ഫാറൂഖ് കോളേജും സെക്കുലർ ധാർമികതയും

ഫാറൂഖ് കോളേജിനെ ചുറ്റിപ്പറ്റി സമീപകാലത്ത് ഉയർന്നുവന്ന ചര്‍ച്ചകളുടെ രാഷ്ട്രീയത്തെക്കുറിച്ചും കോളേജ് ‘ഫാറൂഖ്’ ആകുമ്പോള്‍ സംഭവം ‘മതമൗലികവാദം തന്നെ’ എന്ന സെക്കുലര്‍ വിധികല്‍പ്പിക്കലിന്റെ പിന്നിലെ കടുത്ത ഇസ്‌ലാം വിരുദ്ധതയെ സംബന്ധിച്ചും ഇടതുപക്ഷ വിദ്യാര്‍ഥി രാഷ്ട്രീയത്തിന്റെ ഇരട്ടത്താപ്പുകളെ അവലോകനം ചെയ്‌തുകൊണ്ടും അമീന്‍ ഹസ്സന്‍ എഴുതുന്നു.

ഒരു ചെറിയ ഇടവേളയ്ക്കു ശേഷം കോഴിക്കോട് ഫാറൂഖ് കോളേജ് വീണ്ടും വാർത്തകളിൽ നിറഞ്ഞിരിക്കുകയാണ്. ഒരേ സമയം മുഖ്യധാരാ മാധ്യമങ്ങളിൽ ഇടം പിടിച്ച രണ്ടു വാർത്തകളാണ് ഇത്തവണ വിവാദങ്ങളുടെ അടിസ്ഥാനം. ഒന്ന്, ഫാറൂഖ് കോളേജിലെ വിദ്യാർഥികളും അധ്യാപകരും അനധ്യാപകരും തമ്മിലുണ്ടായ സംഘർഷത്തിന്റെ വാർത്തയായിരുന്നുവെങ്കിൽ, രണ്ടാമത്തേത് മാസങ്ങൾക്കു മുൻപ് ഫാറൂഖ് ട്രൈനിങ് കോളേജിലെ ഒരു അധ്യാപകൻ ഒരു മുസ്ലീം സംഘടനയുടെ വേദിയിൽ നടത്തിയ പ്രസംഗം ഇപ്പോൾ വാർത്തായയതിനെത്തുടർന്നുണ്ടായ വിവാദങ്ങളാണ്. ഈ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തിൽ ഫാറൂഖ് കോളേജിനെ ചുറ്റിയുള്ള ചർച്ചകളുടെ രാഷ്ട്രീയം പരിശോധിക്കാനാണ് ഈ ലേഖനത്തിൽ ശ്രമിക്കുന്നത്.

അധ്യാപക-വിദ്യാർഥി സംഘർഷം മതമൗലികവാദമാകുന്ന ജാലവിദ്യ

ഒന്നാമത്തെ വാർത്തയിലേക്കു വന്നാൽ, കോളേജിലെ പരീക്ഷാകാലം അവസാനിക്കുന്ന സമയത്ത് വിദ്യാർഥികൾ നടത്തിയ ആഘോഷങ്ങളുടെ പേരിലുണ്ടായ സംഘർഷമാണ് കാര്യം. ക്യാമ്പസിൽ അച്ചടക്ക നിർദേശങ്ങളുണ്ടാകുന്നതും വിദ്യാർഥികൾ അതു ലംഘിക്കുന്നതുമൊക്കെ സ്വാഭാവികമാണ്. ചില സന്ദർഭങ്ങളിൽ വിദ്യാർഥികൾ പരിധി വിടുന്നു എന്നോരോപിച്ച് അച്ചടക്ക നടപടികളും ഉണ്ടാകാറുണ്ട്.

എന്നാൽ ഫാറൂഖ് കോളേജിൽ വിദ്യാർഥികളെ അനധ്യാപക ജീവനക്കാർ മർദിക്കുന്ന വിഡിയോ പുറത്തുവന്ന സാഹചര്യത്തിലാണ് സംഭവം വാർത്തയാകുന്നത്. വിദ്യാർഥികൾ പരിധി ലംഘിക്കുന്നു, തിരുവനന്തപുരം സി ഇ ടി കോളേജിൽ എസ് എഫ് ഐ പ്രവർത്തകരായ വിദ്യാർഥികൾ നടത്തിയ അക്രമാസക്തമായ ആഘോഷങ്ങളെത്തുടർന്ന് ചെകുത്താൻ ജീപ്പിടിച്ച് നിലമ്പൂരിലെ തസ്‌നിയെന്ന വിദ്യാർഥിനി മരിക്കാനിടയായതിനു സമാനമായ സാഹചര്യം നിലനിന്നിരുന്നു തുടങ്ങിയ വാദമുഖങ്ങളാണു കോളേജ് അധികാരികൾ ഉയർത്തുന്നത്.

എന്തൊക്കെ വാദമുഖങ്ങൾ ഉയർത്തിയാലും വിദ്യാർഥികളെ മർദിക്കുന്ന സാഹചര്യം ന്യായീകരിക്കാനാവില്ല. ശക്തമായ വിദ്യാർഥി പ്രക്ഷോഭത്തെത്തുടർന്ന് കോളേജ് അധികാരികൾ അന്വേഷണം പ്രഖ്യാപിക്കുകയും അധ്യാപകർക്കും അനധ്യാപകർക്കും എതിരെ പോലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. സത്യസന്ധമായ അന്വേഷണവും നീതിപൂർവകമായ നടപടികളും ഉണ്ടാകുമെന്നു പ്രതീക്ഷിക്കാം. ഒട്ടും വിദ്യാർഥി സൗഹാർദപരമല്ലാത്ത സമീപനമാണ് ഫാറൂഖ് കോളേജിലെ അധികാരികൾ സ്വീകരിക്കുന്നത് എന്ന വിമർശനങ്ങളുടെ പശ്ചാത്തലത്തിൽ അച്ചടക്ക നിയമങ്ങളുടെയും അതിന്റെ നടത്തിപ്പിന്റെയും കാര്യത്തിൽ പുനരാലോചനകൾ നടത്താൻ അധികാരികൾ തയ്യാറാവുകയാണു വേണ്ടത്.

അതേസമയം ഈ വിഷയത്തിൽ ഉയർന്നു വന്ന വിമർശനങ്ങളെ പരിശോധിച്ചാൽ മറ്റൊരു തരത്തിൽ കാര്യങ്ങളെ ചർച്ചയാക്കാൻ ശ്രമിച്ചതായി കാണാം. മതമൗലിക വാദം, താലിബാനിസം തുടങ്ങിയ പ്രയോഗങ്ങളാണ് ഇടതു ലിബറൽ പക്ഷം ഉയർത്തിയത്.

കേവലമൊരു അധ്യാപക- വിദ്യാർഥി സംഘർഷത്തെ മതമൗലികവാദമായി ചിത്രീകരിച്ച് സ്ഥാപനത്തിന്റെ മുസ്ലീം പശ്ചാത്തലമാണു പ്രശ്‌നങ്ങളുടെ കാരണമെന്നു പറയാനാണ് ഇവർ ശ്രമിച്ചത്. അതിനിടയിൽ പുറത്തുവന്ന രസാവഹമായ കാര്യം, കോളേജിലെ അച്ചടക്ക സമിതിയുടെ ചെയർമാൻ ഡി വൈ എഫ് ഐ യുടെ നേതാവാണ് എന്നതാണ്. സ്ഥിരമായി, വിദ്യാർഥികളോടു മോശമായി സംസാരിക്കുകയും അന്യായമായ അച്ചടക്ക നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നതിനു നേതൃത്വം നൽകുന്നയാളാണ് അദ്ദേഹമെന്ന് വിദ്യാർഥികൾക്കു പരാതിയുമുണ്ട്. ഏറ്റവും ഒടുവിലുണ്ടായ സംഘർഷത്തിലും അദ്ദേഹത്തിനു പങ്കുണ്ടെന്നും വിദ്യാർഥികൾ ആരോപിക്കുന്നു. ഒരു ഡി വൈ എഫ് ഐ നേതാവാണോ ‘മതമൗലികവാദ ,സദാചാര, ഗുണ്ടാ, താലിബാനിസ’ത്തിനു നേതൃത്വം നൽകുന്നത് എന്ന ചോദ്യമാണു സ്വാഭാവികമായും ഉയർന്നത്.

കൂട്ടത്തിൽ കോഴിക്കോട് പ്രതിഷേധ ഹോളിക്കു വരെ ആഹ്വാനമുണ്ടായി. കോളേജ് അധ്യയന വർഷത്തിന്റെ അവസാനം കുട്ടികൾ കളർ വാരി വിതറി ആഘോഷിച്ചതിനെ ഹോളി ആഘോഷമാക്കി മാറ്റി അതിനെ തടഞ്ഞു എന്നുവരെ കഥകളുണ്ടായി. ഫാറൂഖ് കോളേജിനെതിരായ ഇത്തരം കുപ്രചാരണങ്ങൾ ഇടതുപക്ഷത്തിന്റെയും ലിബറൽ മതേതരവാദികളുടെ മുസ്ലീ വിരുദ്ധ വേട്ടയുടെ തുടർച്ചയായി മാത്രമേ മനസ്സിലാക്കാനാവൂ.

അതിനിടയിൽ പുറത്തുവന്ന രസാവഹമായ കാര്യം, കോളേജിലെ അച്ചടക്ക സമിതിയുടെ ചെയർമാൻ ഡി വൈ എഫ് ഐ യുടെ നേതാവാണ് എന്നതാണ്. സ്ഥിരമായി, വിദ്യാർഥികളോടു മോശമായി സംസാരിക്കുകയും അന്യായമായ അച്ചടക്ക നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നതിനു നേതൃത്വം നൽകുന്നയാളാണ് അദ്ദേഹമെന്ന് വിദ്യാർഥികൾക്കു പരാതിയുമുണ്ട്. ഏറ്റവും ഒടുവിലുണ്ടായ സംഘർഷത്തിലും അദ്ദേഹത്തിനു പങ്കുണ്ടെന്നും വിദ്യാർഥികൾ ആരോപിക്കുന്നു. ഒരു ഡി വൈ എഫ് ഐ നേതാവാണോ ‘മതമൗലികവാദ ,സദാചാര, ഗുണ്ടാ, താലിബാനിസ’ത്തിനു നേതൃത്വം നൽകുന്നത് എന്ന ചോദ്യമാണു സ്വാഭാവികമായും ഉയർന്നത്.

രണ്ടാമത്തെ വാർത്ത സ്വഭാവികമായി ഉണ്ടായതല്ല. മാസങ്ങൾക്ക് മുൻപുള്ള ഒരു പ്രസംഗം, നേരത്തെ സൂചിപ്പിച്ച സംഘർഷങ്ങളുടെ സമയത്തു ബോധപൂർവം വാർത്തയാക്കിയാതാണ്. സ്ഥിരമായി മുസ്ലീം പണ്ഡിതൻമാരുടെ പ്രസംഗങ്ങളിലെ വരികൾ ഡ്യൂൾ ന്യൂസ് വാർത്തയാക്കാറുണ്ട്. ആ വാർത്തയെത്തുടർന്ന് എസ് എഫ് ഐ ഫാറൂഖ് കോളേജിലേക്കു മാർച്ച് നടത്തി. കോളേജുമായി ഒരു ബന്ധവുമില്ലാത്തൊരു പരിപാടിയിൽ അധ്യാപകൻ നടത്തിയ പ്രസംഗത്തിന്റെ പേരിൽ ആ കോളേജിലേക്കു മാർച്ച് നടത്തുന്നത് എന്തിനാണ്? ലക്ഷ്യം കോളേജ് ആയിരുന്നു എന്നു വ്യക്തം. ഇസ്ലാമിക ധാർമികതയിലൂന്നിയ വസ്ത്രധാരണം നടത്തുന്നവരാണ് ഫാറൂഖ് കോളേജിലെ വിദ്യാർഥികളിൽ മഹാ ഭൂരിപക്ഷവും. തങ്ങളെക്കുറിച്ച് അവഹേളന സ്വഭാവത്തിലുള്ള പരാമർശം നടത്തിയതിൽ ഫാറൂഖ് കോളേജിലെ കുട്ടികൾ സ്വാഭാവികമായും പ്രതിഷേധിച്ചു. അതിന് ഐക്യദാർഢ്യമെന്ന പേരിൽ ‘മാറ് തുറക്കൽ സമര’വുമായി ഇറങ്ങിപ്പുറപ്പെട്ടവർ, മുസ്ലീം പെൺകുട്ടികൾ ഉയർത്തിപ്പിടിക്കുന്ന ഇസ്ലാമിക ധാർമികതക്കെതിരെ ലിബറൽ മൊറാലിറ്റി അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണു നടത്തുന്നത് എന്ന വിമർശം പ്രസക്തമാണ്.

എസ്.ഐ.ഒ-വിന്‌ നേര്‍ക്കുയരുന്ന ചോദ്യങ്ങൾ

ഇതിനെല്ലാം ഇടയിൽ എസ്.ഐ.ഒ-വിനോട് ദിനു ഉന്നയിച്ച ചോദ്യങ്ങളുടെ രാഷ്ട്രീയവും വിശകലനം ചെയ്യപ്പെടേണ്ടതാണ്. ദിനു അടക്കമുള്ള വിദ്യാർഥികളെ പുറത്താക്കിയ കോളേജിനെതിരെ നിലപാടു പ്രഖ്യാപിക്കുമ്പോഴും, ഫാറൂഖ് കോളേജിനെതിരായി ‘താലിബാനിസം’ തുടങ്ങിയ പ്രയോഗങ്ങളുന്നയിച്ചു നടന്ന ലിബറൽ ആക്രമണത്തിന്റെ രാഷ്ട്രീയത്തെ എസ്.ഐ.ഒ ചോദ്യം ചെയ്തതിനെയാണു ദിനു വിമർശിക്കുന്നത്. പബ്ലിക് മൊറാലിറ്റിക്കെതിരെ കോൺസ്റ്റിറ്റ്യൂഷണൽ മൊറാലിറ്റി ഉയർത്തിപ്പിടിക്കണമെന്ന വാദമുന്നയിച്ചാണു ദിനു എസ്.ഐ.ഒ-വിനെതിരായ വിമര്‍ശനം ഉന്നയിക്കുന്നത്. ഇന്ത്യൻ സമൂഹത്തിലെ ജാതീയത അടക്കമുള്ള സാമൂഹിക പ്രശ്‌നങ്ങളുടെ മൂല്യബോധത്തെയാണ് ഡോ. അംബേദ്കര്‍ പബ്ലിക് മൊറാലിറ്റിയായി കണക്കാക്കുന്നത്. അതിനെ അതിജീവിക്കുന്ന തരത്തിൽ ഭരണഘടനാമൂല്യങ്ങളിലൂന്നിയ ധാർമികത ഉയർത്തണമെന്ന വാദവും അദ്ദേഹം ഒരു ഘട്ടത്തിൽ ഉന്നയിച്ചിരുന്നു. മുസ്‌ലിംകള്‍ അടക്കമുള്ള ന്യൂനപക്ഷങ്ങളുടെ ധാർമിക- നൈതിക മൂല്യങ്ങളുടെ സംരക്ഷണം, ന്യൂനപക്ഷ സ്ഥാപനങ്ങളുടെ നിലനിൽപ്പ് എന്നിവയൊക്കെ സംരക്ഷിക്കുന്നതാണ് അംബേദ്കര്‍ വിഭാവന ചെയ്തിരുന്ന ഭരണഘടനാമൂല്യം.

എന്നാൽ ദിനു അടക്കമുള്ളവർ, സവർണ ഹൈന്ദവ മൂല്യബോധത്തെയും ഇസ്‌ലാമിക ധാർമികതയെയും സമീകരിച്ച് പബ്ലിക് മൊറാലിറ്റിയായി ചിത്രീകരിക്കുന്ന സമീപനമാണു സ്വീകരിക്കുന്നത്. ഹിന്ദുവൽക്കരികപ്പെട്ട പൊതു മതേതര ലിബറൽ മൂല്യബോധം അടിച്ചേൽപ്പിക്കുന്നതിനെ കോൺസ്റ്റിറ്റ്യൂഷണൽ മൊറാലിറ്റിയായി ചിത്രീകരിക്കുകയാണ് അവർ ചെയ്യുന്നത്. ദിനുവിനോട് എനിക്കു പറയാനുള്ളത്, തന്റെ രാഷ്ട്രീയത്തിൽ അബോധത്തിൽ അലിഞ്ഞു ചേർന്ന മുസ്‌ലിം വിരുദ്ധതയാണ് മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് അടക്കമുള്ള സവർണ മാധ്യമങ്ങൾക്ക് ദിനുവിനെ സ്വീകാര്യനാക്കുന്നത്‌ എന്നതാണ്‌ ശരിക്കും സോഷ്യൽ മൊറാലിറ്റിയുടെ പ്രശ്നം. പുതിയ ചാലപ്പുറം ഗ്യാങ്ങിന്റെ സോഷ്യൽ മൊറാലിറ്റി ദിനുവിന് അറിയേണ്ട കാര്യമില്ല. കാരണം അവർക്ക് ദിനുവിന്റെ കാര്യത്തിൽ, ഒരു ഹിന്ദു പരിഷ്കരണ വാദമായി മാറുന്ന ലിബറൽ ജാതിവിരുദ്ധതയുടെ സാധ്യതയുണ്ട്. പക്ഷേ, രാഷ്ട്രീയമുള്ള മുസ്‌ലിം അതിന്റെ പരിധിയിൽ വരാത്ത വ്യത്യസ്തമായ ഐഡന്റിറ്റി തന്നെയാണ്. ദിനുവിനു ലഭിക്കുന്ന ഈ പൊതുസ്വീകാര്യത ഭരണഘടന നൽകിയതല്ല, മറിച്ച്‌ ഇവിടുത്തെ ഹിന്ദു സവർണ സമൂഹിക ഘടനയുമായി ചേർന്നു നിന്നതിന്റെ പ്രതിഫലമാണത്.

അതേസമയം, എന്തുകൊണ്ട് എസ്.ഐ.ഒ-വിനോടു മാത്രം ഇത്തരം ചോദ്യങ്ങളുയരുന്നു എന്നതും ആലോചിക്കണം. സംസാരിക്കുന്ന മുസ്‌ലിമിനെ റാഡിക്കലും, അല്ലാത്തവരെ മോഡറേറ്റുമാക്കുന്ന മതേതര പദ്ധതിയുടെ തുടർച്ചയാണ് ഇത്തരം വിമർശനങ്ങൾ. ആ മതേതര പദ്ധതിയുടെ അഭിവാജ്യ ഘടകമാണ് ചോദ്യങ്ങളുന്നയിക്കുന്ന മുസ്‌ലിംകളെ റാഡിക്കലായി പ്രഖ്യാപിക്കുന്ന ചടങ്ങുകൾ. ദിനുവിന് വലിയ ചെലവില്ലാതെ നടത്താവുന്ന ഇസ്‌ലാമോഫോബിയയാണത്.

അതോടൊപ്പം തന്നെ, എസ്.ഐ.ഒ-വിനെതിരെ ഉന്നയിക്കപ്പെടുന്ന വിമർശം സത്യസന്ധമല്ലാതാകുന്നതിന്റെ പ്രശ്‌നം കൂടിയുണ്ട്. ഇസ്‌ലാമും അതിന്റെ ധാർമികതയും പ്രധാനമായി കാണുമ്പോൾ തന്നെ, വ്യത്യസ്ത സാമൂഹിക ഇടങ്ങളിൽ നിന്ന്‌ ഉയർന്നു വരുന്ന ഭാഷയിലെയും സാമൂഹിക ജീവിതത്തിലെയും ജനാധിപത്യ ബോധങ്ങളെക്കുറിച്ച ചോദ്യങ്ങൾ വികസിക്കുകയും, അവ സമൂഹിക- രാഷ്ട്രീയ ജീവിതത്തിലെയും നിലപാടുകളിലെയും നൈതിക ചോദ്യങ്ങളായി വികസിക്കുകയും ചെയ്യുന്ന സമീപനമാണ് എസ്.ഐ.ഒ എല്ലാ കാലത്തും സ്വീകരിക്കുന്നത് .

സമൂഹത്തിലെയും സമുദായത്തിലെയും ആധിപത്യ ശീലങ്ങള്‍, ഭാഷ എന്നിവയെ കുറിച്ച് നിരന്തരമായ സംവാദങ്ങൾക്ക് ഇടം നൽകുന്ന സമീപനമാണ് എസ്.ഐ.ഒ എല്ലാകാലത്തും സ്വീകരിച്ചു പോന്നിട്ടുള്ളത്. അധ്യാപകർ നടത്തിയ പ്രഭാഷണത്തിന്റെ ഭാഷയിലെ നൈതികത ചോദ്യം ചെയ്യുന്ന വിദ്യാർഥികളോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന എസ്.ഐ.ഒ-വിനെയാണു കാണാൻ സാധിക്കുന്നത്. ഇതൊന്നും കാണാതെയും അതിനോടു സത്യസന്ധമായി സംവദിക്കാതെയുമാണ് ഇത്തരം വിമർശങ്ങളുയർത്തി വിടുന്നത്. ഈ സത്യസന്ധതയില്ലായ്മ, മുസ്‌ലിംകളെപ്പറ്റി എന്തു വ്യാജവും പറയുന്ന സംഘപരിവാർ സോഷ്യൽ മൊറാലിറ്റിയല്ലാതെ മറ്റെന്താണ്? നൂറു കണക്കിന് എസ്.ഐ.ഒ പ്രവർത്തകർ കേരള കാമ്പസുകളിൽ ഇടതു ലിബറൽ അധ്യാപക – വിദ്യാർഥികളാൽ വേട്ടയാടപ്പെട്ടപ്പോൾ ഉയരാത്ത ദിനുവിന്റെ ചൂണ്ടുവിരൽ, എസ്.ഐ.ഒ-വിനെതിരായി ഇപ്പോള്‍ ഉയർന്നെങ്കിൽ അത് ആരെ സഹായിക്കാനാണെന്നു വ്യക്തമാണ്.

ഭരണകൂട വേട്ട

ഏറ്റവും ഒടുവിൽ, ആ അധ്യപകനെതിരെ ‘വാക്കുകൊണ്ട് ലൈംഗിക അതിക്രമം നടത്തി’യെന്ന പേരിൽ കേസെടുത്തിരിക്കുകയാണ് കേരളാ പോലീസ്. ക്രിമിനൽ കുറ്റകൃത്യങ്ങളിൽ ഉദ്ദേശ്യം വളരെ പ്രധാനമാണ്. ഇവിടെ ഭരണകൂട ധാർമികതയൊന്നും പാലിക്കപ്പെടുന്നതായി കാണാനില്ല.

അധ്യാപകന്‍ നടത്തിയ പ്രസംഗത്തിന്റെ ഭാഷയോടു വിയോജിക്കുമ്പോൾത്തന്നെ അതിന്റെ പേരിലുള്ള ഭരണകൂട വേട്ട അംഗീകരിക്കാനാവില്ല. സ്ത്രീ വിരുദ്ധ പരാമർശങ്ങളും ദ്വയാർത്ഥങ്ങളും കേരളത്തിലെ രാഷ്ട്രീയ നേതാക്കളുടെയും മതനേതാക്കളുടെയുമൊക്കെ പ്രഭാഷണങ്ങളിൽ മാത്രമല്ല, മതേതര/ലിബറൽ/കീഴാള വ്യവഹാരങ്ങളിലും സിനിമകളിലും സാഹിത്യത്തിലുമൊക്കെ ഏറെയുണ്ട്. അത് ആ നിലക്കു വിമർശന വിധേയമാകേണ്ടതും തിരുത്തപ്പെടേണ്ടതുമാണ്. അതിനു പകരം അധ്യാപകനെതിരെ കള്ളക്കേസെടുക്കുന്നതു നീതീകരിക്കാവതല്ല.

ഇതെഴുതുമ്പോഴാണ് കോഴിക്കോട് ലോ കോളേജിൽ നിന്നു് രസകരമായ വിവരം ലഭിക്കുന്നത്. വിദ്യാർഥികളെ മർദ്ദിച്ചതിന് കോളേജിൽ നിന്ന് അച്ചടക്ക നടപടിയുടെ ഭാഗമായി പുറത്താക്കപെട്ട എസ് എഫ് ഐയുടെ ഏരിയാ സെക്രട്ടറിയെയും യൂണിറ്റ് സെക്രട്ടറിയെയും തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് എസ് എഫ് ഐ ഏരിയകമ്മിറ്റി ലോ കോളേജിലേക്കു മാർച്ച് സംഘടിപ്പിച്ചിരിക്കുന്നു. കോഴിക്കോട് ലോ കോളേജ് ഹോസ്റ്റലിൽ എസ് എഫ് ഐ യുടെ മോറൽ പോലീസിങ്ങും മർദനവും പതിവാണ്. കേരളത്തിലെ ക്യാമ്പസുകളിൽ എസ് എഫഐയുടെ മോറൽ പോലീസിങ്ങിനും മർദനത്തിനും ഇരയാകുന്ന വിദ്യാർഥികളുടെ എണ്ണം ഒരോ വർഷവും നൂറിലധികം വരും. ഫാറൂഖ് വിവാദത്തിന്റെ അതേസമയത്താണ് കണ്ണൂരിലെ പാർട്ടി ഗ്രാമത്തിൽ ഫാഷൻ ടെക്‌നോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പെൺകുട്ടികൾക്കെതിരായ, നാട്ടുകരുടെ ലൈംഗികാതിക്രമ പരാതികളും പുറത്തു വരുന്നത്; ശരിക്കും ഹോളി ആഘോഷിച്ച തിരുവനന്തപുരം ലോ കോളേജിലെ വിദ്യാർഥികളെ എസ് എഫ് ഐ മർദിച്ച വാർത്ത പുറത്താകുന്നത്. അതൊന്നും പക്ഷേ ആരെയും അസ്വസ്ഥപ്പെടുത്തുന്നില്ല.

മുസ്‌ലിം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നേതാക്കൾക്കുമെതിരായ ഭരണകൂട വേട്ട പുതിയ കാര്യമല്ല. പിണറായി വിജയൻ സർക്കാർ മുസ്‌ലിം സ്ഥാപനങ്ങളെയും നേതാക്കളെയും വേട്ടയാടുന്നതു പതിവാക്കിയിരിക്കുകയാണ്. പീസ് സ്‌കൂളും എം എം അക്ബറും ശംസുദ്ധീർ പാലത്തും വിസ്ഡം പ്രവർത്തകരും എല്ലാം അതിന്റെ ഇരകളാണ്. ഹാദിയ കേസിലടക്കം സർക്കാറിന്റെ ഈ സമീപനമാണു മുഴച്ചു നിൽക്കുന്നത്. സലഫി നേതാക്കളെയും സംഘടനകളെയും, അപകടകരമായ പ്രസ്ഥാനങ്ങളും ആശയങ്ങളുമായി ചിത്രീകരിക്കുന്ന ഭരണകൂട അജണ്ടയും ഇത്തരം കേസുകൾ രജിസറ്റർ ചെയ്യുന്നതിന്റെ പിന്നിലുണ്ടെന്ന വിമർശവും ഉയരുന്നുണ്ട്.

എസ്.എഫ്.ഐ-യുടെ ഇരട്ടത്താപ്പ്

എൻട്രൻസ് പരീക്ഷക്കു ഹിജാബ് ധരിക്കരുതെന്ന സി.ബി.എസ്.ഇ നിർദേശത്തെ സ്വാഗതം ചെയ്ത സംഘടനയാണ് എസ് എഫ് ഐ. ഒരിക്കലും, ഹിജാബ് ധരിക്കാനുള്ള മുസ്ലീം പെൺകുട്ടികളുടെ സ്വാതന്ത്ര്യത്തിനായുള്ള സമരത്തെ എസ് എഫ് ഐ പിന്തുണച്ചിട്ടില്ല. എസ് എഫ് ഐയുടെ ‘പുരോഗമന’ സത്രീ വിമോചനത്തിന്റെ ഇരട്ടത്താപ്പാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഇതെഴുതുമ്പോഴാണ് കോഴിക്കോട് ലോ കോളേജിൽ നിന്നു് രസകരമായ വിവരം ലഭിക്കുന്നത്. വിദ്യാർഥികളെ മർദ്ദിച്ചതിന് കോളേജിൽ നിന്ന് അച്ചടക്ക നടപടിയുടെ ഭാഗമായി പുറത്താക്കപെട്ട എസ് എഫ് ഐയുടെ ഏരിയാ സെക്രട്ടറിയെയും യൂണിറ്റ് സെക്രട്ടറിയെയും തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് എസ് എഫ് ഐ ഏരിയകമ്മിറ്റി ലോ കോളജിലേക്കു മാർച്ച് സംഘടിപ്പിച്ചിരിക്കുന്നു. കോഴിക്കോട് ലോ കോളേജ് ഹോസ്റ്റലിൽ എസ് എഫ് ഐ യുടെ മോറൽ പോലീസിങ്ങും മർദനവും പതിവാണ്. കേരളത്തിലെ ക്യാമ്പസുകളിൽ എസ് എഫഐയുടെ മോറൽ പോലീസിങ്ങിനും മർദനത്തിനും ഇരയാകുന്ന വിദ്യാർഥികളുടെ എണ്ണം ഒരോ വർഷവും നൂറിലധികം വരും. ഫാറൂഖ് വിവാദത്തിന്റെ അതേസമയത്താണ് കണ്ണൂരിലെ പാർട്ടി ഗ്രാമത്തിൽ ഫാഷൻ ടെക്‌നോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പെൺകുട്ടികൾക്കെതിരായ, നാട്ടുകരുടെ ലൈംഗികാതിക്രമ പരാതികളും പുറത്തു വരുന്നത്; ശരിക്കും ഹോളി ആഘോഷിച്ച തിരുവനന്തപുരം ലോ കോളേജിലെ വിദ്യാർഥികളെ എസ് എഫ് ഐ മർദിച്ച വാർത്ത പുറത്താകുന്നത്. അതൊന്നും പക്ഷേ ആരെയും അസ്വസ്ഥപ്പെടുത്തുന്നില്ല.

ഇതൊന്നും ചെറുത്തു നിൽക്കാനുള്ള സംഘടിത ശേഷി ഒരു ഭരണഘടനാ ധാർമികതക്കാർക്കുമില്ല. പകരം, ഏതെങ്കിലും തരത്തിൽ ആ ദൗത്യനിര്‍വഹണം നടത്തുന്ന മുസ്‌ലിം വിദ്യാർഥി സംഘടനകളെ ഇകഴ്ത്താൻ എല്ലാവരും മൽസരിക്കുകയും ചെയ്യുന്നു. കാരണം, അവർക്കെല്ലാം പോകാൻ ഇടതു ലിബറൽ മനുഷ്യ സംഗമങ്ങൾ ഉണ്ടെന്ന പ്രതീക്ഷയാണ്. പക്ഷേ ആ പ്രിവിലേജില്ലാത്ത മുസ്‌ലിം വിദ്യാർഥികൾ വ്യത്യസ്തമാമൊരു രാഷ്ട്രീയം സംസാരിച്ച് ഇവിടെത്തന്നെയുണ്ടാവും.

Top