ഫോക്‌ലോറിസം മാത്രമല്ല ദലിത് സംസ്കാര-സാഹിത്യ പഠനങ്ങൾ: ഒ.കെ സന്തോഷ്‌ സംസാരിക്കുന്നു

എതിരാളികളെ സൃഷ്ടിക്കുന്ന വ്യവഹാരമല്ല ‘ദലിത് രാഷ്ട്രീയം’. സമൂഹത്തെ ജനാധിപത്യവത്കരിക്കാനും, നിലവിലുള്ള അഭാവങ്ങളെക്കുറിച്ച് ചർച്ചചെയ്യാനും, സാമൂഹികനീതി എന്നത് മനുഷ്യരുടെ അടിസ്ഥാന പ്രമേയമാണെന്ന് പറയാനുമാണ് ദലിത് രാഷ്ട്രീയം, അല്ലെങ്കിൽ ദലിത് സംസ്കാര വിമർശനം ഉപയോഗിക്കുന്നത്. ‘അനുഭവങ്ങൾ, അടയാളങ്ങൾ: ദലിത് ആഖ്യാനം, രാഷ്ട്രീയം’ എന്ന പുതിയ പുസ്തകത്തിന്റെ പശ്ചാത്തലത്തിൽ ഡോ. ഒ.കെ സന്തോഷ്‌ സംസാരിക്കുന്നു.

അനുഭവങ്ങൾ, അടയാളങ്ങൾ: ദലിത് ആഖ്യാനം, രാഷ്ട്രീയം എന്ന താങ്കളുടെ പുതിയ പുസ്തകം മുന്നോട്ടു വെക്കുന്ന ആശയലോകം എന്താണ്? ഈ രചനയിലേക്ക് വന്ന സാഹചര്യം കൂടി വിശദീകരിക്കാമോ?

വിദ്യാർത്ഥിയായിരുന്ന കാലം മുതൽക്കേ സംഘടനാ പ്രവർത്തനങ്ങളിൽ ഞാൻ സജീവമായിരുന്നു. ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ വിദ്യാർത്ഥി-യുവജന പ്രസ്ഥാനങ്ങളിലെ പ്രവർത്തനാനുഭവങ്ങൾ ഇതിൽ പ്രധാനമാണ്. ഇത്തരത്തിൽ രാഷ്ട്രീയവും സാമൂഹികവുമായുള്ള ഒരു ജൈവബന്ധം സൂക്ഷിക്കാൻ എനിക്കു സാധിച്ചിട്ടുണ്ട്. പി.ജി വിദ്യാർത്ഥിയായിരുന്ന കാലത്ത് കേരളത്തിലെ സർവകലാശാല ക്യാമ്പസുകളിൽ ‘ദലിത് സ്റ്റുഡന്റസ് മൂവ്മെന്റ്’ എന്ന പ്രസ്ഥാനം രൂപപ്പെടുകയും സജീവമാവുകയും ചെയ്തു. ഒരു കൂട്ടം വിദ്യാർത്ഥികളുടെ സംവാദ സദസ്സായിരുന്നു അത്. ഞങ്ങൾക്ക് മെമ്പർഷിപ്പോ കൊടിയോ ഭരണഘടനയോ തെരഞ്ഞെടുപ്പുകളോ ഇല്ലായിരുന്നു. പക്ഷേ സാഹിത്യം, സംസ്കാരം, രാഷ്ട്രീയം എന്നിവ ഞങ്ങൾ നിരന്തരം ചർച്ച ചെയ്യുമായിരുന്നു. മറ്റു വിദ്യാർത്ഥി പ്രസ്ഥാനങ്ങളുടെ ലക്ഷ്യങ്ങളിൽ നിന്നും വ്യത്യസ്തമായി ചില ആലോചനകളിലൂടെയാണ് ഞങ്ങൾ വിദ്യാർത്ഥി രാഷ്ട്രീയത്തെ മുന്നോട്ടു കൊണ്ടുപോയത്. അതിന്റെ റിസൾട്ട് പിന്നീട് എഴുത്തിലും ഗവേഷണത്തിലും ധാരാളമായി കടന്നുവന്നു. ഡോ. എം.ബി മനോജ്, ഡോ. എ.കെ വാസു, ഡോ. രേഖാ രാജ്, ഒ.പി രവീന്ദ്രൻ, അരുൺ അശോകൻ, സിമി കോറോട്ട്, സജിൻ പി.ജെ തുടങ്ങി പിൽക്കാലത്ത് അധ്യാപകരും ഗവേഷകരും എഴുത്തുകാരുമായി മാറിയ ഒട്ടേറെപ്പേർ ഏറിയും കുറഞ്ഞും ഈ പ്രസ്ഥാനത്തിന്റെ ഭാഗമായവരാണ്. കെ.കെ കൊച്ചിന്റെ ആത്മകഥയിൽ ഒരു അധ്യായം തന്നെ ഞങ്ങളെക്കുറിച്ചും പ്രസ്ഥാനത്തെക്കുറിച്ചും പറയാൻ നീക്കിവെച്ചുവെന്നത് പ്രധാനപ്പെട്ട കാര്യമായി കരുതുന്നു.

ബിരുദാനന്തര ബിരുദത്തിന്റെ ഭാഗമായി തയ്യാറാക്കിയ പ്രബന്ധം സി. അയ്യപ്പൻ, ടി.കെ.സി വടുതല, പി.എ ഉത്തമൻ എന്നിവരുടെ കഥകളെ മുൻനിർത്തിയുള്ള പഠനമായിരുന്നു. അന്ന്, 2005 ഫെബ്രുവരിയിലെ മാധ്യമം ആഴ്ചപ്പതിപ്പിൽ വളരെ പ്രാധാന്യത്തോടെ രണ്ടു ലക്കമായി അതു പ്രസിദ്ധീകരിച്ചത് എഴുതുവാനുള്ള ആത്മവിശ്വാസം തന്നു. പിന്നീട് ഈ മേഖലയിൽ നിരന്തരമായി ഇടപെടുന്നവരോടൊപ്പം താമസിക്കുകയും സമ്മേളനങ്ങളിൽ പങ്കെടുക്കുകയും യാത്ര ചെയ്യുകയും അഭിമുഖങ്ങൾ നടത്തുകയും ചെയ്തിരുന്നു. അത്തരമൊരു സന്ദർഭത്തിലാണ് ഈ പുസ്തകത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പുകൾ നടന്നത്. മലയാളത്തിൽ ആദ്യമായി ദലിത് സംവാദങ്ങളെ കുറിച്ച് പുസ്തകം സമഗ്രമായി ഇറങ്ങുന്നത് പ്രദീപൻ പാമ്പിരിക്കുന്നിന്റേതാണ്. പോൾ ചിറക്കരോട്, ജെ.ജെ പള്ളത്ത്, ടി.എം. യേശുദാസൻ എന്നിവരെപ്പോലുള്ളവരുടെ പുസ്തകങ്ങൾ മുൻപ് വന്നിട്ടുണ്ടെങ്കിലും ഏകീകൃതമോ വിപുലമോ ആയ സ്വഭാവം അവയ്ക്കില്ലായിരുന്നു. പ്രദീപൻ പാമ്പിരിക്കുന്നിന്റെ ആദ്യ പുസ്തകമാവട്ടെ ഇൻഡ്യയുടെ ദീർഘ പാരമ്പര്യത്തിലും ചരിത്രത്തിലുമാണ് തുടങ്ങുന്നത്. എന്റെ പുസ്തകത്തിൽ മുൻപ് വിശദീകരിച്ച ചരിത്രമില്ല. 1970കൾക്കു ശേഷം ഇൻഡ്യയിൽ നടന്നിട്ടുള്ള സംവാദങ്ങളാണ് എന്റെ പ്രധാന പ്രമേയം. 2010ൽ ഗവേഷണത്തിന്റെ ഭാഗമായി എഴുതി തീർത്തതാണിത്. നാലു പതിറ്റാണ്ടിന്റെ ദേശീയമായ ചർച്ചകളും അതിനോടനുബന്ധിച്ച് കേരളത്തിലുണ്ടായ രാഷ്ട്രീയ, സാംസ്കാരിക, സാഹിത്യ മേഖലയിലെ ചർച്ചകളുമാണ് ആദ്യത്തെ രണ്ട് അധ്യായത്തിൽ പറയുന്നത്. മൂന്നാം അധ്യായത്തിൽ എന്റെ ഗവേഷണ-പഠന വിഷയമായ ആത്മകഥകളുടെ സൈദ്ധാന്തിക തലങ്ങൾ വിശദീകരിക്കുന്നു. ഏറ്റവും ഒടുവിലത്തെ അധ്യായത്തിൽ കല്ലേൻ പൊക്കുടൻ, പാമ, സി.കെ ജാനു, ശരൺ കുമാർ ലിംബാലെ എന്നിവരുടെ ആത്മ-ജീവിത കഥകൾ പഠനവിഷയമാക്കുന്നു. 2010ൽ എഴുതി തീർത്തപ്പോൾ ഉണ്ടായിരുന്നതിൽ നിന്നും വ്യത്യസ്തമായി സി.കെ ജാനുവിന്റെ വ്യക്തിജീവിതവും രാഷ്ട്രീയ ജീവിതവും ഇന്നു മാറിയിട്ടുണ്ട്. ഞാൻ പഠനവിഷയമാക്കിയത് അവരുടെ പുസ്തകമാണ്. അതുകൊണ്ട് ഇപ്പോൾ വായിക്കുമ്പോഴും തിരുത്തലിന്റെ ആവശ്യം എനിക്ക് തോന്നിയിട്ടില്ല. ഇന്നത്തെ സി.കെ ജാനു അന്നു പറഞ്ഞ രാഷ്ട്രീയത്തിന് വിപരീത ധ്രുവത്തിലാണെങ്കിലും സാഹിത്യ കേന്ദ്രിത പഠനങ്ങൾക്ക് പ്രസക്തിയുണ്ടെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അത് പാഠങ്ങളായി നിലനിൽക്കുന്നതു കൊണ്ടാണ് സാധ്യതയും പ്രസക്തിയും വർദ്ധിക്കുന്നത്.

കീഴാള ദലിത് ജീവിതങ്ങൾ ആവിഷ്കരിക്കുന്ന ആത്മകഥകളോട് പ്രസാധകർ പുലർത്തുന്ന സമീപനം എപ്രകാരമാണ്?

മലയാളത്തിലെന്നല്ല ഒട്ടുമിക്ക ഭാഷയിലുള്ള പ്രസാധകർക്കും ഈ മേഖലയിൽ നല്ല താൽപ്പര്യമുണ്ട്. അത് ഗുണപരമായ മാറ്റവുമാണ്. കാരണം സെലീന പ്രക്കാനത്തിന്റെ ആത്മകഥയായ ‘ചെങ്ങറ സമരവും എന്റെ ജീവിതവും’ കേട്ടെഴുതുന്നത് ഞാനും സുഹൃത്തായ ഡോ. എം.ബി മനോജും ചേർന്നാണ്. ഡി.സി ബുക്സിന്റെ എഡിറ്റോറിയൽ ബോർഡ് മെമ്പറായിരുന്ന രാംദാസ് ആണ് ഇങ്ങനെയൊരു ആശയം പറയുന്നത്. കെ.കെ കൊച്ചിന്റെ ആത്മകഥ വളരെയധികം ചർച്ച ചെയ്യപ്പെടുകയും ധാരാളം പതിപ്പുകൾ ഇറങ്ങുകയും ചെയ്യുന്നുണ്ട്. രജനി പാലപ്പറമ്പിലിന്റെ ഗൂസ്ബറി ബുക്സ് പ്രസിദ്ധീകരിച്ച ‘ആ നെല്ലിമരം പുല്ലാണ്’ എന്ന ആത്മകഥ നന്നായി വായിക്കപ്പെട്ടു. ഈ ആത്മകഥകൾ വായിക്കപ്പെടുന്നതിനു കാരണം ലളിതാംബിക അന്തർജനത്തെയും വി.ടി ഭട്ടതിരിപ്പാടിനെയും വായിച്ചറിഞ്ഞ കേരളത്തിനും അവരുടെ അനുഭവത്തിനും പുറത്തൊരു കേരളമുണ്ടെന്ന് തിരിച്ചറിയാൻ കൂടിയാണ്. സുകുമാരൻ ചാലിഗദ്ധയും സുരേഷ് മാവിലനും ധന്യ വേങ്ങച്ചേരിയും ഈ കേരളത്തിലുണ്ടെന്നും, അവർ കവിതകൾ എഴുതാറുണ്ടെന്നും തിരിച്ചറിയാനും വായിക്കാനും കഴിയുന്ന വിധത്തിൽ ഭാവുകത്വപരമായും ധാർമികമായും ജനാധിപത്യപരമായും കേരളം മാറിയിട്ടുണ്ട്. വ്യത്യസ്തതകളെ ഉൾക്കൊള്ളുന്ന, സഹഭാവം കാണിക്കുന്ന ആ കേരളത്തെയാണ് എന്റെ എഴുത്തുകളും പുതിയ പുസ്തകവും ഉൾക്കൊള്ളുന്നതെന്ന് പറയുന്നതിൽ സന്തോഷമുണ്ട്.

മലയാളത്തിലെ വരേണ്യ ഭാവുകത്വത്തെയും ഭാവനയെയും ചോദ്യം ചെയ്യുന്ന തരത്തിലാണ് താങ്കളുടെ മിക്ക പുസ്തകങ്ങളും. ഇത്തരത്തിലുള്ള സാമൂഹിക ഇടപെടലുകൾക്ക് കാരണം?

വരേണ്യ ഭാവുകത്വം പ്രബലമാണെങ്കിലും അദൃശ്യമാണ്. അതിനു ജാതി ഐഡന്റിറ്റി ഇല്ല. അത് മനുഷ്യ ഭാവുകത്വമായി നിർവചിക്കപ്പെടുകയും, ദലിത് ഭാവുകത്വം ഏതെങ്കിലുമൊരു സവിശേഷ വിഭാഗത്തിന്റെ ഭാവുകത്വമെന്ന നിലയിൽ വിഭാഗീയമായി വിലയിരുത്തുകയും ചെയ്യുന്ന സാഹചര്യമുണ്ട്. ഇന്ദുലേഖയെ നായർ സമുദായത്തിന്റെ നോവലായല്ല, മലയാള നോവലായാണ് കാണുന്നത്. രാജു കെ. വാസുവിന്റെ ‘ചാവുതുള്ളൽ’, ‘പോളപ്പതം’ എന്നിവ ഒരു പ്രത്യേക സമൂഹത്തിന്റെ എഴുത്തായി മാറുന്നു. ആ നിർവചനമാണ് അടിസ്ഥാനപരമായി മാറേണ്ടത്. ജനറൽ കാറ്റഗറി എന്നാൽ ജനറൽ കാറ്റഗറി മാത്രമാണ്. നായർ, നമ്പൂതിരി വേർതിരിവൊന്നും അതിലില്ല. അതേസമയം ഒബിസിയിൽ ജാതിയുണ്ട്, മതമുണ്ട്. ജനറൽ ഭാവുകത്വത്തിന്റെ വിസിബിലിറ്റിയെയാണ് നമ്മൾ ചോദ്യം ചെയ്യേണ്ടത്. ഇന്ദുലേഖ എന്ന നോവൽ നായർ ജീവിതത്തെക്കുറിച്ചാണെന്നും, ‘അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്’ എന്ന നാടകം നമ്പൂതിരി ജീവിതത്തെക്കുറിച്ചുള്ളതാണെന്നും നമ്മൾ വീണ്ടും ഊന്നിയൂന്നി പറഞ്ഞെങ്കിൽ മാത്രമേ വരേണ്യ ഭാവുകത്വത്തിന്റെ യുക്തി മനസ്സിലാവുകയുള്ളൂ. വാസ്തവത്തിൽ ജാതിയും രാഷ്ട്രീയവുമില്ലാത്ത എന്ത് വ്യവഹാരമാണ് സമൂഹത്തിലുള്ളത്. പണ്ട് മലയാള ഭാവുകത്വമെന്നു കരുതിപ്പോന്നവയാണ് യഥാർത്ഥത്തിൽ വരേണ്യ ഭാവുകത്വം. കീഴാള പക്ഷത്തു നിന്നുള്ള എഴുത്തുകൾ കടന്നുവന്നതോടുകൂടി പൊതു ഭാവുകത്വം എന്നത് വരേണ്യ ഭാവുകത്വവുമായി തിരിച്ചറിയപ്പെട്ടു. ഈ തിരിച്ചറിവ് തന്നെ പുതിയകാല വിമർശനത്തിലുണ്ടായ മാറ്റമായാണ് ഞാൻ കാണുന്നത്.

ഡോ. ഒ.കെ സന്തോഷ്‌

ദലിത് സംസ്കാര പഠനങ്ങളും രാഷ്ട്രീയ ധാരണകളും കേരളീയ പൊതുസമൂഹത്തിൽ നാടോടി പാരമ്പര്യം മാത്രമായി ഒതുങ്ങിപ്പോകുന്നത് പതിവു രീതിയാണ്. ഇതിനെ എപ്രകാരം നോക്കിക്കാണുന്നു?

ഞാനതിനോട് വിയോജിക്കാറുണ്ട്. എതിരാളികളെ സൃഷ്ടിക്കുന്ന ഒരു വ്യവഹാരമല്ല ദലിത് രാഷ്ട്രീയം. സമൂഹത്തെ ജനാധിപത്യവത്കരിക്കാനും നിലവിലുള്ള അഭാവങ്ങളെക്കുറിച്ച് ചർച്ചചെയ്യാനും സാമൂഹികനീതി എന്നത് മനുഷ്യരുടെ അടിസ്ഥാന പ്രമേയമാണെന്നും പറയുന്നതിനാണ് ദലിത് രാഷ്ട്രീയം, അല്ലെങ്കിൽ ദലിത് സംസ്കാര വിമർശനം ഉപയോഗിക്കുന്നത്. എല്ലാ സമൂഹത്തിനും ചരിത്രമുണ്ട്. ചരിത്രത്തിൽ നിന്നും എല്ലാം എടുക്കാനാകുന്നുണ്ടോ എന്ന പ്രശ്നം ദലിത്-ആദിവാസി സമൂഹം നേരിടുന്നുണ്ട്. നാടോടി വിജ്ഞാനീയം, നാടൻകലകൾ, നാടൻപാട്ടുകൾ, കാർഷികവൃത്തിയുമായി ബന്ധപ്പെട്ടിട്ടുള്ള ഭൂതകാല ചിഹ്നങ്ങൾ ഇതെല്ലാമാണ് പൊതുബോധത്തിൽ ദലിത് വ്യവഹാരത്തിന്റെ ശക്തമായ സൂചനയായി ഇന്നും നിലനിൽക്കുന്നത്. ആധുനിക വിജ്ഞാനവും ആധുനിക സ്ഥാപനങ്ങളും അതിന്റെ ചിഹ്നവ്യവസ്ഥയുമായി ജനാധിപത്യ പ്രക്രിയയിലേക്ക് വരേണ്ടതുണ്ട്. ഇന്നത്തെ കേരളത്തിന് ഏറ്റവും ഇഷ്ടപ്പെട്ട ദലിത് വ്യവഹാരമാണ് ഫോക്ലോർ വ്യവഹാരം. അക്കാദമീഷ്യൻസിനും ക്ഷേത്ര കമ്മിറ്റിക്കാർക്കും കലാകാരന്മാർക്കും പുരോഗമന സമൂഹത്തിനും അതിൽ വലിയ താൽപ്പര്യമാണ്. യഥാർത്ഥത്തിൽ ഇതല്ല ദലിത് രാഷ്ട്രീയം. വൈജ്ഞാനികവും സർഗാത്മകവും ആധുനികവുമായിട്ടുള്ള ആശയങ്ങളാണ് ദലിത് രാഷ്ട്രീയത്തെയും ചിന്തകളെയും മുന്നോട്ടുള്ള ചലനങ്ങളെയും സാധ്യമാക്കുന്നത്. ഇത്തരത്തിലുള്ള രാഷ്ട്രീയ ചോദ്യങ്ങൾ നിരന്തരം ഉന്നയിക്കുവാനാണ് ഞാൻ എഴുത്തിലൂടെ ശ്രമിക്കാറുള്ളത്. ജനപ്രിയ ദലിത് വ്യവഹാരത്തിന്റെ ഭാഗമല്ല എന്റെ ഇടപെടലുകളെന്ന് നന്നായറിയാം. അപ്രകാരമാണ് വൈജ്ഞാനികാടിത്തറയിൽ നിന്നുകൊണ്ട് എഴുതുന്ന ദലിത് വ്യവഹാരങ്ങൾക്കുള്ളത്.

ദലിത് രാഷ്ട്രീയം എന്നത് വൈകാരികമായ പ്രക്ഷോഭങ്ങളുടെ മാത്രം രാഷ്ട്രീയമായി മാറുകയും താങ്കളെപ്പോലെ വൈജ്ഞാനികവും സർഗാത്മകവുമായ ഇടപെടുന്നവർക്ക് പലപ്പോഴും ശ്രദ്ധ ലഭിക്കാതെ പോകുന്നതായും നിരീക്ഷിച്ചിട്ടുണ്ടോ?

വ്യക്തിപരമായ പ്രശ്നത്തെക്കാളുപരി പൊതുവായ അഭിപ്രായമാണ് ഇക്കാര്യത്തിലുള്ളത്. മുൻപ് കേരള നിയമസഭയിലെ 139 എംഎൽഎമാരേക്കാൾ കൂടുതൽ ചാനൽ ചർച്ചകളിൽ ഉൾപ്പെടെ പി.സി ജോർജിനു കിട്ടിയ സ്പേസ് അതിനുദാഹരണമാണ്. ഏതൊരു വിഷയത്തിലും അയാൾക്ക് അഭിപ്രായമുണ്ട്. വൈകാരികമായി പ്രശ്നങ്ങളെ സമീപിക്കുന്നവർക്കാണ് ഇന്ന് പ്രാധാന്യം. രാഷ്ട്രീയ നിരീക്ഷകർ എന്ന ലേബലിൽ ന്യൂസ് ചാനലുകളിൽ കടന്നുവരുന്നവരും ഒരുപാട് ഫോളോവേഴ്സ് ഉള്ള സോഷ്യൽ മീഡിയ അക്കൗണ്ടുകളും ഇതിനുദാഹരണമാണ്. ഇതൊരു തന്ത്രമാണ്. ഇത്തരം വൈകാരിക ഇടപെടലുകളോട് വിയോജിക്കുന്ന ഒരാളാണ് ഞാൻ. കാരണം ഇതൊന്നും വൈകാരികമായി ഇടപെടേണ്ട വിഷയങ്ങളല്ല. 1927 മഹദ് മുൻസിപ്പാലിറ്റിയിലെ പൊതുകുളത്തിൽ നിന്നും വെള്ളം എടുക്കാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടിയാണ് അംബേഡ്കർ ആദ്യമായി പ്രത്യക്ഷ സമരത്തിനിറങ്ങിയത്. സവർണർക്ക് മാത്രം വെള്ളമെടുക്കാൻ അവകാശമുണ്ടായിരുന്ന കുളത്തിലേക്ക് മാർച്ച് നടത്തിയ അംബേഡ്കറും സംഘവും സവർണരുടെ പ്രത്യാക്രമണത്താൽ പരാജയപ്പെടുന്നുണ്ട്. അംബേഡ്കറിന്റെ അടുത്ത അനുയായികൾ അദ്ദേഹത്തോട് ചോദിക്കുന്നുണ്ട് ‘തിരിച്ചടിക്ക്’ എന്ന്. അന്ന് “തിരിച്ചടിക്കേണ്ട, സംയമനം പാലിക്കുക” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സവർണരുടെ കായിക ബലത്തെ അദ്ദേഹം വൈജ്ഞാനികമായാണ് നേരിട്ടത്. ആ സൂക്ഷ്മത അദ്ദേഹം ഭരണഘടന എഴുതിയപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്. പ്രിവിലേജ് ഇല്ലാത്ത ജനവിഭാഗത്തിന് കൃത്യമായി പ്രിവില്ലേജുകൾ കൊടുക്കാനായി അദ്ദേഹം പരിശ്രമിച്ചു. അതുകൊണ്ടാണ് ഇൻഡ്യയിലെ ദലിതർക്ക് പൗരത്വം ലഭിച്ചത് ഭരണഘടന വന്നതോടു കൂടിയാണെന്ന് എം. കുഞ്ഞാമനെ പോലുള്ളവർ അഭിപ്രായപ്പെടുന്നത്. അതിനു മുൻപ് വസ്തുവത്കരിക്കപ്പെട്ട മനുഷ്യരായിരുന്നു അവർ. രാഷ്ട്രത്തിനുള്ളിൽ ഭരണഘടന വന്നതോടെ നിയമവത്കരിക്കപ്പെട്ട അവകാശമുള്ളവരായി അവർ മാറുന്നു. അംബേഡ്കർ വൈജ്ഞാനികമായാണ് ഇത്തരം വിഷയങ്ങളെ സമീപിച്ചത്. അതൊരു മികച്ച മാതൃകയാണ്.

പ്രദീപൻ പാമ്പിരിക്കുന്ന്

സംവരണം എന്നത് പിടിച്ചു വാങ്ങൽ, അനർഹമായത് എന്നിങ്ങനെയുള്ള സവർണ പൊതുബോധത്തിന് ആക്കം കൂട്ടുന്ന നിലപാടായിരുന്നു 2019 ഡിസംബർ മാസത്തിൽ ഇടതുപക്ഷ സർക്കാർ പ്രാബല്യത്തിലാക്കാൻ ശ്രമിച്ച സാമ്പത്തിക സംവരണം. കേന്ദ്രനിയമം പിൻപറ്റി മുന്നാക്ക സംവരണം വേഗത്തിൽ സാധ്യമാക്കാൻ തിടുക്കം കൂട്ടിയ കേരള ഗവൺമെന്റിന്റെ ഈ നടപടി ഇരട്ടത്താപ്പല്ലേ?

2019 ഡിസംബർ മാസം കേന്ദ്ര പാർലമെന്റ് അംഗീകരിച്ച നിയമത്തിന്റെ ചുവടുപിടിച്ചാണ് കേരള സർക്കാർ സാമ്പത്തിക സംവരണം അംഗീകരിച്ചത്. എന്നാൽ കേരള സർക്കാർ അതംഗീകരിച്ച വേഗത സംശയം ഉയർത്തുന്നതാണ്. ഇൻഡ്യയിലെ പല സംസ്ഥാനങ്ങളും ഈ 10% സംവരണം നിയമവത്കരിച്ചിട്ടില്ല. മുന്നാക്ക സമുദായങ്ങളുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചോ പിന്നാക്കാവസ്ഥയെക്കുറിച്ചോ ഗൗരവകരമായ ഒരു പഠനങ്ങളുമില്ലാതെ എന്തിനിത്ര തിടുക്കത്തിൽ കേരളത്തിൽ സാമ്പത്തിക സംവരണം 10% പാസാക്കി?താൽക്കാലികമായി തട്ടിക്കൂട്ടിയ ഏകാംഗ കമ്മീഷൻ റിപ്പോർട്ടാണ് അടിസ്ഥാനമായി സർക്കാർ ചൂണ്ടിക്കാണിക്കുന്നത്. ഇതിനെക്കുറിച്ച് ഒരു ലേഖനം വിശദമായി ഞാൻ മാധ്യമം ആഴ്ചപ്പതിപ്പിൽ എഴുതിയിരുന്നു. “ഇത് സവർണ സംവരണം തന്നെ” എന്നായിരുന്നു തലക്കെട്ട്. കേരളത്തിലെ മറ്റു കമ്മീഷനുകളിൽ നിന്നും വ്യത്യസ്തമായി മുന്നാക്ക കമ്മീഷന് മാത്രം കാബിനറ്റ് പദവിയും കൂടുതൽ സൗകര്യങ്ങളും സർക്കാർ കൊടുത്തു. അന്തരിച്ച ബാലകൃഷ്ണപിള്ളയെ മന്ത്രിക്ക് തുല്യമായ പദവിയും സൗകര്യവും കൊടുത്താണ് മുന്നാക്ക കമ്മീഷൻ ചെയർമാനായി നിയമിച്ചത്. പുരോഗമന കേരളത്തിലാണ് ഇതെല്ലാം നടക്കുന്നതെന്നുകൂടി ഓർക്കുക.

സാംസ്കാരിക രാഷ്ട്രീയ ചർച്ചകളിൽ വസ്തുതകൾക്ക് പകരം ഊഹാപോഹങ്ങളും ആധികാരികതയില്ലാത്ത സംവാദങ്ങളുമാണ് നടക്കുന്നതെന്ന് വിമർശിക്കപ്പെടാറുണ്ട്. ഒരു സാമൂഹിക നിരീക്ഷകൻ എന്ന നിലയിൽ ഈ പ്രവണതയെ എങ്ങനെ നോക്കിക്കാണുന്നു?

സോഷ്യൽ മീഡിയയിലും ചാനൽ ചർച്ചകളിലും നടക്കുന്ന സംവാദങ്ങളിൽ ഊഹാപോഹങ്ങളും അർധസത്യങ്ങളും യുക്തിയില്ലായ്മയുമാണ് നമ്മൾ കൂടുതലായി കാണുന്നത്. സമൂഹത്തിൽ പലവിധത്തിൽ ഇത് പ്രതിഫലിക്കുന്നുണ്ട്. കേരളത്തിലെ മാധ്യമ സ്ഥാപനങ്ങളുടെ ഉള്ളടക്കം പരിശോധിക്കുമ്പോൾ ഇതു മനസ്സിലാക്കാം. സ്ത്രീകളുടെയും മറ്റു പാർശ്വവത്കൃത സമൂഹങ്ങളുടെയും സാന്നിധ്യം എത്രത്തോളം ഈ മേഖലയിലുണ്ട് എന്ന് നമ്മൾ ചോദിക്കാറില്ല. വളരെ നിർണായകമായ തീരുമാനങ്ങളെടുക്കാവുന്ന എഡിറ്റർ പദവിയിലൊന്നും ഈ മേഖലയിലുള്ള ആളുകൾ ഇല്ലെന്നു തന്നെ പറയാം.

റോബിൻ ജെഫി ഇൻഡ്യാസ് ന്യൂസ് പേപ്പർ റെവല്യൂഷൻ എന്ന പുസ്തകത്തിൽ ഇക്കാര്യം വിശദമായി ചർച്ച ചെയ്യുന്നുണ്ട്. നമ്മൾ ഒരു ജനാധിപത്യ മതേതര സമൂഹം ആണെന്നു പറയുമ്പോഴും, ഉള്ളിലെ ആന്തരികമായ ജീർണതകളെക്കുറിച്ച് നിരന്തരം ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. സംവരണത്തെക്കുറിച്ചുള്ള പരികൽപ്പനയിൽ ഒരാൾ സംവരണത്തിലൂടെ ജോലി നേടുമ്പോൾ മറ്റൊരാളുടെ അവസരം പോകുന്നുവെന്ന ലളിത യുക്തിയിലാണ് നമ്മുടെ പൊതുബോധം നിലനിൽക്കുന്നത്. യഥാർത്ഥത്തിൽ അങ്ങനെയാണോ? കേരളത്തിൽ പത്ത് ശതമാനം സംവരണം ഒരു വിഭാഗത്തിന് കിട്ടുന്നുണ്ടെങ്കിൽ അവർ 10% ജനസംഖ്യയുള്ളതിനാലാണ്. രണ്ടു ശതമാനമാണ് ആദിവാസികളുടെ സംവരണം എങ്കിൽ അവർ ജനസംഖ്യാപരമായി രണ്ട് ശതമാനം ഉണ്ട്. ആ രണ്ടു ശതമാനത്തിന്റെ പ്രാതിനിധ്യവും പങ്കുമാണ് ഭരണകൂടത്തോട് ചോദിക്കുന്നത്. അതിൽ എവിടെയാണ് നായരുടെയോ നമ്പൂതിരിയുടെയോ അവകാശം ചോദിക്കുന്നത്. 50% ജനറൽ കാറ്റഗറി ആണ്. നായർ, നമ്പൂതിരി സുറിയാനി ക്രൈസ്തവർ എന്നിങ്ങനെയുള്ള സമുദായങ്ങൾ ചേർന്നാൽ ജനസംഖ്യാപരമായി 50% ഇല്ല. അപ്പോൾ അവരാണ് ‘അധികം’ (Excess) നേടുന്നത്. അതിനു പുറമേയാണ് 10% പിന്നാക്ക സവർണ സംവരണം കൂടി ഏർപ്പെടുത്തിയിരിക്കുന്നത്. സംവരണ വിഷയത്തിൽ ഇപ്പോൾ നടക്കുന്ന നിയമനിർമാണങ്ങളും ഭേദഗതികളുമെല്ലാം സവർണർക്ക് അനുകൂലമാണെന്ന് പറയാം.

സവർണരിൽ ഒരാൾക്ക് വിദ്യാഭ്യാസം ഉണ്ടായിട്ടും ജോലി കിട്ടിയില്ലെങ്കിൽ അത് അവർണരിൽ നിന്നോ ദലിതരിൽ ഒരാൾക്കോ ജോലി കിട്ടിയതിന്റെ കുഴപ്പമാണെന്ന് പറയും. സവർണരിൽ ജോലി കിട്ടിയ ആളുകളുടെയും ജോലി കിട്ടാത്ത വിദ്യാസമ്പന്നരുടെയും കണക്ക് എടുക്കട്ടെ. അവർ ചെയ്യുന്നില്ല. ഇൻഡ്യയിലെ പിന്നാക്ക നേതൃത്വത്തിലുള്ള പ്രധാനപ്പെട്ട 14 പാർട്ടികൾ ഗവൺമെന്റിനോട് ഒന്നിച്ചാണ് ജാതി സെൻസസ് വേണമെന്ന് ആവശ്യപ്പെട്ടത്. പക്ഷേ എന്തുകൊണ്ട് കേന്ദ്ര ഗവൺമെന്റ് സ്വീകരിക്കുന്നില്ല? അത്തരത്തിലൊരു റിപ്പോർട്ട് പുറത്തു വന്നാൽ ഊഹാപോഹങ്ങൾ തകരും അസത്യ പ്രചരണങ്ങൾ ചോദ്യം ചെയ്യപ്പെടും.

Top