എന്തുകൊണ്ട് ഹാനി ബാബുവിനെ പിന്തുണക്കുന്നു?
പാർശ്വവൽകൃത സമൂഹങ്ങളിലെ വിദ്യാർഥികളെ ഉയർത്തിക്കൊണ്ടുവരാൻ പ്രവർത്തിക്കുകയും സംവരണാവകാശങ്ങൾക്കായി പോരാടുകയും ചെയ്ത അധ്യാപകനാണ് ഹാനി ബാബു. ഭീമ കൊറേഗാവ് കേസിൽ അദ്ദേഹത്തിനെതിരെ തെളിവുകൾ പടച്ചുണ്ടാക്കുന്ന ഭരണകൂടം ഡൽഹി സർവകലാശാലയിലെ വിദ്യാർഥികളുടെ പ്രിയപ്പെട്ട അധ്യാപകനെയാണ് ജയിലിൽ അടച്ചിരിക്കുന്നത്. ഹാനി ബാബുവിന്റെ അക്കാദമിക ഇടപെടലിനെയും ആക്ടിവിസത്തെയും കുറിച്ച് അദ്ദേഹത്തിന്റെ വിദ്യാർഥിയായ ഹാനി ഹിലാൽ എഴുതുന്നു.
ഫെബ്രുവരി 25 രാത്രി 10 മണി സമയം, ഡൽഹിയിലെ വടക്കു കിഴക്കൻ ഭാഗങ്ങളിൽ മുസ്‌ലിം പ്രദേശങ്ങൾ കത്തിയമരുന്ന വാർത്തകൾ കേട്ടുകൊണ്ടിരിക്കുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഭയത്തോടെ പ്രതീക്ഷിച്ചു കൊണ്ടിരിക്കുന്ന മുസ്‌ലിം വംശഹത്യയുടെ തുടർച്ചയാണ് നടന്നു കൊണ്ടിരിക്കുന്നത്. എന്തു ചെയ്യണമെന്ന് അറിയാതെ നിസ്സഹായാവസ്ഥയിൽ സുഹൃത്തിനൊപ്പം ഡൽഹി യൂനിവേഴ്സിറ്റിയിലെ താമസ സ്ഥലത്ത് ഇരിക്കുമ്പോഴാണ് ഒരു മെസ്സേജ് വന്നത്. “അടിയന്തിരമായി കെജ്രിവാളിന്റെ വസതിയിൽ പോകണം. ഈ സന്ദർഭത്തിൽ അദ്ദേഹത്തോടു ഇടപെടാൻ ആവശ്യപ്പെട്ടു കൊണ്ട് ഒരു കൂട്ടം വിദ്യാർത്ഥികളും അധ്യാപകരും പോവുന്നുണ്ട്, പറ്റാവുന്നവരൊക്കെ എത്തിച്ചേരുക”. ഉടൻ തന്നെ സുഹൃത്തിനോടൊപ്പം മുഖ്യമന്ത്രിയുടെ വസതിക്കു മുന്നിൽ എത്തി. അവിടെ ഉണ്ടായിരുന്നത് ഒരു ചെറിയ കൂട്ടം വിദ്യാർഥികളും അധ്യാപകരും മനുഷ്യാവകാശ പ്രവർത്തകരുമായിരുന്നു.
കൂട്ടത്തിൽ ഞങ്ങളുടെ അധ്യാപകനായിരുന്ന ഹാനി ബാബുവുമുണ്ടായിരുന്നു. ഞാനും സുഹൃത്തും സാറിന്റെ അടുത്ത് പോയി എന്താണ് നടക്കുന്നതെന്ന് ചോദിച്ചു. അദ്ദേഹം പറഞ്ഞു “കെജ്രിവാളിനെ കാണാൻ ഉള്ളിലേക്ക് പോയിട്ടുണ്ട്, ജെനി (അദ്ദേഹത്തിന്റെ ഭാര്യയും ഡൽഹി സർവകലാശാലയിലെ അധ്യാപികയും) ഉണ്ട് അവരുടെ കൂടെ. അറിയിക്കാം എന്ന് പറഞ്ഞിട്ടുണ്ട് “. കുറച്ച് കഴിഞ്ഞപ്പോൾ ജെനിയുടെ മെസ്സേജ് വന്നു. “കെജ്‌രിവാളിനെ കാണാൻ പറ്റിയില്ല, അദ്ദേഹം ഉറങ്ങുകയാണ്.. നാളെ രാവിലെ വന്നാൽ കാണാമെന്നു പറഞ്ഞു”.
അപ്പോൾ ഹാനി സർ ഞങ്ങളോട് പറഞ്ഞു “ഉറക്കം നടിക്കുന്നവരെ നമുക്കെങ്ങനെ വിളിച്ചുണർത്താൻ കഴിയും!”.
അംബേഡ്കർ സ്‌റ്റഡി സർക്കിൾ
കാമ്പസിൽ വളരെ സജീവമായി നടന്നുപോന്നിരുന്ന അംബേദ്‌കർ സ്റ്റഡി സർക്കിൾ മുഖേന അധ്യാപികയും ആക്ടിവിസ്റ്റുമായ ജെനി റോവീനയുമായി നല്ല പരിചയവും സൗഹൃദവും ഉണ്ടായിരുന്നു. അവരുടെ പങ്കാളി എന്ന നിലയിൽ ഹാനി ബാബു സാറുമായി ചെറിയ പരിചയവുമുണ്ടായിരുന്നു. പേരിലെ സമാനത കാരണം “ഓഹ് യൂ ആർ എ ഹാനി ടൂ” എന്നായിരുന്നു ആദ്യം പരിചയപ്പെട്ടപ്പോൾ തമാശയെന്ന മട്ടിൽ അദ്ദേഹം പറഞ്ഞത്.
ഡൽഹി യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന ദലിത് ബഹുജൻ ന്യൂനപക്ഷ വിദ്യാർഥികൾക്ക് പഠനത്തിൽ മുന്നേറാനുള്ള സഹായങ്ങൾ ചെയ്തു കൊടുക്കാനും അവർക്കു മേൽപറഞ്ഞ സ്റ്റഡി സിർക്കിളുകൾ മുഖേന അക്കാദമിക ചർച്ചകൾക്കും രാഷ്ട്രീയ ഇടപെടലിനും അവസരം ഉണ്ടാക്കാനും മുൻപന്തിയിൽ ഇവർ രണ്ടു പേരുമുണ്ടായിരുന്നു.
പത്ത് വര്‍ഷങ്ങള്‍ക്കു മുൻപ് എന്റെ സഹോദരിയും അവളുടെ ചില സുഹൃത്തുക്കളും ഡൽഹി യൂണിവേഴ്സിറ്റിയിൽ പഠിക്കാൻ പോയപ്പോൾ അവർക്ക് ഈ കാമ്പസിൽ അതിജീവിക്കാനുള്ള എല്ലാ വിധ സഹായങ്ങളും പല ഘട്ടങ്ങളിലും ചെയ്തു കൊടുത്തിരുന്നത് ജെനിയും ഹാനി ബാബുവുമായിരുന്നു. അന്നായിരുന്നു ഞാൻ ഈ രണ്ടു പേരുകളും ആദ്യമായി കേൾക്കുന്നതും.
അധ്യാപകനും ഗവേഷകനും
പി.ജി രണ്ടാം വർഷത്തിൽ ആണ് സർ പഠിപ്പിക്കുന്ന വിഷയം ഞങ്ങൾക്കുണ്ടായിരുന്നത്. ആദ്യ വര്‍ഷം മുതൽ തന്നെ അദ്ദേഹത്തിന്റെ ക്ലാസ്സിനെ കുറിച്ച് ഞങ്ങൾ എല്ലാവരും തന്നെ വളരെയധികം ആവേശഭരിതരായിരുന്നു. അറ്റന്റൻസ് നിർബന്ധം ഇല്ലാതിരുന്നിട്ടും സാറിന്റെ ക്ലാസ് മാത്രം എപ്പോഴും നിറഞ്ഞു കവിഞ്ഞിരുന്നുവെന്നു സീനിയർസ് ആയ സുഹൃത്തുക്കൾ പറഞ്ഞത് തന്നെയായിരുന്നു കാരണം. ലിംഗ്വിസ്റ്റിക്സ് (linguistics) എന്ന താരതമ്യേനെ ബുദ്ധിമുട്ടുള്ള വിഷയം വളരെ അനായാസകരമായി പഠിക്കാൻ സാധിക്കുമെന്നും അതിന് ഹാനി ബാബുവിന്റെ ക്ലാസ് നിർബന്ധമായും അറ്റൻഡ് ചെയ്യണമെന്നും സീനിയർസ് നിർദ്ദേശിക്കാറുണ്ടായിരുന്നു.
വിദ്യാർഥികളെ വല്ലാതെ ആകർഷിക്കുന്ന ക്ലാസുകളായിരുന്നു സാറിന്റേത്. തീർത്തും ഡെമോക്രാറ്റിക് ആയ ഒരു ക്ലാസ് മുറി അദ്ദേഹം സൃഷ്ടിച്ചു. ക്ലാസുകളിൽ രാഷ്ട്രീയം സംസാരിക്കുന്നത് വരെ പ്രശ്നമാവുന്ന കാലത്ത്, പല അധ്യാപകരും ഒന്നുകിൽ തങ്ങളുടെ പാഠഭാഗങ്ങൾ മാത്രം പഠിപ്പിച്ചു പോവുകയും അല്ലെങ്കിൽ വളരെ അലസമായി അക്കാദമിക ജാർഗൺസ് പറഞ്ഞു പോവുകയോ ചെയ്യുന്ന ഒരു ഡിപ്പാർട്മെന്റിൽ വളരെ വ്യത്യസ്തമായ ഒരു സമീപനമായിരുന്നു അദ്ദേഹത്തിന്റേത്. സങ്കീർണമായ പാഠഭാഗങ്ങൾ വരെ വളരെ ലളിതമായ ഭാഷയിൽ പറഞ്ഞു വെക്കുകയും വിദ്യാർഥികളെ ചിന്തിപ്പിക്കുകയും ചെയ്തിരുന്ന ക്ലാസ്സുകളായിരുന്നു.
പഠിപ്പിച്ചിരുന്ന വിഷയം ലിംഗിസ്റ്റിക്സ് ആയതിനാൽ അദ്ദേഹം ഏറ്റവും കൂടുതൽ സംസാരിച്ചിരുന്നത് ഭാഷയെ കുറിച്ചായിരുന്നു. ഇൻഡ്യയിലെ ഭാഷകളുടെ സങ്കീർണതയെയും ചരിത്രത്തെയും കുറിച്ച് സംസാരിക്കുമ്പോൾ അദ്ദേഹം ഞങ്ങളെ ഓർമിപ്പിച്ചിരുന്നത് ഇൻഡ്യയിലെ ഭാഷകൾക്കിടയിൽ നിലനിൽക്കുന്ന അസമത്വത്തെ കുറിച്ചായിരുന്നു.
ഇൻഡ്യൻ ഭാഷകൾക്കിടയിൽ നിലനിൽക്കുന്ന ചാതുർവർണ്യത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രശസ്തമായ ഇപിഡബ്ല്യു ലേഖനം ചൂണ്ടിക്കാണിക്കുന്നത് ഇൻഡ്യൻ ഭാഷകൾ എത്രത്തോളം ജാതിയുമായി പിണഞ്ഞു കിടക്കുന്നു എന്നതാണ്.
പലവിധ വിദ്യാർഥികൾ അടങ്ങിയിട്ടുള്ള ക്ലാസിൽ സ്വന്തം രാഷ്ട്രീയം അടിച്ചേൽപിക്കാതെ തന്നെ, ഭാഷയുടെ രാഷ്ട്രീയത്തെ കുറിച്ച് വളരെ മനോഹരമായി അദ്ദേഹം സംസാരിക്കാറുണ്ടായിരുന്നു. ഇത്തരത്തിൽ ഇൻഡ്യൻ ഭാഷകൾ തന്നെ എത്രത്തോളം ജാതിയിൽ അധിഷ്ഠിതമാണ് എന്ന ചിന്തകൾ ഞങ്ങൾക്കിടയിൽ ഉണ്ടാക്കിയെടുത്തത് സാറിന്റെ ഈ ക്ലാസ്സുകളായിരുന്നു.
സംവരണ അവകാശത്തിനായുള്ള പോരാട്ടം
എന്തുകൊണ്ട് ഹാനി ബാബുവിനെ ഈ ഭരണകൂടം ഭയക്കുന്നു എന്ന ചോദ്യത്തിനുള്ള ഉത്തരം ഇതുവരെയുള്ള കാലയളവിൽ അദ്ദേഹം ഡൽഹി യൂണിവേഴ്സിറ്റി പോലെയുള്ള ഒരു കാമ്പസ്സിൽ നടത്തിയ ഇടപെടലുകൾ തന്നെയാണ്. ബഹുജൻ വിദ്യാർഥി മൂവേമെന്റിന്റെ ഭാഗമായി പ്രവർത്തിക്കുന്ന അദ്ദേഹം നിയമം പഠിക്കുന്നതും നിയമബിരുദം കരസ്ഥമാക്കുന്നതും ബഹുജൻ വിദ്യാർഥി അവകാശങ്ങളുടെ നിയമസാധുതകൾ പരിശോധിക്കാനും അവ കോടതിയിൽ വാദിച്ചു നേടിയെടുക്കാനുമാണ്.
ഹാനി ബാബുവിന്റെ ചരിത്രപരമായ ഇടപെടലുകളെ മുൻനിർത്തി വായിക്കേണ്ടതാണ് ഓബിസി സംവരണവുമായി ബന്ധപെട്ടു അദ്ദേഹം നടത്തിയിട്ടുള്ള നിയമപോരാട്ടങ്ങളും എഴുതിയ ലേഖനങ്ങളും. 2010ലെ അദ്ദേഹത്തിന്റെ ദി ക്യൂരിയസ് കേസ് ഓഫ് ഓബിസി റിസർവേഷൻസ് എന്ന ലേഖനം ചൂണ്ടിക്കാണിക്കുന്നത് ഡൽഹി യൂണിവേഴ്സിറ്റിയിലും മറ്റും നടക്കുന്ന ഓബിസി സംവരണങ്ങളിലെ അപാകതകളെ കുറിച്ചാണ്. ഡൽഹി യൂണിവേഴ്സിറ്റിയിലെ യുജി വിഭാഗത്തിൽ ഓബിസി സംവരണ കാറ്റഗറികളിൽ പെട്ട 15% സീറ്റുകളാണ് ജനറൽ കാറ്റഗറിയിലേക്ക് മാറ്റിയിരിക്കുന്നത്. പിജി, എംഫിൽ കാറ്റഗറികളിലാണെങ്കിൽ 50% ആണ് ഇത്തരത്തിൽ മാറ്റിയിരിക്കുന്നത്. ഓബിസി വിഭാഗത്തിൽ പെട്ട വിദ്യാർഥികൾ എത്താത്തത് മൂലമല്ല ഇത്തരത്തിൽ സംഭവിക്കുന്നത് എന്ന് വ്യക്തമാക്കുന്ന അദ്ദേഹം ഇതിന്റെ കാരണമായി ചൂണ്ടിക്കാണിക്കുന്നത് വ്യവസ്ഥാപിതമായ ജാതിവിവേചനത്തെയാണ്.
ഇത്തരത്തിൽ ഹാനിബാബു നിരന്തരമായി ചോദ്യം ചെയ്തിരുന്നത് ‘മെറിറ്റോക്രസി’യെ തന്നെയായിരുന്നു. സോഷ്യൽ ഇക്വാലിറ്റി എന്ന മുദ്രാവാക്യം മുൻനിർത്തിയായിരുന്നു അദ്ദേഹം ബഹുജൻ വിദ്യാർത്ഥികൾക്ക് വേണ്ടി പ്രവർത്തിച്ചിരുന്നത്. അദ്ദേഹത്തെ ട്വിറ്ററിൽ ഫോളോ ചെയ്യുന്നവർക്കറിയാം, അറസ്റ്റിലാവുന്നതിനു തൊട്ടു മുൻപ് വരെയും അദ്ദേഹം സംസാരിച്ചു കൊണ്ടിരുന്നത് ഡൽഹി യൂണിവേഴ്സിറ്റിയിൽ ഈ വർഷത്തെ അഡ്മിഷനുമായി ബന്ധപെട്ടു ഓബിസി സംവരണത്തിൽ വന്ന (അപകടകരമായ) മാറ്റങ്ങളെ കുറിച്ചാണ്.
ഹാനി ബാബുവിന്റെ സാന്നിധ്യം പൊതുവിൽ ഇവിടുത്തെ ജാതി വ്യവസ്ഥയെയും പ്രത്യേകിച്ച് ഡൽഹി യൂണിവേഴ്സിറ്റിയിൽ നിലനിൽക്കുന്ന ജാതി അധീശത്വത്തെയും അസ്വസ്ഥപ്പെടുത്തുന്നുണ്ട്.
അതിനാൽ തന്നെ അദ്ദേഹത്തെ തടവിലാക്കുന്നതോടെ ഈ ഭരണകൂടം തകർക്കാൻ നോക്കുന്നത് ഇവിടുത്തെ ബഹുജൻ വിദ്യാർഥി മുന്നേറ്റത്തെയും അതിലൂടെ സാധ്യമാകുന്ന സോഷ്യൽ മൊബിലിറ്റിയെയുമാണ്.
എന്തുകൊണ്ട് അറസ്‌റ്റ്?
ഇന്ന് ഞങ്ങളുടെ അധ്യാപകനായ ഹാനി ബാബു അറസ്റ്റിലാണ്. എന്താണ് അദ്ദേഹം ചെയ്ത തെറ്റ് എന്ന ചോദ്യത്തിന് ലഭിക്കുന്ന ഉത്തരം സാമാന്യ യുക്തിക്ക് നിരക്കാത്തതാണ്. അദ്ദേഹത്തിന് യാതൊരു രീതിയിലും ബന്ധമില്ലാത്ത ഭീമ കൊറെഗാവ് കേസിലാണ് അദ്ദേഹം തടവറയിലാക്കപ്പെട്ടിരിക്കുന്നത്. അദ്ദേഹത്തിനെതിരായ തെളിവുകൾ എന്നാരോപിക്കപ്പെടുന്നതെല്ലാം തന്നെയും മാസങ്ങൾക്കു മുൻപ് അദ്ദേഹത്തിന്റെ വീട്ടിൽ നിന്നും പിടിച്ചുകൊണ്ട് പോയ ലാപ്പ്ടോപ്പിൽ കൃത്രിമമായി ഉണ്ടാക്കിയെടുത്തതാണ്. ഭീമ കൊറെഗാവ് കേസുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും മറ്റെല്ലാവരെയും പോലെ വായിച്ചു മാത്രമുള്ള അറിവാണെന്നും അദ്ദേഹം പല തവണ വിശദീകരിച്ചിട്ടുണ്ട്. ഇതേ കേസിൽ തന്നെ മുൻപ് അറസ്റ്റ് ചെയ്ത ജി.എൻ.സായിബാബ എന്ന 90% ശാരീരികമായി തളർന്നു കിടക്കുന്ന അദ്ദേഹത്തിന്റെ സുഹൃത്തിന്റെ മനുഷ്യാവകാശത്തിന് വേണ്ടി പ്രവർത്തിച്ചു എന്ന ബന്ധം മാത്രമേ അദ്ദേഹത്തിന് ഈ കേസുമായിട്ടുള്ളു.
ഹാനി ബാബുവിന്റെ അറസ്റ്റ് ഭയപ്പെടുത്തേണ്ടത് അദ്ദേഹത്തിന്റെ വിദ്യാർഥികളായ ഞങ്ങളെയോ മറ്റു ചുരുക്കം ചില ആക്ടിവിസ്റ്റുകളെയോ മാത്രമല്ല. അടിയന്തരാവസ്ഥ കാലത്ത് പോലും നടക്കാത്ത രീതിയിലുള്ള നിയമവിരുദ്ധമായ മനുഷ്യാവകാശ ലംഘനങ്ങളാണ് ഇവിടെ സംഭവിച്ചു കൊണ്ടിരിക്കുന്നത്. ലോകമെമ്പാടും ഒരു മഹാമാരിയുടെ പിടിയിൽ അകപ്പെട്ടു കിടക്കുമ്പോഴും തങ്ങൾക്കെതിരെ ശബ്‌ദിക്കുന്ന എല്ലാവരോടും പക പോക്കാനായി കള്ളതെളിവുകൾ ചാർത്തി അവരെ ജയിലിലടക്കുന്ന ഭരണകൂട ഭീകരത എല്ലാവരെയും ഭയപ്പെടുത്തേണ്ടതുണ്ട്. ഇത്രയുമായിട്ടും ഈ അനീതിക്കെതിരെ പ്രതികരിക്കാത്തവരോട് പറയാനുള്ളത് ഇനിയും നിങ്ങൾ ഉറക്കം നടിക്കരുത് എന്ന് മാത്രമാണ്.
ഡൽഹി യൂണിവേഴ്‌സിറ്റിയിൽ ഇംഗ്ലീഷ് ലിറ്ററേച്ചർ ബിരുദാനന്തര ബിരുദ വിദ്യാർഥിയായിരുന്നു ലേഖകൻ.