പ്രൊഫസർ ഹാനി ബാബു: ആക്റ്റിവിസ്റ്റ് എന്ന നിലയിൽ വായിക്കപ്പെടുമ്പോൾ

ഹാനി നിയമവാഴ്ചയിലും, സ്ഥാപനങ്ങളുടെ സാകല്യ സമീപനത്തിലും വിശ്വസിച്ചു. തന്റെ ചിന്തകളിൽ ഹാനി ഇതിനെത്രമാത്രം പ്രാധാന്യം നൽകുന്നുവെന്ന്, അതേ ഡിപ്പാർട്‌മെന്റിൽ എം.ഫിൽ ചെയ്യുമ്പോൾ ഇൻഡ്യയുടെ ഭാഷാനയങ്ങളെ കുറിച്ചുള്ള സംവാദത്തിൽ നിന്ന് എനിക്ക് ബോധ്യപ്പെട്ടതാണ്. ക്ലാസ്‌മുറിയെ ഹാനി സമീപിച്ചതിലും, തന്റെ ബോധനശാസ്ത്ര പാഠങ്ങൾ രൂപീകരിച്ചതിലും അംബേഡ്കറിയൻ രീതിശാസ്ത്രത്തിന്റെ സ്വാധീനം വലുതാണ്. സൗരദീപ് റോയ് എഴുതുന്നു.

ഡൽഹി സർവകലാശാല, നോർത്ത് കാംപസ്, ആർട്ട് ഫാക്കൽറ്റി: 2014ലെ ഒരു ശരത്കാല സായാഹ്നം. നൂറ് പേർക്ക് കഷ്ടിച്ചിരിക്കാവുന്ന ഒരു മുറിയിൽ ഇരുന്നൂറോളം കുട്ടികൾ കൂടിയിരിക്കുന്നു. ഒടിഞ്ഞുതൂങ്ങിയ കസേരകൾ, ചിലർ തറയിലിരിക്കുന്നു, ചിലർ ജാലകപ്പടികളിൽ, ചിലർ വാതിൽക്കൽ തന്നെ. ചിലരാകട്ടെ ഹാനി ബാബു ‘യൂണിവേഴ്സൽ ഗ്രാമറിനെ’ കുറിച്ച് ക്ലാസെടുത്തുകൊണ്ടിരിക്കുന്ന പ്ലാറ്റ്ഫോമിൽ പടിഞ്ഞിരിക്കുന്നു. നാമോക്തിയെയും പൂരകകൃതിയെയും കുറിച്ചുള്ള രേഖാചിത്രങ്ങൾ ബോർഡിൽ വരച്ച ശേഷം അദ്ദേഹം ഞങ്ങളുടെ നേരെ തിരിഞ്ഞു. ഒരുപക്ഷേ ക്രിയോക്തിയെ കുറിച്ചാവണം അദ്ദേഹം ചോദിക്കുന്നത്.

തിരിഞ്ഞതും വലതുവശത്ത് ജാലകപ്പടികളിൽ ഇരിക്കുന്ന കുട്ടികളെ നോക്കി അദ്ദേഹം വിളിച്ചുപറഞ്ഞു: “നോക്കണേ, ആരും താഴെപ്പോകരുത്”. പിന്നെ മറുവശത്തേക്ക് നോക്കി: “നിങ്ങളെക്കുറിച്ച് എനിക്കു വേവലാതിയില്ല”. ക്ലാസിൽ കൂട്ടച്ചിരി മുഴങ്ങി. ഹാനിയുടെ മുഖത്ത് ഒരു പുഞ്ചിരി മിന്നി. അതങ്ങനെയാണ്, ഹാനിക്ക് പുഞ്ചിരിക്കാനേ അറിയൂ. ഒന്നാം നിലയിലാണ് ക്ലാസ് നടക്കുന്നത്. ഇടതുവശത്തെ വാതിലുകൾ തുറക്കുന്നത് ഇടനാഴിയിലേക്കാണ്. വലതുവശത്ത് ജാലകങ്ങൾ, കീഴെ തലോടിയെത്തുന്ന അപരാഹ്നത്തിലെ ഇളംകാറ്റിനെ വരവേൽക്കുന്ന ഉദ്യാനം.

മാസ്റ്റർ കോഴ്‌സുകൾ നൽകുന്ന ഡൽഹി യൂണിവേഴ്സിറ്റിയുടെ ആംഗലേയ വിഭാഗത്തിൽ ഭാഷാശാസ്ത്രത്തെ കുറിച്ച് ഒരു കോഴ്‌സുണ്ട്. നിർബന്ധമായും പങ്കെടുക്കേണ്ടതാണത്. പൊതുവേ ‘വേണ്ടണം’ എന്ന മട്ടിൽ ക്ലാസിൽ ഹാജർ കൊടുക്കാറുള്ളവരും അതിൽ നിർബന്ധമായും ഹാജർ കൊടുത്തേ പറ്റൂ. ക്ലാസ് വിട്ടിറങ്ങിയാൽ ഫാക്കൽറ്റി ഗേറ്റിനുപുറത്ത് അവരെ കാത്തൊരു നിരാഹാര സമരം നടക്കുന്നുണ്ടാവും. അങ്ങോടൊരു നോട്ടമെറിയാതെ അവർക്ക് നടന്നുനീങ്ങാനുമാവില്ല. ഹാനിയെ അവിടെയും അവർക്ക് ‘മിസ്’ ചെയ്യില്ല.

കഴിഞ്ഞ സെമസ്റ്ററിൽ സർവകലാശാലയുടെ ദക്ഷിണ കാംപസിൽ ക്ലാസ്മുറിയുടെ പുറത്ത് ജി.എൻ. സായിബാബയെ കണ്ടത് ഞാനോർക്കുന്നു. അദ്ദേഹം പഠിപ്പിക്കുന്നത് രാംലാൽ ആനന്ദ് കോളേജിലാണ്. എന്നാൽ സർവകലാശാലയിൽ മാസ്റ്റേഴ്സ് പഠിക്കുന്ന കുട്ടികൾക്ക് ഇൻഡ്യൻ സാഹിത്യത്തിൽ ക്ലാസെടുക്കാൻ ‘ഗസ്റ്റ് ലെക്‌ചററായി’ അദ്ദേഹം വരാറുണ്ട് (ഇതു പലപ്പോഴും മിനിമം വേതനത്തിലോ, ഇല്ലാവേതനത്തിലോ ആവും നടക്കുക. കൂലിയില്ലാ പണിയിൽ സർവകലാശാല ചെറുതല്ലാത്ത ഖ്യാതി നേടിയിട്ടുണ്ട്). എന്നാൽ, ഞാൻ രണ്ടാം സെമസ്റ്റർ കഴിഞ്ഞ് മൂന്നിലെത്തി ഇൻഡ്യൻ സാഹിത്യം പഠിക്കാനെത്തുമ്പോഴേക്ക് സായിബാബ അറസ്റ്റിലായിക്കഴിഞ്ഞിരുന്നു.

ജി.എൻ. സായിബാബ

മൂന്നാം സെമസ്റ്ററിൽ ഭാഷാശാസ്ത്രം നിർബന്ധിത പാഠ്യവിഷയമാണ്. സായിബാബയുടെ മോചനത്തിനായി പ്രവർത്തിക്കുന്ന സമിതിയിൽ ഹാനി ബാബുവും സജീവമാണെന്ന് വൈകാതെ ഞാനറിഞ്ഞു. ഏതാനും വർഷങ്ങൾക്കുള്ളിൽ സായിബാബ ശിക്ഷിക്കപ്പെടാൻ പോവുകയാണ്. 2017 ഏപ്രിലിൽ ശിക്ഷാവിധിയിലെ പോരായ്മകളെക്കുറിച്ച് സമിതി ഒരു പത്രസമ്മേളനം സംഘടിപ്പിച്ചിരുന്നു. ഇതിനകം പത്രപ്രവർത്തകനായി പ്രവർത്തിച്ച് തുടങ്ങിയിരുന്ന ഞാൻ ഒരു ന്യൂസ് ഫീച്ചർ തയ്യാറാക്കുന്നതിൽ വ്യാപൃതനായി.

ഹാനി പതിവുപോലെ തിരക്കിലാണ്. എല്ലാവർക്കും ചായ വിളമ്പുന്നതിൽ, മറ്റു പലതരം പണികളിൽ. ഹാനിയുടെ ബഹുമുഖ റോളുകളെപ്പറ്റി ഇതിനോടകം എനിക്കൊരു ധാരണ ലഭിച്ചുകഴിഞ്ഞിരുന്നു. ഞാനാരുമല്ലേയെന്ന ഭാവത്തിൽ എല്ലാം അദ്ദേഹം ഭംഗിയായി ചെയ്തുതീർത്തു. സായാഹ്നങ്ങളിൽ ലോ ഫാക്കൽറ്റിയിൽ (Law Faculty) നിയമ വിദ്യാർഥിയായി ഹാനി ബാബു പഠനം തുടങ്ങിയിരുന്നു എന്ന് ശ്രുതിയുണ്ടായിരുന്നു. അത് ശരിയുമായിരുന്നു.

2012ലാണ് ഞാനീ കുറിപ്പെഴുതിയിരുന്നതെങ്കിൽ, ഡൽഹി-ജവഹർലാൽ നെഹ്‌റു സർവകലാശാലകളുടെ ആംഗലേയ ഭാഷാ ഡിപ്പാർട്മെന്റുകൾ ലോകത്തിലെ തന്നെ മികച്ച 100 ഭാഷാ ഡിപ്പാർട്മെന്റുകളിൽ ഒന്നാണെന്ന് ഞാനിതിൽ രേഖപ്പെടുത്തുമായിരുന്നു. എന്നാൽ സർക്കാർ ഇടപെടലുകൾ കാണെക്കാണെ ഡിപ്പാർട്മെന്റിനെ ക്ഷയിപ്പിച്ചു. അധ്യാപക വിദ്വാന്മാർ ഓരോരുത്തരായി കാംപസ് വിട്ടു. റോഷൻ പിന്റോ, ബൈദിക് ഭട്ടാചാര്യ, ഉദയകുമാർ, ബ്രിന്ദാ ബോസ്, നന്ദിനി ചന്ദ്ര, സംബുദ്ധ സെൻ അങ്ങനെ നീണ്ടുപോകുന്നു ആ ലിസ്റ്റ്. ജെ.എൻ.യുവിന്റെ കാര്യത്തിൽ ഈ പ്രവണത കാര്യമായി ശ്രദ്ധിക്കപ്പെട്ടതാണ്. എന്നാൽ അതിനുമുൻപേ ഡൽഹി സർവകലാശാല നിശബ്ദ മരണത്തിലേക്ക് നീങ്ങിക്കഴിഞ്ഞിരുന്നു.

ഫാക്കൽറ്റികൾക്കും വിദ്യാർഥികൾക്കും എതിരെയുള്ള അധികൃതരുടെ നീക്കങ്ങളെ എതിർക്കുമ്പോഴും, ‘സർവകലാശാല മരിക്കുന്നു’ എന്ന് വിലപിക്കുന്നതിനെതിരെ ഹാനി മുന്നറിയിപ്പ് നൽകിയിരുന്നു. 2014ൽ വിദ്യാർഥികൾ സർവകലാശാലയിലെ നിയമനങ്ങൾക്കെതിരിൽ പ്രതിഷേധിച്ചപ്പോൾ ഹാനി അവരോട് ചോദിക്കുന്നുണ്ട്: “എന്താണീ സമരത്തിന്റെ ന്യായം? ഡിപ്പാർട്മെന്റിന്റെ ക്ഷയമാണോ/പൈതൃക ജീർണതയാണോ, മറ്റൊരർഥത്തിൽ മെറിറ്റാണോ (merit) പ്രശ്നം? മറ്റുപല പുരോഗമന മുന്നേറ്റങ്ങളെയും പോലെ, ഈ സമരങ്ങളുടെ നേതൃത്വവും മേൽജാതിക്കാരുടെ കയ്യിലായിരുന്നു. ഇതിനെക്കുറിച്ച് ഹാനി ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ട്.

ഹാനിയും അംബേഡ്കർ റീഡിങ് ഗ്രൂപ്പും സമരത്തെക്കുറിച്ച് ഉന്നയിച്ച വിമർശനങ്ങളെ നേരിടുന്നതിൽ ഞങ്ങൾക്കുണ്ടായിരുന്ന ആശയക്കുഴപ്പം ഞാനോർക്കുന്നു. നമുക്കിടയിലും പുറത്തുമുള്ളവരോട് ഞങ്ങൾ സംവദിച്ചുകൊണ്ടിരുന്ന, സ്വാതന്ത്ര്യത്തിന്റെ ഭാവുകത്വങ്ങൾ അപകടപ്പെടുന്നു എന്ന നിർണയത്തിൽ തന്നെ, സ്വയം ഞങ്ങളെക്കുറിച്ചും മറ്റുള്ളവരെക്കുറിച്ചും ‘രാഷ്ട്രീയ ജീവികൾ’ എന്ന നിലയിൽ ഞങ്ങൾ സ്വയം തിരിച്ചറിയുകയായിരുന്നു. സ്വയമറിയാതെ തന്നെ നാമെങ്ങനെ മറ്റുള്ളവരെ പാർശ്വവൽക്കരിച്ചുകളയുന്നു എന്നും ഞങ്ങൾ മനസ്സിലാക്കി.

തന്റെ വിയോജിപ്പുകളിലൂടെ ഒരു പ്രക്രിയക്ക് ഹാനി തുടക്കമിട്ടു. വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്ന് വകുപ്പ് തലവൻ ഒരു വിദ്യാർഥി-അധ്യാപക സമിതി രൂപീകരിച്ചു (2015). ഹാനിയാണ് അതിൽ തെരഞ്ഞെടുപ്പിന്റെ മാർഗരേഖ എഴുതിയത്. എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്നതായിരുന്നു ആ മാർഗരേഖ. (എന്നാൽ 2015ന് ശേഷം അതിൻപ്രകാരം തെരഞ്ഞെടുപ്പ് നടന്നിട്ടേയില്ല!)

പ്രൊഫസർ ഹാനി ബാബു

ഹാനി നിയമവാഴ്ചയിലും, സ്ഥാപനങ്ങളുടെ സാകല്യ സമീപനത്തിലും വിശ്വസിച്ചു. തന്റെ ചിന്തകളിൽ ഹാനി ഇതിനെത്രമാത്രം പ്രാധാന്യം നൽകുന്നുവെന്ന്, അതേ ഡിപ്പാർട്‌മെന്റിൽ എം.ഫിൽ ചെയ്യുമ്പോൾ ഇൻഡ്യയുടെ ഭാഷാനയങ്ങളെ കുറിച്ചുള്ള സംവാദത്തിൽ നിന്ന് എനിക്ക് ബോധ്യപ്പെട്ടതാണ്. ക്ലാസ്‌മുറിയെ ഹാനി സമീപിച്ചതിലും, തന്റെ ബോധനശാസ്ത്ര പാഠങ്ങൾ രൂപീകരിച്ചതിലും അംബേഡ്കറിയൻ രീതിശാസ്ത്രത്തിന്റെ സ്വാധീനം വലുതാണ്. ഭരണഘടനയുടെ പരിവർത്തനോന്മുഖതയിൽ വിശ്വസിച്ച ഹാനി, ഭരണഘടന മാത്രമല്ല അത് രൂപപ്പെട്ട പശ്ചാത്തല-ചരിത്രത്തെക്കുറിച്ചും പഠിക്കാൻ ഞങ്ങളോടാവശ്യപ്പെട്ടു. അക്കൂട്ടത്തിൽ ദേശീയ ഭാഷാനയത്തിന്റെ പശ്ചാത്തല ചരിത്രവും ഞങ്ങൾ സംവാദ വിധേയമാക്കി. സമത്വാധിഷ്ഠിതമായ റാഡിക്കൽ പോളിസിയിൽ നമുക്കെങ്ങനെ എത്തിച്ചേരാനാവുമെന്നും, അതിന്റെ സാധ്യതകൾ ഡ്രാഫ്റ്റിങ് കമ്മിറ്റിയിൽ വെച്ച് എങ്ങനെ അട്ടിമറിക്കപ്പെടുന്നുവെന്നും ചർച്ച ചെയ്തു. ഇതെഴുതുമ്പോൾ ആ അട്ടിമറികളെക്കുറിച്ചുള്ള വിലാപങ്ങളിൽ മാത്രമായി നാം ഒതുങ്ങിപ്പോവരുത് എന്നെനിക്ക് ആഗ്രഹമുണ്ട്. സദാ പുനരാലോചനകൾക്ക് വിധേയമാകുന്ന, നിർണിതമായ പശ്ചാത്തല ചരിത്രമുള്ള, ആർക്കുവേണ്ടിയാണോ അത് സംസാരിക്കുന്നത് അവരാൽ തന്നെ വീണ്ടെടുക്കപ്പെടേണ്ട രേഖയായി ഭരണഘടനയെ മനസിലാക്കുക എന്നതാവും ഹാനി ഇഷ്ടപ്പെടുക.

ഹാനിയിൽ നിന്ന് ഞാൻ പഠിച്ച മറ്റൊരു കാര്യം, തന്റെ വിദ്യാർഥികളോട് അധ്യാപകൻ വിയോജിക്കേണ്ടത് എങ്ങനെയായിരിക്കണം എന്നതുകൂടിയാണ്. 2014ൽ പ്രക്ഷോഭം തുടങ്ങുമ്പോൾ ‘ശാക്തിക ബലതന്ത്രത്തിൽ’ ഹാനി തന്റെ കുട്ടികളെയപേക്ഷിച്ച് മുന്നിലായിരുന്നു. എന്നാൽ തന്റെ ജ്ഞാനമോ രാഷ്ട്രീയമോ അദ്ദേഹം വിദ്യാർഥികളിൽ അടിച്ചേൽപ്പിച്ചില്ല. ജാതി അദൃശ്യമായ മാർഗങ്ങളിലൂടെ നിലനിൽക്കുന്നുവെന്നും, അതങ്ങനെ തുടരുകയാണെന്നും, അതിന്റെ നുകത്തിനു കീഴിൽ അമർച്ചചെയ്യപ്പെടാത്തവരെ സംബന്ധിച്ചിടത്തോളം ഇനിയും തിരിച്ചറിയേണ്ട മർദന സംവിധാനമായി ജാതി നിലനിൽക്കുന്നു എന്നും ഞങ്ങൾ അറിഞ്ഞിരിക്കണമെന്ന് ഹാനി ആഗ്രഹിച്ചു.

സൗരദീപ് റോയ്

മെറിറ്റിനെക്കുറിച്ചുള്ള (merit) ചോദ്യങ്ങൾ ഒരു വലിയ സ്ഥാപനത്തിൽ നിലനിന്നുപോരുന്ന ഘടനാപരമായ അസമത്വങ്ങളെ മായ്ച്ചുകളയുന്നതിന് വേണ്ടിയുള്ളതാണ്. ആംഗലേയ ഭാഷാ വിഭാഗത്തിന്റെ പുഷ്കല കാലത്തും അസമത്വങ്ങൾ അതേപടി നിലനിന്നിരുന്നു. മണ്ഡൽ കമ്മീഷൻ നിർദേശങ്ങൾ വന്ന് ദശാബ്ദങ്ങൾ കഴിഞ്ഞിട്ടും സർവകലാശാലയിൽ ഒ.ബി.സി സംവരണം നടപ്പിലാക്കിയില്ല. ആ വിഷയം പിന്നീട് ഹാനി മുൻകയ്യെടുത്ത് ഉയർത്തിക്കൊണ്ടുവരികയായിരുന്നു. 2017ൽ സർവകലാശാലകളിൽ ലൈംഗികാരോപണം നേരിട്ടവരിൽ ഇരുപത് പേർ ഡി.യു ഫാക്കൽറ്റിയിൽ നിന്നുള്ളവരായിരുന്നു. ആ നല്ല കാലത്തും ഡി.യു പഠിതാക്കൾക്ക് സുരക്ഷിത സ്ഥാനമായിരുന്നില്ല എന്നർഥം.

അക്കാദമിക മണ്ഡലത്തിൽ പണ്ഡിതന്മാർ ബൗദ്ധിക ചങ്ങാത്തങ്ങൾക്കും സ്ഥാനമാനങ്ങൾക്കും വേണ്ടി മാത്രഗുണങ്ങൾ പുലർത്തിപോരുന്ന കാലത്ത്, അതിൽ നിന്ന് ഭിന്നമായി ഹാനിയിൽ നിന്ന് സഹായങ്ങൾ ലഭിക്കുന്നതിന് അദ്ദേഹത്തിന്റെ മേളക്കാരനാവേണ്ടതില്ല എന്ന് നമുക്കറിയാം. ഹാനിക്ക് ഒരുകാലത്തും മേളക്കാരില്ലായിരുന്നു. അതുകൊണ്ടാണ് വർഷങ്ങൾക്ക് ശേഷവും ഒരു ജേർണൽ ആർട്ടിക്കിൾ നിരൂപണം ചെയ്യാൻ അദ്ദേഹത്തോട് ആവശ്യപ്പെടാൻ എനിക്ക് പ്രയാസം തോന്നാത്തത്. മറുപടിക്ക് കാത്തിരിക്കുന്ന സമയത്താണ് എൻ.ഐ.എ അദ്ദേഹത്തെ കൊണ്ടുപോകുന്നത്. അതറിയാതെ ഒരു ഇമെയിൽ അയച്ച് ഓർമപ്പെടുത്തിയതിൽ മനസ്താപം തോന്നി അദ്ദേഹത്തെ അറിയിച്ചപ്പോൾ മറുപടി വന്നു: “താങ്കൾ സാഹചര്യം മനസ്സിലാക്കിയതിന് നന്ദി. കഴിയുന്നത്ര വേഗം നോക്കാം. അവരിത് എത്രത്തോളം നീട്ടിക്കൊണ്ടുപോകുമെന്നറിയട്ടെ”. ഇന്ന് അതവർ എവിടെ എത്തിച്ചിരിക്കുന്നു എന്നു നമ്മൾ കാണുന്നു.

ഇതെഴുതിക്കൊണ്ടിരിക്കുന്നതിനിടയിൽ ഒരിക്കൽ കൂടി ഹാനിയെ ക്ലാസ്മുറിയിൽ കാണാൻ ഞാൻ ആഗ്രഹിക്കുന്നു. അദ്ദേഹത്തിന്റെ ശാന്തമായ പുഞ്ചിരിയും 2014ലെ ആ ശരത്കാല സായാഹ്നവും ഒരിക്കൽക്കൂടി കാണണം. പക്ഷേ അതിനു മുൻപ് നാം നമ്മുടെ രാഷ്ട്രീയ സമരങ്ങൾ പൊരുതിത്തീർക്കേണ്ടിയിരിക്കുന്നു.

ഡൽഹി യൂണിവേഴ്സിറ്റി ഇംഗ്ലീഷ് വിഭാഗം ഗവേഷണ വിദ്യാർഥിയാണ് ലേഖകൻ. ഇൻഡ്യൻ കൾച്ചറൽ ഫോറത്തിന്റെ മുൻ എഡിറ്ററായിരുന്നു.

Top