മതേതര ലിബറല്‍ ചട്ടക്കൂടുകളും സ്ത്രീ ജീവിതലോകങ്ങളും : സബ മഹ്‌മൂദിന് പറയാനുള്ളത്
ഫെമിനിസം പോലെ, മനുഷ്യരെ അടിച്ചമര്‍ത്തുന്ന സാമൂഹിക ഘടനകളെ ചോദ്യം ചെയ്യുന്ന സുശക്തമായ വ്യവഹാരം പോലും, ആധുനിക അധീശ പ്രത്യയശാസ്ത്രങ്ങളുടെ ചട്ടക്കൂടില്‍ നിന്നാണ് സ്ത്രീകളെ നോക്കിക്കാണുന്നതെന്ന തിരിച്ചറിവ് സമകാലീന സാഹചര്യത്തില്‍ വളരെ പ്രധാനമാണ്. ഇങ്ങനെയൊരു ചട്ടക്കൂടിനുള്ളില്‍ നിന്നുണ്ടാകുന്ന കാഴ്ച (gaze) ഒട്ടനവധി സ്ത്രീ ലോകങ്ങളെ തീര്‍ത്തും കാണാതെ പോകുമെന്ന് മനസ്സിലാക്കുന്നത് പ്രധാനമാണ്. മാത്രമല്ല, ഇത്തരം കാഴ്ചകളെ frame ചെയ്യുന്ന സെക്കുലര്‍ ലിബറല്‍ ചട്ടക്കൂടിനെ തിരിച്ചറിയാനും അതിനപ്പുറം സ്വയം കണ്ടെത്തുന്ന ഒട്ടനവധി മനുഷ്യരുടെ ജീവിത ലോകങ്ങളെ കുറിച്ച് ചിന്തിക്കാനും, മനസ്സിലാക്കാനും സബ മഹ്‌മൂദിന്റെ പഠനം സഹായകരമാണ്.
കേരളത്തില്‍, ലോകത്തിലെ മറ്റു ഭാഗങ്ങളിലെന്ന പോലെതന്നെ, മതത്തെ കുറിച്ചും മതം പൊതുമണ്ഡലത്തിലേക്കു മടങ്ങി വരുന്നതിനെ കുറിച്ചും, മതേതര നവോത്ഥാന മൂല്യങ്ങളുടെ പിന്മടക്കത്തെ കുറിച്ചും, നിരവധി ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കുകയാണ്. ഈ സന്ദര്‍ഭത്തില്‍ ചില ചോദ്യങ്ങള്‍ പ്രധാനമാണ്. ആദ്യം തന്നെ മതം എന്നതുകൊണ്ടും മതേതരത്വം എന്നതുകൊണ്ടും എന്താണ് ഉദ്ദേശിക്കുന്നത് എന്ന് ആലോചിക്കേണ്ടതുണ്ട്. അതോടൊപ്പം തന്നെ മതങ്ങള്‍ പൊതുമണ്ഡലത്തിലേക്ക് മടങ്ങി വരുകയാണോ എന്നും, അവയില്‍ ചിലത് നേരത്തെ തന്നെ പൊതുമണ്ഡലത്തെ നിര്‍മ്മിക്കുന്നതില്‍ പങ്ക് വഹിച്ചിരുന്നോ എന്ന ചോദ്യവും പ്രസക്തമാണ്. ഇതിനോടൊപ്പം, മതവും മതേതരത്വവും എതിര്‍പദങ്ങളാണോ അതോ പരസ്പര പൂരകങ്ങളായിട്ടാണോ നിലകൊള്ളുന്നത് എന്ന ചോദ്യവും ഉത്ഭവിക്കുന്നുണ്ട്.
ഈ ചോദ്യങ്ങളും, ഇതിനുള്ളിലും ഇതിനപ്പുറവുമുള്ള ചോദ്യങ്ങളും നാം വിശദമായി പരിശോധിക്കേണ്ടതുണ്ട്. കേരളത്തില്‍ ഇത്തരം ശ്രമങ്ങള്‍ ചെറിയതോതിലെങ്കിലും (ലോകത്തിലെ മറ്റു ഭാഗങ്ങളിലെന്ന പോലെ തന്നെ) ആരംഭിച്ചിട്ടുണ്ട്. ഇവിടെ ഈ ചോദ്യങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ ഈ ചോദ്യങ്ങളെ കുറിച്ച് നാം ചര്‍ച്ച ചെയ്യുന്നത് എവിടെയാണ് എന്ന പ്രശ്‌നത്തെ കുറിച്ച് ആലോചിക്കാനാണ് ശ്രമിക്കുന്നത്. പൊതുവെ കേരളത്തില്‍ മതേതരത്വത്തിന്റെ പൊതുവായ ചട്ടക്കൂടില്‍ നിന്ന് കൊണ്ട് ഈ പ്രശ്‌നത്തെ കാണാനുള്ള ശ്രമങ്ങളാണ് നടന്നിട്ടുള്ളത്. ഇവയെല്ലാം മതേതരത്വത്തെ ഒരു മുന്‍കൂര്‍ നല്‍കപ്പെട്ട അന്വേഷണസ്ഥലമായോ അല്ലെങ്കില്‍ വിശകലന ഉപാധിയായോ, ചട്ടക്കൂടായോ സ്വയം പരിഗണിക്കുന്നുണ്ട് എന്നുള്ളതാണ് വസ്തുത.
ഫെമിനിസവും രാഷ്ട്രീയവും
സവിശേഷമായി പരിഗണിക്കുകയാണെങ്കില്‍, ഈ ഘടനക്കുള്ളില്‍ തന്നെയാണ് കേരളത്തില്‍ 80-കള്‍ക്ക് ശേഷം രൂപപ്പെട്ട മിക്ക നവസാമൂഹിക പ്രവണതകളും – സ്ത്രീ, ദലിത് ന്യൂനപക്ഷ, പരിസ്ഥിതി, ആദിവാസി, ലൈംഗിക ന്യൂനപക്ഷങ്ങള്‍ പലപ്പോഴും നിലനില്‍ക്കുന്നത്. ഇത്തരം നവസാമൂഹിക പ്രസ്ഥാനങ്ങളില്‍ ഏറ്റവും ചരിത്ര പ്രാധാന്യമുള്ള ഒരു മുന്നേറ്റമാണ് കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങള്‍ നടത്തിയിട്ടുള്ളത്. ഈ അര്‍ത്ഥത്തില്‍ നേരത്തെ സൂചിപ്പിച്ചത് പോലെ, കേരളീയ പൊതുമണ്ഡലത്തിന്റെ രൂപീകരണത്തെ കുറിച്ച വിശദമായ ആലോചന എന്നുള്ളത് പൊതുമണ്ഡലത്തെ നിര്‍ണയിക്കുന്ന ചട്ടക്കൂടിനെ കുറിച്ചുള്ള ആലോചന കൂടിയാണ്. ഇത് പൊതുമണ്ഡലത്തിനകത്തെ ഏറ്റവും റാഡിക്കലും നവീനവുമായ പ്രതിഭാസമായ ഫെമിനിസത്തിന്റെ ചട്ടക്കൂടിനെ കുറിച്ച് ആലോചിക്കുന്നതിലൂടെ ഉരുതിരിച്ചെടുക്കുകയാണ്. കാരണം, ഏറ്റവും നവീനവും സംവേദനക്ഷമതയുമുള്ളത് എന്ന കാരണം കൊണ്ട് തന്നെ ഒരു ക്രിയാത്മക വിമര്‍ശനത്തിന്റെ സാധ്യത ഫെമിനിസം മുന്നോട്ടു വെക്കുന്നുണ്ട്. (ഇന്ന് ഫെമിനിസത്തെ കുറിച്ച് ആലോചിക്കുമ്പോള്‍ തന്നെ-അത് യൂറോസെന്റ്രിക്കാണ്-ഇന്ത്യയിലേത് ഉയര്‍ന്ന ജാതി ഹിന്ദു/അര്‍ബന്‍ കേന്ദ്രീകരണങ്ങളില്‍ നിന്നാണ് തുടങ്ങുന്നത്. ഈ അര്‍ത്ഥത്തില്‍ ഫെമിനിസം എപ്പോഴും വളരെ നോര്‍മാറ്റീവായ മതേതര സംവാദങ്ങള്‍ക്കുള്ളില്‍ തന്നെയാണ് രൂപപ്പെട്ടിട്ടുള്ളത്). മാത്രമല്ല, ആധുനിക പൊതുമണ്ഡലത്തിന്റെ അധീശഘടനകളെയും, അതിനെ താങ്ങിനിര്‍ത്തുന്ന സെക്കുലര്‍, ലിബറല്‍ മൂല്യങ്ങളെയും സാധാരണവത്കരിക്കാനും സാധൂകരിക്കാനും ഫെമിനിസത്തിന്റെ റാഡിക്കല്‍ പ്രതിഷേധങ്ങളും അവകാശവാദങ്ങളും ഉപയോഗിക്കപ്പെട്ടിട്ടുണ്ട് എന്നുള്ളത് പലരും തിരിച്ചറിയാത്ത ഒരു വസ്തുതയാണ്.
ഉദാഹരണത്തിന്, ഈ നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിലെ തന്നെ ഏറ്റവും വലിയ ഹിംസാത്മകമായ ഒരു ചരിത്ര സന്ദര്‍ഭമാണ് അമേരിക്കയെന്ന സൂപ്പര്‍പവര്‍ അഫ്ഗാനില്‍ നടത്തിയ അധിനിവേശ യുദ്ധം. ഈ യുദ്ധത്തെ എതിര്‍ത്തവരും അനുകൂലിച്ചവരും മതേതരത്വം, ജനാധിപത്യം, ലിബറല്‍ മൂല്യങ്ങള്‍ എന്നിവയെ മുന്‍നിര്‍ത്തിയാണ് തങ്ങളുടെ വ്യത്യസ്തമായ വാദങ്ങള്‍ മുന്നോട്ടു വെച്ചത്. ഇത്തരം ചര്‍ച്ചകളെല്ലാം തന്നെ, 20-ാം നൂറ്റാണ്ടിലെ ഫെമിനിസ്റ്റ് വ്യവഹാരങ്ങളുപയോഗിച്ച് അഫ്ഗാനിലെ സ്ത്രീകളുടെ അടിച്ചമര്‍ത്തലുകളെ ഉയര്‍ത്തിക്കാട്ടിക്കൊണ്ടാണ് മുന്നോട്ടു നീങ്ങുന്നത്. ശരീരമാസകലം മൂടിപ്പുതച്ച അഫ്ഗാന്‍ സ്ത്രീയെന്ന ദൃശ്യവിസ്മയം, ചാനലുകളും പത്രങ്ങളും നിരന്തരം നമുക്ക് മുന്നില്‍ കൊണ്ട് വന്നു. വാസ്തവത്തില്‍ അഫ്ഗാന്‍ സ്ത്രീയെ കുറിച്ച് കരഞ്ഞുകൊണ്ട് (അക്ഷരാര്‍ത്ഥത്തില്‍ തന്നെ) വന്ന യു.എസിലെ സെലിബ്രിറ്റികളോടൊപ്പം ഫെമിനിസ്റ്റുകള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചു തുടങ്ങുമ്പോഴാണ് അഫ്ഗാന്‍ സ്ത്രീകളെ കുറിച്ചുള്ള വ്യവഹാരങ്ങള്‍ ആരംഭിക്കുന്നത്. ഫെമിനിസ്റ്റ് ഭൂരിപക്ഷം തന്നെയാണ് ബില്‍ക്ലിന്റണ്‍ അഫ്ഗാനില്‍ ബോംബിടാന്‍ ഉള്‍പ്രേരകമായി പ്രവര്‍ത്തിച്ചത്.
ഇവിടെ വ്യക്തമാക്കുന്നത് നേരത്തെ പറഞ്ഞത് പോലെ, ഏറ്റവും റാഡിക്കലായ ഒരു പ്രസ്ഥാനത്തെ ഇന്നത്തെ അധീശച്ചട്ടക്കൂട് രൂപപ്പെടുത്തുകയും ഉപയോഗിക്കുകയും ചെയ്യുന്ന രീതികളാണ്. അതുകൊണ്ട് തന്നെയാണ് സെക്കുലര്‍, ലിബറല്‍ ലോകത്തിന്റെ സര്‍വ്വസാധാരണ ചട്ടക്കൂടിനെ പുനര്‍വിചിന്തനം ചെയ്യുന്നതിന്, ഫെമിനിസം പോലൊരു റാഡിക്കല്‍ വ്യവഹാരത്തെ പഠിക്കുന്നതിലൂടെ സാധ്യമാകുമെന്ന് പറയുന്നത്. ഇതുതന്നെയാണ് സബ മഹ്‌മൂദ് തന്റെ ‘പോളിറ്റിക്‌സ് ഓഫ് പയറ്റി’ (Politics of piety) എന്ന പുസ്തകത്തിലൂടെ ശ്രമിക്കുന്നത്. ഈ പുസ്തകത്തില്‍ സബ മഹ്‌മൂദ് ഫെമിനിസത്തെ കുറിച്ച് ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ ഫെമിനിസ്റ്റ് ചിന്തകള്‍ക്ക് വേണ്ടി സെക്കുലര്‍ ലിബറല്‍ അധീശതകളെ സ്ഥാനപ്പെടുത്താനും വിലയിരുത്താനും തീര്‍ച്ചയായും ഉപയോഗിക്കുന്നുണ്ട്.
ഈജിപ്തിലെ മുസ്‌ലിം സ്ത്രീകളുടെ ഇടയില്‍ പടര്‍ന്നുപിടിച്ച ‘piety movement’ അഥവാ ‘പള്ളി പ്രസ്ഥാനത്തെ’ ആസ്പദമാക്കിയാണ് എല്ലാ സ്ത്രീ രാഷ്ട്രീയങ്ങളെയും ഫ്രെയിം ചെയ്യുന്ന സെക്കുലര്‍, ലിബറല്‍, പുരോഗമന ഫെമിനിസ്റ്റ് വ്യവഹാരങ്ങളെ അപനിര്‍മ്മിക്കുന്നത്.
ഫെമിനിസവും ഇസ്‌ലാമിസവും
യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയയില്‍ ആന്ത്രോപോളജി വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസറായിരുന്നു സബ മഹ്‌മൂദ്. അവരുടെ ആദ്യത്തെ പുസ്തകമാണ് Politics of Piety. പാകിസ്ഥാനിലായിരുന്നു സബ മഹ്‌മൂദ് ജനിച്ചതും വളര്‍ന്നതും. അവിടെ ആദ്യകാലത്ത് അവര്‍ പുരോഗമന ഇടതുപക്ഷ രാഷ്ട്രീയത്തില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നു. അന്നത്തെ ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് അകത്ത് നിന്നുകൊണ്ട് തന്നെ, ക്രിട്ടിക്കല്‍ മാര്‍ക്‌സിസം (critical Marxism) ഉപയോഗിച്ച് ആണ്‍കോയ്മയെ വിശകലനം ചെയ്യാനും, അതിലൂടെ തങ്ങളുടെ ജീവിതങ്ങളെ മാറ്റിയെടുക്കാനും സഹായിക്കുന്ന ഒരു ഫെമിനിസ്റ്റ് രാഷ്ട്രീയത്തിനെ കുറിച്ച് ചിന്തിക്കാന്‍ കഴിയുമെന്നാണ് സബ മഹ്‌മൂദിനെ പോലുള്ളവര്‍ അന്ന് വിശ്വസിച്ചിരുന്നത്. എന്നാല്‍ പാകിസ്ഥാനിലെ നിരവധി ചരിത്ര-സാംസ്‌കാരിക മാറ്റങ്ങള്‍ കാരണം ഈ വിശ്വാസം പതിയെ ഇല്ലാതായി തിര്‍ന്നു. 70-കളുടെ അവസാനത്തില്‍ സിയാഉല്‍ ഹഖിന്റെ നേതൃത്വത്തില്‍ പാക്കിസ്ഥാനില്‍ നടന്ന ഇസ്‌ലാമികവത്ക്കരണം സ്ത്രീകള്‍ക്കെതിരെയുള്ള നിരവധി നിയമങ്ങള്‍ നടപ്പിലാക്കിയിരുന്നു. അതുകൊണ്ട് തന്നെ പാകിസ്ഥാനിലെ ഇസ്‌ലാമികവത്ക്കരണത്തിനെതിരെ സബാ മഹ്‌മൂദിനെ പോലെയുള്ള പുരോഗമന ഫെമിനിസ്റ്റുകള്‍ വിമര്‍ശാനാത്മകമായ നിലപാടാണ് അന്ന് സ്വീകരിച്ചിരുന്നത്. മാത്രമല്ല, ഇത്തരത്തില്‍ ഇസ്‌ലാമിക രീതികളെ തള്ളിപ്പറയുന്ന ഒരു രാഷ്ട്രീയത്തിന് സെക്കുലറിസത്തിനെ കുറിച്ച് തന്നെ ഒരു കടുംപിടുത്തവും അതിലുള്ള വിശ്വാസവും തികച്ചും അത്യാവശ്യമായിരുന്നു. എന്നാല്‍ 1979-ലെ ഇറാന്‍ വിപ്ലവത്തിലൂടെ സ്ഥിതിഗതികള്‍ മാറാന്‍ തുടങ്ങി. ആദ്യമായി, വിപ്ലവകരമായ മാറ്റങ്ങളില്‍ ഇസ്‌ലാമിന് വഹിക്കാവുന്ന പങ്കിനെ കുറിച്ചും അതിന്റെ സാധ്യതകളെ കുറിച്ചും സബ മഹ്‌മൂദിനെ പോലുള്ളവര്‍ ചിന്തിച്ചു തുടങ്ങി. എന്നാല്‍ ഇറാന്‍ വിപ്ലവത്തിന് ശേഷം പല മുസ്‌ലിം രാജ്യങ്ങളിലും സാധാരണക്കാരായ സ്ത്രീകളും പുരുഷന്മാരും കൂട്ടംകൂട്ടമായി ഇസ്‌ലാമിക ജീവിതത്തിലേക്ക് മടങ്ങിപ്പോയതും പാശ്ചാത്യരീതികളെ ചോദ്യം ചെയ്തതും സബ മഹ്‌മൂദ് അടക്കമുള്ള ഫെമിനിസ്റ്റുകളെ അതിശയിപ്പിച്ചു. സാമൂഹികമായ ഒരു പിന്നോക്കാവസ്ഥയാണ് ഇതിനു കാരണമെന്നവര്‍ വിചാരിച്ചു. അമേരിക്കന്‍ പണം, യാഥാസ്ഥികമായ ഒരു ഇസ്‌ലാമിനെ തിരിച്ചുകൊണ്ടുവരാന്‍ ശ്രമിക്കുകയാണെന്ന വാദവും ഉയര്‍ന്നുവന്നു.
എന്നാല്‍ കഴിഞ്ഞ ഇരുപതു കൊല്ലമായി സബ മഹ്‌മൂദ് ഇത്തരം വായനകളെയെല്ലാം പുനര്‍വിചിന്തനത്തിന് വിധേയമാക്കി വരികയാണ്. ഇതിനൊരു കാരണം ഇസ്‌ലാമിക നവീകരണ പ്രസ്ഥാനങ്ങള്‍ പാകിസ്ഥാനിലെ പോലെയല്ല പലയിടങ്ങളിലും പ്രവര്‍ത്തിച്ചിട്ടുള്ളത് എന്നുള്ള തിരിച്ചറിവാണ്. അതായത് പല മധ്യേഷ്യന്‍ രാജ്യങ്ങളിലും ഇസ്‌ലാമിക രാഷ്ട്രീയം ഏകാധിപത്യത്തിനെതിരെയും അമേരിക്കന്‍ അധീശതക്കെതിരെയും പ്രവര്‍ത്തിച്ചതായി സബ മഹ്‌മൂദ് പറയുന്നു. മാത്രമല്ല, പോസ്റ്റ് കൊളോണിയല്‍ സ്‌റ്റേറ്റുകള്‍ അവക്ക് മേലുള്ള നിയോലിബറല്‍ സമ്മര്‍ദ്ദങ്ങള്‍ കാരണം കയ്യൊഴിയുന്ന ഉത്തരവാദിത്തങ്ങള്‍ ഇസ്‌ലാമിക ക്ഷേമപ്രസ്ഥാനങ്ങള്‍ ഏറ്റെടുത്ത് നടപ്പാക്കുന്നതും, ജനങ്ങളെ സഹായിക്കുന്നതും ഇവര്‍ കാണുന്നു. ഈ ഒരു സന്ദര്‍ഭത്തിലാണ് സബ മഹ്‌മൂദ് തന്റെ രാഷ്ട്രീയത്തെ പുനര്‍ചിന്തിക്കുന്നത്. ഇവിടെ ആദ്യം തന്നെ അവര്‍ പറയുന്നത് ഇതാണ്, അതായത് അവരുടെ തന്നെ ഇടതു മതേതര സ്ഥാനത്ത് നിന്നുകൊണ്ട് ലോകത്തുള്ള എത്രയോ ആളുകളുടെ പ്രതീക്ഷയായി മാറിയ ഇസ്‌ലാമിനെ മനസ്സിലാക്കാന്‍ അവര്‍ പര്യപ്തയല്ല. കാരണം സെക്കുലര്‍ ലിബറല്‍ രീതികള്‍ക്കപ്പുറമുള്ള ലോകങ്ങളെല്ലാം പഴഞ്ചനായും, വളര്‍ച്ചയില്ലാത്തതും അതിനേക്കാള്‍ താഴ്ന്ന ഒരു നിലയിലുമാണ് നില്‍ക്കുന്നതെന്നുള്ള വിശ്വാസം അത്രക്ക് ദൃഢമാണ്. സെക്കുലര്‍ ഇടത് രാഷ്ട്രീയം കാരണമായുണ്ടായിട്ടുള്ള ചരിത്രപരമായ ദുരന്തങ്ങളൊന്നും ചരിത്രപരമായി കാണാതെയാണ് ഇങ്ങനെയൊരു വാദം വരുന്നത്. എന്നാല്‍ തന്റെ തന്നെ രാഷ്ട്രീയത്തെ ചോദ്യം ചെയ്താല്‍ മാത്രമേ ഈ രാഷ്ട്രീയം പങ്കിടാത്ത മറ്റുള്ളവരുടെ ജീവിത ലോകങ്ങളെ മനസ്സിലാക്കാന്‍ കഴിയുകയുള്ളു എന്നവര്‍ ഒരു ആന്ത്രോപോളജിസ്റ്റ് എന്ന നിലക്കും പറയുന്നു. ഇതൊരു തരം ഔദാര്യമല്ല, പകരം സെക്കുലര്‍ ചട്ടക്കൂടിനുള്ളില്‍ നിന്ന് കൊണ്ടുള്ള പുരോഗമനവാദത്തിനു മാത്രമേ ഈ ലോകത്ത് അര്‍ത്ഥപൂര്‍ണ്ണമായ ജീവിതങ്ങളുണ്ടാക്കാന്‍ കഴിയുകയുള്ളുവെന്ന സെക്കുലര്‍ അഹന്തക്കെതിരെയാണ് സബ മഹ്‌മൂദ് ഇങ്ങനെയൊരു നിലപാടെടുത്തത്. ഇതിനു വേണ്ടി അവര്‍ ഈജിപ്തിലെ ഇസ്‌ലാമിക നവീകരണത്തിന്റെ ഭാഗമായി സ്ത്രീകളുടെ ഇടയില്‍ നടന്ന പള്ളി പ്രസ്ഥാനത്തെയാണ് പഠിക്കുന്നത്. ഫെമിനിസത്തിന്റെ തന്നെ സെക്കുലര്‍ അഹന്തകളെ വെളിപ്പെടുത്താനും, അതിന്റെ അടിസ്ഥാനപരമായ വിശ്വാസങ്ങളുടെ ലിബറല്‍ വേരുകള്‍ കണ്ടെത്താനും അതിനെ പ്രശ്‌നവത്ക്കരിക്കാനുമാണ് സബ മഹ്മൂദ് ഈ പഠനത്തിലൂടെ ശ്രമിക്കുന്നത്.
മുസ്‌ലിം പഠനങ്ങളുടെ പ്രതിസന്ധി
ഇതിനെ കുറിച്ച് പറയുന്നതിനു മുമ്പ്, ഇന്ന് ലോകത്ത് ഫെമിനിസത്തിനെ ചുറ്റിപറ്റി നില്‍ക്കുന്ന ചില കാര്യങ്ങളെ കുറിച്ച് ആദ്യം പറയേണ്ടതുണ്ട്. ഇസ്‌ലാമിക രാഷ്ട്രത്തെ കുറിച്ച് ഒരാള്‍ പാശ്ചാത്യ അക്കാദമിക്കുള്ളില്‍ നിന്ന് പറയുമ്പോള്‍ ഇന്ന് ഇസ്‌ലാമിനെതിരെയുള്ള സെക്കുലര്‍ വിമര്‍ശനത്തെ നിരന്തരം നേരിടേണ്ടി വരും. ആ പഠനം മുസ്‌ലിം സ്ത്രീകളെ കുറിച്ചാകുമ്പോള്‍ കൂടുതല്‍ രൂക്ഷമാവുന്നു. കാരണം, ഇസ്‌ലാമിനെ ഒരു പ്രശ്‌നമായും ഭീഷണിയായും സങ്കല്‍പ്പിക്കുന്നതില്‍ ഏറ്റവും വലിയ പങ്ക് വഹിച്ചിട്ടുള്ളത് മുസ്‌ലിം സ്ത്രീയെന്ന ചിഹ്നമാണ്. ഇവരുടെ അടിച്ചമര്‍ത്തലിനെ കുറിച്ച് പറഞ്ഞുകൊണ്ടാണ് ഇസ്‌ലാമിന്റെതെന്ന് ആരോപിക്കപ്പെടുന്ന സ്ത്രീവിരുദ്ധതയെ കുറിച്ചുള്ള പാശ്ചാത്യ സങ്കല്‍പ്പങ്ങളും പ്രതിനിധാനങ്ങളും ഉണ്ടാകുന്നത്. വാസ്തവത്തില്‍, ഇങ്ങനെ സ്ത്രീയെ കുറിച്ചുള്ള വ്യവഹാരങ്ങളുപയോഗിച്ചാണ് കൊളോണിയല്‍ അധിനിവേശങ്ങളെല്ലാം പ്രവര്‍ത്തനക്ഷമമായിട്ടുള്ളത്. അതായത് തങ്ങള്‍ കോളനിവത്ക്കരിക്കുന്ന പ്രദേശങ്ങളിലെ സ്ത്രീകളുടെ അടിമത്വത്തെ കുറിച്ച് കരഞ്ഞുകൊണ്ട് അവരെ പോലെ അധമരായവരെ വിമോചിപ്പിക്കുന്ന നാഗരിക ദൗത്യങ്ങള്‍ ഉണ്ടാക്കാനും കോളനിവത്കരണത്തെ സാധൂകരിക്കാനും ജെന്‍ഡറിനെ കുറിച്ചുള്ള വ്യവഹാരങ്ങള്‍ സഹായിച്ചിട്ടുണ്ട്. സോവിയറ്റ് യൂണിയനും മധ്യേഷ്യയിലെ മുസ്‌ലിം സമുദായങ്ങള്‍ക്ക് മേല്‍ ഇതേരീതി ഉപയോഗിച്ചിട്ടുണ്ട്.
ചുരുക്കിപ്പറഞ്ഞാല്‍ ആണ്‍കോയ്മയും, സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങളും നിലനില്‍ക്കുമ്പോള്‍ തന്നെ, ഇതിനെതിരെ ശബ്ദമുയര്‍ത്തിയ ഫെമിനിസ്റ്റ് വ്യവഹാരങ്ങള്‍ ഉടലെടുക്കുന്നത് വെള്ളക്കാരായ പാശ്ചാത്യ സ്ത്രീകളുടെ ചിന്തകളിലൂടെയും, സംഘടനകളിലൂടെയുമാണ്. ഇങ്ങനെയുള്ള ഫെമിനിസത്തെ പലരും എതിര്‍ത്തിട്ടുണ്ട്. എന്നാല്‍ ഇവരാരും തന്നെ സബ മഹ്‌മൂദ് ചെയ്യുന്ന ഒരു പ്രവര്‍ത്തിയല്ല ചെയ്യുന്നത്. ഒന്നാമത്, കറുത്ത സ്ത്രീ പ്രസ്ഥാനങ്ങളും, ദലിത് ബഹുജന്‍ സ്ത്രീ പ്രസ്ഥാനങ്ങളും ഇങ്ങനെയുള്ള സ്ത്രീകളെ സംഘടിപ്പിക്കുന്നതിന്റെയൊക്കെ ഭാഗമായിട്ടാണ് വ്യത്യസ്തമായ പ്രശ്‌നങ്ങളെ കുറിച്ച് സംസാരിച്ചിട്ടുള്ളത്. എന്നാല്‍ സബ മഹ്‌മൂദ് സംസാരിക്കുന്നത് ഒരു അകാദമിക പരിസരത്ത് നിന്നുകൊണ്ടാണ്. എല്ലാതരം ഫെമിനിസ്റ്റ് ശാഖകളും പങ്കിടുന്ന ലിബറല്‍ ലോകത്തിന്റെ അടിസ്ഥാനപരമായ മൂല്യങ്ങളെ ചോദ്യം ചെയ്യാന്‍ വേണ്ടിയാണ് ഭക്തിപ്രസ്ഥാനത്തെ പഠിക്കുന്നത്. യുറോപ്യന്‍ നവീകരണ രീതിശാസ്ത്രത്തില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഇസ്‌ലാമിക നവീകരണ പ്രക്രിയകളുടെ ഭാഗമായാണ് ഈജിപ്തില്‍ പള്ളി പ്രസ്ഥാനം ആരംഭിക്കുന്നത്. ഈ പ്രസ്ഥാനത്തിന്റെ ഭാഗമായി സ്ത്രീകള്‍ കൂട്ടംകൂട്ടമായി ആഴ്ച്ചതോറും പള്ളികളില്‍ ഒത്തുകൂടുകയും, അവിടെ ഖുര്‍ആനും, ഹദീഥും, മറ്റു പാഠങ്ങളും വായിക്കുകയും ചര്‍ച്ച ചെയ്യുകയും തങ്ങളുടെ ജീവിതത്തെ കൂടുതല്‍ ഇസ്‌ലാമികവത്കരിക്കുകയും ചെയ്തു.
ഈജിപ്തിലെ പള്ളി പ്രസ്ഥാനത്തെ കുറിച്ച് സാധ്യമാകുന്ന ഫെമിനിസ്റ്റ് വായനകള്‍ ഏതു തരത്തിലുള്ളതാവുമെന്ന് സബ മഹ്‌മൂദ് ഊഹിക്കുന്നു. ഒന്ന്, ഇസ്‌ലാമിക സമൂഹത്തിലെ പുരുഷാധിപത്യ പ്രത്യയശാസ്ത്രം മുസ്‌ലിം സ്ത്രീയെ അടിച്ചമര്‍ത്തുകയാണെന്ന് പള്ളിപ്രസ്ഥാനത്തെ ചൂണ്ടിക്കാണിച്ചു കൊണ്ട് പറയുന്നു. രണ്ടാമത്തെ കാഴ്ച്ചപ്പാട്, തങ്ങളുടെ താല്‍പ്പര്യത്തിനെതിരെ പുരുഷാധിപത്യ ഇസ്‌ലാമിക പ്രസ്ഥാനത്തിനോട് പതിനായിരക്കണക്കിനു സ്ത്രീകള്‍ എന്തുകൊണ്ടാണ് സഹകരിക്കാന്‍ തയ്യാറാവുന്നതെന്ന ചോദ്യത്തിനു ഉത്തരം പറയാന്‍ കഴിയാതെ പകച്ചു നില്‍ക്കുന്നു. വ്യത്യസ്തമാണെങ്കിലും ഈ രണ്ടു കാഴ്ചപ്പാടുകളും പങ്കുവെക്കുന്ന പരിസരങ്ങള്‍ ഒന്നുതന്നെയാണ്. ഇവ രണ്ടും, ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ സ്ത്രീകള്‍ക്കെതിരായി പ്രയോഗിക്കുന്നു എന്ന് പറയപ്പെടുന്ന മൂല്യങ്ങളെയും പ്രയോഗങ്ങളെയും സ്ത്രീകള്‍ എതിര്‍ക്കുമെന്നും എതിര്‍ത്തില്ലെങ്കില്‍ എന്ത് കൊണ്ടാണെന്ന് ആശ്ചര്യപ്പെടുകയും ചെയ്യുന്നു.
മതവും നിർവാഹകത്വവും
ഇതുപോലെ തന്നെ, സ്ത്രീകളുടെ നിര്‍വാഹകത്വത്തെ (agency) കുറിച്ചുള്ള ഫെമിനിസ്റ്റ് വിശ്വാസവും ഇതുപോലെ അടിച്ചമര്‍ത്തല്‍/അട്ടിമറി എന്നിങ്ങനെയുള്ള ദ്വന്ദങ്ങള്‍ക്കുള്ളിലാണ് നിലനില്‍ക്കുന്നത്. അതായത് ഒന്നുകില്‍ സ്ത്രീകള്‍ ഏജന്‍സി ഇല്ലാതെ അടിച്ചമര്‍ത്തപ്പെടുന്നവരാകുന്നു, അല്ലെങ്കില്‍ ആണ്‍കോയ്മയെ അട്ടിമറിക്കുന്ന ഫെമിനിസ്റ്റ് കര്‍തൃത്വങ്ങളാവുന്നു. ഈ ഫെമിനിസ്റ്റ് തത്വത്തെ പ്രശ്‌നവത്ക്കരിക്കുന്ന ലൈല അബുലുഗോദിന്റെയും ജൂഡിത്ത് ബട്‌ലറിന്റെയും വായനകളില്‍ പോലും ഇതേകാര്യങ്ങള്‍ പ്രതിഫലിക്കുന്നത് അവര്‍ കാണിച്ചു തരുന്നു. ഇങ്ങനെയൊരു കാഴ്ച്ചപ്പാടിലൂടെ നോക്കുമ്പോള്‍ പള്ളി പ്രസ്ഥാനങ്ങളെ മനസ്സിലാക്കാന്‍ കഴിയില്ല എന്ന് സബ മഹ്‌മൂദ് പറയുന്നു. പള്ളി പ്രസ്ഥാനത്തിലെ സ്ത്രീകളെ മനസ്സിലാക്കാന്‍ അവരുടെ പ്രത്യേകതരമായ പെരുമാറ്റങ്ങളെയും സംസാരശകലങ്ങളെയും മഹ്മൂദ് സൂക്ഷമമായി വിശകലനം ചെയ്യുന്നു.
ഇതില്‍ ഏറ്റവും പ്രധാനം ‘ഹയ’ അഥവാ ‘ലജ്ജ’ എന്ന ഇസ്‌ലാമിക മൂല്യത്തെ പള്ളി പ്രസ്ഥാനങ്ങളിലെ സ്ത്രീകള്‍ പ്രാവര്‍ത്തികമാക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചയാണ്. മാന്യതയെ കുറിക്കുന്ന ശിരോവസ്ത്രമുപയോഗിക്കുന്നത് നിര്‍ബന്ധമല്ലെന്ന് മതേതര മുസ്‌ലിം സ്ത്രീകള്‍ വാദിക്കുന്നു. അതേസമയം ഇസ്‌ലാമിക നവീകരണത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നവര്‍ ഹിജാബിനെ ഇസ്‌ലാമിക സംസ്‌കാരത്തിനെ ഊന്നിപ്പറയുന്ന ഒരു ചിഹ്നമായി ഉയര്‍ത്തിപ്പിടിക്കുന്നു. ഇതില്‍ നിന്ന് വ്യത്യസ്തമായി, പള്ളി പ്രസ്ഥാനത്തിലെ സ്ത്രീകള്‍ മാന്യത എന്ന ഇസ്‌ലാമിക മൂല്യത്തെ സാക്ഷാത്കരിക്കാനുള്ള ഒരു വഴിയായാണ് ഹിജാബ്/ശിരോവസ്ത്രത്തെ കാണുന്നത്. അതായത് മാന്യമായ ഒരു സ്വത്വത്തിന്റെ ചിഹ്നമായി ഇവര്‍ ഹിജാബിനെ കാണുന്നില്ല. പകരം ഹിജാബ് ധരിക്കുന്ന ഒരു ശരീരത്തിലും അതിന്റെ പ്രവര്‍ത്തനത്തിലൂടെയുമാണ് ഇസ്‌ലാമിക മൂല്യമായ മാന്യതയിലേക്ക് എത്താന്‍ കഴിയുകയുള്ളൂവെന്ന് ഇവര്‍ വാദിക്കുന്നു. ഇങ്ങനെ സ്വന്തം പ്രവര്‍ത്തികളെ നിരന്തരം നിരീക്ഷിക്കുകയും അതിനെ ഇസ്‌ലാമിക മൂല്യങ്ങള്‍ക്കൊത്ത് മാറ്റിയെടുക്കുകയും ചെയ്യുന്നതിലാണ് പള്ളി പ്രസ്ഥാനത്തിലെ സ്ത്രീകള്‍ ശ്രദ്ധചെലുത്തുന്നത്. ഇവര്‍ ഒരിക്കലും മാന്യത എന്ന ഇസ്‌ലാമിക മൂല്യം ആണ്‍കോയ്മയിലധിഷ്ടിതമാണെന്ന് വിചാരിക്കുന്നില്ല. ഈ ഒരു ചട്ടത്തെ അവര്‍ അട്ടിമറിക്കുന്നില്ല. പകരം അതിനെ ഏറ്റവും നല്ല രീതിയില്‍ പ്രവര്‍ത്തന ക്ഷമമാക്കുന്നതിലാണ് അവര്‍ തങ്ങളുടെ നിര്‍വാഹകത്വം കണ്ടെത്തുന്നത്. ഇത്തരം സ്ത്രീകളുടെ നിര്‍വാഹകത്വം മനസ്സിലാക്കാന്‍ ഫെമിനിസ്റ്റ് സിദ്ധാന്തങ്ങള്‍ മുന്നോട്ടുവെക്കുന്ന ഏജന്‍സിയെ കുറിച്ചുള്ള ഒത്തുതീര്‍പ്പുകള്‍ പരിശോധിക്കണമെന്നാണ് സബ മഹ്‌മൂദ് പറയുന്നത്.
മാന്യതയെ കുറിക്കുന്ന ശിരോവസ്ത്രമുപയോഗിക്കുന്നത് നിര്‍ബന്ധമല്ലെന്ന് മതേതര മുസ്‌ലിം സ്ത്രീകള്‍ വാദിക്കുന്നു. അതേസമയം ഇസ്‌ലാമിക നവീകരണത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നവര്‍ ഹിജാബിനെ ഇസ്‌ലാമിക സംസ്‌കാരത്തിനെ ഊന്നിപ്പറയുന്ന ഒരു ചിഹ്നമായി ഉയര്‍ത്തിപ്പിടിക്കുന്നു. ഇതില്‍ നിന്ന് വ്യത്യസ്തമായി, പള്ളി പ്രസ്ഥാനത്തിലെ സ്ത്രീകള്‍ മാന്യത എന്ന ഇസ്‌ലാമിക മൂല്യത്തെ സാക്ഷാത്കരിക്കാനുള്ള ഒരു വഴിയായാണ് ഹിജാബ്/ശിരോവസ്ത്രത്തെ കാണുന്നത്. അതായത് മാന്യമായ ഒരു സ്വത്വത്തിന്റെ ചിഹ്നമായി ഇവര്‍ ഹിജാബിനെ കാണുന്നില്ല. പകരം ഹിജാബ് ധരിക്കുന്ന ഒരു ശരീരത്തിലും അതിന്റെ പ്രവര്‍ത്തനത്തിലൂടെയുമാണ് ഇസ്‌ലാമിക മൂല്യമായ മാന്യതയിലേക്ക് എത്താന്‍ കഴിയുകയുള്ളൂവെന്ന് ഇവര്‍ വാദിക്കുന്നു.
piety movement-ലെ സ്ത്രീകള്‍ ഇസ്‌ലാമിക മൂല്യങ്ങളെ ചോദ്യം ചെയ്യുന്നില്ല എന്നും, അതിലൂടെ സ്ഥിരമായ ഒരു ഫെമിനിസ്റ്റ് രീതിയില്‍ നിന്ന് വ്യത്യസ്തമായ ഒരു രീതിയില്‍ തങ്ങളുടെ നിര്‍വാഹകത്വം പ്രകടിപ്പിക്കുന്നു എന്നും മാത്രമല്ല ഇവിടെ പ്രധാനം. ഐഡന്റിറ്റിയിലൂന്നി അവകാശം, നീതി, രാഷ്ട്രീയമായ പ്രതിനിധാനം ഇതൊന്നും ഈ പ്രസ്ഥാനത്തിലെ സ്ത്രീകള്‍ ആവശ്യപ്പെടുന്നില്ല. വാസ്തവത്തില്‍ മുഖ്യധാര ഇസ്‌ലാമിക പ്രസ്ഥാനങ്ങളെ പോലെ ഒരു പുതിയ തരം സാമൂഹിക സ്ഥാനത്തെ, വ്യവസ്ഥയെ നിര്‍മ്മിക്കണമെന്ന് ഇവര്‍ വിശ്വസിക്കുന്നില്ല. പൊതുധാരയില്‍ നിന്ന് വ്യത്യസ്തമായ ഒരു രീതിയിലാണ് പള്ളി പ്രസ്ഥാനത്തിലെ സ്ത്രീകള്‍ നിലകൊള്ളുന്നത്. അവര്‍ക്ക് പ്രധാനം തങ്ങളുടെ തന്നെ സ്വകാര്യ ആരാധനാനുഷ്ടാനങ്ങളുടെ ലോകമാണ്. അവര്‍ ശ്രമിക്കുന്നത് ലോകത്തിനോട് സംസരിക്കാനല്ല, പകരം സ്വയം ഇസ്‌ലാമിക മൂല്യങ്ങളോടടുത്ത് നിന്ന് അവയെ ഏറ്റവും നല്ല രീതിയില്‍ പ്രവര്‍ത്തന ക്ഷമമാക്കാനാണ്. സ്വയം പരിവര്‍ത്തനം ചെയ്യാതെ ഒരു ഇസ്‌ലാമിക മൂല്യത്തെയും ഊന്നിപ്പറയാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ സ്‌റ്റേറ്റിനെയും നിയമ വ്യവസ്ഥയെയും നേരിട്ട് അഭിസംബോധന ചെയ്യാത്ത ഈ പ്രസ്ഥാനത്തിന്റെ രാഷ്ട്രീയപരമായ പ്രത്യാഘാതം വലുതാണ്. ജീവിതത്തിന്റെ എല്ലാ വശങ്ങളും വിദ്യാഭ്യാസം, കുടുംബം, മതം, ക്ഷേമപ്രവര്‍ത്തനങ്ങള്‍, കച്ചവടം, മരണം, ജനനം, എന്നിങ്ങനെ സ്‌റ്റേറ്റിന്റെ അടിയിലായ ഒരവസ്ഥയില്‍ ഇങ്ങനെയൊരു സ്‌റ്റേറ്റിന്റെ പിടിയില്‍ നിന്ന് മാറി തങ്ങളുടെ പ്രവര്‍ത്തനങ്ങളെ രൂപപ്പെടുത്താന്‍ ശ്രമിക്കുക എന്നത് തന്നെ രാഷ്ട്രീയമായ വലിയ പ്രത്യാഘാതങ്ങളുള്ള കാര്യമാണ്. അത് കൊണ്ട് തന്നെ ഈജിപ്തിലെ ഭരണകൂടം നിരന്തരം ഇവരെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നു. മാത്രമല്ല, ഇന്നത്തെ ഫെമിനിസ്റ്റ് വീക്ഷണങ്ങളെ അപനിര്‍മ്മിക്കാന്‍ piety movement-ലെ സ്ത്രീകളുടെ രീതികള്‍ വളരെയധികം സഹായകമാണ്.
സമുദായത്തിനും ആചാരങ്ങള്‍ക്കും പാരമ്പര്യങ്ങള്‍ക്കും, വ്യക്തിഗതവും കൂട്ടായുമുള്ള എല്ലാത്തരം എതിര്‍പ്പുകള്‍ക്കുമെതിരെ സ്വന്തത്തിന്റെ താല്‍പ്പര്യങ്ങള്‍ സാക്ഷാത്കരിക്കുന്നതിനെയാണ് സ്ത്രീകളുടെ ഏജന്‍സിയായി ഫെമിനിസം കണക്കാക്കുന്നത്. ഇത്തരം വായനകളാണ് അധികാരഘടനകളില്‍ നിന്ന് മോചിതമാകാനുള്ള സ്ത്രീകളുടെ ആഗ്രഹത്തെ ഒരു സാര്‍വലൗകിക കാമനയായി – മാനവികതയുടെ തന്നെ ഭാഗമായി ഉയര്‍ത്തിപ്പിടിക്കുന്നത്. അതായത് ഇങ്ങനെയൊരു പ്രവണത അല്ലെങ്കില്‍ ലക്ഷ്യം എല്ലാ സ്ത്രീ രാഷ്ട്രീയത്തിന്റെയും അടിത്തറയാണെന്നു മുന്‍കൂട്ടി തീരുമാനിക്കുകയും മുഴുവന്‍ ഫെമിനിസ്റ്റ് വ്യവഹാരങ്ങള്‍ക്കും ഒഴിച്ചുകൂടാന്‍ കഴിയാത്ത ഒരു മൂല്യമായി സങ്കല്പിക്കുകയും ചെയ്യുന്നു. സബ മഹ്‌മൂദിന്റെ തന്നെ വാക്കുകളില്‍ പറയുകയാണെങ്കില്‍, അങ്ങനെ ഫെമിനിസം സ്ത്രീകളുടെ അവസ്ഥകള്‍ മനസ്സിലാക്കാനും മാറ്റങ്ങള്‍ ഉണ്ടാക്കാനും സ്വാതന്ത്ര്യത്തെയും, സാമൂഹിക സങ്കല്‍പ്പത്തെയും നിരന്തരം ഉപയോഗിക്കുകയും അത് എല്ലാ സ്ത്രീകള്‍ക്കും ബാധകമാണെന്ന് കരുതി നിര്‍ദ്ദേശിച്ചു കൊടുക്കുകയും ചെയ്യുന്നു. സ്വാതന്ത്ര്യം, സ്വയം സാക്ഷാത്ക്കാരം എന്നിവയിലൂന്നിയ ഫെമിനിസ്റ്റ് വ്യവഹാരത്തെ ലിബറലിസത്തിന്റൈ പ്രത്യയശാസ്ത്രവുമായി ബന്ധപ്പെടുത്തിയാണ് സബ മഹ്‌മൂദ് കണക്കാക്കുന്നത്. ബദവി സ്ത്രീകളുടെ കവിതകളെ കുറിച്ച് പഠിച്ച ലൈല അബുലുഗോദ് മുതല്‍ കറുത്ത സ്ത്രീകളുടെ പ്രശ്‌നങ്ങളുന്നയിച്ച ബ്ലാക്ക് ഫെമിനിസ്റ്റുകള്‍ വരെയുള്ളവരെ ലിബറല്‍ പ്രത്യയശാസ്ത്രത്തിനുള്ളിലാണ് സബ മഹ്‌മൂദ് സ്ഥാനപ്പെടുത്തുന്നത്. അതായത് ഇന്നുള്ള എല്ലാ തരം സ്ത്രീവാദ പ്രസ്ഥാനങ്ങളുടെ വിഷയിയെ നിര്‍മ്മിക്കുന്നത് ലിബറല്‍ ചിന്താപദ്ധതികളാണെന്നാണ് സബ മഹ്‌മൂദിനു പറയാനുള്ളത്. ഫെമിനിസ്റ്റ് വാദങ്ങള്‍ക്ക് പ്രധാനമായ സമത്വം, സ്വാതന്ത്ര്യം എന്നിങ്ങനെയുള്ള എല്ലാത്തരം മൂല്യങ്ങളും അന്തിമമായി ഉയര്‍ത്തിയെടുക്കുന്നത് സാമൂഹിക ഘടനകള്‍ക്കപ്പുറം സ്വന്തം തൃഷ്ണകളോട് കൂറുപാലിച്ചു കൊണ്ട് സ്വയം കണ്ടെത്താന്‍ ആന്തരികമായ ത്വര വെച്ചുപുലര്‍ത്തുന്ന ഒരു സ്വയം സാക്ഷാത്കൃത വിഷയിയായ സ്ത്രീയെയാണ്. ഇന്നത്തെ എല്ലാ ഫെമിനിസത്തിനും അത്യന്താപേക്ഷിതമായ ഈ സ്ത്രീ, ലിബറല്‍ പ്രത്യയശാസ്ത്രത്തിന്റെ തന്നെ കര്‍തൃത്വത്തിന്റെ സാധാരണവത്ക്കരണമായാണ് മഹ്മൂദ് കാണുന്നത്.
ഫെമിനിസങ്ങളും ലിബറലിസവും
ഇങ്ങനെ ഫെമിനിസത്തിന് പ്രധാനമായ സ്വാതന്ത്ര്യത്തെ കുറിച്ചുള്ള നിഗമനങ്ങള്‍, ബ്ലാക്ക് ഫെമിനിസ്റ്റുകള്‍ തൊട്ട് chodrow-നെ പോലെ സ്വയം സാക്ഷാത്ക്കരണത്തിന്റെ ആണ്‍സ്വഭാവം ചൂണ്ടിക്കാട്ടുന്ന ഫെമിനിസ്റ്റുകള്‍ വരെ ചോദ്യം ചെയ്തിട്ടുണ്ട്. എന്നാല്‍ ഇവരെല്ലാം ലിബറല്‍ കര്‍തൃത്വത്തിനെ പൊളിച്ചെഴുതാന്‍ നവോത്ഥാന വ്യക്തിത്വത്തെ ചോദ്യം ചെയ്യുന്ന ഉത്തര ഘടനാവാദ സിദ്ധാന്തം തന്നെയാണ് ഉപയോഗിക്കുന്നത്. എന്നിരുന്നാലും ഉത്തരഘടനാവാദ ഫെമിനിസ്റ്റ് സിദ്ധാന്തവും വിമോചനം എന്ന പ്രശ്‌നത്തിലൂടെയും, അടിച്ചമര്‍ത്തല്‍/അട്ടിമറി എന്നി ദ്വന്ദങ്ങള്‍ക്കുള്ളിലും തന്നെയാണ് നിര്‍വാഹകത്വത്തെ സ്ഥാനപ്പെടുത്തുന്നത്. ഉത്തരഘടനാവാദ ഫെമിനിസ്റ്റ് സിദ്ധാന്തവും സ്വാതന്ത്ര്യം, വിമോചനം എന്നിങ്ങനെയുള്ള മൂല്യങ്ങളെയാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. ഇങ്ങനെയൊരു ആദര്‍ശ മാതൃക ചരിത്രത്തിലുണ്ടാകുന്നത് വളരെ അടുത്തകാലത്താണ്. മാത്രമല്ല, ലിബറല്‍ മൂല്യങ്ങള്‍ക്ക് പുറത്തുള്ള പല സമൂഹങ്ങളും, പാശ്ചാത്യ സമൂഹങ്ങള്‍ തന്നെയും ഇത്തരം ആശയങ്ങളില്ലാതെ തഴച്ചുവളര്‍ന്നിട്ടുണ്ട്. സ്വാതന്ത്ര്യത്തിനു വേണ്ടി പാരമ്പര്യരീതികളെ അട്ടിമറിച്ച് ജീവിക്കുക എന്നത് എല്ലാ മനുഷ്യരെയും പ്രചോദിപ്പിക്കുന്ന കാമനയല്ലെന്നും, പലതരം സാംസ്‌കാരിക-ചരിത്രപരമായ അവസ്ഥകളാണ് ഇവയെ ഉണ്ടാക്കിയെടുക്കുന്നതെന്നും സബ മഹ്‌മൂദ് പറയുന്നു. ഇങ്ങനെ പാശ്ചാത്യ ഫെമിനിസത്തിന്റെ വിവിധ ധാരകളെ ശക്തിപ്പെടുത്തുന്ന ലിബറല്‍ പ്രത്യയശാസ്ത്രങ്ങളുടെ പൊതുബോധത്തെ ചെയ്തു കൊണ്ടാണ് സബ മഹ്‌മൂദ് പള്ളി പ്രസ്ഥാനത്തിലെ സ്ത്രീകളെ പഠിക്കുന്നത്. സാധാരണ ഫെമിനിസ്റ്റ് വായനകളിലെ പോലെ, ഈ സ്ത്രീകള്‍ മതപരമായ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നതിലൂടെ മതത്തിന്റെ തന്നെ ആണ്‍കോയ്മാപരമായ ഘടനകള്‍ക്കുള്ളില്‍ അടിച്ചമര്‍ത്തപ്പെട്ടവരായോ, അതിനെ ഏതെങ്കിലും തരത്തില്‍ അട്ടിമറിക്കുന്നതായോ മഹ്‌മൂദ് പറയുന്നില്ല. പകരം ആണ്‍കോയ്മാപരമായ ചട്ടങ്ങളെ piety movement-ലെ സ്ത്രീകള്‍ അതിജീവിച്ചു നില്‍ക്കുന്ന രീതികളെയാണ് സബ മഹ്മൂദ് ഈ പുസ്തകത്തിലൂടെ തുറന്നു കാട്ടാന്‍ ശ്രമിക്കുന്നത്. ലിബറല്‍ സെക്കുലര്‍ പ്രത്യയശാസ്ത്രത്തിന്റെ ചട്ടക്കൂടിനുള്ളിലൂടെ പ്രവര്‍ത്തനക്ഷമമാകുന്ന അധീശ ചട്ടക്കൂടിനപ്പുറം കടന്ന്, വേറെയൊരു ലോകത്ത് വസിക്കുന്ന സ്ത്രീകളെ മനസ്സിലാക്കാന്‍ ഇങ്ങനെയൊരു രീതി അത്യാവശ്യമാണെന്ന് സബ മഹ്‌മൂദ് വ്യക്തമാക്കുന്നു. അടിസ്ഥാനപരമായി കൊളോണിയല്‍ ആധുനികതയുടെ ഭാഗമായ anthropology എന്ന പഠനമേഖലയുടെ സാധ്യതകള്‍ വിപുലപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി കൂടിയാണ് anthropologist ആയ സബ മഹ്‌മൂദ് ഇങ്ങനെ ചിന്തിച്ചു തുടങ്ങുന്നത്.
ഇന്നത്തെ ഫെമിനിസ്റ്റ് വീക്ഷണങ്ങളെ അപനിര്‍മ്മിക്കാന്‍ piety movement-ലെ സ്ത്രീകളുടെ രീതികള്‍ വളരെയധികം സഹായകമാണ്. സമുദായത്തിനും ആചാരങ്ങള്‍ക്കും പാരമ്പര്യങ്ങള്‍ക്കും, വ്യക്തിഗതവും കൂട്ടായുമുള്ള എല്ലാത്തരം എതിര്‍പ്പുകള്‍ക്കുമെതിരെ സ്വന്തത്തിന്റെ താല്‍പ്പര്യങ്ങള്‍ സാക്ഷാത്കരിക്കുന്നതിനെയാണ് സ്ത്രീകളുടെ ഏജന്‍സിയായി ഫെമിനിസം കണക്കാക്കുന്നത്. ഇത്തരം വായനകളാണ് അധികാരഘടനകളില്‍ നിന്ന് മോചിതമാകാനുള്ള സ്ത്രീകളുടെ ആഗ്രഹത്തെ ഒരു സാര്‍വലൗകിക കാമനയായി – മാനവികതയുടെ തന്നെ ഭാഗമായി ഉയര്‍ത്തിപ്പിടിക്കുന്നത്. അതായത് ഇങ്ങനെയൊരു പ്രവണത അല്ലെങ്കില്‍ ലക്ഷ്യം എല്ലാ സ്ത്രീ രാഷ്ട്രീയത്തിന്റെയും അടിത്തറയാണെന്നു മുന്‍കൂട്ടി തീരുമാനിക്കുകയും മുഴുവന്‍ ഫെമിനിസ്റ്റ് വ്യവഹാരങ്ങള്‍ക്കും ഒഴിച്ചുകൂടാന്‍ കഴിയാത്ത ഒരു മൂല്യമായി സങ്കല്പിക്കുകയും ചെയ്യുന്നു.
ഈ വായനയില്‍ നിന്ന് ഇന്നത്തെ സമകാലീന സാഹചര്യത്തിലേക്ക് നമുക്ക് നിരവധി പാഠങ്ങള്‍ ഉള്‍ക്കൊള്ളിക്കാന്‍ കഴിയും. ആദ്യം തന്നെ, ഫെമിനിസം പോലെ, ലോകത്തിലെ ഒരു പകുതി മനുഷ്യരെ അടിച്ചമര്‍ത്തുന്ന സാമൂഹിക ഘടനകളെ ചോദ്യം ചെയ്യുന്ന സുശക്തമായ വ്യവഹാരം പോലും, ആധുനിക അധീശ പ്രത്യയശാസ്ത്രങ്ങളുടെ ചട്ടക്കൂടില്‍ നിന്നാണ് സ്ത്രീകളെ നോക്കിക്കാണുന്നതെന്ന തിരിച്ചറിവ് സമകാലീന സാഹചര്യത്തില്‍ വളരെ പ്രധാനമാണ്. ഇങ്ങനെയൊരു ചട്ടക്കൂടിനുള്ളില്‍ നിന്നുണ്ടാകുന്ന കാഴ്ച (gaze) ഒട്ടനവധി സ്ത്രീ ലോകങ്ങളെ തീര്‍ത്തും കാണാതെ പോകുമെന്ന് മനസ്സിലാക്കുന്നത് പ്രധാനമാണ്. മാത്രമല്ല, ഇത്തരം കാഴ്ചകളെ frame ചെയ്യുന്ന സെക്കുലര്‍ ലിബറല്‍ ചട്ടക്കൂടിനെ തിരിച്ചറിയാനും അതിനപ്പുറം സ്വയം കണ്ടെത്തുന്ന ഒട്ടനവധി മനുഷ്യരുടെ ജീവിത ലോകങ്ങളെ കുറിച്ച് ചിന്തിക്കാനും, മനസ്സിലാക്കാനും സബ മഹ്‌മൂദിന്റെ പഠനം സഹായകരമാണ്.
ഫെമിനിസത്തെയോ ആധുനിക ലോകത്തിന്റെ ഒട്ടനവധി മൂല്യങ്ങളെയോ തള്ളിക്കളയാനല്ല, പകരം ഫെമിനിസത്തെയും സാമൂഹിക വ്യവസ്ഥകളുടെ വ്യവഹാരങ്ങളെയും പുതിയ രീതിയില്‍ കാണാനും ഇതിനെയെല്ലാം നിര്‍മ്മിച്ചെടുക്കുന്ന അധീശതകളെ കുറിച്ച് ചിന്തിക്കാനും, ഇതിനപ്പുറമൊരു പുതിയ ലോകത്തെയും ഫെമിനിസത്തെയും വിഭാവന ചെയ്യാനും സബ മഹ്‌മൂദ് നടത്തിയത് പോലെയുള്ള പഠനങ്ങള്‍ തീര്‍ത്തും ഉപയോഗപ്രദമാണ്.
( 2009 മാർച്ച് പതിനഞ്ചിന് എസ് ഐ ഒ കോഴിക്കോട് വിദ്യാർഥി ഭവനത്തിൽ നടത്തിയ സെകുലരിസം സ്റ്റസി സർക്കിളിൽ അവതരിപ്പിച്ച പ്രബന്ധം.)