കോവിഡ്, ജാതി, ബ്രാഹ്മണിസം: ജെഎൻയു അനുഭവങ്ങൾ

September 1, 2020

സ്വയം ക്വാറന്റൈനില്‍ കഴിയുന്നതിനെ കുറിച്ച് ഹോസ്റ്റല്‍ അന്തേവാസികളെ അറിയിച്ചത് മുതല്‍ ഒരു കൂട്ടം സ്ത്രീകള്‍ എന്നെ നിരന്തരം മാനസികമായി പീഡിപ്പിക്കാനും അപമാനിക്കാനും ശ്രമിച്ചുകൊണ്ടിരുന്നു. ശുക്ല, ചാറ്റര്‍ജി തുടങ്ങിയ ജാതിവാലുകളുള്ള ഒരു സംഘം സവര്‍ണ സ്ത്രീകള്‍ എന്നെ കോവിഡ് പോസിറ്റീവായ രോഗിയെ പോലെ പരിഗണിക്കാന്‍ തുടങ്ങി. തുടക്കത്തിൽ രോഗഭയം കാരണമാകും എന്ന് കരുതിയെങ്കിലും, പിന്നീട് അവരുടെ പെരുമാറ്റം കൂടുതൽ വിവേചനപരമായി. കോവിഡിന്റെ പശ്ചാത്തലത്തിൽ ജെഎൻയുവിലെ ജാതി-ബ്രാഹ്മണിക അനുഭവങ്ങളെ കുറിച്ച് അഞ്ജു ദേവി എഴുതുന്നു.

വര്‍ഗ-അസമത്വങ്ങളും ജാതി വിവേചനങ്ങളും അതിക്രമങ്ങളുടെ രൂപത്തിൽ വര്‍ദ്ധിക്കുന്നതായി കോവിഡിന്റെ സാഹചര്യം വ്യക്തമാക്കുന്നു. ഗ്രാമീണ മേഖലകളിലെ പരമ്പരാഗതവും യാഥാസ്ഥിതികവുമായ ജാതികേന്ദ്രങ്ങളില്‍ പരസ്യമായും, സര്‍വകലാശാലകളില്‍ ഒരേസമയം ഒളിഞ്ഞും തെളിഞ്ഞും ജാതി പ്രവര്‍ത്തിക്കുന്നു. എന്നാല്‍, ഇത് തെളിയിക്കാന്‍ ബുദ്ധിമുട്ടാണ്. വിശദീകരിക്കാന്‍ കഴിയാത്ത വിധം അവ്യക്തവുമാണ്. എന്നാല്‍, ഒരു ദലിതന്റെ ജീവിതാനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ ഇത്‌ അനുഭവിക്കാനും വിശദീകരിക്കാനും സാധിക്കും. ആഗോള മഹാമാരിയായ കോവിഡിന്റെ കാലഘട്ടത്തില്‍ സര്‍വകലാശാലാ ഇടങ്ങളിലെ ആധുനിക കാഴ്ചപ്പാടുകള്‍ വെച്ചുപുലര്‍ത്തുന്ന ബ്രാഹ്മണര്‍ നടത്തിയ തൊട്ടുകൂടായ്മയുടെയും അപമാനിക്കലിന്റെയും നേരനുഭവമാണ് എന്റെ ജീവിതം.

ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം വിംഗുകളും പൊതുഭക്ഷണശാലയുമുള്ള ജെ.എൻ.യുവിലെ സബര്‍മതി ഹോസ്റ്റലിലാണ് ഞാന്‍ താമസിക്കുന്നത്. സര്‍വകലാശാലയിലെ കോവിഡ് പോസിറ്റീവായ കുട്ടിയുമായി പ്രാഥമിക സമ്പര്‍ക്കത്തിലേര്‍പ്പെട്ട എന്റെ വിംഗിലെ മറ്റൊരു കുട്ടിയുമായി എനിക്ക് യാദൃശ്ചികമായി ഇടപഴകേണ്ടി വന്നു. കോവിഡ് പോസിറ്റീവായ ആ വ്യക്തിയുടെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ ഒരിക്കലും ഞാന്‍ ഉണ്ടായിരുന്നില്ല. എന്നിരുന്നാലും, എന്റെയും മറ്റുള്ളവരുടെയും സുരക്ഷയെ കരുതി ഉടന്‍ തന്നെ സ്വയം ക്വാറന്റൈനില്‍ പോയി. ഞാന്‍ പൂര്‍ണ ഉത്തരവാദിത്തത്തോടെ ഇക്കാര്യം ബന്ധപ്പെട്ട ഹോസ്റ്റല്‍ അധികൃതരെയും അന്തേവാസികളെയും അറിയിച്ചു.

ഹോസ്റ്റലിന്റെ ക്വാറന്റൈന്‍ നിയമ പ്രകാരം എനിക്ക് പ്രത്യേകമായി ശുചിമുറി അനുവദിച്ചു. ക്വാറന്റൈനില്‍ കഴിയുന്ന ആളുകളുടെ മുറിക്കടുത്തുള്ള വാട്ടര്‍ കൂളറും ശുചിമുറിയും ഇവരുടെ ആവശ്യത്തിനായി മാറ്റിവെക്കാന്‍ ക്യാമ്പസ്‌ തലത്തിൽ പ്രോട്ടോകോള്‍ ഉണ്ടെന്ന് ഹോസ്റ്റല്‍ വാര്‍ഡന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതുള്‍പ്പെടെ മറ്റ് ക്വാറന്റൈന്‍ മാനദണ്ഡങ്ങള്‍ ഹോസ്റ്റലിലെ മറ്റ് അന്തേവാസികളെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഞാന്‍ ഹോസ്റ്റല്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പൂര്‍ണമായി പാലിക്കാന്‍ തുടങ്ങി. അരമണിക്കൂറിന് ശേഷം ചില ഹോസ്റ്റല്‍ അന്തേവാസികള്‍ക്കിടയില്‍ ഇതൊരു നുണപ്രചാരണമായി മാറിയതായി ഞാന്‍ മനസ്സിലാക്കി.

എന്നാല്‍, ഞാന്‍ സ്വയം ക്വാറന്റൈനില്‍ കഴിയുന്നതിനെ കുറിച്ച് ഹോസ്റ്റല്‍ അന്തേവാസികളെ അറിയിച്ചത് മുതല്‍ ഒരു കൂട്ടം സ്ത്രീകള്‍ എന്നെ നിരന്തരം മാനസികമായി പീഡിപ്പിക്കാനും അപമാനിക്കാനും ശ്രമിച്ചുകൊണ്ടിരുന്നു. ശുക്ല, ചാറ്റര്‍ജി തുടങ്ങിയ ജാതിവാലുകളുള്ള ഒരു സംഘം സവര്‍ണ സ്ത്രീകള്‍ എന്നെ കോവിഡ് പോസിറ്റീവായ രോഗിയെ പോലെപരിഗണിക്കാന്‍ തുടങ്ങി. തുടക്കത്തില്‍ കോവിഡ് പോലുള്ള അസുഖങ്ങളോട് ജനങ്ങള്‍ക്ക് സാധാരണയുള്ള ഭയമായിരിക്കും ഇതെന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ അവരുടെ തുടര്‍ന്നുള്ള പെരുമാറ്റം കൂടുതല്‍ വ്യക്തമായി. കോവിഡിനോടുള്ള ഭയത്തെക്കാള്‍ അപ്പുറമായിരുന്നു അവരില്‍ നിന്നുള്ള മാനസിക പീഡനം.

ഈ സവര്‍ണ സ്ത്രീകള്‍ പതുക്കെ ഒരു ആധിപത്യ ഗ്രൂപ്പ് രൂപീകരിക്കുകയും, ഹോസ്റ്റലിന്റെയും സര്‍വകലാശാലയുടെയും നിയമങ്ങളെ കാറ്റില്‍ പറത്തി പ്രത്യേക ഉത്തരവുകളും നിയമങ്ങളും പുറപ്പെടുവിക്കാന്‍ തുടങ്ങി. ഒരു കൂടിയാലോചനക്ക് ശേഷം പുതിയ പത്ത് ക്വാറന്റൈന്‍ നിയമങ്ങള്‍ വാട്‌സപ്പിലൂടെ എന്നെ അറിയിച്ചു. പിറ്റേന്ന് രാവിലെ തന്നെ എന്റെ നിലയിലെ ഉയര്‍ന്ന ജാതിക്കാരായ ഈ സ്ത്രീകള്‍ വാര്‍ഡനുമായി യാതൊരു ചര്‍ച്ചയും നടത്താതെ എനിക്ക് ധാരാളം നിര്‍ദേശങ്ങള്‍ നല്‍കാന്‍ തുടങ്ങി.

ഞാന്‍ എന്ത് ചെയ്യണം, എന്ത് ചെയ്യരുത്, എന്തൊക്കെ ഉപയോഗിക്കാന്‍ കഴിയും, എന്തൊക്കെ കഴിയില്ല എന്നിങ്ങനെ അവര്‍ എന്നോട് ആജ്ഞാപിക്കാന്‍ തുടങ്ങി. അവരുടെ ഈ പെരുമാറ്റം എന്നെ അത്ഭുതപ്പെടുത്തി. കാരണം, അവരില്‍ ചിലര്‍ ഇതേ അവസ്ഥയിലായിരുന്നപ്പോള്‍ അവരുമായി ഞാന്‍ സഹകരിച്ചിരുന്നു. രണ്ടാം നിലയിലെ ശുചിമുറി ഉപയോഗിക്കണമെന്നും, മെസ്സിലെ വാട്ടര്‍ കൂളറില്‍ നിന്ന് വെള്ളം എടുക്കണമെന്നും (ഈ വാട്ടര്‍ കൂളര്‍ ശരിയായി പ്രവര്‍ത്തിക്കുന്നില്ല) അവര്‍ കോപത്തോടെയും അഹങ്കാരത്തോടെയും എന്നോട് ഉത്തരവിട്ടു. അവരുടെ ഉത്തരവുകള്‍ പാലിക്കാന്‍ ഞാന്‍ വിസമ്മതിച്ചപ്പോള്‍ എന്നെ മാനസികമായി പീഡിപ്പിക്കാന്‍ തുടങ്ങി. ‘റാഡിക്കൽ ബ്രാഹ്മണിസ്റ്റായ’ ഒരു സ്ത്രീയും കൂടെയുള്ള അഞ്ച് പേരും എനിക്കെതിരെ വാര്‍ഡനോട് പരാതിപ്പെട്ടു. തൊട്ടടുത്തുള്ള വാട്ടര്‍ കൂളറും ശുചിമുറിയും ഞാന്‍ ഉപയോഗിക്കുന്നതാണ് മറ്റുള്ളവരുടെ ആരോഗ്യത്തിന് നല്ലതെന്ന് വാര്‍ഡന്‍ അവരോട് നിര്‍ദേശിച്ചിട്ടും അവര്‍ ഇതുവരെ എന്നെ ഉപദ്രവിക്കുന്നത് അവസാനിപ്പിച്ചിട്ടില്ല.

സബർമതി ഹോസ്റ്റൽ

വെള്ളം നിറക്കുന്നതിനായി എന്റെ സ്വകാര്യ പൈപ്പ് ഉപയോഗിക്കുകയും ഇതേ നിലയിലെ മറ്റുള്ളവര്‍ക്ക് അവരുടെ ആവശ്യത്തിനായി നല്‍കുകയും ചെയ്തു. എന്നാല്‍, അവര്‍ ഇതൊരു സുരക്ഷാ പ്രശ്‌നമായി എടുക്കുകയും എന്നെ ഉപദ്രവിക്കാനുള്ള അവസരമാക്കുകയും ചെയ്തു. അവര്‍ ലക്കുകെട്ട നിലയിൽ എനിക്കെതിരെ തിരിയുകയും നിങ്ങള്‍ ഈ പൈപ്പ് ഉപയോഗിച്ചിട്ടുണ്ട്, അതിനാൽ ഇത്‌ കഴുകുകയും അണുവിമുക്തമാക്കുകയും വേണമെന്ന് ഉത്തരവിടുകയും ചെയ്തു. പകർച്ചവ്യാധി കാലത്ത് മുൻകരുതൽ എടുക്കേണ്ടതിന്റെ യുക്തി എനിക്കു മനസ്സിലാകും. എന്നാൽ ഇവ്വിധം എനിക്കെതിരെ സംഘടിത ആധിപത്യം രൂപപ്പെടുത്തുന്നതിന്റെ യുക്തി എനിക്കു മനസ്സിലായില്ല. ഈ പൈപ്പ് എന്റേതാണെന്നും, ഓരോ തവണ കഴുകാന്‍ കഴിയില്ലെന്നും, അതുകൊണ്ട് നിങ്ങള്‍ സ്വയം നിയന്ത്രിക്കണമെന്നും അവരോട് മറുപടി പറഞ്ഞു. ഇതിനെത്തുടര്‍ന്ന് അവരെന്നോട് തര്‍ക്കത്തിലേര്‍പ്പെടാന്‍ തുടങ്ങി. എന്റെ നിലയിലെ ശുചിമുറിയുമായി യാതൊരു ബന്ധവുമില്ലാത്ത ആളുകള്‍ പോലും എന്നെ ചീത്ത പറയാന്‍ തുടങ്ങി. ഇതിനുശേഷം, ഞാനുള്ളതുകൊണ്ട് അവർ അവിടുത്തെ തറ തുടക്കാന്‍ തുടങ്ങി.

‘ഞാന്‍ ഒരു ബ്രാഹ്മണനാണെന്ന് നിങ്ങള്‍ക്കറിയാമോ’ എന്ന് സാധാരണ സംഭാഷണങ്ങളില്‍ പോലും പറഞ്ഞിരുന്ന ഒരു സ്ത്രീ സബര്‍മതി ഹോസ്റ്റലിലെ ആണ്‍കുട്ടികളുടെ വിംഗിലെ വാട്‌സപ്പ് ഗ്രൂപ്പില്‍ എന്നെ അപമാനിക്കാന്‍ തുടങ്ങി. ഇത് എന്നെ സംബന്ധിച്ചിടത്തോളം വളരെ ഭയാനകമായിരുന്നു. ഈ സ്ത്രീകള്‍ തന്നെ കുറച്ചു ദിവസങ്ങള്‍ക്ക് മുൻപ് പെണ്‍കുട്ടികളുടെ വിംഗിലെ ഒരു വിവരവും ആണ്‍കുട്ടികളുടെ വിംഗിലേക്ക് കൈമാറരുതെന്ന് തീരുമാനിച്ചിരുന്നു. ഈ സംഭവത്തിനു മുൻപ് പല തവണ ഈ സവര്‍ണ സ്ത്രീകള്‍ എന്നെ അപമാനിച്ചിട്ടുണ്ട്. ആരെങ്കിലും ശുചിമുറി വൃത്തികേടാക്കിയാല്‍ അവര്‍ എന്നെ സംശയിക്കാന്‍ തുടങ്ങും. ഒരിക്കല്‍ പാത്രം കഴുകുന്ന സ്ഥലം ഞാൻ വൃത്തികേടാക്കി എന്ന പരാതിയുമായി ബ്രാഹ്മണയായ ഒരു ഹോസ്റ്റൽവാസി വന്നു. ഞാന്‍ ഇന്ന് പാത്രം കഴുകുന്ന സ്ഥലം ഉപയോഗിച്ചിട്ടില്ല എന്നും, പിന്നെ എങ്ങനെ വൃത്തികേടാക്കും എന്ന് ഞാന്‍ തിരിച്ചു ചോദിച്ചു. പാത്രം കഴുകുന്ന ഭാഗത്ത് ഉള്ളിയുടെ ചെറിയ ഭാഗം ഉണ്ടായിരുന്നു എന്നും, താൻ ബ്രാഹ്മണയായതു കൊണ്ട് ഉള്ളി ഉപയോഗിക്കാറില്ല എന്ന് നിങ്ങൾക്കറിയാം എന്നും ആ സ്ത്രീ പറഞ്ഞു. ആയതിനാല്‍ ഞാനായിരിക്കും വൃത്തികേടാക്കിയതെന്നും, അത് ഉടനെ കഴുകി വൃത്തിയാക്കണമെന്നും അവരെന്നോട് പറഞ്ഞു. ഞാനത് നിഷേധിച്ചെങ്കിലും അവരെന്നെ ഒരുപാട് അപമാനിച്ചു.

ഈ സവര്‍ണ സ്ത്രീകള്‍ക്ക് ഭരിക്കാനും അടിച്ചമര്‍ത്താനും സമ്മർദ്ദത്തിലാക്കാനുമുള്ള ജാതീയമായ ഒരുതരം മനോഭാവമുണ്ട്. ഹോസ്റ്റല്‍ അധികൃതര്‍ എന്നെ അപമാനിക്കാതിരിക്കാന്‍ അവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടും, ഒരു കോവിഡ് പോസിറ്റീവ് രോഗിയാണെന്ന മട്ടില്‍ അവരുടെ നിയമങ്ങളുമായി എന്റെയടുത്തു വന്നു. ഈ ഹോസ്റ്റല്‍ നിങ്ങളുടെ സ്വകാര്യ സ്വത്തല്ല എന്നും, ഞാന്‍ നിങ്ങളുടെ ഉപഭോഗ വസ്തുവല്ല എന്നും, ഇനിമേൽ ഇത്തരം മോശത്തരങ്ങളുമായി എന്റെയടുത്ത് വരരുതെന്നും ഞാൻ അവരോട് പറഞ്ഞു.

ഞാന്‍ സ്വമേധയാ കോവിഡ് ടെസ്റ്റ് ചെയ്യുകയും ഫലം നെഗറ്റീവ് ആവുകയും ചെയ്തു. എന്നിട്ടും അവരുടെ സംഘം ‘ആധുനിക തൊട്ടുകൂടായ്മ’ തുടരുകയും എന്നെ പരോക്ഷമായി പരിഹസിക്കുകയും ചെയ്തു. ചില സഹൃദയർ അനുകമ്പ പ്രകടിപ്പിച്ചിട്ടുണ്ട്. അതിനാൽ ഞാന്‍ ഒറ്റക്കാണെന്നും നിസ്സഹായയാണെന്നും എനിക്ക് തോന്നിയില്ല. അല്ലാത്തപക്ഷം, സമാധാനപരമായി ജിവീക്കുക വളരെ ബുദ്ധിമുട്ടായിരുന്നു. അഭിപ്രായങ്ങള്‍, വഴക്കുകള്‍, അടിസ്ഥാനരഹിതമായ പരാതികള്‍ എന്നിവയൊക്കെ വേദനാജനകമായിരുന്നിട്ടും അവയോട് പൊരുതാൻ ഞാന്‍ ദൃഢനിശ്ചയം ചെയ്തു.

സവര്‍ണ സ്ത്രീകളുടെ കാപട്യം വെളിപ്പെടുമ്പോൾ

ഫെമിനിസ്റ്റുകൾ എന്ന് സ്വയം അവകാശപ്പെടുന്ന ഇടത്-ലിബറല്‍ സവർണ സ്ത്രീകളാണ് (അധികവും ബ്രാഹ്മണർ) സബര്‍മതി ഹോസ്റ്റലില്‍ എന്നെ ചുറ്റിപ്പറ്റിയുള്ളത്. സമൂഹത്തിലെ പുരുഷാധിപത്യ ഘടന, ലൈംഗികത, സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ എന്നിവയെ കുറിച്ചായിരിക്കും ഇവര്‍ എപ്പോഴും സംസാരിക്കുക. തങ്ങൾ ഇടതുപക്ഷമാണെന്ന് ചർച്ചകളിൽ ഇടക്കിടെ അവർ പറഞ്ഞുകൊണ്ടിരിക്കും. ചര്‍ച്ച കേട്ടാല്‍ തോന്നും ഈ രാജ്യത്തെ ബൂര്‍ഷ്വാസികളെ കൊല്ലാന്‍ എപ്പോഴും ചുറ്റികയും ചങ്ങലയും കൊണ്ടുനടക്കുന്നവരാണ് അവരെന്ന്.

അവരില്‍ ചിലര്‍ ക്യാമ്പസിലെ റാഡിക്കല്‍ ഗ്രൂപ്പുകളുമായി ബന്ധമുള്ളവരാണ്. ഓരോ ക്യാമ്പസ് ഒത്തുചേരലുകളിലും ഈ സ്ത്രീകളെ മുന്‍പന്തിയില്‍ നിങ്ങള്‍ക്ക് കാണാം. തങ്ങളുടെ ശബ്ദങ്ങള്‍ ഉയർത്തി കേൾപ്പിച്ചുകൊണ്ട് അവർ സാന്നിദ്ധ്യമറിയിക്കും. ഉന്നത ജാതിയെന്ന ആത്മവിശ്വാസത്തോടെ അവര്‍ എതിരാളികളെ തകര്‍ക്കാന്‍ ശ്രമിക്കും. മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ അവര്‍ മുസ്‌ലിം മുന്നേറ്റത്തിന്റെ അതികായന്മാരാകാൻ ശ്രമിക്കും. ദലിത് വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ അവര്‍ കടുത്ത അംബേഡ്കറൈറ്റുകളായിരിക്കും. ആദിവാസി വിദ്യാര്‍ഥികളുമായുള്ള ചര്‍ച്ചയില്‍ വെള്ളം, കാട്, ഭൂമി എന്നിവക്ക് വേണ്ടി പൊരുതുന്ന യഥാർഥ പോരാളികളായി തങ്ങളെ പ്രതിഷ്‌ഠിക്കും.

ജാതിസംബന്ധിയായ ചോദ്യങ്ങളോടുള്ള അവരുടെ അനുകമ്പ തികച്ചും വ്യാജമാണ്. ഏതെങ്കിലും ദലിത് അതിക്രമങ്ങളെ കുറിച്ചോ ദലിത് പ്രസ്ഥാനങ്ങളെ കുറിച്ചോ ചര്‍ച്ച നടക്കുമ്പോള്‍ “ഞാന്‍ ബ്രാഹ്മണനാണെന്ന് നിങ്ങള്‍ക്കറിയാമെങ്കിലും ദലിതര്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് ഞാന്‍ എതിരാണ്”, “ഇത് വളരെ ഭയാനകമാണ്, നമ്മള്‍ ഇതിനെതിരെ ശബ്ദമുയര്‍ത്തണം”, “ദലിത് ലൈവ്‌സ് മാറ്റര്‍” എന്നൊക്കെ ഇവർ പറഞ്ഞുകൊണ്ടിരിക്കും.

അതേസമയം, സംവരണ വിഷയകമായോ അല്ലെങ്കില്‍ ദലിതര്‍ ഉള്‍പ്പടെയുള്ള മറ്റു സമുദായങ്ങളുടെ പുരോഗതി ലക്ഷ്യംവെച്ചുള്ള നടപടികളെ കുറിച്ചോ സംസാരിക്കുമ്പോള്‍ ഇവരുടെ സ്വരം മാറും. “സംവരണ നയം പുനഃപരിശോധിക്കണം, സംവരണം ജാതിയടിസ്ഥാനത്തിലല്ല വേണ്ടത്, മറിച്ച് സാമ്പത്തിക അടിസ്ഥാനത്തിലാണ്, കാരണം ദാരിദ്ര്യത്തിന് ജാതിയില്ല, ധാരാളം ദരിദ്രരായ ബ്രാഹ്മണരുണ്ട്, ജാതി അടിസ്ഥാനത്തിലുള്ള സംവരണം ഏതാനും ചില ജാതികള്‍ക്ക് മാത്രമാണ് ലഭിച്ചിട്ടുള്ളത്, ഇത് എല്ലാവരിലേക്കും എത്തിയിട്ടില്ല, ദലിത് പുരുഷന്മാര്‍ പോലും പുരുഷാധിപത്യം കാണിക്കുന്നവരാണ്, നമ്മള്‍ ഈ വിഷയത്തെ വിമര്‍ശനപരമായി സമീപിക്കണം”, എന്നൊക്കെ ഈ സ്ത്രീകള്‍ തട്ടിവിടും.

സംവരണത്തെ വിമര്‍ശനാത്മകമായി സമീപിക്കാന്‍ അവര്‍ സമര്‍ഥരാണെങ്കിലും, തങ്ങളുടെ പ്രിവിലേജിനെ ഇവ്വിധം വിമർശനാത്മകമായി വീക്ഷിക്കാൻ അവർ തയ്യാറാവില്ല. ഇരകളായ ദലിതരോട് അവര്‍ കപടമായ സഹതാപം കാണിക്കും.

സ്വത്വബോധമുള്ള ദലിതരെ അവര്‍ വെറുക്കും. “അവരുടെ രാഷ്ട്രീയത്തോട് എനിക്ക് പ്രശ്നമൊന്നുമില്ല. പക്ഷേ, ചില കാര്യങ്ങളിൽ അവരുടെ നിലപാട് വ്യക്തമല്ല. അതുകൊണ്ട് അവരെ വിശ്വസിക്കാന്‍ കൊള്ളില്ല. അവർക്ക് പ്രത്യയശാസ്ത്ര വ്യക്തതയില്ല. ലിംഗഭേദത്തെയും ദേശീയതയെയും കുറിച്ചുള്ള അവരുടെ ധാരണകള്‍ ദുർബലമാണ്”, ഇങ്ങനെയൊക്കെയായിരിക്കും താഴ്ന്ന ജാതിക്കാരുടെ നേതൃത്വത്തിലുള്ള സംഘടിത മുന്നേറ്റങ്ങളോട് ഇവരുടെ രോഷം പ്രകടിപ്പിക്കുക. അവരുടെ ജാതി മുന്‍വിധികളില്‍ നിന്നാണ് ദലിത്-ബഹുജന്‍ രാഷ്ട്രീയത്തെ ചെറുതായി കാണാനുള്ള പ്രവണത ഉടലെടുക്കുന്നത്. ഇത്തരം പ്രശ്‌നങ്ങളൊന്നും ഈ അടിച്ചമര്‍ത്തപ്പെട്ട ജാതിക്കാര്‍ക്ക് മനസ്സിലാക്കാനുള്ള ശേഷിയില്ലെന്ന് അവര്‍ കരുതുന്നു.

ക്യാമ്പസില്‍ പുരോഗമന രാഷ്ട്രീയ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നവർ എന്നവകാശപ്പെടുന്ന സവര്‍ണരായ ഇക്കൂട്ടർ, ഭക്ഷണ ഫാഷിസത്തിനെതിരെ പോരാടുന്നവരാണെന്നും അവകാശപ്പെടുന്നവരാണ്. എന്നാല്‍ ഇവരുടെ സ്വകാര്യ സംഭാഷണങ്ങളില്‍ “ഞങ്ങളുടെ വീട്ടില്‍ വെളുത്തുള്ളി, സവാള, ഇഞ്ചി എന്നിവ കഴിക്കാറില്ലെന്നും, ആര്‍ത്തവ സമയത്ത് അമ്മ അടുക്കളയിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കാറില്ലെന്നും, അവരുണ്ടാക്കുന്നത് എനിക്ക് നേരിട്ട് തൊടാന്‍ പറ്റില്ലെന്നും, അതിനാൽ അവരുടെ അമ്മ തൊഴിലാളികള്‍ക്കും (അധികവും ദലിതരാകും) കുടുംബത്തിനുമായി രണ്ടു തരം പാത്രങ്ങള്‍ വീട്ടില്‍ സൂക്ഷിക്കാറുണ്ടെന്നും, അവരുടെ അച്ഛന്‍ ദലിതരെ വീട്ടില്‍ പ്രവേശിപ്പിക്കാറില്ലെന്നും തമ്മിൽ പറയും.

ഞാൻ അവരോട് പറഞ്ഞത്, “ഭക്ഷണ ഫാഷിസത്തിനെതിരായ പോരാട്ടത്തില്‍ നിന്ന് നിങ്ങളെ ആരാണ് തടഞ്ഞത്? ആദ്യം നിങ്ങളുടെ സാമൂഹിക-സാംസ്‌കാരിക ഇടങ്ങളില്‍ അടിഞ്ഞുകൂടിയ ഭക്ഷണ ഫാഷിസത്തിനും ജാതീയതക്കും പുരുഷാധിപത്യത്തിനും എതിരിൽ പോരാടൂ എന്നാണ്.

രാജ്യത്തെ ഇടതുപക്ഷ-ലിബറലുകളെ കുറിച്ച് അംബേഡ്കർ പറയുന്നു: “രണ്ട് തരം ബ്രാഹ്മണരുണ്ട്. ഒന്ന് പുരോഹിത ബ്രാഹ്മണനും മറ്റൊന്ന് മതേതര ബ്രാഹ്മണനുമാണ്. രണ്ടും ഒരേ ശരീരത്തിന്റെ ഭാഗവുമാണ്. ഒരാള്‍ക്കെതിരെ ആക്രമണമുണ്ടായാല്‍ മറ്റൊരാള്‍ വന്ന് പ്രതിരോധിക്കും. അമേരിക്കയിലെ വെളുത്ത ലിബറലുകളെ കുറിച്ച് മാല്‍കം എക്‌സ് ഒരിക്കല്‍ പറഞ്ഞത് ഇങ്ങനെയാണ്: “പടിഞ്ഞാറന്‍ അര്‍ദ്ധഗോളത്തിലെ ഏറ്റവും അപകടകാരികളാണ് ഈ ലിബറലുകള്‍. ഇവര്‍ കുറുക്കനെ പോലെയാണ്. അവരെ നോക്കുമ്പോള്‍ അവര്‍ ചിരിക്കുകയാണോ അതോ ശത്രുതയും കോപവും മൂലം പല്ല് ഞെരിക്കുകയാണോ എന്ന് നിങ്ങള്‍ക്ക് തിരിച്ചറിയാന്‍ സാധിക്കില്ല”. ഇൻഡ്യ മുതല്‍ അമേരിക്ക വരെയുള്ള സാമൂഹിക വിപ്ലവകാരികളുടെ കാഴ്ചപ്പാടുകളാണിത്. ഒരു ജെഎന്‍യു വിദ്യാര്‍ഥി എന്ന നിലയിലും സബര്‍മതി ഹോസ്റ്റൽവാസി എന്ന നിലയിലും എന്റെ അനുഭവം ഈ മഹത്തായ വ്യക്തിത്വങ്ങളുടെ സാമൂഹിക നിരീക്ഷണങ്ങളെ ഊട്ടിയുറപ്പിക്കുന്നതും സവര്‍ണരില്‍ അന്തര്‍ലീമായ ജാതി സ്വഭാവത്തെ തുറന്നുകാട്ടുന്നതുമാണ്.

മാൽകം എക്സ്

ഈ രാജ്യത്തെ ഹിന്ദുമതവും പാരമ്പര്യവും അനുവദിച്ചിട്ടുള്ള ശ്രേണിവത്‌കൃത ജാതി, ഇവിടുത്തെ സവര്‍ണരെ വിപ്ലവകാരികള്‍, ഇടതുപക്ഷം, തീവ്ര-ഇടതുപക്ഷം, തീവ്ര-ഫെമിനിസ്റ്റ് , ലിബറലുകള്‍, മതേതരര്‍ തുടങ്ങിയ എന്തുമാകാൻ അവരെ അനുവദിക്കുന്നു.

മാത്രമല്ല, സവര്‍ണനായതിനാല്‍ ഏത് ആശയ പരിസരത്തിലും അവര്‍ക്ക് എളുപ്പത്തില്‍ നിയമസാധുത ലഭിക്കുന്നു. സാമൂഹിക സവിശേഷാധികാരങ്ങൾ, സുസ്ഥിരമായ ഭരണ പശ്ചാത്തലം, ക്രമക്കേടുകൾ കാണിക്കാനുള്ള പൗരാണികമായ പരിശീലനം തുടങ്ങിയവ ഇതിനോടകം സവർണർക്ക് ലഭിച്ചിട്ടുണ്ട്. ഒരു സവർണൻ മറ്റുള്ളവർക്ക് വേണ്ടി പോരാടിയാൽ അത് വലിയ വിപ്ലവമുദ്രയായി ഇൻഡ്യൻ പരിസരത്ത് ആഘോഷിക്കപ്പെടും. ഇതുകൊണ്ടാണ് ഇടതുപക്ഷം മുതല്‍ വലതുപക്ഷം വരെ എല്ലായിടത്തും സവര്‍ണരുടെ എണ്ണം വര്‍ധിച്ചത്. വലതുപക്ഷം അവരുടെ പിതാവിന്റെ വീടാണ്. കോണ്‍ഗ്രസ് അവരുടെ അമ്മാവന്റെ വീടാണ്. ഇടതുപക്ഷം അവരുടെ അമ്മയുടെ അമ്മാവന്റെ വീടാണ്. അവസാനം അവര്‍ ഒരേ വൃക്ഷത്തിന്റെ വ്യത്യസ്ത ശാഖകള്‍ മാത്രമാണ് അവർ.

ജെഎൻയു സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ റഷ്യന്‍ ആന്റ് സെന്‍ട്രല്‍ ഏഷ്യന്‍ സ്റ്റഡീസിലെ ഗവേഷക വിദ്യാര്‍ഥിനിയാണ് ലേഖിക. 

കടപ്പാട്: ദി സ്റ്റാന്റ് പോയിന്റ്

വിവർത്തനം: കെ.കെ നൗഫൽ

  • https://thestandpoint.in/2020/07/28/how-caste-works-in-university-spaces-my-experience-dissects-the-hypocrisy-of-savarna-women/
Top