ഹോമിയോപ്പതിയും അലോപ്പതിയും ചില സൈക്കോപ്പതികളും

വൈദ്യശാസ്ത്ര രംഗത്തെ അധാർമികതക്കെതിരെ പൊരുതുന്നതും, ആധുനികവും ശാസ്ത്രീയവുമായ വീക്ഷണം പുലര്‍ത്തുന്നതുമായ ഒരു പ്രസ്ഥാനത്തിന്‍റെ അഭാവമാണ് വ്യാജവൈദ്യ-കപടശാസ്ത്ര ഗ്രൂപ്പുകള്‍ പലപ്പോഴും മുതലെടുക്കുന്നത്. ഇന്ന്, വൈദ്യമേഖല ഒരു കച്ചവടമായതിനാൽ, അനാവശ്യമായ പരിശോധനയിലൂടെയും മറ്റും കച്ചവടം ലാഭകരമാക്കുകയെന്നത് സ്വാഭാവികമാണ്. ഇവയെല്ലാം ആധുനിക വൈദ്യശാസ്ത്രത്തിന് എതിരെയുള്ള പ്രചാരണത്തിന് ശക്തിയേകുന്നു. ഡോ. പി.എ അബൂബക്കർ എഴുതുന്നു.

‘ആര്‍സെനിക് ആല്‍ബം’ എന്ന ഹോമിയോ മരുന്ന് കോവിഡിന് ഫലപ്രദമാണോ എന്ന ചര്‍ച്ച മറ്റൊരു വൈദ്യസംവാദത്തിന് വഴിതെളിച്ചിരിക്കുകയാണല്ലോ. കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി ഇത്തരം സംവാദങ്ങള്‍ കേരളത്തില്‍ ഇടക്കിടെ ഉണ്ടാവാറുണ്ട്. ഇന്നത്തെ സംവാദത്തിന്‍റെ പശ്ചാത്തലത്തില്‍ നമ്മുടെ രാജ്യത്തിന്‍റെ വൈദ്യനയത്തിന്‍റെ ഭാഗമായ ‘മെഡിക്കല്‍ പ്ലൂരലിസ’ത്തെക്കുറിച്ച ചര്‍ച്ചയാണ് ഇവിടെ ഉദ്ദേശിക്കുന്നത്.

വിവിധ വൈദ്യസമ്പ്രദായങ്ങൾ തമ്മിലുള്ള പോരിൽ പ്രതിസന്ധിയിലാവുന്നത് സാധാരണക്കാരാണ്. ശാസ്ത്ര-സാങ്കേതിക വിദ്യകളിൽ വലിയ കുതിപ്പുകൾ നടത്തിയെങ്കിലും, സ്വന്തം ശരീരത്തിന്‍റെ കാര്യത്തിൽ മനുഷ്യൻ ഇപ്പോഴും ആശങ്കയിൽ തന്നെയാണ്. ഒരർഥത്തിൽ രോഗാണുക്കളെ കീഴടക്കാനായെന്നു പറയാം. മികച്ച രോഗനിർണയോപാധികളും ലഭ്യമായിട്ടുണ്ട്. അവയവമാറ്റം പോലുള്ള കാര്യങ്ങളിലും വിപ്ലവാത്മകമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. ശാസ്ത്രത്തിന്‍റെ മുന്നോട്ടുള്ള കുതിപ്പിന്‍റെ അടിസ്ഥാനത്തില്‍ മരണമില്ലാത്ത മനുഷ്യനെക്കുറിച്ചുള്ള പ്രവചനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും മനുഷ്യരില്‍ ബഹുഭൂരിപക്ഷവും തൃപ്തരല്ല. ആന്‍റിബയോട്ടിക്കുകളും രോഗപ്രതിരോധ മരുന്നുകളും ഉപയോഗിച്ച് ശരാശരി ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിച്ചതിനെക്കുറിച്ച് നാം വാചാലരാവുമ്പോഴും, ജീവിതശൈലീരോഗങ്ങളും നാഗരികതാജന്യവ്യാധികളും വ്യക്തികളിലുണ്ടാക്കുന്ന നിരാശ ചെറുതല്ലെന്നത് വസ്തുതയാണ്.

വൈദ്യമേഖലയിലെ തട്ടിപ്പുകളില്‍ കൂടുതൽ ആളുകളും കുടുങ്ങുന്നത് കേരളത്തിലാണ്. ഈ വിഷയത്തില്‍ അക്ഷരാര്‍ഥത്തില്‍ നാഥനില്ലാ കളരിയാണ് കേരളം. ഇതിന് കാരണങ്ങള്‍ പലതാണ്. നാം പൊതുവേ അഭിമാനപൂര്‍വം എടുത്തുകാണിക്കാറുള്ള ഉയര്‍ന്ന സാക്ഷരതാ നിരക്കാണ് അവയിൽ ഏറ്റവും പ്രധാനപ്പെട്ടത്. ഏതുകാര്യവും പ്രചരിപ്പിക്കാന്‍ ഏതെങ്കിലും തരത്തിലുള്ള മാധ്യമം ആവശ്യമാണ്‌. തട്ടിപ്പുകാര്‍ അവരുടെ ഉൽപന്നങ്ങള്‍ പ്രചരിപ്പിക്കുന്നതും പലതരത്തിലുള്ള മാധ്യമങ്ങളിലൂടെയാണ്. സാക്ഷരത കുറഞ്ഞ സംസ്ഥാനങ്ങളെ അപേക്ഷിച്ച്, അച്ചടിമാധ്യമങ്ങള്‍ക്ക് വശംവദരാണ് കേരള ജനത. മാത്രമല്ല, അച്ചടിച്ചുവരുന്നതെന്തും ആധികാരികമാണെന്ന് സാധാരണക്കാര്‍ വിശ്വസിക്കുകയും ചെയ്യുന്നു. നിരക്ഷരരിലേക്ക് കാര്യങ്ങൾ എത്തിക്കുന്നതിന് പരിമിതികളുണ്ട്. സാക്ഷരരാവട്ടെ ആശയവിനിമയ മാധ്യമങ്ങൾക്ക് വശംവദരായതിനാൽ അവരിലേക്ക് പല ആശയങ്ങളും കടത്തിവിടാം. അവയെ പ്രതിരോധിക്കേണ്ടത് മുൻകാല അനുഭവങ്ങളിലൂടെയും അറിവുകളിലൂടെയും സ്വായത്തമാക്കിയ ഗ്രാഹ്യ-ത്യാജ്യ ബോധമാണ്. കേവല സാക്ഷരർ പണ്ഡിതരല്ലാത്തതിനാല്‍ അച്ചടിമാധ്യമങ്ങളിലൂടെ വരുന്ന അറിവുകളിലെ നെല്ലും പതിരും വേർതിരിക്കാൻ ബുദ്ധിമുട്ടുന്നു.

ഇപ്പോൾ അച്ചടിമാധ്യമങ്ങൾ മാത്രമല്ല, വേറെയും അപകടങ്ങൾ അവരുടെ മുൻപിലുണ്ട്. വാട്സാപ്പ് പോലുള്ള സാമൂഹിക മാധ്യമങ്ങൾ അവയിൽ പ്രധാനമാണ്. ഇവക്ക് പുറമേ ദൃശ്യമാധ്യമങ്ങളും. സന്ധ്യമയങ്ങി രാത്രി ഏതാണ്ട് ഒൻപതു മണിവരെ കേരളത്തിലെ ജനങ്ങളില്‍ മഹാഭൂരിപക്ഷവും ടെലിവിഷന്‍റെ മുൻപിലാണ്. എല്ലാ ചാനലുകളും ജനപ്രിയ പരിപാടികൾ സംപ്രേക്ഷണം ചെയ്യുന്നത് ആ നേരത്താണ്. ജ്യോതിഷം, വാസ്തുശാസ്ത്രം തുടങ്ങിയവക്കെല്ലാം അമിതമായ പവിത്രത നൽകുന്നവയാണ് അധിക സീരിയലുകളും. ഇവക്കിടയിൽ വരുന്ന പരസ്യങ്ങളിൽ നല്ലൊരു പങ്ക്, സ്വയം ചികിത്സക്ക് ജനങ്ങളെ പ്രേരിപ്പിച്ചുകൊണ്ടുള്ളതാണ്. ഏതാനും അസുഖങ്ങളെ ചുറ്റിപ്പറ്റിയാവും ഭൂരിപക്ഷം പരസ്യങ്ങളും. മലയാളി മധ്യവർഗത്തിന്‍റെ മാനസികാവസ്ഥ ഈ പരസ്യങ്ങളിൽ തെളിഞ്ഞുകാണാം. സൗന്ദര്യവർധക വസ്തുക്കളാണ് ഈ രീതിയിൽ ഏറ്റവും കൂടുതൽ വിപണനം ചെയ്യപ്പെടുന്നത്. മുടികൊഴിച്ചിലിനും കഷണ്ടിക്കും നരക്കും കുടവയറിനും ഒക്കെയായി ധാരാളം മരുന്നുകള്‍ രംഗത്തുണ്ട്. കുട്ടികളില്‍ ബുദ്ധിശക്തി വർധിപ്പിക്കാനുള്ള മരുന്നുകളാണ് മറ്റൊരിനം. ജീവിതശൈലീ രോഗങ്ങള്‍ക്കുള്ള മരുന്നുകളും കാണാം. പോസ്റ്റര്‍ പരസ്യങ്ങളും രംഗത്തുണ്ട്. ടെലിവിഷന്‍ പരസ്യങ്ങള്‍ വന്‍കിടക്കാരുടേതാണെങ്കില്‍, ചുവര്‍പരസ്യങ്ങളില്‍ ചെറുകിട സംരംഭങ്ങളുമുണ്ട്. മൂലക്കുരു, ഫിസ്റ്റുല തുടങ്ങി, സാധാരണഗതിയില്‍ ആളുകൾ പുറത്തുപറയാന്‍ മടിക്കുന്ന അസുഖങ്ങളാണ് ഇവയില്‍ കൂടുതലും. ഏതെങ്കിലും കെട്ടിടത്തിന്‍റെ പുറകുവശത്തുള്ള ഇടുങ്ങിയ മുറിയും മറ്റുമാണ് ഇത്തരക്കാരുടെ ആശുപത്രികളായി പ്രവര്‍ത്തിക്കുന്നത്. ഡോക്ടറുടെ പേരായി ബംഗാളി പോലുള്ള അന്യഭാഷകളിലെ സംജ്ഞകള്‍ പ്രത്യക്ഷപ്പെടുന്നുവെന്നതും ഇത്തരം പരസ്യങ്ങളുടെ പ്രത്യേകതയാണ്. സാധാരണക്കാര്‍ ഏറ്റവും നന്നായി സ്വാധീനിക്കപ്പെടുന്ന ഭാഷയിലാണ് ഇത്തരം പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുക.

സാധാരണക്കാര്‍ക്കിടയില്‍ നിലവിലുള്ള പല അബദ്ധധാരണകളും ഇത്തരം പദാവലികളില്‍ കാണാം. പലപ്പോഴും പുതിയ പദങ്ങളും സൃഷ്ടിക്കപ്പെടുന്നുണ്ട്. മലദ്വാരം ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ക്ക് മൂലം എന്ന പേരുണ്ടല്ലോ. ഇങ്ങനെ പ്രസിദ്ധമായ പദമാണ് മൂലക്കുരു. ഇത്തരത്തില്‍ മൂലത്തിന്‍റെ കൂടെ വ്യാധി ചേര്‍ത്തുണ്ടാക്കിയ മൂലവ്യാധികള്‍ എന്ന പ്രയോഗം ഇത്തരക്കാരുടെ സംഭാവനയാണ്. സംസ്കൃതത്തില്‍ മൂലം എന്ന പദത്തിന് കൂടുതലായുള്ള ഉപയോഗം ‘അടിസ്ഥാനം’ എന്ന അര്‍ഥത്തിലായതിനാല്‍, ഇതുചേര്‍ത്ത് ‘മൂലകാരണം’ പോലുള്ള പ്രയോഗങ്ങളാണ് മാനകഭാഷയില്‍ കൂടുതലായി ഉണ്ടായിരുന്നത്. മൂലവ്യാധികള്‍ എന്നുപറഞ്ഞാല്‍ അടിസ്ഥാന വ്യാധികള്‍ എന്നാണ് അര്‍ഥം. എന്നതുകൊണ്ടുതന്നെ ഗുഹ്യരോഗങ്ങള്‍ എന്ന അര്‍ഥത്തിലുള്ള ഈ പ്രയോഗം ഭാഷയില്‍ പോലും സാമാന്യ വിവരമില്ലാത്ത വ്യാജവൈദ്യന്മാരുടെ സംഭാവനയാണ്. തിരുകൊച്ചി സംസ്ഥാനത്തിനായി രൂപംകൊണ്ട മെഡിക്കല്‍ കൗണ്‍സിലുകളാണ് കേരളത്തിലുള്ളത് എന്ന വസ്തുതയിലെ നിയമപരമായ പഴുതും മലബാര്‍ പ്രദേശത്ത് പ്രാക്ടീസ് ചെയ്യുന്ന  വ്യാജവൈദ്യന്മാര്‍ ചിലപ്പോഴൊക്കെ ഉപയോഗപ്പെടുത്താറുണ്ട്.

വൈദ്യശാസ്ത്ര രംഗത്തെ അനാശാസ്യ പ്രവണതകള്‍ക്ക് മറ്റൊരു തരത്തില്‍ കാരണമാകുന്നത് ജനപ്രിയ മാധ്യമങ്ങളാണ്. ജനങ്ങളുടെ അജ്ഞതയും മധ്യവര്‍ഗ മനോഭാവും മുതലെടുത്തുകൊണ്ടുള്ള മരുന്നുകളുടെ പരസ്യങ്ങള്‍ നൽകുന്നതിനപ്പുറം ജനങ്ങള്‍ക്കിടയിലെ ആരോഗ്യ സംബന്ധമായ കാര്യങ്ങളില്‍ ഇടപെടാനായി അവ  ഇറക്കുന്ന  പ്രസിദ്ധീകരണങ്ങളും പ്രത്യേക പതിപ്പുകളും ചിലപ്പോഴൊക്കെ അനാരോഗ്യകരമായ പ്രവണതകള്‍ വളര്‍ത്താറുണ്ട്. മെഡിക്കല്‍ കൗണ്‍സിലുകള്‍ നൽകുന്ന തൊഴില്‍പരമായ സദാചാര നിര്‍ദേശങ്ങള്‍ പ്രകാരം, ഡോക്ടര്‍മാര്‍ ജനപ്രിയ മാധ്യമങ്ങളില്‍ വൈദ്യ വിഷയങ്ങള്‍ എഴുതുകയെന്നത് അഭികാമ്യമല്ലാത്ത കാര്യമാണ്. പ്രൊഫഷനല്‍ യോഗ്യതകളില്ലാത്തവരെ വൈദ്യശാസ്ത്രം പ്രാക്ടീസ് ചെയ്യാന്‍ യോഗ്യരാക്കുന്ന വിധത്തിലുള്ള പ്രവൃത്തികളും, മെഡിക്കല്‍ പ്രാക്ടീഷണര്‍ സ്വയം പരസ്യം ചെയ്യുന്നതുമൊക്കെ ഇപ്രകാരം ആശാസ്യമല്ലാത്ത പ്രവൃത്തികളാണ്. പുതുതായി പ്രാക്ടീസ് തുടങ്ങുക, നിശ്ചിത ഇടവേളക്കുശേഷം വീണ്ടും പ്രാക്ടീസ് ആരംഭിക്കുക, സ്ഥലം മാറുക, സ്പെഷ്യലൈസേഷനും മറ്റും ശേഷം പ്രാക്ടീസിന്‍റെ ശൈലി മാറുക തുടങ്ങി അനിവാര്യമായ സന്ദര്‍ഭങ്ങളില്‍ മാത്രമേ ഡോക്ടര്‍ പരസ്യം ചെയ്യാവൂ. ഡോക്ടർമാർ ജനപ്രിയ മാധ്യമങ്ങളില്‍ വൈദ്യവിഷയങ്ങള്‍ എഴുതുന്നതിനും ഇത്തരത്തില്‍ നിബന്ധനകളുണ്ട്. ആരോഗ്യം, ശുചിത്വം തുടങ്ങിയ കാര്യങ്ങളില്‍ പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിന് ആവശ്യമായ കാര്യങ്ങള്‍ മാത്രമേ ഡോക്ടര്‍ ജനപ്രിയ മാധ്യമങ്ങളില്‍ എഴുതാവൂ എന്നാണ് ചട്ടം.

ആരോഗ്യവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അച്ചടിമാധ്യമങ്ങളും ദൃശ്യമാധ്യമങ്ങളും സാമൂഹിക മാധ്യമങ്ങളുമൊക്കെ പൊതുജനങ്ങള്‍ക്കിടയിൽ ഉണ്ടാക്കിയെടുത്ത ചില ധാരണകളുണ്ട്. വൈദ്യശാസ്ത്രത്തെക്കുറിച്ച് അങ്ങേയറ്റം അശാസ്ത്രീയമായ ധാരണയാണ് മലയാളികളിൽ ബഹുഭൂരിപക്ഷവും വെച്ചുപുലർത്തുന്നത്. ഇപ്പറഞ്ഞ മാധ്യമങ്ങൾക്കെല്ലാം ഇതില്‍ പങ്കുണ്ട്.

‘സർവ വിധത്തിലുമുള്ള പാര്‍ശ്വഫലങ്ങളുടെ കൂമ്പാരമാണ് ‘അലോപ്പതി’ മരുന്നുകള്‍’, ‘അവ  കെമിക്കലുകളാണ്’, ‘എന്നാല്‍, ആയുര്‍വേദമടക്കമുള്ള സമാന്തര വൈദ്യശാഖകളിലെ മരുന്നുകള്‍ പാര്‍ശ്വഫലങ്ങൾ ഇല്ലാത്തവയാണ്’, ‘ആയുര്‍വേദം, ഹെര്‍ബല്‍ എന്നിവ പര്യായങ്ങളാണ്’, ‘രോഗത്തിന് പകരം രോഗലക്ഷണങ്ങളെ മാത്രമാണ് ആധുനിക വൈദ്യശാസ്ത്രം ചികിത്സിക്കുന്നത്’, ‘എന്നാല്‍, സമാന്തര വൈദ്യസമ്പ്രദായങ്ങള്‍ അങ്ങനെയല്ല. അവ രോഗത്തിന്‍റെ മൂലകാരണത്തെ തന്നെ പിഴുതെടുക്കുന്നു’ – സമാന്തര വൈദ്യസമ്പ്രദായങ്ങളെ ജനകീയമാക്കുന്ന ചില പ്രസ്താവനകളാണിവ.

വൈദ്യവ്യവഹാരങ്ങളിലെ അശാസ്ത്രീയത നാമകരണത്തില്‍ തന്നെ തുടങ്ങുന്നു. വിവിധ മതങ്ങളെയോ രാഷ്ട്രീയ പാര്‍ട്ടികളെയോ പോലെയാണ് വിവിധ വൈദ്യസമ്പ്രദായങ്ങളെ മാധ്യമങ്ങള്‍ കാണുന്നത്. വൈദ്യസമ്പ്രദായങ്ങള്‍ അനുപൂരകങ്ങളാണ് എന്ന കാഴ്ചപ്പാടല്ല അവ പുലര്‍ത്തുന്നത്. അലോപ്പതി, ആയുര്‍വേദം, ഹോമിയോപ്പതി എന്നിവയാണ് ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ഏറ്റവും കൂടുതലായി പറഞ്ഞുകേള്‍ക്കാറുള്ള പേരുകള്‍. ഇവ പ്രയോഗിക്കുന്നയാളെ പണ്ഡിതനായാണ് ആളുകൾ കണക്കാക്കുക. കാരണം, സാധാരണക്കാർ ആധുനിക വൈദ്യശാസ്ത്രവുമായി ബന്ധപ്പെട്ട് കൂടുതലായി ഉപയോഗിച്ചുവരുന്നത് അപ്പോത്തിക്കിരി, ഇംഗ്ലീഷ് മരുന്ന് തുടങ്ങിയവയാണല്ലോ. മാത്രമല്ല, ആയുര്‍വേദത്തിനു പകരമായി അവരുപയോഗിക്കുന്നത് നാട്ടുവൈദ്യം, നാടന്‍ മരുന്ന്, നാട്ടുചികിത്സ തുടങ്ങിയ പദങ്ങളാണ്. അലോപ്പതി എന്ന സംജ്ഞയുടെ ഉപയോഗം അടുത്ത കാലത്തായി വളരെയധികം കൂടിയിട്ടുണ്ട്. ആധുനിക വൈദ്യശാസ്ത്രത്തെ പരിഹസിക്കുകയെന്ന ദൗത്യമാണ് കൂടുതൽ സന്ദർഭങ്ങളിലും ഇതിനുള്ളത്. വൈദേശികം, പ്രകൃതിവിരുദ്ധം, പാര്‍ശ്വഫലങ്ങളുടെ കൂമ്പാരം തുടങ്ങിയവ ഈ പേരുകൊണ്ട് സൂചിപ്പിക്കുന്ന പ്രധാനപ്പെട്ട അര്‍ഥങ്ങളാണ്. ഇത്തരത്തിൽ ആധുനിക വൈദ്യശാസ്ത്രത്തെ അലോപ്പതിയെന്നു വിളിക്കുന്ന ആയുർവേദ പക്ഷക്കാര്‍ മനസിലാക്കാതെ പോകുന്ന ഒരു വസ്തുത, ആയുർവേദവും ഇപ്പറഞ്ഞ അലോപ്പതിയിൽ ഉൾപ്പെടുന്നുവെന്നതാണ്. ഹോമിയോപ്പതി സമ്പ്രദായത്തിന്‍റെ ഉപജ്ഞാതാവായ സാമുവൽ ഹാനിമാനാണ് മറ്റുള്ള വൈദ്യസമ്പ്രദായങ്ങളെ ‘അലോപ്പതി’ എന്നു വിളിച്ചത്. അതിന് സൈദ്ധാന്തികമായ കാരണമുണ്ടായിരുന്നു. അതുവരെയുണ്ടായിരുന്ന സങ്കൽപങ്ങൾക്ക് വിരുദ്ധമായ പുതിയൊരു സിദ്ധാന്തം ആവിഷ്കരിക്കുകയായിരുന്നു ഹാനിമാൻ. അതുവരെ ഉണ്ടായിരുന്നത്, പ്രകൃതി നിരീക്ഷണങ്ങളിലൂടെ ദീർഘകാലം കൊണ്ട് ഉരുത്തിരിഞ്ഞ നിഗമനങ്ങളായിരുന്നു. അതനുസരിച്ച്, ഏത് ഭാവമാണോ രോഗകാരണമായത്, അതിന്‍റെ വിരുദ്ധ ഭാവങ്ങളാണ് രോഗശമനത്തിനായി നൽകേണ്ടത്. ആയുർവേദത്തിന്‍റെ സമീപനവും ഇതുതന്നെയാണെന്ന് “വൃദ്ധിസ്സമാനൈസ്സർവേഷാം വിപരീതൈർവിപര്യയ:” എന്ന വാക്യത്തിലൂടെ വാഗ്ഭടൻ പ്രഖ്യാപിക്കുന്നു. അലോപ്പതി എന്ന് ഹാനിമാൻ പറഞ്ഞുവെച്ച കാര്യം തന്നെയാണ് ആയുർവേദത്തിന്‍റെ പൊതുചികിത്സാതത്ത്വം. ഇതിനു വിപരീതമായി ഹോമിയോപ്പതിക്ക് സമാനമായ ചികിത്സാതത്ത്വം ആയുർവേദം സ്വീകരിക്കുന്നത് ‘തദർഥകാരി ചികിത്സ’ പോലുള്ള സന്ദർഭങ്ങളിൽ മാത്രമാണ്.

സാമുവൽ ഹാനിമാൻ

സകല വിധ പാര്‍ശ്വഫലങ്ങളുടെയും കൂമ്പാരമാണ് അലോപ്പതി മരുന്നുകളെന്നും, ആയുര്‍വേദമടക്കമുള്ള സമാന്തര വൈദ്യശാഖകളിലെ മരുന്നുകള്‍ പാര്‍ശ്വഫലങ്ങൾ ഇല്ലാത്തവയാണെന്നുമുള്ള പ്രസ്താവനയില്‍ അതിശയോക്തിയുണ്ട്. അലോപ്പതി മരുന്നുകള്‍ കെമിക്കലുകളും ആയുര്‍വേദ മരുന്നുകള്‍ ഹെര്‍ബലുകളും ആണെന്ന് പറയുന്നതും അമിതമായ സാമാന്യവൽക്കരണമാണ്. ഇതിന്‍റെ എതിര്‍വാദങ്ങളിലും അശാസ്ത്രീയതയുണ്ട്. പ്രകൃതിയിലുള്ളതടക്കം എല്ലാ രാസ സംയുക്തങ്ങളും കെമിക്കലുകളാണെന്ന മറുവാദമാണ് പച്ചവെള്ളം പോലും ഡൈഹൈഡ്രജന്‍ മോണോക്സൈഡല്ലേ എന്ന ചോദ്യത്തിലുള്ളത്. കെമിക്കലുകളും ഹെര്‍ബലുകളും എന്ന നിലയില്‍ കാര്യങ്ങളെ ലളിതവൽക്കരിച്ചു എന്നതാണ്‌ ഒന്നാമത്തെ വിഭാഗത്തിന്‍റെ പ്രശ്നം. രണ്ടാമത്തെ വിഭാഗമാവട്ടെ, അതേ രീതിയിലുള്ള ലളിതവൽക്കരണത്തില്‍ കാലുറപ്പിച്ചുകൊണ്ട് മറുചോദ്യം ചോദിക്കുകയാണ് ചെയ്യുന്നത്. കെമിക്കലുകളും ഹെര്‍ബലുകളും തമ്മിലുള്ള പോരാട്ടമല്ല പ്രശ്നം. സൂക്ഷ്മജീവികളുടെയും മറ്റും പ്രവര്‍ത്തനങ്ങളിലൂടെ എളുപ്പത്തില്‍ വിഘടിക്കുന്നവയും അല്ലാത്തവയും തമ്മിലുള്ള വ്യത്യാസങ്ങളെക്കുറിച്ച പാരിസ്ഥിതിക പരിഗണനകളാണ്. ഇത് വിസ്മരിച്ചുകൊണ്ടാണ് ഡൈഹൈഡ്രജന്‍ മോണോക്സൈഡ് രാസപദാർഥമല്ലേ എന്ന് ചോദിക്കുന്നത്.

അടുത്തിടെയുണ്ടായ മറ്റൊരു പ്രവണതയാണ് വാക്സിൻ വിരോധം. ഇന്ന് സമാന്തര വൈദ്യം പ്രാക്ടീസ് ചെയ്യുന്ന തലമുറയടക്കം ‘സ്മോള്‍ പോക്സ്’ വാക്സിനിലൂടെയും മറ്റും രോഗങ്ങളെ അതിജയിച്ചവരാണ്. സാമാന്യവൽക്കരണമാണ് ഇത്തരം വിവാദങ്ങളെ അശാസ്ത്രീയമാക്കുന്ന സംഗതി.

സാമ്രാജ്യത്വ ഗൂഢാലോചന, മരുന്നു പരീക്ഷണം തുടങ്ങിയവയാണ് വാക്സിൻ വിരോധികളുടെ ആവനാഴിയിലെ ആയുധങ്ങൾ. ഇവയുടെ പേരിൽ വാക്സിനുകളെ മൊത്തത്തിൽ എതിർക്കുന്നു. മാരക വ്യാധികളിൽ നിന്ന് മനുഷ്യവംശത്തെ രക്ഷിച്ച ‘സ്മോൾ പോക്സ് വാക്സിനുകൾ’ അടക്കമുള്ളവ സാമ്രാജ്യത്വ ഗൂഢാലോചനയുടെ ഭാഗമായിരുന്നോ എന്ന ചോദ്യത്തിനുകൂടി അവർ ഉത്തരം കാണേണ്ടതുണ്ട്.

വാക്സിൻ അനുകൂലികളും സാമാന്യവൽക്കരണത്തിന്‍റെ വഴിയിൽ കൂടിയാണ് നീങ്ങുന്നത്. ശാസ്ത്രത്തിന്‍റെ  എല്ലാ കണ്ടുപിടുത്തങ്ങളെയും തൽപരകക്ഷികൾ എന്നും എതിർത്തിരുന്നുവെന്നും ഇതും അതിന്‍റെ  ഭാഗമാണെന്നും ഒഴുക്കൻ മട്ടിൽ പറയുന്നതിനുപകരം പുതുതായി വരുന്ന വാക്സിനുകളെ ചുറ്റിപ്പറ്റിയുള്ള വിഹ്വലതകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നുവെങ്കിൽ അവരുടെ വാക്കുകൾക്ക് കൂടുതൽ വിശ്വാസ്യത ലഭിക്കുമായിരുന്നു.

സമാന്തര വൈദ്യ സമ്പ്രദായങ്ങളെ ചുറ്റിപ്പറ്റി നടക്കുന്ന വാദകോലാഹലങ്ങളില്‍ വിവിധ വിഭാഗങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ആശയങ്ങളെക്കുറിച്ച് മനസിലാക്കുന്നത് ശാസ്ത്രീയമായ നിഗമനത്തിലെത്താന്‍ സഹായകമാവും

വൈദ്യശാസ്ത്ര രംഗത്തെ അധാർമികതക്കെതിരെ പൊരുതുന്നതും, ആധുനികവും ശാസ്ത്രീയവുമായ വീക്ഷണം പുലര്‍ത്തുന്നതുമായ ഒരു പ്രസ്ഥാനത്തിന്‍റെ അഭാവമാണ് വ്യാജവൈദ്യ-കപടശാസ്ത്ര ഗ്രൂപ്പുകള്‍ പലപ്പോഴും മുതലെടുക്കുന്നത്. ഇന്ന്, വൈദ്യമേഖല ഒരു കച്ചവടമായതിനാൽ, അനാവശ്യമായ പരിശോധനയിലൂടെയും മറ്റും കച്ചവടം ലാഭകരമാക്കുകയെന്നത് സ്വാഭാവികമാണ്. ഇവയെല്ലാം ആധുനിക വൈദ്യശാസ്ത്രത്തിന് എതിരെയുള്ള പ്രചാരണത്തിന് ശക്തിയേകുന്നു. ആധുനിക വൈദ്യത്തെ അതുപയോഗിക്കുന്നവരുടെ പ്രവൃത്തികളിൽ നിന്ന് വേർതിരിച്ചുകാണാൻ സാധാരണക്കാർക്കാവുന്നില്ല. അതുകൊണ്ടുതന്നെ, ആധുനിക വൈദ്യശാസ്ത്രത്തെ കച്ചവടവുമായി ബന്ധപ്പെടുത്തി മനസിലാക്കുന്ന പൊതുജനം, ബദല്‍ വൈദ്യസമ്പ്രദായങ്ങള്‍ കൈകാര്യം ചെയ്യുന്നവരെ ഈ കച്ചവടത്തിനെതിരായ പ്രതിരോധത്തിന്‍റെ ഭാഗമായി കാണുന്നു.

സമാന്തര വൈദ്യ   സമ്പ്രദായങ്ങളുമായി ബന്ധപ്പെട്ട അധാര്‍മികതകള്‍ക്കെതിരെ ക്രിയാത്മക വിമർശനങ്ങൾ ഉണ്ടാവുന്നില്ലെന്നതാണ് വാസ്തവം. വിമർശനങ്ങൾ പ്രധാനമായും ചില കോണുകളില്‍ നിന്നാണ് ഉയരുന്നത്. ആധുനിക വൈദ്യശാസ്ത്രം പ്രാക്ടീസ് ചെയ്യുന്നവര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ഏതാനും തൊഴിൽ സംഘടനകളാണ് ഈ മേഖലയിൽ വളരെക്കാലമായി രംഗത്തുണ്ടായിരുന്നത്. അവരെ സംബന്ധിച്ചിടത്തോളം ശാസ്ത്രത്തെക്കാൾ പ്രധാനം തൊഴിലുമായി ബന്ധപ്പെട്ട സുരക്ഷിതത്വത്തിനാണ്. അതുകൊണ്ടുതന്നെ, ബദൽ വൈദ്യസമ്പ്രദായങ്ങളുടെ നിലനിൽപ്പിനും കപടശാസ്ത്രങ്ങളായി അവ വളരുന്നതിനുമപ്പുറം, ആയുർവേദവും ഹോമിയോപ്പതിയുമൊക്കെ പഠിക്കുന്നവരുടെ സിലബസിൽ ആധുനിക വിഷയങ്ങൾ ഉൾപ്പെടുന്നതിലാണ് ആശങ്ക. കേരളത്തിലെ സർജറി സമരം പ്രസിദ്ധമാണല്ലോ.

‘യാന്ത്രിക ഭൗതികവാദം’ ഉയര്‍ത്തിപ്പിടിക്കുന്ന പ്രസ്ഥാനങ്ങളാണ് സമാന്തര വൈദ്യസമ്പ്രദായങ്ങള്‍ക്കെതിരിൽ വിമർശനവുമായി രംഗത്തുള്ള മറ്റൊരു വിഭാഗം. ബദൽ വൈദ്യമേഖലയിൽ അവരുടെ വ്യാപകമായ ഇടപെടലാരംഭിച്ചിട്ട് അധികമായിട്ടില്ലാത്തതിനാൽ ഒരുപാട് ബാലാരിഷ്ടതകൾ കാണാം. ഈ വിഭാഗങ്ങള്‍ക്ക് ഏറ്റവും പരിചിതമായിട്ടുള്ള പരിപാടി മതഖണ്ഡനമാണ്. അതുകൊണ്ടുതന്നെ, മതവിമർശനങ്ങളുടെ രീതിശാസ്ത്രമാണ് ഇവിടെയും അവർ പിന്തുടരുന്നത്. മതവിശ്വാസങ്ങളെ എതിർക്കുകയെന്ന ഒരേയൊരു കർമപരിപാടിയുടെ അടിസ്ഥാനത്തിൽ ഏറെക്കാലം മുന്നോട്ടുപോയതിനാൽ, അവരുടെ അവലോകന രീതികളിൽ മതപരത കടന്നുകൂടിയിട്ടുണ്ട്.

മതഗ്രന്ഥങ്ങളെ വിശ്വാസികള്‍ ദൈവിക വെളിപാടുകളായാണല്ലോ കാണുന്നത്. മതങ്ങളുടെ ഈ രീതിശാസ്ത്രം അവ കൈകാര്യം ചെയ്യുന്ന ദൈവം, ആത്മാവ്, പരലോകം തുടങ്ങിയവയെ ഖണ്ഡിക്കുകയെന്നത് മുഖ്യലക്ഷ്യമായി സ്വീകരിച്ചിട്ടുള്ള യുക്തിവാദികളുടേതുമായിട്ടുണ്ട്. സമാന്തര വൈദ്യവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നടത്തപ്പെടുന്ന പരിപാടികളിൽ, ചരകസംഹിതയിലും സുശ്രുതസംഹിതയിലും അഷ്ടാംഗഹൃദയത്തിലും മറ്റും വിവരിക്കപ്പെട്ട സിദ്ധാന്തങ്ങളിലും ശരീരശാസ്ത്രപരമായ വർണനകളിലുമുള്ള അശാസ്ത്രീയതകൾ തപ്പിയെടുത്തുകൊണ്ട് പ്രബന്ധങ്ങളും പ്രസംഗങ്ങളും അവതരിപ്പിക്കപ്പെടാറുണ്ട്. ആശയതലത്തിൽ, ഇതേ ഗ്രൂപ്പുകൾ നടത്തുന്ന മതഖണ്ഡന സമ്മേളനങ്ങളിൽ, മതഗ്രന്ഥങ്ങളിലെ അശാസ്ത്രീയതകളെ കുറിച്ച് നടത്തപ്പെടുന്ന പ്രഭാഷണങ്ങളുടെയും അവതരിപ്പിക്കപ്പെടുന്ന പ്രബന്ധങ്ങളുടെയും തനിയാവർത്തനങ്ങളാണ്. ഈ നിലപാടിന് പല തരത്തിലുള്ള വൈകല്യങ്ങളുണ്ട്. സമാന്തര വൈദ്യസമ്പ്രദായങ്ങളുടെ പക്ഷത്തുനിന്ന് ആധുനിക വൈദ്യശാസ്ത്രത്തിനെതിരെ ഉയരുന്ന വിമര്‍ശനങ്ങളെപ്പോലെ, സമാന്തര വൈദ്യസമ്പ്രദായങ്ങള്‍ക്കെതിരായി വരുന്ന വിമര്‍ശനങ്ങളും സ്വത്വവാദപരമാവുന്നത് ഇക്കാരണങ്ങളാലാണ്.

സമാന്തര വൈദ്യസമ്പ്രദായങ്ങൾക്ക് അനുകൂലമായും പ്രതികൂലമായും നിലനിൽക്കുന്ന വാദമുഖങ്ങളില്‍ അശാസ്ത്രീയതകളും അതിശയോക്തികളും ധാരാളമുണ്ട്. മതപരമായ വീറും വാശിയും മാത്രം കൈമുതലായുള്ള അത്തരം സംവാദങ്ങള്‍ക്ക് ഉപരിയാണ് ഈ വിഷയത്തിലുള്ള ലോകാരോഗ്യ സംഘടനയുടെയും യൂനിസെഫിന്‍റെയുമൊക്കെ തീര്‍പ്പുകളും നിഗമനങ്ങളും. സമാന്തര വൈദ്യസമ്പ്രദായങ്ങളുമായി ബന്ധപ്പെട്ട് ഇന്നു നിലനിൽക്കുന്ന അവബോധം, ആഗോളതലത്തില്‍ തന്നെ ഉണ്ടായിവരുന്ന  ചില തിരിച്ചറിവുകളുമായി  ബന്ധപ്പെട്ടിരിക്കുന്നു.

1978ൽ നടന്ന അൽമാ ആട്ട സമ്മേളനം

ലോകാരോഗ്യ സംഘടനയുടെ നിര്‍വചനമനുസരിച്ച് ആരോഗ്യമെന്നത് കേവലം രോഗങ്ങളില്ലാത്ത അവസ്ഥയെന്നതിനപ്പുറം, പൂര്‍ണമായ ശാരീരിക-മാനസിക-സാമൂഹിക സൗഖ്യമാണ്.

ഏറെ പ്രസിദ്ധമായ “രണ്ടായിരമാണ്ടോടെ എല്ലാവര്‍ക്കും ആരോഗ്യം” എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്, 1978ല്‍ അന്നത്തെ സോവിയറ്റ് യൂനിയന്‍റെ ഭാഗമായിരുന്ന ഖസാകിസ്താന്‍റെ തലസ്ഥാനമായ അല്‍മാ ആട്ടയില്‍ വെച്ച് ലോകാരോഗ്യ സംഘടനയുടെയും യൂനിസെഫിന്‍റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തിയ ‘അല്‍മാ ആട്ടാ പ്രഖ്യാപനം’, പൊതുജനാരോഗ്യത്തില്‍ പരമ്പരാഗത വൈദ്യസമ്പ്രദായങ്ങളുടെ പങ്ക് ഊന്നിപ്പറയുന്നുണ്ട്.

പരമ്പരാഗത വൈദ്യസമ്പ്രദായങ്ങളിലെ ഗവേഷണത്തിനും വിലയിരുത്തലിനും വേണ്ടിയുള്ള പൊതു മാർഗരേഖയുടെ ആദ്യത്തെ കരട് ലോകാരോഗ്യ സംഘടന തയ്യാറാക്കിയത് 1997ലാണ്. അതിന്‍റെ പൂർണരൂപം പുസ്തകമായി രണ്ടായിരമാണ്ടില്‍ പ്രസിദ്ധീകരിച്ചു. 2013ൽ പരമ്പരാഗത വൈദ്യസമ്പ്രദായങ്ങള്‍ക്കായുള്ള ‘ഡബ്ല്യൂഎച്ച്ഒ സ്ട്രാറ്റജി, 2014-2023’ എന്ന പേരിൽ പ്രസിദ്ധീകരിച്ചു. ഇത് വികസിപ്പിച്ചത് ‘വേള്‍ഡ് ഹെല്‍ത്ത് അസംബ്ലിയുടെ’ പ്രമേയത്തിനനുസരിച്ചാണ്.

ലോകാരോഗ്യ സംഘടന പരമ്പരാഗതവും അനുപൂരകവുമായ വൈദ്യസമ്പ്രദായങ്ങളുടെ പ്രാധാന്യം ഇപ്രകാരം എടുത്തുപറയുന്നു: “പരമ്പരാഗതവും അനുപൂരകവുമായ വൈദ്യസമ്പ്രദായങ്ങള്‍ ആരോഗ്യ സംരക്ഷണത്തില്‍ പലപ്പോഴും വിലമതിക്കപ്പെടാതെ പോയ ഘടകമാണ്. ലോകത്തിലെ ഏതാണ്ട് എല്ലാ രാഷ്ട്രങ്ങളിലും കാണപ്പെടുന്ന ഇത്തരം വൈദ്യസമ്പ്രദായങ്ങളുടെ സേവനങ്ങള്‍ക്കുള്ള ആവശ്യകത വര്‍ധിച്ചുവരികയാണ്. തെളിയിക്കപ്പെട്ട ഗുണമേന്മയോടും സുരക്ഷിതത്വത്തോടും കാര്യക്ഷമതയോടും കൂടിയ പാരമ്പര്യ-അനുപൂരക ഔഷധങ്ങൾ ആരോഗ്യ പരിരക്ഷയെന്ന ലക്ഷ്യത്തിന് ഒരുപാട് സംഭാവനകള്‍ അര്‍പ്പിക്കുന്നുണ്ട്.”

പരമ്പരാഗത വൈദ്യസമ്പ്രദായങ്ങള്‍ക്കായുള്ള ‘ഡബ്ല്യൂ.എച്ച്.ഒ സ്ട്രാറ്റജി 2014-2023’യിലെ മറ്റു നിഗമനങ്ങളിലും നിര്‍ദേശങ്ങളിലും പ്രാധാന്യമര്‍ഹിക്കുന്ന സംഗതികൾ ഇനി പറയുന്നവയാണ്. “സര്‍ക്കാരിനും ആരോഗ്യപ്രവര്‍ത്തകര്‍ക്കും പരമപ്രധാനമായി ആരോഗ്യരക്ഷാ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുന്നവര്‍ക്കും, അഭിമാനാത്മകവും ചെലവുകുറഞ്ഞതും കാര്യക്ഷമവുമായ വിധത്തില്‍ പരമ്പരാഗതവും അനുപൂരകവുമായ ആരോഗ്യ സംരക്ഷണരീതികള്‍ ലഭ്യമാവുന്ന രീതിയില്‍, ആരോഗ്യ മേഖലയില്‍ സമഗ്രവും ഉദ്ഗ്രഥനാത്മകവുമായ സമീപനം വികസിപ്പിക്കേണ്ടതിനെ കുറിച്ച തിരിച്ചറിവ് പല രാഷ്ട്രങ്ങള്‍ക്കും ഇന്ന് ഉണ്ടായിവരുന്നുണ്ട്”. പരമ്പരാഗത-അനുപൂരക വൈദ്യമേഖലയുടെ ശരിയായ ഉദ്ഗ്രഥനത്തിനും വ്യവസ്ഥാപിതത്വത്തിനും മേല്‍നോട്ടത്തിനും വേണ്ടി ആഗോളതലത്തില്‍ തന്നെ ഒരു നയം രൂപപ്പെടുത്തുന്നത് ലോകരാഷ്ട്രങ്ങൾക്ക് പ്രയോജനപ്രദമായിരിക്കും എന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതില്‍ പരമ്പരാഗത വൈദ്യത്തിന്‍റെ പങ്ക് ശക്തമാക്കുന്ന ക്രിയാത്മക പദ്ധതികള്‍ ആവിഷ്കരിക്കാൻ അംഗരാജ്യങ്ങളെ സഹായിക്കുക എന്നതാണ് ‘ഡബ്ല്യൂ.എച്ച്.ഒ സ്ട്രാറ്റജി’ എന്നും സംഘടന കൂട്ടിച്ചേർക്കുന്നു.

പാരമ്പര്യവൈദ്യമെന്നത് ആരോഗ്യ മേഖലയിലെ പ്രധാനപ്പെട്ടതും, എന്നാല്‍ അവഗണിക്കപ്പെട്ടതുമായ ഭാഗമാണെന്നു പറയുന്ന ലോകാരോഗ്യ സംഘടന, ആരോഗ്യ സംരക്ഷണത്തിലും ചിരകാല രോഗങ്ങളടക്കമുള്ളവയെ തടയുന്നതിലും ചികിത്സിച്ചുമാറ്റുന്നതിലും പാരമ്പര്യവൈദ്യത്തിന് നീണ്ട കാലത്തെ ചരിത്രമുണ്ടെന്നുകൂടി പറയുന്നു.

ലോകാരോഗ്യ സംഘടന വിഭാവനം ചെയ്യുന്ന തലത്തിലേക്ക് നമ്മുടെ നാട്ടിലെ ആരോഗ്യ മേഖലയെ പരിവര്‍ത്തിപ്പിച്ചെടുക്കുവാന്‍ ഇനിയും ഒരുപാട് കടമ്പകള്‍ കടക്കേണ്ടതുണ്ട്.

‘ശാസ്ത്രം, കപടശാസ്ത്രം, സമാന്തരവൈദ്യം’ എന്ന പേരിൽ പുറത്തിറങ്ങാനിരിക്കുന്ന പുസ്തകത്തിൽ നിന്നുള്ള ഒരു ഭാഗമാണ് ഈ ലേഖനം. 

Top