ല. നൂറ്റാണ്ടുകളുടെ മുഗൾ ചരിത്രമുറങ്ങുന്ന ദില്ലിയുടെ നഗര ചരിത്രത്തിൽ, ‘സിറ്റി ഓഫ് ജിന്ന്സ്’ (City of Djinns) എന്ന പുസ്തകത്തിലൂടെ വില്ല്യം ഡാർലിമ്പിളും, ‘ജിന്നിയോളജി’യെ (Jinnealogy) കുറിച്ചുള്ള ലേഖനത്തിലൂടെ ആനന്ദ് വിവേക് താനേജയും, ജിന്നുകളുമായി സംവദിക്കുന്ന ഒരു തനതു ജനതതിയെ അടയാളപ്പെടുത്തുന്നുണ്ട്. മലയാള സാഹിത്യത്തിലാകട്ടെ, ഏറെ പ്രകീർത്തിക്കപ്പെട്ട ഒ.വി.വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസം’ എന്ന വിഖ്യാത നോവലിൽ ജിന്നുകൾ ആത്മസഞ്ചാരം നടത്തുന്ന ഉത്തര കേരളത്തിലെ ഒരു ഉൾനാടൻ ഗ്രാമവും അവിടത്തെ തനതു സാമൂഹിക – സാംസ്‌കാരിക വിനിമയങ്ങളും രാഷ്ട്രീയവും അസ്തിത്വ വ്യഥകളും സാമുദായികവും ഗ്രാമ്യവുമായ ആത്മീയതയുമാണ് വിഷയമാകുന്നത്. രവി എന്ന കേന്ദ്ര കഥാപാത്രത്തിന്റെ അസ്‌തിത്വ വ്യഥകൾക്കപ്പുറം ആധുനികതയുടെ പഠിപ്പുരയ്ക്കു പുറത്തായി, മുള്ളും മുൾവേലിയും പനയും ജിന്നും പിരാന്തും പ്രണയവും കാമവും ഇഴപിരിഞ്ഞ്, പരന്നു വിസ്തൃതമായി കിടക്കുന്ന പ്രാക്തനമായ ഉൾക്കാമനകളുടെ ഗ്രാമ്യ വ്യവഹാരമാണ് ഖസാക്ക്. ആസക്തികളും ആകുലതകളും ഉച്ചക്കാറ്റായി വീശിയടിക്കുന്ന ജിന്നുകളുടെ സാമ്രാജ്യം.  

ഡാർലിമ്പിൾ ദില്ലിയിലെ നിസാമുദ്ദിൻ ഔലിയയുടെ സൂഫീ പഥങ്ങളിൽ കണ്ടെത്തിയ മനുഷ്യരിൽ ജിന്നുകളുടെ സഞ്ചാരമുണ്ടായിരുന്നു, ഒളിഞ്ഞും തെളിഞ്ഞും. അവർ പ്രാവിനെ പറത്തി പന്തയം വെക്കുകയും, ദാർശനിക വ്യഥ ഉള്ളിൽ കൊണ്ട് നടക്കുകയും, ആത്മതപം ശമിപ്പിക്കാൻ ദർഗകൾ സന്ദർശിച്ച് ഖവാലിക്കൊപ്പം ഉള്ളറിഞ്ഞ് പാടുകയും തലയാട്ടുകയും ചെയ്തു. അവരിൽ ചെറുകിട കച്ചവടക്കാരും സൂഫിവര്യന്മാരും കാലിഗ്രാഫർമാരും ഗായകരും രോഗശാന്തി ശുശ്രൂഷകരും സാധാരണക്കാരായ വീട്ടമ്മമാരും ഹിജഡകളും ഉണ്ടായിരുന്നു. ജിന്നുകൾ അവരുടെ ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞിരുന്നു. നിത്യ ജീവിതത്തെ മുന്നോട്ടു നയിക്കുന്ന വിശ്വാസ പ്രമാണങ്ങളുടെ നൈതിക ജീവനാഡിയായി ജിന്നുകൾ അവരിലൂടെ ജീവിക്കുന്നു.

പഴയ ദില്ലിയിലെ ഫിറോസ് ഷാ കോട്ലയുടെ തകർന്ന കൊട്ടാര അവശിഷ്ടങ്ങളിൽ പുരാതന ചരിത്രത്തെക്കാൾ ജിന്നുകളുടെ ആത്മീയ സാമ്രാജ്യം തേടുന്ന ജനസഹസ്രങ്ങളെ താനേജയുടെ പഠനത്തിൽ കാണാം. കോളനിവൽക്കരണത്തിനും മുൻപ് നിലനിന്ന ഇസ്‌ലാമിക സാമ്രാജ്യത്തിന്റെ പതിനാലാം നൂറ്റാണ്ടിലെ രാജകൊട്ടാരത്തിന്റെ അവശിഷ്ടങ്ങൾ മാത്രമായ ഫിറോസ് ഷാ കോട്ലയിൽ ഇന്നും ആരാധിക്കപ്പെടുന്ന പുണ്യാളന്മാരായ ജിന്നുകൾ ഒരു പ്രതീകമാണ്. താനേജ ചൂണ്ടിക്കാണിക്കുന്നതു പോലെ, നിലനിൽക്കുന്ന കോളനിയാനന്തര സ്റ്റേറ്റിന്റെ ഹിംസയ്ക്കും അസ്വീകാര്യതക്കും ബദലായി, കോളനിവത്കരണത്തിനും മുൻപുള്ള ഒരു ഇസ്‌ലാമിക സംസ്കാരത്തിൽ നിലനിന്ന നീതിയെ കുറിച്ചുള്ള ആശയങ്ങൾ നൽകുന്ന പ്രതിരോധത്തിന്റെ ഓർമയായി അത് വർത്തിക്കുന്നു.

ജിന്നായി വേഷമിട്ട ശ്രീനാഥ് ഭാസി

ജനസാമാന്യത്തിന്റെ അതിസാധാരണമായ സാമൂഹിക ജീവിതത്തിലെ അദൃശ്യ സാന്നിധ്യമായ ജിന്നുകൾ ഉത്തരേന്ത്യൻ മണ്ണിലൊതുങ്ങുന്നില്ല. സമാനമല്ലെങ്കിലും, സാമൂഹിക ജീവിതത്തെ നയിക്കുന്ന വിശ്വാസ പ്രമാണങ്ങളുടെ അത്താണിയായി വർത്തിക്കുന്ന ജിന്നിന്റെ  മറ്റൊരു രൂപമാണ് നവോഥാനാനന്തര കേരളത്തിലെ നവരാഷ്ട്രീയ സാധ്യതയുടെ ഉത്തരകാലത്ത്, ഉത്തരാധുനികനായ ജിന്നായി പൊതു സാംസ്കാരിക സിനിമാ വ്യവഹാരത്തിൽ ഉയിർകൊള്ളുന്നത്. ഇത് തികച്ചും അപൂർവ്വമാണ് എന്ന് പ്രത്യേകം എടുത്തു പറയേണ്ടതാണ്. മലബാറിന്റെ സാംസ്കാരികവും സാമുദായികവും രാഷ്ട്രീയവുമായ സമകാല ചരിത്രം ഉൾച്ചേർന്ന കെ.എൽ. 10 പത്ത് എന്ന സിനിമ അത്തരമൊരു സാധ്യതയാണ് മുന്നോട്ടു വയ്ക്കുന്നത്. വലതുപക്ഷ ഫാസിസ്റ്റ് രൂപമാർജ്ജിച്ച പാശ്ചാത്യ വംശീയ അധിനിവേശങ്ങൾക്കും  ഹൈന്ദവ ഭീകരതയ്ക്കും ബദലായി, ഇസ്‌ലാമിക സമുദായത്തിനും നൈതികയ്ക്കും ഒപ്പം നിന്നു കൊണ്ടുള്ള അരികുവൽക്കരിക്കപ്പെട്ട സമുദായങ്ങളുടെ സഹോദര്യത്തിലും കൂട്ടായ്മയിലും അധിഷ്ഠിതമായ നവരാഷ്ട്രീയം ഉരുത്തിരിഞ്ഞു വരുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇതിനു പ്രസക്തിയേറുന്നത്.

ജിന്നിന്റെ രൂപ സഞ്ചാരങ്ങൾ

അറബ് നാടോടിക്കഥ സംസ്കാരത്തിൽ നിന്നും ആധുനിക പാശ്ചാത്യ സിനിമയിലേക്കുള്ള ജിന്നിന്റെ സഞ്ചാരം പഠനവിഷയമായിട്ടുള്ളതാണ്. ജിന്നിനെ വിഭാവനം ചെയ്യുന്നതിൽ ഉൾവർത്തിക്കുന്ന അധികാര ബിംബങ്ങളും ഘടനയും അത് വെളിവാക്കിത്തരുന്നു. വെറുമൊരു ഭാവനാ സൃഷ്ടി എന്നതിലുപരിയായി, പാശ്ചാത്യ സങ്കൽപനങ്ങൾക്ക് അനുസൃതമായി ജിന്നിന് സംഭവിച്ച രൂപഭാവ പരിണാമങ്ങളിലേക്ക് അത് വിരൽചൂണ്ടുന്നു. ആയിരത്തൊന്നു രാവുകളുടെ അറേബ്യൻ നാടോടിക്കഥകളിലൂടെ യൂറോ – അമേരിക്കൻ സിനിമയിലും ടെലിവിഷനിലും എത്തിപ്പെട്ട്, പിന്നെ മധ്യേഷ്യയിലെ മാധ്യമ സംസ്കാരങ്ങളിലേക്കും വാമൊഴി പാരമ്പര്യങ്ങളിലേക്കും രൂപപരിണാമം സംഭവിച്ച് തിരിച്ചെത്തിയ ജിന്നിന്റെ സാംസ്‌കാരിക സഞ്ചാരത്തെ കുറിച്ച് മാർക് അലൻ പീറ്റേഴ്സൺ നടത്തിയ പഠനം അത്തരത്തിൽ ശ്രദ്ധേയമാണ്. തുടർച്ചയായുള്ള പാഠനിർമിതിയിലൂടെ സ്ഥലകാലാതീതമായി സഞ്ചരിച്ച്, അറബ് നാടോടിക്കഥയിലെ പ്രഹരശേഷിയും ഇച്ഛാശക്തിയുള്ളവനുമായ ജിന്ന് രൂപപരിണാമം സംഭവിച്ച് മനുഷ്യന്റെ ആഗ്രഹപൂർത്തീകരണം സാധ്യമാക്കുന്ന, വെറും സമ്മാനങ്ങൾ കൊണ്ടു വന്നു തരുന്ന അടിമയായ ജീനിയായി (genie) മാറുന്നു. അത്തരമൊരു ആഗോള നാടോടിക്കഥയ്ക്കാണ് പിന്നീട് പ്രചാരം ലഭിക്കുന്നത് എന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. മുതലാളിത്തവൽകൃത ഉപഭോഗ സംസ്കാരത്തിന്റെ ത്വരിത വളർച്ചയ്ക്കും അതിന് അനുഗുണമായി വികസിക്കുന്ന തൃഷ്ണകളുടെയും ആധുനിക ഫാന്റസിയിലെ മുഖ്യ കഥാപാത്രമായി ജിന്ന് ഒടുങ്ങുന്നു.

പാശ്ചാത്യ – മുതലാളിത്ത സംസ്കാര വ്യവസായത്തിന്റെ നൂതന സൃഷ്ടിയായി ലോകമെമ്പാടും പ്രചരിപ്പിക്കപ്പട്ട അടിമ ഹൃദയമുള്ള ജീനിയുടെ ദേശ, ഭാഷാ വകഭേദങ്ങളാണ് ചിത്രകഥയിലൂടെയും ടെലിവിഷൻ കാർട്ടൂൺ സീരീസ് ആയും നാടോടിക്കഥയായും ഒക്കെ ഇന്നും ആസ്വാദകരിലെത്തുന്നത്.  

മലയാള സിനിമയിലും ജിന്ന് പ്രത്യക്ഷപ്പെട്ടിട്ടുള്ളത് പാശ്ചാത്യ ജീനിയുടെ അവാന്തര വകഭേദമായിട്ടാണ്. 1979ൽ പുറത്തിറങ്ങിയ, കമൽഹാസൻ നായകനായി അഭിനയിച്ച ‘അലാവുദ്ദീനും അത്ഭുത വിളക്കും’ എന്ന സിനിമ ഉദാഹരണം. ഹോളിവുഡും ഡിസ്നി കാർട്ടൂണുകളും വംശീയതയിൽ ചാലിച്ച് സൃഷ്ടിച്ചെടുത്ത അടിമയായ ജീനിയെ അതേപടി ഈ സിനിമയിൽ പുനരാവിഷ്കരിച്ചിരിക്കുന്നതായി കാണാം. യൂറോ – അമേരിക്കൻ വംശീയതയ്ക്കും ഓറിയന്റലിസ്റ്റ് വിഭാവനങ്ങൾക്കും അനുഗുണമായി രചിക്കപ്പെട്ട ഇത്തരം ഇറക്കുമതി ചെയ്ത സാംസ്‌കാരിക നിർമിതികളിൽ ഒതുങ്ങുന്നു ജീനിയായുള്ള ജിന്നുകളുടെ സിനിമാസഞ്ചാരം. ഇതിൽ നിന്നും വ്യത്യസ്തമായ വ്യവഹാരങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടില്ല.

എന്നാൽ കെ.എൽ.10 പത്ത് സിനിമ പാശ്ചാത്യ അധീശത്വ സങ്കൽപങ്ങളിലെ ജീനിയിൽ നിന്നും ജിന്നിനെ വീണ്ടെടുക്കുകയും, ഇസ്‌ലാമിക സാമുദായികതയുടെ പശ്ചാത്തലത്തിൽ ഉരുത്തിരിയുന്ന  നൈതികതയുടെ രാഷ്ട്രീയത്തിൽ പുനഃസ്ഥാപിക്കുകയും ചെയ്യുന്നു. ഇത്തരമൊരു സാംസ്‌കാരിക നിർമ്മിതിയിലേക്ക് നയിക്കുന്ന രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക സാഹചര്യങ്ങൾ ഒരു നവസമൂഹ നിർമിതിക്കായുള്ള സവിശേഷമായ ഒരു ഉത്തരകാല സാധ്യതയെ മുന്നോട്ടു വെക്കുന്നു. അത് കൊണ്ട് തന്നെയാകണം ഹോളിവുഡിന്റെ പ്രലോഭനങ്ങളെ അതിജീവിച്ചു കൊണ്ട്, ഇസ്‌ലാമിക ആത്മീയ പാരമ്പര്യത്തിന്റെ നൈതികയെ പുൽകുന്ന, അടിമയല്ലാത്ത, കഥാഗതിയിൽ സ്ഥാനമുള്ള ഒരു ഉത്തരാധുനിക രൂപധാരിയായി ജിന്ന് കെ.എൽ. 10 പത്തിൽ അവതരിക്കുന്നത്.    

ഫ്രീക്കന്മാരായ അരാജകവാദികളുടെ ഉപസംസ്കാരത്തിൽ ഇടറിനിൽക്കുന്ന രൂപവേഷവിധാനങ്ങളിൽക്കൂടി ഉത്തരാധുനികനായ ജിന്നിനെ അവതരിപ്പിക്കുന്നതിലൂടെ ഇസ്‌ലാമിനെ കുറിച്ചുള്ള ആധുനിക വാർപ്പുമാതൃകകളെ തച്ചുതകർക്കാനും, ആധുനികേതരമായ മറു രാഷ്ട്രീയ, നൈതിക സാധ്യതകൾ നിലനിർത്തുന്ന വർത്തമാനകാല ഇസ്‌ലാമിക രാഷ്ട്രീയത്തിന്റെ  നവസാന്നിദ്ധ്യം അറിയിക്കാനും സാധിക്കുന്നു. ജിന്നായി പാടി അഭിനയിക്കുന്നത് ന്യൂ ജനറേഷൻ സിനിമകളിലെ ‘ബ്രോ’ ജനറേഷൻ പ്രതിനിധിയായ ശ്രീനാഥ് ഭാസിയാണ്. വേഷഭൂഷാദികളും ഭാവഹാവാദികളും കൊണ്ട് കണ്ണെഴുതി സുന്ദരനായ ജിന്നായി ശ്രീനാഥ് ജീവിക്കുന്നു. ഗൃഹാതുരമായ ഒരു പ്രാക്തന ഓർമ്മയായി ഒതുക്കാതെ, ഉത്തരാധുനികമായ ഒരു നവസാധ്യതയായി ജിന്ന് വീണ്ടെടുക്കപ്പെടുന്നു.    

പള്ളിമിനാരത്തിലെ കോളാമ്പി

ഒരു റൊമാന്റിക് കോമഡി ആയി വായിക്കപ്പെടുമ്പോൾ തന്നെ, സിനിമ മുന്നോട്ടു വെക്കുന്ന നീതിയുടെ രാഷ്ട്രീയത്തിന് ജിന്നിന്റെ പാത്ര സൃഷ്ടി ഏറെ സഹായകമാകുന്നുണ്ട്. ‘നീതിമാന് ആര് നീതി നൽകും’ എന്ന ചോദ്യം ഉയർത്തിക്കൊണ്ട്, വ്യക്തമായ നന്മയുടെ പക്ഷം പിടിക്കുന്ന ജിന്നിന്റെ വ്യാഖാനങ്ങളിലൂടെയും ഇടപെടലുകളിലൂടെയുമാണ് സിനിമ പുരോഗമിക്കുന്നത്.  മലപ്പുറത്തെ യുവജന സംസ്കാരവും അതിന്റെ തുടർച്ചയെന്നോണം പ്രകടമാകുന്ന രാഷ്ട്രീയവും ഫുട്ബോൾ ലഹരിയും പ്രണയവും സാമുദായിക ബന്ധങ്ങളും എല്ലാം പശ്ചാത്തലമാകുന്ന സിനിമയിലെ ആത്മീയ, നൈതിക സാന്നിദ്ധ്യമാണ് ജിന്ന്. ജനലിൽക്കൂടിയുള്ള ഗ്രാമക്കാഴ്ച പോരാഞ്ഞിട്ട് പള്ളി മിനാരത്തിൽ പടച്ചുകയറിയിരുന്ന്, കുട്ടികളെപ്പോലെ ‘കുടുകുടു കുക്കുടു’ മൂളിയാണ് ഇരിപ്പ്. എല്ലാം കാണുന്നവനും അറിയുന്നവനുമായ അല്ലാഹുവിന്റെ അദൃശ്യ സാന്നിദ്ധ്യം വെളിവാക്കുന്ന പാത്രസൃഷ്ടി.

പഴയ ദില്ലിയിലെപ്പോലെ ജിന്നിൽ വിശ്വാസം അർപ്പിച്ച ഒരു കൂട്ടം ആൾക്കാർ തിങ്ങിപ്പാർക്കുന്ന, മുസ്‌ലിംകൾക്ക് ഭൂരിപക്ഷമുള്ള ഒരു കൊച്ചു ഗ്രാമത്തിനകത്താണ് കഥ വികസിക്കുന്നത്. വ്യത്യസ്തമായ ചിന്താഗതികൾ ഉള്ള മനുഷ്യരാണവർ. അവരിൽ ഇടതനും വലതനും യുക്തിവാദിയും വിപ്ലവകാരിയും ഫെമിനിസ്റ്റും ഉണ്ട്. അവർ രാഷ്ട്രീയം പറഞ്ഞ് കലഹിക്കുകയും അതെല്ലാം മറന്ന് മൈതാനത്ത് ഫുട്ബോൾ കളിക്കുകയും ചെയ്യുന്നവരാണ്.

ആൺകുട്ടികൾ മാത്രമുള്ള കോളേജിൽ പഠിക്കുന്ന  നായകനായ അഹ്‌മദ്‌, സ്വതന്ത്ര ചിന്താഗതിക്കാരനും ഇച്ഛാശക്തിയുള്ളവനുമാണ്. അയാളിൽ സഹജീവികളോട് സ്നേഹമുള്ള ഒരു നല്ല മനസ്സുണ്ട്. സമൂഹത്തിൽ നിലനിൽക്കുന്ന അസമത്വങ്ങളിൽ അസന്തുഷ്ടനും മാറ്റത്തിനായി പോരാടാൻ തയ്യാറുമാണ് അയാൾ. മതത്തെ തള്ളിപ്പറയാതെ തന്നെ, ഇടതു – ലിബറൽ സൗഹൃദങ്ങൾ കാത്തുസൂക്ഷിക്കുകയും സജീവമായി രാഷ്ട്രീയ പ്രവർത്തനം നടത്തുകയും ചെയ്യുന്നുണ്ട്. അയാൾ കോർപ്പറേറ്റ് വിരുദ്ധ ഇടതു സമരങ്ങളിൽ പങ്കെടുക്കുന്നത് ഫ്ലാഷ് ബാക് ആയി കാണിക്കുന്നുണ്ട്. എന്നാൽ അയാൾ തന്നെ അതേ കോർപ്പറേറ്റ് സൂപ്പർ മാർക്കറ്റിൽ ഷോപ്പിംഗ് നടത്തുന്നതും പിന്നീട് കാണുന്നു. ദുർബലമായ ലിബറൽ രാഷ്ട്രീയ വ്യവഹാരങ്ങളുടെ പരിഹാസ്യത വെളിവാക്കുകയാണ് സിനിമ.

നായകനെ പോലും പരിഹസിക്കാൻ മടി കാണിക്കാതെ, നായക സങ്കൽപ്പങ്ങളുടെ അപ്രമാദിത്വത്തെ തച്ചുതകർക്കുകയാണ് ഇതിലൂടെ. ഇത്തരം അനേകം സന്ദർഭങ്ങൾ സിനിമയിൽ കാണാനാകും. പ്രായവും പക്വതയും കുറഞ്ഞ നായകനും സ്വന്തമായി ജോലിയുള്ള, വിദ്യാസമ്പന്നയായ നായികയും മുതൽ നായകന്റെ ആദ്യാനുരാഗത്തിന്റെ രഹസ്യം ചീറ്റിപ്പോകുന്നതും അതിന്റെ ചമ്മലും ഒക്കെ ഉദാഹരണം. മുഖ്യധാരാ സിനിമയും സാഹിത്യവും ഏറെ കൊട്ടിഘോഷിക്കുന്ന മഹത്തായ  പ്രണയത്തിന്റെ ഏകതാനതയെ ചോദ്യം ചെയ്യാൻ പ്രേരിപ്പിക്കുന്ന നിമിഷങ്ങൾ കൂടിയാണ് ഇത്.

അഹ്‌മദിന്റെ മുറിയിൽ ആഫ്രോ അമേരിക്കൻ മുസ്‌ലിമും മനുഷ്യാവകാശ പോരാളിയുമായ മാൽകം എക്സിന്റെയും കറുത്ത വർഗ്ഗക്കാർക്കും മുസ്‌ലിം രാഷ്ട്രീയത്തിനും അനുകൂലമായി പ്രത്യക്ഷ നിലപാടുകൾ എടുക്കാൻ മടി കാണിക്കാത്ത അമേരിക്കൻ പ്രൊഫഷണൽ ബോക്സർ മുഹമ്മദ് അലിയുടെയും ഫോട്ടോകൾ കാണിക്കുന്നുണ്ട്. ദലിത് സിനിമാ സംവിധായകനായ പാ രഞ്ജിത്തിന്റെ ‘കബാലി’ എന്ന തമിഴ് സിനിമയിൽ രജനീകാന്ത് അഭിനയിക്കുന്ന നായക കഥാപാത്രം വായിക്കുന്ന പുസ്തകങ്ങളിലൂടെയും കുറിക്കു കൊള്ളുന്ന സംഭാഷണങ്ങളിലൂടെയും അംബേദ്‌കർ രാഷ്ട്രീയത്തിന്റെ സൂചനകൾ നൽകുന്നുണ്ട്. ഇതിനു സമാനമായി, നായക കഥാപാത്രമായ അഹ്‌മദിന്റെ രാഷ്ട്രീയ ചിന്തകളിലേക്കും വായനകളിലേക്കുമുള്ള കിളിവാതിലാണ്  മാൽകം എക്സും മുഹമ്മദ് അലിയും. അത് അയാൾ ഇടപെടുന്ന സൗഹൃദ ഇടങ്ങളുടെ, ഇടതു ലിബറൽ വ്യവഹാരങ്ങളിൽ നിന്നുമുള്ള വ്യക്തമായ ഇടർച്ചയാണ് കാണിക്കുന്നത്.

നല്ലൊരു കാമുകനും ഫുട്ബാൾ കളിക്കാരനും കൂടിയാണ് അഹ്‌മദ്‌. ഇബിലീസ് എന്നാണ് അധ്യാപകർ അയാളെ കളിയാക്കി വിളിക്കുന്നത്. എന്നാൽ ഒരു മെച്ചപ്പെട്ട ഇബിലീസ് ആണ് അഹ്‌മദ്‌ എന്നാണ് ജിന്ന് കരുതുന്നത്. അതാണ് അയാൾക്കൊപ്പം നില്‍ക്കാൻ ജിന്നിനെ പ്രേരിപ്പിക്കുന്നത്. അതിനുമപ്പുറം, സ്വയം നല്ലവനായ ജിന്നാണോയെന്ന് ഈ അവസരം ഉപയോഗിച്ച് പരീക്ഷിക്കുകയും ചെയ്യുന്നു. ‘നല്ലവന്റെ ഒപ്പം നിൽക്കുന്നവനാണ് നല്ലവൻ’ എന്നും അവരാണ് അല്ലാഹുവിന് പ്രിയമുള്ളവർ ആകുന്നതെന്നും ജിന്ന് വിശ്വസിക്കുന്നു. അല്ലാഹുവിൽ വിശ്വാസമർപ്പിച്ച, നന്മ നിറഞ്ഞ, നന്മക്കൊപ്പം നില്ക്കാൻ മടികാണിക്കാത്ത ജിന്നാണ് സിനിമയുടെ മർമ്മം. നീതിയുടെ പക്ഷം പിടിക്കുന്ന ഒരു ഉത്തരകാല സാമൂഹിക പരിസരം ഭാവിയുടെ പ്രത്യാശയും സൂചകവുമായി അതിന് പശ്ചാത്തലമാകുന്നു.

അഹ്‌മദിന്റെയും ഷാദിയയുടെയും പ്രണയമാണ് കഥയുടെ പ്രധാന ധാര. ഏതൊരു സമുദായത്തിലും എന്ന പോലെ ഇരു കുടുംബങ്ങളിലും അത് പൊട്ടിത്തെറി  ഉണ്ടാക്കുന്നു. അതിന് പുറമേ നാട്ടിൽ നടക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പും ഫുട്ബാൾ മത്സരവും കോഴിക്കോട്ടെ ഭക്ഷണ സംസ്കാരത്തിലൂടെയുള്ള പകൽ നടത്തവും ഒക്കെ നിറഞ്ഞതാണ് സിനിമ. കാൽപ്പനിക പ്രണയത്തെ അൽപ്പം കളിയാക്കുമ്പോഴും, പ്രണയത്തെ ഒരു മിസ്റ്റിക്കൽ തലത്തിലേക്ക് ഉയർത്തി, ഇശ്‌ഖിന്റെയും മൊഹബ്ബത്തിന്റെയും വ്യത്യസ്ത തലങ്ങളിലൂടെ നോക്കിക്കാണാനും സിനിമ ശ്രമിക്കുന്നു. മുഖ്യധാരാ മലയാള സിനിമയിലെ കാൽപനികമായ ‘ഉമ്മച്ചിക്കുട്ടി’ പ്രണയ കഥനങ്ങളിൽനിന്നും ഏറെ വ്യത്യസ്തമാണത്.

പ്രണയത്തെ വൈകാരിക തലത്തിനുമപ്പുറം, സർവ്വശക്തനായ അല്ലാഹുവിന്റെ ആത്മീയ സാഗരത്തിൽ അലിഞ്ഞു ചേരാനുള്ള ജീവിത പ്രയാണമായി വിഭാവനം ചെയ്യുന്നതിലൂടെ, അത് സാർവലൗകികമായ ഒരു തലം ആർജ്ജിക്കുന്നു. പ്രണയ സാഫല്യത്തിലൂടെ അല്ലാഹുവിന്റെ നന്മ നിറഞ്ഞ പാതയിലേക്ക് ആനയിക്കപ്പെടുക കൂടിയാണ്. അതിലൂടെ സമുദായത്തിനും കുടുംബത്തിനുമുള്ളിലെ കലാപങ്ങൾ അവിടെത്തന്നെ സാഫല്യം കാണുന്നു. ഒരർഥത്തിൽ അതൊരു പരിമിതിയാണ്. എന്നാൽ മറ്റൊരു സാധ്യതയും. ആന്തരിക കലാപങ്ങളെ ഉൾക്കൊള്ളാൻ തക്കവണ്ണം വളരാനുള്ള പരമ്പരാഗത സമുദായങ്ങളുടെ അസാധ്യതയെ മറികടക്കാൻ സാധിക്കും എന്ന സാധ്യത. എന്നാൽ സമുദായത്തിനപ്പുറത്ത് ഇത് സാധ്യമാകുമോ എന്ന മറുചോദ്യം അപ്പോഴും അത് അവശേഷിപ്പിക്കും. അതിലേക്കു സിനിമ കടക്കുന്നില്ല.

കഥയുടെ ക്ലൈമാക്സ് നിയന്ത്രിക്കുന്നത് ജിന്ന് ആണെങ്കിലും, കഥാപാത്രങ്ങളുമായി ഒരിക്കൽ പോലും നേരിട്ട് സംവദിക്കുന്നില്ല. നായകനായ അഹ്‌മദിനൊപ്പം ഒരു അദൃശ്യ സഹചാരിയായി കൂടെക്കൂടുമ്പോഴും അയാളും ജിന്നും പരസ്പരം സംസാരിക്കുകയോ കാണുകയോ ചെയ്യുന്നില്ല.  ജിന്നിന്റെ സംസാരം മുഴുവനും പ്രേക്ഷകരോടാണ്. മൈതാനത്തു പന്തിട്ടു കൊടുത്ത് ആകാശ മേലാപ്പിൽ പതുങ്ങിയിരുന്ന് ഒരു സൂത്രധാരനെപ്പോലെ കളി നിയന്ത്രിക്കുന്ന സർവ്വശക്തനാൽ സൃഷ്ടിക്കപ്പെട്ട ജിന്ന്, ആ മിസ്റ്റിക്കൽ വ്യാഖ്യാനമാണ് കഥയ്‌ക്കൊപ്പം കൈമാറുന്നത്. ജിന്നിനെ കേന്ദ്രീകരിച്ച് ചിത്രീകരിച്ച ‘ദുനിയാവിൻ മൈതാനത്ത്’ എന്ന ഗാനം അതിന്റെ സത്ത ഉൾക്കൊള്ളുന്നതാണ്.

സമുദായ പരിഷ്കരണത്തിന്റെ മുൻപന്തിയിൽ നിൽക്കുന്ന മധ്യവർഗ മുസ്‌ലിം കുടുംബങ്ങളാണ് കഥയിൽ പ്രധാന പങ്കു വഹിക്കുന്നത്. ഫിലിപ്പോ ഒസെല്ലയും കരോളിൻ ഒസെല്ലയും ചൂണ്ടിക്കാണിച്ച, ആധുനിക വിദ്യാഭ്യാസവും ചിട്ടയായ ജീവിത രീതികളും തങ്ങളുടെ കുട്ടികൾക്ക് കൊടുക്കാൻ സ്വപ്നം കണ്ട, സമുദായ പരിഷ്കരണത്തിലൂടെ വളർന്നു വികസിച്ച കേരളത്തിലെ മധ്യവർഗ മുസ്‌ലിം കുടുംബങ്ങളിൽ നിന്നുള്ള ആത്മവിശ്വാസം ആർജ്ജിച്ച പുതു തലമുറയുടെ കഥയാണ് സിനിമയ്ക്ക് ഇതിവൃത്തമാകുന്നത്. ആധുനിക വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ കടന്നു വന്നിട്ടുള്ള മധ്യവർഗ മുസ്‌ലിം യുവ തലമുറയുടെ പ്രതിനിധികളാണവർ. സ്വത്വബോധമുള്ള, വ്യക്തമായ രാഷ്ട്രീയബോധ്യങ്ങളുള്ള മുസ്‌ലിം യുവ തലമുറ. മലപ്പുറത്തിന്റെ ഭാഷയുടെ തനിമയും ഭക്ഷണ സംസ്കാരവും നന്മയും നിറഞ്ഞു നിൽക്കുമ്പോഴും, ബഹുസ്വരമായ സമുദായ ബോധത്തിന്റെ ഉള്ളറയിലാണ് അവർ സ്വയം വിമർശിക്കുകയും നവീകരിക്കുകയും ചെയ്യുന്നത്. എന്നാൽ ബഹുസ്വരതയെ കുറിച്ചുള്ള പൊള്ളയായ ലിബറൽ യുക്തിബോധങ്ങളെ കണക്കറ്റ് പരിഹസിക്കുന്നുമുണ്ട് സിനിമ. ബഹുസ്വരതയില്ലാത്ത മുസ്‌ലിം ഗ്രാമത്തെ കുറിച്ചുള്ള അനിതരസാധാരണമായ ദുഃഖത്താൽ, ക്രിസ്മസ് കരോൾ നടത്തി പരിഹാസ്യനാകുന്ന യുക്തിവാദിയായ കുഞ്ഞാണി ഉദാഹരണം.

ഭാസുരമായ ഒരു പുതു മുസ്‌ലിം തലമുറയുടെ വരവിനെയാണ് സിനിമ ആഘോഷിക്കുന്നത്. പ്രത്യേകിച്ചും എടുത്ത് പറയേണ്ടതാണ് ഇരട്ട സഹോദരിമാരായ ഷാദിയയേയും ഹാദിയയെയും. ഉന്നത വിദ്യാഭ്യാസം സിദ്ധിച്ച അവരിൽ ഷാദിയയെയാണ് നായകനായ അഹ്‌മദ്‌ പ്രണയിക്കുന്നത്. എന്നാൽ ആദ്യാനുരാഗം തോന്നുന്നതാകട്ടെ ഹാദിയയോടും. അതിനു കാരണമാകുന്നത്, സിനിമാപ്രദർശനം തടയാൻ എത്തുന്ന ഹിന്ദുത്വ വർഗീയവാദികൾക്ക് എതിരെ ഫിലിം ഫെസ്റ്റിവലിൽ ഹാദിയ നടത്തുന്ന പ്രതിഷേധമാണു താനും.

വർത്തമാനകാല  സംഭവങ്ങളിൽ നിന്നും കടംകൊണ്ട കഥാസന്ദർഭം, മുസ്‌ലിം സമുദായത്തിനുള്ളിലെ ശക്തമായ രാഷ്ട്രീയ ശബ്ദമായി മുസ്‌ലിം യുവതികൾ വളർന്നു കഴിഞ്ഞു എന്നതിന്റെ സൂചന നൽകുന്നു. വിദ്യാസമ്പന്നയായ ഷാദിയ പ്രൊഫഷണൽ ആർക്കിടെക്റ്റാണ്. സമുദായത്തിനുള്ളിൽ വീർപ്പു മുട്ടുന്ന മുസ്‌ലിം സ്ത്രീ എന്ന ലിബറൽ പരിദേവനങ്ങളിൽ കുരുക്കിയിടാൻ ആകാത്തവണ്ണം സ്വാഭിമാന ബോധവും മത വിശ്വാസവുമുള്ള ആധുനിക മുസ്‌ലിം യുവതി. മറ്റൊരു സിനിമയിലും ഒരിക്കൽ പോലും വന്നു പോകാത്ത മണ്ണിന്റെ മലയാള മണമുള്ള കഥാപാത്രം.

മുസ്‌ലിം സമുദായത്തിന്റെ സ്ഥിരം വാർപ്പു മാതൃകകളെ പൊളിച്ചടുക്കുന്ന, സമുദായത്തിന്റെ ഉള്ളറിഞ്ഞ ദൃശ്യവൽക്കരണത്തിലൂടെ, സമൂഹ പുരോഗതിയുടെ, നീതിന്യായങ്ങളുടെ, സാഹോദര്യത്തിന്റെ നവ രാഷ്ട്രീയ ചാലകശക്തിയാകാൻ കെൽപ്പുള്ള ഒരു മുസ്‌ലിം മധ്യവർഗം വളർന്നു കഴിഞ്ഞു എന്നതിന്റെ സന്ദേശമാണ് ജിന്ന് പറയുന്ന കഥയിലൂടെ വെളിവാകുന്നത്. അന്ധവിശ്വാസികളും അപരിഷ്കൃതരും ദരിദ്രരുമായ ഒരു ജനതയുടെ പഴഞ്ചൻ വിശ്വാസങ്ങൾക്കൊപ്പമല്ല ജിന്ന് ഇവിടെ സൃഷ്ടിക്കപ്പെടുന്നത്. മറിച്ച്, ഉന്നത വിദ്യാഭ്യാസം ലഭിച്ച, സാമൂഹിക മാധ്യമങ്ങളിലൂടെ സംവദിക്കുന്ന ഒരു പുതു തലമുറ മുസ്‌ലിം യുവതക്കൊപ്പമാണ് ജിന്ന് ഉത്തരകാലത്ത് ഉദിച്ചുയരുന്നത്. അവരുടെ പ്രണയത്തിനും രാഷ്ട്രീയത്തിനും ഒപ്പം നിലയുറപ്പിച്ചു കൊണ്ട് സ്വയം നന്മയുടെ, നീതിയുടെ പാത തിരഞ്ഞെടുക്കുകയാണ് ജിന്ന്. പ്രേക്ഷകരോടായി അവരുടെ കഥ അൽപ്പം നർമ്മത്തിൽ ചാലിച്ച് പറയുന്നതിന്റെ ഉദ്ദേശ്യവും അതു തന്നെ.  നിരപരാധികളായ മുസ്‌ലിം യുവാക്കൾ ഇസ്‌ലാം വിരുദ്ധതയുടെ നുകമേറി, ഭരണകൂടത്താലും ഹൈന്ദവ വർഗീയതയുടെ ആശയങ്ങൾക്ക് പ്രചാരമേറുന്ന സമൂഹമധ്യത്തിലും ഭീകരമായി പീഡിപ്പിക്കപ്പെടുന്ന വർത്തമാനകാലത്ത്, രാഷ്ട്രീയ ബോധമുള്ള ആ യുവതലമുറക്കൊപ്പം ജിന്ന് നിൽപ്പുറപ്പിക്കുന്നു. എന്നിട്ട് പ്രേക്ഷകരോടായി പറയുന്നു, ‘നല്ലവന്റെയൊപ്പം നിൽക്കുന്നവനാണ് നല്ലവൻ’ എന്ന്. ഇതിലും വലിയൊരു സത്യവും പക്ഷംചേരലും വേറെയെന്തുണ്ട് ഈ ഗതികെട്ട വർത്തമാന കാലത്ത്? പൊതു സാംസ്കാരിക മണ്ഡലത്തിന്റെ പരിമിതികൾക്ക് ഉള്ളിൽ നിന്നുകൊണ്ട് കെ.എൽ. 10 പത്ത് സിനിമ തുറന്നു വിട്ട ജിന്ന് ഇന്നും നമുക്കിടയിൽ ചോരാത്ത പ്രതീക്ഷയായി, ഉള്ളിൽ നന്മയുടെ രാഷ്ട്രീയവും തെളിച്ച് ചുറ്റിത്തിരിഞ്ഞുകൊണ്ടിരിക്കുന്നു.

 

ഹൈദരാബാദ് ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാങ്ഗ്വേജസ് യൂണിവേഴ്‌സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖകൻ.

  • Amira, El-Zein.2009. Islam, Arabs and the Intelligent world of the Jinn. New York: Syracuse University Press.
  • Dalrymple, William.2003. City of Djinns: A Year in Delhi. New Delhi: Penguin Books.
  • Osella, Filippo and Osella, Caroline.2008. Islamism and Social Reform in Kerala, Modern Asian Studies, Vol. 42, No.2/3, Mar-May, 317-346.
  • Peterson, Mark Allen.2007. From Jinn to Genies: Intertextuality, Media and the Making of Global Folklore. In Folklore/Cinema: Popular Film as Vernacular Culture, ed. Sherman, Sharon R. and Koven, Mikel J., 93-112. University Press of Colarado, Utah State University Press.
  • Taneja, Anand Vivek.2013. Jinnealogy: Everyday life and Islamic theology in post-Partition Delhi. HAU: Journal of Ethnographic Theory, 3(3): 139-65.
Top