മഴ നനഞ്ഞെത്തുന്ന കടലുകള്‍
മലയാള സാഹിത്യത്തില്‍ രൂപഭദ്രതാ വാദത്തിലൂടെ മുന്‍പ് ചൂണ്ടിക്കാണിച്ച പ്രതിസന്ധി മറികടക്കാന്‍ മുണ്ടശ്ശേരി ശ്രമിച്ചെങ്കിലും സ്ഥാപനവല്‍ക്കരിക്കപ്പെട്ട ലാവണ്യശാസ്ത്രത്തെ നിഷേധിക്കാനദ്ദേഹത്തിന് കഴിഞ്ഞില്ല. കമ്മ്യൂണിസ്റ്റു പ്രത്യയശാസ്ത്രമുള്‍ക്കൊണ്ട ബി.രാജീവന്‍ ”അനുഭൂതികളിലെ വര്‍ഗ്ഗ സമരം ”എന്ന പരികല്‍പ്പനയിലൂടെ പഴയ ലാവണ്യശാസ്ത്രത്തെ പുതുക്കാന്‍ ശ്രമിക്കുകയാണ് ചെയ്തത്. ഇത്തരം പുതുക്കലുകള്‍ നിഷേധിക്കപ്പെടുന്നത് ചരിത്രാനുഭവങ്ങളിലൂടെ വസ്തുനിഷ്ഠലോകത്തിന്റെ പൊളിച്ചെഴുത്ത് കലാസൃഷ്ടികളുടെ ലക്ഷ്യമായതോടെയാണ്. വറ്റിയ കാലത്തിന്റെ പുതുലാവണ്യശാസ്ത്രത്തെ കവിതയില്‍ സന്നിവേശിപ്പിക്കാന്‍ കഴിഞ്ഞതിലൂടെയാണ് രാജേഷിന്റെ കവിതകള്‍ സമകാലീനതയുടെ ചരിത്രപാഠമായി മാറുന്നത്. ചുരുക്കത്തില്‍; ബുദ്ധന്റെ പ്രഭാവം തിളങ്ങുന്ന വര്‍ത്തമാന കാലത്തിന്റെ ജനകീയ കവിതയാണ് രാജേഷിന്റേതെന്ന് തിരിച്ചറിയേണ്ടതുണ്ട്.
അനുഗ്രഹീതനായ ബുദ്ധന്‍ പ്രകൃതിയും മനുഷ്യരുമായി സംവദിച്ചത് പ്രജ്ഞാനത്തിലൂടെ ഉള്‍കാഴ്ചയായിരുന്നു. ഈ സിദ്ധിയുടെ അടിസ്ഥാനം നിരീക്ഷണവും വനനവുമായിരുന്നു. അതുകൊണ്ടാണ് യുക്തിയുടെ ഏകപക്ഷീതയെ നിഷേധിച്ച് വ്യക്തിയുടെ സ്വയം നിര്‍ണ്ണയനത്തെ ആത്മാവബോധമാക്കി അദ്ദേഹം ആനന്ദനോട് പറഞ്ഞത് ‘നീ നിന്റെ വെളിച്ചമായിരിക്കട്ടെ’ എന്ന്. വ്യക്തിക്ക് ബാധകമായ ഈ പരികല്‍പ്പനയെ സമൂഹമനസ്സിലേക്ക് സംക്രമിപ്പിക്കുമ്പോള്‍ ഉണ്ടാവുന്ന അവസ്ഥയെ സി.എസ്.രാജേഷ് നിരീക്ഷിക്കുന്നതിപ്രകാരമാണ്.
തുല്യനാണ് ഞാനാര്‍ക്കും
തുല്യരാണാരുമെനിക്കും
ആകയാല്‍ സമതലസന്ധ്യകള്‍ നമ്മള്‍
തങ്ങളില്‍ കേട്ടിരിക്കുന്നവര്‍
(അളവുതൂക്കം)
ബുദ്ധനിലൂടെ കാലാദേശതീതമായി നിലകൊള്ളുന്ന ‘കേട്ടിരിപ്പി’നെ പ്രതിരോധിക്കാന്‍ കഴിഞ്ഞത് ജീവിതാവസ്ഥയെ അദ്യശ്യമാക്കിയ ‘നിറം കെട്ട ആശയങ്ങളിലൂടെ’യാണ്. ഫലമോ, വ്യക്തിയും സമൂഹവും അവബോധനവീകരണത്തിലൂടെ പുനര്‍നിര്‍മ്മിക്കപ്പെടാതെ അന്ധകാരവും പരാജയവും വിധിയായി ഏറ്റു വാങ്ങേണ്ടി വന്നു.
മോക്ഷത്തെ നിഷേധിക്കുന്ന ബുദ്ധന്റെ നിര്‍വ്വാണം, സ്വത്വസ്ഥാപനത്തിലൂടെ അതിജീവനമാകുമ്പോഴാണ് സമകാലീനതയില്‍ പുതിയൊരു നിയോഗമായി മാറുന്നത്. ‘മഴയില്‍ നടക്കുന്ന പുഴയൊഴുകുന്ന അനുഭവ സാന്ദ്രതയാണിത്’ (സൂര്യനിലെ കിളികള്‍) ഇപ്രകാരം കൈവരിക്കുന്ന അവസ്ഥയ്ക്കു മാത്രമാണ്, ആത്മാവബോധത്തെയും സാമൂഹ്യ വ്യവസ്ഥയെയും അടക്കി ഭരിക്കുന്ന പരമാധികാരത്തെ ചോദ്യം ചെയ്യാന്‍ കഴിയുന്നത്. ബുദ്ധ വചനങ്ങളിലൂടെ ഈ കടമ
പൂവിന്- പുല്ലിന്, പുലിക്ക്- പുഴുവിന്
കാടിന്- കടലിന്, കുഴിക്ക്- ഒന്നിന്
പ്രാവിന്- കഴുകന്,
കൊക്കിന് കാക്കയ്ക്കിടയില്‍ സമം വരക്കാം”.
അത്, ബലിയായ മരണത്തെ സ്വാതന്ത്രമാക്കിയും, ആകാശത്തെ അനന്തസാദ്ധ്യതയാക്കിയുമാണ് രൂപപ്പെട്ടിരിക്കുന്നത്. വ്യത്യസ്തമായ ഈ ഭാവ പ്രപഞ്ചം, നദികള്‍ സമുദ്രത്തിലെന്നപോലെ ബുദ്ധനില്‍ ലയിക്കുന്നത് ‘യജ്ഞാനോദയം’ എന്ന സങ്കല്‍പ്പത്തിലൂടെയാണ്. ഇതിനായി
മരങ്ങള്‍ മരങ്ങള്‍ മരങ്ങള്‍ പോലിനി
കരങ്ങള്‍ ചേര്‍ത്തു നടക്കാം
സ്വരങ്ങള്‍ – നമ്മുടെ സ്വരങ്ങളുജ്ജ്വല
ദലങ്ങളായി വിടര്‍ത്താം (മരങ്ങള്‍)
ജ്ഞാനകര്‍മ്മങ്ങളുടെ സംയോജനത്തിലൂടെ സമത്വഗാനമാലപിക്കാനാവുമെന്നാണ് കവിത നല്‍കുന്ന സന്ദേശം.
ബുദ്ധനെ ഡോ.ബി.ആര്‍.അംബേദ്കര്‍ വായിക്കുന്നത് സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം എന്നീ ജനാധിപത്യാശയങ്ങളുടെ പ്രതിനിധാനമായാണ്. മതാത്മക വ്യാഖ്യാനങ്ങളില്‍ പുതഞ്ഞുപോയ അനുഗ്രഹീതന്റെ പുനര്‍നിര്‍മ്മിതിയാണിത്. തന്മൂലം, ബുദ്ധന്‍ പൂജിക്കപ്പെടേണ്ട വിഗ്രഹമായല്ല സമത്വത്തിനും അനാചാരത്തിനും അന്ധവിശ്വാസത്തിനുമെതിരായ പോരാട്ട വീര്യമായാണ് പുനര്‍ജനിച്ചിരിക്കുന്നത്. സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവുമായ സ്വയം നിര്‍ണ്ണയനത്തിനായുള്ള ബുദ്ധന്റെ പരിഭാഷപ്പെടുത്തല്‍ ആത്മാവിനേയും ശരീരകാമനകളേയും നിഷേധിച്ചു വസ്തുനിഷ്ഠലോകവുമായുള്ള പ്രതിപ്രവര്‍ത്തനമായി മാറുന്നുണ്ട്. ഈ വഴിത്താരയിലൂടെയാണ് രാജേഷിന്റെ കവിതയും യാത്ര ചെയ്യുന്നത്.
തങ്ങളിലാരെയും
തുല്യരാക്കീടും
സമത്വ-സാഹോദര്യ
സ്വാതന്ത്ര്യമേ ലക്ഷ്യം (ഒന്നല്ല നമ്മള്‍)
ഇപ്രകാരം സാക്ഷാത്ക്കരിക്കപ്പെടുന്ന ജനാധിപത്യം അധീശത്വങ്ങളെ മറികടക്കുന്നതും, പ്രകാശഭരിതവുമാണെന്ന് കവിത ഭാവന ചെയ്യുന്നു. തന്മൂലം, സാമ്പ്രദായിക വ്യാഖ്യാനങ്ങളില്‍ നിന്നും വിടുതല്‍ നേടാന്‍ കവിതയ്ക്ക് കഴിയുന്നുണ്ട്.
പുതുകാഴ്ച പുതിയൊരുകേഴ്‌വി
പുതുപാഠം പുതിയ വിചാരം
പുതുഭാവം പുതിയൊരു ശബ്ദം
പുതുചോദ്യം പുതിയൊരുബോധ്യം (പുത്തനൊരാള്‍)
മാറുന്ന വ്യവഹാരമണ്ഡലത്തില്‍ മനുഷ്യബന്ധങ്ങളെ നിര്‍വ്വചിക്കാന്‍ കഴിയുന്നതിലൂടെ ”ജനാധിപത്യം ഒരു ഭരണക്രമം എന്നതിനപ്പുറം ജീവിതരീതിയായി മാറുന്നു” (ഡോ.ബി.അംബേദ്കര്‍). ഫലമോ, മനുഷ്യര്‍ സാഹോദര്യത്താല്‍ പരസ്പര ബന്ധിതമായി മാറുമ്പോള്‍” മറ്റൊരു ജീവിതം സാധ്യമാകുന്നു”. കവിതയുള്‍ക്കൊള്ളുന്ന വിളംബരമാണിത്.
വര്‍ത്തമാനകാല സാഹിത്യരചനകള്‍ റിയലിസത്തിന്റേയും കാല്‍പ്പനികതയുടെയും ഭാരം താങ്ങുന്നവയല്ല; മറിച്ച് ചരിത്രാനുഭവങ്ങള്‍ ഉള്‍ക്കൊള്ളുന്നവയണ്. ഇത് സാദ്ധ്യമാക്കുന്നത്, ജീവിതാവസ്ഥയുടെ പ്രതിനിധാനമായ ചിഹ്നരൂപങ്ങളിലൂടെയാണ്. അതുകൊണ്ടാണ് ഭാഷ, പ്രയോഗോന്മുഖമായ വ്യവസ്ഥയായി മാറുന്നത്. ഭാഷയൊരു വിനിമയോപാധിയല്ലാതായി, നിര്‍വ്വഹണോപാധിയാകുമ്പോള്‍ ചിഹ്നരൂപങ്ങള്‍ ഒരേ സമയം അതിജീവനത്തിന്റെ പാഠവല്‍ക്കരണവും ശ്രേണിവല്‍ക്കരണത്തെ മറികടന്ന് സാര്‍വ്വലൗകികവുമായി മാറുന്നു. രാജേഷിന്റെ കവിതകളില്‍ സന്നിവേശിപ്പിച്ചിരിക്കുന്ന മിത്തുകള്‍, പഴഞ്ചൊല്ലുകള്‍, വാമൊഴി,വരമൊഴിയറിവുകള്‍ എന്നിവയോടൊപ്പം പുഴയും മഴയും കാട്ടുപന്നിയും സൂര്യനും കിളികളും മരങ്ങളും ശങ്കരാചാര്യരും വിവേകാനന്ദനും ഭഗത്‌സിംഗും സരോജനീ നായിഡുവും അംബേദ്കറും അനുഷ്ഠാനപരമായിട്ടല്ല ഉപദേശീയതകളെ അതിവര്‍ത്തിക്കുന്നത്. ഈ സവിശേഷതയാണ് അദ്ദേഹത്തിന്റെ കവിതയുടെ ജനകീയവല്‍ക്കരണത്തിന്നടിത്തറയായിരിക്കുന്നത്. അതുകൊണ്ടാണ് വൈലോപ്പിള്ളിയുടെ കാക്ക, കൂരിരുട്ടിന്റെ കിടാത്തിയും ഞങ്ങളെ സ്‌നേഹിക്കുന്നവരുമായിരിക്കുമ്പോള്‍ രാജേഷിന്റെ കാക്ക കറുപ്പാകാതെ കാക്ക മാത്രമാകുന്നത്.
കിളികളാകുന്നതേയില്ല, കാക്കകള്‍
കാക്കകള്‍ മാത്രമാണെവിടെയും.
സ്വരങ്ങളാകുന്നതേയില്ല, കാക്കകള്‍
കാറലുകള്‍ മാത്രമാണെവിടെയും. (കാക്കപ്പാതി)
ഈ സ്വത്വബോധമാണ്, കത്തുന്ന വിശപ്പിനെ സത്യമാക്കുന്നത്.
വ്യത്യസ്തമായൊരു സ്ഥലരാശിയാണ് രാജേഷിന്റെ കവിതകളിലുള്ളത്. അത് പരസ്പരം പോരടിക്കുന്ന കറുപ്പും വെളുപ്പുമല്ല, തന്മൂലം വിജയവും പരാജയവും ഇതില്‍ പ്രസക്തമാകുന്നില്ല. ഈ സ്ഥലരാശിയെ ബാബുറാവുബഗുല്‍ എന്ന നിരൂപകന്‍ ചൂണ്ടിക്കാട്ടുന്നതിപ്രകാരമാണ്. ”ഇന്‍ഡ്യ ഒരേ സമയം രണ്ട് ജീവിതമാണ് ജീവിക്കുന്നത്. ഒന്ന് ഇരുപതാം നൂറ്റാണ്ടിലാണെങ്കില്‍ മറ്റേത് മദ്ധ്യകാലയുഗങ്ങളിലാണ്” (ജീശീെിലറ ആൃലമറ) ഈ വിഭക്ത ലോകം രണ്ടുതരം ജീവിതരീതികളേയും മൂല്യവ്യവസ്ഥയേയും സൃഷ്ടിച്ചിട്ടുണ്ട്, സ്ഥൂലചരിത്രത്തേയും സൂക്ഷ്മചരിത്രത്തേയും. ഇവയെ ഇഴകീറി പരിശോധിക്കുമ്പോഴാണ് വൈവിധ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്.
കാനേഷുമാരികള്‍തോറും അക്കങ്ങള്‍
പിറുപിറുത്തെത്തുന്ന രാഷ്ട്രം
എന്‍നേര്‍ക്ക് വിരലോങ്ങിയില്ല.
എന്നെ മാത്രം എണ്ണിയില്ല.
എന്റെ പേരെങ്കിലും ചോദിച്ചതില്ല (ശാന്തം)
കാര്യങ്ങള്‍ ഇപ്രകാരമാണെങ്കിലും, രാജേഷിന്റെ കവിത ഏതെങ്കിലും ധാരയെ ബഹിഷ്‌ക്കരിക്കുന്നില്ല. കാരണം, എല്ലാത്തരം അധീശത്വവും സൃഷ്ടിക്കുന്നത് ഹിംസയുടെ കുത്തൊഴുക്കാണ്. അവഗണിക്കപ്പെടുന്ന, അടിച്ചമര്‍ത്തപ്പെടുന്ന സാമൂഹ്യവിഭാഗങ്ങളുടെ കര്‍ത്തൃത്വത്തേയും മൂല്യോല്‍പ്പാദനത്തേയുമാണ് മാറ്റങ്ങള്‍ക്കാധാരമാക്കുന്നത്. കുടിയന്‍പട്ടി, എന്ന കവിത ചൂണ്ടിക്കാട്ടുന്നു. തലമുറകള്‍ക്ക് മുമ്പ്, അപ്പനപ്പൂപ്പന്മാരെ ജന്മിമാര്‍ കെട്ടഴിച്ചുവിട്ടു കടിപ്പിച്ച പട്ടിയെ
കവിതയിലെ പ്രണയവും വേറൊന്നാണ്. കാല്‍പ്പനികരെ സംബന്ധിച്ചിടത്തോളം പ്രകൃതിയും സ്ത്രീയും പുരുഷ കാമനകളുടെ വിലോഭനീയതയാണ്. തന്മൂലം രൂപം കൊള്ളുന്നത് പുരുഷന്റെ അധീശത്വവും സ്ത്രീയുടെ വ്യക്തിത്വനിരാസവുമാണ്. ഈ അധീശത്വ ബോധത്തെ മറികടക്കാന്‍ കഴിയുന്നത് സ്ത്രീയും പുരുഷനും ഈശ്വരന്റെ സൃഷ്ടിയാണെന്ന പൊയ്കയില്‍ കുമാരഗുരുവിന്റെ സങ്കല്‍പ്പനങ്ങളിലൂടെയാണ്.
പുഴയായൊഴുകി നീയെത്തി
അഴിമുഖമായി ഞാന്‍ കാത്തുനിന്നു
സാഗരമായി നീ മാറി, ചക്രവാളമായ്
ഞാന്‍ തൊട്ടുനിന്നു (ചില്ലാട്ടം)
പാരസ്പര്യത്തിന്റേയും സ്വയം സമര്‍പ്പണത്തിന്റേതുമായ ഇത്തരമൊരു ഭൂമികയില്‍ ഭേദചിന്തകള്‍ മാഞ്ഞുപോകുന്നു. ഇതോടെ പ്രണയം അനുഭൂതിയില്‍ നിന്നും മുക്തമായ അനുഭവമായി പരിവര്‍ത്തനപ്പെടുന്നു. കൂരനേയും ചീരനേയും തേവനേയും കണ്ടനേയും ഉയിരോടെ മൂടിയ ഭൂതകാലമാണ് പ്രണയാനുഭവത്തെ ശരീരങ്ങളുടെ സംയോജനമാക്കുന്നത്. ഇതോടെ, മഞ്ഞുള്ള പുലരിയിലും മഴയുള്ള സന്ധ്യയിലും നിലാവുപെയ്യുന്ന രാവുകളിലും ഞാനും നീയും അല്ല നമ്മളാണ് മഴ വീഴുന്ന ഓര്‍മ്മകളിലൂടെ ഒഴുകിപ്പോകുന്നത്. ഇപ്രകാരം, ജീവിതത്തില്‍ മാത്രമല്ല, വിധിയിലും സ്ത്രീയും പുരുഷനും ഒരേകകമാണെന്നതിനാലാണ് പേരുകള്‍ ചേര്‍ത്തെഴുതുമ്പോള്‍ പ്രണയം ജനിക്കുന്നത്.
ദ്വന്ദാത്മകതയെ നിഷേധിക്കുന്ന കവിത, വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നും ഒളിച്ചോടുന്നില്ല, അതിനെ അഭിസംബോധന ചെയ്യുകയാണ്. രാഷ്ട്രം എന്റെ നേരെ വിരല്‍ ചൂണ്ടുന്നില്ലെന്ന് പരതപിക്കുമ്പോള്‍ തന്നെ, ജീവിക്കുന്ന ഇരുണ്ട കാലത്തെ തിരിച്ചറിഞ്ഞുകൊണ്ട് ‘മീനുകള്‍ക്ക് ചുണ്ടനക്കം’ മതിയെന്ന സത്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നു. (ആരാണ് ശത്രു?) ജ്ഞാനപ്പഴം എന്ന കവിതയില്‍, കീഴാള വീടുകളിലെ ആഘോഷങ്ങളില്‍ പങ്കെടുക്കുമ്പോള്‍ ഭക്ഷണം കഴിക്കാന്‍ മുതിരാതെ, പകരം പഴം മാത്രം കഴിച്ചുമടങ്ങുന്ന സവര്‍ണ്ണന്‍, അവര്‍ണ്ണരോട് പുലര്‍ത്തുന്ന സാഹോദര്യത്തിന്റെ നിഷേധമാണ് മാറിയ കാലത്തുമുള്ളത്. ഇതോടൊപ്പം നിലനില്ക്കുന്നത് ദുര്‍വ്വഹമായ ജീവിതാവസ്ഥയാണ്. കവിതയില്‍ ഈ കാര്യം സൂചിതമാകുന്നത്, ”ജപ്തിനോട്ടീസ് പതിച്ച ജീവിതത്തിന്റെ തിണ്ണയില്‍ പട്ടികള്‍ പെറ്റുകൂട്ടുന്നു”വെന്ന പ്രസ്താവനയിലൂടെയാണ്. ഇത്തരം തിരിച്ചറിവുകള അവബോധമായി പരിവര്‍ത്തനപ്പെടുത്തുന്നിതലൂടെയാണ് കുഞ്ചന്‍ നമ്പ്യാരില്‍ നിന്നും അകലം പാലിക്കുന്ന കവിത വിരുദ്ധോക്തിയിലൂടെ നേരിലേയ്ക്കുള്ള വാതില്‍ തുറക്കുന്നത്.
ജാതി വ്യവസ്ഥയുടെ സാന്നിധ്യത്തെയും രാജേഷിന്റെ കവിത അഭിസംബോധന ചെയ്യുന്നുണ്ട്. ഈ ആഖ്യാനത്തിന്റെ ഉള്ളടക്കം പ്രദീപന്‍ പാമ്പരിക്കുന്നിന്റെ വാക്കുകളില്‍ ഇപ്രകാരം വായിച്ചെടുക്കാം. ”ആന്തരികമായി ജാതിയെ പുല്‍കിപുറത്ത് ജാതിമതരഹിതരായി ജീവിക്കാന്‍ നാം പരിശീലിപ്പിക്കപ്പെട്ടു. ജാതിമതങ്ങളെ ഒഴിവാക്കി പോവുകയായിരുന്നു നാം. സെക്കുലറിസ്റ്റുകള്‍ അതിനെ അഭിമുഖീകരിക്കുകയും പരിഹഹിക്കുകയുമായിരുന്നില്ല എന്നര്‍ത്ഥം. സവര്‍ണ്ണതയെ പൊതുസമൂഹമായും കീഴാളതയെ സ്വത്വമായും രൂപപ്പെടുത്തുന്ന സമീപനമാണത് നിലനിര്‍ത്തിയത്. മാര്‍ക്‌സിസ്റ്റുകളാവട്ടെ സവര്‍ണ്ണരെ സമുദായമെന്ന നിലയില്‍ അഭിസംബോധന ചെയ്യാറില്ല. അപ്പോള്‍ ആ സമുദായം നേടിയ അസമമായ വികാസം വെളിപ്പെടും. അതിന്റെ അന്യായം പൊതുസമൂഹം ചര്‍ച്ച ചെയ്യും. അത് സമര്‍ത്ഥമായി തടയപ്പെട്ടു. ജാതി-മതസംഘടനകളുമായി സംവാദം സാധ്യമല്ലാതായി തീര്‍ന്നത് അങ്ങിനെയാണ്.” (തെളിയുന്ന ജാതിയും വളരുന്ന വര്‍ഗ്ഗവും) ജ്ഞാനപ്പഴം എന്ന കവിതയില്‍ ഈ വ്യവഹാരമണ്ഡലം സാമൂഹ്യമാണെങ്കില്‍, നിരവധി കവിതകളില്‍ രാഷ്ട്രീയമാണത് നിലനില്ക്കുന്നത്. ഇതാകട്ടെ, ജാതിയെ അദൃശ്യമാക്കുന്ന, കീഴാളരുടെ വിധിയാക്കുന്ന, വര്‍ഗ്ഗാവസ്ഥയെയാണ് വിചാരണ ചെയ്യുന്നത്.
ജാഥയായി ചെന്ന
വര്‍ഗ്ഗമനുഷ്യര്‍
ജാതിക്കാരുകെട്ടിയ
മതിലു പൊളിച്ചു
…………………………..
……………………………
കതക് തുറന്നതെല്ലാം
ജാതിപെണ്ണുങ്ങള്‍ (ജാതിമതില്‍)
മറ്റൊരു കവിതയില്‍ സ്ഥലത്തെ പ്രധാന വിപ്ലവകാരികളെല്ലാം അറിയപ്പെടുന്നത് കുറുപ്പുചേട്ടന്‍, പിള്ളച്ചേട്ടന്‍, മേനോന്‍സാറ,് വാര്യര്‍സാറ്, എന്നിങ്ങനെയായിരിക്കുമ്പോള്‍ തന്നെ, രാഷ്ട്രീയമായ വേഷപ്പകര്‍ച്ചയിലവര്‍ ‘ഉണ്ണിത്താന്‍ സഖാവും’, ‘വര്‍മ്മ സഖാവും’, ‘ശര്‍മ്മസഖാവും’, നമ്പൂതിരി സഖാവും, നായനാര്‍ സഖാവുമായി മാറുന്നുണ്ട്. ഇത്തരം വിശകലനങ്ങള്‍ക്കാധാരമാക്കുന്നത് വാക്കുകള്‍ക്കുള്ളില്‍ മൂടിവച്ച അകം കാഴ്ചകളെയാണ്. ആഖ്യാനത്തിലെ ഈ മൗലികതയാണ് മുന്‍കൂട്ടി നിശ്ചയിച്ച സാമ്പ്രദായിക പ്രത്യയശാസ്ത്ര
വാക്കുകളെ പ്രവര്‍ത്തിയാക്കുന്നതിലൂടെയാണ് സാഹിത്യരചനകള്‍ അനുഭൂതികളെ നിഷേധിച്ചു ചരിത്രാനുഭവങ്ങളുടെ ആവിഷ്‌ക്കാരമാകുന്നത്. ഇത് പുതിയ ലാവണ്യശാസ്ത്രത്തെക്കുറിച്ചുള്ള അന്വേഷണമായി മാറുന്നുണ്ട്. ഇന്‍ഡ്യയിലെ അധീശവര്‍ഗ്ഗങ്ങളുടെ ലാവണ്യശാസ്ത്രമാണ് അനുഭൂതികളുടെ ആവിഷ്‌ക്കാരം. ബ്രാഹ്മണിസ്റ്റ്/സവര്‍ണ്ണചിന്താബോധത്തില്‍ രൂപപ്പെട്ട രസസിദ്ധാന്തമാണതിന്നടിസ്ഥാനം. ‘വാക്യം രസാത്മകം കാവ്യം’ എന്ന നിര്‍വ്വചനത്തിലൂടെ വസ്തുനിഷ്ഠലോകത്തിനന്യമായ ഈ ലാവണ്യശാസ്ത്രം, കലാസാഹിത്യങ്ങളെ ചരിത്രത്തിലുടനീളം വരേണ്യവല്‍ക്കരിക്കുക മാത്രമല്ല, കീഴാളരെ ആവിഷ്‌ക്കാരങ്ങളില്‍ നിന്നും ആട്ടിയകറ്റുകയായിരുന്നു. ബഹുഭൂരിപക്ഷത്തിനും അക്ഷരം നിഷേധിക്കപ്പെട്ട മുന്‍ചൊന്ന വ്യവഹാരമണ്ഡലം സ്ഥാപനവല്‍ക്കരിക്കപ്പെടുകയായിരുന്നു. എന്നാല്‍, ആധുനികതയുടെ കടന്നുവരവോടെ അക്ഷരങ്ങള്‍ പൊതുസ്വത്തായി മാറിയെങ്കിലും, അടിത്തട്ടിന്റെ സാമൂഹ്യ-സാംസ്‌കാരികേച്ഛയുടെ പ്രതിനിധാനങ്ങള്‍ അവയില്‍ അപൂര്‍വ്വമായിരുന്നു.
മലയാള സാഹിത്യത്തില്‍ രൂപഭദ്രതാ വാദത്തിലൂടെ മുന്‍പ് ചൂണ്ടിക്കാണിച്ച പ്രതിസന്ധി മറികടക്കാന്‍ മുണ്ടശ്ശേരി ശ്രമിച്ചെങ്കിലും സ്ഥാപനവല്‍ക്കരിക്കപ്പെട്ട ലാവണ്യശാസ്ത്രത്തെ നിഷേധിക്കാനദ്ദേഹത്തിന് കഴിഞ്ഞില്ല. കമ്മ്യൂണിസ്റ്റു പ്രത്യയശാസ്ത്രമുള്‍ക്കൊണ്ട ബി.രാജീവന്‍ ”അനുഭൂതികളിലെ വര്‍ഗ്ഗ സമരം ”എന്ന പരികല്‍പ്പനയിലൂടെ പഴയ ലാവണ്യശാസ്ത്രത്തെ പുതുക്കാന്‍ ശ്രമിക്കുകയാണ് ചെയ്തത്. ഇത്തരം പുതുക്കലുകള്‍ നിഷേധിക്കപ്പെടുന്നത് ചരിത്രാനുഭവങ്ങളിലൂടെ വസ്തുനിഷ്ഠലോകത്തിന്റെ പൊളിച്ചെഴുത്ത് കലാസൃഷ്ടികളുടെ ലക്ഷ്യമായതോടെയാണ്. വറ്റിയ കാലത്തിന്റെ പുതുലാവണ്യശാസ്ത്രത്തെ കവിതയില്‍ സന്നിവേശിപ്പിക്കാന്‍ കഴിഞ്ഞതിലൂടെയാണ് രാജേഷിന്റെ കവിതകള്‍ സമകാലീനതയുടെ ചരിത്രപാഠമായി മാറുന്നത്. ചുരുക്കത്തില്‍; ബുദ്ധന്റെ പ്രഭാവം തിളങ്ങുന്ന വര്‍ത്തമാന കാലത്തിന്റെ ജനകീയ കവിതയാണ് രാജേഷിന്റേതെന്ന് തിരിച്ചറിയേണ്ടതുണ്ട്.