‘മുടി’യിലെ രാഷ്ട്രീയം

കോവിഡ് കാല പ്രതിസന്ധികൾ ഒരു സാധാരണ മുടിവെട്ടുകാരന്റെ ജീവിതത്തിൽ ഏൽപ്പിക്കുന്ന ആഘാതങ്ങളുടെ ചിത്രീകരണമാണ് മുടി. നായകൻ നേരിടുന്ന ജാതീയ വിവേചനങ്ങൾക്കൊപ്പം അയാളുടെ സ്വത്വവും, പ്രദേശവും, സാമൂഹിക കർതൃത്വവും ഇഴചേരുമ്പോൾ സവിശേഷമായ ഒരു രാഷ്ട്രീയ മാനം സിനിമക്ക് കൈവരുന്നുണ്ട്. അഫ്ഖസ് അഹദ് എഴുതുന്നു.

തലയിൽ ഉണ്ടാവുമ്പോൾ/ഇല്ലാതിരിക്കുമ്പോൾ ആളുകൾ ശ്രദ്ധിക്കപ്പെടുകയും, എന്നാൽ വെട്ടികളഞ്ഞതിനു ശേഷം അവഗണനക്കും വെറുപ്പിനും മാത്രം പാത്രമാവുകയും ചെയ്യുന്ന ഒന്നാണ് മുടി. സിനിമയുടെ പേരു തന്നെ അതുയർത്തുന്ന ചിന്തയെ യഥാർത്ഥത്തിൽ ഉൾകൊള്ളുന്നുണ്ട്. കുലത്തൊഴിലിൻ്റെ ഭാഗമായി എല്ലാവരും ആശ്രയിക്കുകയും, എന്നാൽ അതിന്റെ പേരിൽ തന്നെ ജാതി വിവേചനം അനുഭവിക്കുന്നവരുമാണ് മുടി വെട്ടുകാർ.

സിനിമ സംഭവിക്കുന്നത് ‘പ്രകൃതി രമണീയമായ’ ഗ്രാമത്തിലോ ആധുനികമായ വൻ നഗരത്തിലോ അല്ല. നേരെമറിച്ച്, ഒരു തുരുത്തിലാണ്. സിനിമയുടെ ലൊക്കേഷൻ അതു നൽകാൻ ഉദ്ദേശിക്കുന്ന രാഷ്ട്രീയ സന്ദേശത്തിന് വളരെ യോജിച്ച ഒന്നാണ്. തുരുത്ത്, കോളനി, കടപ്പുറം തുടങ്ങിയവ ഭൂമിശാസ്ത്രപരമായും സാമൂഹിക-രാഷ്ട്രീയപരമായും പൊതുബോധ നിർമിതികളുടെ പുറത്തു നിൽക്കുന്നതും, അവരുടെ മുൻവിധികൾക്കും അവജ്ഞതക്കും പാത്രമാകുന്നതുമാണ്.

സിനിമയുടെ പേര്, ലൊക്കേഷൻ തുടങ്ങിയ അടിസ്ഥാന ഘടകങ്ങളിൽ തന്നെ സിനിമ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയം പ്രതീകാത്മകമായി അവതരിപ്പിക്കപ്പെടുന്നുണ്ട്. ആ ഘടകങ്ങളിലെല്ലാം ‘തുരുത്തുകളോടുള്ള’ മുഖ്യധാരയുടെ സമീപനം ഒരു പൊതു ഉള്ളടക്കമായി നിലനിൽക്കുന്നു. കോവിഡിന്റെയും അതിനെ തുടർന്നുള്ള ഭരണകൂട നടപടികളുടെയും ഭാഗമായി സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്ന ജനങ്ങളുടെ ദൈനംദിന ജീവിതാനുഭവങ്ങളാണ് കഥയിലെ നായകനെ കേന്ദ്രീകരിച്ചുകൊണ്ട് സിനിമ പറഞ്ഞുവെക്കുന്നത്. സിനിമയുടെ രാഷ്ട്രീയ ഉള്ളടക്കത്തെ കോവിഡ് കാല പ്രതിസന്ധികളോട് മനോഹരമായി ബന്ധപ്പെടുത്തി അവതരിപ്പിക്കുന്നതിൽ സിനിമ വിജയിച്ചിട്ടുണ്ട്.

അടിസ്ഥാന ആവശ്യങ്ങൾ നിർവഹിക്കാനുള്ള ഒരു സാധാരണക്കാരന്റെ പെടാപ്പാടുകൾ, കോവിഡ് കാല സുരക്ഷാ നടപടികളെന്ന പേരിൽ സ്റ്റേറ്റിൻ്റെ ഭാഗത്ത് നിന്നുള്ള തീവ്രമായ പോലീസിങ് തുടങ്ങിയ പ്രമേയങ്ങളെ വിവിധ സീനുകളിലായി അവതരിപ്പിക്കുന്നുണ്ട്. സ്റ്റേറ്റിന്റെ ഏജന്റുകളായ പോലീസിന് ലഭിക്കുന്ന പരിഗണന ഒരു സാധാരണക്കാരനു ലഭിക്കാതെ പോവുന്നു എന്നു മാത്രമല്ല, സാധാരണ ജനങ്ങൾ പോലീസ് അതിക്രമങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്നു. നായകനെ തല്ലിയ പോലീസുകാരനെ “സർ…സർ” എന്നു വിളിച്ച് മയപെടുത്തുന്ന പോലീസുകാരുടെ ഒപ്പമുള്ളവരുടെ ഡയലോഗുകൾ, കോവിഡ് കാല പോലീസിങുകളടെയും അതിനു മധ്യവർഗ പൊതുസമൂഹം നൽകുന്ന പിന്തുണയെയും സിനിമ എടുത്തു കാണിക്കുകയും വിചാരണക്കു വെക്കുകയും ചെയ്യുന്നു. സിനിമയിലെ മർമ പ്രധാനമായ മറ്റൊരു പ്രമേയം ജാതീയതയും അതിനോട് പ്രതി സ്വഭാവമുള്ള നായകൻ്റെ പ്രതികരണവുമാണ്.

നായകൻ പണ്ട് പാർട്ടിയിലുണ്ടായിരുന്നു. പാർട്ടി നേതാവിന്റെ മകളെ ഇഷ്ടപ്പെട്ടിരുന്നു. എന്നാൽ മുടി വെട്ടുകാരനായതു കൊണ്ട് മകളെ നായകന് വിവാഹം കഴിപ്പിച്ചു കൊടുക്കാതെ അയാളുടെ സുഹൃത്തിന് വിവാഹം ചെയ്തു കൊടുക്കുകയാണ് അയാൾ ചെയ്തത്. ഇത് നായകനെ മാനസികമായി മുറിവേൽപ്പിച്ചിരുന്നു. പാർട്ടി നേതാവിന്റെ ദുരഭിമാനവും ഇവിടെ വ്യക്തമാണ്. പ്രത്യക്ഷമായല്ലെങ്കിലും ‘പാർട്ടി’ എന്ന റഫറൻസിലൂടെ തന്നെ പുരോഗമനം നടിക്കുന്നവരുടെ ഉള്ളിൽ അന്തർലീനമായി കിടക്കുന്ന ജാതീയതയെ വലിച്ചു പുറത്തിടുന്നുണ്ട് ചിത്രം. ഇവ്വിധം ജാതീയ വിവേചനത്തിന് ഇരയായ നായകൻ പിന്നീട് തന്റെ ആത്മാഭിമാനം വീണ്ടെടുത്തുകൊണ്ട്, സ്നേഹിച്ച പെണ്ണിനെ വിവാഹം കഴിച്ച സുരേന്ദ്രൻ്റെ കടയിൽ നിന്നും സാധനങ്ങൾ വാങ്ങുകയില്ല എന്ന് തീരുമാനിക്കുന്നുണ്ട്. സാധനങ്ങൾ വാങ്ങാനുള്ള നായകൻ്റെ മടി പ്രത്യക്ഷത്തിൽ വ്യക്തിവൈരാഗ്യം എന്നു തോന്നുമെങ്കിലും, അതിനെ ജാതീയ വിവേചനത്തോടുള്ള ശക്തമായ പ്രതികരണമായി വായിച്ചാൽ ക്ലൈമാക്സ് ഉൾപ്പെടെയുള്ള കാര്യങ്ങളും കുറച്ചുകൂടി വ്യക്തതയോടെ മനസ്സിലാകും. ഈ തീരുമാനത്തിൽ തന്നെ വിശാലമായ ഒരു ബഹിഷ്കരണ ആഹ്വാനം നായകൻ നൽകുന്നുണ്ട്. സവർണർ നൂറ്റാണ്ടുകളായി ബഹിഷ്കരിച്ചു പോരുന്ന കീഴാള വിഭാഗത്തിന്റെ കേവലമായ ഒരു ‘നിഷ്കളങ്ക’ പ്രതികരണം എന്നതിലുപരി, ഉപഭോക്താവ് എന്ന നിലക്ക് തന്റെ തെരഞ്ഞെടുപ്പു സ്വാതന്ത്രം ജാതിവിരുദ്ധ പോരാട്ടത്തിന്റെ ഭാഗമാക്കി മാറ്റുകയാണ് നായകൻ ഇവിടെ ചെയ്യുന്നത്. ജന്മി മണ്ണു വാരിയിട്ട കഞ്ഞി കുടിപ്പിച്ചതിനോടുള്ള പ്രതിഷേധമായി ജീവിതത്തിൽ ഒരിക്കൽ പോലും കഞ്ഞി കുടിക്കാതിരിക്കുന്ന ഒരാൾ ജയമോഹന്റെ വണങ്ങാൻ എന്ന കഥയിൽ കഥാപാത്രമായി വരുന്നുണ്ട്.

പാവപ്പെട്ടവന് പകരം തീർക്കാൻ സ്വന്തം വയറും ആത്മാവും മാത്രമല്ലെ ഉള്ളത് എന്ന് ജയമോഹൻ ആ കഥയിലൂടെ പറയുന്നു. ഇവിടെ സുരേന്ദ്രൻ്റെ കടയിൽ നിന്ന് സാധനങ്ങൾ വാങ്ങുകയില്ല, എന്ന നായകൻ്റെ നിലപാട് രൂപപ്പെടുന്നത് സമാനമായ ആത്മരോഷത്തിൽ നിന്നാണ്. നായകന്റെ സ്വത്വബോധം സിനിമയിലുടനീളം കാണാം. ചൊവ്വാഴ്ച മുടി വെട്ടുന്നത് ധനനഷ്ടത്തിന് കാരണമാവുകയില്ലേ എന്ന ചോദ്യത്തിന്, മാനനഷ്ടത്തിനാണ് താൻ കൂടുതൽ പ്രാധാന്യം കൽപ്പിക്കുന്നത് എന്ന രീതിയിലാണ് നായകൻ മറുപടി നൽകുന്നത്. കഥാനായകൻ തന്റെ സ്വത്വത്തെയും അതിന്റെ രാഷ്ട്രീയത്തെയും കുറിച്ച് കൃത്യമായ ബോധമുള്ളയാളാണെന്ന് അടയാളപ്പെടുത്താൻ സംവിധായകൻ അംബേഡ്കറിൻ്റെ കലണ്ടർ, ദലിത് നേതാക്കളുടെ ചിത്രങ്ങൾ തുടങ്ങിയ സൂചകങ്ങൾ വിവിധ ഫ്രൈമുകളിൽ കൊണ്ടുവരുന്നുണ്ട്.

കോവിഡും ജാതീയതയും തമ്മിലുള്ള ചില സമാനതകളെ താരതമ്യപ്പെടുത്തി കൊണ്ട് ശക്തമായ ആക്ഷേപഹാസ്യ രംഗങ്ങൾ സിനിമയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വർഷങ്ങളായി കീഴാളരിൽ നിന്ന് സാമൂഹിക അകലം പാലിക്കുന്ന മേൽജാതിക്കാർ, ക്വാറന്റൈൻ മൂലം ജനാലകൾക്കുള്ളിൽ അകപ്പെട്ടു പോകുന്നു. ജാതിയുടെ പേരിൽ തൻ്റെ പാർട്ടിയിൽ തന്നെ ഉള്ളയാൾക്ക് സ്വന്തം മകളെ കെട്ടിച്ചു കൊടുക്കാത്ത വ്യക്തി, അവസാനം കോവിഡ് വന്നു മരിക്കുമ്പോൾ ദഹിപ്പിക്കാൻ ജാതീയമായി മുന്നിട്ടുനിൽക്കുന്ന മകളുടെ ഭർത്താവിന് പോലും സാധ്യമായില്ല. പകരം ജാതീയമായി താഴെ തട്ടിലുള്ള കഥാ നായകനെ വിളിച്ചു വരുത്തുകയാണുണ്ടായത്. അയിത്ത സങ്കൽപ്പങ്ങളെ പരിഹസിക്കും വിധം പിപിഇ കിറ്റ് ധരിച്ച് ശവസംസ്കാരം നടത്തുന്നു. തിരിച്ചുവരുമ്പോൾ ജനാലകൾക്കുള്ളിലുള്ള സുരേന്ദ്രനെ നോക്കി കഥാനായകൻ ഒന്ന് ചിരിക്കുന്നുണ്ട്. ആ ചിരി ആയിരം വർഷങ്ങളായി വിവേചനം അനുഭവിക്കുന്ന ഒരു ജനതയുടെ പുച്ഛവും, നായകൻ്റെ പ്രതികാരവുമാവാം. സിനിമ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയത്തെ ഒരു ചിരിയിലേക്ക് കൊണ്ടെത്തിക്കുകയുമാവാം സംവിധായകൻ.

ദൈനംദിന രാഷ്ട്രീയം, സ്വത്വബോധം, ആത്മാഭിമാനം, പ്രണയം എന്നിങ്ങനെ പല വിഷയങ്ങളും സിനിമ ഉൾക്കൊള്ളുന്നുണ്ട്. വളരെ ചെറിയ സമയം കൊണ്ട്, ലളിതമായ രീതിയിൽ വേരിട്ട രാഷ്ട്രീയ വീക്ഷണങ്ങളെയും, ചിന്തയെ പ്രചോദിപ്പിക്കുന്ന ആശയങ്ങളെയും പങ്കുവെക്കാൻ സിനിമക്ക് സാധിച്ചിട്ടുണ്ട്.

Top