കശ്മീരും ഇൻഡ്യൻ മുസ്‌ലിംകളുടെ മൗനവും

കശ്മീരിനെ കുറിച്ച ഇൻഡ്യൻ മുസ്ലിംകളിൽ ചിലരുടെ നിശബ്ദത ആശങ്കയുണർത്തുന്നതാണ്. ഈ മനോഭാവത്തിന്റെ വേരുകൾ കണ്ടുപിടിക്കേണ്ട സമയമായിരിക്കുന്നു. 1948 ജനുവരി 6ലേക്കാണ് അത് ചെന്നെത്തുന്നത്. എ.ജി.നൂറാനി എഴുതുന്നു.

കശ്മീരി മുസ്ലിംകളുടെ വേദനകളോടും പ്രയാസങ്ങളോടുമുള്ള ഇൻഡ്യൻ മുസ്ലിംകളുടെ മൗനം എന്ന പ്രശ്നം 1947 ഒക്ടോബർ 26ലെ കൂട്ടിച്ചേർക്കൽ കരാർ (Instrument of Accession) മുതൽക്ക് തുടരുകയാണ്. ആഗസ്റ്റ് 5ന് കശ്മീരിന്റെ സ്വയംഭരണാധികാരത്തിനു മേൽ മോദി സർക്കാർ നടത്തിയ ആക്രമണം പ്രസ്തുത പ്രശ്നത്തെ കുറേക്കൂടി മുന്നോട്ടു കൊണ്ടുവന്നിട്ടുണ്ട്. കുറ്റകൃത്യത്തോടുള്ള മൗനം വിവരണാതീതവും അപലപനീയവുമാണ്.

പ്രമുഖ കശ്മീരി മാധ്യമപ്രവർത്തകൻ യൂസുഫ് ജമീൽ റിപ്പോർട്ട് ചെയ്യുന്നു: “ഇൻഡ്യൻ മുസ്ലിം നേതാക്കളുടെ പരിമിതികൾ കശ്മീരി മുസ്ലിംകൾ മനസിലാക്കുന്നു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഇൻഡ്യൻ മുസ്ലിംകൾ തങ്ങളുടെ പ്രസ്താവനകളിലും പ്രവർത്തനങ്ങളിലും ശ്രദ്ധപുലർത്തേണ്ടതുണ്ട് – പ്രത്യേകിച്ച് കശ്മീർ വിഷയത്തിൽ. ഒഴുക്കിനെതിരെ നീന്താനുള്ള കഴിവ് അവർക്കില്ല. കൂടാതെ ഇൻഡ്യൻ മുസ്ലിംകൾ മറ്റെല്ലാ ഇന്ത്യക്കാരെയും പോലെ തന്നെ ഉത്തരവാദിത്തബോധമുള്ളവരാണ്. അതുകൊണ്ട്, കശ്മീരിനെ സംബന്ധിച്ച ദേശീയ നിലപാടിൽ നിന്ന് അവർ വ്യതിചലിക്കുമെന്ന് പ്രതീക്ഷിക്കേണ്ടതില്ലെന്നും കശ്മീരി മുസ്ലിംകൾ തിരിച്ചറിയുന്നു.”

“എന്നിരുന്നാലും, സാധാരണ ഇൻഡ്യൻ മുസ്ലിംകളിൽ ഭൂരിഭാഗവും കശ്മീരിനെ സംബന്ധിച്ച് ഉത്കണ്ഠാകുലരാണെന്നും സഹായ ഹസ്തം നീട്ടാൻ ശ്രമിച്ചിട്ടുണ്ടെന്നുമാണ് വിവിധ ഭാഗങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സാധാരണ ഇൻഡ്യൻ മുസ്ലിംകൾക്കിടയിലെ “മനംമാറ്റം” കശ്മീരി വ്യാപാരികളും വിദ്യാർഥികളും ശരിവെക്കുന്നുണ്ട്.”

ഇൻഡ്യൻ മുസ്ലിംകളുടെ സമഷ്ടി സ്നേഹം അദ്ദേഹത്തിന്റെ (യൂസുഫ് ജമീൽ) ശ്രദ്ധയാകർഷിച്ചിട്ടുണ്ടെങ്കിലും, അവരിൽ ചിലരുടെ നിശബ്ദതയെ കുറിച്ച് അദ്ദേഹം ആശങ്കാകുലനാണ്. ഈ മനോഭാവത്തിന്റെ വേരുകൾ കണ്ടുപിടിക്കേണ്ട സമയമായിരിക്കുന്നു. 1948 ജനുവരി 6ലേക്കാണ് അത് ചെന്നെത്തുന്നത്. 1947 ഡിസംബർ 28ന് ഇൻഡ്യൻ യൂണിയൻ മുസ്ലിം കോൺഫറൻസിനെ അഭിസംബോധന ചെയ്ത് മൗലാന അബുൽ കലാം ആസാദ് സംസാരിച്ച് അധിക നാൾ കഴിയുന്നതിനു മുൻപ്, 1948 ജനുവരി 6ന് അദ്ദേഹത്തിന്റെ സഹപ്രവർത്തകനും ഇൻഡ്യയുടെ ഉപപ്രധാനമന്ത്രിയുമായിരുന്ന വല്ലഭായ് പട്ടേൽ ഒരു യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയുണ്ടായി. രണ്ടു സമ്മേളനങ്ങളും ലഖ്നോയിൽ വെച്ചാണ് നടന്നത്. അന്ന് പട്ടേൽ പറഞ്ഞു: “ഇൻഡ്യൻ മുസ്ലിംകളോട് എനിക്ക് ഒരൊറ്റ ചോദ്യം മാത്രമേ ചോദിക്കാനുള്ളൂ. അടുത്തിടെ നടന്ന ഓൾ ഇൻഡ്യ മുസ്ലിം കോൺഫറൻസിൽ കശ്മീർ വിഷയവുമായി ബന്ധപ്പെട്ട് നിങ്ങളെന്തുകൊണ്ടാണ് ഒരക്ഷരം പോലും പറയാതിരുന്നത്? എന്തുകൊണ്ട് നിങ്ങൾ പാകിസ്ഥാന്റെ ചെയ്തിയെ അപലപിച്ചില്ല? ഇത്തരം കാര്യങ്ങൾ ജനങ്ങളുടെ മനസിൽ സംശയങ്ങൾ ഉണ്ടാക്കുന്നുണ്ട്.”

പട്ടേലിന്റെ മക്കാർത്തിയൻ സ്റ്റൈൽ വിശ്വസ്ഥതാ പരിശോധന നെഹ്റു പിന്തുടർന്നില്ലെങ്കിലും, കാലക്രമേണ തന്റെ വിദേശനയങ്ങളോട് – പ്രത്യേകിച്ച് കശ്മീരുമായി ബന്ധപ്പെട്ട നയങ്ങളോട് – വിയോജിക്കുന്നവരോട് അദ്ദേഹം കൂടുതൽ അസഹിഷ്ണുത പുലർത്തി. തന്റെ കശ്മീർ നയത്തോട് വിയോജിച്ചതിന്റെ പേരിൽ സുഹൃത്ത് മൃദുല സാരാഭായിയെ നെഹ്റു കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ നിന്നും പുറത്താക്കിയിരുന്നു. മൃദുല സാരാഭായ് തന്റെ അവസാനശ്വാസം വരെയും ശൈഖ് അബ്ദുല്ലയെയായിരുന്നു പിന്തുണച്ചത്.

ശൈഖ് അബ്ദുല്ലയും ജവഹർലാൽ നെഹ്റുവും.

1951ൽ, നെഹ്റുവിന്റെ സുഹൃത്ത് സാക്കിർ ഹുസൈന്റെ നേതൃത്വത്തിൽ ഇൻഡ്യൻ മുസ്ലിംകളുടെ ഒരു പ്രതിനിധി സംഘം, കശ്മീർ വിഷയത്തിലെ യു.എൻ മധ്യസ്ഥൻ ഫ്രാങ്ക് പി.ഗ്രഹാമിനെ വിളിച്ചെങ്കിൽ,  അത് തീർച്ചയായും നെഹ്റുവിൽ നിന്നുണ്ടായ ഈ ഒരൊറ്റ സംഭവത്തിന്റെ പുറത്തായിരുന്നു. 1958 മാർച്ചിൽ ലഖ്നോവിൽ വെച്ച് നടന്ന ഇൻഡ്യൻ മുസ്ലിം നിയമ സമാജികരുടെ ഒരു സമ്മേളനം, തങ്ങളുടെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളിലൂടെ അധികാരത്തിലേറാനുള്ള തീരുമാനം കശ്മീർ ജനത അംഗീകരിച്ചതായും, ഈ തീരുമാനം അന്തിമമാണെന്നും, “ഈ നിലപാടിനെ തകർക്കാനോ ദുർബലപ്പെടുത്താനോ ഉള്ള ഏതൊരു നീക്കവും ദുരുദ്ദേശപൂർണവും വിനാശകരവുമാണ്” എന്ന് അവകാശപ്പെട്ടിരുന്നു.

കശ്മീരിലെ മുസ്ലിം ഭൂരിപക്ഷത്തിന്റെ സവിശേഷ സന്നിഗ്ധാവസ്ഥകളെ കുറിച്ച് ഛതാരി നവാബ് ഇൻഡ്യൻ മുസ്ലിംകളോടു പറയുന്നത്: “കശ്മീരിന്റെ പുരോഗതിയും ഐശ്വര്യവും മതേതര ജനാധിപത്യത്തിന്റെ പ്രത്യക്ഷ ചിഹ്നമായാണ് അവർക്ക് അനുഭവപ്പെടുന്നത്..” എന്നാണ്.

ഇൻഡ്യൻ മുസ്ലിംകളെയും ഇൻഡ്യൻ മതേതരത്വത്തെയും സംരക്ഷിക്കാൻ കശ്മീർ ഇൻഡ്യൻ യൂണിയനോടൊപ്പം തുടരേണ്ടത് അനിവാര്യമാണ് എന്ന നെഹ്റു മുന്നോട്ടു വെച്ച നവക്രമം ഇതിൽ പ്രതിധ്വനിക്കുന്നുണ്ട്. ഈ ബന്ദിയാക്കൽ സിദ്ധാന്തം വൈകിയാണ് പ്രചരിപ്പിക്കപ്പെട്ടത്. പിന്നെന്തുകൊണ്ടാണ് 1947 മുതൽ 1953 വരെ നെഹ്റു വോട്ടെടുപ്പ് നടത്തിയത്? കശ്മീർ വിഷയത്തിലെ ഇൻഡ്യൻ മുസ്ലിംകളുടെ നിലപാടിനെ സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രസിദ്ധീകരണ വിഭാഗം ഒരു ബ്രോഷർ പുറത്തിറക്കിയിരുന്നു. വിവാഹക്ഷണക്കത്തു പോലെ അതു എല്ലായിടങ്ങളിലും വിതരണം ചെയ്യപ്പെട്ടു. 

അത്യന്തം ലജ്ജാവഹമായ ഈ തന്ത്രം വിജയം കണ്ടു. കശ്മീർ എന്ന വാക്ക് കേൾക്കുമ്പോഴേക്കും മുസ്ലിംകൾ മാളത്തിൽ കയറി ഒളിക്കും. കശ്മീർ വിഷയത്തിൽ ശൈഖ് അബ്ദുല്ലയെ പിന്തുണച്ചതിന്റെ പേരിൽ, മുതിർന്ന സോഷ്യലിസ്റ്റ് രാഷ്ട്രീയക്കാരനായ അശോക് മേത്ത, ഈ ലേഖകനെ ശാസിച്ചിരുന്നു : “(താങ്കളെ പോലെയുള്ള) ഇൻഡ്യൻ മുസ്ലിംകൾ അത്തരം വീക്ഷണങ്ങൾ വെച്ചുപുലർത്തുന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു”.

താമസിയാതെ ഈ അസഹിഷ്ണുത മുസ്ലിംകളുടെ വർധിച്ചുവരുന്ന ആവലാതികളുടെ പരിഹാര പ്രവർത്തനങ്ങളിലേക്കു കൂടി വ്യാപിക്കപ്പെട്ടു. കലാപത്താൽ തകർന്ന സമ്പൽപൂരിലെ മുസ്ലിംകൾ കൂടിക്കാഴ്ച നടത്തിയത് സംരക്ഷണം ആവശ്യപ്പെടാനല്ല. മറിച്ച്, “ഇൻഡ്യയിലേക്കുള്ള കശ്മീരിന്റെ കൂട്ടിച്ചേർക്കൽ പിൻവലിക്കാൻ സാധിക്കില്ല” എന്ന് അവകാശപ്പെട്ടു കൊണ്ട് ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ സമിതി അംഗങ്ങൾക്ക് ടെലഗ്രാം അയക്കാൻ വേണ്ടിയാണ്. സ്വന്തം പരാതികൾ ഉന്നയിക്കാൻ വരുന്ന മുസ്ലിംകൾ വർഗീയവാദികളും കശ്മീരുമായി ബന്ധപ്പെട്ട ഇൻഡ്യൻ നിലപാടിനെ പിന്തുണയ്ക്കാനായി വരുന്നവർ ദേശീയവാദികളും ആയിത്തീർന്നു.

എ.ജി.നൂറാനി

ഈ നിലപാടിലൂടെ മുസ്ലിംകൾക്കിടയിലുണ്ടായ അങ്കിൾ ടോമുമാരുടെ ഉയർച്ചയും സാമ്പത്തിക അഭിവൃദ്ധിയും പ്രകടമാണ്. ഇപ്പോഴെങ്കിലും, ഈ ഭീരുത്വം നിറഞ്ഞ നയം നാം അവസാനിപ്പിക്കണം.

ഒന്നാമതായി, ഇൻഡ്യയിലെ മുസ്ലിംകൾ കശ്മീരികൾക്ക് സഹായവും പിന്തുണയും പ്രദാനം ചെയ്യണം; പ്രത്യേകിച്ച് ബുദ്ധിമുട്ടുകൾ നേരിടുന്ന വിദ്യാർഥികൾക്ക്. അടുത്തതായി, അവർ അവരുടെ വീക്ഷണങ്ങളും കാഴ്ചപ്പാടുകളും സ്വതന്ത്രമായി വിളിച്ചു പറയണം. ന്യൂനപക്ഷങ്ങളുടെ ഭാവി ഇൻഡ്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധത്തിന്റെ അവസ്ഥയെ ആശ്രയിച്ചാണിരിക്കുന്നത് എന്ന് 1947ൽ ജിന്നയും നെഹ്റുവും പറഞ്ഞിരുന്നു. കശ്മീർ പ്രശ്നം പരിഹരിക്കണമെന്നും പാകിസ്ഥാൻ-ഇൻഡ്യ ബന്ധം മെച്ചപ്പെടുത്തണമെന്നും മുസ്ലിംകൾ ആവശ്യപ്പെടണം. അവസാനമായി, പൗരാവകാശ പ്രവർത്തകരുമായി ചേർന്ന് കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ കശ്മീരികളോട് പിന്തുണ പ്രഖ്യാപിക്കണം.

(മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന എഴുത്തുകാരനും അഭിഭാഷകനുമാണ് ലേഖകൻ).

മൊഴിമാറ്റം: ഇർഷാദ് കാളച്ചാൽ

കടപ്പാട്: ഡോൺ.കോം

  • https://www.dawn.com/news/1512994
Top