പരിസ്ഥിതി പ്രശ്നങ്ങളും ജനാധിപത്യത്തിന്റെ മലിനീകരണവും

കേരളത്തിന്റെ ഭൂഘടനയ്ക്ക് സംഭവിച്ചു കൊണ്ടിരിക്കുന്ന മാറ്റം ഭൂമിയുടെ ഉപയോഗവും ഉടമസ്ഥതയുമായി ചേർന്നു കിടക്കുന്നതിനാൽ അതിനെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ ഏറെ കൊട്ടിഘോഷിക്കപ്പെട്ട കേരള മോഡൽ വികസനത്തെ പ്രതിസ്ഥാനത്ത് നിർത്തുന്നതായിരിക്കും. ഒപ്പം അത്തരം വികസനം പുറന്തള്ളിയ ജനവിഭാഗങ്ങളുടെ ആവശ്യങ്ങളും അവരുന്നയിച്ച പ്രശ്നങ്ങളും മുഖവിലക്കെടുക്കേണ്ടതായും വരും. സി.കെ.എം.നബീൽ എഴുതുന്നു.

ഒരു വർഷത്തിന്റെ ദൂരത്തിൽ കേരളം മറ്റൊരു പ്രളയ ദുരന്തത്തെ കൂടി അഭിമുഖീകരിക്കുകയാണല്ലോ. ദുരന്ത നിവാരണ, റിലീഫ് പ്രവർത്തനങ്ങൾക്കൊപ്പം പരിസ്ഥിതി ദുരന്തങ്ങളുടെ കാരണങ്ങളെ ചൊല്ലിയുള്ള തർക്കങ്ങളും പിടിവാശികളും കൂടി സജീവമാവുകയാണ്. പരിസ്ഥിതി ആഘാതങ്ങളെ നാം കണ്ടു പരിചയിച്ച വീക്ഷണകോണുകളിൽ നിന്നും വ്യത്യസ്തമായി മറ്റൊരു തലത്തിൽ കൂടി സമീപിക്കേണ്ടതുണ്ടെന്ന ആലോചനയാണ് ഈ കുറിപ്പാനാധാരം. പരിസ്ഥിതി ദുരന്തങ്ങളെ ജനാധിപത്യത്തിന്റെ മലിനീകരണം (pollution of democracy) എന്ന വീക്ഷണത്തിൽ സമീപിക്കാനാണ് ശ്രമിക്കുന്നത്. ആ അർഥത്തിൽ പ്രകൃതി ദുരന്തങ്ങളെ സമീപിച്ചാൽ ഒരു നിശ്ചിത ബിന്ദുവിൽ തറക്കപ്പെട്ട ചർച്ചകളിൽ നിന്ന് കൂടുതൽ വിശാലമായ സംവാദങ്ങളിലേക്കും അനുബന്ധ വിഷയങ്ങളിലേക്കും കൂടി കേരളത്തിലെ പ്രളയ ദുരന്തങ്ങളെ കാണാനാകും എന്നാണ് കരുതുന്നത്. പ്രളയ ദുരന്തങ്ങളെ ജനാധിപത്യത്തിന്റെ മലിനീകരണം എന്ന വീക്ഷണ കോണിൽ സമീപിക്കുമ്പോൾ അടർത്തി മാറ്റാൻ കഴിയാത്ത വിധം ആദിവാസി ഭൂസമരങ്ങളും, ദലിത് ആദിവാസി കോളനികളും കുടിയേറ്റ കർഷകരുടെ ആശങ്കകളും തീരദേശ ജനവിഭാഗങ്ങളുടെ പ്രതിസന്ധികളും ചേർന്നിരിക്കുന്നത് കാണാൻ കഴിഞ്ഞേക്കും.

കഴിഞ്ഞ പ്രളയ ദുരന്ത കാലത്ത് തുടങ്ങിയതും പിന്നീട് ഇപ്പോൾ സജീവമാകുകയും ചെയ്ത രണ്ട് വാദങ്ങളുണ്ട്. ഡാമിന്റെ ദുർനടത്തിപ്പാണ് (mismanagement) പ്രളയ കാരണം എന്നതാണ് അതിലാദ്യത്തേത്. അതല്ല, ആഗോള തലത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന കാലാവസ്ഥാ വ്യതിയാനങ്ങളുടെ ഭാഗമെന്നോണം സംഭവിക്കുന്ന അതിതീവ്ര മഴയാണ് പ്രളയ കാരണം എന്നതാണ് ഇതിൽ രണ്ടാമത്തേത്. പരിസ്ഥിതി ഒരു മൊണ്ടാഷ് ആണെന്നിരിക്കെ അതിലെ ഓരോ ഘടകവും പരസ്പരം ബന്ധപ്പെട്ടും കൂടിച്ചേർന്നുമാണ് ഇരിക്കുന്നത് എന്നതു കൊണ്ട്  തന്നെ പാരിസ്ഥിതിക ആഘാതങ്ങളെ ഒന്നിൽ നിന്ന് മറ്റൊന്നിനെ വേർപ്പെടുത്തി വായിക്കുക അസാധ്യമാണ്. പറഞ്ഞു വരുന്നത് ഇതാണ്; ഇവ രണ്ടും പ്രളയത്തിന്റെ ആഘാതങ്ങൾക്ക് കാരണമായ പരസ്പര ബന്ധിതമായ കാരങ്ങളാണ്. അതേസമയം  ആഘാതങ്ങളുടെ കാരണങ്ങൾ ഇതിൽ രണ്ടിലും ഒതുങ്ങുന്നതല്ല. കേരളത്തിന്റെ ഭൂഘടനക്ക് സംഭവിച്ചു കൊണ്ടിരിക്കുന്ന ഘടനാ മാറ്റങ്ങൾക്ക് ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിക്കുന്നതിൽ  വലിയ പങ്കുണ്ട്. ഭൂമിയുടെ അവസ്ഥക്ക് സംഭവിക്കുന്ന മാറ്റം ന്നത് അതിന്റെ ഉപയോഗത്തിൽ (land use) വരുന്ന മാറ്റത്തോടൊപ്പം ഉടമസ്ഥതയോടും ബന്ധപ്പെട്ട് കിടക്കുന്ന കാര്യമാണ്. എന്നാൽ കഴിഞ്ഞ വർഷത്തെ ദുരന്തങ്ങളുമായി ബന്ധപ്പെട്ട ചർച്ചകളിലോ ഇപ്പോൾ നമ്മളനുഭവിച്ച് കൊണ്ടിരിക്കുന്ന പ്രളയ ദുരന്തത്തിന്റെ കാരണങ്ങളെ കുറിച്ചുള്ള വാദപ്രതിവാദങ്ങളിലോ ഇപ്പറഞ്ഞ കാര്യം ഏതെങ്കിലും തരത്തിൽ ഇതുവരെ ഉയർന്നു വന്നിട്ടില്ല. എന്തുകൊണ്ടാണ് ഒരിക്കൽ പോലും ഘടകം ചർച്ചക്ക് വരാതിരുന്നതെന്നത് ഗൗരവമർഹിക്കുന്ന വിഷയമാണ്. പറഞ്ഞു വെച്ചതു പോലെ ഭൂഘടനയ്ക്ക് സംഭവിച്ചു കൊണ്ടിരിക്കുന്ന മാറ്റം ഭൂമിയുടെ ഉപയോഗവും ഉടമസ്ഥതയുമായി ചേർന്നു കിടക്കുന്നതിനാൽ അതിനെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ ഏറെ കൊട്ടിഘോഷിക്കപ്പെട്ട കേരള മോഡൽ വികസനത്തെ പ്രതിസ്ഥാനത്ത് നിർത്തുന്നതായിരിക്കും. ഒപ്പം കേരള മോഡൽ പുറന്തള്ളിയ ജനവിഭാഗങ്ങളുടെ ആവശ്യങ്ങളും അവരുന്നയിച്ച പ്രശ്നങ്ങളും   മുഖവിലക്കെടുക്കേണ്ടതായും വരും. അതോടെ കേരള വികസന മോഡലിന്റെ ജനാധിപത്യ പാപ്പരത്തവും, പിടിച്ചെടുക്കൽ പുറന്തള്ളൽ മനോഘടനയും തെളിഞ്ഞു വരും. അതുകൊണ്ട് തന്നെ ഇത്രയും കലുഷിതമായ സന്ദർഭങ്ങളിൽ പോലും പാരിസ്ഥിക ആഘാതങ്ങളെ കുറിച്ചുള്ള  ചർച്ചകൾ നിശ്ചിത ബിന്ദുക്കളിൽ തറഞ്ഞ് നിൽക്കേണ്ടത് അത്തരംവികസന’ പദ്ധതികൾ തന്നെ തുടരണം എന്നാഗ്രഹിക്കുന്നവരുടെ ആവശ്യമാണ്. ഭംഗിയായി അക്കൂട്ടർ അതിൽ വിജയിക്കുകയും ചെയ്യുന്നുണ്ട്.

കേരളത്തിന്റെ ഭൂപ്രകൃതിയുടെ ഘടനാപരമായ മാറ്റങ്ങൾക്ക് കാരണമാകുന്ന ഘടകങ്ങൾ പലതുമുണ്ടെങ്കിലും ഖനന പ്രശ്നങ്ങളെ മുൻനിർത്തി നേരത്തെ സൂചിപ്പിച്ച ജനാധിപത്യത്തിന്റെ മലിനീകരണത്തെ കുറിച്ച്  ചില കാര്യങ്ങൾ സൂചിപ്പിക്കാനാണ് ശ്രമിക്കുന്നത്. അതെന്തുകൊണ്ടാണ് എന്ന് ചോദിച്ചാൽ; ഖനനം എന്നത് ഒരേസമയം ജനാധിപത്യത്തിന്റെ മലിനീകരണത്തിനും ഒപ്പം പാരിസിഥിതിക ആഘാതങ്ങൾക്കും കാരണമാകുന്ന കുറെയധികം സ്ഥാപിത താൽപര്യങ്ങളുടെ ഡീപ് സ്പോട്ടായി കേരളത്തിൽ മാറിയിട്ടുണ്ട് എന്നതുകൊണ്ടാണ്

പാറമടകളിലെ സ്ഫോടനങ്ങളും ഉരുൾപൊട്ടലുകളും  

മൂന്ന് വർഷങ്ങൾക്ക് മുൻപ്, ഖനന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പഠനാവശ്യാർത്ഥം കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള യാത്രകളിൽ ഖനനം മൂലമുള്ള ദുര്യോഗമനുഭവിക്കുന്ന തദ്ദേശവാസികളിൽ നിന്ന് ഒരുപാട് തവണ പറഞ്ഞു കേട്ട ഒരനുഭവമുണ്ട്. നിരന്തരമായ ഖനനം മൂലം പ്രാദേശികമായ നീരൊഴുക്കുകൾ അപ്രത്യക്ഷമാകുന്നതിനെയും ചെറിയ ഒരു മഴ പെയ്യുമ്പോഴേക്കും വെള്ളവും കല്ലും മണ്ണും ചേർന്ന് അതിശക്തിയായി വീടുകളിലേക്കും പറമ്പിലേക്കും കുത്തിയൊലിച്ച് വരുന്നതിനെയും കുറിച്ചായിരുന്നു അത്. ചെറിയ മഴക്കു പോലും ഖനനങ്ങളുള്ള  ജനവാസ മേഖലകളിൽ ചെറിയ ചെറിയ പൊട്ടലുകൾ പതിവായ സാഹചര്യമായിരുന്നു കേരളത്തിൽ

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഖനന വിരുദ്ധ സമര സമിതികൾ നിരന്തരം പ്രശ്നങ്ങളെ ഉന്നയിച്ചിരുന്നെങ്കിലും പലപ്പോഴും പ്രാദേശിക കോളങ്ങളിൽ അവ ഒതുങ്ങി പോവുകയാണുണ്ടായത്. കേരളത്തിൽ ഖനനങ്ങൾ വ്യാപകമാവുകയും ചെയ്തു. ഭരണകൂടങ്ങൾ പ്രത്യയശാസ്ത്ര ഭേദമന്യേ ഖനന മാഫിയകൾക്ക് സകല സൗകര്യങ്ങളും ചെയ്തു കൊടുത്തു.

പതിമൂന്നാം കേരള നിയമസഭാ പരിസ്ഥിതി സമിതിക്ക് (സമിതിയുടെ അജണ്ട കേരളത്തിലെ പാറമടകൾ ആയിരുന്നു) മുൻപാകെ കേരളത്തിൽ എത്ര ഖനനങ്ങളുണ്ടെന്നു  കൃത്യമായി അറിയില്ലെന്നാണ് ജിയോളജി വകുപ്പ് കുമ്പസാരം നടത്തിയത്. ഒൻപത് സർക്കാർ വകുപ്പുകളുടെ അനുമതി കിട്ടിയാൽ മാത്രം പ്രവർത്തിക്കാൻ കഴിയുന്ന റെഡ് കാറ്റഗറി വ്യവസായത്തെ പറ്റിയാണ് അതിന്റെ ചുമതലയുള്ള സർക്കാർ വകുപ്പ് ഇത്രയും നിരുത്തരവാദിത്തപരമായി പ്രതികരിച്ചത് എന്ന് ഓർമ്മവെക്കണം.

സർക്കാർ വകുപ്പുകൾ മാത്രമല്ല സകല രാഷ്ട്രീയ കക്ഷികളും ഖനന വിഷയത്തിൽ പരസ്പര പൂരകങ്ങളായി വർത്തിക്കുകയാണുണ്ടായത്. 2008 മുതൽ 2015 കേരളം മൈനർ മിനറൽ കൺസഷൻ റൂൾസ് മൊത്തമായി പരിഷ്ക്കരിക്കുന്നത് വരെയുള്ള കാലയളവിൽ  ഖനന ചട്ടങ്ങളിൽ കൊണ്ടുവന്ന ഭേദഗതികൾ ഒന്നും സഭയിൽ ചർച്ച ചെയ്ത് പാസാക്കുകയായിരുന്നില്ല. മറിച്ച് അസാധാരണം എന്ന തലക്കെട്ടിൽ ഗസറ്റിൽ പ്രസിദ്ധീകരിച്ച് നടപ്പിലാക്കുകയാണുണ്ടായത്. ഖനനം ചെയ്യാനുള്ള ആഴ പരിധി എടുത്തു കളഞ്ഞതും കൺസോളിഡേറ്റഡ് പേയ്മെന്റ് സംവിധാനം (ഓരോ ലൈസൻസിലും ഖനനം ചെയ്യാവുന്ന പാറ നേരത്തെ കണക്കാക്കി ഓരോ സ്ളാബുകളാക്കി തിരിച്ച് ഓരോ സ്ളാബിലും പെടുന്ന ലൈസൻസിൽ നിന്നും നിശ്ചിത റോയൽറ്റി നേരത്തെ ഈടാക്കുന്ന രീതി. ഏത് സ്ളാബിൽ വരുന്ന ലൈസൻസായാലും ഒരു പരിധിയുമില്ലാതെ ഖനനം ചെയ്യാൻ സഹായിക്കുന്ന ഉപാധികളാണ് ഖനന ചട്ടത്തിലുള്ളതെന്നിരിക്കെ കോടികളാണ് റോയൽറ്റി ഇനത്തിൽ സർക്കാർ ഖജനാവിന് നഷ്ട്ടം വന്നിട്ടുണ്ടാവുക) നടപ്പിലാക്കിയതടക്കമുള്ള എല്ലാ ജന വിരുദ്ധവും പ്രകൃതി വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ ഭേദഗതികളും ഇപ്രകാരം ചട്ടഭേദഗതിയിലൂടെ നടപ്പിലാക്കപ്പെട്ടതാണ്. ജനാധിപത്യ സംവിധാനങ്ങളിലേക്ക് തിരഞ്ഞെടുത്ത് വിട്ട ജനങ്ങളുടെ സ്വൈര്യ ജീവിതത്തിനു ഒരു പരിഗണയും കൊടുക്കാതെ ഖനന മാഫിയകൾക്ക് വേണ്ടി ജനായത്ത സംവിധാനങ്ങളെ ഉപയോഗപ്പെടുത്തി ആഘാതങ്ങളുടെ വ്യാപ്തി വർധിപ്പിച്ചു എന്നതാണ് മുകളിൽ സൂചിപ്പിച്ച ജനാധിപത്യ മലിനീകരണത്തിന്റെ ആദ്യ ഉദാഹരണം. ജനപക്ഷമെന്നും, ഹൃദയപക്ഷ സർക്കാർ  എന്നുമൊക്കെ സ്വയം വിശേഷിപ്പിക്കുന്ന ഇടതുപക്ഷ സർക്കാറുകളാണ് കേരളത്തിലെ ഖനനവുമായി ബന്ധപ്പെട്ട അപകടകരമായ ഭേദഗതികൾക്കെല്ലാം മുന്നിൽ നിന്നതെന്നതും ഒരു യാഥാർഥ്യമാണ്.

ഖനന പ്രവർത്തനങ്ങൾ മൂലം ദുരിതമനുഭവിച്ചിരുന്ന ജനങ്ങൾ കുറച്ച് വർഷങ്ങളായി നിരന്തരം അനുഭവിക്കുന്ന ചെറിയ രൂപത്തിലുള്ള ഉരുൾപൊട്ടലുകൾ കൂടുതൽ ശക്തിയിൽ കൂടുതൽ ആഘാതങ്ങൾക്ക് ശേഷിയുള്ള രൂപത്തിൽ പ്രത്യക്ഷപ്പെടുന്നതാണ്  രണ്ട് പ്രളയ കാലങ്ങളിലും നമ്മൾ കാണുന്നതും അനുഭവിക്കുന്നതും. തീർച്ചയായും ലഭിച്ച മഴയുടെ സ്വഭാവത്തിലും അതു പെയ്ത രീതിയിലും അസാധാരണമായ മാറ്റം ഉണ്ടായിട്ടുണ്ട്. മഴയുടെ സ്വഭാവ മാറ്റത്തെ മാത്രമായി പഴിചാരാൻ കഴിയാത്ത വിധം ഖനന പ്രവർത്തനങ്ങളും കയ്യേറ്റങ്ങളും അനധികൃത നിർമാണങ്ങളും ഭൂമിയുടെ സ്വഭാവത്തിൽ വലിയ മാറ്റങ്ങൾക്ക് കാരണമായിട്ടുണ്ടെന്നതും കാണാതിരുന്നുകൂടാ. അതിതീവ്ര മഴ മാത്രമാണ് കേരളത്തിന്റെ പ്രളയ ദുരന്തത്തിന്റെ കാരണമെന്ന് വാദിക്കുന്നവർ മറ്റ് ചില യാഥാർഥ്യങ്ങളുടെ നേർക്ക് കണ്ണടച്ച് ഇരുട്ടാക്കുകയാണ്. പ്രതിസന്ധിയെ പൂർണാർഥത്തിൽ മനസ്സിലാകാതെ അനുഭവിച്ചതും ഇനി സംഭവിച്ചേക്കാവുന്നതുമായ ആഘാതങ്ങളെ ന്യൂനീകരിക്കുകയാണ്.

കഴിഞ്ഞ വർഷം പ്രളയ ദുരനുഭവങ്ങൾ അതിന്റെ ഭീകരത പ്രകടമാക്കും മുൻപു തന്നെ; അതായത്, കഴിഞ്ഞ വർഷം മഴ തുടങ്ങുന്ന സമയത്ത് തന്നെ കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിൽ ഉരുൾപൊട്ടൽ റിപ്പോർട്ട് ചെയ്തിരുന്നു. കോഴിക്കോട് ഏഴും  മലപ്പുറത്തും വയനാട്ടിലുമായി രണ്ട് വീതം ഉരുൾപൊട്ടലുകളുമായിരുന്നു അവ. ഈ പതിനൊന്നു ഉരുൾപൊട്ടലുകളും റിപ്പോർട്ട് ചെയ്യപ്പെട്ട ഇടങ്ങളിൽ ചുരുങ്ങിയ ചുറ്റളവിലോ ഉരുൾപൊട്ടൽ ഉണ്ടായ മലയുടെ വശങ്ങളോട് ചേർന്നോ പാറമടകൾ ഉണ്ടായിരുന്നു. ഈ ഉരുൾപൊട്ടലുകൾ റിപ്പോർട്ട് ചെയ്ത് ഒന്നോ രണ്ടോ ആഴ്ചകൾക്ക് ശേഷമാണ് കേരളത്തിൽ പ്രളയ ദുരന്തമുണ്ടായതും കൂടുതൽ പൊട്ടലുകൾ റിപ്പോർട്ട് ചെയ്തതും. ഈ വർഷം ദുരന്തങ്ങളുണ്ടായ സ്ഥലങ്ങളെടുത്ത് പരിശോധിച്ചാലും സമാനമായ അവസ്ഥ കാണാൻ സാധിക്കും. ഈ വർഷത്തെ ദുരന്തക്കെടുതിയുടെ മുഖമായി മാറിയ കവളപ്പാറയിൽ മാത്രം 5 കിലോമീറ്റർ ചുറ്റളവിൽ 27 പാറമടകൾ ഉള്ളതായി കെഎഫ്ആർഐയിലെ (KFRI) ഗവേഷകരായ ഡോ.സജീവും ഡോ.അലക്‌സും നടത്തിയ  ക്വാറികളുടെ മാപ്പിങ് ഡാറ്റാബേസ് വെച്ച് കണ്ടെത്തിയിരുന്നു. ഇതേ ഡാറ്റ വെച്ചു തന്നെ മലപ്പുറം കോട്ടക്കുന്നിൽ ഉരുൾപൊട്ടൽ റിപ്പോർട്ട് ചെയ്യപ്പെട്ട സ്ഥലങ്ങളുടെ 5 കിലോമീറ്റർ ചുറ്റളവിൽ 26 ഖനനങ്ങളും 10 കിലോമീറ്റർ ചുറ്റളവിൽ 2 ഖനനങ്ങളുണ്ടെന്നും കണ്ടെത്തിയിരുന്നു. രണ്ട് ദുരന്ത കാലത്തും ഉരുൾപൊട്ടലുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട ഭൂരിഭാഗം സ്ഥലങ്ങളിലും സമാനമായ അവസ്ഥയാണുള്ളത്.

പശ്ചിമഘട്ട സംസ്ഥാനങ്ങളില്‍ ജനവാസമേഖലയിൽ നിന്നും ഖനനത്തിനുണ്ടാകേണ്ട ദൂര പരിധി ഏറ്റവും കുറവുള്ളത് കേരളത്തിലാണ്. ജനവാസ മേഖലയിൽ നിന്നും 50 മീറ്റർ ദൂരമാണ് പാറമടകൾ പാലിക്കേണ്ടതുള്ളൂ. ടെമ്പററി ഷോർട്ട് ടേം വ്യവസ്ഥകളിൽ ഖനനങ്ങൾക്ക് പ്രവർത്തനാനുമതി നൽകുന്നതും കേരളത്തിലെ മാത്രം രീതിയാണ്. വ്യവസ്ഥയിൽ ഖനനാനുമതി നൽകുന്ന പാറമടകൾക്കെല്ലാം തന്നെ കുറഞ്ഞ കാലയളവിലേക്ക് മാത്രമേ പ്രവർത്തനാനുമതി നൽകൂ എന്നതിന്റെ മറവിൽ പരിസ്ഥിതി ആഘാത പഠനത്തിൽ നിന്നും, മൈനിങ് പ്ലാനിൽ നിന്നും മൈനിങ് ക്ലോസർ പ്ലാനിൽ നിന്നും വിടുതൽ നൽകുന്നതാണ് നടപ്പുരീതി. ഏറ്റവും കുറഞ്ഞ ദൂര പരിധിയുടെയും, ടെമ്പററിഷോർട്ട് ടേം വ്യവസ്ഥകളിലെ ആനുകൂല്യങ്ങളുടെയും മറപിടിച്ചാണ് പശ്ചിമഘട്ട മേഖലകളിലും ഇടനാടൻ പാറക്കൂട്ടങ്ങളിലും പാറമടകൾ പെറ്റുപെരുകിയത്. ഖനനം മൂലമുള്ള ദുര്യോഗങ്ങൾ നിത്യജീവിതത്തിന്റെ പരിവേദനകളായി മാറിയ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മനുഷ്യർ പങ്കുവെച്ചിരുന്ന; ഖനനത്തിനായി നടത്തുന്ന സ്ഫോടനങ്ങൾ ജീവിതത്തെ അസ്ഥിരപ്പെടുത്തുന്നതിനെ  കുറിച്ചുള്ള അനുഭവങ്ങൾ ഉരുൾപൊട്ടൽപ്രളയ കാലത്തിൽ ശ്രദ്ധ ആവശ്യപെടുന്നുണ്ട്. ഉഗ്ര സ്ഫോടനങ്ങൾ മൂലം ഖനന മേഖലയ്ക്ക് ഏതാനും ചുറ്റളവിലുള്ള വീടുകളുടെ തറ മുതൽ മേൽക്കൂര വരെ ചുമരുകൾ വിണ്ട് പൊളിയുന്നതിനെ പറ്റിയും, അസ്ഥിരപ്പെട്ട ഭൂമിയിലേക്ക് കിണറുകൾ ഇടിഞ്ഞു താഴുന്നതിനെ കുറിച്ചും, ഭൂമിക്കടിയിലെ ജല നിരപ്പ് താഴുന്നതും,  ജനവാസ മേഖലകളിലേക്കു ഖനനം നടക്കുന്ന  പാറകളുടെ ചെരിവ് ഇടിഞ്ഞു വീഴുന്നതിനെ പറ്റിയും, ഖനനത്തിന് വേണ്ടി കുഴിച്ച് നീക്കിയ മേൽമണ്ണ് സ്ഫോടന സമയത്ത് പാറകളുടെ ഉയർച്ചയിൽ നിന്ന് വീടുകൾക്ക് മുകളിൽ പതിക്കുന്നതിനെ പറ്റിയുമൊക്കെയുള്ള അനുഭവങ്ങളാണവ. പാറമടകളിലെ സ്ഫോടനങ്ങളെ കുറിച്ച് പഠിച്ചിട്ടുള്ള  ഡോ.എസ്.ശ്രീകുമാർ പാറമടയിലെ ഉഗ്ര സ്ഫോടനത്തിൽ അപകടം ഉണ്ടായ  എറണാകുളം ജില്ലയിലെ അയ്യമ്പുഴയിൽ നടത്തിയ ഫീൽഡ് സ്റ്റഡിയുടെ അനുഭവങ്ങളെ വിവരിക്കുന്നുണ്ട്. ഇവിടെ ഉണ്ടായ സ്ഫോടനത്തിന്റെ സ്വഭാവം ഭൂചലനത്തിന്റെ തീവ്രത അറിയാനുള്ള മോഡിഫൈഡ് മെർക്കിലിസ് സ്കെയിലിൽ കാണിച്ച ലക്ഷണങ്ങൾ ഒരു ചെറിയ ഭൂകമ്പത്തിന് സമാനമായിരുന്നുവെന്നും അദ്ദേഹം നിരീക്ഷിക്കുന്നുണ്ട്ക്വാറിയിൽ ഉപയോഗിക്കുന്ന സ്ഫോടകവസ്തു അമിതമാവുകയാണെങ്കിൽ അത് ഏതാനും ചതുരശ്ര കിലോമീറ്റർ ചുറ്റളവിൽ പ്രകമ്പനം സൃഷ്ടിക്കാൻ കഴിവുള്ളതതാകുമെന്നും ഭൂമിയെയും പ്രദേശത്തെ കെട്ടിടങ്ങളെയും അസ്ഥിരപ്പെടുത്തുമെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ട്. കേരളത്തിലെ പാറമടകളിൽ ഒരു ദിവസം എത്ര സ്ഫോടങ്ങൾ നടക്കുന്നുണ്ടെന്നും അതിന്റെ തീവ്രത എന്താണെന്നും ഉപയോഗിക്കുന്ന വസ്തുക്കൾ എന്താണെന്നുമുള്ളത് എന്തെങ്കിലും വിവരമോ കണക്കോ കൃത്യതയോ ഇല്ലാത്ത കാര്യങ്ങളാണ്.

ഒരു പ്രദേശത്ത് തന്നെ ഒന്നിൽ കൂടുതൽ പാറമടകൾ കോൺസണ്ട്രേറ്റ് ചെയുന്ന രീതിയിലാണ് കേരളത്തിൽ ഖനനങ്ങൾ ഉള്ളത് എന്നതിനാൽ അതുണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങൾ ഊഹിക്കാമല്ലോ. സ്വൈര്യമായി ജീവിച്ചിരുന്ന ഇടങ്ങളിൽ പാറമടകൾ സജീവമായതോടെ പിടിച്ചുലയ്ക്കപ്പെട്ട് ജീവിതം  തന്നെ അസാധ്യമായി തീർന്നതിനെ പറ്റിയുള്ള സങ്കട (പ്രതിഷേധ) ഹരജികളായിരുന്നു ഖനന വിരുദ്ധ സമരങ്ങളെല്ലാം.

ചെറിയ കുലുക്കങ്ങളും ഉരുൾപൊട്ടലുകളും  അനിയന്ത്രിത ഖനനത്തിനൊപ്പം അവരുടെ ജീവിത പരിസരങ്ങളിലേക്ക് കടന്നു വന്ന ദുർവിധിയാണെന്നും പ്രദേശത്ത് ഖനനങ്ങൾ സജിയമാകുന്നതിനു മുൻപ് അതൊക്കെയും കേട്ടുകേൾവി മാത്രമുള്ള കാര്യമായിരുന്നു എന്നും ഖനന വിരുദ്ധ സമരങ്ങളുണ്ടായിരുന്ന പ്രദേശങ്ങളിലെ ഫീൽഡ് വർക്കിൽ നിന്നും എളുപ്പം മനസ്സിലാക്കാവുന്ന വസ്തുതയാണ്. മുകളിൽ സൂചിപ്പിച്ച രണ്ട് പ്രളയ കാലത്തെയും അനുഭവങ്ങളും വിവിധ ഖനന വിരുദ്ധ സമരങ്ങൾ ഉന്നയിച്ചിരുന്ന അനുഭവങ്ങളും ചേർത്തു വായിക്കേണ്ടത് അതിജീവനത്തെ കുറിച്ചുള്ള ആലോചനയുടെ ആവശ്യമായി വരുന്നത് അതുകൊണ്ടാണ്.

ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ 2013ലെ റിപ്പോർട്ട് അനുസരിച്ച് കേരളത്തിലെ 73 വില്ലേജുകൾ ഉരുൾപൊട്ടൽ മേഖലകളാണ്. കേരള സർക്കാരിന്റെ കണക്കനുസരിച്ച് കേരളത്തിലെ 50 താലൂക്കുകൾ പ്രതിവർഷമുള്ള വലിയ തോതിലുള്ള ഉരുൾപൊട്ടലുകൾക്ക് സാധ്യതയുള്ളവയാണ്. എന്നാൽ കണക്കുകളൊന്നും തന്നെ കഴിഞ്ഞ പ്രളയകാലത്തെ വിലയിരുത്തുന്ന സമയത്തോ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച റീ ബിൽഡിങ് കേരള പദ്ധതിയിലോ പരിഗണിക്കപ്പെട്ടിട്ടില്ല എന്നതിന് ഉത്തമ ഉദാഹരണമാണ് 1964 കാർഷിക ആവശ്യങ്ങൾക്കായികാർഷികേതര ആവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്നുള്ള വ്യവസ്ഥയിൽ പതിച്ച് നൽകിയ പട്ടയ ഭൂമി തരംമാറ്റി തോന്നുംവിധം ഖനനം ചെയ്യാൻ കഴിയുന്ന രൂപത്തിൽ ഖനന മാഫിയകൾക്ക് തുറന്നു കൊടുക്കാൻ സർക്കാർ എടുത്ത തീരുമാനം. ഖനന മാഫിയകളുടെ കാലങ്ങളായുള്ള ആവശ്യങ്ങളിലൊന്നായിരുന്നു ഇത്. എന്തായാലും സർക്കാർ തീരുമാനത്തോടു കൂടി ഖനന മാഫിയക്ക് പശ്ചിമഘട്ടത്തിലേക്കും ഇടനാടൻ കുന്നുകളിലേക്കും പാഞ്ഞു കയറാനുള്ള ലൈസൻസാണ് സർക്കാർ നൽകിയിരിക്കുന്നത്.

കേരള മോഡലിന്റെ അടിസ്ഥാനപരമായ പിഴവുകൾ

ഉരുൾപൊട്ടൽ ദുരന്തങ്ങളുണ്ടായ പ്രദേശങ്ങളെല്ലാം ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് അതിതീവ്ര പരിസ്ഥിതി ലോല പ്രദേശങ്ങൾ എന്നോ ലോല പ്രദേശങ്ങൾ എന്നോ കണക്കാക്കിയ പ്രദേശങ്ങളാണ് എന്നത് ദുരന്തകാലത്തെ വലിയ വിരോധാഭാസങ്ങളിലൊന്നാണ്. മലയോര കുടിയേറ്റ ജനതയെ മറയാക്കി ഖനന കൺസ്ട്രക്ഷൻ മാഫിയകൾ പള്ളിക്കാരുടെയും രാഷ്ട്രീയ പാർട്ടികളുടെയും ഒത്താശയോടെ ഗാഡ്ഗിൽ കമ്മിറ്റി നിർദ്ദേശങ്ങളെ അപ്പാടെ തള്ളുകയായിരുന്നു. ഗാഡ്ഗിൽ റിപ്പോർട്ടിൽ തന്നെ പറയുന്ന പോലെ അതാത് ഭാഷകളിൽ തദ്ദേശവാസികൾക്ക് റിപ്പോർട്ട് ലഭ്യമാക്കാനോ  അതിനോട് ക്രിയാത്മകമായി സംവദിക്കാനോ ഉള്ള സാഹചര്യങ്ങളാണ് പള്ളി – പാർട്ടി – പാറമട മാഫിയ സംഘടിത ശ്രമങ്ങൾ ഇല്ലാതാക്കിയത്. കുടിയേറ്റം, കയ്യേറ്റം എന്നീ വിവക്ഷകളുടെ  വ്യത്യാസങ്ങളെ വക്രീകരിച്ചുകൊണ്ട് (ambiguous) കയ്യേറ്റ താല്‍പര്യങ്ങളെ സംരക്ഷിക്കുകയും ഒപ്പം കുടിയേറ്റ ജനങ്ങളുടെ അനുഭവങ്ങളും പ്രശ്നങ്ങളും ആവശ്യങ്ങളും ചർച്ചക്ക് വന്നേക്കാവുന്ന സാഹചര്യങ്ങളെ അതിസമർത്ഥമായി മാഫിയ രാഷ്ട്രീയ ബാന്ധവം റദ്ദ് ചെയ്യുകയും ചെയ്തു. അതുകൊണ്ടാണ് മലയോര ജനവിഭാഗങ്ങളെ മ്യൂസിയം പീസായി ലോക പൈതൃക ടാഗിൽ കാഴ്ച്ചവെക്കാൻ വിദേശ ഫണ്ട് വാങ്ങിയാണ് ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് തയ്യാറാക്കിയത് എന്ന് കൊട്ടിയൂരിൽ പ്രസംഗിച്ച അന്നത്തെ പാർട്ടി സെക്രട്ടറിക്ക് ഇന്ന് മുഖ്യമന്ത്രി കസേരയിലിരുന്ന് കാർഷികേതര ആവശ്യങ്ങൾക്കല്ലാതെ തരംമാറ്റി ഉപയോഗിക്കാൻ പാടില്ലെന്ന വ്യവസ്ഥയിൽ പതിച്ച് കൊടുത്ത കൃഷിഭൂമിയിൽ അദാനിയുടെ വിഴിഞ്ഞം പദ്ധതിക്ക് വേണ്ടി ഖനനം സാധ്യമാകും വിധം ഭേദഗതി ചെയ്യാനുള്ള നീക്കുപോക്കുകൾ കണ്ടെത്താൻ ഉദ്യോഗസ്ഥ വൃന്ദത്തോട് കൽപ്പിക്കാൻ കഴിയുന്നത്

ഇന്ത്യൻ സാഹചര്യത്തിൽ പരിസ്ഥിതിവാദം എങ്ങനെയാണ് ഒരു സവർണ പ്രക്രിയ ആകുന്നത് എന്ന് മുകുൾ ശർമ വിശദമായി വിവരിക്കുന്നുണ്ട്. അർഥത്തിൽ മാധവ് ഗാഡ്ഗിലിനോട് വിയോജിക്കുമ്പോൾ തന്നെ കേരളം അനുഭവിച്ചു കൊണ്ടിരിക്കുന്ന പരിസ്ഥിപ്രശ്നങ്ങളെ അഡ്രസ് ചെയ്യുന്നതിൽ ഗാഡ്ഗിൽ കമ്മിറ്റി മുന്നോട്ട് വെക്കുന്ന രീതിശാസ്ത്രത്തിന് പ്രസക്തിയുണ്ട് എന്ന് തന്നെ പറയേണ്ടതുണ്ട്. പശ്ചിമഘട്ടത്തെ മുഴുവനായും മൂന്നുകളോജിക്കൽ സെൻസിറ്റീവ് സോണുകളായി കണക്കാക്കിയുള്ള നിർദ്ദേശങ്ങളായിരുന്നു ഗാഡ്ഗിൽ കമ്മിറ്റിയുടേത്.

റിപ്പോർട്ടിൽ ഖനനങ്ങളെ സംബന്ധിച്ച്‌; സോൺ ഒന്നിൽ നിലവിലുള്ള പാരിസ്ഥിതികവും സാമൂഹികവുമായ പ്രത്യാഘാതങ്ങളെ പരിഗണിച്ച് ഒരു കാരണവശാലും ഖനനങ്ങൾ  അനുവദിക്കരുതെന്നും നിലവിലുള്ളവ അഞ്ചു വർഷത്തിനുള്ളിൽ പൂർണ്ണമായി അവസാനിപ്പിക്കണമെന്നും, സോൺ രണ്ടിൽ പുതിയ ഖനനങ്ങൾക്ക് അനുമതി നൽകരുതെന്നും ഒപ്പം നിലവിലുള്ള ഖനനങ്ങൾ കർശന നിയന്ത്രങ്ങൾക്കും സോഷ്യൽ ഓഡിറ്റിങിനും വിധേയമാക്കി മെച്ചപ്പെടുത്തണമെന്നും, സോൺ മൂന്നിൽ ആവശ്യമെങ്കിൽ പുതിയ ഖനങ്ങൾക്ക് അനുമതി നൽകാമെന്നും അനുവദിക്കുന്ന ഖനനങ്ങൾ കടുത്ത നിയന്ത്രണങ്ങൾക്കും സോഷ്യൽ ഓഡിറ്റിംഗിനും വിധേയമായേ പ്രവർത്തിക്കാവൂ എന്നും കൂടാതെ തദ്ദേശവാസികളുടെ അനുമതിയോടെയും ആദിവാസി ജനവിഭാഗങ്ങളുടെ അവകാശങ്ങളെ ഹനിക്കാതെയും മാത്രമേ ഖനങ്ങൾക്ക് അനുമതി നൽകാൻ പാടുള്ളൂ എന്നായിരുന്നു ഗാഡ്ഗിൽ കമ്മിറ്റി നിലപാട്.

എകളോജിക്കലി സെൻസിറ്റീവ് സോൺ എന്നത് അടിസ്ഥാന ഏകകമായി പരിഗണിക്കുമ്പോഴും അതിൽ ഉൾപ്പെടുന്ന പശ്ചിമഘട്ട മേഖലകളെയും അവിടെ പാടുള്ളതും ഇല്ലാത്തതുമായ പ്രവർത്തനങ്ങൾ നിർദ്ദേശിക്കുമ്പോഴും ഓരോ സോണിലെയും തദ്ദേശവാസികളോട് കൂടിയാലോചിച്ച് കൂട്ടിച്ചേർക്കലുകളും ഒഴിവാക്കലുകൾക്കും ശേഷം മാത്രമേ അന്തിമ തീരുമാനം സാധ്യമാകൂ എന്ന ബോധം ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് മുന്നോട്ട് വെക്കുന്ന രീതിശാസ്ത്രത്തിന്റെ അടിസ്ഥാന സ്വഭാവം ആണ് ബോധം തന്നെയാണ് ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിനെതിരെ മാഫിയകളെയും രാഷ്ട്രീയ കക്ഷികളെയും വിളറി പിടിപ്പിച്ചതും സംഘടിത കുപ്രചാരങ്ങൾ അഴിച്ചുവിടാൻ കാരണമായതും.

മണ്ണായും കല്ലായും തടിയായും പശ്ചിമഘട്ടത്തിൽ നിന്നും ഇടനാടൻ മലപ്രദേശങ്ങളിൽ നിന്നുമുള്ള വിഭവങ്ങളാണ് കാലങ്ങളായി കേരളത്തിന്റ വികസന ത്വരയുടെ പള്ള നിറച്ചുകൊണ്ടിരിക്കുന്നത്. അതേസമയം പലതരം പിന്നോക്കാവസ്ഥകൾ (multiple backwardeness) അനുഭവിച്ച് കൊണ്ടിരിക്കുന്ന പശ്ചിമഘട്ട മേഖലകളിലെ ജനസമൂഹമാണ് എല്ലാ വിഭവ സമാഹാര പദ്ധതികളുടെയും പ്രത്യാഘാതങ്ങൾ ഏറ്റവും കൂടുതൽ അനുഭവിക്കുന്നതും. കഴിഞ്ഞ പ്രളയ കാലത്ത് കേരളത്തിലെ ഇരുനില വീടുകളുടെ രണ്ടാം നിലയോളം വെള്ളംതൊടും വരേയ്ക്കും കേരളത്തിൽ പ്രളയമില്ലായിരുന്നു എന്ന നിരീക്ഷണം ഏറെ  പ്രാധാന്യമർഹിക്കുന്നുണ്ട്. നിരന്തരമായി വിഭവ കൊള്ളയുടെ പ്രത്യാഘാതങ്ങൾ അനുഭവിക്കുന്ന പശ്ചിമഘട്ടത്തിലെയും അതിന്റെ തുടർച്ചയായുള്ള ഭൂ പ്രദേശത്തെ ജനവിഭാഗങ്ങളും പ്രാദേശികമായി അവരവരുടെ പ്രദേശങ്ങളിൽ എന്തൊക്കെ വേണമെന്നും വേണ്ട എന്നും അതെങ്ങനെ സംരക്ഷിക്കണമെന്നും തീരുമാനിക്കാൻ അവസരം ഉണ്ടായാൽ പശ്ചിമഘട്ടത്തിൽ നിന്നും ഇടനാടൻ കുന്നുകളിൽ നിന്നുമുള്ള വിഭവ കൊള്ളയുടെ ഒഴുക്ക് പരിമിതപ്പെടുംവിഭവങ്ങളുടെ ഉപയോഗത്തിലും ഉടമസ്ഥതയിലും ക്രയവിക്രയ ഇടപാടിലും തദ്ദേശവാസികൾക്ക്  പറയാനും ഭാഗഭാക്കാകാനും കഴിയുന്ന പുതിയ തുറവികളെ തുറന്നു എന്നത് തന്നെയാണ് ഗാഡ്ഗിൽ കമ്മിറ്റി മുന്നോട്ട് വെച്ച രീതിശാസ്ത്രത്തിന്റെ സാധ്യത. തിരിച്ചറിവാണ് ഒരു തരത്തിലും ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടുമായി എൻഗേജ് ചെയ്യാൻ ശ്രമിക്കാതെ മാഫിയകളുടെ ഹൃദയപക്ഷത്ത് നിന്ന് നുണകൾ പ്രചരിപ്പിച്ച് പുതിയ തുറവികളെ റദ്ദ് ചെയ്യിപ്പിച്ചത്.

വികസനത്തിന്റെ വണ്ടി കൂടുതൽ വേഗത്തിൽ പായുകയാണ്. പാച്ചിൽ നിലനിർത്താൻ പശ്ചിമഘട്ടത്തെയും ഇടനാടൻ മലകളെയും കുഴിച്ച് കൊണ്ടേയിരിക്കുകയാണ്. ഏറെ ആഘോഷിച്ച വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ പ്രോജക്റ്റ് നഷ്ടകണക്കുകളുടെ മാനം നോക്കി കിടക്കുകയാണ്. സാമ്പത്തിക നഷ്ടങ്ങൾ മാത്രമല്ല പദ്ധതിയുടെ പാരിസ്ഥിതിക നഷ്ടങ്ങളും. കുടിയിറക്കപ്പെട്ട, ഇപ്പോഴും പുനരധിവാസം സാധ്യമായിട്ടില്ലാത്ത പ്രദേശവാസികളുടെയും കൂടി പരിഗണിക്കുമ്പോഴാണ് കണക്കെടുപ്പ് പൂർണമാകുക. പറയാൻ ശ്രമിക്കുന്നത് ദീർഘ വീക്ഷണമില്ലാത്ത കേന്ദ്രീകൃത സ്വഭാവമുള്ള പദ്ധതികളെ കുറിച്ചാണ്. മൂന്നോളം പഠനങ്ങൾ കോമ്പ്രിഹെൻസീവ് സ്റ്റഡി ഫോർ ട്രാൻസ്‌പോർട് സിസ്റ്റം ഫോർ ഗ്രെയ്റ്റർ കൊച്ചിൻ (റ്റൈർസ്),സിറ്റി മൊബിലിറ്റി പ്ലാൻ (സി.രാജു), ട്രാഫിക് ആൻഡ് ട്രാൻസ്പോർടേഷൻ സ്റ്റഡി ഫോർ കൊച്ചിൻ കോർപറേഷൻ (നാറ്റ്പാക്)  കൊച്ചിയുടെ ഭൂമിശാസ്ത്രത്തെ പരിഗണിക്കുമ്പോൾ ഒട്ടും പ്രായോഗികമല്ലെന്നു കാര്യകാരണങ്ങൾ സഹിതം വിലയിരുത്തിയതിനു ശേഷമാണ് കൊച്ചി മെട്രോ പ്രോജക്റ്റ് നടപ്പിലാക്കിയത് എന്നും പൊതുജനം അറിയേണ്ടതില്ലേ? ചിലവ് കുറഞ്ഞ, ലളിതവും കൊച്ചിയുടെ പ്രകൃതിക്ക് ഇണങ്ങുന്നതുമായ ശുപാർശകളാണ് ഈ നീക്കത്തിനിടയിൽ മരവിപ്പിക്കപ്പെട്ടത്. കേരള മോഡൽ വികസനം പുറന്തള്ളിയ കൊച്ചി നഗരത്തിനു ചുറ്റുമായി പരന്നു കിടക്കുന്നകൊച്ചിക്കാരുടെജീവിതത്തെ കൊച്ചി മെട്രോ കൂടുതൽ ആഞ്ഞു തള്ളുകയും അരികുവത്ക്കരിക്കുകയുമാണ് ചെയ്തത്. ജെട്ടികളും ബോട്ടുകളും എന്നും തുരുമ്പ് പിടിച്ച് തുടരണമെന്നും ഒട്ടും നൂതനമല്ലാത്ത സംവിധാനങ്ങളായി നിലനിൽക്കണമെന്നതും ആരുടെ താൽപര്യമാണ്? അതേസമയം കൊച്ചി മെട്രോ യാഥാർഥ്യമാകുമ്പോൾ മാത്രം സാധ്യതയുള്ള സെക്കണ്ടറി ഓപ്ഷനുകളായി മെട്രോ സൈക്കിളുകളും മെട്രോ ജല ഗതാഗതവും മാറുന്നതിനു പിന്നിലുള്ള യുക്തി എന്തിന്റേതാണ്?

പറയാൻ ശ്രമിക്കുന്നത് വികസനത്തിന്റെ മുൻഗണനകളെ കുറിച്ചാണ്. പ്രായോഗികമല്ല അല്ല എന്ന ഒറ്റക്കാരണത്താൽ അന്താരാഷ്ട്ര തുറമുഖ കമ്പനികളൊന്നും ടെണ്ടർ നൽകാതിരുന്ന വിഴിഞ്ഞം പദ്ധതിക്ക് വേണ്ടിയാണ് 70 ലക്ഷം ടൺ പാറ നൽകാമെന്ന് കേരള സർക്കാർ അദാനിക്ക് ഉറപ്പ് നൽകിയിരിക്കുന്നത്. ഇതിന് പുറമെയാണ് കരട് രൂപം പ്രഖ്യാപിച്ചിട്ടുള്ള മറ്റ് പദ്ധതികൾക്കും വേണ്ടി പശ്ചിമഘട്ടത്തിന്റെ തലപ്പുകളിലേക്ക് പാഞ്ഞു കയറാൻ ഖനന മാഫിയ ഒരുങ്ങിയിരിക്കുന്നത്. പശ്ചിമഘട്ടത്തെ പറ്റിയുള്ള ചർച്ചകളിൽ ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് അവസാന വാക്കാണെന്നതിൽ തറച്ച് നിന്നുള്ള ആലോചനയല്ല കുറിപ്പിന്റെ ആധാരം. ഗാഡ്ഗിൽ കമ്മിറ്റിക്കും അങ്ങനെ ഒരു അഭിപ്രായം ഉണ്ടെന്നു തോന്നുന്നില്ല. എന്നാൽ പങ്കാളിത്ത ജനാധിപത്യത്തെ കുറിച്ചും, വിഭവങ്ങളുടെ ഉപയോഗത്തിലും വികസന കർമ്മ പദ്ധതികൾ ആവിഷ്ക്കരിക്കുന്നതിലും അധികാര വികേന്ദ്രീകരണത്തെ കുറിച്ചുള്ള ആലോചനകൾക്കും വലിയ പ്രാധാന്യം ഉണ്ടെന്ന ബോധ്യമാണ്. ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിനെ ദിശയിലുള്ള സൂചകമായി പരിഗണിക്കേണ്ടതുണ്ട്.

ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിനെ തള്ളിക്കളഞ്ഞു എന്ന കാരണത്താലല്ല, മറിച്ച് എല്ലാ കാലത്തും  വിഭവാധികാരത്തിലും സമാഹാരണത്തിലും വിതരണത്തിലും പങ്കാളിത്ത ജനാധിപത്യത്തെയും അധികാര വികേന്ദ്രീകരണത്തിന്റെയും  സാധ്യതകളെ തടഞ്ഞു വെച്ചും അത്തരം ആലോചനയുടെ ഇടങ്ങളെ ഇല്ലാതാക്കിയും വികസിച്ച കേരള മോഡലിന്റെ ഡിഎൻഎയിലാണ് ഉരുൾപൊട്ടൽ പ്രളയ ദുരന്തങ്ങളുടെ കാരണങ്ങൾ അന്വേഷിക്കേണ്ടത്. അന്വേഷണത്തിലാണ് ജനാധിപത്യ മലിനീകരണമാണ് പ്രകൃതി ആഘാതങ്ങളായി മാറുന്നതെന്ന ആലോചനയുള്ളതും.

 

(‘മുറിവേറ്റ മലയാഴം: കേരളത്തിലെ പാറമടകള്‍ സൃഷ്ടിക്കുന്ന പാരിസ്ഥിതിക – സാമൂഹിക പ്രശ്‌നങ്ങള്‍’ (കേരളിയം പുസ്തകശാല, തൃശൂർ, 2017) എന്ന ഗ്രന്ഥത്തിന്റെ കർത്താവാണ് ലേഖകൻ. ഇപ്പോൾ ഗുവാഹത്തിയിലെ ടിസ്സിൽ ഗവേഷണ വിദ്യാർഥിയാണ്. മലപ്പുറം പൊന്നാനി സ്വദേശി)

Top