ദലിത്-ബഹുജൻ സ്ത്രീകളും പൗരത്വ നിയമവും
ദലിത്-ബഹുജൻ സ്ത്രീകൾ ജാതിയുടെയും വർഗത്തിന്റെയും പേരിൽ അംഗീകാരമുള്ള പൊതു പരിസരങ്ങളിൽ നിന്നും പണ്ടുമുതൽക്കേ മാറ്റിനിർത്തപ്പെട്ടവരാണ്. അഥവാ, ദലിത്-ബഹുജൻ സ്ത്രീകൾ നിയമപരമായ പൗരത്വത്തിൽ നിന്ന് മാത്രമല്ല, ചരിത്രപരമായി തന്നെ സാമൂഹികമായ പൗരത്വത്തിൽ നിന്നും അകറ്റിനിർത്തപ്പെട്ടവരാണ്. പുതിയ പൗരത്വ നിയമം ഇതിനോടകം തന്നെ സമൂഹത്തിന്റെ അരികുകളിലേക്ക് മാറ്റപ്പെട്ട ദലിത്-ബഹുജൻ സ്ത്രീകളെ പൂർണമായും പൊതുമണ്ഡലത്തിൽ അപ്രസക്തരാക്കാൻ വഴിതെളിക്കും. കാർമൽ ക്രിസ്റ്റി എഴുതുന്നു.
നിയമപരമായ അംഗീകാരം എന്നതിലുപരി, ഒരു മനുഷ്യന് നിലനിൽക്കാൻ ആവശ്യമായ നിരവധി അംഗീകാരങ്ങളിൽ ഒന്നാണ് പൗരത്വം. ആരാലും അംഗീകരിക്കപ്പെടാത്ത ജീവിതം ഒരാളും ആഗ്രഹിക്കുന്നില്ല. അതൊരു മനുഷ്യൻ അർഹിക്കുന്ന അന്തസ്സുള്ള ജീവിതവുമല്ല. നിയമപരവും രാഷ്ട്രീയപരവും സാമൂഹികവും സർവോപരി വ്യക്തിപരവുമായ അംഗീകാരം പൂർണമായ ജീവിതം നയിക്കാൻ മനുഷ്യന് ആവശ്യമായ അടിസ്ഥാന ഘടകങ്ങളിൽ പെട്ടതാണ്.
ഹിന്ദു-വലതുപക്ഷ സർക്കാരിന്റെ പൗരത്വ നിയമം മുസ്‌ലിം ജനതയെ ഒന്നടങ്കം ഈ രാജ്യത്തെ പൗരൻ എന്ന നിയമപരമായ അവകാശത്തിൽ നിന്ന് വ്യക്തമായി പുറന്തള്ളുന്ന ഒന്നാണ്. ഈ അധീശത്വ നിയമത്തിനെതിരെ മുസ്‌ലിം സ്ത്രീകളടക്കം വലിയ പ്രക്ഷോഭങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന വളരെ പ്രധാനപ്പെട്ട സമയമാണിത്. എന്നാൽ, നമുക്കറിയാവുന്നതു പോലെ ഈ പൗരത്വ നിയമം സ്വാതന്ത്രത്തിന് ശേഷം പല നിറങ്ങളിലും ഭാവങ്ങളിലും നിലനിന്നുപോന്ന ഹിന്ദു അധീശത്വത്തിന്റെ ഏറ്റവും പുതിയ അടിച്ചേൽപ്പിക്കലാണ്. അഥവാ, സാംസ്കാരികമായും സാമൂഹികമായും ഇവിടെ നിലനിൽക്കുന്ന മതന്യൂനപക്ഷ വിരുദ്ധതയും ഹിന്ദു ബ്രാഹ്മണ്യത്തിലധിഷ്ഠിതമായ സാമൂഹിക വ്യവസ്ഥിതിയുമാണ് ഇത്തരമൊരു നിയമനിർമാണത്തിന് വലതുപക്ഷ-ഹിന്ദുത്വ പാർട്ടിക്ക് പ്രചോദനമായത് എന്നതിൽ സംശയമില്ല.
ബ്രാഹ്മണ്യ ഹിന്ദുത്വം കാലാകാലങ്ങളായി അടിച്ചമർത്തിയതിന്റെ ഫലമായി സാമൂഹികമായും സാമ്പത്തികമായും അരികുകളിലേക്കു തള്ളപ്പെട്ടവരാണ് ഇവിടുത്തെ ദലിത്-ബഹുജനങ്ങൾ. വലിയൊരു വിഭാഗം ദലിത്-ബഹുജനങ്ങൾ സ്വന്തമായി ഭൂമിയില്ലാത്തവരും, പൂർവികരുടെ എഴുതപ്പെട്ട യാതൊരു ചരിത്രവും കൈവശമില്ലാത്തവരുമാണ്.
ചരിത്രരേഖകൾ പൗരത്വത്തിനു നിദാനമാകുമ്പോൾ ബഹുഭൂരിപക്ഷം ദലിത്-ബഹുജനങ്ങളും മുസ്‌ലിംകളും ഇൻഡ്യക്കാരല്ലാതായി മാറും. ഇന്നാട്ടിലെ മുസ്‌ലിംകൾ മാത്രമല്ല ഹിന്ദു, ക്രിസ്ത്യൻ, സിഖ് തുടങ്ങിയ എല്ലാ മതങ്ങളിലെയും ദലിത്-ബഹുജനങ്ങൾക്ക് എതിരെയുള്ളതാണ് പുതിയ പൗരത്വ നിയമം. യാതൊരു നീതിയുമില്ലാത്ത ഹിന്ദു ദേശീയതയുടെ വക്താക്കളായ കേന്ദ്ര സർക്കാരിന്റെ നീക്കം ന്യായീകരിക്കാനാവാത്ത തെറ്റാണ്.
മുസ്‌ലിംകൾ മാത്രമല്ല, ഭൂമി അവകാശങ്ങളില്ലാത്ത ദലിത്-ബഹുജനങ്ങളും ആദിവാസികളും പൗരത്വത്തിന് അർഹരാകാൻ വളരെ നീണ്ട പ്രക്രിയകളിലൂടെ കടന്നുപോകേണ്ടി വരും. ഇൻഡ്യയുടെ വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിൽ പൗരത്വ നിയമത്തിനെതിരെ നടക്കുന്ന സമരങ്ങൾക്ക് കാരണം ഇതാണ്.
മുൻപ് സൂചിപ്പിച്ചതുപോലെ, ഈ തെറ്റ് ഇതിനു മുൻപ് മറ്റു സർക്കാരുകളും ഹിന്ദു ബ്രാഹ്മണ്യത്തിൽ അധിഷ്ഠിതമായ സമൂഹവും പിന്തുടർന്നിരുന്ന ഒരുപാടു തെറ്റുകളുടെ തുടർച്ചയാണ്. ദലിത്-ബഹുജൻ സ്ത്രീകളാകട്ടെ, ജാതിയുടെയും വർഗത്തിന്റെയും പേരിൽ അംഗീകാരമുള്ള പൊതു പരിസരങ്ങളിൽ നിന്നും പണ്ടുമുതൽക്കേ മാറ്റിനിർത്തപ്പെട്ടവരും.
മറ്റൊരു തരത്തിൽ പറഞ്ഞാൽ ദലിത്-ബഹുജൻ സ്ത്രീകൾ നിയമപരമായ പൗരത്വത്തിൽ നിന്ന് മാത്രമല്ല, ചരിത്രപരമായി തന്നെ സാമൂഹികമായ പൗരത്വത്തിൽ നിന്നും അകറ്റിനിർത്തപ്പെട്ടവരാണ്. പുതിയ പൗരത്വ നിയമം ഇതിനോടകം തന്നെ സമൂഹത്തിന്റെ അരികുകളിലേക്ക് മാറ്റപ്പെട്ട ദലിത്-ബഹുജൻ സ്ത്രീകളെ പൂർണമായും പൊതുമണ്ഡലത്തിൽ അപ്രസക്തരാക്കാൻ വഴിതെളിക്കും.
സ്വാതന്ത്രാനന്തര ഇൻഡ്യയിൽ ദലിത്-ബഹുജൻ സ്ത്രീകൾ ഏതെങ്കിലും അവകാശങ്ങൾക്ക് അർഹരാകുന്നത് ഡോ. അംബേഡ്കർ എഴുതിയ ഭരണഘടന ഉറപ്പുവരുത്തുന്ന സംവരണം, പട്ടികജാതി/പട്ടികവർഗ അക്രമ നിരോധന നിയമം എന്നീ വകുപ്പുകളിലൂടെയാണ്. ഈ അവകാശങ്ങൾ തന്നെ ദലിത്-ബഹുജൻ പുരുഷന്മാരുടെ അത്രപോലും ഉപയോഗിക്കാനുള്ള സാഹചര്യം അവരിലെ സ്ത്രീകൾക്ക് ഇന്നുമില്ല.
താരതമ്യേന പരിമിതമെങ്കിലും ദലിത്-ബഹുജൻ സ്ത്രീകൾ 1990കൾക്ക് ശേഷം ഇൻഡ്യയുടെ പൊതുമണ്ഡലത്തിൽ, പ്രത്യേകിച്ച് നിയമത്തിന്റെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് പല പ്രധാന ഇടപെടലുകളും നടത്തിയിട്ടുണ്ട്. നീതി ലഭിച്ചില്ലെങ്കിലും ഭൻവാരി ദേവി, മഥുര എന്നീ സ്ത്രീകൾ നടത്തിയ നിയമ പോരാട്ടങ്ങൾ ബ്രാഹ്മണ്യ ആൺകോയ്മക്ക് എതിരെയുള്ള ചെറുത്തുനിൽപ്പിന്റെ പ്രതീകങ്ങളാണ്. ഭൻവാരി ദേവി രാജസ്ഥാനിലെ ഒരു ഗ്രാമത്തിലുള്ള സാമൂഹിക പ്രവർത്തകയായിരുന്നു. ശൈശവ വിവാഹം തടയുന്നതിനുള്ള അവരുടെ ശ്രമങ്ങളിൽ രോഷാകുലരായ ഉയർന്ന ജാതിക്കാരായ പുരുഷന്മാർ ഭൻവാരിയെ 1992ൽ കൂട്ടബലാത്സംഗം ചെയ്തു. ഉയർന്ന ജാതിയിലുള്ള പുരുഷന്മാർ കീഴ്ജാതിക്കാരിയായ സ്ത്രീയെ ബലാത്സംഗം ചെയ്യാൻ സാധ്യതയില്ല എന്നുപറഞ്ഞ് ജില്ലാ കോടതി പ്രതികളെ വിട്ടയച്ചു. ഭൻവാരി ദേവിയുടെ പോരാട്ടം ഇൻഡ്യയിലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന് വലിയ ഉണർവ് നൽകി. പിന്നീടാണ് ജോലിസ്ഥലങ്ങളിൽ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള ‘വിശാഖാ രൂപരേഖയുടെ’ നിർമാണത്തിന് ഭൻവാരിയുടെ പോരാട്ടം പ്രചോദനമാകുന്നത്.
മഥുര എന്ന ആദിവാസി പെൺകുട്ടി 1972ൽ പോലീസുകാരാൽ ബലാത്സംഗം ചെയ്യപ്പെടുകയും, കോടതി പ്രതികളെ വെറുതെ വിടുകയും ചെയ്തു. എന്നാൽ ഈ നീതിനിരാസം ഇൻഡ്യൻ ഫെമിനിസത്തിന് പുതിയ ഉണർവ് നൽകുകയുണ്ടായി. ‘സഹേലി’ പോലുള്ള ഫെമിനിസ്റ്റ് സംഘടനകളുടെ രൂപീകരണത്തിനും, ലൈംഗികാതിക്രമണ കേസുകളിലെ അനുവാദത്തെ (consent) കുറിച്ച ചർച്ചകൾക്കും മഥുര സംഭവം വഴിതെളിച്ചു.
ഇത്തരം ചെറുത്തുനിൽപ്പുകൾ ആധുനിക നിയമ വ്യവസ്ഥിതിയുടെ പരിമിതികൾക്കുള്ളിൽ നിന്ന് ദലിത്-ബഹുജൻ സ്ത്രീകൾ സാധ്യമാക്കിയതാണ്. മറിച്ച്, ഫ്യൂഡൽ വ്യവസ്ഥയിൽ വേരുകളുള്ള ജാതിവ്യവസ്ഥയുടെ അപരിഷ്‌കൃത രൂപങ്ങൾ നിലനിൽക്കുന്ന പാരമ്പര്യ സമ്പ്രദായത്തിൽ ഇത്തരമൊരു ചെറുത്തുനിൽപ്പിന് പോലും സാധ്യതയില്ല എന്നതാണ് വസ്തുത. പുതിയ പൗരത്വ നിയമം രേഖകൾ പൗരത്വത്തിന് നിദാനമാക്കുമ്പോൾ, ഭൂമിക്കോ ശരിയായ ഒരു പേരിനോ സ്വന്തം ശരീരത്തിന് മേലോ അധികാരമില്ലാതിരുന്ന ദലിത്-ബഹുജൻ സ്ത്രീകൾ നിയമപരമായ അവകാശങ്ങൾക്ക് വീണ്ടും പുറത്താകും. തെളിയിക്കാൻ ആവശ്യമായ രേഖകളില്ലാത്ത ദലിത്-ബഹുജനങ്ങളുടെ പൗരത്വം പുനഃസ്ഥാപിക്കാനെടുക്കുന്ന സമയത്ത്, ഒരു പൗരന് കിട്ടേണ്ട പല അടിസ്ഥാന അവകാശങ്ങളും ‘താൽക്കാലികമായി’ നിർത്തിവെക്കും. ഇത് എത്ര കാലത്തേക്കാണെന്നോ, ഈ ഇടവേളയിൽ അവർ തടങ്കൽപാളയങ്ങളിൽ കഴിയേണ്ടി വരുമോ എന്നുമുള്ള കാര്യങ്ങളിൽ യാതൊരു വ്യക്തതയുമില്ല. ഇത് വിരൽചൂണ്ടുന്നത് ദലിത്-ബഹുജനങ്ങൾ നിരന്തര സമരങ്ങളിലൂടെയും, ഡോ. അംബേഡ്കർ ഭരണഘടനയിലൂടെയും ജാത്യാധിഷ്ഠിത ഉച്ഛനീചത്വങ്ങൾക്കെതിരെ പൊരുതി നേടിയ ചെറിയ വിജയങ്ങൾ പോലും ഇല്ലാതാകും എന്നതാണ്.
ഫലത്തിൽ, പഴയ രീതിയിലുള്ള ജാതി വിവേചനങ്ങൾ പൗരത്വ നിയമത്തിന്റെ മറവിലൂടെ നടപ്പിലാക്കാൻ ഹിന്ദു-ദേശീയവാദി സർക്കാരിന് സാധിക്കും. പേരിനെങ്കിലും ഭരണഘടനയുടെ സംരക്ഷണമില്ലാത്ത അവസ്ഥ ദലിത്-ബഹുജൻ സ്ത്രീകൾക്ക് ജാതിവ്യവസ്ഥയിലൂന്നിയതും, യാതൊരു അവകാശങ്ങളോ അന്തസ്സോ ഇല്ലാത്ത കാലത്തേക്കുള്ള തിരിച്ചുപോക്കായിരിക്കും.
ഈ രാജ്യത്ത് ജാതിവ്യവസ്ഥയിൽ ഉണ്ടായിട്ടുള്ള ചെറിയ മാറ്റങ്ങൾ പോലും സ്ത്രീകൾ ഉൾപ്പെടുന്ന ദലിത്-ബഹുജൻ സമുദായത്തിന്റെ ചെറുത്തുനിൽപ്പിൽ നിന്നുമാത്രം ഉണ്ടായതാണ് എന്നതാണ് പ്രതീക്ഷക്ക് വകനൽകുന്ന സംഗതി. അതൊരിക്കലും ബ്രാഹ്മണ്യ മൂല്യങ്ങൾ ഒളിഞ്ഞും തെളിഞ്ഞും നടപ്പിലാക്കുന്ന ഇടതു-രാഷ്ട്രീയത്തിന്റെയോ വലതു-രാഷ്ട്രീയത്തിന്റെയോ ഔദാര്യങ്ങളല്ല. വളരെ നീണ്ട ഐക്യദാർഢ്യത്തിലൂന്നിയ സമരങ്ങളിലൂടെ മാത്രമേ ദലിത്-ബഹുജനങ്ങൾക്ക് പൗരത്വ നിയമത്തിന്റെ പേരിലുള്ള അവകാശ ലംഘനങ്ങൾക്കെതിരെ മുന്നോട്ടുപോകാൻ കഴിയൂ. ഈ രാജ്യത്ത് ആധുനികതയുടെയും ജനാധിപത്യത്തിന്റെയും മൂല്യങ്ങൾ നടപ്പിലാക്കാൻ പ്രേരകമായ ജാതിവിരുദ്ധ സമരങ്ങൾ ഇനിയും ദലിത്-ബഹുജനങ്ങൾ നടത്തേണ്ടി വരും. ഇത്തരം സമരങ്ങളിലൂടെ അക്രമങ്ങളും തരംതിരിവുകളും നിറഞ്ഞ ബ്രാഹ്മണ്യ മൂല്യങ്ങളുടെ അപരിഷ്‌കൃത ചുറ്റുപാടുകളിൽ നിന്ന് സമൂഹത്തെയും രാജ്യത്തെയും സംരക്ഷിക്കേണ്ട വലിയ ഉത്തരവാദിത്തമാണ് ദലിത്-ബഹുജനങ്ങളുടെ മേലുള്ളത്. ഷഹീൻ ബാഗിലെ മുസ്‌ലിം സ്ത്രീകൾ മുന്നോട്ടുവെക്കുന്ന ചെറുത്തുനിൽപ്പിന്റെ പാതയാണ് ദലിത്-ബഹുജൻ സ്ത്രീകളുടെയും മുന്നിലുള്ള വഴി.
◆
‘സെക്ഷുവാലിറ്റി ആൻഡ് പബ്ലിക് സ്പേസ് ഇൻ ഇൻഡ്യ: റീഡിങ് ദി ഇൻവിസിബിൾ‘ (2017) എന്ന പുസ്തകത്തിന്റെ രചയിതാവും ഡൽഹി യൂണിവേഴ്സിറ്റിയിലെ കമല നെഹ്‌റു കോളേജിൽ ജേർണലിസം വിഭാഗത്തിൽ അധ്യാപികയുമാണ് ലേഖിക.
കടപ്പാട്: സംഘടിത മാസിക, ഏപ്രിൽ 2020