റഫീഖ് അഹമ്മദിന് ഒരു തുറന്ന കത്ത്

ആ വ്യാജപ്രസ്താവനകളിൽ ശരിയുണ്ടാകാം എന്നുകൂടി താങ്കൾ സംശയിക്കുന്നുണ്ട്. താനെഴുതിയതല്ല എന്നുറപ്പുള്ള ഒരു കുടിലപ്രസ്താവനയിലെ ആശയങ്ങളോട് അപ്പോഴും താങ്കൾക്കുള്ള ആഭിമുഖ്യത്തിന്റെ പൊരി ഈ സമ്മതത്തിലുണ്ട്. ‘പച്ചത്തെറിയിൽ പോലും വാസ്തവനാളം’ കാണാൻ കവിക്കു കഴിയും. ‘ന്യൂനപക്ഷങ്ങളുടെ മതപ്രചാരണങ്ങളാണ് സംഘ്പരിവാർ വിദ്വേഷങ്ങൾക്ക് പ്രധാനകാരണം’ എന്ന നിഷ്കളങ്ക നിരീക്ഷണത്തിൽ താങ്കളെപ്പോലുള്ളവരും ഇനിയും മുങ്ങിക്കിടക്കുകയാണെന്നർഥം. ഡോ.ജമീൽ അഹ്മദ്‌ കവി റഫീഖ് അഹമ്മദിന് എഴുതിയ തുറന്ന കത്ത്.

പ്രിയ കവി റഫീഖ് അഹമ്മദിന് സ്നേഹത്തോടെ,

അത്യധികം പ്രിയത്തോടെ താങ്കളുടെ കവിതകൾ വായിക്കുകയും വിദ്യാർഥികളെ പഠിപ്പിക്കുകയും ചെയ്യുന്ന ഒരാളാണ് ഞാൻ. ചില വേദികളിലെങ്കിലും താങ്കളോടൊപ്പമിരിക്കുകയും നേരിലും ഫോണിലും സംസാരിക്കുകയും ചെയ്തിട്ടുമുണ്ട്. സമകാലിക മലയാള കവിതയെക്കുറിച്ച് പറയുകയും എഴുതുകയും ചെയ്യുമ്പോഴൊക്കെ വിസ്മയബഹുമാനങ്ങളോടെ താങ്കളുടെ പേരുപറയാതെ ഞാൻ അവസാനിപ്പിച്ചിട്ടില്ല.

ഇക്കഴിഞ്ഞ തെരെഞ്ഞെടുപ്പു ഫലപ്രഖ്യാപനത്തിനു തൊട്ടുടനെ താങ്കളുടെ പേരിൽ ആരോ പ്രചരിപ്പിച്ച ദീർഘമായ ആ കുറിപ്പ് വായിച്ചപ്പോഴെ അത് താങ്കളുടെ ഭാഷയല്ലെന്ന് ഉറപ്പിച്ചിരുന്നു. പക്ഷേ, അതിൽ പറഞ്ഞ കാര്യങ്ങൾ എപ്പോഴും പറയാൻ സാധ്യതയുള്ള ഒരാൾ എന്ന നിലക്ക് ധിറുതിയിലെഴുതിയപ്പോൾ പിണഞ്ഞുപോയ ഭാഷാസ്ഖലിതങ്ങളെന്നല്ലാതെ, അത് താങ്കളല്ല പറഞ്ഞത് എന്ന് അപ്പോഴും തോന്നിയിട്ടില്ല (മുഖപുസ്തകത്തിൽ താങ്കളുടെ സുഹൃത്തുക്കളിൽ പലരും അത് സമ്മതിക്കുന്നുണ്ട്). എന്റെ തെറ്റിദ്ധാരണയുടെ പേരിൽ പൊറുക്കണം.

അത് ഞാനല്ല എന്ന് കവി സാമൂഹികമാധ്യമത്തിലൂടെ വെളിപ്പെടുത്തിയതും അതിനു പിന്നിലുള്ള കുത്സിതകരങ്ങൾ പിടികൂടപ്പെട്ടതും കഥയുടെ ബാക്കി. നരേന്ദ്രമോദിയോട് അത്യാരാധനയുള്ള ഒരു സംഘ്പരിവാർ പ്രവർത്തകനാണ് ആ കുറ്റകൃത്യം ചെയ്തത് എന്ന് താങ്കൾതന്നെ പങ്കുവെച്ച പ്രൊഫൈൽ മുഖച്ചിത്രം തെളിയിക്കുന്നുണ്ട്. “ഹാ, കഷ്ടം!” എന്നല്ലാതെ എന്തു പറയാൻ. “വ്യാപാരമേ ഹനനമാം വനവേടനുണ്ടോ വ്യാപന്നമായ് കഴുകനെന്നും കപോതമെന്നും” എന്നല്ലേ ആശാൻ പറഞ്ഞത്. ഇതാ. താങ്കൾക്കൂടി (ഒരുപക്ഷേ ആദ്യമായി) ആ ദുഷ്ടപ്പരിഷയുടെ ആക്രമണത്തിന് ഇരയായിരിക്കുന്നു എന്നറിയുക. അന്നേദിവസം മാധ്യമങ്ങളിലൂടെ പുറത്തുവന്ന, പശുവിറച്ചിയാരോപ അക്രമവീഡിയോയിൽ ചെരിപ്പുകൊണ്ട് മുഖത്തടിക്കപ്പെടുന്ന മുസ്‌ലിം പെണ്ണിനെ താങ്കൾ കണ്ടുവോ. കേരളത്തിലെ അതേ ദുഷ്ടക്കൂട്ടത്തിന്റെ കൈകളാൽ ഭാഷ കൊണ്ട് മുഖത്തടിക്കപ്പെട്ട ഒരു കവിയെ കേരളത്തിൽ പക്ഷേ, ഞാൻ കണ്ടു.

റഫീഖ് അഹമ്മദ്

താങ്കളുടെ ഒടുവിലെ വിശദീകരണക്കുറിപ്പ് വായിച്ചപ്പോഴാണ് ഇത്തരമൊരു പ്രതികരണം എഴുതണമെന്ന് തോന്നിയത്. സഹിഷ്ണുതയോടെ ഇത് വായിക്കുമല്ലോ.

ആ ന്യൂനപക്ഷവിരുദ്ധ വ്യാജ കുറിപ്പ് താങ്കളുടെ മറ്റു രാഷ്ട്രീയ നിരീക്ഷണങ്ങൾ പ്രചരിക്കുന്നതിലേറെ വേഗത്തിൽ, അതിലേറെ വായനക്കാരിലേക്ക്, അതിലേറെ ദേശങ്ങളിലൂടെ പരന്നെത്തിയതിനു പിന്നിലുള്ള പുതിയ തിരിച്ചറിവുകളിലെ അന്തംവിടലോടെയാണ് താങ്കളുടെ പ്രതികരണം തുടങ്ങുന്നത്. അതൊരു യാഥാർഥ്യമാണ് എന്ന് മനസ്സിലാക്കിയല്ലോ, നന്ദി. മുസ്‌ലിം വിരുദ്ധമായ ആഖ്യാനങ്ങൾക്ക് ഇന്ന് ഇന്‍ഡ്യയിൽ കിട്ടുന്ന ചിലവില്ലാത്ത പ്രചാരണത്തിൽ കണ്ണുവെച്ച് അത്തരം വിദ്വേഷരചനകൾ പടച്ചുവിടുന്ന ചിലരെങ്കിലും നമുക്കിടയിലും ഇപ്പോഴും ഉണ്ട് എന്നതും താങ്കൾ തിരിച്ചറിയണം. ചിലപ്പോഴെങ്കിലും താങ്കളുടെ ചില എഴുത്തുകൾ ആ ലാഭക്കച്ചവടത്തിൽ മുമ്പ് പങ്കാളിയായിട്ടുണ്ടോ എന്ന് ചിലരെങ്കിലും സംശയിച്ചതിനു പിന്നിലുള്ള സത്യം അതാണ്. അവരുടെ സ്വാഭാവികമായ തെറ്റിദ്ധാരണക്കുകൂടി മാപ്പുനൽകണം എന്ന് അഭ്യർഥിക്കുന്നു. ആ വ്യാജപ്രസ്താവനകളിൽ ശരിയുണ്ടാകാം എന്നുകൂടി താങ്കൾ സംശയിക്കുന്നുണ്ട്.

“കഴിഞ്ഞ ഏതാനും വർഷങ്ങളായി കേരളത്തിന്റെ സവിശേഷ സാഹചര്യത്തിൽ ഭൂരിപക്ഷ വർഗീയതയ്ക്ക് ആവശ്യാനുസരണം വെള്ളവും വളവും നൽകി പ്രോത്സാഹിപ്പിക്കുന്നതിൽ ന്യൂനപക്ഷ മതമൗലികവാദങ്ങളും, സാമ്പത്തിക ഹുങ്കും, തീവ്രവാദങ്ങളും മുഖ്യധാരാ രാഷ്ട്രീയ കക്ഷികൾ കൈക്കൊള്ളുന്ന അവസരവാദപരമായ വോട്ടുപെട്ടി രാഷ്ട്രീയവും വഹിക്കുന്ന പങ്ക് ചെറുതല്ല. എന്റേതായ രീതിയിൽ ഞാനീ സത്യം പറയാൻ ശ്രമിക്കാറുണ്ട്” എന്നും താങ്കൾ സാക്ഷ്യപ്പെടുത്തുന്നു.

താനെഴുതിയതല്ല എന്നുറപ്പുള്ള ഒരു കുടിലപ്രസ്താവനയിലെ ആശയങ്ങളോട് അപ്പോഴും താങ്കൾക്കുള്ള ആഭിമുഖ്യത്തിന്റെ പൊരി ഈ സമ്മതത്തിലുണ്ട്. ‘പച്ചത്തെറിയിൽ പോലും വാസ്തവനാളം’ കാണാൻ കവിക്കു കഴിയും. ‘ന്യൂനപക്ഷങ്ങളുടെ മതപ്രചാരണങ്ങളാണ് സംഘ്പരിവാർ വിദ്വേഷങ്ങൾക്ക് പ്രധാനകാരണം’ എന്ന നിഷ്കളങ്ക നിരീക്ഷണത്തിൽ താങ്കളെപ്പോലുള്ളവരും ഇനിയും മുങ്ങിക്കിടക്കുകയാണെന്നർഥം. പക്ഷേ, പൗരന്മാർക്ക് ഇന്‍ഡ്യൻ ഭരണഘടന അനുവദിച്ച മതസ്വാതന്ത്ര്യത്തിന്റെ ഭാഗമായ ജനാധിപത്യവകാശമാണ് ആശയപ്രചാരണം. മുസ്‌ലിംകളുടെ കേവലമതജീവിതത്തെയാണ് താങ്കളും സംഘികളെപ്പോലെ മൗലികവാദമായി കാണുന്നത്. അവരുടെ സ്വാസ്ഥ്യജീവിതത്തെയാണ് സാമ്പത്തികഹുങ്കായി വിലയിരുത്തിയത്. എന്നാൽ, മതനിരാസവും മതേതരത്വവും ജീവിതത്തിലുടനീളം പുലർത്തിയ താങ്കൾപോലും സംഘികളുടെ വ്യാജപ്രചാരണത്തിന് ഇരയായ ഈ സന്ദർഭത്തിലെങ്കിലും അത്തരം വാദങ്ങൾക്ക് ബുദ്ധിയുടെ പിൻബലമില്ലെന്ന് തിരിച്ചറിഞ്ഞാലും. ന്യൂനപക്ഷങ്ങൾ വെള്ളവും വളവും നൽകി വളർത്തുന്ന ഒട്ടുചെടിയാണ് ഇന്‍ഡ്യയിലെ സംഘ്പരിവാർ വർഗീയത എന്ന ലളിതയുക്തി ശരിയല്ല. (ഭൂരിപക്ഷ ഹിന്ദുക്കൾ ആ കിരാതർക്കൊപ്പമില്ല എന്നതിനാൽ ഭൂരിപക്ഷ വർഗീയത എന്ന വാക്ക് ഞാൻ ഉപയോഗിക്കാറില്ല).

“മലയാള സിനിമയെ മുസ്‌ലിംകൾ പിടിമുറുക്കുന്നു” എന്ന പ്രചാരണം പലപ്പോഴും സോഷ്യൽ മീഡിയയിൽ സംഘികൾ നടത്തിക്കൊണ്ടിരിക്കുന്നത് താങ്കൾ ശ്രദ്ധിച്ചിട്ടുണ്ടോ. പണമുള്ള മുസ്‌ലിം വലിയ വീടുണ്ടാക്കുന്നത് സാമ്പത്തിക ഹുങ്കാണെങ്കിൽ പ്രതിഭയുള്ള മുസ്‌ലിം നല്ല സിനിമയിൽ പ്രവർത്തിക്കുന്നത് സാംസ്കാരിക ഹുങ്കാണെന്നാണ് സംഘ്പരിവാർ വാദിക്കുന്നത്. ഒരു ഗാനരചയിതാവെന്ന നിലക്ക് താങ്കളും അതിൽ ഇരയാണ്. തരം കിട്ടിയാൽ താങ്കളെയും അവർ അക്രമിച്ചേക്കാം, റഫീഖ് അഹമ്മദ് എന്ന പേരുതന്നെ മതി അതിനു മതിയായ കാരണം. മതപ്രചാരണം നടത്തിയതിന്റെ പേരിലല്ല, വെറും മുസ്‌ലിം പേരിന്റെ പേരിലാണ് ഷാറൂഖ് ഖാൻ മുതൽ ദുൽഖർ സൽമാൻ വരെയുള്ളവർ താങ്കൾ നേരിട്ടതിലും വലിയ ദുഷ്പ്രചാരണങ്ങൾക്ക് ഇരയായത് എന്ന് മനസ്സിലാക്കൂ.

അന്യമത ഉന്മൂലനം മാത്രം ലക്ഷ്യമിട്ട്, ഏകമതാത്മകരാഷ്ട്രം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന അപരവിദ്വേഷത്തിന്റെ ദാർശനികാടിത്തറയുള്ള വംശീയതയാണ് സംഘ്പരിവാറിന്റെ വിചാരധാര. ഇന്‍ഡ്യയിലെ ഏത് ന്യൂനപക്ഷമാണ് അത്തരമൊരു ആശയത്തിനുവേണ്ടി പ്രവർത്തിക്കുന്നത്.

ന്യൂനപക്ഷങ്ങളുടെ ഓരോ അനക്കവും സംഘ്പരിവാറിനെ പ്രകോപിപ്പിക്കും എന്നതിനാൽ ഭരണഘടന നൽകുന്ന സ്വാഭാവിക അവകാശങ്ങൾ പോലും അടക്കിപ്പിടിച്ച് അസ്വാതന്ത്ര്യത്തോടെ അവർ ഇന്‍ഡ്യയിൽ ജീവിക്കണമെന്നാണോ താങ്കൾപോലും കരുതുന്നത്. ഇഷ്ടമുള്ളത് തിന്നാനും ഇഷ്ട വേഷം ധരിക്കാനും സ്വന്തം മതത്തെ അനുവർത്തിച്ച് ജീവിക്കാനുമുള്ള സ്വാതന്ത്ര്യം മതന്യൂനപക്ഷങ്ങൾക്ക് ഉറപ്പാക്കുകയാണ് വേണ്ടത്.

ന്യൂനപക്ഷത്തിനിടയിലെ ചെറുന്യൂനപക്ഷത്തിന്റെ വർഗീയചിന്തകളുടെ അപകടങ്ങളെ അങ്ങനെ മാത്രമേ തടയാനാകൂ. തൊപ്പിവെച്ചാലും താടി നീട്ടിയാലും രാജ്യദ്രോഹമാകുന്ന ഈ രാജ്യത്ത് പർദ മൃതദേഹമായി അപഹസിക്കപ്പെടുന്ന മതേതര ലോകത്ത് ആ സ്വാതന്ത്ര്യസ്വപ്നം ഫലിക്കുമോ.

 

താങ്കളുടെ പേരിലുള്ള വ്യാജവർത്തമാനം പ്രചരിക്കപ്പെട്ടപോലെ, ഇപ്പോഴും ഏറ്റവുമധികം ഷെയർചെയ്യപ്പെട്ട് ആഘോഷിക്കപ്പെടുന്ന താങ്കളുടെ യഥാതഥ രചനയാണ് മതദേഹം എന്ന കുറുങ്കവിത. മുസ്‌ലിം പെണ്ണിന്റെ മുഖംമൂടുന്ന വസ്ത്രത്തിനെതിരെ ഏറ്റവുമധികം കലിതുള്ളുന്നത് സംഘികളും മതേതര പ്രവർത്തകരുമാണ്. മുസ്‌ലിംകളെ അപരസ്ഥാനത്തുനിർത്തി ആക്രമിക്കുന്നതിൽ സംഘികളും മതേതര മുഖമുള്ളവരും പലപ്പോഴും ഒരേ സഖ്യമാകുന്നതിന് ഉദാഹരണമാണത്. താങ്കളുടെ ആ കവിത ഏറ്റവും സ്ത്രീവിരുദ്ധമായ രചനയാണ് എന്ന് അഭിപ്രായപ്പെടാനുള്ള സ്വാതന്ത്ര്യം എനിക്ക് തരൂ. പർദക്കുള്ളിലെ സ്ത്രീയെ മൃതദേഹം എന്ന് ഉപമിക്കുന്ന താങ്കൾ ആ മനുഷ്യജീവിയോട് (മുസ്‌ലിം അധീശപുരുഷനെപ്പോലെത്തന്നെ) അനീതി ചെയ്തിരിക്കുന്നു. അവരുടെ ചിന്താശേഷി, സ്വത്വം, ജീവത്തായ ശരീരം എന്നിവയെയെല്ലാം ആ ഉപമയോടെ താങ്കൾ കുഴിയിലിട്ടടക്കുകയാണ് ചെയ്തത്. “വീടാംകൂട്ടിലൊതുങ്ങും തത്തമ്മകൾ” (ഉള്ളൂർ), “ഗുരുജനഭയ പഞ്ജരസ്ഥ” (ആശാൻ) തുടങ്ങിയ സമാനഉപമകളിൽ കൂട്ടിലടക്കപ്പെട്ടാലും ഉള്ളിൽ തിളങ്ങുകയും തുടിക്കുകയും പുറത്തുചാടാൻ ആഗ്രഹിക്കുകയും ചെയ്യുന്ന ഒരു ജീവിതമുണ്ട്. താങ്കളുടെ കവിതയിലാകട്ടെ അത് മൃതദേഹമാണ്. ജീവനുള്ള മുസ്‌ലിം സ്ത്രീയാണത്. രാത്രിമഴയത്ത് ഉമ്മുകുലുസുവിന്റെ ഖബറിനുമേൽ കുടചൂടാൻ പായുന്ന അതേ ഉമ്മയാണ് പിറ്റേന്ന് മുഖം മൂടി റേഷൻ കടയിലേക്ക് പോകുന്നത് എന്നും മനസ്സിലാക്കൂ. സ്വയം തീരുമാനിക്കാനും ചെയ്യാനും കഴിയുന്ന പെണ്ണാണവൾ, ശവമല്ല. മറ്റൊരു മതേതര കവിതയിൽ അത് ആഫ്രിക്കൻ രാജ്യമാണ്. എന്തുകൊണ്ടാണ് ആധുനികാനന്തര മതേതര കവിതകളിലെ മുസ്‌ലിം സ്ത്രീയുപമകളൊക്കെയും ഇത്രയും അവശമാകുന്നത് എന്ന് താങ്കൾ ആലോചിച്ചിട്ടുണ്ടോ.

ഏതോ ഒരാൾ തന്റെ പേരുപയോഗിച്ച് വ്യാജപ്രചാരണം നടത്തിയപ്പോഴേക്കും എത്ര ആശങ്കയോടെയാണ് താങ്കൾ ഉണർന്നെഴുന്നേറ്റത്. ഒരു സമുദായത്തിനെതിരെ സംഘടിതമായി സംഘ് പരിവാറും മതേതരകക്ഷികളും ഒപ്പംചേർന്ന് സമുദായപ്പേടി ഉൽപ്പാദിപ്പിക്കുന്ന വ്യാജപ്രസ്താവനകൾ നിരന്തരം പടച്ചുവിടുന്നതിനെതിരെ അതേ സമുദായം പ്രതികരിക്കുന്നതിനെയാണ് താങ്കൾ തീവ്രവാദമെന്നും മതമൗലികവാദമെന്നും ഹുങ്കെന്നും തള്ളിക്കളയുന്നത്.

ആരാണ് തെറ്റുകാരൻ? താങ്കളെ വ്യാജവ്യക്തിയാക്കിയ ആ സംഘ്പരിവാറുകാരനോ അതിനെതിരെ പ്രതികരിച്ച താങ്കളോ? “ഭൂരിപക്ഷസംഘികൾ ഇത്തരം വ്യാജങ്ങൾ നടത്തുമ്പോഴേക്ക് ന്യൂനപക്ഷകവികൾ തീവ്രമായി പ്രതികരിക്കുന്നതുകൊണ്ടാണ് സംഘിവ്യാജനിർമിതകൾ പെരുകുന്നത്” എന്ന് ഒരാൾ വാദിച്ചാൽ താങ്കൾ സമ്മതിക്കുമോ? താങ്കളുടെ പ്രതികരണവും കവിതയെഴുത്തും ഇനിമേൽ സംഘികളെ കൂടുതൽ പ്രകോപിപ്പിക്കുയും അവരുടെ വർഗീയതക്ക് വെള്ളവും വളവും നൽകുകയും ചെയ്യും എന്ന് മനസ്സിലാക്കി താങ്കൾ പ്രതികരണവും കവിതയെഴുത്തും നിറുത്തുമോ?

പുതിയ ബിജെപി ആധിപത്യം കേന്ദ്രത്തിൽ അധികാരവിജയം നേടിയതിന്റെ അന്നാണല്ലോ താങ്കളുടെ പേരിലുള്ള ആ ദുഷ്ടലാക്ക് പുറത്തു പ്രചരിക്കപ്പെട്ടത്. അന്നേ ദിവസം അതേ സാമൂഹിക മാധ്യമങ്ങളിൽ താങ്കളുടെ തൊട്ടയൽപ്പക്കത്തുനിന്ന് ശബ്ദലേഖനംചെയ്ത ഒരു ശബ്ദസന്ദേശവും അത്രയും വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു. ഇന്‍ഡ്യയിലെ ഓരോ മുസ്‌ലിമിനേയും കമ്യൂണിസ്റ്റിനെയും എണ്ണം പറഞ്ഞ് ഞങ്ങൾ ഉന്മൂലനം ചെയ്യുമെന്നും അതിന് സമയമായെന്നും ഉറക്കെ ഉറഞ്ഞുതുള്ളുന്ന ഒരു സംഘി ചെറുപ്പക്കാരന്റെ ശബ്ദമാണത്രെ. (അതും വ്യാജമാകാനിടയുണ്ട് എന്നതിനാലാണ് ഈ സന്ദേഹവാചി. പക്ഷേ, എഴുത്തിനെക്കാൾ സത്യമാണല്ലോ ശബ്ദം). ഇസ്‌ലാമികപ്രചാരണം നടത്തുന്ന മുസ്‌ലിംകളെത്തന്നെയാകും അവർ ആദ്യം കൊല്ലുക. സാക്കിർ നായിക്കും എം.എം.അക്ബറും ഒക്കെ ഉന്മൂലനം ചെയ്യപ്പെട്ടശേഷം ആരാണ് ബാക്കിയാവുക. “മർദകനിണസ്വാദുസ്മരിക്കുന്ന” ആ കത്തി എത്രകാലം ഇരയില്ലാതെ വിശന്നിരിക്കും.

ഏതായാലും താങ്കൾക്ക് നന്ദിയുണ്ട്.
നമ്മുടെ സാംസ്കാരിക മണ്ഡലത്തിലേക്കുകൂടി വേരാഴ്ത്തിക്കൊണ്ടിരിക്കുന്ന സവർണ വംശീയ ഭീകരവാദത്തിന്റെ ഒരു സ്പർശംകൊണ്ടേ താങ്കൾ ഞെട്ടിയുണർന്നതിന്. അപ്പോഴേ തിരിച്ചറിഞ്ഞ് പ്രതികരിച്ചതിന്.
അതു മനസ്സിലാക്കാതെ ഉറങ്ങുന്നവരും ഉറക്കം നടിക്കുന്നവരുമായ ഒട്ടേറെ സാംസ്കാരിക ബുദ്ധീജീവിതങ്ങൾക്കിടക്ക് ഈ തിരിച്ചറിവിനെ പ്രകീർത്തിക്കട്ടെ.

സ്നേഹം മാത്രം,
ഡോ.ജമീൽ അഹ്മദ്

Top