‘പുത്തൻ കേരള’ത്തിന്റെ രാഷ്ട്രീയമെന്ത്?

August 23, 2019

ഇൻഡ്യയുടെ സാംസ്കാരിക ചരിത്രത്തിൽ, പ്രത്യേകിച്ച് കേരളത്തിൽ എങ്ങനെയൊക്കെ ബുദ്ധ പാരമ്പര്യം സ്വാധീനിച്ചിരുന്നു എന്നതിനെ കുറിച്ച ചരിത്ര യാത്രകളാണ് ‘പുത്തൻ കേരള’മെന്ന ഡോ.അജയ് ശേഖറിന്റെ പുതിയ രചന. ജഗദേഷ്.ജെ എഴുതുന്നു.

‘ചരിത്രമറിയാത്ത ജനതയ്ക്ക് അത് നിർമിക്കാനുമാകില്ല’ എന്ന അംബേഡ്കർ വചനത്തെ ഓർമിപ്പിക്കുന്ന, ചരിത്രം വളച്ചൊടിക്കപ്പെടുന്ന സമകാലീന രാഷ്ട്രീയ സാഹചര്യത്തിൽ പ്രസക്തമാകുന്ന ഏറ്റവും പുതിയ രചനയാണ് ‘പുത്തൻ കേരളം’. ചരിത്രാന്വേഷിയായ ഡോ.അജയ് ശേഖറിന്റേതാണ് ഈ പുത്തൻ രചന. പേരുകൊണ്ടു തന്നെ ശ്രദ്ധേയമായ ‘പുത്തൻ കേരളം’ ഇരുപത്തിനാല് സമൃദ്ധമായ ലേഖനങ്ങൾ ഉൾപ്പെടുന്ന ബൗദ്ധ പാരമ്പര്യ കേരളത്തിലേക്കുള്ള ആഴത്തിലുള്ള നോട്ടമാണ്. അവതാരികയിൽ പി.കെ.പോക്കർ പറയുന്നതു പോലെ ലേഖനങ്ങളിലെ നിഗമനങ്ങളിൽ ഗ്രന്ഥകാരൻ നിലയുറപ്പിക്കുന്നത് ഗവേഷണ ബുദ്ധിയോടെയും, ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിലുമാണ് എന്നത് വായനയുടെ ഗൗരവം ആവശ്യപ്പെടുന്ന ഒന്നാണ്. ഇരുന്നൂറ്റി അൻപതോളം പേജുകൾ വരുന്ന, ഒരു പേജുപോലും അലസമായി മറിച്ചു പോകാനാകാത്ത വിധം വിഭവസമാഹരണം നടത്തിയിട്ടുള്ള പുസ്തകത്തിന്റെ പ്രധാന സവിശേഷതയും ഇതു തന്നെയാണ്.

വി.വി.കെ.വാലത്ത്, ഇളംകുളം, കേസരി ബാലകൃഷ്ണപിള്ള, സി.വി.കുഞ്ഞിരാമൻ, മിതവാദി സി.കൃഷ്ണൻ, സഹോദരൻ അയ്യപ്പൻ തുടങ്ങി വസ്തുനിഷ്ഠമായി കേരള ബൗദ്ധ പാരമ്പര്യത്തെയും സംസ്കാരത്തെയും കുറിച്ച് എഴുതിയവരിലെ നിലയ്ക്കാത്ത കണ്ണികളിലൊളാണ് അജയ് ശേഖർ. കേരളത്തിന്റെയും തെക്കേ ഇൻഡ്യയുടെയും അനാദിയായ ഹിന്ദു പൈതൃകം എന്ന വ്യാജ ചരിത്രത്തെ തകർക്കുകയെന്ന ലക്ഷ്യത്തോടെ ഇളംകുളം തുടങ്ങിവച്ച ഒറ്റയാൾ പോരാട്ടത്തിൽ ഗ്രന്ഥകാരനും കണ്ണിചേരുകയാണ്.

കേരളത്തിൽ നാരായണ ഗുരു തുടങ്ങിവെച്ച അനുകമ്പ നിറഞ്ഞ ജ്ഞാനസാന്ദ്രമായ നവ ബുദ്ധമത  പ്രസ്ഥാനത്തിന്റെ തുടർച്ചയാണ് സമകാലീന ഇൻഡ്യ കാംക്ഷിക്കുന്നതെന്നതാണ് ഈ കൃതി മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയം. അവർണരെന്ന ബഹുജന സമുദായത്തെ ബ്രാഹ്മണിസത്തിന്റെ ജാതി കള്ളികളിൽനിന്ന് പുറത്തുകൊണ്ടുവരാൻ ഇന്ത്യയുടെയും കേരളത്തിന്റെയും ബൗദ്ധ പാരമ്പര്യത്തെ തിരിച്ചറിയുകയും തിരിച്ചെടുക്കുകയും വേണമെന്ന നിലപാടിൽ മുന്നോട്ടു പോകുന്ന ആശയങ്ങൾ വായനക്കാരനെ ഇരുത്തി ചിന്തിപ്പിക്കും എന്നത് തീർച്ചയാണ്.

ആയിരത്താണ്ടുകളിലൂടെ നമ്മുടെ അബോധത്തിൽ ഉറച്ചുപോയ ‘അയ്യോ’ എന്ന നിലവിളി മുതൽ ബ്രാഹ്മണിസം മുന്നോട്ടു വെയ്ക്കുന്ന അതിഭൗതികവാദങ്ങളുടെയൊക്കെ അടിസ്ഥാനം ബുദ്ധന്റെ യുക്തിയുക്തമായ, മൈത്രീബദ്ധമായ അനിത്യവാദമാണെന്ന തത്വചിന്ത വരെ വിശദമാക്കുന്ന പഠനങ്ങളാണ് ഓരോ ലേഖനങ്ങളും. കേരള ദലിത് ചരിത്രത്തെ ബൗദ്ധ പാരമ്പര്യവുമായി ബന്ധപ്പെടുത്തുന്ന കെ.കെ.കൊച്ചിന്റെ ‘കേരളചരിത്രവും സാമൂഹിക രൂപീകരണവും’ എന്ന പുതിയ ഗ്രന്ഥത്തിന്റെ അടരുകളിലേക്കും കേരളത്തിലെ നിലവിലിരിക്കുന്ന സ്ഥലനാമങ്ങളിൽ രണ്ടായിരത്തോളം പേരുകൾ (സ്ഥലനാമങ്ങൾ പലയിടങ്ങളിലായി ദീർഘമായി പരാമർശിക്കുന്നുണ്ട് ലേഖനത്തിലുടനീളം) ബൗദ്ധപരമാണെന്നും തുടങ്ങി വായനക്കാരനെ അമ്പരപ്പിക്കുന്ന വിവരങ്ങളുമുണ്ട് ‘പുത്തൻ കേരള’ത്തിൽ. ഇന്ത്യയിലെ അവർണ ബഹുജനത ജാതി ഹിന്ദു മതത്തിന്റെ ആചാരങ്ങൾക്ക് പുറത്താണ് നിലനിൽക്കുന്നത് എന്ന ചരിത്ര വായനയിലേക്ക് ഗ്രന്ഥകാരൻ എത്തുന്നുണ്ട്.

തേരാവാദമെന്ന അടിസ്ഥാന ബൗദ്ധ പാരമ്പര്യത്തിലേക്ക് ബ്രാഹ്മണിസം എങ്ങനെ നുഴഞ്ഞു കയറിയെന്നും, ഹീനയാന – മഹായാന തിരിവുകൾ, വജ്രയാനം തുടങ്ങി ജാതി ബ്രാഹ്മണ്യത്തിന്റ ആധുനിക സാമൂഹിക വിഭജന പ്രത്യയശാസ്ത്രത്തെ വരെ വിശദമായി വിശകലനം ചെയ്യുന്നുണ്ടിതിൽ. ബുദ്ധിസത്തിന്റെ വീണ്ടെടുപ്പ് വിമോചന രാഷ്ട്രീയവും ചരിത്രത്തിന്റെ വീണ്ടെടുക്കലുമാണ് എന്നും ആ വെല്ലുവിളിയെ ഏറ്റെടുക്കലാണ് ആധുനിക ലോകത്തെ ബഹുജനങ്ങളുടെയും ജൈവ ബുദ്ധിജീവികളുടെയും ഉത്തരവാദിത്തം എന്നും സൂചിപ്പിച്ചാണ് ആദ്യ ലേഖനം അവസാനിക്കുന്നത്. ഇത്തരത്തിൽ ഓരോ ലേഖനങ്ങളും മുന്നോട്ടുവെയ്ക്കുന്ന ആശയാവലികൾ നിരവധിയാണ്. പ്രത്യേകം അവ ഓരോന്നും എടുത്തു പറയുന്നത് ഈ കുറിപ്പിന് ഭൂഷണമല്ല എന്നതിനാൽ അതിനു മുതിരുന്നില്ല. ഇങ്ങനെ പല വിധത്തിലുള്ള ആശയങ്ങളുടെ ആവർത്തനങ്ങൾ മുന്നോട്ടുള്ള പല അധ്യായങ്ങളിൽ കാണാമെങ്കിലും അവയ്ക്ക് ഓരോന്നിനും വിശദമായ ചരിത്ര സാധുതകൾ എഴുത്തുകാരൻ നൽകുന്നുമുണ്ട്.

കേരളത്തിലെ ബൗദ്ധ പ്രതിമകളെ പറ്റിയും അവയുടെ അനുരാധാ ശൈലികളെ പറ്റിയും, ആനയും ആലിലയും ബൗദ്ധ പ്രതീകങ്ങളാണെന്നതും, ഇൻഡ്യയിലെ ആദ്യത്തെ പെണ്ണെഴുത്ത് രചന ‘തേരീഗാഥ ബുദ്ധിസം’ ആണെന്നതും തുടങ്ങി ബുദ്ധിസത്തിന്റെ സാംസ്കാരിക വേരുകളിലേക്കെല്ലാം അനായാസം പടർന്നു കയറുന്നുണ്ട് ഗ്രന്ഥകാരൻ. അവ വിവരങ്ങളുടെ വിസ്ഫോടനങ്ങൾ വായനക്കാരനിൽ സമാന്തരമായി സൃഷ്ടിക്കുന്നുമുണ്ട്. ഇത്രയധികം വിശദീകരണങ്ങൾ നൽകിയിട്ടുള്ള ബൗദ്ധപഠനങ്ങൾ മലയാളത്തിൽ നന്നേ കുറവാണ്. ഇൻഡ്യയിൽ മാർക്സിസത്തിന്റെ വേരുറയ്ക്കൽ എല്ലാം എളുപ്പത്തിൽ നടന്നിട്ടുള്ള ഇടങ്ങളെല്ലാം ബൗദ്ധ പ്രത്യയശാസ്ത്രങ്ങൾ ഉഴുതുമറിച്ചിട്ട മണ്ണിൽ ആണെന്ന തെളിവ്‌ സഹിതമുള്ള വിശദീകരണങ്ങൾ ചരിത്ര പഠിതാക്കളെ ചിന്തിപ്പിക്കാൻ ഉതകുന്നവയാണ്.

1956ൽ അംബേഡ്കർ പ്രായോഗിക ബുദ്ധിസത്തെ മുന്നോട്ടുവെയ്ക്കുന്നതിനും മുൻപ് 1920കളിലും 30കളിലും കേരളീയ സാംസ്കാരിക മണ്ഡലങ്ങളിൽ സി.വി.കുഞ്ഞിരാമന്റെയും മിതവാദി സി.കൃഷ്ണന്റെയും സഹോദരൻ അയ്യപ്പന്റെയും നേതൃത്വത്തിൽ ഉയർത്തപ്പെട്ടിരുന്നു എന്നത് മലയാളിയുടെ ബൗദ്ധ ആഭിമുഖ്യത്തെ തുറന്നുകാട്ടുന്നുണ്ട്. അതിന്റെ തുടർച്ചയിൽ ഇടർച്ച ഉണ്ടായിട്ടുണ്ടെങ്കിൽ പോലും. അമേരിക്കയിലെ ബെൽ ഹൂക്സിനെയും യൂറോപ്പിലെ ദലിത് ജനതയായ ‘റോമ’കളെയും ബുദ്ധിസം ഈ ആധുനിക കാലത്ത് സ്വാധീനിക്കുന്നത് എങ്ങനെയെന്നു ഗ്രന്ഥകാരൻ വിശദീകരിക്കുന്നുണ്ട്. ബുദ്ധിസത്തിന്റെ ആധുനിക കാല ആഗോള പ്രസക്തി വ്യക്തമാകുന്നിടമാണത്. ഇൻഡ്യയുടെ സാംസ്കാരിക ചരിത്രത്തിൽ പ്രത്യേകിച്ച് കേരളത്തിൽ എവിടെ, എങ്ങനെയൊക്കെ സ്വാധീനിക്കപ്പെട്ടിരുന്നു എന്ന സൂക്ഷ്മ വായനയാണ് ‘പുത്തൻ കേരളത്തി’ലെ ഓരോ അധ്യായങ്ങളും. സ്ഥലനാമങ്ങൾ, സാമൂഹിക മാനങ്ങൾ, ശില്പങ്ങൾ, കാർഷിക സംസ്കൃതി, വഞ്ചി പോലെയുള്ള കൊടുങ്ങല്ലൂരിലെ സർവ്വകലാശാലകൾ, ചിലപ്പതികാരവും മതിലകവും തുടങ്ങിയവയിലൂടെയൊക്കെയുള്ള ആധികാരിക ചരിത്ര യാത്രകളാണ് ഗ്രന്ഥകാരൻ നടത്തുന്നത്.

കേരളത്തിന്റെ ആധുനിക സാക്ഷരതയ്ക്ക് അടിത്തറ ബൗദ്ധികം ആണെന്നും ‘ശാക്യജിന മുനിക്ക് വണക്കം’ എന്ന പത്തൊമ്പതാം നൂറ്റാണ്ട് വരെ നിലനിന്നിരുന്ന അക്ഷരാഭ്യാസ പദ്യം ‘ഹരിശ്രീ ഗണപതയേ നമഃ’ ആകുന്നതെങ്ങനെ എന്ന ആകാംക്ഷ ജനിപ്പിക്കുന്ന കണ്ടെത്തലുകൾ ഗ്രന്ഥത്തിന്റെ പൊതുസ്വഭാവമാണ്. അതിലേറ്റവും ശ്രദ്ധേയമായ മറ്റൊന്ന് ‘അഛൻ’ ‘അമ്മ’ തുടങ്ങിയ ഏറ്റവുമടുത്ത ബന്ധുത്വത്തിന് ഉപയോഗിക്കുന്ന വാക്കുകൾ അടക്കം ഇരുപത് ശതമാനം മലയാളം വാക്കുകളും പാലി ഭാഷയിൽ നിന്നാണെന്ന വിവരം നമ്മെ അമ്പരപ്പിക്കും. ഇതിനോടനുബന്ധിച്ച് പരാമർശിക്കുന്ന ‘നിമോണിക്’ സംസ്കാരവും ശ്രദ്ധേയമാണ്. നാരായണ ഗുരുവിന്റെ പ്രിയ ശിഷ്യനായ സ്വാമി ജോൺ ധർമ്മതീർത്ഥരുടെ ‘ഹിന്ദു സാമ്രാജ്യ ചരിത്രം’ (1941) എന്ന ഹിന്ദുമത വിമർശന ഗ്രന്ഥം പുത്തൻ കേരളത്തിന്റെ ഉപജ്ഞാതാവിനെ സ്വാധീനിച്ചിട്ടുണ്ട് എന്നത് വ്യക്തമാണ്.

അംബേഡ്കർ മുന്നോട്ടുവെയ്ക്കുന്ന നവബുദ്ധിസ വർത്തമാന വിമോചനം നാരായണ ഗുരുവുമായി സമ്മേളിക്കുന്നുണ്ട് എന്ന് ഈ സന്ദർഭത്തിലാണ് ഗ്രന്ഥകാരൻ ഓർമ്മിപ്പിക്കുന്നത്. തന്റെ ജനായത്ത സങ്കല്‍പം ബുദ്ധിസത്തിൽ നിന്നാണെന്ന അംബേഡ്കറുടെ അവസാന നാളുകളിലെ വാക്കുകൾ ഇവിടെ പ്രസക്തമാകുന്നുണ്ട്.

സമകാലിക കേരളത്തിലെ ശബരിമല വിഷയവും ‘തന്ത്ര സമുച്ചയ’ത്തെയും അതിന്റെ മലയാളമായ ‘കുഴിക്കാട്ടു പച്ച’യെയും വജ്രയാനമെന്ന  ബൗദ്ധതാന്ത്രികത എങ്ങനെ സ്വാധീനിച്ചു എന്ന് ഇതിൽ വിവരിക്കുന്നുണ്ട്. താന്ത്രിക ബുദ്ധമത ഗ്രന്ഥമായ ‘മഞ്ജുശ്രീമൂലകൽപ്പം’ കണ്ടെടുക്കുന്നത് കേരളത്തിൽ നിന്നാണെന്ന വിവരവും അക്കൂട്ടത്തിൽ പെടുന്നതാണ്. ‘ഇന്ദിരർ ദേശചരിത്രം’, ‘ആദിവേദം’, ‘ദ്രാവിഡ പാണ്ഡ്യൻ’ തുടങ്ങിയ ബൗദ്ധ ഗ്രന്ഥങ്ങൾ എഴുതിയ അയ്യോതി താസർ വഴി ബുദ്ധിസം തമിഴ്നാട്ടിൽ എങ്ങനെയാണ് നിലനിന്നിരുന്നത് എന്ന് കൃത്യമായി വിവരിക്കുന്നുണ്ട്. വജ്രയാനത്തിലെ സിദ്ധ പാരമ്പര്യം താസറിൽ എത്തുന്നത് ശൈവമായിട്ടാണെന്നും, അതാണ് പിന്നീട് തമിഴ്നാട് വഴി വൈഷ്ണവമായി കേരളത്തിലെ അയ്യ വൈകുണ്ഠരിലും ശൈവമായി തൈക്കാട് അയ്യാവിലും പിന്നീട് നാരായണ ഗുരുവിലുമെത്തിയതെന്ന ഗ്രന്ഥകാരന്റെ ഗവേഷണബുദ്ധി തെളിയുന്നുണ്ടിവിടെ. എന്തുകൊണ്ട് മഹായാനം കേരളത്തിൽ പ്രചുര പ്രചാരത്തിലായി എന്ന സംശയം അക്കാദമിക ലോകത്തിന് വിട്ടുകൊണ്ട്, ഭാവി ഗവേഷണ സാധ്യതകളും ഗ്രന്ഥകാരൻ തുറന്നു വെയ്ക്കുന്നുണ്ട്. 

ഡോ.അജയ് ശേഖർ

ബുദ്ധിസത്തിന്റെ തകർച്ചയുടെ കാരണങ്ങളിലാണ് പ്രധാനമായും ആശയ വ്യക്തത വരുത്താൻ ഗ്രന്ഥകാരന് കഴിയാതെ പോയത് എന്നതാണ് പുസ്തകവായന പൂർത്തിയാകുമ്പോൾ ആദ്യം ഉയർന്നുവരുന്ന ആശങ്ക. മറ്റൊന്ന് ആധുനിക സമൂഹം മതപരമായിട്ടാണോ ഇനിയും സാമൂഹിക മാറ്റങ്ങൾക്ക് വിധേയമാകേണ്ടത് എന്നൊരു അടിസ്ഥാന പ്രശ്നവും ബാക്കിയാകുന്നുണ്ട്. നവോത്ഥാനം മത നവീകരണമായി പരിമിതപ്പെട്ടു പോയി എന്ന പുതിയ വായനകളുടെ പശ്ചാത്തലത്തിലാണ് ഇത് ആലോചിക്കേണ്ടത്. കാരണം 1995ലെ മനോഹർ ജോഷി കേസിലൂടെ ഹിന്ദു മതത്തിന്റെ മതപദവിയെപ്പറ്റി സുപ്രീംകോടതി ‘ഹിന്ദുമതം ഒരു മതമല്ല മറിച്ച് ഒരു ജീവിതചര്യയാണ്’ എന്ന് പരാമർശിച്ചതോടെ അതിന്റെ വിശ്വാസങ്ങളെയും ആചാരങ്ങളെയും രാഷ്ട്രീയമായി ഉപയോഗിക്കുന്നതിന് തടസ്സമില്ലാതെ വരികയും ഹിന്ദുത്വ ഫാസിസത്തിന് വാതിൽ തുറന്നുകൊടുക്കാൻ അത് കാരണമായി തീരുകയും ചെയ്തു. ഇത് കാണാതിരുന്നുകൂടാ. പക്ഷേ ആധുനിക അവർണ ബഹുജനായത്ത സമൂഹം നവബുദ്ധിസത്തിലൂടെ രാഷ്ട്രീയ ശക്തി നേടണമെന്ന ഗ്രന്ഥകാരന്റെ ആഹ്വാനം ഒരു അവർണ ഐക്യം ഒരിക്കലും ഒഴിവാക്കാനാകാത്ത പുതിയ സാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ വിശദമായി ചർച്ച ചെയ്യേണ്ടതുമായ ഒന്നാണ്. ബുദ്ധിസത്തിന്റെ രാജ്യാന്തര സംസ്കാരം (കേരളം മുതൽ കൊറിയ വരെ) സംരക്ഷിക്കാൻ പറ്റിയിരുന്നെങ്കിൽ ഇൻഡ്യക്ക് മറ്റൊരു മുഖം ആയിരിക്കും ഉണ്ടാവുക എന്നത് ചിന്തനീയമായതും പ്രതീക്ഷാ നിർഭരവുമാണ്. ഒരു മതമെന്ന നിലക്ക് പോയാൽ ബുദ്ധിസത്തിനും അപചയം സ്വാഭാവികമാണ് എന്നതിന് ഉദാഹരണം ഗ്രന്ഥകാരൻ പറയുന്ന തുളുനാട്ടിലെ ജൈനമതത്തിലെ ജൈന ബ്രാഹ്മണനിൽ നിന്നും കണ്ടെത്താനാകുന്നതാണ്.

ഇൻഡ്യയുടെ അടിത്തട്ട് ചരിത്രത്തിന്റെ പുനർവായന തന്നെയാണ് അജയ് ശേഖർ ‘പുത്തൻ കേരള’ത്തിലൂടെ നിവർത്തിക്കുന്നത്. അത് ബുദ്ധിസത്തിലൂടെയുള്ള ജാതിയില്ലാത്ത സാമൂഹിക ഘടനയെ വിഭാവനം ചെയ്യൽ തന്നെയാണ്.

ജാതിയില്ലാത്ത ഹിന്ദു മതം ഉപ്പില്ലാത്ത പുതിയ കടൽ കുഴിച്ച് ഉണ്ടാക്കാം എന്നതുപോലെ അസംഭവ്യമാണെന്ന സഹോദരൻ അയ്യപ്പന്റെ വാക്കുകൾ ഘടനാപരമായി ജാതി ഇല്ലാത്ത ബുദ്ധിസത്തിന് സ്വാഗതം അരുളലാണ്. പക്ഷേ ‘ബോധി വൃക്ഷത്തിലെ മുള്ളുകൾ’ തുടങ്ങിയ പുതിയ പുസ്തകങ്ങളും വായനകളും ഇവിടെ തുടർ പഠനങ്ങൾക്ക് പ്രേരിപ്പിക്കുന്നുമുണ്ട്.

പുത്തൻ കേരളം എന്ന ഈ ഗ്രന്ഥം കേരള ചരിത്രത്തിന്റെ ബൗദ്ധമായ വിശകലനവും അതിലൂന്നിയുള്ള ജാതി വിമർശനവുമാണ് എന്ന് നിസ്സംശയം പറയാം. മാത്രമല്ല മാനവികതാ വാദത്തിന്റെ തായ്‌വേരുകൾ ബൗദ്ധ സംസ്കാര ധാരകളിൽ ആഴ്ന്നിട്ടുള്ളതാണെന്ന  നിരീക്ഷണമാണ് ഇരുപത്തിനാല് ലേഖനങ്ങൾ അടങ്ങിയ ഈ സമാഹാരത്തിന്റെ അന്തർധാര. അത് യുക്തിയുക്തം സമർഥിക്കാൻ അജയ് ശേഖറിന് ആകുന്നുണ്ട്. ‘തൊട്ടുകൂടാത്തവർ ആരായിരുന്നു’ ‘ശൂദ്രർ ആരായിരുന്നു’ എന്നീ അംബേഡ്കർ കൃതികളുടെ സാംഗത്യം പുത്തൻ കേരളമെന്ന ഗ്രന്ഥത്തിലേക്ക് വികസിക്കുകയാണ് ചെയ്യുന്നത്. അതായത് ജാതി ഉന്മൂലനം എന്ന കൃതിക്ക് വേണ്ടി ജാതിയുടെ ഉത്ഭവം തേടി മത സംഘർഷങ്ങളുടെയും മത ഹിംസയുടെയും ചരിത്രത്തിലേക്ക് അംബേഡ്കർ എങ്ങനെ എത്തിയോ, അതേപോലെ നൂറ്റാണ്ടിനിപ്പുറം സമാന്തരമായ ജാഗ്രതയോടെയുള്ള മറ്റൊരു ചരിത്ര യാത്രയാണ് അജയ് ശേഖറിന്റെ പുത്തൻ കേരളമെന്ന ഈ ഗ്രന്ഥവും.

Top